Home Latest കണ്ണുകൊണ്ട് യാത്ര പറഞ്ഞു കൂട്ടുകാരികളോടൊപ്പം പോകുന്ന പാർവ്വതിയെ കണ്ണുചിമ്മാതെ അവൻ നോക്കി നിന്നു. ഇനി എന്നെങ്കിലും...

കണ്ണുകൊണ്ട് യാത്ര പറഞ്ഞു കൂട്ടുകാരികളോടൊപ്പം പോകുന്ന പാർവ്വതിയെ കണ്ണുചിമ്മാതെ അവൻ നോക്കി നിന്നു. ഇനി എന്നെങ്കിലും തമ്മിൽ കാണുമോ….?

0

രചന: Sussana

ഒരു റോഡപകടത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായ തന്റെ ബന്ധുവിനെ സന്ദർശിച്ചു , യാത്രപറഞ്ഞ് മുറിയിൽ നിന്നും ഇറങ്ങുന്ന നേരത്താണ് തന്റെ അരികിലൂടെ സംസാരിച്ചു കൊണ്ട് കടന്നു പോയ ആ ശബ്ദം അവന്റെ ശ്രദ്ധയിൽ പെട്ടത്. ഒരുകാലത്ത്, കേൾക്കാൻ ഏറെ കൊതിച്ചിരുന്ന….. എത്രകേട്ടാലും മതിവരാത്ത…. മൃദുവായ … അവളുടെ പതിഞ്ഞ ശബ്ദം. നിമിഷങ്ങൾ കൊണ്ട് ആ ശബ്ദം അവൻ തിരിച്ചറിഞ്ഞു. പാർവ്വതി….. വിധി, ഗ്രഹങ്ങളുടെ രൂപത്തിൽ തന്നിൽ നിന്നും അടർത്തിയെടുത്ത തന്റെ ആത്മാവിന്റെ പാതി. നഴ്സിനോട് സംസാരിച്ചു കൊണ്ട് വരാന്തയിലൂടെ നടന്നു നീങ്ങുന്ന അവളെ നോക്കി ഒരുനിമിഷം അവൻ സ്തംഭതായി നിന്നു. നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ച. അൽപ്പം വണ്ണം വെച്ചെങ്കിലും, അരക്കുതാഴെ നീളമുള്ള പിന്നിയിട്ട മുടിയും, ചെറിയൊരു തുളസിക്കതിരും, കോട്ടൺ സാരിയും…. അവൾക്ക് ഒരുമാറ്റവുമില്ലല്ലോ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് അവളോട് സംസാരിച്ചു കൊണ്ടിരുന്ന നഴ്സ്,ഡ്യൂട്ടി റൂമിലേക്ക് പോയത്.
നീണ്ട വരാന്ത…. അവളുടെ ഓർമ്മകളുമായി അൽപദൂരം മുന്നോട്ട് നടന്ന ശേഷം അവൻ നീട്ടി വിളിച്ചു. “പാത്തൂ…….”
ഏതോ അജ്ഞാത ശക്തി പിടിച്ചു നിർത്തിയതുപോലെ പാർവ്വതി പെട്ടെന്ന് നിന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷമുള്ള ആ വിളി. ഓരോ നിഷവും കേൾക്കാൻ കൊതിക്കുന്ന ശബ്ദമായതുകൊണ്ട് തന്റെ മനസ്സ് പറ്റിക്കുകയാണോ…. അൽപ്പസമയത്തിനു ശേഷം അവൾ സംശയത്തോടെ പതിയെ തിരിഞ്ഞു നോക്കി. അപ്പോഴേക്കും അവൻ അവളുടെ അടുത്തേക്ക് നടന്നെത്തിയിരുന്നു. അപ്രതീക്ഷിതമായ ആ കൂടിക്കാഴ്ചയുടെ ഞെട്ടലിൽ നിന്നും അവൾ അപ്പോഴും വിമുക്തയായിരുന്നില്ല.
ഹരീ…. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ തിളങ്ങി.
“എന്താടോ ഉണ്ടക്കണ്ണീ…. താനിങ്ങനെ നോക്കണേ….? ആളെ ശരിക്കും മനസ്സിലായില്ല്യാന്നുണ്ടോ….?”അവിശ്വസനീയമായ മുഖത്തോടെ, വിടർന്ന കണ്ണുകളോടെ അവനെ ഉറ്റു നോക്കുന്ന അവളെ നോക്കി, സ്വതസിദ്ധമായ നർമ്മശൈലിയിൽ ഹരി ചോദിച്ചു.
“നീ ആകെ മാറിപ്പോയിരിക്കുന്നു ഹരീ ….., സംസാരത്തിലൊഴികെ…” അവൾ കൂട്ടിച്ചേർത്തു.
“അത് പിന്നെ ദൈവം ഒരുപാട് ഭാഗ്യങ്ങൾ ഒന്നിനുപിറകെ ഒന്നായി തന്ന് തന്ന് തല മുഴുവൻ ഭാഗ്യനര കൊണ്ട് നിറഞ്ഞു. ”
മുക്കാൽ ഭാഗത്തിലേറെ നരച്ച മുടിയിൽ വിരലോടിച്ചു കൊണ്ട് ഹരി പറഞ്ഞപ്പോഴേക്കും ആശുപത്രി വരാന്തയിലാണ് നിൽക്കുന്നതെന്ന് പോലും മറന്ന് ഇരുവരും പൊട്ടിച്ചിരിച്ചു .ഒരു പാട് നാളുകൾക്ക് ശേഷമാണ് മനസ്സ് തുറന്നു ഒന്നു ചിരിച്ചത് എന്ന് അവർ തിരിച്ചറിഞ്ഞത് അപ്പോഴാണ്. ജീവിതത്തിൽ ഓരോ ദിവസവും മുഖം മൂടി അണിഞ്ഞ് അഭിനയിക്കുമ്പോൾ , ഒന്നുറക്കെ ചിരിക്കാൻ പോലും മറന്നിരുന്നു; രണ്ടുപേരും.
