Home Latest പോകാനുള്ള ദിവസം അടുത്ത് വരും തോറും ഉള്ളിൽ സങ്കടം കൂടി വന്നുകൊണ്ടിരിക്കുന്നു… അമ്മ അവളോട് പറഞ്ഞിട്ടില്ല…

പോകാനുള്ള ദിവസം അടുത്ത് വരും തോറും ഉള്ളിൽ സങ്കടം കൂടി വന്നുകൊണ്ടിരിക്കുന്നു… അമ്മ അവളോട് പറഞ്ഞിട്ടില്ല…

0

രചന ; മുഹൈമിൻ

എങ്ങോട്ടാടീ രാവിലെ? പുതിയ ഡ്രെസ്സൊക്കെയിട്ട് അങ്ങ് ചുന്ദരി ആയല്ലോ? ഉമ്മറത്തിരുന്നുകൊണ്ടു ഞാൻ അവളോട് ചോദിച്ചു?

മെല്ലെ എന്റെ അടുക്കലേക്കു വന്നു ചെവിയിൽ പറഞ്ഞു.. ആരോടും പറയേണ്ട.. ദേ എന്റെ കാമുകൻ കവലയിൽ നിൽപ്പുണ്ട്. അവന്റെ കൂടെ അങ്ങ് പോകാൻ തീരുമാനിച്ചു… ന്തേ?

നല്ല കാര്യം.. നീ പതിവില്ലാതെ മാലയും കമ്മലുമൊക്കെ എടുത്തിട്ടപ്പോഴേ എനിക്ക് തോന്നി… ഹാവൂ ന്തായാലും നന്നായി.. നീ അങ്ങനെ പോയിക്കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ള സ്വത്തു മുഴുവൻ എനിക്ക്… അവളുടെ മുഖത്തേക്ക് നോക്കി ഞാൻ ഒന്ന് പുഞ്ചിരിച്ചു… ആ എന്നാൽ ചെന്നാട്ടെ. അവൻ കാത്തു നിന്നു മുഷിയും…

ശെടാ നിന്നെ പ്രേമിക്കാനും ആളോ? ഏതവനാ അത്രക്ക് ദാരിദ്ര്യം പിടിച്ചവൻ? എന്റെ കളിയാക്കലിന്റെ ആക്കം കൂടിയത് കൊണ്ടാകും അവൾ പെട്ടെന്ന് ദേഷ്യപ്പെട്ടതു…

ഓ ഞാൻ എങ്ങനെ എങ്കിലും അങ്ങ് ഒഴിവാകാൻ ഇരിക്കുവാ സ്വത്തെല്ലാം അങ്ങ് എടുക്കാൻ അല്ലിയോ? കുറച്ചു പരിഭവവും ദേഷ്യവും കൂട്ടിയാണ് അവളതു ചോദിച്ചത്..

അതേല്ലോ അങ്ങനെ തന്നെ… ഞാൻ പുഞ്ചിരിയോടെ അവളുടെ മുഖത്ത് നോക്കി പറഞ്ഞു…

എന്നാ ഞാൻ അങ്ങ് മരിക്കാൻ പ്രാർത്ഥിച്ചോളൂ… അപ്പൊ പിന്നെ സ്വത്തെല്ലാം ഒറ്റയ്ക്ക് കിട്ടുമല്ലോ… എന്തോ ഇത്തവണ അവളുടെ മറുപടി എനിക്കൊട്ടും ബോധിച്ചില്ല…

ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് ചാടി ചെന്ന്..
ദേ ഒരെണ്ണം അങ്ങോട്ട്‌ തന്നാലുണ്ടല്ലോ? എവിടേക്കെങ്കിലും പോകാൻ ഇറങ്ങുമ്പോൾ അഹങ്കാരം പറഞ്ഞിട്ടാണോ ഇറങ്ങുന്നത്? നിനക്ക് കുറച്ചു കൂടുന്നുണ്ട്..
അല്ലെങ്കിലും നിന്നെ കളിയാക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ?

