Home Latest
0

അവൻ കഞ്ചാവാ
********************

രചന = മുഹൈമിൻ
*************

എടീ നീ അറിഞ്ഞോ ആ അംബികയുടെ മോൻ കഞ്ചാവ് ആണെന്ന് തോന്നുന്നു… കണ്ടില്ലേ മുടിയും താടിയുമൊക്കെ നീട്ടി വളർത്തി… പിള്ളേരുടെയൊക്കെ പോക്ക്?

കോളേജിൽ നിന്നും ക്ലാസ്സ്‌ കഴിഞ്ഞു വന്നു വീട്ടിലേക്കു കയറാൻ തുടങ്ങിയ എന്റെ ചെവികളിൽ കേട്ട വാക്കുകളായിരുന്നു അത്.. പറഞ്ഞത് മറ്റാരുമല്ല അയലത്തെ സുധ ചേച്ചി ആണ്…

വളർത്തു ദോഷം അല്ലാതെന്താ? അടിക്കേണ്ട പ്രായത്തിൽ അടിച്ചു വളർത്തണം… അത് വേറെ ആരുമല്ല എന്റെ അമ്മയാണ് പറഞ്ഞത്…

ഇവന്റെയൊക്കെ കൂടെ മ്മടെ കൊച്ചുങ്ങളെ എങ്ങനെ പഠിക്കാൻ വിടും.. ഇതൊക്കെ കേറ്റിയിട്ടാകും അവനൊക്കെ പഠിക്കാനും പോകുന്നത്… സൈനബ ഇത്ത അത് പറഞ്ഞു നിർത്തിയതും ഞാൻ ഹാളിലേക്ക് ചെന്നു.. മൂന്നു പേരെയും രൂക്ഷമായൊന്നു നോക്കി…

ആ സുധ ചേച്ചി
നിങ്ങളുടെ മോള് പിന്നെ വിളിച്ചിരുന്നോ? എന്റെ ചോദ്യത്തിന്റെ രീതി കേട്ടിട്ടാകും അമ്മയോട് യാത്ര പോലും പറയാൻ നിൽക്കാതെ അവർ ഇറങ്ങിയത്… കാരണം വേറെ ഒന്നുമല്ല കല്യാണം ഉറപ്പിച്ചു വെച്ച അവളുടെ മകൾ ആർദ്ര കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയി…

ഞാൻ മുറിയിലേക്ക് കയറി കുറച്ചു ഉറക്കെ പറഞ്ഞു രണ്ടു കാലേൽ മന്ത് വെച്ചിട്ടാണ് ഒരു കാലിൽ മന്തുള്ളവരെ കുറ്റം പറയാൻ നടക്കുന്നത്…

റൂമിലേക്ക്‌ കയറിയപ്പോൾ പിന്നാലെ അമ്മ വന്നു തോളിൽ ഒരൊറ്റ അടി… നീ എന്താടി അവളോട്‌ ചോദിച്ചത്? കൂടുന്നുണ്ട് നിന്റെ അഹങ്കാരം കുറച്ചു…

എനിക്ക് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു.. പിന്നെ നിങ്ങൾ പറഞ്ഞുകൊണ്ടിരുന്നതൊക്കെയും ഞാൻ കേട്ടു… അംബികേച്ചിയുടെ മകൻ അഭിയെക്കുറിച്ചു പറഞ്ഞതൊക്കെയും..

ഉള്ളതായിരിക്കും അതല്ലേ നാട്ടുകാർ ഓരോന്ന് പറഞ്ഞു നടക്കുന്നത്.. ഇല്ലെങ്കിൽ പറയുമോ? അവന്റെ കോലം തന്നെ കണ്ടില്ലേ? അവനെ പറഞ്ഞപ്പോൾ നിനക്കിത്ര വിഷമം എന്താ?

