Home Latest “ഇതാ ഞാൻ പറഞ്ഞ വാക്കു പാലിച്ചിരിക്കുന്നു അളിയാ….ഇനി നിങ്ങളായി നിങ്ങളുടെ പാടായി….”

“ഇതാ ഞാൻ പറഞ്ഞ വാക്കു പാലിച്ചിരിക്കുന്നു അളിയാ….ഇനി നിങ്ങളായി നിങ്ങളുടെ പാടായി….”

0

“വിവേക് ഞാൻ എങ്ങനെയാ വരേണ്ടത്.”?

“സ്കൂളിൽ സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതി….

ഞാൻ ബീച്ച് റോഡിൽ ബൈക്കുമായി കാത്തു നിൽക്കാം…”

ആവേശം കടിച്ചമർത്തികൊണ്ടു വിവേക് പറഞ്ഞു….

“വീട്ടിൽ എന്തേലും സംശയം തോന്നിയാലോ? എനിക്ക് പേടിയാ വിവേക് അതൊന്നും ശരിയാകില്ല…”

“എന്ത് സംശയം തോന്നാനാണ്??”

“എന്നാലും ??”

“ഒരെന്നാലും ഇല്ല….നിന്നെ ഒന്ന് കാണാൻ കൊതിയായിട്ടല്ലേ ലക്ഷ്മി ??”

“വിവേക് ഞാനൊരു കാര്യം ചോദിക്കട്ടെ നീ എന്നെയാണോ സ്നേഹിക്കുന്നത് അതോ എന്റെ ശരീരത്തെയോ? ”

ആ ചോദ്യം അവനെ നന്നായൊന്നു വരിഞ്ഞു മുറുക്കി.എങ്കിലും പെട്ടെന്ന് തന്നെ അവൻ അടവ് മാറ്റിപിടിച്ചു.

“നിനക്ക് എന്നെ സംശയമുണ്ടേൽ കാണാൻ വരേണ്ട….

ഇനി ബുദ്ധിമുട്ടി വിളിക്കണമെന്നുമില്ല ലക്ഷ്മി.. നീ എന്നെ മനസിലാക്കിയത് വെറുമൊരു പെണ്ണ് പിടിയനായിട്ടാണ് എന്ന് ഇപ്പോളെങ്കിലും അറിയാൻ കഴിഞ്ഞതിൽ സന്തോഷം…ഞാൻ ഫോൺ വെയ്ക്കുകയാ കേട്ടോ…”

പതിനെട്ടാമത്തെ അടവും അവൻ എടുത്തു പ്രയോഗിച്ചു…..

“ഹേയ് വിവേക് ഫോൺ കട്ട് ചെയ്യല്ലേ….

നിന്നെയെനിക് വിശ്വാസമാണ്. നീ പറയുന്നിടത്തു ഞാൻ വരാം….

നീ എന്നെ ചതിക്കില്ലെന്നെനിക്കറിയാം വിവേക്….”

അത് കേട്ടപ്പോൾ വിവേകിന്റെയുള്ളിലെ ചെകുത്താൻ സടകുടഞ്ഞെണീറ്റു….

എങ്കിലും സന്തോഷം പുറത്തു കാണിക്കാതെ അവൻ വിഷാദരൂപത്തിൽ ഫോൺ വെച്ചു….

അവരുടെ ഫോൺ സംഭാഷണം കേട്ടു കൊണ്ട് നിന്ന വിവേകിന്റെ കൂട്ടുകാരൻ അവസരത്തിനൊത്തു വിവേകിനെ ഒന്ന് ഉയർത്തി പിടിക്കാൻ ശ്രമിച്ചു…

“ഡാ പൊന്നളിയാ… നീ ആള് കൊള്ളാലോ.എത്ര പെട്ടന്നാ നീ അവളെ വളച്ചത്.

ഹോ നിന്നെ സമ്മതിക്കണം വിവേകേ….”

കൂട്ടുകാരന്റെ വാക്കുകൾ കേട്ടപ്പോൾ വിവേക് സ്വയം അഭിമാന പുളകിതനായി….