അയ്യോടാ അപ്പോഴേക്കും പിണങ്ങിയോ? ഞാൻ എന്റെ ഏട്ടന്റെ ദേഷ്യമൊന്നു നോക്കിയതല്ലേ? എന്റെ മീശ പിരിച്ചുകൊണ്ട് അവൾ പറഞ്ഞു.. അല്ലെങ്കിലും ദേഷ്യം വരുമ്പോൾ ചെക്കനെ കാണാൻ നല്ല ലുക്കാണ്.. നിറഞ്ഞു വന്ന കണ്ണുനീർ തുള്ളികൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു നിർത്തി..

ആ എങ്ങോട്ടാ? രാവിലെ?

ഇന്നെന്റെ കൂടെപ്പഠിക്കുന്നവളുടെ ചേച്ചിയുടെ കല്യാണമാണ്? പറഞ്ഞാൽ അറിയും. മറ്റേ ദിവ്യ. അന്നിവിടെ കല്യാണം വിളിക്കാൻ വന്നപ്പോൾ കണ്ട പാടെ എന്നോട് പറഞ്ഞില്ലേ ചേട്ടന് ഇഷ്ട്ടമായി ഏതാ എന്ന് ചോദിച്ച ആ കുട്ടി…

ഓ ഓർമ്മയുണ്ട് ഓർമ്മയുണ്ട്.. ജാഡക്കാരി.. അവളുടെ കല്യാണം..

ഒന്ന് പോ ചേട്ടാ? അതൊരു പാവം കൊച്ചാണ്.. ആ എന്നാൽ ഞാൻ പോയിട്ട് വരാം..

വേണമെങ്കിൽ ഞാനും കൂടി വരാമെടീ…

വേണ്ട പിള്ളേരെ വായിനോക്കാൻ അല്ലെ? അവിടെ ആവശ്യത്തിന് വേറെ പിള്ളേർ കാണും.. അവൾ പടിയിറങ്ങി റോഡിലേക്ക് ചെന്ന് നിന്നിട്ടു ഉറക്കെ വിളിച്ചു പറഞ്ഞു അതെ പോക്കെറ്റിൽ ഇരുന്ന 500 രൂപ ഞാൻ എടുത്തിട്ടുണ്ട് എന്ന്.. എന്നിട്ട് ഒരൊറ്റയോട്ടം..
ന്റെ ദേവ്യേ ! അനൂപിന് കൊടുക്കേണ്ട പൈസയാണ് കുരുപ്പു കൊണ്ടുപോയത്..

ആകെയുള്ളൊരു പെങ്ങളാണ്… എന്റെ ചങ്കു.. കൂട്ടുകാരി എന്നൊക്കെ പറയാം.. രേണുക…
അമ്മയുടെയും എന്റെയും കാന്താരി….. പോക്കെറ്റിൽ നിന്നും പൈസ മോഷ്ടിക്കുന്ന പകൽ കള്ളി…

ഇടയ്ക്കിടെ അമ്മ പറയാറുണ്ട്. നീ ഇങ്ങനെ പിള്ളേര് കളിച്ചു നടന്നോ, ദേ പെണ്ണ് വളർന്നു കെട്ടിക്കാറായി എന്ന്.. അതിയാൻ അവിടെ അന്യ നാട്ടിൽ കിടന്നു റസ്റ്റ്‌ ഇല്ലാതെ പണിയെടുക്കുന്നത് കൊണ്ട് ഇങ്ങനൊക്കെ കഴിഞ്ഞു പോകുന്നു.. എന്നാണാവോ നിനക്കൊരു വീണ്ടു വിചാരം ഉണ്ടാകുന്നത് എന്ന്..

ആ നന്നായി ഏട്ടൻ ജോലിക്ക് പോയിട്ട് എന്നെ കെട്ടിച്ചു വിടാൻ ഇരിക്കുവാണോ അമ്മ. എങ്കിൽ ഞാൻ ഇവിടെ പുര നിറഞ്ഞു നിൽക്കത്തതെ ഉള്ളൂ.
അമ്മയുടെ പോരാഞ്ഞിട്ടാണ് അവളുടെ വക അമ്മയുടെ വശം പിടിച്ചവൾ എനിക്കിട്ടു താങ്ങുന്നത്..

