Home Latest ഒറ്റനോട്ടത്തിൽ തന്നെ പുളളിക്കാരനെ എനിക്ക് വളരെ അധികം ബോധിച്ചു.

ഒറ്റനോട്ടത്തിൽ തന്നെ പുളളിക്കാരനെ എനിക്ക് വളരെ അധികം ബോധിച്ചു.

0

ആഴ്ചയിൽ ഒരിക്കലുള്ള കുർബാന മുടക്കണ്ടെന്നു കരുതി രാവിലെ തന്നെ പള്ളിയിൽ പോയതാണ് (ഭക്തി കൂടുതലായതു കൊണ്ടല്ല, ഞായാറാഴ്ച പള്ളിയിൽ നല്ല കളക്ഷനുള്ള ദിവസം കൂടിയാണ് ). പൊതുവെ ഭക്തി സ്വല്പം കൂടുതലായ കൊണ്ടും,കുർബാനയിൽ ശ്രെദ്ധ അധികമായതു കൊണ്ടും, എന്റെ കണ്ണ് ചൂറ്റും കറങ്ങി കൊണ്ടിരിക്കുവായിരുന്നു. യാദൃശികമായി എന്റെ നോട്ടം പള്ളിയിൽ വന്നിരുന്ന ഒരു ചുള്ളൻ ചേട്ടനിലേക്കായി. ഒറ്റനോട്ടത്തിൽ തന്നെ പുളളിക്കാരനെ എനിക്ക് വളരെ അധികം ബോധിച്ചു. പിന്നെ ഞാൻ അറിയാതെ തന്നെ എന്റെ കണ്ണ് പുള്ളിക്കാരൻ നിൽക്കുന്ന വശത്തേക്കു പോയിക്കൊണ്ടിരുന്നു. പള്ളിയിൽ നിന്ന് ഇറങ്ങിയതിനു ശേഷവും അയാളെപ്പറ്റി തന്നെയായിരുന്നു ചിന്ത മുഴുവനും, ഇങ്ങനെ ഒരു മുതലിനെ ഇത്രെയും നാള് കാണാതിരുന്നതിനെ ഓർത്തു വല്ലാത്ത കുറ്റബോധം തോന്നി.

പിന്നെ എങ്ങനെയെങ്കിലും പുള്ളിനെ പറ്റി അറിയണം എന്ന് മാത്രമായി. കൂട്ടുകാരോട് ഒന്നും അറിയാത്ത മട്ടിൽ അങ്ങേരെ പറ്റിയുള്ള സകല വിവരങ്ങളും ചോർത്തി എടുത്തു. പുള്ളിടെ പേര് അരുൺ, ബിടെക് കഴിഞ്ഞു ഇരിക്കുവാണ്, ജോലി ഒന്നും ആയിട്ടില്ല, അച്ഛനും അമ്മയും അനിയനും അടങ്ങിയ കൊച്ചു കുടുംബം. പിന്നെ കേട്ട വാർത്ത എന്നെ ആകപ്പാടെ തളർത്തികളഞ്ഞു, അങ്ങേരോട് ഇഷ്ടം തുറന്നു പറഞ്ഞ ഒരു പെങ്കൊച്ചിന് മുഖത്തു അടിച്ചിട്ടുണ്ട് അത്രെ. അത് കേട്ടമാത്രയിൽ ഉള്ളിൽ തോന്നിയ ഇഷ്ടം അവിടെ തന്നെ കുഴിച്ചുമൂടി.

അങ്ങനെ അരുണിനെ ഒക്കെ മറന്നു ലൈഫ് നല്ല ഹാപ്പി ആയി പോവുമ്പോളാണ് ഫ്രണ്ട്സ് ആയിട്ടു “ഓം ശാന്തി ഓശാന” കാണാൻ പോയത്. സിനിമ കണ്ടു ഇറങ്ങിയപ്പോൾ അരുൺ ബുള്ളറ്റിൽ പോകുന്ന സീൻ ആയിരുന്നു മനസ് മുഴുവനും. അപ്പോൾത്തന്നെ വീണ്ടും എന്റെ ഉള്ളിൽ കുഴിച്ചിട്ടിരുന്ന പ്രണയം മുളപൊട്ടി ഉഴർത്തു എഴുന്നെറ്റു. എന്നാലും അന്ന് കേട്ട കഥ മുളയെ വളർത്താൻ സമ്മതിച്ചില്ല.

