Home Latest ശ്രേയ ഒരുപാട് വിഷമിക്കുന്നുണ്ടാവും..താൻ എത്രമാത്രം അവളെ അവഗണിച്ചു…എന്നിട്ട് പോലും ഒരു പരിഭവം പോലുമില്ലാതെ അവൾ തന്നെ...

ശ്രേയ ഒരുപാട് വിഷമിക്കുന്നുണ്ടാവും..താൻ എത്രമാത്രം അവളെ അവഗണിച്ചു…എന്നിട്ട് പോലും ഒരു പരിഭവം പോലുമില്ലാതെ അവൾ തന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു..

0

ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്നും വിദൂരതയി ലേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു അമൽ.. മനസ്സിനുളളിലെ ആ വിങ്ങൽ എത്ര ശ്രമിച്ചിട്ടും അവന് മായ്ക്കാനാവുന്ന ഒന്നായിരുന്നില്ല…

ഒരു വർഷത്തോളമായി തന്റെ കല്ല്യാണം കഴിഞ്ഞിട്ട്…ശ്രേയ നല്ല പെൺകുട്ടിയാണ്.. തന്നെ അവൾ എത്രയധികം സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ടെങ്കിലും തനിക്കെന്തേ തിരിച്ചു അതിനു കഴിയാത്തത്…

“ഗ്രീഷ്മ” അവൾ തന്നെയാണതിന് കാരണം.. പരസ്പരം എല്ലാം സമ്മതിച്ചുകൊണ്ടാണ് തങ്ങൾ പിരിഞ്ഞതെങ്കിലും തനിക്കതിനോട് പൂർണ്ണമായ യോജിപ്പുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം..

നികത്താനാവാത്ത ഒരു ശൂന്യത തനിക്കു സമ്മാനിച്ചായിരുന്നു അവൾ തന്റെ മനസ്സീന്ന് പടിയിറങ്ങിപ്പോയത്…

അതിനുശേഷം അവളുടെ കല്ല്യാണത്തിന്റെ തലേ ദിവസമാണ് അവൾ തന്നെ വിളിച്ചത്..

അന്ന് അവളുടെ വിഷമം കണ്ട് താനവളെ ഇറക്കി കൊണ്ടുവരാൻ തുനിഞ്ഞതാണ് പക്ഷെ അവൾ കരഞ്ഞപേക്ഷിച്ചതു കൊണ്ടാണ് താൻ അതിൽ നിന്നും പിൻമാറിയത്..

അവളുടെ കല്ല്യാണം കഴിഞ്ഞിട്ടിപ്പോൾ നാലു വർഷത്തോളമായി..ഇന്നേവരെ ഒരു തവണ പോലും തന്നെ അവൾ വിളിക്കുക പോലും ചെയ്തിട്ടില്ല..എവിടെയാണെന്നു പോലും തനിക്കറിയുകയുമില്ല..

അവസാനം വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ശ്രേയയെ താൻ വിവാഹം കഴിച്ചത്..

ശ്രേയയോട് എത്ര അടുക്കാൻ ശ്രമിച്ചാലും ഗ്രീഷ്മയുടെ ഓര്‍മ്മകൾ തന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുകയാണ്..

ഗ്രീഷ്മയും തന്നെപ്പോലെ തന്നെയാവും എന്ന് അമൽ ഉറച്ചു വിശ്വസിച്ചിരുന്നു..

പെട്ടെന്ന് അമലിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു..

“ഹായ്..ദിസ് ഈസ് ഗ്രീഷ്മ”..അതായിരുന്നു ആ മെസ്സേജ്..

അമലിനുണ്ടായ സന്തോഷത്തിനു അതിരുകളി ല്ലായിരുന്നു..

പെട്ടെന്നു തന്നെ അവൻ മറുപടി അയച്ചു..

“ഹായ്..വേർ ആർ യൂ?

ഗ്രീഷ്മയുടെ റിപ്ലൈ വരാൻ കുറച്ചു സമയമെടുത്തു…

“ഞാൻ ഇപ്പോൾ ട്രിവാൻഡ്രത്താണ്..ഹസിന്റെ വീട്ടിൽ… സെറ്റിൽഡ് ഇൻ ലണ്ടൻ..”

