Home Latest ഞാൻ ഈ അമ്മയോട് ചോദിക്കുവായിരുന്നു, എങ്ങിനാ അമ്മുസ് ന്റെ അച്ചായിടെ പെണ്ണായത് ന്ന്…

ഞാൻ ഈ അമ്മയോട് ചോദിക്കുവായിരുന്നു, എങ്ങിനാ അമ്മുസ് ന്റെ അച്ചായിടെ പെണ്ണായത് ന്ന്…

0

അമ്മേ,, അമ്മുസ്സേ

ന്നാടി മോളെ

ദേ, കല്യാണത്തിന് മുൻപ് അമ്മ പോയ അമ്പലങ്ങളുടെയും, നേർന്ന നേർച്ചകളുടെയും ആ ലിസ്റ്റ് ഇങ്ങെടുത്തേ……

നീ എന്താടി പെണ്ണെ, രാവിലെ തന്നെ, ങേ

അല്ല എനിക്കറിയാനാ…

എന്ത് ?

ന്റെ അച്ചായിയെ കെട്ടിയോനായി കിട്ടിയത്, ഏത് ദേവി അനുഗ്രഹിച്ചിട്ടാണെന്ന്……

ഒന്ന് പോടീ പെണ്ണെ,,

എന്താ രാവിലെ തന്നെ രണ്ടാളും

ദേ അച്ചായി,

ഞാൻ ഈ അമ്മയോട് ചോദിക്കുവായിരുന്നു, എങ്ങിനാ അമ്മുസ് ന്റെ അച്ചായിടെ പെണ്ണായത് ന്ന്…

ആഹാ, ന്നിട്ട് അവള് പറഞ്ഞോ ?

ഏയ്‌, കള്ളി അമ്മുസ്…..

ന്നാ അച്ചായി, പറയാലോ

ന്നാ പറ പറ കേൾക്കട്ടെ…..

പണ്ട് ടൈപ്പ് റൈറ്റിങ് ക്ലാസ്സിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു. തമ്മിൽ അതിന് മുന്നേ അറിയാം.

ഒരുമിച്ചായിരുന്നു വരവും പോക്കും പഠിപ്പും എല്ലാം…..

ഒരു ദിവസം ടൈപ്പ് റൈറ്ററിന്റെ ന്റെ കീപാഡ് വർക്ക്‌ ചെയ്യാതായപ്പോ, ഇവള് ന്നെ വിളിച്ചിട്ട് അതൊന്ന് നോക്കാൻ പറഞ്ഞു …

ഞാൻ അതൊക്കെ വിശദമായി പരിശോധിച്ചിട്ട്, ഒരു വെള്ളപേപ്പർ വച്ച് കീപാഡിൽ ടൈപ്പ് ചെയ്ത് നോക്കി….

സംഭവം ശരിയായി , വ്യക്തമായി ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട്.

പിന്നീട് ഞാൻ ടൈപ്പ് ചെയ്ത പേപ്പർ അവൾ എടുത്തുനോക്കിയിട്ട് ചോദിച്ചു

ആരാ ഈ കല്യാണി ???

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല, ചിരിച്ചുകൊണ്ട് ബാഗെടുത്ത് പുറത്തേക്ക് ഇറങ്ങി…….

പുറകെ ഓടിവന്ന്, ഇവള് വീണ്ടും ചോദിച്ചു,,…

ആരാ ഈ കല്യാണി

ഞാൻ പറഞ്ഞു, ന്റെ മോൾക്ക്‌ ഇടാൻ ഞാൻ ഓർത്തുവച്ചിരിക്കുന്ന പേരാണ്, കല്യാണി ന്ന്

അത് കേട്ടതിൽ പിന്നെ, ഇവളുടെ ചിരി ഹോ വീട് വരെ,, നിർത്താതെ ചിരി ആയിരുന്നു.

പിന്നീട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ്, ഞാനും ഇവളും കൂടി ഒരുമിച്ച് വീട്ടിലേക്ക് പോവും വഴി, പെട്ടന്ന് ഞാൻ ചോദിച്ചു….

ദേവി, ന്റെ കല്യാണിയുടെ അമ്മയാവോ ന്ന്,,

ഹോ, ന്നെ ഒരു നോട്ടം നോക്കിയിട്ട് വീട്ടിലേക്ക് ഒറ്റ ഓട്ടം……..

പിന്നെ രണ്ട് ദിവസത്തേക്ക് ആളെ ക്ലാസ്സിലും കണ്ടില്ല, വീടിന് പുറത്തുപോലും കണ്ടില്ല, ഞാൻ കരുതി തീർന്ന്, നല്ലൊരു ചങ്ങാത്തം പോയിക്കിട്ടി.

അടുത്ത ദിവസം ഞാൻ അല്പം വൈകിയാണ് ക്ലാസ്സിൽ എത്തിയത്, കസേരയിൽ ഇരുന്ന് ടേബിളിലേക്ക് നോക്കിയപ്പോൾ,….