“ഡാ നീ എന്തായാലും സൂക്ഷിച്ചു കളിക്കണെ…

ചെറിയ പെണ്ണാണ്. ഒരു +2 കാരിക്ക് വേണ്ടി നീ ജയിൽ പോകേണ്ട അവസ്ഥ ഉണ്ടാക്കല്ലേ വിവേകേ….”

“ഒന്ന് പോടാ…ഈ വിവേകിനെയാണോ നീ കളി പഠിപ്പിക്കുന്നത്….

നീ കണ്ടോ നാളെത്തെ ദിനം എനിക്ക് വേണ്ടിയാണ്.കുറെ ആയി അവളെന്റെ ഉറക്കം കളഞ്ഞിട്ടു.നാളെകൊണ്ട് അതിനൊരു തീരുമാനം ആയി മോനെ…..”

വിവേകിന്റെ മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുത്തു…

“നീ ഒറ്റയ്ക്കാണോ പോകുന്നത്?”

അല്ല ഡാ… നമ്മുടെ ശരത്തും പിള്ളേരും ലോഡ്ജിൽ ഉണ്ടാകും. ഞാനവളോട് ബീച്ച് റോഡിൽ വരാൻ പറഞ്ഞിട്ടുണ്ട്..

അവിടുന്ന് അവളെയും കൂട്ടി ലോഡ്ജിലേക് പോകും.അവിടുന്നൊരു കലക്ക് കലക്കും…”

“ഹോ ഭയങ്കര നീ പൊളിക്ക്…
വിവേകേ ഞാൻ ഇറങ്ങട്ടെ എന്നാൽ…. ഇനിയും ലേറ്റ് ആയാൽ അമ്മച്ചി പട്ടിണിക്കിടും.

നീ നാളെ പോയി വന്നിട്ട് വിളിക്….നമുക്കെന്നിട്ടൊന്ന് ഒത്തുകൂടാം….”

ഇരുട്ട് പരന്നപ്പോൾ യാത്ര പറഞ്ഞുകൊണ്ട് കൂട്ടുകാരൻ പോയി…

വിവേക് ആണേൽ നാളത്തെ സന്തോഷമോർത്തിട്ടു ഇന്ന് ശിവരാത്രി എടുക്കാനുള്ള പരിപാടിയിലാണ്….

**********************

പിറ്റേന്ന് രാവിലെ ബീച്ച് റോഡിൽ കാത്തു നിന്ന ലക്ഷ്മി, വിവേക് വരുന്നത് കാണാതായപ്പോൾ അവനെ ഫോണിൽ വിളിച്ചു…

“വിവേക് ഞാൻ ബീച്ച് റോഡിൽ ഉണ്ട് നീ എവിടെ?”

“എത്തിയോ ലക്ഷ്മി? എങ്കിൽ നീ അവിടെ തന്നെ നിൽക്ക്. ഞാനിപ്പോ അങ്ങോട്ടേക് വരാം” എന്നും പറഞ്ഞു വിവേക് ഫോൺ വെച്ചു….

ലക്ഷ്മിയിൽ ഒരു ഉൾഭയം കടന്നു കൂടിയെങ്കിലും അവനോടുള്ള വിശ്വാസത്തിൽ അതൊക്കെ ഇല്ലാതായി തീരുകയായിരുന്നു….

ഓരോന്നും ആലോചിച്ചു നിൽക്കുമ്പോളാണ് വിവേക് വണ്ടിയുമായി എത്തിയത്.തലയിലൂടെ ഷാൾ മറച്ചു കൊണ്ട് അവൾ ചുറ്റും നോക്കി…

ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പു വരുത്തിയ ശേഷം അവൾ അവന്റെ വണ്ടിയിൽ കേറി…

ലോഡ്ജ് റൂമിലേക്കുള്ള സ്റ്റെപ്പിൽ ഓരോ കാലു എടുത്തുവെയ്ക്കുമ്പോളും അവളുടെ നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു….

“വിവേക്….നമുക്കിതൊന്നും വേണ്ട ,എനിക്ക് പേടിയാകുന്നു….”

“എന്തിനാ ലക്ഷ്മി പേടിക്കുന്നത്.ഞാനില്ലേ നിനക്കൊപ്പം….നമുക് വെറുതെ സംസാരിച്ചിരിക്കാം….ബാക്കിയൊക്കെ വിവാഹം കഴിഞ്ഞിട്ടേ ഞാനാഗ്രഹിക്കുന്നുള്ളൂ.”

