Home Latest “അമ്മേ എന്നും ഈ അവിഞ്ഞ ചോറും കറിയും തന്നെ ഒള്ളൂ…. ഒരു ദിവസമെങ്കിലും വല്ല കോഴി...

“അമ്മേ എന്നും ഈ അവിഞ്ഞ ചോറും കറിയും തന്നെ ഒള്ളൂ…. ഒരു ദിവസമെങ്കിലും വല്ല കോഴി ബിരിയാണിയോ നെയ്‌ച്ചോറോ വെച്ചാലെന്താ??

0

ഏട്ടന്റെ വേളി…

“അമ്മേ എന്നും ഈ അവിഞ്ഞ ചോറും കറിയും തന്നെ ഒള്ളൂ…. ഒരു ദിവസമെങ്കിലും വല്ല കോഴി ബിരിയാണിയോ നെയ്‌ച്ചോറോ വെച്ചാലെന്താ???… ”

“നിനക്ക് ഇഷ്ടമുള്ളത് വെക്കണേൽ നീ ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് വാടാ നാറി … അവൻ പണിക്കും പോകാതെ വയറും വാടകക്ക് എടുത്ത് നടക്കാ… ഈ കുരുത്തം കെട്ടവൻ എങ്ങനെയാണ് ഈശ്വരാ എന്റെ വയറ്റിൽ തന്നെ പിറന്നത്‌??,… ”

ഏട്ടന്റെ വയറൊരു വീപ്പക്കുറ്റിയാണോ എന്ന് എനിക്ക് പലവട്ടം തോന്നീട്ടുണ്ട്, കാലത്തെ എട്ട് മണിക്ക് രണ്ട്‌ കുറ്റിപുട്ടും കടലക്കറിയും തട്ടിയതിനും പുറമേ പത്തുമണിയാകുന്നതിന് മുൻപേ ഒരു പറ കഞ്ഞിയും കുടിച്ചതാ, ഇനി ഉച്ചയാകുന്നതിന് മുൻപേ കോഴി ബിരിയാണി വേണമെന്ന്…..

എൻജിനീയറിങ് വരെ പഠിച്ചിട്ടും പണിയൊന്നും കിട്ടാത്തതിന്റെ നിരാശ മുഴുവൻ ഭക്ഷണ സാധനത്തോടാണ് ആശാൻ കാണിക്കുന്നത്… അച്ഛനെ മാത്രം വിളിക്കുന്ന കല്യാണത്തിന് മുഴുവൻ ഏട്ടനാണിപ്പോൾ പോകുന്നത്, അച്ഛനാണെ അതിന് മൗന സമ്മതവും കൊടുത്തിട്ടുണ്ട്…

ഇതൊന്നും പോരഞ്ഞിട്ട് ഒരിക്കൽ അമ്മയോട് പറയാ…
“കുറേ കാലായില്ലേ അമ്മ ഒറ്റക്ക് അടുക്കളയിൽ കഷ്ടപ്പെടുന്നു, അമ്മയ്ക്ക് ഒരു കൂട്ടിന് വേണ്ടി മാത്രം ഞാനൊരു കല്യാണം കഴിച്ചാലോ???.. ” എന്ന്…

പറഞ്ഞു മുഴുവിക്കാൻ നിന്നില്ല, അമ്മ കറിക്കത്തിയുമെടുത്ത് ഏട്ടന്റെ പിന്നാലെ പാഞ്ഞു… ഏട്ടനാണെ അടുക്കള വഴി മുറ്റത്തേക്ക് ചാടി…

സംഗതി തമാശയല്ലേ എന്ന് കരുതി ചിരിക്കാൻ വരട്ടെ… സത്യത്തിൽ പുള്ളിക്ക് ഒരു ലൈൻ ഉണ്ട്ട്ടോ,എന്റെ സ്‌കൂളിലെ കണക്ക് മാഷിന്റെ മോളാ കക്ഷി…പക്ഷേ ഇതൊക്കെ വീട്ടിൽ എനിക്ക് മാത്രമേ അറിയൂ എന്നത് മറ്റൊരു സത്യം…

ഒരു ദിവസം ഞാൻ സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ മുറ്റത്തു വല്ലാത്തൊരു ആൾകൂട്ടം… സംഗതി എന്താണെന്നറിയാൻ ഞാൻ ഓടിക്കിതച്ചു വീട്ടിലേക്ക് കയറുമ്പോൾ അമ്മയതാ തലയിൽ കൈ വെച്ചു പൊട്ടിക്കരയുന്നു.. അച്ഛനാണെ അമ്മയെ പലതും പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ട്…

“ഡീ, അവൻ ചെയ്തത് ശെരി തന്നെ അല്ലേ…..പ്രേമിച്ച പെണ്ണിന് വേറെ കല്യാണം ആലോചിച്ചാൽ ഒരു ആണൊരുത്തൻ എന്താണോ ചെയ്യാ.. അതാ അവനും ചെയ്തേ… നീ ഇങ്ങനെ കരയാതെ ആ കൊച്ചിനെ സമാധാനിപ്പിക്കാൻ നോക്ക്… ”