“കല്യാണിയുടെ അമ്മയ്ക്ക് ഒരുകൂട്ടം വാങ്ങി തരോ ”

ഇങ്ങനെ എഴുതിയ ഒരു പേപ്പർ….

ആഹാ അമ്മൂച്ചേ,, കൊള്ളാലോ !!

പിന്നെ ന്റെ ദേവി വാക്കുപാലിച്ചു, ന്റെ കല്യാണികുട്ടിയുടെ അമ്മയായി, ദേ ഇരുന്ന് പപ്പടം ചുടുന്നു ഹഹഹ…..

മതി മതി രണ്ടാളും……… ങ്ങാ

ഏട്ടാ, പോയി റെഡിയാവാൻ നോക്ക് നേരം വൈകും ട്ടോ ഓഫീസിൽ പോവാൻ…

അച്ചായി,,,

ഓ, ന്നതാടി മോളെ

ഈ ബൈക്ക് മാറ്റി ഒരു കാർ വാങ്ങണം ട്ടോ
നിക്ക് പേടിയാണ്, അച്ചായി ഈ തിരക്കിലൂടെ ബൈക്ക് ഓടിച്ചുപോകുന്നത്……..

നമുക്ക് വങ്ങാടി മോളെ , ഒരെണ്ണം..

വൈകിട്ട് കാണാം

!!………….!!

പാതിമെയ് മറഞ്ഞതെന്തേ
സൗഭാഗ്യ താരമേ….

അച്ചായിയുടെ ഫോൺ റിങ് ചെയ്യുകയാണ്, ആൾക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണിത്. അപരിചിതമായ നമ്പർ ആയതിനാൽ ഫോൺ എടുത്തില്ല, അല്ലെങ്കിലും എടുത്തിട്ട് എന്തുപറയാൻ.

അമൃതാ ഹോസ്പ്പിറ്റലിന്റെ ICU യൂണിറ്റിന്റെ മുൻപിൽ അച്ചായിയെയും കാത്തിരിക്കുമ്പോഴും, ഫോണിൽ നിന്നും കേട്ട ആ ഗാനം ഓർമകളെ ഒരുപാട് പിന്നിലേക്കു കൊണ്ടുപോയി,,,

ജോൺസൻ മാസ്റ്ററുടെ പാട്ടുകളോട് വല്ലാത്ത ഒരു അടുപ്പം അച്ചായിക്കുണ്ടായിരുന്നു, അച്ചായിയിലൂടെ എനിക്കും

കുഞ്ഞുനാൾ മുതൽ ദാ, ഈ കൗമാരപ്രായത്തിലും എൻെറ ശീലമായിരുന്നു മാസ്റ്ററുടെ പാട്ടുകൾ കേട്ട് അച്ചായിയുടെ മാറിൽ തലചേർത്തു കിടക്കുന്നത്.

അത്രയേറെ ആഴത്തിലുള്ള അടുപ്പം എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച, ജീവിതത്തോട് പൊരുതാൻ പഠിപ്പിച്ച എൻെറ അച്ചായിയോട് ഉണ്ട്. എന്റെ വളർച്ചയിൽ ഒരു നിഴലായ് എന്നും അച്ചായി കൂടെ ഉണ്ടായിരുന്നു.

ആരുടെയും നിഴലായ് ഒതുങ്ങി പോകരുത് എന്റെമോള്…

“ബിംബം ഇല്ലാതായാൽ മാഞ്ഞു പോകുന്ന ഇരുണ്ട പ്രതിബിംബമാണ് നിഴൽ, ആ നിഴൽ ആയി ഒതുങ്ങി പോകരുത് നീ,, “അച്ചായി ആവർത്തിച്ച് പറയുമായിരുന്നു ഇത്.

കല്പനാചൗളയെയും, അരുന്ധതി റോയിയേയും , പി ടി ഉഷയെയും മാതൃകയാക്കാൻ, പോളിയോ ബാധിച്ച കുട്ടിയിൽ നിന്നും ഒളിമ്പിക് സ്വർണത്തിലേക് ഓടിക്കയറിയ വിൽമ റുഡോൾഫിന്റെ ഇച്ഛാശക്തി പ്രേരണയാക്കാൻ പഠിപ്പിച്ച അച്ചായി ഇപ്പോൾ മരണത്തോട് മല്ലടിച്ചു ICU റൂമിനുള്ളിൽ……

എനിക്കറിയാം അച്ചായി, അത് സംഭവിച്ചാൽ കളപ്പുരക്കൽ വിശ്വനാഥൻ എന്ന ദേഹമേ പോകു എന്നെവിട്ട്, ദേഹി എന്നും കാണും എന്റെ കൂടെ ഒരു നിഴലായ്. ആ നിഴൽ തണൽ മതി അച്ചായിയുടെ മോൾക്ക്, അച്ചായി കണ്ട സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ,, ജീവിതത്തോട് പൊരുതി മുന്നേറാൻ !!!

രചന: Manu Sachin

LEAVE A REPLY

Please enter your comment!
Please enter your name here