അമ്മേ അവൻ എന്റെ കൂടെ എന്റെ ക്ലാസിലാണ് പഠിക്കുന്നത്. അവനെ നിങ്ങളെക്കാൾ നന്നായി എനിക്ക് അറിയാം… നാളെ എന്നെക്കുറിച്ച് മോശമായി അവർ വന്നു അമ്മയോട് പറഞ്ഞാൽ അമ്മ അതും വിശ്വസിക്കുമല്ലോ ഇക്കണക്കിനു.
സ്വന്തം മകളെ നല്ലപോലെ വളർത്താൻ അറിയാത്തവരാണ് മറ്റുള്ളവരുടെ മക്കളുടെ കുറ്റങ്ങൾ കണ്ടു പിടിക്കാൻ പോകുന്നത്…

നിർത്തെഡീ നിന്റെ അധിക പ്രസംഗം… ഒന്നങ്ങോട്ടു തന്നാലുണ്ടല്ലോ? അവനെയൊക്കെ നാളെ ഏതെങ്കിലും കേസിൽ പിടിക്കുമ്പോഴും എന്റെ മോൾ ഇത് തന്നെ പറയണം… ഇത് പറഞ്ഞു അമ്മ എന്നെ കലിപ്പിച്ചൊന്നു നോക്കി…

ഞാൻ ബെഡിലേക്കു കിടന്നു..

അഭി അവൻ പാവമാണ്.. അവൻ മാത്രമല്ല ക്ലാസിലെ മറ്റെല്ലാ ആൺകുട്ടികളും പാവങ്ങളാണ്… താടിയും മുടിയുമൊക്കെ വളർത്തുന്നത് അവരുടെ ഇഷ്ടമല്ലേ? അല്ലെങ്കിൽ തന്നെ ഇതൊക്കെ വളർത്തുന്നവർ കഞ്ചാവാണോ?

പിറ്റേന്ന് മുറ്റം തൂത്തു കൊണ്ടിരുന്നപ്പോഴാണ് സൈക്കിളിൽ വന്നു പത്രം എറിഞ്ഞിട്ട് നിർത്താതെ ബെൽ അടിക്കുന്ന ആളെ ഞാനൊന്നു നോക്കിയത്.. എടാ അഭി നീ?

മുടി നീട്ടി വളർത്തി കട്ടിത്താടിയുമായി പുഞ്ചിരിച്ചുകൊണ്ട് സൈക്കിളിൽ നിൽക്കുന്നൊരു നീർക്കോലി… അതാണ്‌ അഭി… നാട്ടുകാരുടെ കഞ്ചാവ്…

കയറു പിരിക്കാൻ പോകുന്ന അമ്മയെക്കൊണ്ട് മാത്രം കുടുമ്പം നോക്കാൻ നിന്നാൽ പറ്റില്ലല്ലോ. എന്റെ അത്യാവശ്യത്തിനുള്ളത് ഞാൻ ഉണ്ടാക്കാം എന്ന് തീരുമാനിച്ചു… നീ ജോലിയൊക്കെ ചെയ്യുമായിരുന്നോടീ ഉണ്ടച്ചക്കെ എന്ന് ചോദിച്ചു കൊണ്ട് നിന്നപ്പോഴാണ് അമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നതും അവനെ കണ്ടതും…
അമ്മ എന്നെ രൂക്ഷമായൊന്നു നോക്കി…

അവൻ ഉറക്കെ ആ അമ്മേ എന്നൊന്നു വിളിച്ചു…

എന്തോ അമ്മക്ക് ഇഷ്ടമായില്ലന്നു തോന്നുന്നു.. ഞാൻ അവനോടു സംസാരിച്ചത്

അവൻ സൈക്കിൾ എടുത്തു തിരിഞ്ഞതും അമ്മ അവനെ വിളിച്ചിട്ട് പറഞ്ഞു നാളെ മുതൽ പത്രം ഇടേണ്ട എന്ന്… അല്ലെങ്കിലും ഇവിടെ ഇതൊന്നും വായിക്കാൻ ഇവിടെ ആർക്കും നേരമില്ല… അവൻ എന്നെയൊന്നു നോക്കി… എന്നിട്ടവൻ അടുത്ത വീട്ടിലേക്കു ചവിട്ടിപ്പോയി… എന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു…

ഞാൻ അമ്മയെ സൂക്ഷിച്ചൊന്നു നോക്കി.. ഇവിടെ അമ്മ പത്രം വായിക്കാറില്ലേ? ഞാൻ വായിക്കാറില്ലേ? പിന്നെ എന്തിനാ അങ്ങനെ പറഞ്ഞത്?

