Home Latest അന്നാണ് അച്ഛൻ ആദ്യമായൊന്നുള്ളുതുറന്ന് എന്നോട് സംസാരിക്കുന്നത് !!!

അന്നാണ് അച്ഛൻ ആദ്യമായൊന്നുള്ളുതുറന്ന് എന്നോട് സംസാരിക്കുന്നത് !!!

0

അന്നാണ് അച്ഛൻ ആദ്യമായൊന്നുള്ളുതുറന്ന് എന്നോട് സംസാരിക്കുന്നത് !!!

ഏട്ടൻ കൂടെ പഠിച്ച ഏതോ പെണ്കുട്ടിയുമായി ഒളിച്ചോടിയെന്നറിഞ്ഞ ആ രാത്രി!!

എന്നും രണ്ടാസ്ഥാനമായിരുന്നെനിക്ക്.. നിറംകൊണ്ട് അച്ഛനും അമ്മയും ഏട്ടനും പൗർണ്ണമിയായി മാറിയപ്പോൾ അവർക്കിടയിലെ അമാവാസിയാകാനായിരുന്നു എന്റെ വിധി..

പഠനത്തിൽ ഏട്ടനൊപ്പം തിളങ്ങാതെ എഴുത്തും പാട്ടുമൊക്കെയായി നടന്നപ്പോഴാണ്‌ അച്ഛനിൽ നിന്നും കൂടുതൽ അകന്നതും..

ഞങ്ങൾക്കിടയിലെ കാണാപ്പാലമായിരുന്നമ്മ !! അവിടുന്ന് അങ്ങോട്ടും ഇവിടുന്ന് അങ്ങോട്ടുമുള്ള സന്ദേശങ്ങളെ കൃത്യസമയങ്ങളിൽ യഥാസ്ഥാനങ്ങളിൽ എത്തിച്ചിരുന്ന മാധ്യമം..

ഏട്ടനോട് കൂടുതൽ സ്നേഹം പ്രകടിപ്പിച്ചിരുന്നെങ്കിലും എന്റെ കാര്യങ്ങൾക്ക് മുടക്കം വരാതിരിക്കാൻ അമ്മയെ ചട്ടം കെട്ടിയിരുന്നതും അച്ഛനായിരുന്നെന്ന് ഞാനറിഞ്ഞതും ആ രാത്രിയിലാണ്..

ഏട്ടന്റെ എൻജിനീയറിങ് ബിരുദത്തിനോളം അച്ഛന്റെ കണ്ണിൽ എന്റെ ആർട്‌സ് ബിരുദത്തിനോ ബി എഡ് നോ സ്ഥാനമില്ലാതിരുന്നതിനാൽ തന്നെ..

ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് തരം താഴ്ത്തലും കുറ്റപ്പെടുത്തലും പതിവായതോടെ മുറിയിലെ നാലുചുവരുകൾക്കുള്ളിൽ അടയ്ക്കപ്പെട്ടപ്പോലെയായിരുന്നു കുറച്ചു നാളത്തേയ്ക്ക്…

ഏട്ടനേക്കാളും ഒരുകാര്യത്തിലെങ്കിലും ഒന്നാമതെത്തണമെന്ന വാശി തന്നെയായിരുന്നു പി എസ് സി കോച്ചിങ്ങിനും അത്യാവശ്യമുള്ള വട്ടചെലവുകൾക്ക് വഴി കണ്ടെത്താൻ ചെറിയൊരു ജോലി തേടിയതിനും പിന്നിലെ കാരണം..

ജോലിയ്ക്ക് വേണ്ടിയുള്ള രണ്ടുമാസത്തെ അലച്ചിൽ എയ്ഡഡ് സ്കൂളിലെ കരാറടിസ്ഥാനത്തിൽ അധ്യാപകന്റെ വേഷത്തിലെത്തി നിന്നു..