എടീ ഞാൻ ജോലി കിട്ടി പോവുകയും ചെയ്യും മാസാമാസം ദേ ലക്ഷങ്ങൾ ശമ്പളം വാങ്ങുകയും ചെയ്യും. അപ്പൊ ഇങ്ങു വാ കേട്ടോ.. എനിക്ക് അത് വേണം ഇത് വേണം എന്നൊക്കെപ്പറഞ്ഞു…

ഓ നമുക്ക് അതിനൊന്നും ഉള്ള യോഗമില്ലാമ്മിണിയെ ! അതൊക്കെ നമ്മുടെ കൂട്ടുകാരികളുടെ ചേട്ടന്മാർ.. നമുക്കൊണ്ടു ഒരെണ്ണം ഇവിടെ… ഛെ അയ്യേ

അവൾ വാ വഴി ആട്ടിയിട്ടു പോയപ്പോൾ അമ്മ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു
എത്രയൊക്കെ കേട്ടാലും ഒരു പൊടിക്ക് നാണം ഇല്ലല്ലോടാ? അമ്മ ചൂൽ മൂലയ്ക്ക് വെച്ചിട്ട് എന്നെ നോക്കി പറഞ്ഞു..

ദേ ഏട്ടാ? രാവിലത്തെ ഫുഡ് ആയി. വെറുതെ ഇരുന്നു വിശക്കുന്നതല്ലേ വന്നു കഴിച്ചാട്ടെ.. അടുക്കളയിൽ നിന്നും അവളുടെ കളിയാക്കലാണ്… ദേഷ്യം കേറി വന്നെങ്കിലും അതിനേക്കാൾ വിശപ്പുള്ളതുകൊണ്ടു അത് സഹിച്ചു. അമ്മ പറഞ്ഞതുപോലെ ഒരു നാണവും ഇല്ലാതെ അടുക്കളയിലേക്കു പോയി…

ഒരു ദിവസം ദുബായിയിൽ ഉള്ള കൂട്ടുകാരൻ വിളിച്ചു പറഞ്ഞു അളിയാ ഇവിടൊരു ഒഴിവുണ്ട്. എഞ്ചിനീയറിനെ ആണ് ആവശ്യം.. പറ്റുമെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ കയറേണ്ടി വരും എന്ന്… ഉള്ളമൊന്നു പിടഞ്ഞെങ്കിലും വീട്ടിലെ അവസ്ഥ ഓർത്തപ്പോൾ, വളർന്നു വരുന്ന പെങ്ങളെ ഓർത്തപ്പോൾ… മാത്രവുമല്ല അമ്മാവന്റെ മോള് ഹേമയെ ഓർത്തപ്പോൾ പിന്നെ പോകാം എന്നങ്ങു ഉറപ്പിച്ചു…

ആദ്യം പറഞ്ഞത് അമ്മയോടാണ്… ഞാൻ പോകുന്നു എന്ന് കേട്ടപ്പോൾ ഉള്ളിൽ കടലോളം വിഷമം വന്നെങ്കിലും എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് ന്റെ കുട്ടി നന്നായി വരുമെന്ന് പറഞ്ഞുകൊണ്ടെന്നെ കെട്ടിപ്പിടിച്ചപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു വരുന്നുണ്ടായിരുന്നു…

അമ്മ തല്ക്കാലം ഇത് കാന്താരിയോട് പറയേണ്ട എന്ന് പറഞ്ഞു.. കാരണം ഞങ്ങൾ തമ്മിൽ ഇപ്പൊ ഒരു ഉടക്കിലാണ്.. എന്റെ ബുള്ളറ്റ് എടുത്തു ഓടിക്കാൻ നോക്കി ബുള്ളെറ്റ് തള്ളി താഴെയിട്ട അവളെ അതിൽ നിന്നും ഇറക്കി വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞിരുന്നു.. ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് പോയ അവൾ പിന്നെ മിണ്ടാൻ വന്നില്ല. അന്ന് മുതൽ ദേ ഇന്ന് വരെയുള്ള എന്റെ ഒരൊറ്റ തുണി പോലും അവൾ അലക്കിയിട്ടില്ല… ഇന്നലെ വെയിലത്തു നിന്നൊരു ജീൻസ് കഴുകിയപ്പോഴേക്കും അവളോടുള്ള പിണക്കം വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി….