“എന്തേ ഇത്ര നാളും വിളിക്കാഞ്ഞത്?..” അമൽ ചോദിച്ചു..

“ഒന്നുമില്ലെടോ..എല്ലാം ഒന്നു മറക്കണമെന്നു തോന്നി..അതാ”

“അങ്ങിനെ മറക്കാൻ പറ്റോ തനിക്ക്”അമലിനു ദേഷ്യം വന്നു..

“അങ്ങനെയല്ല..ടാ ഞാൻ നാളെ വരാം..ഇതിൽ വിളിക്കരുത്ട്ടോ..ഹസിന്റെ ഫോൺ ആണ്.. മൂന്നാല് ദിവസമേ കാണൂ ഇവിടെ..അതു കൊണ്ടാ പുതിയ സിം എടുക്കാഞ്ഞത്..ബൈ” ആരോ വന്നിട്ടെന്നോണം അവൾ ചാറ്റ് അവസാനിപ്പിച്ചു…

അമൽ എന്തോ ടൈപ് ചെയ്യുന്നതിനു മുൻപേ കോളിംഗ് ബെൽ ശബ്ദിച്ചു..

ശ്രേയയായിരുന്നു അത്..

“ആഹാ..ഇതിന്റെയുളളിൽ അടച്ചു പൂട്ടിയിരിക്കാ ണോ മാഷേ..വാ നമുക്കൊന്ന് പുറത്തു പോകാം..” ശ്രേയ പറഞ്ഞു..

“ഓ..പിന്നെയാവട്ടെ നല്ല തലവേദന..ഞാനൊന്നു കിടക്കട്ടെ” അമൽ പറഞ്ഞത് കേട്ട് ശ്രേയയുടെ മുഖം വാടി..

അന്നുരാത്രി അമലിനുറങ്ങാനെ പറ്റിയില്ല..മനസ്സിന് വല്ലാത്തൊരാശ്വാസം പോലെ..എന്നിരുന്നാലും ഗ്രീഷ്മയ്ക്ക് എന്തൊക്കെയോ മാറ്റങ്ങൾ വന്ന പോലെ അമലിനു തോന്നി…

പിറ്റെ ദിവസം നേരം വെളുത്തതുമുതൽ അവന്റെ ശ്രദ്ധ മൊബൈലിൽ തന്നെയായിരുന്നു..

” അമൽ..ഞാനിറങ്ങാട്ടോ..ഇന്ന് എം.ഡിയുടെ മീറ്റിംഗ് ഉണ്ട്..നീ പോകുന്നില്ലേ? ശ്രേയ ചോദിച്ചു..

“ഇല്ല..ഞാൻ ഒരാഴ്ച ലീവ് ആണ്” അമൽ പറഞ്ഞു..

“എന്ത് പറ്റി?”

“ഒന്നുമില്ല ഒരു ഫ്രണ്ട് വന്നിട്ടുണ്ട് അവന്റെ കൂടെ ഒന്നു കറങ്ങണം” അമൽ പറഞ്ഞു..

” ആഹാ..നടക്കട്ടെ..ഒന്നുമില്ലെങ്കിൽ മൂഡ് എങ്കിലും ചേയ്ഞ്ച് ആവുമല്ലോ? ഓക്കെ..എൻജോയ്….ബൈ..”

ശ്രേയ പോയിക്കഴിഞ്ഞ് കുറെ സമയത്തിനു ശേഷമാണ് ഗ്രീഷ്മയുടെ ആദൃത്തെ മെസ്സേജ് വന്നത്..

” എവിടെയായിരുന്നു ഇത്ര നേരം? അമൽ ചോദിച്ചു..

“ഒന്നും പറയണ്ടെടോ പുളളിക്കാരന്റെ ഓരോരോ തമാശകളിൽ മുഴുകിയിരുന്നു പോയി..പിന്നെ മൂപ്പര് നല്ല റൊമാന്റിക്കാണേ..നേരം പോണതറിയി ല്ലെടോ” ഗ്രീഷ്മ പറഞ്ഞു..

“ഓ നിനക്ക് ഇപ്പോ നമ്മളെയൊന്നും വേണ്ടല്ലോ.. ഇപ്പൊ മനസ്സിലായി നീ എന്തേ ഇത്ര നാളും വിളിക്കാഞ്ഞത് എന്ന്..അമൽ തന്റെ അമർഷം മറച്ചുവച്ചില്ല..

