Home Latest നാളെ കല്യാണം ആയിട്ട് നീ ഒന്നും കഴിക്കാതിരുനാൾ എങ്ങനെയാ.. .

നാളെ കല്യാണം ആയിട്ട് നീ ഒന്നും കഴിക്കാതിരുനാൾ എങ്ങനെയാ.. .

0

” നാളെ കല്യാണം ആയിട്ട് നീ ഒന്നും കഴിക്കാതിരുനാൾ എങ്ങനെയാ.. … ” എന്റെ വാക്കുകൾ കേട്ട ഭാവം പോലും നടിക്കാതെ കണ്ണൻ അവന്റെ പണികളിൽ മുഴുകി…

തിരക്ക് മൂലം നിന്നു തിരിയാനുള്ള സ്ഥലമില്ല വീട്ടിൽ ….. ആകെയുള്ള ചെക്കന്റെ കല്യാണമല്ലേ….. എല്ലാരും ആഘോഷത്തിലാണ്… മൈലാഞ്ചി അണിയുന്ന ചേച്ചിമാർ…. “പെണ്ണിന് എത്ര പവനുണ്ടന്ന്‌ ” കുശലം ചോദിക്കുന്ന അമ്മായിമാർ…. ഒന്നിച്ചു കൂടിയ സന്തോഷത്തിൽ കളിക്കുന്ന കുട്ടികൾ ….. നൈസ് ആയിട്ട് മാറി നിന്നു അടിച്ചു വരുന്ന മാമൻമാർ…. വെറ്റില മുറുക്കാൻ ധൃതി വെക്കുന്ന അമ്മുമ്മമാർ…..

എല്ലാ ബഹളത്തിനിടയിലും പണി എടുക്കാൻ അവന്റെ കൈകൾ ഉണ്ടായിരുന്നു …..

ആളുകൾക്ക് ഭഷണം വിളമ്പാനും, സാധനങ്ങൾ എത്തിക്കാനും എന്തിന് തലയിൽ ചൂടാനുള്ള മുല്ലപ്പൂ വരെയും വാങ്ങിയത് അവൻ തന്നെ ആയിരുന്നു……

” കണ്ണാ ഇങ്ങു വന്നേ….. അവന്റെ കൈയിൽ പിടിച്ചു വലിച്ചു നിർത്തി ഞാൻ ചോദിച്ചു…..

” എന്ത് കോലമാ കണ്ണാ ഇത്… ആകെ വിയർത്തു കുളിച്ചു…..
എന്തേലും കഴിച്ചോ നീ…. ???

നെറ്റിയിൽ നിന്നും ഊർ
ന്നിറങ്ങിയ വിയർപ്പു തുള്ളികൾ തുടച്ചു കൊണ്ട് അവൻ പറഞ്ഞു….

” ഇല്ലടി…. ഒന്നും വേണ്ടാ…. ഒരുപാട് പണി ബാക്കി ഉണ്ട്‌…. ഒന്നുമായിട്ടില്ല… ആ ക്യാമറാമാൻ എന്നെ തപ്പി നടക്കുന്നുണ്ട്….. ദക്ഷിണ കൊടുത്തു കഴിഞ്ഞു മുങ്ങിയതാ ഞാൻ….. അങ്ങോട്ട്‌ നോക്ക്, ഇങ്ങോട്ട് നോക്ക്, അത് ചെയ്യ് ഇത് ചെയ്യ്…. ദേ ഈ മാതിരി കോപ്രായങ്ങൾക്കൊന്നും എന്നെ കിട്ടില്ലാട്ടോ…. ”

കസേര കിടന്ന തോർത്ത്‌ നെറ്റിയിൽ വലിച്ചു കെട്ടി അവൻ പറഞ്ഞു….

“കല്യാണം ആകുമ്പോൾ ഇതൊക്കെ സാധാരണമല്ലേ കണ്ണാ …. ” ചോദിച്ചു മുഴുവിക്കുന്നതിനു മുൻപ് തന്നെ അവൻ തുടർന്നു…..

” നിന്നെ പോലെ പുട്ടിയുമടിച്ചു സെൽഫീ എടുത്തു നടക്കാൻ വേറേ ആളെ നോക്കണം… എനിക്ക് വേറേ പണി
ഉണ്ട് ”

സ്വന്തം കല്യണത്തിനു അടിമയെ പോലെ പണി ചെയ്യുന്ന അവനെ ഞാൻ നോക്കി നിന്നു….. ആകെയുള്ള ഒരേ ഒരനിയൻ…… എന്റെ ഏറ്റവും വലിയ സ്വപ്നമാണ് അവന്റെ കല്യാണം…..

