Home Latest നാളെ എന്റെ അമ്മയുടെ കല്യാണമാണ്…. ഒരുപാട് ആളുകൾ ഒന്നുമില്ല…

നാളെ എന്റെ അമ്മയുടെ കല്യാണമാണ്…. ഒരുപാട് ആളുകൾ ഒന്നുമില്ല…

0

അമ്മയ്ക്കുവേണ്ടി

രചന : Jisha liju

നാളെ എന്റെ അമ്മയുടെ കല്യാണമാണ്….
ഒരുപാട് ആളുകൾ ഒന്നുമില്ല, അമ്മയും ഞാനും മേനോൻ അങ്കിളും, അമ്മയുടെയും മേനോൻ അങ്കിളിന്റേം അടുത്തറിയാവുന്ന കുറച്ച് നല്ല സുഹൃത്തുക്കളും മാത്രം……

എനിക്ക് ഒരു കല്യാണ ആലോചന വന്നപ്പോൾ അമ്മക്ക് ആയിരുന്നു സന്തോഷം മുഴുവൻ ,അമ്മയുടെ കൂട്ടുകാരിയുടെ ചേട്ടത്തിടെ മോൻ, അറിയാവുന്ന കുടുംബം, അമേരിക്കയിൽ ചെറുക്കന് നല്ല ജോലി, ഫാമിലി ഫുൾ സെറ്റിൽഡ് ആണ്‌ അമേരിക്കയിൽ.. എല്ലാം കൊണ്ടും നല്ല ഒരു ആലോചന…

അമ്മയുടെ ഏറ്റവും വല്യ ആഗ്രഹം എന്നെ അമേരിക്കയിൽ വിടണം അവിടെ ഹയർ സ്റ്റഡി ചെയ്യിപ്പിക്കണം…. എനിക്കാണേൽ അമേരിക്കയിൽ പോവാൻ ഇഷ്‌ടമില്ല, അവിടെ പഠിക്കാനും, ചില സമയത്ത് അമ്മമാരുടെ ചില ആഗ്രഹങ്ങൾ നമ്മളെ ധർമ്മസങ്കടത്തിൽ ആക്കും, ഞാൻ പോയാൽ അമ്മ ഒറ്റക്ക് ആകും അതായിരുന്നു എന്റെ ഏറ്റവും വലിയ വിഷമം…

ഇങ്ങനെ ഒരു ആലോചന വന്നപ്പോൾ അമ്മ തന്നെ ആണ്‌ എല്ലാം മുൻകൈ എടുത്തു നടത്തിയത്…..

അമ്മയെ തനിച്ചാക്കി പോകുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാനെ കഴിഞ്ഞില്ല, പക്ഷേ അമ്മ സമ്മതിച്ചു തന്നില്ല, അമ്മയുടെ മനസ്സിൽ എന്റെ നല്ല ഭാവി ജീവിതം മാത്രം. അവസാനം അമ്മ എന്റെ ഒപ്പം വരണമെന്ന് ഞാൻ ശാഠ്യം പിടിച്ചു, പക്ഷേ അമ്മക്ക് നമ്മുടെ നാട് വിട്ട് വേറെ ഒരു ജീവിതവുമില്ല ഞാൻ ആണേൽ പോവുകയും വേണം ഈ അമ്മയ്ക്കെന്ന വട്ടാണോ ആരേലും ഇങ്ങനെ ചിന്തിക്കുമോ, അവസാനം എല്ലാ വർഷവും രണ്ടു മാസം വെക്കേഷന് അമ്മ അവിടെ വന്നു നിൽക്കാമെന്നാ ഉറപ്പു മേടിച്ചു….

ചെറുപ്പത്തിലേ അച്ഛൻ മരിച്ചുപോയ എന്നെ ഇത്രയും നാൾ വളർത്തിയ കണക്കു പറഞ്ഞ് അമ്മ എന്റെ വാ അടപ്പിച്ചു…..

മനസ്സില്ല മനസോടെ അമ്മയുടെ വാശിക്ക് മുന്നിൽ ഞാൻ കിഴടങ്ങി… അങ്ങനെ അവസാനം ആ അമേരിക്കകാരനെ കെട്ടാൻ ഞാൻ സമ്മതിച്ചു….

പിന്നെ ഉള്ള ദിവസങ്ങൾ അമ്മ നല്ല ഉത്സാഹത്തിലായിരുന്നു, എന്റെ കല്യാണാവശ്യങ്ങൾക്കായി ഓടി നടന്നു…..