അതോടു കൂടി കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കുറെയൊക്കെ കുറഞ്ഞു.. കുറഞ്ഞതാണോ അതോ കേട്ട് കേട്ട് എന്റെ ചെവികൾ തഴമ്പിച്ചതോ അറിയില്ല…

പിന്നീടങ്ങോട്ട് അതായിരുന്നു ലോകം.. മറ്റൊരർത്ഥത്തിൽ മരത്തണലിലെ ക്ലാസ്സും കുട്ടികളുടെ നിഷ്കളങ്കമായ ചിരിയും എന്നെ മറ്റേതോ സുന്ദരമായ ലോകത്തേയ്ക്ക് കൊണ്ടുപോയിരുന്നു എന്നതുമാകാം..

ആദ്യത്തെ ശമ്പളമത്രയും അമ്മയെ ഏൽപ്പിക്കുന്നതും നോക്കി നിന്ന അച്ഛനെ കണ്ടപ്പോൾ ഏട്ടനേക്കാളും മുൻപേ താത്കാലികമായിട്ടാണെങ്കിലും ജോലി നേടിയെന്ന അഹംഭാവം ഉണ്ടായിരുന്നോ അന്നെനിയ്ക്ക്… അറിയില്ല എന്നിരിക്കിലും ഇന്ന് വെറുപ്പോടെ ഓർത്തെടുക്കുന്നുണ്ട് ഞാനാ സന്ധ്യയെ..

പിന്നീട് കടന്നുവന്നൊരാ ഇടവമാസ സന്ധ്യയിൽ പെയ്തൊഴിഞ്ഞ മഴയുടെ അവശേഷിപ്പെന്നോണം ഇടവഴിയിൽ തളം കെട്ടി നിന്ന മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ഉമ്മറക്കോലായിലേക്ക് ഓടിക്കയറുമ്പോൾ

ചാരുകസേരയിൽ തളർന്നിരിക്കയായിരുന്നച്ഛൻ !!

എന്താ പറ്റിയത്?? എന്നൊരൊറ്റ ചോദ്യത്തിന്മേൽ… കണ്ണാ… ന്റെ ഉണ്ണീ… ന്നും പറഞ്ഞുകൊണ്ടെന്റെ ഇടനെഞ്ചിലേയ്ക്ക് ചായുമ്പോൾ ഹൃദയത്തിന്റെ വടക്ക് കിഴക്കേകോണിൽ വർഷങ്ങളായി വളർന്നു കൊണ്ടിരുന്ന വാല്മീകം നിനച്ചിരിക്കാതെ പെയ്ത മഴയിൽ അലിഞ്ഞില്ലാതാകുന്നത് ഞാനറിഞ്ഞു..

ഇടത്തെ തോളിലേയ്ക്ക് തളർന്നു വീണ അച്ഛന് ബോധം തിരികെ കിട്ടുന്നത് രണ്ടു രാത്രികൾക്ക് ശേഷമാണ്.. അന്ന് കഴിഞ്ഞുപോയ ഓരോ മണിക്കൂറിലും ക്രിട്ടിക്കൽ കെയർ യൂണിറ്റിന് മുൻപിൽ ഒരാപത്തും വരുത്തരുതേയെന്ന പ്രാർത്ഥനകളോടെ തളർന്നിരിക്കുകയായിരുന്നു ഞാനും..

നല്ലൊരു ജോലി… ദൈവത്തിന്റെ സന്നിധിയിൽ ക്ഷണിക്കപ്പെട്ടവരുടെ അനുഗ്രഹ ആശിർവാദങ്ങളോടെ വിവാഹം.. ഇതൊക്കെ അച്ഛൻ കണ്ട സ്വപ്നങ്ങളിൽ ചിലത് മാത്രം..

ഇവയ്ക്കെല്ലാം മേലെയായിരുന്നു ഏട്ടന്റെ ഒളിച്ചോട്ടം നൽകിയ ആഘാതം.. അമ്മയുടെ പ്രാർത്ഥന കൊണ്ടൊന്നു മാത്രമാകാം കൂടുതലൊന്നും സംഭവിക്കാതെ നോക്കിയത് എന്ന് ചിന്തിച്ചിട്ടുണ്ട് പലപ്പോഴും.. അത്രത്തോളം ഭ്രാന്തായിരുന്നു ഏട്ടനെ അച്ഛന് !!