അപ്പോൾ അതാണ് കാര്യം, ഏട്ടൻ പണിപറ്റിച്ചു, ഇനി അച്ഛന് ഞങ്ങള് നാലാളെ കൂടാതെ ഒരാൾക്ക് കൂടെ ചിലവിന് കൊടുക്കണം,അല്ലാതെ ഏട്ടൻ പണിയെടുത്ത് തന്റെ ഭാര്യയെ നോക്കുമെന്ന് ഒരു പ്രതീക്ഷയും വേണ്ട,അമ്മയുടെ കരച്ചിൽ മുഴുവൻ ഏട്ടനെ ഓർത്തല്ല, ആ പാവംപിടിച്ച അച്ഛനെ ഓർത്താണ്…

ഞാൻ സമയം കളയാതെ എന്റെ “ചേട്ടത്തിയമ്മയെ” തിരഞ്ഞ് ഏട്ടന്റെ മുറിയിലേക്ക് ഓടി…

ചേട്ടത്തിയമ്മ അണ്ടി പോയ അണ്ണന്റെ കണക്ക് ദിവാ സ്വപനം കണ്ടുകൊണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നു, ഏട്ടൻ എന്നെ കണ്ടപാടെ ഇഞ്ചി കടിച്ച കുരങ്ങിനെപ്പോലെ ഒരു വളിഞ്ഞ ചിരിച്ചുകൊണ്ട്….

“അമ്മു ഇതാണ് എന്റെ പെങ്ങൾ അനു… ”

ഞാൻ ചേട്ടത്തിയമ്മയുടെ അടുത്തേക്ക് ചെന്നു, ഓരോ വിശേഷങ്ങളും ചോദിച്ചറിഞ്ഞു,കണക്ക് മാഷിന്റെ നാല് പെൺമക്കളിൽ മൂന്നാമത്തേതാണ് ചേച്ചി , ആങ്ങളമാരാരും ഇല്ലാത്തോണ്ട് ഏട്ടൻ രക്ഷപ്പെട്ടുവെന്ന് പറയാം , അല്ലെങ്കിൽ അമ്മ വടിയെടുത്താൽ വരെ അടുക്കള വഴി ഓടി രക്ഷപ്പെടുന്ന ഈ പാവത്താൻ അടികൊണ്ട് ചതഞ്ഞേനെ….

പിറ്റേ ദിവസം അതി രാവിലെ തന്നെ ഞാൻ ആ കാഴ്ച കണ്ടു ഞെട്ടി,ഏട്ടനതാ കുളിച്ചൊരുങ്ങി ഒരു എക്സികുട്ടീവ് സ്റ്റൈലിൽ അച്ഛനെ വണങ്ങി തൊഴുന്നു, ഇന്നേതോ ഇന്റർവ്യൂ ഉണ്ടല്ലോ…

ചേട്ടത്തിയമ്മയും അമ്മയും തൊഴുക്കയോടെ മൂക സാക്ഷിയായി നിൽക്കുന്നു… ഉള്ളത് പറയാലോ എന്റെ ഏട്ടനെ ഇത്രയും സുന്ദരനായി ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല, ചേട്ടത്തിയമ്മ വീണതിൽ അത്ഭുതപ്പെടാനില്ല…. എനിക്ക് തോന്നി…

എന്തായാലും മുൻജന്മ സുകൃതം കൊണ്ടോ ചേട്ടത്തിയമ്മയുടെ ഭാഗ്യം കൊണ്ടോ എന്നറിയില്ല, ആ ഇന്റർവ്യൂയിൽ ഏട്ടൻ പാസായി… അടുത്ത ദിവസം തന്നെ അച്ഛന്റെ നിർദ്ദേശപ്രകാരം രണ്ടാളും ചേച്ചിയമ്മയുടെ വീട്ടിലേക്ക് ചെന്നു, അൽപ്പം പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായിരുന്നെങ്കിലും രണ്ടാളെയും അവർ സന്തോഷത്തോടെ സ്വീകരിച്ചു…

ജോലിക്കുപോകാതെ ടി വി യും കണ്ട് വിളിക്കാത്ത കല്യാണത്തിനും പോയി നാട്ടുകാരെയും വീട്ടുകാരെയും വെറുപ്പിച്ച് നടന്നിരുന്ന ആ പഴയ ഏട്ടനല്ല ഇപ്പോൾ.. ആളാകെ മാറി, ഒന്നെടുത്തൽ രണ്ടാമത്തേതിന് ഇപ്പോൾ ഒടുക്കത്തെ ഇംഗ്ലീഷാ…

ബ്രേക്ക്‌ ഫാസ്റ്റ്, ഞാനിപ്പോൾ ഡയറ്റിലാണ്, കോൾഡ് ഉണ്ടല്ലോ,അച്ഛനിപ്പോൾ tired ആണ്, റസ്റ്റ്‌ എടുക്കൂ … എന്നാ ഒരു മാന്യൻ…

രചന ; അനു

LEAVE A REPLY

Please enter your comment!
Please enter your name here