അമ്മയെ വിട്ടുപോകുന്നതിനേക്കാൾ, എന്റെ അമ്മ ജീവിതത്തിൽ ഒറ്റപെട്ടു പോകുന്നതോർത്ത് ഞാൻ ഒരുപാട് വേദനിച്ചു…

പക്ഷേ അമ്മയ്ക്കു യാതൊരു സങ്കടവുമില്ല, അമ്മയോട് ഞാൻ വല്ലതും പറഞ്ഞാൽ അമ്മ ഉടനെ അമ്മയുടെ സ്വപ്നങ്ങളുടെ ഭാണ്ഡം അഴിക്കും ഇനി എന്റെ കല്യാണത്തിന് 10 ദിവസം കൂടി, ഞാനും വിവാഹം സ്വപ്നം കാണാൻ തുടങ്ങി…..

അങ്ങനെ സുന്ദരമായ സ്വപ്നത്തിനിടക്ക് ഞാൻ ഒരു തേങ്ങൽ കേട്ടു, ഒന്നൂടെ ശ്രദ്ധിച്ചു , അതെ അത് എന്റെ അമ്മയുടെ ശബ്ദം ആണ്‌ . “അതെന്താ അമ്മ കരയുന്നെ” സ്വപ്നത്തിന്റെ ഭാരം എന്റെ കണ്ണുകളെ തുറക്കാൻ അനുവദിക്കുന്നില്ല….. എന്നാലും ഒരുവിധം കണ്ണുകൾ വലിച്ചു തുറന്ന ഞാൻ സ്വപ്നത്തിൽ നിന്നു യാഥാർഥ്യത്തിലേക്ക് ഇറങ്ങി വന്നു…

അമ്മ അടുത്തിരിക്കുന്നു ആ കൈകൾ എന്റെ തലമുടിഇഴകളെ പതിയെ തലോടി കൊണ്ടിരുന്നു…
കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നു..

അമ്മേ, എന്തുപറ്റി?

അമ്മയെ ചേർത്തുപിടിച്ചു അമ്മയുടെ നെഞ്ചിൽ തല ചേർത്തു വച്ചപ്പോൾ അമ്മയുട ചങ്കിടിപ്പിന്റെ താളം മാറിയത് എന്റെ മനസ്സ് അറിഞ്ഞു….

ഞാൻ പോയാൽ എന്റെ അമ്മ ഒറ്റക്ക് ആകുമെന്നുള്ള വേദന എന്നെ വല്ലാതെ വേദനിപ്പിച്ചു…

സ്നേഹത്തോടെ എന്നെ നോക്കുന്ന കണ്ണുകളിൽ ഒളിപ്പിച്ചു വച്ച വേദന എനിക്ക്
സഹിക്കാവുന്നതിനും അപ്പുറം ആയിരിന്നു……

അമ്മേ എനിക്ക് ഈ കല്യാണം വേണ്ടാ..
അമ്മേയെ വിട്ട് ഞാൻ എങ്ങും പോവില്ല.
പ്ലീസ് അമ്മേ എന്തിനാ ഇത്ര നിർബന്ധം എനിക്ക് അമ്മയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.കല്യാണം കഴിക്കാം പക്ഷേ അമ്മയും എന്റെ ഒപ്പം വരണം …

പക്ഷേ അമ്മ ഒന്നിനും സമ്മതിച്ചില്ല.അമ്മയെ നാണം കെടത്തരുതെന്നു മാത്രം പറഞ്ഞു, അമ്മയെ കെട്ടിപിടിച്ച് കിടന്നപ്പോൾ എന്റെ അമ്മയെ എങ്ങനെ പറഞ്ഞ് മനസിലാക്കമെന്നു മാത്രമാണ് ഞാൻ ചിന്തിച്ചത്… .

എപ്പോളാണ് എന്റെമനസ്സിൽ അമ്മയ്ക്കു മറ്റൊരു വിവാഹം എന്ന് തോന്നിയതെന്ന് അറിയില്ല.. പക്ഷേ അമ്മയോട് ഈ കാര്യം പറഞ്ഞപ്പോൾ അമ്മ എതിർത്തു….

മകളുടെ വിവാഹത്തിന് മുൻപെ അമ്മയുടെ വിവാഹം, ഒരിക്കലുമില്ല,

നിനക്കെന്ന വട്ടാണോ അമ്മു…

“കേട്ടുകേൾവി പോലുമില്ലാത്ത ഒരു കാര്യത്തിന്റെ പിന്നാലെ വെറുതെ നടക്കേണ്ട ”

പിന്നെ കേട്ട് കേൾവി ഇല്ല പോലും, ഇന്നാളിൽ അല്ലെ പത്രത്തിൽ അമ്മയ്ക്കു ഞാനാ ന്യൂസ്‌ വായിച്ചുതന്നെ….അവർക്ക് ആകാം പിന്നെ അമ്മയ്ക്ക് എന്താകുഴപ്പം…..