“നീ അമേരിക്കയിൽ പോയ വിശേഷം അശ്വത ഒരിക്കൽ പറഞ്ഞിരുന്നു. നിനക്ക് സുഖമല്ലേ…? ഭാര്യയും മക്കളൊക്കെ എന്തു പറയുന്നു….?”
“കുഴപ്പമില്ല…” അവളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി അവൻ ഒറ്റവാക്കിൽ ഒതുക്കി.
“നിന്റെ വിശേഷങ്ങൾ പറയ് പാത്തൂ…. സുഖമല്ലേ നിനക്ക്… ? എന്താ ഇവിടെ…?”
“സുഖം…. ആണ് , എന്റെ ഒരു സുഹൃത്ത് ഇവിടെ അഡ്മിറ്റായിട്ടുണ്ട് അവളെ കാണാൻ വന്നതാ…”
“നിനക്ക് വീട്ടിൽ പോകാൻ തിരക്കില്ലെങ്കിൽ നീ രോഗിയെ കണ്ടിട്ട് വാ… നമുക്ക് ഒരു കാപ്പി കുടിക്കാം. ഞാനിവിടെ കാണും” എന്ന് പറഞ്ഞു അവൻ സന്ദർശകരുടെ ഇരിപ്പിടത്തിലേക്ക് വിരൽ ചൂണ്ടി.
“ശരി… ഞാൻ പെട്ടെന്ന് വരാം” അവൾ തിടുക്കത്തിൽ രോഗിയുടെ മുറിയിലേക്ക് പോയി.
വരാന്തയുടെ അറ്റത്തുള്ള ഇരിപ്പിടത്തിലേക്ക് നടക്കുമ്പോഴാണ് തന്റെ അടുത്തുകൂടെ വളരെ വേഗത്തിൽ തള്ളിക്കൊണ്ട്പോയ ഒരു സ്ട്രെച്ചർ അവന്റെ ശ്രദ്ധയിൽ പെട്ടത്. വേഗത്തിൽ ഉരുളുന്ന ചക്രങ്ങൾ അവന്റെ ചിന്തകളെ വർഷങ്ങൾക്ക് മുമ്പുള്ള ഒരു തീവണ്ടി യാത്രയുടെ ഓർമ്മകളിലേക്ക് കൊണ്ടെത്തിച്ചു. വർഷമേറെ കഴിഞ്ഞിട്ടും മറക്കാതെ മനസ്സിൽ സൂക്ഷിക്കുന്ന തന്റെ പ്രിയ നിമിഷങ്ങൾ .ആർത്തുപെയ്യുന്ന മഴയിൽ ആദ്യമായി അവളെ കണ്ട ദിവസം.അനുജത്തിയുടെ ജോലിക്കാര്യത്തിനായി ബോംബെക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ വന്നതായിരുന്നു അവൻ. പെട്ടെന്നാണ് അവരുടെ അധികം ദൂരെയല്ലാതെ കൂട്ടമായി നിൽക്കുന്ന പെൺകുട്ടികളുടെ ഇടയിലേക്ക് കണ്ണൊന്ന് പാളിയത്. കുറച്ചു പെൺകുട്ടികളും കൂടെ മൂന്ന് കന്യാസ്ത്രീകളും. ഒറ്റനോട്ടത്തിൽ തന്നെ അവൾ അവന്റെ ശ്രദ്ധയാകർഷിച്ചു. ചന്ദനനിറത്തിലുള്ള കോട്ടൺ സാരിയായിരുന്നു അവളുടെ വേഷം. മുഖത്ത് ഒരു ചെറിയ ചുവന്ന പൊട്ടും അതിനു മുകളിലായി ചന്ദനക്കുറിയും. ഇരുനിറമാണെങ്കിലും, ശാലീനതയും, അതേസമയം കുലീനത്വവും നിറഞ്ഞ മുഖം. ആകെ മൊത്തം നല്ല ഐശ്വര്യം ഉള്ള കുട്ടി. ചുരിദാറും, ജീൻസും ധരിച്ച കൂട്ടുകാരുടെ ഇടയിൽ അവൾക്കൊരു പ്രത്യേക ഭംഗി തോന്നി അവന്. ആദ്യമായി മഴ കാണുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ ആർത്തുപെയ്യുന്ന മഴ ആസ്വദിച്ചുള്ള അവളുടെ നിൽപ്പ് കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. അധികം താമസിയാതെ ചൂളം വിളിച്ചു കൊണ്ട് നേത്രാവതി എക്സ്പ്രസ് സ്റ്റേഷനിൽ എത്തി. സാമാന്യം വലിപ്പമുള്ള ഒരു കാർഡ് ബോർഡ് പെട്ടി ട്രെയിനിൽ കയറ്റാൻ അവൾ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ,അവൻ സഹായഹസ്തവുമായി അവളുടെ അടുത്തെത്തി. ആ ബോക്സിനു പുറത്ത് എഴുതിയിരുന്ന അവളുടെ പേര് അവൻ മനസ്സിൽ വായിച്ചു, “പാർവ്വതി മേനോൻ”
ഹരി മനസ്സിൽ ആഗ്രഹിച്ചതു പോലെ ,അവരുടെ അടുത്ത കൂപ്പയിൽ ജനാലക്കരികിലെ സിംഗിൾ സീറ്റായിരുന്നു അവളുടേത്. വണ്ടി നീങ്ങിത്തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അശ്വതിക്ക് ബോറടിച്ച് തുടങ്ങി. പാർവ്വതിയുടെ കൂപ്പയിലാണെങ്കിൽ തമാശകളും പൊട്ടിച്ചിരികളും. പാർവ്വതി അച്ചുവിനെ നോക്കി ഒന്നു ചിരിക്കേണ്ട താമസം, അവൾ വേഗം എഴുന്നേറ്റ് അവരുടെ കൂട്ടത്തിൽ ചേർന്നു. ആ യാത്രയിൽ അവർ നല്ല സുഹൃത്തുക്കളായി. ഹരി തന്റെ സന്തത സഹചാരിയായ പുസ്തകമെടുത്ത് വായനയിൽ മുഴുകി. പൗലോ കൊയ്ലോയുടെ ‘ബ്രൈഡ’യായിരുന്നു അവൻ വായിക്കാനെടുത്തത്. ആൽക്കെമിസ്റ്റ് വായിച്ചതിനു ശേഷം പൗലോച്ചന്റെ കടുത്ത ആരാധകനായി മാറിയിരുന്നു അവൻ. വായന തുടർന്നുകൊണ്ടിരിക്കേ ‘സോൾമേറ്റ്സ്’ എന്ന പദം അവന്റെ ശ്രദ്ധയാകർഷിച്ചു.’ഓരോ ജന്മത്തിലും,നമ്മുടെ മരണശേഷം ആത്മാവ് വിഭജിച്ച് ഒരു പുരുഷന്റേതും സ്ത്രീയുടെയുമായി മാറുന്നു. പിന്നീടുള്ള ജന്മങ്ങളിൽ അവർ പലപ്പോഴും കണ്ടുമുട്ടാറുണ്ട്.

