Home Latest മാളുവിനാ കത്ത് കൊടുക്കുമ്പോൾ അവളുടെ കണ്ണുകളിൽ അത്ഭുതവും ഒരേ സമയം പുച്ഛവും കണ്ടു…

മാളുവിനാ കത്ത് കൊടുക്കുമ്പോൾ അവളുടെ കണ്ണുകളിൽ അത്ഭുതവും ഒരേ സമയം പുച്ഛവും കണ്ടു…

0

മാളുവിനാ കത്ത് കൊടുക്കുമ്പോൾ അവളുടെ കണ്ണുകളിൽ അത്ഭുതവും ഒരേ സമയം പുച്ഛവും കണ്ടു. ഞാൻ അത് പ്രതീക്ഷിച്ചിരുന്നു കാരണം ഇന്നത്തെ കാലത്ത് ആരാണ് കത്തെഴുതുക? മൊബൈൽ ഫോണിലൂടെയല്ലേ ബന്ധങ്ങൾ ഉണ്ടാകുന്നതും ഇല്ലാതെയാകുന്നതും ആവശ്യമില്ലെങ്കിൽ ഒരു ബ്ലോക്കിൽ തീരും എല്ലാ ബന്ധങ്ങളും കത്തുകൾ അങ്ങനെ അല്ല. വായിച്ച് പോകും അറിയാതെ. എനിക്ക് മൊബൈൽ ഫോണില്ല. അതിന്റെ ആവശ്യമുണ്ടെന്നു എനിക് തോന്നിയിട്ടില്ല. ഞാനൊരു കൃഷിക്കാരനാണ്. എന്റെ കൃഷിയാവശ്യങ്ങൾക്കായ് ബ്ലോക്കിൽ പോകേണ്ട യാത്രകൾ ആണ് കൂടുതലും വീട്ടിൽ ഒരു ലാൻഡ്ഫോൺ ഉള്ളത് കൊണ്ട് അത്യാവശ്യം വിളിയൊക്കെ അതിലൂടെ നടക്കും

മാളുവിനെ പെണ്ണ് കാണാൻ ചെന്നപ്പോൾ അവളുടെ വീട്ടുകാർക്കെല്ലാം എന്നെ ഇഷ്ടം ആയെങ്കിലും അവൾക്കിഷ്ടമായില്ല അവൾ അത് തുറന്നു പറയുകയും ചെയ്തു. അവൾക്ക് നഗരത്തിലുള്ള ഒരു ചെക്കനെ മതിയത്രെ.
“കൃഷി പ്പണിയെന്താ അത്ര മോശം പണിയാണോ? “എന്നാ ചോദ്യത്തിന് മൗനം പാലിച്ചു അവൾ

കൃഷി ചെയ്ത പച്ചക്കറികൾ ചന്തയിലേക്ക് കൊണ്ട് പോകുന്നതും തിരികെ വരുന്നതും അവളുടെ വീടിനു മുന്നിലൂടെയാണ്. അവളെന്നെ കാണുമ്പോൾ മുഖം തിരിച്ചു അകത്തേക്ക് കയറി പോകുകയാണ് പതിവ്. അത് എന്നിൽ അറിയാതെ ഒരു വാശി ഉണ്ടാക്കി. അങ്ങനെ ആണ് ആദ്യ കത്ത് കൊടുത്തത്. ഒരു വാചകമേ ഉണ്ടായിരുന്നുള്ളു.

“എന്നെ കാണുമ്പോൾ വീടിനുള്ളിലേക്ക് കയറി പോകുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ലെ? ”

അതേറ്റു എനിക്ക് അറിയാമായിരുന്നു അതല്ല എന്ന് തെളിയിക്കാൻ അവൾ വീട്ടു മുറ്റത്തു ഉണ്ടാകുമെന്ന്. ഞാൻ നോക്കി ചിരിക്കുമ്പോൾ മുഖം തിരിക്കും. എന്നാലും കണ്ടു കണ്ടു വെറുപ്പ് ഇഷ്ടം ആകുന്ന ഒരു രാസപ്രവർത്തനം നടക്കാറുണ്ട് മനുഷ്യരുടെ ഉള്ളിൽ. ഞാൻ കടന്ന് പോകുന്ന ദിവസങ്ങളിൽ ഓരോ കത്ത് ഞാൻ അവളുടെ ഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന പോസ്റ്റ്‌ ബോക്സിലിടും. അവൾ കാണെ തന്നെ ആണ് ഞാൻ അങ്ങനെ ചെയ്യുക. അവൾ അതെടുത്തു വായിക്കുമെന്ന് എനിക്ക് അറിയാം

