Home Latest എനിക്ക് ഒന്നിനും സാധിക്കുന്നില്ലലോ ചാരു, നീയും മോളും എന്നിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കുന്നുണ്ടായിരിക്കും…

എനിക്ക് ഒന്നിനും സാധിക്കുന്നില്ലലോ ചാരു, നീയും മോളും എന്നിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കുന്നുണ്ടായിരിക്കും…

0

ഭാര്യ എന്ന പുണ്യം

സച്ചു ഏട്ടാ..

ചാരു വിളിക്കുന്നതുകേട്ടാണ് സജീവ് കണ്ണു
തുറന്നത്.

നീ എപ്പോളാ ചാരു വന്നത് ?

എന്റെ സച്ചു ഏട്ടാ ഞാൻവന്നു കുളിയും
കഴിഞ്ഞു, സച്ചു ഏട്ടൻ ഇത് എന്തു ഉറക്കമാ ഉറങ്ങുന്നേ ..ഇവിടുന്നു ആരേലും കട്ടിലോടുകൂടി എടുത്തോണ്ട് പോയാലും അറിയില്ലലോ……….

കുളി കഴിഞ്ഞു കണ്ണാടിയിൽ നോക്കി നിൽക്കുന്ന ചാരുനെ തല തിരിച്ചു നോക്കി സജീവ്..

സച്ചു ഏട്ടാ എഴുനേൽക്കണോ ?

മ്മ് മം വേണം….

എത്ര മണിയായി ചാരു?

“6മണി ആവുന്നു ഏട്ടാ ”

ഇന്ന് മനോജ്‌ നേരത്തെ കിടത്തിട്ടു പോയി അവന് ട്യൂഷൻ ഉണ്ട്, അതുകൊണ്ട് കുറെ നേരം കിടന്നു ചാരു( മനോജ്‌ അപ്പുറത്തെ വീട്ടിലെ ഭവ്യ ചേച്ചിടെ മോനാ ഇടക്ക് ഏട്ടനെ സഹായിക്കാൻ വരും )

തലവണ പതുക്കെ പൊന്തിച്ച് സച്ചിയെ പതുക്കെ ചാരിയിരുത്തി…………..

ചാരു , മായക്കുട്ടി എവിടെ?
(ഞങ്ങളുടെ മോളാ മായക്കുട്ടി)

അവൾ ഇറയത്തുണ്ട് ഏട്ടാ..
അപ്പുറത്തെ മീനാക്ഷിയും അവളും കുടി കളിക്കുവാ..

മ്മ് മം ..
ഞാൻ പോയി ചായ എടുത്തോണ്ട് വരാം ഏട്ടാ ….

ചാരു പോകുന്നതും നോക്കി സച്ചു ഇരുന്നു പാവം ഒരുപാട് ക്ഷിണിച്ചു പോയി, കൺതടങ്ങളിൽ കറുപ്പു നിറം തളം കെട്ടി നിൽക്കുന്നു, എന്തു തേജസ്‌ ഉള്ളാരു പെണ്ണാരുന്നു… കവിളെല്ലാം ഒട്ടിപോയി, എങ്കിലും അവളുടെ കണ്ണിലെ തിളക്കം കാണുമ്പോൾ ആ ആത്മവിശ്വാസം കാണുമ്പോൾ അവളോട്‌ വല്ലാത്ത ഒരു ബഹുമാനം………

ആദ്യമായി അവളെ കാണുന്നത് വീട്ടിലേക്കുള്ള ഇടവഴിയിൽ വച്ചാണ് , ആദ്യ നോട്ടത്തിൽ തന്നെ ഇഷ്‌ടായി, അടുത്ത വീട്ടിൽ വിരുന്നിനു വന്ന കുട്ടി…

അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്കു വല്യ താല്പര്യമില്ല കാരണം സ്ത്രീധനമായി ഒന്നും കിട്ടില്ലത്ര,

അപ്പൻ മാത്രമേ ഉള്ളു, കള്ളുകുടിച്ചു ഉള്ളതെല്ലാം നശിപ്പിച്ചു ആകെ ഉള്ളത് കുറച്ചു കടം…. അതുകൂടി അറിഞ്ഞതോടെ ഞാൻ ഉറപ്പിച്ചു അവളുമതി എനിക്ക്…..

അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങി അമ്മ കല്യാണത്തിന് സമ്മതിച്ചു, പക്ഷേ അതിന്റെ അരിശം അവളോട്‌ തീർക്കാൻ അമ്മ മറന്നില്ല.. അവളെ താലികെട്ടി കൊണ്ട് വന്നപ്പോൾ മുതൽ അമ്മ അവളെ ആവുന്ന പോലെ കഷ്‌ടപ്പെടുത്തി, ഒരിക്കൽ പോലും ആ വീട്ടിലെ ഒരു കഷ്‌ടപ്പാടും അവൾ എന്നോട് പറഞ്ഞില്ല…

പലപ്പോഴും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവളെ കാണുമ്പോൾ ഞാൻ ചോദിച്ചു എന്താ എന്റെ ചാരുന് പറ്റിയെതെന്നു പക്ഷേ അവൾ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞുമാറും….

ഒന്നു മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു, അവളുടെ സന്തോഷം, എന്റെ മുൻപിൽ സന്തോഷവതിയായി അവൾ അഭിനയിച്ചു…..

പക്ഷേ അനിയന്റെ കല്യാണം കുടി കഴിഞ്ഞതോടെ അവൾക്ക് വീട് കൂടുതൽ നരകം ആയി, ഒരിക്കൽ ജോലി കഴിഞ്ഞു നേരത്തെ വന്ന ഞാൻ കണ്ടത് അനിയന്റെ ഭാര്യ അവളുടെ മുഖത്തേക്ക് കഴിച്ചുകൊണ്ടിരുന്ന ചോറ് എടുത്തെറിയുന്നതാണ്, അമ്മയും ചാരുനെ ചീത്ത പറയുന്നു, ഒരു തലമുടി കിടന്നത്രെ ചോറിൽ…

അതുകണ്ടു ചെന്ന ഞാൻ അന്ന് ആദ്യമായി അമ്മയോട് കയർത്തു സംസാരിച്ചു…

പക്ഷേ അതിന്റെ ശിക്ഷയും അവൾക്കു കിട്ടി രണ്ടു ദിവസം പട്ടിണിക്കിട്ടു, തലകറങ്ങി വീണ അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോകുമ്പോൾ അവൾ പറഞ്ഞു ഏട്ടാ എനിക്ക് ഒന്നുമില്ല എന്തെങ്കിലും കഴിക്കാൻ വാങ്ങി തന്ന മതീന്ന്…

അതുകേട്ട എനിക്ക് പറയാതെ തന്നെ മനസിലായി എന്താണ് അവളുടെ അസുഖമെന്നു
പാവം ആഹാരം ആക്രാന്തത്തോടെ കഴിക്കുന്ന അവളെ നോക്കിയ എന്റെ ചങ്കു പിടച്ചു…

രാപ്പകലില്ലാതെ ജോലി ചെയ്തു എല്ലാം അമ്മയുടെ കൈയിൽ കൊണ്ടു കൊടുത്തിട്ടും ഞാൻ താലി കെട്ടിയ എന്റെ പെണ്ണിന്റെ വയറു വിശന്നത് ഞാൻ അറിഞ്ഞില്ല

അന്ന് തീരുമാനിച്ചു ഇനി ആ വീട്ടിൽ നിന്നും ഇറങ്ങണമെന്ന് , കുറച്ച് പൈസ സ്വരുകുട്ടി,
അവിടുന്ന് അവളുടെ കൈ പിടിച്ച് ഇറങ്ങുമ്പോൾ അമ്മ അവളെ ശപിച്ചു,നീ നശിച്ചു പോകുമെടി, എന്റെ കുഞ്ഞിനെ എന്നിൽ നിന്ന് അകറ്റി… ഒരുകാലത്തും നീ ഗതി പിടിക്കില്ല…

അമ്മയോടും അനിയനോടും വാശിയായിരുന്നു..
അത്യാവശ്യം കുറച്ചു പൈസ കൈയിൽ ഉണ്ടായിരുന്നത് കൊണ്ട് ഒരു ചെറിയ വീട് വാങ്ങി,

അങ്ങനെ സന്തോഷത്തോടെ ഞങ്ങൾ പുതിയ ഒരു ജീവിതം സ്വപ്‍നം കണ്ടുതുടങ്ങി, ആ കൊച്ചു ജീവിതത്തിനു നിറം പകരാൻ ഞങ്ങളുടെ മായക്കുട്ടിയും വന്നു……

മായക്കുട്ടിക്കു 3വയസ്സ് ആയപ്പോൾ ആണ് ദൈവം ഞങ്ങളുടെ സന്തോഷം തട്ടിപ്പറിച്ചത്,
എന്നെ ഒരു ആക്‌സിഡന്റിലുടെ കിടപ്പിലാക്കി…
അരക്കു കിഴ്പ്പോട്ടു തളർത്തി കളഞ്ഞു…

ആരും അന്വേഷിച്ചില്ല ഞാനും അവളും ജീവിച്ചിരുപ്പുണ്ടോന്നു പോലും….
എന്റെ ആ അവസ്ഥയിൽപോലും എന്റെ അമ്മയോ അനിയനോ എന്നെ ഒന്നു കാണാൻ പോലും വന്നില്ല, ഞാൻ തളർന്നു പോയി….