അവരുടെ കണ്ണുകളിലെ ഒരു പ്രത്യേക തിളക്കത്തിൽ നിന്നും നമുക്ക് നമ്മുടെ സോൾമേറ്റിനെ തിരിച്ചറിയാം…….’
ഇത് വായിച്ച് തീർന്നതും അവൻ നേരെ നോക്കിയത് പാർവ്വതിയുടെ കണ്ണുകളിലേക്കാണ്. അവളുടെ വിടർന്ന കണ്ണുകളിലെ തിളക്കം കണ്ട് അവൻ പെട്ടെന്ന് കണ്ണടച്ചു…ദൈവമേ… ഇതാണോ പൗലോച്ചൻ പറഞ്ഞ സോൾമേറ്റ്സിന്റെ ലക്ഷണം?
യാത്രയിലുടനീളം ഹരിയുടേയും പാർവ്വതിയുടെയും കണ്ണുകൾ ഒരുപാട് തവണ സംസാരിച്ചു. പിറ്റേന്ന് രാവിലെ ട്രെയിൻ ലോക്മാന്യതിലക് ടെർമിനലിൽ എത്തി. കണ്ണുകൊണ്ട് യാത്ര പറഞ്ഞു കൂട്ടുകാരികളോടൊപ്പം പോകുന്ന പാർവ്വതിയെ കണ്ണുചിമ്മാതെ അവൻ നോക്കി നിന്നു. ഇനി എന്നെങ്കിലും തമ്മിൽ കാണുമോ….? പെട്ടന്നാണ് അശ്വതി അവന്റെ കൈയ്യിൽ നുള്ളിയത്.
“എന്താടീ ഇത്…?”
“ഏട്ടാ വായ്നോട്ടം നിർത്ത്…അവരെ മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും കാണാം”
അശ്വതി ഇത് പറഞ്ഞപ്പോഴേക്കും അവന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.
അവളോട് കൂടുതൽ സംസാരിച്ചതിൽ നിന്നും അവർ തൃശൂരിൽ T.T.C ക്ക് പഠിക്കുന്ന കുട്ടികളാണെന്നും, ഒരു Industrial visit ന്റെ ഭാഗമായിരുന്നു ഈ യാത്ര എന്നെല്ലാം അറിയാൻ കഴിഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞു ഒരേ ട്രെയിനിൽ ആണ് തിരിച്ചു പോകുന്നത് എന്ന വാർത്ത അവനെ അതിശയിപ്പിച്ചു. ‘എന്റെ ആത്മാവിന്റെ പാതി’…. അവൻ മനസ്സിൽ മന്ത്രിച്ചു.

അശ്വതിയുടെ ഇന്റർവ്യൂ കഴിഞ്ഞു, രണ്ടാഴ്ച കഴിഞ്ഞു ജോലിക്ക് കയറാനുള്ള അപ്പോയിന്റ്മെന്റ് ഓർഡറും കിട്ടി, ഇതിനിടെയാണ് അപ്രതീക്ഷിതമായി അവൻ തന്റെ സഹപാഠിയെ കണ്ടുമുട്ടിയത്. അവന്റെ കമ്പനിയിൽ ഒരു ജോലിക്ക് ശ്രമിക്കാം എന്നവൻ പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് അവൻ തന്റെ ടിക്കറ്റ് ക്യാൻസൽ ചെയ്തത്. ആ മൂന്ന് ദിവസങ്ങൾ അവളുടെ ഓർമ്മകളുമായി അവൻ കഴിച്ചുകൂട്ടി. തിരിച്ചു പോകാൻ നേരം പാർവ്വതിയും കൂട്ടുകാരുള്ളതായിരുന്നു അശ്വതിയുടെ സമാധാനം, ഹരിയുടേയും.
വളരെ ആകാംക്ഷയോടെയാണ് ഹരി അന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അവൻ ഫ്ലാറ്റ് ഫോം ടിക്കറ്റ് എടുക്കാൻ പോയപ്പോഴേക്കും അച്ചു, പാർവ്വതിയുടേയും കൂട്ടുകാരികളുടേയും അടുത്തെത്തിയിരിരുന്നു. നേരം തെറ്റിയുള്ള മഴകാരണം എല്ലാവരും വേഗം ട്രെയിനിൽ കയറി. ജനാലക്കരികിലൂടെ പാർവ്വതിയുടെ കണ്ണുകൾ അവനെ തേടുകയായിരുന്നു. മഴത്തുള്ളികളുടെ ഇടയിലൂടെ അശ്വതിയുടെ കമ്പാർട്ട്മെന്റ് അന്വേഷിച്ച ഹരി കാണുന്നത് തന്റെ ഫോട്ടോ എടുക്കുന്ന പാർവ്വതിയെയാണ്. അവൻ പെട്ടന്ന് കൈകൊണ്ട് മുഖം മറച്ചു.അപ്രതീക്ഷിതമായ അവളുടെ പെരുമാറ്റം അവനെന്തോ ഇഷ്ട്ടപ്പെട്ടില്ല.
