Home Latest തുണക്ക്‌ ഒരാണില്ലെന്ന് അറിഞ്ഞ്‌ പല പകൽ മാന്യന്മാരും , ഇരുട്ടിന്റെ മറവിൽ വാതിലിലുള്ള മുട്ട്‌ ജയന്റെ...

തുണക്ക്‌ ഒരാണില്ലെന്ന് അറിഞ്ഞ്‌ പല പകൽ മാന്യന്മാരും , ഇരുട്ടിന്റെ മറവിൽ വാതിലിലുള്ള മുട്ട്‌ ജയന്റെ വരവോടെ നിന്നില്ലെ…

0

കാവൽ നായ…

രചന ; ഷാനവാസ് ജലാൽ

‘അവൻ പോയി മോളെ…..’, നേഴ്സ്‌ രേണുവാ വിളിച്ച്‌ പറഞ്ഞത്‌,ആരും ഏറ്റെടുക്കാൻ ചെന്നില്ലെങ്കിൽ കുട്ടികൾക്ക്‌ പഠിക്കാൻ വിടുമെന്നോ മറ്റോ ആണു പറഞ്ഞത്‌, അല്ലെങ്കിൽ ആ ബോഡി ഏറ്റെടുത്ത്‌ മറവ്‌ ചെയ്യാൻ തയ്യാറാണെന്ന് ഒരു പയ്യൻ അവരോട്‌ ചോദിച്ചെന്നും രേണു പറഞ്ഞപ്പോൾ ഞാനാ പറഞ്ഞത്‌ നിന്നെയും കൊണ്ട്‌ ചെല്ലാമെന്ന്, നമുക്കൊന്ന് പോയി കാണണ്ടെ മോളെ എന്ന രാഘവേട്ടന്റെ സംസാരം കേട്ട ഒരു മരവിപ്പോടെയാണ് ഹോസ്പിറ്റലിലേക്ക്‌ തിരിച്ചത്‌…

വിവാഹ ശേഷം മൂത്ത മകൾക്ക്‌ നാലു വയസ്സായപ്പോൾ ഗൾഫിലേക്ക് പോയതാണു ആൾ , ആദ്യ രണ്ട്‌ വർഷം സ്ഥിരമായി വിളിക്കുമായിരുന്നു പുള്ളിയെങ്കിലും തുടരെ പത്ത്‌ ദിവസമായി കോൾ കാണത്തത് കൊണ്ട്‌ സിറ്റിയിലെ ബൂത്തിൽ പോയി പുള്ളിയെ വിളിച്ച്‌ നോക്കിയിട്ടും കിട്ടാതെ വന്നത്‌ കൊണ്ടാണു പുള്ളിയുടെ കൂട്ടുകാരന്റെ ഫോണിലേക്ക്‌ വിളിച്ച്‌ നോക്കിയത്‌, വണ്ടി ഓടിക്കുന്ന വീട്ടിലെ ജോലിക്കാരിയുമായി റുമിൽ വെച്ച്‌ സൗദി പിടിച്ചെന്നും, ആ പേരിൽ ഇപ്പോൾ ജയൻ ജയിലിലാണെന്നും അയാൾ പറഞ്ഞത്‌ കേട്ട്‌ റിസിവർ അറിയാതെ എന്റെ കയ്യിൽ നിന്നും താഴേക്ക്‌ വീണിരുന്നു….

പതുക്കെ പതുക്കെ നാട്‌ മുഴുവൻ ഈ വാർത്ത അറിഞ്ഞിട്ട്‌ ആളുകളുടെ കളിയാക്കലുകൾക്കും കുത്ത്‌ വാക്കുകൾക്കും നേരം പുലരുവോളം മോളെയും കെട്ടിപ്പിടിച്ച്‌ ഇരുന്ന് കരഞ്ഞിട്ടുണ്ട്‌…

നീണ്ട പതിനൊന്ന് വർഷങ്ങൾക്ക്‌ ശേഷം നാട്ടിലെത്തിയ ജയൻ ആദ്യം എത്തിയത്‌ എന്റെയടുക്കലേക്ക് ആയിരുന്നു , ആട്ടിയിറക്കുമ്പോൾ നിറഞ്ഞ്‌ തുളുമ്പിയ ജയന്റെ കണ്ണുകൾക്ക്‌ പക്ഷേ കല്ലായി തിർന്ന എന്റെ മനസ്സിനെ ഇളക്കാൻ കഴിയുമായിരുന്നില്ല, പക്ഷേ അന്ന് തൊട്ട്‌ ജയൻ വീടിന്റെ മുന്നിലെ രാഘവേട്ടന്റെ പലചരക്ക്‌ കടയുടെ മുന്നിലുണ്ടാകും, പകൽ എവിടെയെല്ലാമോ അലഞ്ഞ്‌ തിരിഞ്ഞ്‌ രാത്രിയിൽ വീട്ടിലേക്ക്‌ നോക്കി ആ കടത്തിണ്ണയിൽ ഇരിക്കുന്ന ജയേട്ടന്റെ അടുക്കലേക്ക്‌ ഓടിയെത്താൻ പലപ്പോഴും മനസ്സ്‌ കൊതിച്ചുവെങ്കിലും ഒരു ഭാര്യക്കും പൊറുക്കാൻ കഴിയാത്ത ആ തെറ്റാണു എന്നെ അതിൽ നിന്നും വിലക്കിയത്‌…

തുണക്ക്‌ ഒരാണില്ലെന്ന് അറിഞ്ഞ്‌ പല പകൽ മാന്യന്മാരും , ഇരുട്ടിന്റെ മറവിൽ വാതിലിലുള്ള മുട്ട്‌ ജയന്റെ വരവോടെ നിന്നില്ലെ എന്ന രാഘവേട്ടന്റെ ചോദ്യത്തിനു വീടിനു ഒരു കാവൽ നായ ഉണ്ട്‌ രാഘവേട്ട…. , രണ്ടെണ്ണത്തിന്റെ ആവശ്യമില്ല എന്ന എന്റെ മറുപടി അൽപ്പം കടന്ന് പോയിന്ന് അറിയാമായിരുന്നു എങ്കിലും ജീവനേക്കാളേറെ സ്നേഹിച്ചവന്റെ ചതിക്ക്‌ മുന്നിൽ ഇത്‌ ഒന്നുമല്ല എന്ന് എനിക്കറിയാമായിരുന്നു…

വണ്ടി ഹോസ്പിറ്റലിന്റെ മുന്നിൽ നിർത്തി മോർച്ചറിയിലേക്ക്‌ നടക്കുമ്പോൾ പഴയ ഓർമ്മകൾ ഏതോ എന്റെ കണ്ണുകളെ നിറച്ചിരുന്നു…..

ദേ…. ഇയാളാണു ബോഡി ഏറ്റെടുക്കാൻ തയ്യാറയതെന്ന രേണുവിന്റെ വാക്ക്‌ കേട്ടു കൊണ്ടാണ്‌ തിരിഞ്ഞു നോക്കിയത്‌, പുറകിൽ കൈകൾ കൂപ്പി നിൽക്കുന്ന ആ ചെറുപ്പക്കാരൻ ജയൻ ജോലി ചെയ്ത ആ സൗദിയിടെ മകനാണെന്ന് അറിഞ്ഞപ്പോൾ ആശങ്കയോടെ അവന്റെ മുഖത്തേക്ക്‌ നോക്കുന്നത്‌ കണ്ടിട്ടാണു , ജയന്റെ കൂടെ ജോലി ചെയ്തിരുന്ന ആരോടോ ചോദിച്ചു തിരഞ്ഞ്‌ പിടിച്ച്‌ ഇവൻ ഇവിടെ എത്തിയതെന്ന് രേണു പറഞ്ഞത്‌…

കൈകൾ കൂപ്പി, നിറകണ്ണുകളോടെ എന്തോ ഇംഗ്ലിഷിൽ പറഞ്ഞിട്ട്‌ എന്റെ കാൽക്കലേക്കു ആ പയ്യൻ വീണപ്പോഴാണു , ഈ പയ്യനും ആ വേലക്കാരിയും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്നും, അത്‌ അറിഞ്ഞ വീട്ടുകാർ ഇവനെ അവളെ കെട്ടിച്ച്‌ നൽകാമെന്നും പറഞ്ഞ്‌ അനുനയിപ്പിച്ച്‌ പഠിക്കാൻ അമേരിക്കയിലേക്ക്‌ വിട്ടപ്പോഴും അവളുടെ വയറ്റിൽ ഒരു ജീവൻ തുടിക്കുന്ന കാര്യം ഇവനെ അറിയിച്ചിരുന്നില്ലെന്നും…ഇവൻ പോയതിനു ശേഷം ഭാഷ അറിയാത്ത ജയനെയും അവളെയും ചേർത്ത്‌ അവിഹതത്തിനു കേസ്‌ നൽകി, രണ്ട്‌ പേരേയും ജയിലിലാക്കിയെന്ന രേണുവിന്റെ വാക്കുകൾ മുഴുവനാക്കും മുമ്പെ ഒരു ഭ്രാന്തിയെപ്പോലെ ജയേട്ടാന്ന് വിളിച്ച്‌ ഞാൻ മോർച്ചറിക്ക്‌ മുന്നിലേക്ക്‌ പറന്നെത്തിയിരുന്നു,

ജയേട്ട എന്ന വിളിയോടെ മരവിച്ച ആ നെഞ്ചിലേക്ക്‌ വീണപ്പോഴേക്കും ,മരിച്ച്‌ ലേറ്റ്‌ ആയിട്ട്‌ എത്തിച്ചത്‌ കൊണ്ട്‌ കണ്ണുകൾ അടക്കാൻ കഴിഞ്ഞില്ലെന്ന അറ്റൻഡറുടെ വാക്കുകൾ കേട്ട്‌ ആ മുഖത്തേക്ക്‌ ഞാൻ നോക്കിയില്ലെങ്കിലും കാണുന്നുണ്ടായിരുന്നു ഏത്‌ അർദ്ധരാത്രിയിലും മകളെയും എന്നെയും സംരക്ഷിക്കാൻ വേണ്ടി തുറന്നിരുന്ന ആ കണ്ണുകൾ, ഒരു ഭ്രാന്തിയെ പോലെ ആ മുഖത്ത്‌ കെട്ടിപ്പിടിച്ചിരുന്നുവെങ്കിലും അവർ എന്നെ പിടിച്ച്‌ മാറ്റി ബോഡി മോർച്ചറിയിലേക്ക്‌ കയറ്റിയപ്പോഴേക്കും ബോധം പോയ എന്നെ തലോടി ഒരു ചെറിയ കാറ്റ്‌ വീശിയിരുന്നു, എന്റെ കണ്ണുകൾ അടഞ്ഞ്‌ പോയാൽ പിന്നെ നിങ്ങൾക്ക്‌ ആരാ…. എന്ന് ആരോ എന്റെ ചെവിയിൽ അപ്പോഴും മന്ത്രിക്കുന്നുണ്ടായിരുന്നു…..

രചന ; ഷാനവാസ് ജലാൽ

LEAVE A REPLY

Please enter your comment!
Please enter your name here