എല്ലാരും ആഘോഷങ്ങളിൽ മുഴുകുമ്പോളും അവൻ മാത്രം അവന്റെ ജോലികൾ നോക്കികൊണ്ടിരുന്നു….

വരുന്നവർ എല്ലാം ഇത് നിന്റെ കല്യാണം ആണോ അതോ നിന്റെ പെങ്ങളുടെ ആണോ എന്ന് ചോദിച്ചു തുടങ്ങിയിരുന്നു…

ഒരുപാട് നാളായി അവന് കല്യാണം ആലോചിക്കുന്നു…. ഒന്നും നടക്കുന്നുണ്ടായിരുന്നില്ല….

അവൻ കല്യാണത്തിൽ കൂടുതൽ താല്പര്യവും കാണിച്ചിരുന്നുമില്ല…. അവന്റെ മനസ്സ് മുഴുവനും കുടുംബം മാത്രമായിരുന്നു….

എന്നാൽ കാത്തിരുന്ന് അവന്റെ വിവാഹവും ഉറച്ചു…. ഒരുപാട് ആഗ്രഹിച്ച ദിനം വന്നെത്തിയ സന്തോഷത്തിൽ ആയിരുന്നു ഞാനും……

ഓർമ്മകൾ എങ്ങോട്ടോ പോകുന്നപോലെ…..

എല്ലാ ചേച്ചിമാരെയും പോലെ സ്വന്തം അനിയനെ കൈ വെള്ളയിൽ വെച്ചു നടക്കാനൊന്നും എന്നെ കിട്ടിയിരുന്നില്ല…. അവൻ ജനിച്ചപ്പോൾ തന്നെ അവൻ എന്റെ എതിരാളി ആയിരുന്നു….

എനിക്ക് മാത്രം കിട്ടണ്ട സ്നേഹം തട്ടി പറിച്ചവൻ…. ഞാൻ കഴിക്കാൻ വെച്ചിരുന്ന ബിസ്കറ്റും പാലും കട്ട് കുടിച്ചവൻ…. തരം കിട്ടുമ്പോൾ പുറമടച്ചു എനിക്ക് അടി തന്നവൻ…

അവൻ എന്ത് ചെയ്താലും ” അവൻ കുട്ടിയല്ലേ.. നീയല്ലേ മൂത്തത്‌… ?? നീ അല്ലേ ക്ഷമിക്കണ്ടത് ” എന്നുള്ള ചോദ്യവും..

എല്ലാവരും അവനെ സ്നേഹിക്കുമ്പോളും അവനെ എടുത്തോണ്ട് നടക്കുമ്പോളും എനിക്ക് സഹിക്കാൻ പറ്റിയിരുന്നില്ല…. അമ്മക്ക് എന്നെ ഇഷ്ടമല്ല എന്ന് പോലും ഞാൻ ചിന്തിച്ചിരുന്നിരുന്നു….

എനിക്കൊരു ചേട്ടൻ ഉണ്ടായിരുനെങ്കിൽ എന്ന് ആഗ്രഹിച്ച ദിവസങ്ങൾ…..

കൈ പിടിച്ചു നടക്കാനും കൂടെ കളിക്കാനും ചോറ് വാരി തരാനും കുളിച്ചു വരുമ്പോൾ തല തോർത്തി തരാനും കെട്ടി പിടിച്ചു ഉറങ്ങാനും ഒരു ഏട്ടൻ ഇല്ലാത്തതിന്റെ വിഷമം ഒന്ന് വേറേ തന്നെയാ… പകരം എനിക്ക് കിട്ടിയതോ അനിയന്റെ രൂപത്തിൽ ഒരു ശത്രുവിനെയും…..

എത്ര വലുതായിട്ടും ഞങ്ങളുടെ വഴക്കിന് ഒരു കുറവും ഉണ്ടായില്ല…

ഒരു ഏട്ടൻ ഇല്ലാത്തതിന്റെ വിഷമവും എല്ലാവരുടെയും സ്നേഹം അനിയനോടാണെന്ന ചിന്തയും എന്നെ എപ്പോളും അലട്ടിയിരുന്നു ……

എന്നാൽ വളരും തോറും അവൻ മാനസികമായി കരുത്ത് ആർജ്ജിക്കായിരുന്നു…. അച്ഛന് ഒറ്റയ്ക്ക് കുടുംബം മുന്നോട്ടു കൊണ്ട് പോകാൻ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോളാണ് വളരെ ചെറുപ്പത്തിലെ പഠനം ഉപേക്ഷിച്ചു അവൻ കുടുംബ ഭാരം ഏറ്റെടുത്തത്…. രാവിലെ പത്രം ഇടാൻ പോകുകയും…. ചെറിയ ചെറിയ പണികൾ ചെയ്തും അച്ഛനെ സഹായിച്ച് തുടങ്ങിയ അവൻ പതിയെ പതിയെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു..