“കുട്ടി എന്താ ഈ ചെയ്തത്…?”
ഫോട്ടോ കിട്ടിയ സന്തോഷത്തിൽ കൂട്ടുകാർക്ക് കൈകൊടുത്തു വിജയശ്രീലാളിതയായിരിക്കുന്ന അവളെ നോക്കി അൽപ്പം കനത്ത സ്വരത്തിൽ അവൻ ചോദിച്ചു.
ഒട്ടും പ്രതീക്ഷിക്കാത്ത അവന്റെ പെരുമാറ്റത്തിൽ പാർവ്വതി എന്തുപറയണമെന്നറിയാതെ വിയർത്തു.
“അത്…. പിന്നെ…. കൂട്ടുകാർ പറഞ്ഞപ്പോൾ… ഞാൻ… ഫോട്ടോ എടുത്തപ്പോൾ….”
അവൾ വിക്കി വിക്കി പറയാൻ ശ്രമിക്കുന്നത് കണ്ട് അവൻ മുഖത്തെ ഗൗരവം അൽപ്പം കൂടി കൂട്ടി.
“എന്താ ഏട്ടാ…. ഇത്?, അവൾ തമാശക്ക് ചെയ്തതിനെ ഇത്ര കാര്യമായി എടുക്കണോ…?” അശ്വതി ഇടയ്ക്ക് കയറി പറഞ്ഞു.
“നിന്റെ അഭിപ്രായം ഞാൻ ചോദിച്ചില്ല”
അതോടെ അവളുടെ വായടഞ്ഞു.
പാർവ്വതി അപ്പോഴേക്കും കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
പെട്ടെന്ന് ഒരു ചെറു പുഞ്ചിരിയോടെ അവൻ പറഞ്ഞൂ“കുട്ടീ…. ഇങ്ങനെ എടുത്താൽ നല്ല ഫോട്ടോ കിട്ടുമോ…..? ഫോട്ടോ വേണമെങ്കിൽ ഒരുവാക്ക് ചോദിച്ചാൽ പോരെ….? എത്രയെണ്ണം വേണമെങ്കിലും തരാലോ”
അതുവരെ ശ്വാസം അടക്കിപ്പിടിച്ചിരുന്ന അവളുടെ കൂട്ടുകാരുടെ കൂട്ടച്ചിരി ഉയർന്നത് പെട്ടെന്നായിരുന്നു… ”അനുവാദമില്ലാതെ മേലിൽ ആരുടെയും ഫോട്ടോ എടുക്കരുത് ട്ടോ….” ചമ്മിയ മുഖത്തോടെ ഇരിക്കുന്ന പാർവ്വതിയേയും അച്ചുവിനേയും അവൻ കൈവീശി യാത്ര അയച്ചു. ഒരു ചൂളം വിളിയോടെ ട്രെയിൻ നീങ്ങിയപ്പോൾ അവന്റെ മനസ്സൊന്നു പിടഞ്ഞു. ഇനി എന്നെങ്കിലും അവളെ കാണുമോ….
★*******************★

ഒന്നര വർഷത്തെ ദുബായ് ജീവിതത്തിന്റെ ഇടവേളയിൽ നാട്ടിൽ ഒരു ഓണക്കാലം ചിലഴിക്കാൻ എത്തിയതായിരുന്നു ഹരി. അശ്വതിയുടെ കല്യാണവും ആ ചിങ്ങമാസത്തിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ക്ഷണിക്കേണ്ടവരുടെ പേരുകൾ കല്യാണക്കുറിയിൽ എഴുതിക്കൊണ്ടിരുന്നപ്പോൾ ഒരു നിമിഷം ഹരിയുടെ മനസ്സ് ഒന്നു പിടഞ്ഞു. ‘പാർവ്വതി മേനോൻ’ .ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി തന്റെ മനസ്സിൽ സ്ഥാനം പിടിച്ചവൾ. ഒരു നല്ല ജോലിക്കു വേണ്ടിയുള്ള പരക്കം പാച്ചിലിനിടയിൽ മന:പ്പൂർവ്വം ഒരകലം പാലിച്ചതാണ് താൻ. ‘പോറ്റാൻ കാശില്ലെങ്കിൽ ഒരുപെണ്ണിനും ആശ കൊടുക്കരുത്’ എന്ന് ഭാര്യ ഉപേക്ഷിച്ച് പോയ അമ്മാവൻ എപ്പോഴും പറയുമായിരുന്നു. അവൾ ഇപ്പോൾ വിവാഹിതയായിരിക്കുമോ….? ചിണുങ്ങി പെയ്യുന്ന മഴയെ നോക്കി അവൻ സംശയത്തോടെ ആത്മഗതം ചെയ്തു. പിന്നീട് ഒന്നും സംഭവിക്കാത്തപോലെ നീട്ടി വിളിച്ചു.


“അച്ചൂ…. ഏതാ ഈ പാർവ്വതി മേനോൻ…?”
“ഏട്ടന് ഓർമ്മയില്ലേ…. പണ്ട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഫോട്ടോ എടുത്ത കുട്ടി. അന്നെന്തായിരുന്നു ഏട്ടന്റെ പെർഫോമൻസ്….? എന്തായാലും അന്നത്തെ യാത്രയിൽ കുറച്ചു നല്ല കൂട്ടുകാരെ കിട്ടി”
“ഓ… ഇപ്പോൾ ഓർമ്മ വന്നു. അവൾ ഇപ്പോ എന്തുചെയ്യുന്നു..?അവളുടെ കല്യാണം കഴിഞ്ഞോ…?”
“അവൾ നമ്മുടെ അടുത്തുള്ള സ്കൂളിലെ ടീച്ചറാ.കല്യാണം ഒന്നും ആയില്ല ഇതുവരെ. ഫോൺ ചെയ്യുമ്പോഴെല്ലാം അവൾ ഏട്ടനെപ്പറ്റി തിരക്കാറുണ്ട്.”