പോകാനുള്ള ദിവസം അടുത്ത് വരും തോറും ഉള്ളിൽ സങ്കടം കൂടി വന്നുകൊണ്ടിരിക്കുന്നു… അമ്മ അവളോട് പറഞ്ഞിട്ടില്ല.. ഞാൻ പോകുന്ന കാര്യം അവൾ അറിഞ്ഞിട്ടുമില്ല..

പിറ്റേന്ന് വൈകിട്ട് അമ്മാവന്റെ വീട്ടിൽ യാത്ര പറയാൻ ഇറങ്ങിയ എന്റെ കൂടെ അമ്മ അവളെക്കൂടി പറഞ്ഞു വിട്ടു.. മിണ്ടാതെ എന്റെ പുറകിൽ കയറി ഇരുന്നു.. തിരികെ വരും വഴിയും ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല…

ഇടയ്ക്കു വെച്ചു മഴ പെയ്തപ്പോൾ വണ്ടി നിർത്താതെ അവളെയും വെച്ചുകൊണ്ട് മുന്നോട്ടു ഓടിച്ചു പോകുമ്പോൾ അവളൊരിക്കൽ എന്നോട് പറഞ്ഞത് ഞാൻ ഓർത്തു.. ഏട്ടാ ഒരു പെരുമഴത്തു എന്നെ ദേ ഈ കുടുകുടു വണ്ടിയുടെ പുറകിൽ വെച്ചു കൊണ്ടുപോകണം എന്ന്..

അന്ന് ഒന്ന് പോടീ പെണ്ണെ എന്ന് പറഞ്ഞവളെ കളിയാക്കിയപ്പോൾ ഇന്ന് അവൾ പോലും ആഗ്രഹിക്കാത്ത സമയത്തു സമയത്തു രാത്രിയിൽ അവളെയും വെച്ച് ബുള്ളറ്റിൽ… മുന്നോട്ടു ചെന്ന് കുറച്ചു കഴിഞ്ഞപ്പോൾ
ഞാൻ തന്നെ സംസാരത്തിനു തുടക്കമിട്ടു.. ഡോ പിണക്കം മാറിയില്ലേ എന്ന് ചോദിച്ചപ്പോഴും മറുപടി മൗനമായിരുന്നു.. അതെ ഈ മാസം 18 വരെ പറ്റത്തൊള്ളൂ ഇങ്ങനെ എന്നോട് മിണ്ടാതെ ഇരിക്കാൻ.. ഞാൻ പോകുവാ അത് കഴിഞ്ഞു..

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്നെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു കൊണ്ടവൾ എന്നോട് ക്ഷമിക്കു ചേട്ടാ എന്ന് പറഞ്ഞു കരഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ തുള്ളികൾ ആ മഴയിൽ ഒലിച്ചു പൊയ്ക്കൊണ്ടിരുന്നത് അവൾ ശ്രദ്ധിച്ചു കാണില്ല.. കാരണം അവൾ മിണ്ടാതിരുന്നപ്പോൾ ഉള്ള സങ്കടം…

അവിടെ ബുള്ളറ്റ് നിർത്തി പിന്നെയുള്ള ദൂരം താണ്ടാൻ അവളെ മുന്നിലേക്ക് ഇരുത്തിയപ്പോൾ അവളുടെ ചുണ്ടിൽ വന്നൊരു പുഞ്ചിരിക്കു നിലാവിനോളം ഭംഗിയുണ്ടെന്നു തോന്നിപ്പോയി..

അവൾ മുന്നിലും ഞാൻ പിന്നിലും ഇരുന്നു വീട്ടിലേക്കു ചെന്നപ്പോൾ അമ്മ മൂക്കത്തു വിരൽ വെച്ച്
എടാ നീ ആ പെണ്ണിനെ നനയിച്ചോ? മഴ അടുത്തൂടെ പോയാൽ പനി വന്നു വിറയ്ക്കുന്ന പെണ്ണാണ്… എന്ന് പറഞ്ഞു അകത്തു നിന്നും അമ്മ തോർത്തുമായി വന്നു

അമ്മയുടെ കയ്യിൽ നിന്നും തോർത്ത്‌ വാങ്ങി അവളുടെ തല തുവർത്തി കൊടുത്തപ്പോൾ ഒരു ഏങ്ങലടിയോടെ അവൾ എന്റെ നെഞ്ചിലേക്ക് വീണിരുന്നു..