“അതല്ലടാ..എന്തോ എനിക്കു പുളളിക്കാരനെ ചീറ്റ് ചെയ്യാൻ തോന്നിയില്ല..നമ്മുടെ കാരൃങ്ങൾ അറിഞ്ഞിട്ടു പോലും അത് അദ്ദേഹം വളരെ കൂളായാണ് എടുത്തത്..തന്നെയുമല്ല ഇന്നുവരെ എന്നെ ഒരു വാക്കു കൊണ്ടു പോലും വിഷമിപ്പിച്ചിട്ടില്ല..നീ പറ അങ്ങനെയുളള ഒരാളോട് ഞാനെങ്ങിനെ ചെയ്യാവോ?…. ഇപ്പോ നിന്നെ മെസ്സേജ് ചെയ്യാമെന്നു വച്ചത് തന്നെ വിശേഷങ്ങൾ അറിയാമെന്നു വച്ചു മാത്രം”

അമലിന് അതൊരു ഷോക്കായിരുന്നു..എങ്കിലും
അവൻ അതിനെ അനുകൂലിച്ചു..

“ശരിയായിരിക്കാം..എന്തായാലും നീ ഹാപ്പിയാണല്ലോ..അതു മതി” ഒഴുക്കൻ മട്ടിൽ അമൽ റിപ്ലൈ കൊടുത്തു…

“യെസ്.. പിന്നെ നിന്റെ വിശേഷം പറ കേൾക്കട്ടെ വൈഫ് എന്തു ചെയ്യുന്നു? ഗ്രീഷ്മ ചോദിച്ചു..

“അവൾ ഒരു ഐടി പ്രൊഫഷനലാണ്.. അമൽ പറഞ്ഞു..

“ആഹാ..അടിപൊളിയാണല്ലോ..ലൈഫ് എൻജോയ് ചെയ്യാരിക്കും അല്ലേ? എന്നാ ശരി..പുളളിക്കാരൻ വരുന്നുണ്ട്.. ഞങ്ങൾക്ക് നാലു ദിവസത്തെ ഒരു ടൂർ പ്രോഗ്രാം ഉണ്ട്..അടിച്ചു പൊളിച്ചിട്ടുവരാം..പറ്റുമെങ്കിൽ നാളെ രാവിലെ ഞാൻ നിന്നെ വിളിക്കാം..ബൈ..ബൈ…ടേക്ക് കെയർ…”

ചാറ്റ് ക്ലോസ് ചെയ്തതിനുശേഷം അമൽ ബാൽക്കണിയിൽ ചെന്നു നിന്നു.. മനസ്സിലെന്തൊ ക്കെയോ മാറ്റങ്ങൾ നടക്കുന്നുണ്ടെന്നു അവന് തോന്നി..ഇത്രയും കാലം ഇവൾക്കു വേണ്ടിയാണോ താൻ..ശെ!!! അമലിന് അവനോടു തന്നെ വെറുപ്പ് തോന്നി…

ശരിക്കും അവൾ പറഞ്ഞതല്ലേ ശരി..നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നരല്ലേ യഥാര്‍ത്ഥ സ്നേഹം അർഹിക്കുന്നവർ..

ശ്രേയ ഒരുപാട് വിഷമിക്കുന്നുണ്ടാവും..താൻ എത്രമാത്രം അവളെ അവഗണിച്ചു…എന്നിട്ട് പോലും ഒരു പരിഭവം പോലുമില്ലാതെ അവൾ തന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു..

അമലിന്റെ കണ്ണിൽ നനവു പടർന്നു…ഇനി ഒരിക്കലും അവളെ വേദനിപ്പിച്ചുകൂടാ..

കോളിംഗ് ബെൽ ശബ്ദിച്ചത് കേട്ട് അമൽ വാതിൽക്കലേക്കു പോയി…

“ഇതെന്താപ്പാ.. ഇതുവരെ പോയില്ലേ?..ശ്രേയ അത്ഭുതത്തോടെ ചോദിച്ചു..

“ഇല്ല..” അമൽ പറഞ്ഞു..

“അതെന്തേ?” അവൾ വീണ്ടും ചോദിച്ചു..