ഞാൻ ആ കത്തുകളിൽ പ്രണയം എഴുതാറില്ല. എന്നെക്കുറിച്ച്, എന്റെ ബാല്യം, കൗമാരം, നുറുങ്ങു തമാശകൾ, എന്റെ കൃഷിരീതികൾ, അച്ഛൻ, അമ്മ, അനിയത്തി, എന്റെ വീട്.. പിന്നെ എനിക്കേറ്റവും ഇഷ്ടം ഉള്ള പുഴമീനും കപ്പപ്പുഴുക്കും അങ്ങനെ ഒരു പാട് ഒരു പാട് ഞാൻ എഴുതും. അതിനിടയിൽ എനിക്ക് അവളോടുള്ള ഇഷ്ടം എഴുതാതെ എഴുതുകയും ചെയ്യും. ഒരു രസം.നാം ഇഷ്ടപ്പെടുന്നയാൾ നമ്മെ കുറിച്ചറിഞ്ഞിരിക്കുന്നതു ഒരു സുഖം ല്ലേ?

കനത്ത മഴ വന്നു എന്റെ കൃഷിയൊക്കെ നശിച്ച സമയമായിരുന്നു പിന്നെ. എന്റെ മനസ്സ് ശൂന്യമായി പോയി. അവൾ പോലും എന്റെ ഉള്ളിലേക്ക് വന്നില്ല. ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ എന്ത് പ്രണയം? ഞാൻ വീട്ടിൽ തന്നെ ഇരുന്നു കുറച്ചു നാൾ. അവളെ പെണ്ണ് കാണാൻ ഒരു ബാങ്ക് ജീവനക്കാരൻ വന്നുവെന്നു അനിയത്തി വന്നു പറഞ്ഞപ്പോൾ ഉള്ളിൽ മുള്ള് കൊണ്ട വേദന. പക്ഷെ അവളുടെ നീട്ടി പിടിച്ച കൈയിൽ ഒരു കത്ത് കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി.

“മാളു തന്നതാ “അനിയത്തി കള്ള ചിരിയോടെ അതെന്നെ ഏല്പിച്ചു പോയി. ഒരു വാചകമേ അതിലുണ്ടായിരുന്നുള്ളു

“കൃഷിപ്പണി അത്ര മോശം പണിയല്ല കേട്ടോ ”

ഞാൻ പൊട്ടിചിരിച്ചു പോയി
എന്റെ മനസ്സിന്റെ നിരാശ ഒക്കെ എങ്ങോ പോയി മറഞ്ഞു. കാലാവസ്ഥ ഒക്കെ മാറി മറിഞ്ഞു വരും പെണ്ണിന്റെ മനസ്സ് പോലെ.എനിക്കിനിയും ചെയ്യാനൊക്കും പലതും മണ്ണ് ചതിക്കില്ല. ഞാനൊരു ആണല്ലേ? എനിക്കു നേടാൻ കഴിയാത്തതെന്തുണ്ട്?

മാളു എന്നോട് പറഞ്ഞു എന്റെ അക്ഷരങ്ങളെയാണവൾ പ്രണയിച്ചതെന്ന്. സത്യത്തിൽ കത്തുകളിലൂടെ ഞാൻ എന്നെ വരച്ചിടുകയായിരുന്നു അവൾ കൃത്യം എന്നിലേക്ക്‌ എത്തുകയും ചെയ്തു

കത്തുകളിൽ ബ്ലോക്കിങ് സംവിധാനമോ സന്ദേശങ്ങളുടെ നീല ശരികളോ ഇല്ല. കത്തുകൾ നേരെ ഹൃദയത്തിലേക്കാണ് കയറി ചെല്ലുക കാരണം അതൊരാളുടെ കയ്യക്ഷരമാണ്.. ഈ ഭൂമിയിൽ ഒരേ ഒരാൾക്ക് മാത്രമുള്ളത്.നീലയും കറുപ്പും നിറമുള്ള അക്ഷരങ്ങൾ… കുസൃതിയും കുറുമ്പും പരിഭവവും പിണക്കവും നിറഞ്ഞ അക്ഷരങ്ങൾ. അതെഴുതുമ്പോൾ ഞാൻ എന്തൊക്കെ ഉള്ളിൽ കണ്ടുവോ അതൊക്കെ നേരെ ഹൃദയത്തിൽ ചെന്ന് പതിഞ്ഞു ചേർന്ന് കിടക്കും. അടർന്നു പോകാതെ….

രചന ; അമ്മു സന്തോഷ്

LEAVE A REPLY

Please enter your comment!
Please enter your name here