Home Health കുഞ്ഞുങ്ങളുടെ ഉറക്ക പ്രശ്നങ്ങള്‍; കാരണങ്ങളും പരിഹാരങ്ങളും

കുഞ്ഞുങ്ങളുടെ ഉറക്ക പ്രശ്നങ്ങള്‍; കാരണങ്ങളും പരിഹാരങ്ങളും

0

കുഞ്ഞുവാവ സുഖമായുറങ്ങുന്നില്ലെങ്കില്‍ അതിനു കാരണം രാത്രിപ്പേടി മാത്രമാകില്ല. ആരോഗ്യപ്രശ്നങ്ങള്‍ മുതല്‍ ഹൈപ്പര്‍ ആക്ടിവിറ്റി വരെ കുട്ടിയുടെ ഉറക്കം നഷ്ടപ്പെടുത്താം. ഉറക്കക്കുറവിന്റെ കാരണങ്ങള്‍ മനസ്സിലാക്കാം. ഇനി കുട്ടി സ്വസ്ഥമായി ഉറങ്ങിക്കോളും.

രാത്രിയില്‍ സ്വപ്നം കണ്ട് മക്കള്‍ ഉണര്‍ന്ന് കരയാറുണ്ടോ? ഉണര്‍ന്നാലും ഒരു സ്ഥലത്തു തന്നെ ദൃഷ്ടിയുറപ്പിച്ച്‌ പേടിച്ചിരിക്കാറുണ്ടോ? അമിതമായി വിയര്‍ക്കുകയും ശ്വാസഗതി വേഗത്തിലാവുകയും ചെയ്യുന്നുണ്ടോ? ഭയംകൊണ്ടുള്ള ഉറക്കപ്രശ്നത്തിന്റെ ലക്ഷണങ്ങളാണ് ഇതൊക്കെ.

ദുഃസ്വപ്നങ്ങളും (നൈറ്റ്മേര്‍), രാത്രി ഭീതികളും (നൈറ്റ് ടെറര്‍) ആണ് കുട്ടികളുടെ ഉറക്കം കെടുത്തുന്ന രണ്ടു വില്ലന്മാര്‍. കണ്‍മുന്നില്‍ കണ്ട പേടിപ്പെടുത്തുന്ന കാര്യങ്ങളുടെ ഓര്‍മകളോ ഇരുട്ടിനോടുള്ള പേടിയോ ആകാം കുട്ടിയുടെ ഉറക്കം കെടുത്തുന്നത്. നൈറ്റ് ടെറര്‍ കുട്ടി ഓര്‍ത്തിരിക്കാറില്ല. പക്ഷേ, ദുഃസ്വപ്നങ്ങള്‍ അടുത്ത ദിവസവും മനസ്സില്‍ നില്‍ക്കും.

ഭീകരസ്വപ്നങ്ങള്‍ കുട്ടികളെയും രക്ഷിതാക്കളെയും ഒരു പോലെ വിഷമിപ്പിക്കും.

അലറിക്കരഞ്ഞ് ഉണര്‍ന്ന കുട്ടി അസ്വസ്ഥനാകും. കണ്ണുമിഴിച്ച്‌ ഭയന്നു കിടക്കും. ചിലര്‍ എണീറ്റിരുന്ന് കരയും. കണ്ണുകള്‍ തുറന്നാലും സ്വപ്നം വിട്ട് ഉണര‍്‍ന്നിട്ടുണ്ടാകില്ല.

പല തവണ കുലുക്കി വിളിച്ചാലേ കുട്ടിയെ ഉണര്‍ത്താന്‍ സാധിക്കൂ.