അവന്റെ വരണ്ട മനസ്സിൽ ആ വാർത്ത ഒരു പുതുമഴപോലെ പെയ്തിറങ്ങി.
“അതേയോ…നീ ഒരു കാര്യം ചെയ്യ്. അവളുടെ ഫോൺ നമ്പർ എനിക്കു താ. അവളെ ഔപചാരികമായി ഞാൻ കല്യാണം ക്ഷണിക്കാം. അവൾക്ക് അതൊരു Surprise ആയിക്കോട്ടെ…”
“നമ്പറൊക്കെ തരാം. ആ പാവത്തിനെ ചുമ്മാ പറ്റിക്കരുത് കേട്ടോ…” ഒരു താക്കീതോടെ അവൾ ഫോൺ നമ്പർ കൊടുത്തു.
ഇളംകാറ്റോടു കൂടി പെയ്യുന്ന ചാറ്റൽ മഴ, ബാൽക്കണിയിൽ നിന്ന അവന്റെ ശരീരത്തേയും മനസ്സിനേയും ഒരുപോലെ തണുപ്പിച്ചു. പാർവ്വതിയുടെ മൊബൈൽ നമ്പർ ഡയൽ ചെയ്യുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു മാനസിക അവസ്ഥയായിരുന്നു അവന്റേത്.
“ഹലോ….” അവളുടെ മൃദുവായ ശബ്ദം അവനെ കുളിരണിയിച്ചു.
“പാർവ്വതി അല്ലെ….?”
“അതെ……ആരാണെന്ന് എനിക്ക് മനസ്സിലായില്ല” ക്ഷമാപണ ശൈലിയിൽ അവൾ പറഞ്ഞു.
“ഒന്നര വർഷം മുമ്പ് എടുത്ത ഫോട്ടോയുടെ ഉടമസ്ഥനാ…..ആ ഫോട്ടോ ഇപ്പോഴും കൈയിൽ ഉണ്ടെങ്കിൽ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു”
ഏറെ നാളായി കേൾക്കാൻ കൊതിച്ചിരുന്നെങ്കിലും ഇങ്ങനെ ഒരു ഫോൺ വിളി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവിശ്വസനീയമായ മുഖത്തോടെ അവൾ ബെഡ് റൂമിൽ വച്ചിരുന്ന കൃഷ്ണന്റെ മുഖത്തേക്ക് നോക്കി… സ്ഥായിയായ കള്ളച്ചിരി.
ഒരു ദീർഘനിശ്വാസമെടുത്ത് അവൾ തുരുതുരാ അവന്റെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. ഒരുപാട് നാളായി അവൾ അവനോടു സംസാരിക്കാൻ കൊതിച്ചിരുന്ന പോലെ അവനു തോന്നി. അവളുടെ സംസാരത്തിനെ ഇടയ്ക്ക് മുറിച്ചു കൊണ്ട് അവൻ ചോദിച്ചു, “വിരോധമില്ലെങ്കിൽ ഒന്നു കാണാൻ സൗകര്യപ്പെടുമോ…?” രണ്ടു പേർക്കും സൗകര്യമുള്ള ഒരു ദിവസം നോക്കി ഒരു കോഫീ ഷോപ്പിൽ കാണാമെന്നേറ്റു.
സംസാരത്തിനിടയിൽ തന്റെ അന്നു തൊട്ട് ഇന്നുവരെയുള്ള കാര്യങ്ങൾ അവൾ ഓർത്തു വെച്ച് വിശേഷങ്ങൾ ചോദിക്കുന്നത് കണ്ട ഹരി അത്ഭുതപ്പെട്ടു. അശ്വതിയോട് ചോദിച്ചു അവൾ എല്ലാം മനസ്സിലാക്കിയിരുന്നു. ഔപചാരികമായ ക്ഷേമാന്വേഷണങ്ങളുടെ ഇടയിൽ പാർവ്വതിയുടെ വിവാഹക്കാര്യത്തെപ്പറ്റി അവൻ തിരക്കി. “അന്നെടുത്ത ഫോട്ടോ ക്യാമറയേക്കാൾ ആഴത്തിൽ പതിഞ്ഞത് എന്റെ ഹൃദയത്തിലായിരുന്നു. ഓരോ തവണ കഴുകുമ്പോളും എന്റെ ഹൃദയത്തിൽ ആ ഫോട്ടോയുടെ തിളക്കം കൂടി കൂടി വന്നു. അതുകൊണ്ട് പഠിത്തം എന്ന പേരിൽ വിവാഹാലോനയിൽ നിന്നും മാറി നിന്നു. ”
“ആ ഫോട്ടോ കൈയിൽ ഉണ്ടെങ്കിൽ ഒന്നു കാണാൻ പറ്റുമോ….?” ആകാംക്ഷയോടെ അവൻ ചോദിച്ചു.
അവൾ ബാഗ് തുറന്നു തന്റെ ഡയറിയിൽ സൂക്ഷിച്ചിരുന്ന ഫോട്ടോ അവനെ കാണിച്ചു. ആ ഫോട്ടോ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു
“എന്റെ ജീവിതത്തിന്റെ ഫ്രെയിമിൽ, എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കാൻ ഒരു ക്ഷണം തന്നാൽ സ്വീകരിക്കുമോ ഫോട്ടോഗ്രാഫറേ…..? ആലോചിച്ചു മറുപടി തന്നാൽ മതി.മറുപടി അനുകൂലമാണെങ്കിൽ അടുത്ത ഓണാവധിക്കു നാട്ടിൽ വരുമ്പോൾ ഒരു കല്യാണഫോട്ടോയുടെ ഫ്രെയിമിൽ നമുക്ക് ഒന്നിക്കാം”
വിദഗ്ദനായ ഒരു ക്യാമറാമാൻ, ലെൻസിലൂടെ നോക്കുന്നത് പോലെ, ഒരു ഉഴുന്ന് വടയുടെ തുളയിലൂടെ അവളുടെ മുഖത്ത് തെളിഞ്ഞ ഭാവങ്ങളെ ഹൃദയം കൊണ്ട് ഒപ്പിയെടുക്കുകയായിരുന്നു അവൻ. അശ്വതിയുടെ കല്യാണം ക്ഷണിച്ച ശേഷം അന്നത്തെ കൂടിക്കാഴ്ച അവസാനിപ്പിച്ചു അവർ പിരിഞ്ഞു.