ഈ രീതിയിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ അവൻ എല്ലാവരെയും പോലെ പുറത്തു പോകാൻ തീരുമാനിച്ചു….

ഞങ്ങളെ ഉപേക്ഷിച്ചു മനസ്സില്ലാ മനസ്സോടെ കടൽ കടന്നു പോകുമ്പോളും അവന്റെ കൈയിൽ കുറച്ചു കടങ്ങളും, സങ്കടങ്ങളും, പരാതികളും മാത്രമേ ഉണ്ടായിരുന്നുള്ളു……

ചുട്ടു പൊള്ളുന്ന വെയിൽ ഉറ്റവരെയും ഉടയവരെയും കാണാതെ കഷ്ടപ്പെട്ടു പണി എടുക്കുമ്പോളും അവന്റെ സുഖത്തെക്കാൾ കൂടുതൽ കുടുംബം കരക്കടുപ്പിക്കാനുള്ള പരിശ്രമം മാത്രമായിരുന്നു അവന്റെ ഉള്ളിൽ…..

വിശന്നിരുന്നാൽ പോലും ഒന്നും വാങ്ങി കഴിക്കാതെ ഓരോ പൈസയും കൂട്ടി വെച്ചു അഞ്ചു വർഷം കഴിഞ്ഞാണ് അവൻ ആദ്യമായി നാട്ടിൽ എത്തിയത്….

വീട് പുതുക്കി പണിഞ്ഞതിലും, തെറ്റില്ലാതെ എന്റെ വിവാഹം നടത്തിയതിലും അവന്റെ വിയർപ്പിന്റെ സാന്നിധ്യം എല്ലാവരും അറിഞ്ഞിരുന്നു….

ആദ്യമായി ഒരു ചേട്ടന്റെ സ്നേഹം മനസ്സിലാക്കി തന്നതും അവൻ തന്നെ ആയിരുന്നു….

പോന്നു പോലെ കൊണ്ടു നടക്കാൻ ചേട്ടൻ വേണമെന്നില്ല ഒരുപാട് സ്നേഹിക്കുന്ന അനിയനെ കിട്ടിയാലും മതിയെന്ന് ഓരോ നിമിഷവും അവൻ തെളിയിച്ചു കൊണ്ടിരുന്നു…..

ഓരോ നിമിഷവും അവൻ എത്ര വലുതാണന്നു മനസ്സിലാക്കിയ നിമിഷങ്ങൾ….. വിയർപ്പിന്റെ വില വേറേ തന്നെയാണെന്ന് അവൻ തെളിച്ചു…. ക്ഷമയോടെ കഷ്ടപെട്ടാൽ ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്നവൻ ബോധ്യപ്പെടുത്തി….. എല്ലാം ഭംഗി ആക്കി വീണ്ടും തിരികെ പോകുമ്പോൾ അവന് കൂട്ടായി ഒരാളെ കണ്ടു പിടിക്കണമെന്ന് മാത്രമായിരുന്നു എന്റെ മനസ്സിൽ……

അവന്റെ പെണ്ണിനെ കണ്ടു പിടിക്കാൻ കുറച്ചു പാടുപെട്ടെങ്കിലും ഈ വരവിൽ അവനെ പിടിച്ചു കെട്ടിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു…..

” ഡി അവൻ എവിടെ…. ??

അമ്മ തട്ടി വിളിച്ചപ്പോളാണ് ഓർമ്മകളുടെ ലോകത്തുനിന്ന് ഞാൻ തിരിച്ചെത്തിയത്….

” അവൻ കലവറയിൽ ഉണ്ട്‌ അമ്മേ…. ഉറങ്ങാതിരിക്കാനുള്ള പരുപാടിയിലാ..എങ്ങനെ ആണെങ്കിൽ അവൻ നാളെ പന്തലിൽ കിടന്നുറങ്ങേണ്ടി വരും… ”

അമ്മ അവന്റെ ചെവിക്ക് പിടിച്ചു അകത്തേക്ക് അവനെ കൊണ്ടു പോകുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു അവനോട് വഴക്കിട്ടു അവനെ സ്നേഹിക്കാൻ മറന്ന ഞങ്ങളുടെ ചെറുപ്പകാലം……

സമർപ്പണം : വളരെ ചെറുപ്പത്തിലെ കുടുംബ ഭാരം ഏറ്റെടുത്തു കുടുംബത്തെ നോക്കുന്ന ഒരുപാട് ആങ്ങളമാർ നമുക്കിടയിൽ ഉണ്ട്‌…. അവർക്കായി…..

പിന്നെ എന്റെ കണ്ണനും…

മാളു മുരളി ❤

LEAVE A REPLY

Please enter your comment!
Please enter your name here