പേക്കിനാവുകള്‍ ഉറക്കിത്തിനിടയില്‍ വന്നുപോകുന്നത് രക്ഷിതാക്കള്‍ക്ക് തന്നെ നിരീക്ഷിച്ച്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. കണ്‍പോളയ്ക്കുള്ളിലൂടെ കൃഷ്ണമണി വേഗത്തില്‍ അനങ്ങും. ഉറക്കത്തില്‍ കരയുകയോ അരുത്, വേണ്ട, എനിക്ക് പേടിയാ എന്നൊക്കെ പറയുകയോ ചെയ്യും.

ഗാഢനിദ്രയിലേക്കു കടക്കുന്നതിനു മുമ്ബുള്ള സമയത്താണ് പേടികള്‍ അലട്ടുക. ഉറങ്ങിയ ശേഷമുള്ള ഏതാണ്ട് നാലു മണിക്കൂറിനുള്ളില്‍.

മിക്കപ്പോഴും ഉണര്‍ന്നാല്‍ അല്‍പ സമത്തിനകം തനിയേ കുട്ടി ഉറങ്ങിക്കോളും.

ഉറങ്ങുന്നതിനു മുമ്ബ് നല്ല കഥകളോ പോസിറ്റീവ് കാര്യങ്ങളോ പറഞ്ഞുകൊടുക്കാം. കുട്ടിക്ക് എന്തിനോടെങ്കിലും ഭയമുണ്ടെങ്കില്‍ അത് മാറ്റിയെടുക്കണം. കടലിനോട് പേടിയാണെങ്കില്‍ ഇടയ്ക്കിടെ ബീച്ചില്‍ കൊണ്ടുപോകാം. നിങ്ങളുടെ കാലില്‍ കുട്ടിയെ നിര്‍ത്തി രണ്ടു കൈയിലും പിടിച്ച്‌ മെല്ലെ തിരയില്‍ ഇറങ്ങണം.

അപകടമോ പേടിപ്പെടുത്തുന്ന കാഴ്ചകളോ കണ്ടിട്ടുണ്ടെങ്കില്‍ അവ മെല്ലെ മനസ്സില്‍ നിന്നു മായ്ചുകളയാന്‍ നല്ല കാഴ്ചകള്‍ മനസ്സില്‍ നിറയ്ക്കുക.

പേടിസ്വപ്നം കണ്ട് കുട്ടി ഉണര്‍ന്നാല്‍, ‘മോന്‍ എന്തുകണ്ടാ പേടിച്ചേ?’ എന്നു ചോദിക്കാതെ ശ്രദ്ധ മാറ്റുന്ന തരത്തില്‍ സംസാരിക്കുക. വീണ്ടും ഉറങ്ങും മുമ്ബ് ബാത്റൂമിലോ മറ്റോ കൊണ്ടുപോകുന്നത് നല്ലതാണ്. ബോധപൂര്‍വമായ ഒരു പ്രവൃത്തിക്കു ശേഷം വീണ്ടും ഉറങ്ങുമ്ബോള്‍ പേടി പൂര്‍ണമായി മാറിയിട്ടുണ്ടാകും.

മൂന്നുമുതല്‍ പത്ത് വയസ്സുവരെയുള്ള കുട്ടികളില്‍ ഇത്തരം പ്രശ്നങ്ങള്‍ സാധാരണയായി കാണാറുണ്ട്. സ്ഥിരമായി ദുഃസ്വപ്നങ്ങള്‍ അസ്വസ്ഥരാക്കുന്നുവെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടണം.

കൗണ്‍സലിങ്ങിലൂടെ മാറ്റി എടുക്കാം.

മൂക്കടപ്പും ജലദോഷവുമുള്ളപ്പോള്‍ കുട്ടികള്‍ വാ തുറന്നുറങ്ങുന്നതു കണ്ടിട്ടിട്ടില്ലേ? ശരിയായി ശ്വാസം എടുക്കാന്‍ കഴിയാത്തതാണിതിനു കാരണം. ശ്വാസം കിട്ടാതെ ഇവര്‍ ഉറക്കത്തില്‍ നിന്ന് ഇടയ്ക്ക് ഞെട്ടിയുണരുകയും. സമാനമായ അവസ്ഥതന്നെയാണ് ശ്വസന പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കും ഉണ്ടാകുന്നത്.