“അവൻ ബിസിയാണത്രേ”

“ആണോ..കഷ്ടായല്ലോ..ലീവ് എടുത്തത് വെറുതെ ആവോ? അവൾ ചോദിച്ചു…

” ഏയ്” അവൻ പറഞ്ഞു..

ഹാന്റ് ബാഗ് ടേബിളിൽ വച്ച് അവൾ മുഖം കഴുകാനായി വാഷ് ബെയ്സിനടുത്തേക്ക് പോയി.

ടവൽ കൊണ്ട് മുഖം തുടച്ചുകൊണ്ടിരുന്ന അവളെ പിന്നിൽ നിന്നും അമൽ വാരിപ്പുണർന്നു.. ആ പിൻ കഴുത്തിൽ ഒരു ചുടുചുബനം നൽകി..

ശ്രേയ ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവളനങ്ങാതെ തന്നെ നിന്നുകൊടുത്തു..എത്ര നാളായി താൻ കൊതിക്കുന്നു ഈയൊരു നിമിഷത്തിനായി…

“വാ നമുക്കൊരു നൈറ്റ് റൈഡ് പോയാലോ? അമൽ ചോദിച്ചു..

“എനിക്ക് വിശ്വാസിക്കാനാവുന്നില്ല അമൽ..നീ തന്നെയാണോ ഇത്? ആശ്ചര്യത്തോടെ അവൾ ചോദിച്ചു..

“ആഹാ..ഇനി നീ കാണാൻ കിടക്കുന്നേ ഒളളൂ.. ഓഫീസിൽ വിളിച്ച് ലീവ് പറ..നമ്മൾ നാളെ ഒരു ട്രിപ്പ് പോകുന്നു.. “മാൽദ്വീവ്സ്” ശ്രേയയുടെ ഫേവറൈറ്റ് പ്ലേസിലേക്ക്” അമൽ ആവേശത്തോ ടെയാണ് അത് പറഞ്ഞത്..

സന്തോഷം കൊണ്ട് അവൾ തുളളിച്ചാടി..

“ലവ് യൂ അമൽ ഉമ്മ” ….

അവളവനെ കെട്ടിപിടിച്ചൊരു മുത്തം കൊടുത്തു…

പിറ്റെ ദിവസം രാവിലെ പതിവുപോലെ അമൽ ബാൽക്കണിയിൽ നിന്ന് കോഫി കുടിക്കുകയായിരുന്നു…

പെട്ടന്ന് ഫോൺ റിംഗ് ചെയ്തു..

ഗ്രീഷ്മയുടെ നമ്പർ…

എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അമൽ ശങ്കിച്ചു..

പിന്നീട് ഫോൺ കട്ട് ചെയ്തുകൊണ്ട് അവൾക്ക് തിരികെ ഒരു മെസ്സേജ് അയച്ചു..

“താങ്ക്സ് ഗ്രീഷ്മ..നീയെനിക്ക് പുതിയൊരു ജീവൻ തന്നു..ഇനി ഒരിക്കലും എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത്..എനിക്ക് എന്റെ വൈഫിനെ ചീറ്റ് ചെയ്യാൻ താല്പര്യമില്ല.. ഗുഡ് ബൈ”….

ആ മെസ്സേജ് അയച്ചു കഴിഞ്ഞപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു സുഖം തോന്നി അമലിന്..

“അമൽ റെഡിയാവുന്നില്ലേ?…ലേറ്റാവുന്നു”

അകത്തു നിന്നും ശ്രേയയുടെ ചോദ്യം കേട്ടു..

“ദേ..ഇപ്പോ റെഡിയാവാം ശ്രീ…”എന്നു പറഞ്ഞ് അവൻ ബാത്ത്റൂമിലേക്കു കയറി…

ശ്രേയ ഒന്നെത്തി നോക്കിയതിനു ശേഷം
ബാൽക്കണിയിലേക്കു നടന്നു..

മനസ്സിനകത്തൊരു കുളിർമ്മ..എന്തോ നേടിയെടുത്ത മനോഭാവത്തോടെ തന്റെ കയ്യിലുണ്ടായിരുന്ന ആ സിം കാർഡ് അവൾ ദൂരേക്കു വലിച്ചെറിഞ്ഞു…

രചന
പ്രവീൺ ചന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here