Home Latest ഇറങ്ങാൻ നിന്നിരുന്ന അവളുടെ പിറകിലെ ചോരപ്പാടുകൾ ബാക്കിയുള്ളവരും കണ്ടെന്നു അവരുടെ അടക്കo പറച്ചലിൽ നിന്നും ഞാൻ...

ഇറങ്ങാൻ നിന്നിരുന്ന അവളുടെ പിറകിലെ ചോരപ്പാടുകൾ ബാക്കിയുള്ളവരും കണ്ടെന്നു അവരുടെ അടക്കo പറച്ചലിൽ നിന്നും ഞാൻ മനസിലാക്കി…

0

രചന: Dhanya Krishna

പതിവിലധികം ഇന്ന് ബസിൽ തിരക്കുണ്ടായിരുന്നു…. എന്റെ സീറ്റിന്റെ മുന്നിൽ നിൽക്കുന്ന സ്കൂൾ യൂണിഫോം ഇട്ട പെൺകുട്ടിയിലായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ…. അവളാകെ അസ്വസ്ഥത ആയിരുന്ന പോലെ എനിക്ക് തോന്നി…. ഇടക്കിടക്ക് വയറിൽ കൈകൾ കൊണ്ട് അമർത്തുന്നത് ഞാൻ കണ്ടു….

നിങ്ങൾക്കൊക്കെ കയറാൻ ഈ ബസ് മാത്രമേ ഉള്ളോ…. ഇത് സ്കൂൾ ബസ് അല്ല…. നിങൾ സ്കൂൾ കുട്ടികൾ 2 രൂപയും തന്നു ബസിൽ കയറും, ഒരു സംസ്ഥാന സമ്മേളനത്തിന് ഉള്ള പിള്ളേർ ഉണ്ട്.. അത് കണ്ടാൽ പിന്നെ ഫുൾചാർജ് തന്നു പോകുന്ന യാത്രക്കാർ ബസിന്റെ ഏഴയലത്തു വരില്ല….

കണ്ടക്‌ടറുടെ വക ഇടിവെട്ട് ചീത്ത പറയൽ തകൃതിയായി നടക്കുന്നുണ്ടായിരുന്നു……

നാളെ മുതൽ അഞ്ചുപേര് വച്ചു ബസിൽ കയറിയാൽ മതി… ഇതിന്റെ പുറകിലും ബസ് വരും ബാക്കിയുള്ളവർ അതിൽ കയറിയാൽ മതി…. ഓരോരുത്തരെക്കാളും വല്യ ബാഗും തൂക്കി ഇറങ്ങിക്കോളും.. ബാഗിന് തന്നെ രണ്ടാൾക്ക് നിൽക്കാനുള്ള സ്ഥലം വേണം….

എന്റെ കണ്ണുകൾ അപ്പോഴും അവളിൽ തന്നെ ആയിരുന്നു…

ഇടക്കവൾ ബാഗ് തുറന്നു കുപ്പി കയ്യിലെടുത്തു അതിലുണ്ടായിരുന്ന വെള്ളം വായിലേക്ക് കമഴ്ത്തിയതും ഡ്രൈവർ ബ്രേക്ക് ചവിട്ടിയതും ഒരുമിച്ചായിരുന്നു…. അവളുടെ കൈയിൽ നിന്നും കുപ്പി അടുത്തുള്ള ചേച്ചിയുടെ മടിയിൽ വീണു….. പിന്നെ പറയാനുണ്ടോ ആ ചേച്ചി പൂരപ്പാട്ട് തുടങ്ങി….

നിനക്കെന്താടി പെണ്ണെ കയ്യിൽ എല്ലില്ലേ ????എന്താലോചിച്ചാണ് ഓരോന്നു ചെയ്യുന്നത്… കുറ്റിയും പറിച്ചു ഓരോന്ന് ഇറങ്ങിക്കോളും…..

സോറി ചേച്ചി… ഞാൻ മനഃപൂർവം ചെയ്തതല്ല……

ഞ്യായികരിക്കാൻ നിൽക്കണ്ട നീ… ഞാനാകെ നനഞ്ഞില്ലേ ?????? തെറ്റ് ചെയ്തിട്ട് അവൾ സമർത്ഥിക്കുന്നത് കണ്ടില്ലേ ???