“നമ്മുടെ വീട്ടുകാർക്ക് സമ്മതമാണെങ്കിൽ ഈ വിവാഹത്തിന് എനിക്ക് പൂർണ്ണ സമ്മതം…. “പ്രതീക്ഷിച്ച പോലെ അവളുടെ മറുപടി കിട്ടി. പ്രത്യക്ഷത്തിൽ വീട്ടുകാർ എതിർക്കേണ്ട കാരണങ്ങൾ ഒന്നും അവരുടെ നോട്ടത്തിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അടുത്ത വർഷം അവധിക്കു വരുമ്പോൾ വിവാഹക്കാര്യം വീട്ടിൽ അവതരിപ്പിക്കാം, അതുവരെ ഒരു വർഷം സന്തോഷത്തോടെ പ്രേമിക്കാം, വടക്കുംനാഥന്റെ മുന്നിൽ വച്ച് അവളുടെ വിരലിൽ മോതിരമണിയിച്ചുകൊണ്ട് അവൻ പറഞ്ഞു. അവൾക്ക് അത് പൂർണ സമ്മതമായിരുന്നുതാനും. ഇനി ഫോട്ടോ നോക്കി ഒരു വർഷം നോക്കി ഒരു വർഷം കൂടി തള്ളി നീക്കണമല്ലേ… എന്ന ചോദ്യത്തിന് അവൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു… “നിനക്ക് ഒരു കാര്യം അറിയോ…. പൗർണ്ണമി രാത്രിയിൽ ആത്മാർഥമായി സ്നേഹിക്കുന്നവർ ചന്ദ്രനെ നോക്കുമ്പോൾ അവർ സ്നേഹിക്കുന്ന വ്യക്തിയുടെ മുഖം ചന്ദ്രനിൽ തെളിഞ്ഞു വരും എന്നൊരു വിശ്വാസമുണ്ട്. താൻ ഒന്നു നോക്കെടോ….” അവന്റെ സങ്കടം ഒരു ചിരിയിലൊളിപ്പിച്ച് അവൻ പറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ ,പുഞ്ചിരിച്ചു കൊണ്ട് അവൾ അവനെ യാത്രയാക്കി.
പിന്നീടുള്ള ഓരോ മാസവും പൂർണ്ണചന്ദ്രനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു രണ്ടു പേരും. ഫോൺ വിളിയിലൂടെയും ഉപന്യാസം പോലുള്ള എഴുത്തുകളിലൂടെയും സ്നേഹം പങ്കുവെച്ചു ഒരു വർഷം അവർ തള്ളിനീക്കി. അവധിക്കു നാട്ടിൽ എത്തിയതിന്റെ പിറ്റേന്നു തന്നെ അച്ഛനെയും അമ്മയെയും അമ്മാവനേയും കൂട്ടി ഔപചാരികമായി പെണ്ണ്കാണൽ ചടങ്ങിൽ പങ്കെടുത്തു. ആർക്കും എതിരഭിപ്രായം ഇല്ലാത്തതിനാൽ ജാതകം നോക്കിയ ശേഷം ഏറ്റവും അടുത്ത ശുഭ മുഹൂർത്തിൽ വിവാഹം നടത്താൻ നിശ്ചയിച്ചു.
ജാതകം ഒരു കാലന്റെ രൂപത്തിൽ അവർക്കിടയിൽ അവതരിക്കുമെന്ന് അവരാരും തന്നെ സ്വപ്നേപി നിരൂപിച്ചില്ല. “ഹരി…പാർവ്വതി…പേരിൽ നല്ല പൊരുത്തം”, പണിക്കരുടെ തെളിഞ്ഞ മുഖം കവടി നിരത്തിയതോടെ ഇരുണ്ടു മങ്ങി.
“എന്താ പണിക്കരേ… ദോഷങ്ങൾ എന്തെങ്കിലും…?” അമ്മാവൻ പണിക്കരുടെ മനസ്സിലുള്ളത് മുഖത്തുനിന്ന് വായിച്ചു.
“കൂടുതൽ ഒന്നും പറയാനില്ല… ഈ ജാതകങ്ങൾ തമ്മിൽ ചേരില്ല… അങ്ങനെ സംഭവിച്ചാൽ ഹരിയുടെ ആയുസ്സിനെയാണ് അത് ദോഷകരമായി ബാധിക്കുക”
ഇത് കേട്ടതോടെ ഹരിയുടെ അച്ഛന്റേയും അമ്മാവന്റേയും മുഖം ചുളിഞ്ഞു.