പ്രവാസിയാകാൻ ഇറങ്ങും നേരം ബുള്ളറ്റിന്റെ താക്കോൽ അവളെ ഏൽപ്പിക്കുമ്പോൾ നിറഞ്ഞു വരുന്ന അവളുടെ കണ്ണുകൾ തുടച്ചു ഞാൻ പറയുന്നുണ്ടായിരുന്നു ചറപറാ ഗിയറൊന്നും ഇട്ടേക്കരുതെന്നു… പുഞ്ചിരിച്ചു കൊണ്ടവൾ നെഞ്ചിലേക്ക് ചാരി നെറ്റിയിൽ ചുംബിച്ചപ്പോൾ എന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു…

ഏട്ടാ ഏട്ടൻ പോയിട്ടിപ്പോ രണ്ടു വർഷം കഴിഞ്ഞില്ലേ? എന്റെ ഏട്ടൻ ഇല്ലാത്ത രണ്ടാമത്തെ ഓണമാ ഇന്ന്… കാണാൻ കൊതിയാവുന്നു… എന്നാ വരുന്നേ? മതി അവിടെ നിന്നത്.. ഓണത്തിന് നാട്ടിലേക്കു വിളിച്ചപ്പോൾ അവൾ അവളുടെ പരിഭവങ്ങൾ പറഞ്ഞു തുടങ്ങി അതും കണ്ണീരോടെ… ഉള്ളിൽ തികട്ടി വന്ന കുന്നോളം സങ്കടം കടിച്ചമർത്തി വരാം ഏട്ടൻ വരും ന്റെ ചങ്കിന്റെ കൂടി ഇടിയിടാൻ, ബുള്ളറ്റിൽ റൈഡ് പോകാൻ എന്നൊക്കെ പറയുമ്പോൾ അവൾ ഒരു പൊട്ടിക്കരച്ചിലോടു കൂടി ഫോൺ വെച്ചു…

കണ്ണു നിറഞ്ഞു വന്നു.. നീണ്ട രണ്ടു കൊല്ലം.. മൂന്നു വർഷത്തെ എഗ്രിമെന്റിൽ ഒപ്പിട്ടപ്പോൾ മൂന്നു വർഷം കഴിയാതെ ലീവ് തരില്ല എന്ന് പറഞ്ഞപ്പോഴും അവിടെ നിന്നത് നല്ല ശമ്പളം ഉള്ളത് കൊണ്ട് മാത്രമാണ്…

ഏട്ടാ കാണാൻ കൊതിയാകുന്നു.. എപ്പഴാ വരിക? ഈ കാത്തിരിപ്പിനൊരു സുഖമില്ല ഏട്ടാ? രാത്രിയിൽ കണ്ണടച്ചപ്പോൾ കരഞ്ഞുകൊണ്ട് നിൽക്കുന്ന അവളുടെ മുഖം എന്റെ ഉറക്കം കെടുത്തി… ഈ കാത്തിരിപ്പ് എനിക്കും ആഗ്രഹമില്ല മോളെ.. പക്ഷെ നിന്നെ നല്ല രീതിയിൽ കെട്ടിച്ചയക്കണ്ടേ? ഞാൻ ഗൾഫിലേക്ക് വന്നപ്പോൾ അച്ഛൻ അവിടുന്ന് എല്ലാം നിർത്തി നാട്ടിലേക്കു വന്നിരുന്നു..

പിറ്റേന്ന് രാവിലെ നാട്ടിൽ നിന്നും വന്നൊരു കാളിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു… അളിയാ അച്ഛൻ വണ്ടിയിൽ നിന്നും ഒന്ന് വീണു… കുറച്ചു ക്രിട്ടിക്കൽ ആണ്.. നീ ഒന്ന് വേഗം കയറി വരണം എന്ന് പറഞ്ഞു..

അറബിയോട് കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചപ്പോൾ അയാൾ ഒന്നേ പറഞ്ഞുള്ളൂ.. എഗ്രിമെന്റ് ഇവിടെ വെച്ചു അവസാനിപ്പിക്കണം എന്ന്. എല്ലാം ഇട്ടെറിഞ്ഞു നാട്ടിലേക്ക് വിമാനം കയറുമ്പോൾ മനസിൽ അത്രയും അച്ഛന്റെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു..