അവൻ ഒന്നുകൂടെ നല്ലപിള്ള ചമയാൻ ശ്രമിച്ചു….

പുറത്തു നിന്ന് പൂട്ടിയ റൂം തുറന്നു അവൻ അവളെയും കൂട്ടി ഉള്ളിലേക്കു പ്രവേശിച്ചു…

കേറിയതും കതകടഞ്ഞതും ഒരുമിച്ചായിരുന്നു….

റൂമിനകത്തു പതുങ്ങിയിരുന്ന ശരത്തിനെയും കൂട്ടുകാരെയും കണ്ടപ്പോൾ വിവേകിന്റെ തനി നിറം അവൾ മനസ്സിലാക്കി.

“വിവേക് ഞാൻ ഭയന്നതു പോലെ നീ എന്നെ ചതിക്കുകയായിരുന്നു അല്ലേ??

എത്ര വിശ്വസിച്ചിട്ട നിന്റെ കൂടെ ഞാൻ ഇവിടെക് വന്നത്…എന്നിട്ടും നീ എന്നെ…..”

വാക്കുകൾ മുഴുവനാക്കാതെ അവൾ പൊട്ടിത്തെറിച്ചു…..

ഒരു അട്ടഹാസത്തോടെ വിവേകിന്റെ പൊട്ടിച്ചിരി ആ മുറിക്കുള്ളിൽ അലയടിച്ചു.

” നിന്നെപോലുള്ള പെണ്ണിനെയൊക്കെ വളയ്ക്കാൻ നിഷ്പ്രയാസം കഴിയും മോളെ….

ഈ പെൺകുട്ടികളെ സ്നേഹത്തിലൂടെ മാത്രമേ കീഴ്പ്പെടുത്താൻ കഴിയുള്ളൂ….

ഞാനൊന്ന് സ്നേഹം കാണിച്ചപ്പോൾ നീ അതിൽ കണ്ണുമടച്ചു വിശ്വസിച്ചത് എന്റെ തെറ്റല്ല കൊച്ചേ…”

ഈ വിവേക് ഒരു കാര്യം വിചാരിച്ചാൽ അത് നടത്തിയിരിക്കും….

ശരത്തിനും കൂട്ടുകാർക്കും മുൻപിൽ അവളെ തള്ളി വിട്ടു കൊണ്ട് വിവേക് തുടർന്നു

“ഇതാ ഞാൻ പറഞ്ഞ വാക്കു പാലിച്ചിരിക്കുന്നു അളിയാ….ഇനി നിങ്ങളായി നിങ്ങളുടെ പാടായി….”

എല്ലാം നേടിയവൻ എന്ന മട്ടിൽ വിവേക് വീണ്ടും അട്ടഹസിച്ചു….

പക്ഷെ ആ അട്ടഹാസം അധികം നേരം നീണ്ടു നിന്നില്ല…

‘ഛീ നിർത്തെടാ നിന്റെ ചിരി’ എന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മി വിവേകിന്റെ മുഖത്ത് കാർക്കിച്ചു തുപ്പി…

പേടിച്ചരണ്ടു നിൽക്കേണ്ട ലക്ഷ്മിയുടെ കണ്ണുകൾ കത്തി ജ്വലിക്കുന്നത് കണ്ടപ്പോൾ വിവേക് ഉൾപ്പെടെ എല്ലാവരും ഒന്ന് നിശ്ചലമായി…..

“എന്താടി പേടിപ്പിക്കുകയാണോ നീ ഞങ്ങളെ?”

“അയ്യോ അതിനുമാത്രം ഈ പ്ലസ്‌ടുകാരി വളർന്നില്ല ചേട്ടന്മാരെ…..”

“നിങ്ങളുടെയൊക്കെ മുഖം മൂടി വലിച്ചൂരാൻ എനിക്ക് ചെറിയൊരു നാടകം കളിക്കേണ്ടി വന്നു. അതിനു ഈയുള്ളവൾ ക്ഷമ ചോദിക്കുന്നു കേട്ടോ….”

പുച്ഛത്തോടെ വിവേകിന് നേരെ കൈകൾക്കൂപ്പി കൊണ്ടവൾ പറഞ്ഞു.