അന്നു സന്ധ്യക്ക് ദീപാരാധന തൊഴുതു മടങ്ങുന്ന അവളെയും കാത്ത് ഹരി ആൽത്തറയിലിരുന്നു. കരഞ്ഞു വീർത്ത അവളുടെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു
“പാത്തൂ…. ,എടി പൊട്ടിപെണ്ണേ…. ഈ ജാതകത്തിൽ ഒന്നും ഒരു കഥയില്ലെടോ… നീ ഒന്നു ചിന്തിച്ചു നോക്കിയേ… ഈ ക്രിസ്ത്യാനികളും, മുസ്ലിംകളുമൊക്കെ ജാതകം നോക്കിയാണോ കല്യാണം കഴിക്കണേ…? പൊരുത്തം നോക്കി കെട്ടുന്ന നമുക്കും ജാതകം നോക്കാത്ത അവർക്കുമിടയിൽ എന്താണ് മാറ്റം? അപകടങ്ങളും, മരണങ്ങളും, വിവാഹമോചനങ്ങളും എല്ലാവരുടെ ഇടയിലുമുള്ളതല്ലേ….? നമ്മുടെ വീട്ടുകാരുടെ വിശ്വാസത്തെ പെട്ടെന്ന് ഉടച്ച് വാർക്കാൻ പറ്റുമെന്ന് എനിക്ക് പ്രതീക്ഷയില്ല. നിനക്ക് സമ്മതമാണെങ്കിൽ നമുക്കു രജിസ്റ്റർ മാരേജ് ചെയ്യാം…ഓരോ അന്ധവിശ്വാസങ്ങളുടെ പേരിൽ നിന്നെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല മോളേ…”
“നാളെ ഈ പറഞ്ഞ അന്ധവിശ്വാസങ്ങളുടെ പേരിൽ എനിക്ക് നഷ്ടപ്പെടുന്നത് ഹരിയാണെങ്കിലോ… ? അച്ഛൻ, അമ്മ,അശ്വതി, ബന്ധുക്കൾ എല്ലാവരുടെ മുന്നിലും തലതാഴ്ത്തി നിൽക്കേണ്ടി വരുന്ന എന്റെ മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചു നോക്കിയോ ഹരീ…എന്റെ ജീവനായിരുന്നു ആപത്തെങ്കിൽ മറ്റൊന്നും നോക്കാതെ ഞാൻ ഈ വിവാഹത്തിനു സമ്മതിക്കുമായിരുന്നു.പക്ഷേ… നിന്റെ ജീവിതം കൊണ്ടൊരു കളിക്ക് ഞാനില്ല ഹരീ…..ലോകത്തിലെ ഏതുകോണിലായിരുന്നാലും നീ സന്തോഷമായിരിക്കണം. നിന്റെ ഓർമ്മകൾ മാത്രം മതി എന്റെ ഇനിയുള്ള ജീവിതത്തിന്. അവൻ അണിയിച്ച മോതിരത്തിൽ നോക്കി അവൾ നിശ്ചയദാർഢ്യത്തോടെ പറഞ്ഞു.”
അവളുടെ മനസ്സ് മാറ്റാൻ ഒരുപാട് ശ്രമിച്ചു നോക്കിയെങ്കിലും അവൾ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. തന്റെ ജീവിതത്തിൽ നിന്നും നടന്നകലുന്ന അവളെ നോക്കി നിസ്സഹായനായി അവൻ ആ ആൽത്തറയിലിരുന്നു.
*****************
“ഹരീ….”അവളുടെ വിളി അവനെ ചിന്തകളിൽ നിന്നുണർത്തി.
കോഫീ ഷോപ്പിലേക്ക് നടക്കുന്നതിനിടെ അവരുടെ മനസ്സുകളായിരുന്നു , വാക്കുകളേക്കാളധികം സംസാരിച്ചത് . മണിക്കൂറുകൾ സംസാരിച്ചാലും കൊതി തീരാത്ത ഒരു ഭൂതകാലത്തിന്റെ ഓർമ്മകളായിരുന്നു അവന്റെ മനസ്സ് നിറയെ.
രണ്ടു കാപ്പി,രണ്ടു ഉഴുന്ന് വട.. ഓർഡർ കൊടുത്തതിനു ശേഷമാണ് അവളോട് ചോദിച്ചില്ലല്ലോ എന്നോർത്ത്. “പണ്ടത്തെ ഓർമ്മയിൽ അറിയാതെ പറഞ്ഞു പോയതാ…ഭവതി ക്ഷമിച്ചാലും” അവൻ പറഞ്ഞു.
ഒരു ഉഴുന്ന് വടയെടുത്ത് ഒരു കണ്ണടച്ച് ആ ഓട്ടയിലൂടെ അവളെ നോക്കി അവൻ ചിരിച്ചു.
“ഒന്നും മറന്നിട്ടില്ല…. അല്ലേ…?”
മറുപടിയായി അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പുഞ്ചിരിച്ചു, ആ ചിരിയിൽ മറഞ്ഞിരുന്ന വേദന അവൾ എളുപ്പം തിരിച്ചറിഞ്ഞു.
അവൻ പണ്ട് അണിയിച്ച മോതിരം ഇപ്പോഴും അവളുടെ കൈയിൽ കിടക്കുന്നത് അവൻ ശ്രദ്ധിച്ചു. അവൾ ഇപ്പോഴും അവന്റെ ഓർമ്മകളിൽ ജീവിക്കുന്നത് അവനെ നൊമ്പരപ്പെടുത്തി.
നിന്റെ വിശേഷങ്ങൾ പറയ് പാത്തൂ… നിന്നെ ഫെയ്സ്ബുക്കിൽ ഞാൻ തിരഞ്ഞിരുന്നു. പക്ഷേ കിട്ടിയില്ല…..
ഒരു ദീർഘനിശ്വാസമെടുത്ത് അവൾ പറഞ്ഞു തുടങ്ങി.
“ഇല്ല, ഞാൻ സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ല.” എന്റെ ജാതകത്തിൽ അന്ന് ജോത്സ്യൻ കണ്ട വിധവാ ദോഷം പിന്നീട് വിവാഹാലോനയിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചു. അല്ലെങ്കിലും നിന്നെയല്ലാതെ മറ്റൊരാളെ എനിക്ക് സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ കഴിയില്ലല്ലോ… ഒരു വിധവയായി ജീവിക്കുന്നതിലും എത്രയോ സന്തോഷകരമാണ് സ്വതന്ത്രയായി നമ്മൾ സ്നേഹിക്കുന്ന വ്യക്തിയുടെ ഓർമ്മകളുമായി കഴിയുന്നത്. ലോകത്ത് ഏത് കോണിലായിരുന്നാലും ഹരി സന്തോഷത്തോടെ ഉണ്ട് എന്നതാണ് എന്റെ ആശ്വാസം. പിന്നെ ജീവിതത്തോടുള്ള എന്റെ വാശി മൊത്തം തീർത്തത് പഠനത്തിലായിരുന്നു. എന്റെ പ്രിയ വിഷയമായ മലയാളത്തിൽ പറ്റാവുന്നിടത്തോളം പഠിച്ചു. ബിരുദാനന്തര ബിരുദവും, ഗവേഷണവും എല്ലാം…. പക്ഷെ ഞാൻ ഇപ്പോഴും ഒന്നാം ക്ലാസിലെ ടീച്ചർ തന്നെ ആണ് ട്ടോ…. കൊച്ച് കുട്ടികളെ ആദ്യാക്ഷരങ്ങൾ പഠിപ്പിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. പിന്നെ ഒഴിവ് സമയങ്ങളിൽ മനസ്സിൽ തോന്നിയത് കുത്തിക്കുറിച്ച് നേരം കളയും…. പണ്ടൊക്കെ വീട്ടിൽ വിവാഹത്തിന് ഒരുപാട് നിർബന്ധിക്കുമായിരുന്നു. ഇപ്പോൾ ആരും എന്നോടൊന്നും പറയാറില്ല. എന്റെ ആവലാതികൾ പറഞ്ഞു മടുപ്പിച്ചോ…. ?