കാരണം ഇല്ലാതെ, ആദ്യമായി അവളോട്‌ ഞാൻ ദേഷ്യപ്പെട്ടു. വഴക്കുണ്ടാക്കി..
അവസാനം മരണത്തിനു മുന്നിൽ കിഴടങ്ങാൻ ഞാനും അവളും തീരുമാനിച്ച ആ രാത്രി
ആദ്യമായിട്ടും അവസാനമായിട്ടുംഅവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ……
വിഷം ചേർത്ത് ഉരുട്ടിയ ചോറ് തട്ടി എറിഞ്ഞു എന്റെ കാലിൽ കെട്ടിപിടിച്ചു അവൾ പൊട്ടി കരഞ്ഞു
സച്ചുഏട്ടാ വേണ്ട നമ്മളു ജീവിക്കണം, ഞാനും സച്ചുഏട്ടനും മോളും…
എനിക്ക് കൊതി തീർന്നിട്ടില്ല എന്റെ ഏട്ടനെ കണ്ട്, നമ്മുടെ കുഞ്ഞു മായമ്മയെ കണ്ട്.. വേണ്ട ഏട്ടാ നമ്മക്ക് മരിക്കേണ്ട,
ഏതാണ്ട് തീരുമാനിച്ച് ഉറപ്പിച്ച പോലെ അവൾ എഴുന്നേറ്റു കണ്ണു തുടച്ചു, എന്റെ അടുത്തു വന്ന് എന്നെ കെട്ടിപിടിച്ചു ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ പൊട്ടി കരഞ്ഞു, എന്റെ കണ്ണുകൾ ഒപ്പി കൊണ്ട് അവൾ പറഞ്ഞു, ഇനി ഈ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ല ഏട്ടാ, എനിക്ക് അത് കാണാൻ വയ്യ..

സച്ചു ഏട്ടന് ഒന്നുമില്ല, ഞാൻ നോക്കിക്കോളാം എന്റെ ഏട്ടനെ
ആ കണ്ണുകളിലെ ദൃഢനിച്ഛയത്തിനു മുന്നിൽ ഞാൻ തോറ്റുപോയി…… .
ആ കണ്ണുകളിൽ ഇന്നും എനിക്കാ തിളക്കം കാണാം, പിന്നീട് ഒരിക്കലും അവൾ കരഞ്ഞു ഞാൻ കണ്ടിട്ടില്ല, ആ രാത്രിക്കു ശേഷം അവൾ ഒരുപാട് മാറി..

ഒരു സ്ത്രീക്ക് ഇത്ര ശക്തയാണോ,അതെ ശക്തയാണ്,എന്റെ ചാരു എന്നെ അതു മനസ്സിലാക്കി തന്നു, അന്നുമുതൽ ഇങ്ങോട്ട് എന്തെല്ലാം പരീക്ഷണങ്ങൾ അവൾ അഭിമുഖികരിച്ചു, സമൂഹത്തിൽ ഒരു ഭർത്താവില്ലാത്ത സ്ത്രീ നേരിടേണ്ടി വരുന്ന എല്ലാ പ്രശ്നങ്ങളും അവളും നേരിട്ടു, ഒരുപക്ഷേ അവളുടെ ജീവിതമായിരിക്കും അവൾക്കു ശക്തി കൊടുത്തത്,അതുവരെ എന്റെ പുറകിൽ ഒളിച്ച എന്റെ ചാരു പകുതി ചലനം മില്ലാത്ത എനിക്ക് വേണ്ടി ”

ആരോടും പരാതി പറയാതെ, ഒരു വാക്ക് കൊണ്ടു പോലും എന്നെയോ മോളെയോ നോവിക്കാതെ അവൾ ജീവിതം കൈപ്പിടിയിൽ ഒതുക്കാൻ പാടുപെടുന്നു…
ചാരുവാണ് എന്റെ ബലം, ആ കണ്ണുകളിലെ തിളക്കമാണ് എന്റെ ജീവിതം….