അങ്ങനെ പുള്ളികാരനോടുള്ള വൺ സൈഡ് ലവുമായി മുന്പോട്ടു പോയികൊണ്ടിരിക്കെ, പള്ളിൽ വെച്ച് അങ്ങേരെ വീണ്ടും കണ്ടു മുട്ടി. ഞാൻ അന്വേഷിച്ചു നടന്ന ആള് എന്റെ മുമ്പിൽ വന്നു നിന്നു. ഒരു നിമിഷം എന്റെ മനസ്സിൽ ലഡു പൊട്ടി. എന്റെ ഉള്ളിൽ ലഡു പൊട്ടിയ സമയം കൊണ്ട് തന്നെ എന്റെ കരണത്തും ഒന്നു പൊട്ടി. ഇനി ഞാൻ രഹസ്യമായി പ്രേമിക്കുന്നത് എങ്ങാനും പുള്ളി അറിഞ്ഞോ എന്ന് ഓർത്തു അമ്പരന്നു കുന്തം വിഴുങ്ങിയ പോലെ നിന്നപ്പോൾ, ആരോ പറയുന്നത് കേട്ടു;
“ഡാ അവൾ അല്ലടാ, അവിടെ നിൽക്കുന്ന ചുവന്ന ചുരിദാർ ആണ് “.
അപ്പൊ ഞാൻ ചുവന്ന ചുരിദാർ ഇട്ടതായിരുന്നു പ്രശ്നം, എന്റെ പറന്നു പോയ കിളി തിരിച്ചു വന്നു. ആൾ മാറി പോയതാണ്. എന്റെ ചോർന്നു പോയ ധൈര്യം ഒക്കെ വീണ്ടെടുത്ത് ചമ്മി നിൽക്കുന്ന പുള്ളിക്കാരന്റെ മുഖത്തു നോക്കി ഞാൻ രണ്ടു ഡയലോഗ് അങ്ങ് കാച്ചി.
“അപ്പൊ എങ്ങനെയാ ഇങ്ങോട്ട് തന്നത് തിരിച്ചു തന്നെകട്ടെ.” ഇത് കേട്ടു പ്ലിങ്ങസ്സ്യ എന്ന ആ നിൽപ് കണ്ടപ്പോൾ പയ്യേ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു, “ചേട്ടാ ഇത്രെയും എടുത്തു ചാടരുത് ട്ടാ, ദേഷ്യം ഒക്കെ ഇത്തിരി കുറയ്ക്കാൻ നോക്ക്.” ഇതും പറഞ്ഞു സ്ലോ മോഷനിൽ ഞാൻ നടന്നു നീങ്ങുമ്പോൾ എനിക്ക് എന്നോട് തന്നെ ഒരു മതിപ്പൊക്കെ തോന്നി. പക്ഷെ അപ്പോഴും നേരത്തെ കിട്ടിയതിന്റെ വേദന നല്ലോണം ഉണ്ടായിരുന്നു.

അന്ന് ഞാൻ ഉറപ്പിച്ചു ഈ തല്ലു ഞാൻ ജീവിതകാലം മുഴുവൻ കൊള്ളേണ്ടി വരുമെന്നു. ഒരു തല്ലു കിട്ടിയതിന്റെ ധൈര്യത്തിൽ എന്റെ പ്രണയം തുറന്നു പറയാൻ ഞാൻ തിരുമാനിച്ചു.

അങ്ങനെ അടുത്ത ഞായറാഴ്ച രണ്ടുംകല്പിച്ചു ഞാൻ പുള്ളിടെ അടുത്ത് ചെന്നു പറഞ്ഞു, “എന്തായാലും ഞാൻ വെറുതെ ഒരു തല്ലു കൊണ്ട് എന്ന പിന്നെ അത് പരിഹരിക്കാൻ തല്ലു കൊള്ളുന്ന ഒരു കാര്യം പറയാം, എനിക്ക് ഇയാളെ ഇഷ്ടാണ്. പെട്ടന്നൊന്നും മറുപടി പറയണം എന്നില്ല, നല്ലോണം ആലോചിച്ചിട്ട് ഇഷ്ടമാണേൽ എന്റെ അപ്പനോട് വന്നു ചോദിച്ച മതി”. ഒറ്റ ശ്വാസത്തിൽ ഇത്രെയും എങ്ങനെയൊക്കെയോ ഞാൻ പറഞ്ഞു ഒപ്പിച്ചു. ഒരു തല്ലും കൂടി പ്രേതിഷിച്ച എനിക്ക് പക്ഷെ കിട്ടിയത് ഒരു ഉഗ്രൻ പുഞ്ചിരി ആയിരുന്നു.

അധികം വൈകാതെ തന്നെ എനിക്കിട്ടു ഒന്നു പൊട്ടിച്ച ഞങ്ങളുടെ പള്ളിയിൽ വെച്ച് തന്നെ കർത്താവു അങ്ങേരെ കൊണ്ട് എന്നെ കെട്ടിച്ചു. ഇനി എത്ര പൊട്ടിക്കൽ കൊള്ളേണ്ടി വരുമെന്നു തമ്പുരാനറിയാ. ( എന്റെ കയ്യിലിരുപ്പുവെച്ചു നോക്കുവാണേൽ ഒരുപാടു കിട്ടാനുള്ള ചാൻസ് കാണാനുണ്ട്)

രചന: Anjana Joji

LEAVE A REPLY

Please enter your comment!
Please enter your name here