അച്ഛനെ കണ്ട് എല്ലാം തുറന്ന് പറഞ്ഞ് മാപ്പു ചോദിക്കാൻ ഏട്ടനോ.. ഏട്ടനെ തിരികെ വിളിയ്ക്കാൻ അച്ഛനോ ഒരിക്കൽ പോലും തയ്യാറായതുമില്ല…

ഓഫീസിനും വീടിനുമപ്പുറത്തേയ്ക്ക് അച്ഛന്റെ ലോകം നിറം കൊണ്ട് വ്യത്യസ്തനായ, ഒന്നിനും കൊള്ളില്ലെന്നു പറഞ്ഞ് തള്ളിക്കളഞ്ഞ എന്നിലേക്ക് ചുരുങ്ങുന്നതായും..

കഴിഞ്ഞ ജന്മത്തിൽ ചെയ്ത പുണ്യം പോലെ പഠിച്ച സ്കൂളിലെ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുവാൻ പബ്ലിക് സർവീസ് കമ്മീഷനിൽ നിന്നുത്തരവ് ലഭിക്കുമ്പോൾ ആ കണ്ണുകളിൽ നനവ് പടരുന്നതായും ഞാനറിഞ്ഞു..

അന്ന് ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം വിദ്യാലയത്തിന്റെ പടി കടക്കുമ്പോൾ വാർധക്യത്തിന്റെ ചുളിവുകൾ വീണു തുടങ്ങിയ കൈകളിൽ ഇറുകെ പിടിച്ചു.. യാന്ത്രികമായി..

നിനച്ചിരിക്കാത്ത നേരത്ത് ഭൂമിയെ രണ്ടായി പകുത്തു വെട്ടിയ ഒരിടിമിന്നൽ പോലെ പലതുമെന്റെ സിരകളിലൂടെ മിന്നിമറയുന്നത് ഞാനറിഞ്ഞു..

ഹൃദയഭിത്തിയിൽ തെളിഞ്ഞ തിരശീലയിൽ അച്ഛന്റെ കൈപിടിച്ച് പുത്തനടുപ്പും ബാഗും കുടയുമൊക്കെയെടുത്ത് പടി കടന്നു വരുന്ന എന്നെ തന്നെ ഞാൻ കണ്ടു..

സ്കൂളിലെ ആദ്യദിനമായിരുന്നന്ന്.. വേണ്ടപ്പെട്ടവരെ കാണാതെ വിതുമ്പാൻ തുടങ്ങിയ മറ്റുകുട്ടികളെ കണ്ട് കൂടെ കരയാൻ തുടങ്ങിയപ്പോഴാണ്..

“അയ്യേ.. അച്ചേടെ കണ്ണൻകുട്ടി… കരയേ ചെയ്തൂടാ.. പഠിച്ച്.. പഠിച്ച് ദേവകി ടീച്ചറെയും രാജന്മാഷിനെയും പോലെ ഇതേ സ്കൂളിലെ മാഷാകാനല്ലേ അച്ചേടെ കണ്ണൻകുട്ടി വന്നേക്കണത്.. പിന്നെന്തിനാ മക്കള് കരയുന്നെ”

ന്നും ചോദിച്ചെന്നെ ആശ്വസിപ്പിച്ചതും തൊട്ടടുത്ത ദിവാകരേട്ടന്റെ പെട്ടിക്കടയിൽ നിന്ന് ഒരു പച്ചകുപ്പി നിറയെ ജീരകമിട്ടായി വാങ്ങി ഉടുപ്പിന്റെ പോക്കറ്റിൽ വെച്ചു തന്നതും അച്ഛനാണ്…

പിന്നീട് പലപ്പോഴും കൂട്ടായി വന്നതും അച്ഛൻ തന്നെയാണ്.. അതേ അച്ഛന്റെ സ്നേഹമാണ് കഴിഞ്ഞ കുറെ കാലങ്ങളായി കണ്ടില്ലെന്ന് വെച്ചത്..

ഒടുവിൽ പഠിച്ച വിദ്യാലയത്തിലെ അധ്യാപകനായി ഹെഡ്മാസ്റ്റർ മുൻപാകെ ചുമതലയേൽക്കുമ്പോൾ എല്ലാത്തിനും സാക്ഷിയായി നിൽക്കുന്ന അച്ഛന്റെ മുഖത്തേയ്ക്ക് ഒരിക്കൽ കൂടി നോക്കവേ..