വാ തുറന്ന് ഉറങ്ങുക, കൂര്‍ക്കം വലിക്കുക, ശ്വാസം എടുക്കുന്നത് ഇടയ്ക്കിടെ നിര്‍ത്തുക, തൊണ്ടയില്‍ എന്തോ തടഞ്ഞതുപോലെ ചുമച്ചുകൊണ്ട് എഴുന്നേല്‍ക്കുക, തല പല ദിശയില്‍ വച്ചുറങ്ങുക ഇവയാണ് ലക്ഷണങ്ങള്‍.

തൊണ്ടയിലെ തടസ്സങ്ങള്‍ ശ്വാസഗതിയെ ബാധിക്കുകയും അതുവഴി ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന അവസ്ഥയാണിത്.

ടോണ്‍സില്‍സിനും മൂക്കിന് തൊട്ടുപിന്നിലായുള്ള അഡിനോയിഡ് ഗ്രന്ഥിക്കും വീക്കമുള്ള കുട്ടികളിലാണ് ഈ ഉറക്കപ്രശ്നം കണ്ടുവരുന്നത്. അലര്‍ജിക് റൈനിറ്റിസ് പോലുള്ള അ ലര്‍ജി രോഗങ്ങളുള്ളവരിലും ഈ പ്രശ്നം കാണാറുണ്ട്. സ്ലീപ് അപ്നിയയുടെ കാരണം കണ്ടെത്തി ചികിത്സിക്കുക. അപ്പോള്‍ ഉറക്കവും തിരികെയത്തും.

തണുത്ത വെള്ളത്തിലെ വൈകിയുള്ള കുളിയും തണുത്ത ഭക്ഷണങ്ങളും ഫാന്‍ നല്ല സ്പീഡിലിട്ട് ഉറങ്ങുന്നതും അലര്‍ജി കൂട്ടാം.

രാത്രിസമയത്ത് ശരീരത്തിലെ എല്ലാ പേശികളും അയയും. അപ്പോള്‍ ശ്വാസനാളത്തിന്റെ ഭാഗത്തെ പേശികള്‍ക്കും അയവ് സംഭവിച്ച്‌ ശ്വസനത്തെ ബാധിക്കാം. അമിതഭാരമുള്ള കുട്ടികളിലാണ് അപ്പര്‍ എയര്‍വേ റെസിസ്റ്റന്‍സ് സിന്‍ഡ്രോം എന്ന ഈ പ്രശ്നം കൂടുതലായും കാണുന്നത്.

കുട്ടിയുടെ പകല്‍ സമയത്തെ ഉറക്കം നിരീക്ഷിച്ചാല്‍ ശ്വസനഗതി മനസ്സിലാക്കാം. ഉറങ്ങാന്‍ കിടക്കുമ്ബോള്‍ വേഗത്തിലാകും കുട്ടികള്‍ ശ്വസിക്കുക.

ഉറങ്ങിക്കഴിഞ്ഞാല്‍ വേഗം കുറഞ്ഞ് താളത്തിലാകും. ശ്വസനപ്രശ്നമുള്ളവര്‍ ഇടയ്ക്ക് നിര്‍ത്തി കുറച്ചു സെക്കന്‍ഡിനുശേഷം വീണ്ടും ശ്വാസമെടുക്കും. മൂന്നു മുതല്‍ പത്തു വയസ്സുള്ള കുട്ടികളില്‍ ഈ പ്രശ്നങ്ങള്‍ കാണാറുണ്ടെങ്കിലും ഇത് കൂടുതല്‍ കണ്ടുവരുന്നത് ആറു മുതല്‍ പത്തു വയസ്സുവരെ ഉള്ളവരിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here