ചേച്ചി എനിക്ക് വയ്യാത്തത് കൊണ്ടാണ് ഇത്തിരി വെള്ളം കുടിക്കാൻ ശ്രമിച്ചത്… ബസ് ബ്രേക്ക് പിടിച്ചത് കൊണ്ട് കൈയിൽ നിന്ന് കുപ്പി താഴെ വീണതാണ്…. പറയുന്നതിനോടൊപ്പം അവളുടെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാരയായി ഒഴുകുന്നുമുണ്ടായിരുന്നു….

എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ആ ചേച്ചി സംസാരം അവസാനിപ്പിച്ചു….
എല്ലാവരും അവളെ തന്നെയാണ് നോക്കുന്നത്…. അവളുടെ കണ്ണുനീരാണേൽ തോർന്നിട്ടുമില്ല….

ഇടയ്ക്കിടെ വയർ അമർത്തി പിടിക്കുന്നുമുണ്ട്…..

ബസിലെ തിരക്ക് ഒരുവിധം ഒഴിഞ്ഞു…. അവിടവിടെയായി ഓരോ സ്കൂൾ കുട്ടികൾ നിൽക്കുന്നതൊഴിച്ചാൽ ബസിൽ തിരക്ക് ഇല്ല…..

സീറ്റുകൾ പലതും ഒഴിഞ്ഞു കിടപ്പുണ്ട്.. എന്നാലും സ്കൂൾ കുട്ടികൾ ഇരിക്കാറില്ല…. കണ്ടക്ടറുടെ ശകാരത്തെ ഭയക്കുന്നതാണ് കാരണം…..

ചേട്ടാ ഞാനീ സീറ്റിൽ ഇരുന്നോട്ടെ ???അവൾ പതുക്കെയാണ് ചോദിച്ചത്….

ഇരിക്കുന്നതൊക്കെ കൊള്ളാം ഫുൾ ടിക്കറ്റ് കയറിയാൽ എണീറ്റ് കൊടുക്കണം അയാളുടെ സ്വരം ഉച്ചത്തിലായിരുന്നു….

അവളെന്റെ അരികിലായി ഇരുന്നു.. മുന്നോട്ടാഞ്ഞു ബാഗിൽ തല വച്ച് കിടന്നു…. അവൾക്കിറങ്ങാനുള്ള സ്റ്റോപ്പ് ആയെന്നു അറിഞ്ഞിട്ടാവണം അവൾ തലയുയർത്തി, പയ്യെ എണീറ്റു …

അപ്പോഴാണ് ഞാനത് കണ്ടത് അവളിരുന്ന ഭാഗത്തു വട്ടത്തിൽ ചോരപ്പാടിന്റെ അടയാളം….. അവൾക്ക് മാസംതോറും വരാറുള്ള മെൻസസ് ആണെന്നും അതിന്റെ വയറു വേദന ആണെന്നും നിമിഷനേരം കൊണ്ട് എനിക് മനസിലായി….

ഇറങ്ങാൻ നിന്നിരുന്ന അവളുടെ പിറകിലെ ചോരപ്പാടുകൾ ബാക്കിയുള്ളവരും കണ്ടെന്നു അവരുടെ അടക്കo പറച്ചലിൽ നിന്നും ഞാൻ മനസിലാക്കി…

ബസിലെ ആൺകുട്ടികൾ സുഹൃത്തുക്കൾക്ക് കാഴ്ചകൾ കാണിച്ചു കൊടുത്തു….

ചില പെൺകുട്ടികൾ നാണക്കേട് കൊണ്ട് പുറത്തേക്ക് നോക്കി കൊണ്ടിരുന്നു… അവരുടെ ഭാവം കണ്ടാൽ തോന്നും അവർ നടുറോട്ടിൽ തുണി ഉരിഞ്ഞ അവസ്ഥയിൽ നിൽക്കുകയാണെന്ന്….

ഇവറ്റകൾക്കൊന്നും ഒരു ശ്രദ്ധയും ഇല്ലന്നെ.. പടിഞ്ഞിരുന്നിട്ടല്ലേ പുറകിൽ മുഴുവൻ ആയത്… ഈ സമയത്തൊക്കെ ഇതുങ്ങൾക്ക് വീട്ടിലിരുന്നു കൂടെ…
കുറച്ചു പേർ അവളെ കുറ്റപ്പെടുത്തുന്ന തിരക്കിലായിരുന്നു….