“ഹരിയുടെ വിശേഷങ്ങൾ പറയ് , കേൾക്കട്ടെ…”
“സുഖം….. നീ കാരണം ഇപ്പോഴും ജീവനോടെ ഇരിക്കുന്നു….” അവൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവന്റെ ഫോൺ ശബ്ദിച്ചു. “ഡ്രൈവറാണ് … കുറേ നേരമായിട്ടും കാണാത്തത് കൊണ്ട് വിളിച്ചതാ.എനിക്ക് നാളെ തിരിച്ചു പോണം” സംസാരമവസാനിപ്പിച്ച് അവൻ പറഞ്ഞു. അവളുടെ കണ്ണുകളിൽ നോക്കി കള്ളം പറയാൻ അവന് കഴിയില്ലായിരുന്നു
“ശരി… നമുക്ക് വീണ്ടും കാണാം, ഇതാ എന്റെ വിസിറ്റിംഗ് കാർഡ്. എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കരുത്.”
തിരിച്ചു നടക്കാൻ നേരം അവന്റെ മനസ്സ് മന്ത്രിച്ചു.
“എന്റെ ദീർഘായുസ്സിന് വേണ്ടി, സ്വന്തം ജീവിതവും സ്നേഹവും ത്യജിച്ച നിന്നോട് ഞാൻ എന്താണ് പറയേണ്ടത്? പത്തിൽ എട്ട് പൊരുത്തം എന്ന് ജോത്സ്യൻ പറഞ്ഞത് വെറും ജാതകത്തിൽ മാത്രമായിരുന്നു. ജീവിതത്തിൽ മുഴുവൻ പൊരുത്തക്കേടുകളും.സത്യത്തിൽ ഞാൻ ഒളിച്ചോടുകയായിരുന്നു. ഈ നാട്ടിൽ നിന്നും , നിന്റെ ഓർമ്മകളിൽ നിന്നും. പക്ഷേ…. മറക്കാൻ ശ്രമിക്കുന്ന അതേ വേഗത്തിൽ അവ എന്റെ മനസ്സിൽ ആഴത്തിൽ വേരൂന്നുകയായിരുന്നു. സത്യം പറഞ്ഞാൽ നമ്മൾ തുല്യ ദു:ഖിതരല്ലേ. എങ്കിലും എനിക്ക് സുഖമാണെന്ന് കേൾക്കുമ്പോഴുള്ള നിന്റെ സന്തോഷം കാണുമ്പോൾ മറിച്ചൊന്നും പറയാൻ കഴിയാതെ ഞാൻ വീണ്ടും നിസ്സഹായനാവുകയാണ്”
കാറിൽ കയറിയ ഹരി വായിക്കാനായി പുസ്തകങ്ങൾ പരതിയ കൂട്ടത്തിൽ യാദൃശ്ചികമായി ‘ബ്രൈഡ’ വീണ്ടും അവന്റെ ശ്രദ്ധയിൽ പെട്ടു.
ഇടയിൽ നിന്ന് ഒരു പേജ് തുറന്ന അവന്റെ കണ്ണുകൾ ഈ വരികളിലുടക്കി….
“ Soulmates ….If they are well, then we, too, will be happy. If they are not well, we will suffer, however unconsciously, a portion of their pain.”
ഈ വരികൾ എത്രയോ സത്യം… അവൻ മനസ്സിൽ ഓർത്തു.പറഞ്ഞു കൊതി തീരാത്ത കഥ പോലെ, പെയ്തു തീരാത്ത മഴ പ്രകൃതിയിലും അവന്റെ മനസ്സിലും ഒരു നോവോടെ പെയ്തിറങ്ങി.
അന്നു രാത്രി പാർവ്വതി തന്റെ ഡയറിയിൽ കുറിച്ചിട്ടിരുന്ന തന്റെ പ്രിയപ്പെട്ട വരികളിലൂടെ കണ്ണോടിക്കുകയായിരുന്നു.The Soul Mate who is sure to cross our path. Even if it is only for a matter of moments……., because those moments bring with them a Love, so intense that it justifies the rest of our days…..”. തന്റെ ജീവിതത്തിൽ ഹരിയോടൊത്ത് ചിലവഴിച്ച നിമിഷങ്ങൾ, തന്റെ ബാക്കിയുള്ള ജീവിതത്തിന് ആ ഓർമ്മകൾ തന്നെ ധാരാളം. അവന്റെ ഓർമ്മകൾ മനസ്സിൽ നിറച്ച ഊർജ്ജവുമായി അവൾ പുതിയ ഒരു രചനയുടെ പണിപ്പുരയിൽ പ്രവേശിച്ചു. തുറന്നിട്ട ജാലകത്തിലൂടെ പൂർണ്ണചന്ദ്രനിൽ തെളിഞ്ഞ ഹരിയുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് അവൾ തന്റെ പുതിയ രചനയ്ക്ക് പേരിട്ടു….. “സോൾമേറ്റ്സ്”

രചന: Sussana

LEAVE A REPLY

Please enter your comment!
Please enter your name here