നിയന്ത്രിക്കാനാകാത്ത വിധം നിറഞ്ഞൊഴുകുകയായിരുന്നെന്റെ മിഴികൾ !!

ആദ്യമായി ക്ലാസ്സിലേക്ക് കയറും മുൻപേ അച്ഛനെന്നെ അനുഗ്രഹിക്കണമെന്നും പറഞ്ഞ് ആ കാൽക്കീഴിലേയ്ക്ക് വീഴുമ്പോൾ..

എനിക്കും, എന്നിലെ നിറഞ്ഞ കണ്ണുകളിൽ നിന്നുതിർന്നു വീണ നീർക്കണങ്ങൾക്കും പ്രകൃതിയുടെ സാക്ഷിയെന്നോണം മുടിയിഴകളെ തലോടികൊണ്ടകന്ന തെന്നലിനും മാത്രമറിയാമായിരുന്നു… അനുഗ്രഹത്തിനല്ല… അറിവില്ലായ്മ കൊണ്ടു ചെയ്തുപോയ വലിയ തെറ്റിന് മാപ്പു ചോദിയ്ക്കുകയായിരുന്നൂവതെന്ന സത്യം !!

പിന്നീടുള്ള നാളുകളിൽ അച്ഛന്റെ സ്നേഹമഴയിൽ നനയുകയായിരുന്നു ഞാനും…

എനിക്കേറ്റവും അനുയോജ്യയായ ഒരു പെണ്കുട്ടിയെ തേടി ഇരുപത്തിയേഴോളം വീടുകളിൽ കേറിയിറങ്ങേണ്ടി വന്നപ്പോഴും അച്ഛന് യാതൊരു വിധ അസ്വാസ്ഥ്യങ്ങളും ഉണ്ടായിരുന്നില്ലെന്നത് എന്നെ അതിശയിപ്പിച്ചിരുന്നെങ്കിലും

മറ്റൊരർത്ഥത്തിൽ അച്ഛൻ കണ്ട സ്വപ്നങ്ങളെ പ്രാവർത്തികമാക്കാനുള്ള നെട്ടോട്ടമായിരുന്നൂവത്.. ഒടുവിൽ ഏറെ തിരച്ചിലുകൾക്കൊടുവിൽ അച്ഛൻ തന്നെ കണ്ടെത്തി.. അച്ഛന്റെ കണ്ണന് എറ്റവും അനുയോജ്യയായ രാധയെ തന്നെ..

ഇതിനിടയ്ക്ക് ഏട്ടനെ കണ്ടൊരിക്കൽ സംസാരിക്കാനും കഴിഞ്ഞു.. ഏട്ടനും ഏട്ടത്തിയും പിന്നെ ഒരിക്കൽ മാത്രം കണ്ട പൊന്നുണ്ണിയും കൂടെ വന്നാൽ പിന്നെ ഭൂമിയിലെ സ്വാർഗം തന്നെയാകും ഞങ്ങളുടെ വീട്…

അയ്യയ്യോ.. ഒമ്പതര കഴിഞ്ഞോ… സംസാരിച്ച് സംസാരിച്ച് സമയം പോയതെ അറിഞ്ഞില്ല… മുഹൂർത്തത്തിന്റെ സമയം ആവാറായി.. പത്തേകാല് തൊട്ടാണേ.. എന്നാപ്പിന്നെ ഞാനങ്ങോട്ട് ചെല്ലട്ടെ…

പിന്നേയ്.. സദ്യ കഴിച്ച് ഞങ്ങളൊരുമിച്ചുള്ള ജീവിതത്തിന് ആശംസകളും അനുഗ്രഹങ്ങളും നൽകി വൈകുന്നേരത്തെ ചായ സൽക്കാരവും കഴിഞ്ഞിട്ടേ എല്ലാവരും പോകാൻ പാടുള്ളൂ ട്ടോ..

രചന: ഹൃദ്യ രാകേഷ്

LEAVE A REPLY

Please enter your comment!
Please enter your name here