പക്ഷേ അവളുടെ മാനസികാവസ്ഥ ആരും മനസിലാക്കിയില്ല… വയ്യാത്തത് കൊണ്ടാണ് അവൾ സീറ്റിൽ ഇരുന്നത്.. അതിനു വരെ കുറ്റം കണ്ടെത്തി ചിലർ…

മനസ് കൊണ്ട് അവൾക്കൊപ്പം നിന്നെങ്കിലും അവളെ ഒന്നാശ്വസിപ്പിക്കാൻ പോലുമാകാതെ ഞാൻ ഇരുന്നു….
ബാഗ് കൊണ്ട് തന്റെ പിറകുവശം മറയ്ക്കാൻ ശ്രമിക്കുന്ന അവളെയും നോക്കി…

ഇറങ്…. ഇത്തവണ കണ്ടക്ടറുടെ സ്വരം പതിഞ്ഞതായിരുന്നു…

എടാ ഒരഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യ്… ഡ്രൈവറോട് പറഞ്ഞിട്ട് അയാളവളെയും കൊണ്ട് നടന്നു… ഒരോട്ടയിൽ അവളെയും കയറ്റി അയാളുടെ ബാഗിൽ നിന്നും പൈസ എടുത്ത് ഓട്ടോ ഡ്രൈവറുടെ കൈയിൽ കൊടുക്കുന്നത് കണ്ടപ്പോൾ എനിക്ക് അയാളെകുറിച്ചോർത് അഭിമാനം തോന്നി…. അവളെ ഒന്നാശ്വസിപ്പിക്കാൻ പോലും ശ്രമിക്കാതിരുന്ന എന്നോട് തന്നെ പുച്ഛവും…. ഒരു പെണ്ണായിട്ട് പോലും അവളുടെ മനസ് മനസിലാക്കാൻ കഴിയാതിരുന്ന ഞാനെന്തൊരു ദുഷ്ടയാണ്….

മനസുകൊണ്ട് അയാൾക്കൊരു സല്യൂട്ട് കൊടുക്കുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു തീർച്ചയായും അയാൾക്കൊരു പെങ്ങളോ, ഭാര്യയോ,മകളോ ഉണ്ടാകുമെന്ന്….അല്ലെങ്കിൽ സ്ത്രീയെ ബഹുമാനിക്കാനും അവളുടെ വേദനയെ അറിയാനും പഠിപ്പിച്ച നല്ലൊരു അമ്മ ഉണ്ടാകുമെന്നു….

നമ്മുടെ വീടുകളിലും ഇല്ലേ ആൺമക്കൾ അവരെ ചെറുപ്പം മുതൽ സ്ത്രീയെ ബഹുമാനിക്കാൻ പഠിപ്പിക്കു… സ്ത്രീയുടെ വേദനകളിൽ താങ്ങാവാൻ പഠിപ്പിക്കു….

ഇന്നത്തെ കാലത്തു നമ്മുടെ ചെറിയ മക്കൾക്ക് മുന്നിൽ നിന്നു പോലും വസ്ത്രം മാറാൻ അമ്മമാർക്ക് മടിയാണ്… അവരെ വാതിലടച്ചു പുറത്താകാതെ അവർക്ക് മുന്നിൽ നിന്നും വസ്ത്രം മാറു…വളരുമ്പോൾ കാണാൻ പാടില്ലാത്തതൊന്നും അവിടില്ലെന്ന് അവനറിയും… ജീവിതത്തിൽ ഏതൊരു പെണ്ണിനേയും അവൻ ഒളിഞ്ഞു നോക്കില്ല….

പെങ്ങളെയും അമ്മയെയും ഭാര്യയെയും അവൻ ഇത്തരം വേദനയുടെ ദിവസങ്ങളിൽ ഒരു ചായക്ക് വേണ്ടി പോലും അവൻ ബുദ്ധിമുട്ടിക്കില്ല… പകരം ഒരു ഗ്ലാസ് ചായ അല്ലെങ്കിൽ ചൂടുവെള്ളം അവൻ അവന്റെ കൈകൾ കൊണ്ട് നമ്മൾക്ക് തരും….

(പെണ്ണിന്റെ വേദനകൾ മനസിലാക്കുന്ന എല്ലാ ആണുങ്ങൾക്കും സമർപ്പിക്കുന്നു… അത് അച്ഛനാകാം, സഹോദരൻ ആകാം, ഭർത്താവ് ആകാം, സുഹൃത് ആകാം, മകനാകാം…. )

രചന: Dhanya Krishna

LEAVE A REPLY

Please enter your comment!
Please enter your name here