എന്തിനും ഏതിനും സച്ചുഏട്ടനെ ആശ്രയിച്ച അവൾ എനിക്കും എന്റെ കുഞ്ഞിനും വേണ്ടി ജോലിക്കിറങ്ങി, കുറെ കഷ്ട്ടപെട്ടു…..
അവസാനം അയൽക്കൂട്ടം വഴി പഞ്ചായത്തിലെ 10സ്ത്രീകളെ ഓട്ടോ ഓടിക്കാൻ പഠിപ്പിക്കുന്നു എന്ന് അറിഞ്ഞ അവൾ എന്നോട് പറഞ്ഞു, ഏട്ടാ ഞാനും പോയി പഠിച്ചോട്ടെന്ന്?

രണ്ടാമതെന്നു ആലോചിക്കാൻ ഉണ്ടായിരുന്നില്ല, അവളിലെ ആത്മവിശ്വാസം അത്രക്കുണ്ടായിരുന്നു…
വളരെ വേഗം തന്നെ ഓട്ടോ ഓടിക്കാൻ പഠിച്ചു, ലോൺ എടുത്തു ഒരു ഓട്ടോയും വാങ്ങി,
ഓട്ടോ എടുത്തപ്പോൾ അവൾ പറഞ്ഞത് രണ്ടു കാര്യങ്ങൾ ആയിരുന്നു ഒന്നാമത് നമ്മുടെ ജീവിതമാർഗമാണിത് , രണ്ടാമത് ഏട്ടനെ ചെക്കപ്പിന് കൊണ്ടു പോകാൻ വണ്ടികാശും കൊടുക്കേണ്ട എല്ലാർക്കും കുടി പോവുകയും ചെയ്യാം….

സച്ചു ഏട്ടാ എന്താ ഇത്ര ആലോചന?

അവളുടെ ചോദ്യം കേട്ടാണ് ഓർമ്മകളിൽ നിന്ന് ഉണർന്നത്..

ഒന്നുമില്ല ചാരു !

“നീ എന്റെ അടുത്തോട്ടുവന്നിരുന്നെ,ചോദിക്കട്ടെ”

എന്താ സച്ചു ഏട്ടാ, ചാരു ചായ പതുക്കെ വായിൽ വച്ച് കൊടുത്തു കൊണ്ട് ചോദിച്ചു…

നിനക്ക് ഒരു വിഷമവും ഇല്ലേ?

എന്തിന്?

എനിക്ക് ഒന്നിനും സാധിക്കുന്നില്ലലോ ചാരു, നീയും മോളും എന്നിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കുന്നുണ്ടായിരിക്കും,
നിന്റെയോ മോളുടെയോ ഒരാഗ്രഹവും സാധിച്ചു തരാൻ എനിക്ക് പറ്റുന്നില്ലാലോ?

എനിക്ക് എന്തഗ്രഹമാ സച്ചുഏട്ടാ,
സാധിക്കേണ്ടത്? പിന്നെ നമ്മുടെ മോൾ അവൾക്കു ഇപ്പോളെ നല്ല പക്വതയാണ് അവൾക്കു എല്ലാം അറിയാം, അവളുടെ അച്ഛനെ അവൾക്കു നന്നായി അറിയാം ദൈവം ഞങ്ങൾക്ക് തന്ന പുണ്യമാണ് ഏട്ടൻ…..

എന്നാലും നിനക്കും കാണില്ലേ എല്ലാവരെയും പോലെ ജീവിക്കണമെന്ന്?

ഹും, എന്റെ സച്ചു ഏട്ടാ, എന്റെഏറ്റവും വല്യ ആഗ്രഹം എന്റെ എട്ടന്റേം മോളുടേം കൂടെ സന്തോഷമായി ഇങ്ങനെ ജീവിക്കുക എന്നുള്ളതാണ്, ദാ ഈ ഇരിക്കുന്നതാണ് എന്റെ സന്തോഷം…

ഈ തോളിൽ ഇങ്ങനെ തല ചായ്ച്ചു കിടന്നു എന്റെ സങ്കടമെല്ലാം ഇറക്കി വയ്ക്കണം, പിന്നെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്ന ഈ കൈകളിൽ കിടന്ന് എനിക്കുറങ്ങണം……..