ഇത്തവണ മുറിക്കുള്ളിൽ ഉയർന്ന പൊട്ടിച്ചിരി ലക്ഷ്മിയുടേതായിരുന്നു….

ഒന്നും മനസിലാകാതെ നിന്ന വിവേകിന് നേരെ തിരിഞ്ഞു നിന്ന് കൊണ്ടവൾ തുടർന്നു..

“നീയൊക്കെ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ടാകും. ആ കൂട്ടത്തിൽ ഈ ലക്ഷ്മിയെ ഉൾപ്പെടുത്തിയതാണ്‌ നിനക്കു പറ്റിയ ആദ്യ തെറ്റ്…”

“പെണ്ണെന്ന വർഗ്ഗത്തിന് മുന്നിൽ ഒന്ന് പല്ലിളിച്ചു കാണിച്ചാൽ, നിന്നെയൊക്കെ കണ്ണുമടച്ചു വിശ്വസിച്ചു പോകുമെന്ന നിന്റെ അതി ഭയകരമായ കുരുട്ടു ബുദ്ധിയാണ് രണ്ടാമത്തെ തെറ്റ്….”

“ഇനിയും ഒരുപാട് തെറ്റുകൾ നിനക്കു മുന്നിൽ ഞാൻ നിരത്താം. അതിനുമുൻപ് നീ ആദ്യമൊന്നു ഡോർ തുറക്ക് വിവേക്….”

ഒന്നും മനസിലാകാതെ വാ പൊളിച്ചു നിൽക്കുന്ന വിവേകിനും സംഘത്തിനും മുൻപിൽ ലക്ഷ്മിയുടെ ആജ്ഞാപന വന്നതും കാളിങ് ബെൽ അടിഞ്ഞതും ഒരുമിച്ചായിരുന്നു.

വിറയാർന്ന കൈളാൽ വിവേക് പോയി ഡോർ തുറന്നു…

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…

വിവേകും കൂട്ടുകാരുംപോലീസിന് മുന്നിൽ മുട്ടു വിറച്ചു നിൽക്കുന്നത് കണ്ടപ്പോൾ ലക്ഷ്മിയൊന്നു പതിയെ പുഞ്ചിരിച്ചു…

അപ്പോളും വിവേകിനു കാര്യങ്ങളുടെ കിടപ്പ് മനസിലായില്ല എന്ന് തോന്നിയപ്പോൾ ലക്ഷ്മി പറയാൻ തുടങ്ങി…..

“എസ് ഐ സാർ ഒരുപാട് നന്ദി, ഇവനെപ്പോലുള്ള റാസ്‌ക്കലിനു വേണ്ടി എനിക്കൊപ്പം ഇങ്ങനെയൊരു നാടകത്തിനു കൂട്ടുനിന്നതിനു…”

“ലക്ഷ്മി നന്ദി പറയേണ്ടത് കുട്ടിയല്ല, ഞങ്ങളാണ്…..”

“ഒരു പതിനേഴുകാരിയുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു….

ലോഡ്ജിൽ വരാൻ ഇവൻ ആവശ്യപ്പെട്ടപ്പോൾ പോലീസ് സ്റ്റേഷനിൽ വന്ന് ഞങ്ങൾക്ക് റിപ്പോർട്ടു ചെയ്യാൻ ലക്ഷ്മി കാണിച്ച ഈ ബുദ്ധി ഭൂരിഭാഗം പെൺക്കുട്ടികളിലും ഉണ്ടായിരുന്നേൽ നമ്മുടെ നാട്ടിലുള്ള ഒട്ടുമിക്ക പീഡനങ്ങളും തടയാൻ കഴിഞ്ഞേനെ…..”

വിവേകിന്റെ കോളർ കൂട്ടിപ്പിടിച്ചു കൊണ്ട് എസ് ഐ തുടർന്ന്….

“ഇവനെയൊന്നും വെറുതെ വിട്ടുകൂടാ. ഏറ്റവും വലിയ ശിക്ഷ തന്നെ ഇവന് വാങ്ങി കൊടുക്കണം…”

“സാർ എനിക്ക് ഇവന്റെ വലയിൽ നിന്ന് എന്നേ പിൻമാറാമായിരുന്നു…

പക്ഷെ ഇവന്റെ ഉള്ളിലിരിപ്പ് അറിഞ്ഞപ്പോൾ ഇവിടേം വരെ എന്നെയെത്തിച്ചത് എന്റെ അമ്മ പകർന്നു നൽകിയ ധൈര്യമാണ്…”

ലോഡ്ജിൽ വരാൻ ഇവൻ ആവശ്യപ്പെട്ടപ്പോൾ അത് ആദ്യം തുറന്നു പറഞ്ഞത് അമ്മയോടായിരുന്നു. അമ്മയുടെ ധൈര്യമാണ് ഇന്നിവനെ സാറിന്റെ കരങ്ങളിൽ ഏൽപ്പിക്കാൻ എനിക്ക് കഴിഞ്ഞത്.

“ഇതുപോലെ ഇവന്റെ വാക്കുകൾ വിശ്വസിച്ചു ഒരു പെൺകുട്ടിയും ഇനി ഇവനുമുന്നിൽ കീഴ്പ്പെടരുത്.”

“ലക്ഷ്മി നീ മിടുക്കി കുട്ടി ആണ്. നീയാണ് പെണ്ണെന്ന വർഗ്ഗത്തിന് മാതൃക….”

എസ്‌ ഐ യുടെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മിയൊന്നു മൗനമായി പുഞ്ചിരിച്ചു.

വിവേകിനേയും സംഘത്തിനെയും ജീപ്പിൽ പിടിച്ചു കയറ്റി കൊണ്ട് പോകുമ്പോൾ വിവേക് പകയോടെ അവളെ ചൂഴ്ന്നു നോക്കുന്നുണ്ടായിരുന്നു…

എല്ലാം തുറന്നു പറയാൻ തന്റെ അമ്മ ഒരു കൂട്ടുകാരിയായി കൂടെയുള്ളിടത്തോളം കാലം അവൾക് ഒന്നിലും ഭയം തോന്നിയില്ല.

വീട്ടിലേക് തിരിച്ചു പോകുമ്പോൾ എസ്ഐ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും ഓർത്തു അവൾ സ്വയം അഭിമാനിച്ചു…

നമ്മുടെ മക്കളെ ശ്രദ്ധിക്കേണ്ടത് ഓരോ രക്ഷിതാക്കളുടെയും കടമയാണ്. ലക്ഷ്മി സ്വന്തം അമ്മയോട് എല്ലാം തുറന്നു പറഞ്ഞതുകൊണ്ട് ഒരു വലിയ ചതിയിൽ നിന്നും രക്ഷ നേടാൻ കഴിഞ്ഞു.

കുട്ടികൾ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങുമ്പോൾ അത് സ്കൂൾ അധികൃതരെ വിളിച്ചു ഉറപ്പു വരുത്താൻ ഓരോരുത്തരും ശ്രദ്ധിക്കുക.

ഇതുപോലെ നമ്മുടെ മക്കൾക്കു വേണ്ടി വല വിരിക്കാൻ ഓരോ കഴുകൻമാരും വട്ടമിട്ടു പറക്കുകയാണ്.

കുട്ടികളുമായി നല്ലൊരു അന്തരീക്ഷം ഉണ്ടാക്കാൻ ഓരോ അമ്മമാരും ശ്രമിക്കുക.അവരോട് ഒരു കൂട്ടുകാരിയെ പോലെ പെരുമാറുന്നത് വഴി കുട്ടികളുമായി വളരെയധികം അടുക്കാൻ കഴിയും.

ദിനം പ്രതി പത്രങ്ങളിൽ കണ്ടു വരുന്ന പീഡനക്കേസ്സുകൾ ഇല്ലാതാക്കാൻ നാം ഓരോരുത്തരും ശ്രദ്ധിച്ചാൽ കഴിയുമെന്ന് വിശ്വസിക്കുന്നു……

നമ്മുടെ മക്കളെ നാളെത്തെ തലമുറയ്ക്ക് മാതൃക ആകുന്ന തരത്തിൽ അവരെ വാർത്തെടുക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്യമാണെന്നു ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു….

രചന: ഹരിത മികിത്

LEAVE A REPLY

Please enter your comment!
Please enter your name here