ഹോ രാവിലെ അവനോടു തന്നെ കൊഞ്ചാൻ നിൽക്കുന്നു.. എനിക്കതൊന്നും ഇഷ്ട്ടമല്ല. നീ ഇനി എന്തൊക്കെ പറഞ്ഞാലും.

പക്ഷെ അന്നുച്ചക്ക് കോളേജിൽ വെച്ച് എന്റെ ചോറ് പാത്രത്തിൽ കയ്യിട്ടു കഴിക്കുന്ന അവനെ നോക്കിയിരുന്നപ്പോൾ അറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. പാവം അവൻ അറിയുന്നുണ്ടാകുമോ എന്റെ അമ്മയടക്കം നാട്ടിലെ കുറച്ചു പേരുടെ മനസ്സിൽ ഇവൻ കഞ്ചാവാ എന്നുള്ളത്… എന്റെ അമ്മയുടെ തെറ്റിദ്ധാരണക്കുള്ള ക്ഷമ എന്നോണം ഞാൻ ഒരു ഉരുള ചോറുരുട്ടി അവന്റെ വായിലേക്ക് വെച്ച് കൊടുത്തപ്പോൾ അവൻ ഒന്ന് ഞെട്ടി.. ഇതെന്താടി പതിവില്ലാതെ? നിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ?

ഓഹ് അതോ അത് നിന്റെ ആർത്തിപിടിച്ചുള്ള തീറ്റി കണ്ടു കണ്ണു നിറഞ്ഞതാ മോനെ.. ദേ നീ ആ വായ ഒന്ന് തുറന്നെ എന്ന് പറഞ്ഞപ്പോൾ അവൻ വാ തുറന്നു.. ചോറ് അവന്റെ വായിലേക്ക് വെച്ച് കൊടുത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു.. ഇവനെപ്പോലുള്ള കുട്ടികളെയാണല്ലോ ഈശ്വരാ അവരൊക്കെ….

മുടി കൈകൊണ്ടു ഒതുക്കി മുന്നോട്ടു നടന്നു പോകുന്ന അവനെ നോക്കി ഞാൻ നിന്നു…

എന്റെ വീട്ടിൽ നിന്നും കുറച്ചു അപ്പുറത്തു മാറിയാണ് അവന്റെയും വീട് പക്ഷെ കോളേജിലാണ് ഞങ്ങൾ ഒരുമിച്ചു പഠിച്ചു തുടങ്ങിയത്.. ഇല്ലായ്മയിൽ നിന്നും വരുന്നവൻ… നാട്ടുകാർക്ക്‌ അതൊന്നും അറിയേണ്ടല്ലോ?

ഡാ ഒന്ന് നിന്നെ? എന്റെ വിളി കേട്ടിട്ടാണ് അവൻ അവിടെ നിന്നത്..

എന്താടി?

ന്റെ ചെക്കാ നിനക്കീ മുടിയും താടിയുമൊക്കെ ഒന്ന് വെട്ടി വൃത്തിയാക്കി നടന്നുകൂടെ? താടി ഫുൾ എടുത്താൽ നീ ലുക്ക്‌ ആയിരിക്കും…

ന്നു പോടീ. ഒന്നാമതെ ഞാൻ ഒരു നത്തോലിയാണ്.. പിന്നെ ഈ താടിയിലും മുടിയിലുമാണ് ആകെയുള്ളൊരു പച്ചപ്പ്‌… താടി എടുത്താൽ പിന്നെ എന്റെ ഒട്ടിയ കവിളൊക്കെ ഛെ ബോർ ആകുമെടീ ഉണ്ടച്ചക്കെ പിന്നെ എന്നെ കാണാൻ അതാണ്‌…അതുമല്ല താടി ഇപ്പൊ ട്രെൻഡ് അല്ലെ? ഇതൊക്കെ വളർത്താൻ പെടുന്ന പാട്.