അത് എന്തും ആയിക്കോട്ടെ എനിക്ക് വേണ്ട,
ഞാൻ സമ്മതിക്കില്ല അവസാന വാക്ക് പോലെ അമ്മ പറഞ്ഞ് അവസാനിപ്പിച്ചു….

അമ്മയ്ക്കു അത്ര വാശിയാണേൽ, ഞാൻ അമ്മേടെ മോളു തന്നെയാ എനിക്കുമുണ്ട് വാശി,
അമ്മ സ്വപ്നം കാണുന്നപോലെ എന്റെ കല്യാണവും നടക്കില്ല,
അമ്മയെ തനിച്ചാക്കി അമ്മുനും ഒരു കല്യാണം വേണ്ടാ..അത്രയും പറഞ്ഞ് ഞാനും അവിടുന്ന് പോന്നു….
അച്ഛന്റെ സ്‌ഥാനത്തു മറ്റൊരാളെ സങ്കല്പിക്കാൻ ഒരു മകൾക്കും സാധിക്കില്ല പക്ഷേ വർദ്ധക്യത്തിലേക്കു കടക്കുന്ന എന്റെ അമ്മയെ ഒരു വിഷാദരോഗി യായി കാണാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല,

എന്റെ മനസ്സിൽ ആദ്യം ഓടി എത്തിയത് മേനോൻ അങ്കിൾ ആണ്‌… സ്നേഹത്തിന്റെ നിറകുടം, മക്കൾ എല്ലാം വിദേശത്ത്, 35മത്തെ വയസ്സിൽ വിഭാര്യനായ ഹത ഭാഗ്യൻ, എന്റെ അമ്മയെ പോലെ തന്നെ മക്കൾക്കു വേണ്ടി ജീവിച്ചു ജീവിതം ഹോമിച്ചയാൾ… ഇപ്പോൾ എഴുത്തും വായനയുമായി അങ്ങനെ ജീവിക്കുന്നു….

ഞാൻ അമ്മയുടെ കൂട്ടുകാരോട് സംസാരിച്ചു, ആദ്യം ചിലർ എതിർത്തു. മറ്റുചിലർ എന്നെ അഭിനന്ദിച്ചു….
അമ്മയുടെ ബെസ്റ്റ് ഫ്രണ്ട് ആയ മല്ലിക ടീച്ചർ രണ്ടു പേരുടേം സമ്മതം മേടിക്കാനുള്ള ദൗത്യം ഏറ്റടുത്തു.. രണ്ട് പേരെടും സംസാരിക്കാൻ തീരുമാനിച്ചു…..

അങ്ങനെ വാർത്ത കാട്ടുതീ പോലെ പടർന്നു….

നാട്ടുകാരുടെ രീതിയിൽ പറയുവാണേൽ

“അമ്മക്ക് മധുവിധു ആഘോഷിക്കാൻ കൂട്ടു നിൽക്കുന്ന മകൾ”

“മറ്റുചിലർ ഈ വയസ്സാം കാലത്ത് ഈ മേനക ടീച്ചർക്ക്‌ ഇതിന്റെ വല്ല കാര്യോമുണ്ടോ”

“ചിലർ മൂക്കത്തു വിരലു വയ്ക്കുന്നു”

അവരുടെ മനസ്സിൽ കല്യാണമെന്നത് വെറും ശരീരസുഖം മാത്രമാണ്…..അതിനപ്പുറം ആരും ചിന്തിക്കുന്നില്ല…..

വയസ്സാം കാലത്ത് അവർ അനുഭവിക്കുന്ന ഒറ്റപ്പെടൽ അത് ആരും മനസ്സിലാക്കുന്നില്ല,
ഒറ്റപ്പെടലിൽ അവർ കടുത്ത വിഷാദ രോഗി ആകുന്നു, മാനസികമായി ഒറ്റപ്പെടുന്നു, പഴയ സന്തോഷങ്ങൾ അവർക്ക് അന്യം ആകുന്നു,
ചിരിക്കാനും കരയാനും മറക്കുന്നു…

ഇതൊക്കെ ആരോട് പറയാൻ..

എനിക്ക് ആരെയും ബോധിപ്പിക്കാൻ ഇല്ല, എന്റെ അമ്മയാണ് എനിക്ക് ഈ ലോകത്ത് ഏറ്റവും വലുത്, അമ്മയുടെ സന്തോഷം എനിക്ക് എന്നും കൂടെ വേണം……

അവർക്ക് അവരുടെ സന്തോഷങ്ങൾ പങ്കുവയ്ക്കാൻ ഒരാൾ, പഴയകാലങ്ങൾ ഒന്നിച്ചു ