Home Latest ഈ ദുരിതക്കടൽ നീന്തിക്കടക്കാൻ ദൈവമായിട്ടൊരു പിടിവള്ളി തന്നിരിക്കുകയാണ് ഇപ്പൊ. അവിടെ ഒരു തടസ്സമായി നീ വരരുത്.....

ഈ ദുരിതക്കടൽ നീന്തിക്കടക്കാൻ ദൈവമായിട്ടൊരു പിടിവള്ളി തന്നിരിക്കുകയാണ് ഇപ്പൊ. അവിടെ ഒരു തടസ്സമായി നീ വരരുത്.. പ്ലീസ്…

0

നിനക്ക് ജാനൂനെ ഒത്തിരി ഇഷ്ടായിരുന്നല്ലേ..
തീർത്തും അപ്രതീക്ഷിതമായ ഏടത്തിയുടെ ചോദ്യം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി..
എട്ടത്തിക്കിതെങ്ങനെ. എനിക്കല്ലാതെ ഇവിടെ മറ്റാർക്കും ജാനൂനെ കുറിച്ചൊന്നുമറിയില്ല.
നാളിതുവരെ ഒന്നും മറച്ചുവെക്കാത്ത എന്റെ ഏട്ടനോട് പോലും ഞാൻ അവളെ കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല.. പിന്നെ എടത്തിമാത്രം.. ഇതെങ്ങനെ അറിഞ്ഞു,

വിളമ്പിവെച്ച അന്നതിനുമുന്നിൽ നിന്നും വിടവാങ്ങി പതിയെ ഉമ്മറത്തിണ്ണയിൽ ചെന്നിരിക്കുമ്പോഴേക്കും
ഓർമ്മകൾ വീണ്ടുമെന്നെ വേട്ടയാടിത്തുടങ്ങിരുന്നു.,
മറന്നുതുടങ്ങിയ ആ പേര് പൂർവാധികം ശക്തിയോടെ തിരികെവെന്നെന്നെ കർന്നുതിന്നു തുടങ്ങിയിരുന്നു.

ജാനു..
രണ്ടുകൊല്ലം മുന്നേ ഭൂമിയിലുള്ള മറ്റെന്തിനേക്കാളുമധികം ഞാൻ എന്റെ ഹൃദയത്തോട് ചേർത്തുവെച്ചവൾ…
പക്ഷെ..
………………………………………..

നോക്ക് കണ്ണാ.
ആൾക്ക് ദുബായിയിൽ ആണ് ജോലി, കല്യാണം കഴിഞ്ഞാൽ എന്നെയും അങ്ങോട്ട് കൊണ്ടുപോകും എന്നാണ് പറയുന്നത്. എത്രനാളെന്നു കരുതിയാണ് ഞാൻ നിനക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കുന്നത്. ഇനി നീ വന്നെന്നെ കെട്ടിയാലും നമ്മൾ പട്ടിണി പങ്കിട്ടു കഴിക്കേണ്ടി വരും.
ഇപ്പോഴും നീ നിന്റെ ഏട്ടന്റെ തണലിലല്ലേ ജീവിക്കുന്നത്, പേരിനൊരു ജോലിപോലുമില്ല..
ഇനിയും ഞാൻ നിനക്കുവേണ്ടി കാത്തിരുന്നാൽ അത് ചിലപ്പോൾ എന്റെ ജീവിതത്തിൽ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ വിഡ്ഢിത്തമായിരിക്കും.
ഈ ദുരിതക്കടൽ നീന്തിക്കടക്കാൻ ദൈവമായിട്ടൊരു പിടിവള്ളി തന്നിരിക്കുകയാണ് ഇപ്പൊ. അവിടെ ഒരു തടസ്സമായി നീ വരരുത്.. പ്ലീസ്.

ഒരുമരവിപ്പായിരുന്നു മനസ്സിന്. ഇത്രനാളും ഹൃദയത്തിൽ കൊണ്ടുനടന്ന ജാനു തന്നെയാണോ ഇതെന്ന് ഒരു നിമിഷം ഓർത്തുപോയി.

ഉം.. ഞാൻ നിനക്കൊരു തടസ്സമായി വരരുതെന്നല്ലേ..
ഒരിക്കലുമില്ല ജാനു.. ജീവനോളം സ്നേഹിക്കുന്ന ഒരാളുടെ സന്തോഷത്തിന് തടസ്സം നില്ക്കാൻ എനിക്കെന്നല്ല. ലോകത്താർക്കും കഴിയില്ല.
എന്തായാലും എനിക്കുവേണ്ടി കാത്തിരുന്നു ജീവിതത്തിൽ നീയൊരു വിഡ്ഢിയാവണ്ട.
നിനക്കുപോകാം. നിനക്കിഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുക്കാം,
എന്റെ ഓര്മയിൽപോലും നീ വരില്ല. തമ്മിൽ ഇനിയൊരിക്കലുമൊരു കൂടിക്കാഴ്ചയുണ്ടാവാതിരിക്കട്ടെ..

അവൾ കണ്ണിൽ നിന്നും മറയുന്നത് വരെ ഞാൻ അവളെത്തന്നെ നോക്കി നിന്നു, കരയാതിരിക്കാൻ കഴിഞ്ഞില്ല. എത്ര നിയന്ത്രിച്ചിട്ടും കണ്ണീരടങ്ങിയില്ല. റൂമിൽ വന്നു കണ്ണീരുവറ്റുവോളം പൊട്ടിപ്പൊട്ടി കരഞ്ഞു..
അവിടുന്നിങ്ങോട്ട് മനസ്സ് നിറം ചാർന്നിട്ടില്ല. അവളുടെ കരിനിഴൽ വീണ മനസ്സ് സന്തോഷമറിഞ്ഞിട്ടില്ല.. എത്രയൊക്കെ വെറുക്കാൻ ശ്രമിച്ചിട്ടും ഹൃദയത്തിലപ്പോഴും അവളോടുള്ള ഇഷ്ടത്തിന്റെ തട്ട് താണുത്തന്നെയിരുന്നു.

അവൾ പോയ മൂന്നാം ദിവസമായിരുന്നു ഏട്ടന്റെ ജീവിതത്തിലേക്ക് ഏടത്തിയുടെ കടന്നുവരവ്. കല്യാണപ്പന്തലിൽ പോലും ചിരിക്കാത്ത എന്റെ വിഷാദമുഖം കണ്ട പലരും കുത്തികുത്തി ചോദിച്ചു അതിന്റെ പിന്നിലെ കാരണം എന്താണെന്ന്.
പറഞ്ഞില്ല ഒരാളോടും.. ഏട്ടനോട് പോലും.
ഒരു കള്ളപ്പനിയുടെ പിറകിലേക്ക് അതിന്റെ യഥാർത്ഥ കരണക്കാരിയെ ഒളിപ്പിചു ഞാൻ ചുണ്ടിലണിയാൻ ഒരു പുഞ്ചിരിയെ വിലക്കെടുത്തു പന്തലിൽ നിറഞ്ഞു നിന്നു…

നോക്ക് ഏട്ടാ എന്നെ നിങ്ങടെ അനിയൻ കുട്ടന് പറ്റിണ്ടാവില്ലല്ലേ.. കല്യാണം കഴിഞ്ഞു ഒരു മാസം ആയിട്ടും അവനെന്നോടൊന്ന് മിണ്ടപോലും ചെയ്തിട്ടില്ല..
ഈ കല്യാണം കഴിഞ്ഞതിൽ പിന്നെയാണ് അവനിങ്ങനെയായതെന്നാണ് ‘അമ്മ പറയുന്നേ..

ഏടത്തിയുടെ ശബ്ദമിടറുന്നത് ഇങ്ങേ റൂമിലിരുന്ന് എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

അത് നിനക്ക് തോന്നുന്നതാണ് ശ്രീദേവി.,
ഇപ്പൊ അവന്റെ മനസ്സിൽ എന്തോ ഒരു വിഷമം തങ്ങി നിൽക്കുന്നുണ്ട്
ശരിയാണ് അവന്റെ മുഖത്തുനിന്നും എനിക്കത് വായിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ട്. പക്ഷെ അത് നീ വന്നുകയറിയത് കൊണ്ടല്ല..
കാരണം ഒരു ചേച്ചിയെ അവൻ എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടെന്ന് എനിക്ക് നന്നായി അറിയാം..
ജീവിതത്തിൽ ഇതുവരെ അവനെന്നോട് ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. പക്ഷെ ഇപ്പൊ.. എന്നോട് പറയാൻ കഴിയാത്ത എന്തോ ഒന്ന് അവന്റെ മനസ്സിലുണ്ട്. ചിലപ്പോൾ നിനക്കത് കണ്ടെത്താൻ കഴിയും..


…………………………………………..

ജാനുവിനെ കുറിച്ച് ഞാൻ എങ്ങനെ അറിഞ്ഞെന്നാണോ കണ്ണാ നീ ചിന്തിക്കുന്നത്,
ഏടത്തിയുടെ ശബ്ദമാണ് ചിന്ത മുറിച്ചത്,
ജാനുവിനെ എനിക്കറിയാം, അവൾ നിന്നെ പിരിഞ്ഞതെന്തിനാണെന്നും അറിയാം.. പക്ഷെ അവളെ കുറിച്ച് നിനക്കറിയാത്ത പലതുമുണ്ട്..
അതിൽ ഏറ്റവും വലുത് ജാനു ഇപ്പോൾ ഈ ലോകത്തില്ല എന്നതാണ്,

ഹൃദയത്തിന് വെട്ടേറ്റുവോ. കാഴ്ചമങ്ങുന്നുണ്ടോ.. വീഴാതിരിക്കാൻ അടുത്തുള്ള തൂണിലേക്ക് ഞാൻ ചാഞ്ഞിരുന്നു. എന്ത്… എന്താ പറഞ്ഞത്,

അതേടാ..
അവള് പോയി. ഒരാൾക്കും എത്തിപ്പിടിക്കാൻ ആവാത്ത ദൂരത്തേക്ക്. ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത ലോകത്തേക്ക്.. ഏടത്തി കരച്ചിലിന്റെ വക്കെത്തിയിരുന്നു..
ഒരാഴ്ച മുന്നെയായിരുന്നു.

നീ കരുതും പോലെ അവൾ നിന്നെ ഒഴിവാക്കി സ്വന്തം സുഖം തേടിപോയതായിരുന്നില്ലെടാ. ഒരിക്കലും ഒരു സുഖവും അനുഭവിക്കാൻ അനുവദിക്കത്തൊരാൾ അവളെ കീഴ്പ്പെടുത്തിയതായിരുന്നു..
ക്യാൻസർ..

ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നറിഞ്ഞതുമുതൽ അവൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് നിന്നിൽ നിന്നും ഒഴിഞ്ഞു മാറുക എന്നതായിരുന്നു.
അവൾ നിനക്കൊരു ബാധ്യത ആവുമെന്നുകരുതി, നിന്റെ സന്തോഷങ്ങൾക്ക് അവളൊരിക്കലും വിലങ്ങാവരുതെന്ന് കരുതി.
അവസാനം അവൾ ആഗ്രഹിച്ചത് നടന്നു. വേദനയില്ലാത്ത ലോകത്തേക്ക് അവൾ പോയി, സന്തോഷത്തോടെ തന്നെ..

ഒരിക്കൽ നിന്റെ മുറി ക്‌ളീൻ ചെയ്യുന്നതിനിടയിൽ അപ്രതീക്ഷിതമായിട്ടാണ് ഒരു ഡയറി എന്റെ കണ്ണിൽ പെടുന്നത്. അതിന്റെ ഉള്ളറയിൽ നിന്നുമാണ് ഞാൻ ആദ്യമായി അവളെ കാണുന്നത്.. നിന്റെ ജാനൂനെ..

അതിന്റെ തുടർച്ചയെന്നോണം അവൾ നിനക്കയച്ച ഒരുപാട് കത്തുകളും എനിക്ക് അവിടുന്ന് കിട്ടി.
അതിലെ അഡ്രസുവെച്ചു അവളെ കണ്ടെത്താൻ എനിക്ക് അധികമൊന്നും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. പക്ഷെ ആ ഫോട്ടോയിൽ ഞാൻ കണ്ട ജാനുവിനേയല്ലായിരുന്നു ഞാൻ അവിടെ കണ്ടത്., ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും ഒറ്റനോട്ടത്തിൽ ആരെയും പേടിപ്പെടുത്തുന്ന വികൃത രൂപം,

നിന്റെ ചേച്ചിയമ്മയാണ് ഞാനെന്ന് പറഞ്ഞപ്പോൾ ആ കുഴിഞ്ഞ കണ്ണ് പ്രകാശിച്ചിരുന്നു, നിന്നെ കുറിച്ച് പറയുന്നേരം അവളുടെ വരണ്ട ചുണ്ടിൽ പുഞ്ചിരി വിടർന്നിരുന്നു.. ഒരുപാട് സംസാരിച്ചു എന്നോടവൾ. പറഞ്ഞത് മുഴുവനും നിന്നെകുറിച്ചായിരുന്നു.
അവസാനം പിരിയാൻ നേരം ഒന്നേ അവൾ എന്നോട് ആവിശ്യപ്പെട്ടിരുന്നൊള്ളു ഒരിക്കലും അവൾ ഇങ്ങനെ ജീവിക്കുന്നുണ്ടെന്ന് നീ അറിയരുതെന്ന്. ഓർത്തപ്പോൾ അത് ശെരിയാണെന്ന് എനിക്കും തോന്നി. അതുകൊണ്ടാണ് ഞാൻ..

ഏടത്തി പറഞ്ഞു നിർത്തി,
എല്ലാം കേട്ടപ്പോഴേക്കും മനസ്സ് മരിച്ചിരുന്നു. ഒരു മന്ത്രം പോലെ അൽപനേരം ചുണ്ട് ജാനു ജാനു എന്നുമാത്രം ഉച്ചരിച്ചു..
എനിക്ക്.. എനിക്കൊന്ന് അവിടം വരെ പോകണം.. വിറച്ചു വിറച്ചാണ് ഞാൻ പറഞ്ഞാത്,
ഉം.. നാളെയാകട്ടെ.. നമുക്ക് പോകാം.

കണ്ണാ വീടെത്തി.
ഏടത്തി തട്ടിവിളിച്ചപ്പോൾ കണ്ണുതുറന്നു, കാറിന്റെ ഡോർ തുറന്നു മുറ്റത്തേക്കിറങ്ങിയതും അകത്തുനിന്നും ഒരു പെൺകുട്ടി പുറത്തേക്കു വന്നു, ഏടത്തിയെ കണ്ടപ്പോൾ അവളുടെ മുഖത്തൊരു ഒരു പരിചിത ഭാവം നിറഞ്ഞു, ചുണ്ടിലൊരു ചിരിവരുത്തി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു,

അമ്മെ ഇങ്ങുവന്നെ.. ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കിക്കേ. അവൾ പതിഞ്ഞ സ്വരത്തിൽ അകത്തേക്ക് നീട്ടി വിളിച്ചു,
ഇതാണ് ക…
കണ്ണേട്ടനല്ലേ അറിയാം ചേച്ചി ഒരുപാട് പറഞ്ഞിട്ടുണ്ട്.
ഏടത്തി മുഴുവിപ്പിക്കും മുന്നേ അവൾ ഇടക്കുകയറി പറഞ്ഞു. അപ്പോഴേക്കും അവളുടെ അമ്മയും എത്തിയിരുന്നു,
എന്നെ കണ്ടതും അവർ ഏങ്ങലടിച്ചു കരയാൻ തുടങ്ങി. എന്താ അമ്മെ ഇത്, ഒരാൾ വീട്ടിലേക്ക് വന്നാൽ ഇങ്ങനെയാണോ..
ക്ഷമിക്കണം ട്ടോ. ‘അമ്മ ഇങ്ങനെയാ.. ചേച്ചിയുടെ ഫോട്ടോയും നോക്കി എപ്പോഴും കരഞ്ഞിരിക്കും. ഇത് പറയുമ്പോൾ അവളുടെ കണ്ണും നിറഞ്ഞിരുന്നു.

നിങ്ങൾ ഇരിക്ക് ഞാൻ ചായയെടുക്കാം.
വേണ്ട ഞങ്ങൾ ഇറങ്ങുകയാണ്.
അയ്യോ. കണ്ണേട്ടൻ ആദ്യമായി വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ,,

സാരല്ല. ചായ കുടിക്കാൻ വേണ്ടി ഒരിക്കൽ ഞാൻ വരും..
അന്ന് നിന്റെ സമ്മതത്തിന് കാക്കാതെ കൊണ്ടുപോകുകയും ചെയ്യും. എന്റെ പെണ്ണായിട്ട്.
ഇത്രയും പറഞ്ഞു ഞാൻ കാറിലേക്ക് ഇറങ്ങി നടന്നു.
ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് കാറിൽ നിന്നും എനിക്ക് വ്യക്തമായി കാണാം.
അൽപനേരം കഴിഞ്ഞു ഏടത്തിയും വന്നു, എന്നെ തന്നെ നോക്കി നിൽക്കുന്ന ഏടത്തിയോട് ഞാൻ ചോദിച്ചു
എന്താ ഞാൻ പറഞ്ഞത് തെറ്റായി പോയെന്നുണ്ടോ..
ഒരിക്കലുമില്ല കണ്ണാ. നീ ചെയ്തത് തന്നെയാണ് ശെരി.
ഇപ്പോൾ നിന്റെ ജാനു സ്വർഗത്തിൽ നിന്നും നിന്നെ നോക്കി ചിരിക്കുന്നുണ്ടാകും.. ഒത്തിരി സന്തോഷത്തോടെ..

അപ്പോൾ ഒരു കാറ്റ് വന്നു ഞങ്ങളെ തഴുകി പോയിരുന്നു..

ശുഭം

രചന ; ഉനൈസ്

LEAVE A REPLY

Please enter your comment!
Please enter your name here