ഒടുവിൽ എയർപോർട്ടിൽ നിന്നും ആംബുലൻസിൽ കയറി ഹോസ്പിറ്റലിലേക്ക് പായുമ്പോൾ കൂട്ടുകാരൻ അനൂപ് എന്നെ ആശ്വസിപ്പിക്കുവാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു…

ഒടുവിൽ ഹോസ്പിറ്റലിലേക്ക് ഓടിയ എന്നെ പിടിച്ചു നിർത്തി അനൂപ് മോർച്ചറിയുടെ അവിടേക്ക് നടക്കുമ്പോൾ എന്റെ ഹൃദയം പിടഞ്ഞിരുന്നു, കണ്ണുകളിൽ ഇരുട്ട് കയറുന്നപോലെ.. ശരീരം കുഴഞ്ഞു വന്നു ഞാൻ അനൂപിനെ മുറുകെ പിടിച്ചു.
ഫ്രീസറിൽ നിന്നും വലിച്ചെടുത്ത ബോഡി ഉരുട്ടി എന്റെ നേരെ കൊണ്ട് വരും തോറും എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു… അടുത്തേക്ക് കൊണ്ടുവന്ന ബോഡിയുടെ മുകളിൽ വിരിച്ചിരിക്കുന്ന തുണി മാറ്റിയപ്പോൾ മുഖം കണ്ടു ഞാൻ പുറകോട്ടു വീണിരുന്നു. എന്റെ പെങ്ങൾ, എന്റെ കൂടെപ്പിറപ്പു, എന്റെ എല്ലാമെല്ലാമായ പെങ്ങൾ തണുത്തുറഞ്ഞൊരു ശരീരമായി എന്റെ മുന്നിൽ.. ഒരു അലർച്ചയോടെ വെളിയിലേക്കു ഓടിയപ്പോൾ ഞാൻ കണ്ടു തൂണിനു മറവിൽ കണ്ണുകൾ നിറച്ചു വിരലുകൾ കടിച്ചു പിടിച്ചു കരയുന്ന അച്ഛനെ…

ഇത് കാണാൻ ആയിരുന്നോടാ അനൂപേ എന്നെ വിളിച്ചു വരുത്തിയത്? എന്ന് ചോദിച്ചു അവന്റെ കോളറിൽ കുത്തി പിടിച്ചപ്പോൾ അവൻ എന്നെ കെട്ടിപ്പിടിച്ചു കരയുന്നുണ്ടായിരുന്നു..

ഒടുവിൽ അവളുടെ ശരീരം ദഹിപ്പിക്കുവാൻ അച്ഛൻ എന്നെ കൈപിടിച്ച് അങ്ങോട്ട്‌ കൊണ്ടുപോയപ്പോൾ അകത്തു നിന്നും അമ്മയുടെ അലമുറയിട്ടു കരയുന്ന ശബ്ദം എന്റെ കാതുകളെ തുളച്ചു പൊയ്ക്കൊണ്ടിരുന്നു…

വിറകുകൊള്ളിയിലേക്കു തീ കൊളുത്തുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നു…

ഏട്ടാ ഏട്ടനെ കാണാൻ കൊതിയാകുന്നു. എപ്പഴാ വരുന്നേ? അവളുടെ ആ ചോദ്യം എന്റെ മനസിൽ അലയടിച്ചു കൊണ്ടിരുന്നു… ഒടുവിൽ ഞാൻ വന്നപ്പോൾ എന്നെയൊന്നു നോക്കാൻ പോലും കൂട്ടാക്കാതെ കൂട്ടിനാരുമില്ലാത്ത ലോകത്തേക്കവൾ തനിച്ചു… അവളുടെ ചിതയിൽ അഗ്നി ആളിക്കത്തുമ്പോൾ ഒരു അലർച്ചയോടെ ഞാൻ പുറകിലേക്ക് വീണിരുന്നു…. അവളുടെ കയ്യിൽ ബുള്ളറ്റിന്റെ താക്കോൽ ഏൽപ്പിച്ച നിമിഷത്തെ ശപിച്ചുകൊണ്ട്…

രചന ; മുഹൈമിൻ

LEAVE A REPLY

Please enter your comment!
Please enter your name here