അത് പറയുമ്പോഴും അവൻ കൈകൊണ്ടു താടി വലിച്ചുകൊണ്ടിരുന്നു…

അല്ല എന്താ ഇപ്പൊ ഇങ്ങനെ പതിവില്ലാതെ? ഞാൻ ശ്രദ്ധിക്കുന്നുണ്ട് . അവളുടെയൊരു കണ്ണു നിറക്കലും, ചോറ് വാരി തരലും…

എന്നോട് പ്രേമം വല്ലതും ആണോടീ ഉണ്ടച്ചക്കെ? അവൻ ഉഴപ്പിക്കിടന്ന തലമുടി ഒതുക്കി ചിരിച്ചു കൊണ്ട് ചോദിച്ചു…

അയ്യടാ ഈ കഞ്ചാവ് ലുക്ക്‌ ഉള്ളവനെ അല്ലെ പ്രേമിക്കാൻ പോകുന്നത്. ന്നു പോടാ നിന്നെക്കാൾ നല്ല ചുള്ളൻ പിള്ളേര് ഈ കോളേജിൽ ഉണ്ട് അപ്പോഴാണ്… അപ്പോഴാ നിന്നെ?

ഹൂ ന്റെ ഉണ്ടച്ചക്കെ ഞാൻ പേടിച്ചു പോയി.. കാരണം നിന്റെ അച്ഛൻ പട്ടാളം പുരുഷു എങ്ങാനും അറിഞ്ഞാൽ പിന്നെ അതുമതി അതിർത്തിയിൽ വന്നു വെടി വെക്കാൻ… അവൻ തിരിഞ്ഞു നടന്നു.

പാവം അവൻ കഞ്ചാവ് നേരിട്ട് കണ്ടിട്ട് പോലും ഉണ്ടാകില്ല. അവനെയാണ് കഞ്ചാവിന് അടിമപ്പെട്ടു എന്ന് പറഞ്ഞു നടക്കുന്നത്… ആർക്കും സത്യം അറിയേണ്ട.

ഒരു ദിവസം അഭിയുടെ അമ്മ അംബിക ചേച്ചി വീട്ടിലോട്ടു വന്നു.. അമ്മയെ കണ്ടപ്പോൾ കുറച്ചു പരിഭവത്തോടെ ചോദിച്ചു

ഒരു ആയിരം രൂപ കടം തരുമോ ചേച്ചി? രണ്ടു ദിവസത്തെ അവധിക്കു മതി? മോന് കോളേജിൽ ഫീസോ മറ്റോ അടക്കാനാണ്..

ഒന്നാമതെ അമ്മക്ക് അവർ വീട്ടിലോട്ടു വന്നത് ഇഷ്ടമായില്ല. പിന്നെ അവന്റെ പേരിൽ പൈസ ചോദിക്കാൻ വന്നാൽ പറയുകയും വേണ്ട..

അയ്യോ അംബികേ ഇപ്പൊ ഇവിടെ ഒന്നും ഇല്ലല്ലോ… ഉണ്ടായിരുന്ന കുറച്ചു പൈസ ഇന്നലെ ആങ്ങള വന്നു വാങ്ങിക്കൊണ്ടു പോയി…

സാരല്ല്യ ചേച്ചി… ഞാൻ വേറെ എവിടെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞവർ മടങ്ങിപ്പോയി..

എനിക്ക് അമ്മയോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.. കാരണം കയ്യിൽ പൈസ വെച്ചിട്ടും ഇല്ലെന്ന് പറഞ്ഞു സഹായം ചോദിച്ചു വന്നയാളെ പറഞ്ഞു വിട്ടതിൽ….

പിറ്റേന്ന് രാവിലെ കോളേജിൽ പോകുന്ന വഴി അവന്റെ അമ്മയുടെ കയ്യിൽ ആയിരം രൂപ വെച്ച് കൊടുത്തിട്ടു ഞാൻ പറഞ്ഞു വെച്ചോളൂ ഉള്ളപ്പോൾ തന്നാൽ മതി എന്ന്… അല്ലെങ്കിൽ വേണ്ട ഞാൻ അവന്റെ കയ്യിൽ നിന്നും വാങ്ങികൊള്ളാം എന്ന് പറഞ്ഞു.

അഭി എവിടെ അമ്മേ?

അവൻ ദേ പോത്ത് പോലെ കിടന്നുറങ്ങുന്നുണ്ട്.. രാവിലെ പത്രം ഇടാൻ പോയിട്ട് വന്നു കിടന്നു ഉറങ്ങുന്നതാണ്…

അവനിക്കു പൈസ ഫീസ് അടക്കാനൊന്നുമല്ല. കോളേജിൽ എന്തൊ അടി ഉണ്ടായപ്പോൾ എതിർ ടീമിലുള്ള ഒരുവന്റെ ബൈക്ക് ക്ലാസിലെ കുറച്ചവന്മാർ തല്ലിപ്പൊട്ടിച്ചു.. അതിനു കൊടുക്കാനുള്ള പൈസ ആണ്.

ഒരു ദിവസം രാത്രിയിൽ അമ്മക്ക് ബോധമില്ലാതെ ദേഹം കുഴഞ്ഞു വീണു… എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ… അച്ഛൻ ആർമിയിൽ ആയതിനാൽ വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളൂ … ഞാൻ പെട്ടെന്ന് അഭിയുടെ നമ്പർ എടുത്തു വേഗം വീട്ടിലേക്കു വാ എന്ന് പറഞ്ഞു… അധികം വൈകാതെ തന്നെ അവൻ എത്തി.. വീട്ടിൽ കാറുണ്ട്. അവനിക്ക് ഓടിക്കാൻ അറിയാം..

അവനും ഞാനും കൂടി അമ്മയെ താങ്ങി ഹോസ്പിറ്റലിലേക്ക് പോയി… പ്രഷർ കുറഞ്ഞു കുഴഞ്ഞു വീണതായിരുന്നു അമ്മ..

അന്ന് രാത്രിയിൽ മുഴുവനും അവൻ ഞങ്ങൾക്ക് വേണ്ടി ഹോസ്പിറ്റൽ കാത്തിരുന്നു. ഹോസ്പിറ്റലിൽ കിടന്ന പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് അമ്മ ഉണർന്നത്…

അപ്പോഴേക്കും അവൻ എനിക്കും അമ്മക്കുമുള്ള രാവിലത്തെ ആഹാരം വാങ്ങിക്കൊണ്ടു വന്നിരുന്നു…

സത്യത്തിൽ അന്നേരമാണ് ഞാൻ അവനെ ശ്രദ്ധിക്കുന്നത് തന്നെ.. മുടിയൊക്കെ വെട്ടി, താടിയൊക്കെ ക്ലീൻ ഷേവ് ചെയ്തു അവൻ പറഞ്ഞപോലെ ഒട്ടിയ കവിളൊക്കെ കാണിച്ചു, എന്തോ ഇപ്പൊ അവനെ കാണാൻ ഒരു ചന്തവും ഇല്ല…

ആ അമ്മ എഴുന്നേറ്റോ? ദേ ഈ ചായ അങ്ങോട്ട്‌ കുടിച്ചിട്ട് ദോശയും കഴിക്കു. ഗുളികയൊക്കെ കഴിക്കാനുള്ളതല്ലേ? ഇന്നലെ ഒന്നും കഴിച്ചിട്ടില്ലല്ലോ എന്ന് പറഞ്ഞവൻ ചായ ഒരു ഗ്ലാസിൽ ഒഴിച്ച് അമ്മയുടെ കയ്യിലേക്ക് കൊടുത്തു.. അപ്പോഴും അമ്മയുടെ നോട്ടം അവന്റെ മുഖത്തേക്കായിരുന്നു…

ഡാ നിന്റെ താടിക്കെന്തു പറ്റി എന്ന് ചോദിച്ചപ്പോൾ അവൻ അമ്മയുടെ അടുത്തിരുന്നു എന്റെ മുഖത്തേക്ക് നോക്കിപ്പറഞ്ഞു, ഓഹ് അമ്മയോട് ആരോ പറഞ്ഞെന്നു എന്റെ കോലം കണ്ടിട്ട് നാട്ടുകാരൊക്കെ പറഞ്ഞു നടക്കുന്നു ഞാൻ കഞ്ചാവാണെന്നു… അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു… ഇന്നലെ വൈകിട്ട് അമ്മ എന്റെ തലമുടിയിൽ തഴുകി പറഞ്ഞേടോ ന്റെ മോനെ എനിക്ക് അറിയാം. പക്ഷെ നാട്ടുകാർ ഓരോന്ന് പറയുമ്പോൾ അമ്മയുടെ ചങ്ക് പറിഞ്ഞു പോകുന്നട, ന്റെ മോൻ ഈ താടിയൊക്കെ ഒന്ന് വെട്ടി മുടിയും ഒതുക്കി നടക്കാൻ.. ഞാൻ കഞ്ചാവാണോ എന്ന് അമ്മയുടെ മുഖത്ത് നോക്കി ആരോ ചോദിച്ചെന്നു.. പാവം എത്ര വിഷമിച്ചിട്ടുണ്ടാകും.. അമ്മ ഒരാൾ പറഞ്ഞത് കൊണ്ടാണ് ഞാൻ ഈ താടി എടുത്തത്. ആ അമ്മയുടെ മോൻ കഞ്ചാവല്ലെന്നു നാട്ടുകാരെ ബോധ്യപ്പെടുത്താൻ… അവൻ അത് പറഞ്ഞു നിർത്തിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു.. എന്നെപ്പോലുള്ള യുവാക്കളെ പറഞ്ഞു കഞ്ചാവാക്കുന്ന കുറച്ചു നാട്ടുകാർ… മനുഷ്യന് താടിയും വളർത്തേണ്ട മുടിയും വളർത്തേണ്ട അവൻ അത് പറഞ്ഞു അമ്മയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു..

അമ്മയുടെ മുഖം വല്ലാതായോ? ഏയ്‌ അല്ല അമ്മയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.

അമ്മയുടെ മനസിൽ അവനോടുള്ള തെറ്റിദ്ധാരണ അവൻ അറിയാതെ തന്നെ അവൻ മാറ്റിയിരിക്കുന്നു.. ഞാൻ പോയിട്ട് വരാം അമ്മേ എന്ന് പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ അമ്മ അവന്റെ കയ്യിൽ പിടിച്ചു ചുമ്പിക്കുന്നുണ്ടായിരുന്നു.. അപ്പോഴും അമ്മയുടെ കണ്ണുനീർ അവന്റെ കൈവെള്ളയിലൂടെ ഒലിച്ചു താഴോട്ടിറങ്ങിക്കൊണ്ടിരുന്നു.

അവൻ അന്ന് ചോദിച്ചപോലെ എന്റെ മനസിൽ എവിടെയോ അവനോടൊരു പ്രണയം എന്ന വികാരത്തിന്റെ തൈ മുളച്ചു വരുന്നുണ്ടെന്നു അന്നത്തോടെ എനിക്ക് മനസിലായി തുടങ്ങിയിരുന്നു… ഒരുപക്ഷെ ഞാൻ ഭാവിയിൽ ഒരു കഞ്ചാവിന്റെ പെണ്ണു ആയേക്കാം…

ശുഭം ❤

 

LEAVE A REPLY

Please enter your comment!
Please enter your name here