എന്നെ ചേർത്തു പിടിക്കുന്ന ഈ കൈകളാണ് എന്റെ ബലം സച്ചുഏട്ടാ.
പിന്നെ ഏറ്റവും വലിയ ഒരാഗ്രഹം ഉണ്ട്,
“അത് ”
ചാരു കൈനീട്ടി അവളുടെ സിന്ദൂര ചെപ്പ് എടുത്തു എന്റെ നേരെ നീട്ടി…
“സച്ചു ഏട്ടാ ഇത് എന്റെ നെറ്റിയിൽ ഇട്ടു താ”

ഇതാ സച്ചു ഏട്ടാ എന്റെ ഏറ്റവും വല്യ
ആഗ്രഹവും ഭാഗ്യവും…
ഈ സൗഭാഗ്യം എന്നും എന്റെ സന്തോഷമായി നെറ്റിയിൽ കാണണം. അതിലും വലിയ ഒരു ഭാഗ്യവും എനിക്ക് വേണ്ട….

സിന്ദൂരം അവളുടെ നെറ്റിയിൽ ഇട്ടു കൊടുത്തപ്പോൾ അവളുടെ മുഖം ഒന്നുടെ സുന്ദരമായി…..

സച്ചു ഏട്ടൻ ഇന്നത്തെ ദിവസം വീണ്ടും മറന്നു പോയി…

ഇന്നത്തെ ദിവസത്തിന് ഒരു വിശേഷമുണ്ട്…

അതെന്താ ചാരു? (സത്യമാണ് എനിക്ക് ഇപ്പോൾ ദിവസമോ വർഷമോ ഒന്നും അറിയില്ല )

ഒന്ന് ഓർത്തു നോക്ക് സച്ചു ഏട്ടാ..

എനിക്കറിയില്ല ചാരു, നീ പറ…

ഏട്ടൻ മറന്നോ !
എനിക്ക് എന്റെ ഏട്ടനെ കിട്ടിയിട്ട് 10വർഷമായി ഇന്ന്……

അവൾ അത് പറഞ്ഞു അലമാര തുറന്നു.
ഏട്ടാ ഇത് ഞാൻ ഏട്ടന് വേണ്ടി വാങ്ങിയതാ
അവൾ ഒരു ചെറിയ ബോക്സ്‌ എന്റെ കൈയിൽ തന്നു.
തുറന്നു നോക്ക് ഏട്ടാ…
തുറന്നു നോക്കിയപ്പോൾ ഒരു മോതിരം അവളുടെ പേര് എഴുതിയത്,

എന്തിനാ ചാരു ഇപ്പോൾ ഇത് വാങ്ങിയത്?
സച്ചു ഏട്ടന് ഓർമ്മയുണ്ടോ, ഏട്ടന്റെ മോതിരം എന്തിനാ വിറ്റതെന്ന്?

എനിക്ക് വേണ്ടിയാ എന്റെ പ്രസവത്തിന്റെ ആവിശ്യത്തിനാ, അന്ന് ഏട്ടൻ എന്നോട് പറഞ്ഞത് നമ്മുക്ക് അത് പെട്ടന്ന് തന്നെ മേടിക്കാമെന്നാ, പക്ഷേ വർഷം ഇത്രയും കഴിഞ്ഞിട്ടും നമ്മൾക്ക് അത് മേടിക്കാൻ പറ്റിയോ.

ഇപ്പോൾ ഇത് ഏട്ടന്റെ കൈയിൽ കിടക്കട്ടെ അവിടെ കിടക്കുമ്പോൾ ഉള്ള ഒരു ഭംഗി അത് എനിക്ക് കാണണം എന്നെ തഴുകുന്ന ആ വിരലിൽ അത് വേണം സച്ചു ഏട്ടാ ……

വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന കരുതൽ, ഒരു കുഞ്ഞിനെ പോലെ എന്നെ നോക്കുന്ന എന്റെ ഭാര്യയുടെ സ്നേഹത്തെ, അവളുടെ സഹനത്തെ,

അവളെ ചേർത്തു പിടിക്കുമ്പോൾ ഞാൻ അറിയുകയായിരുന്നു ഭാര്യ എന്ന പുണ്യത്തെ…
അതെ ഇവളാണ് എന്റെ പുണ്യം. ദൈവം എനിക്ക് കരുതിവച്ച എന്റെ സമ്പത്ത് ……

സമർപ്പണം :രാപ്പകൽ ഇല്ലാതെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കുടുബത്തിനു വേണ്ടി കഷ്‌ടപ്പെടുന്ന എല്ലാ ഭാര്യ മാർക്കും,അമ്മമാർക്കും വേണ്ടി……

ഭാര്യ ഒരു പുണ്യമാണ് ചേർത്ത് നിർത്തുക എന്നും….

രചന ; Jisha liju

LEAVE A REPLY

Please enter your comment!
Please enter your name here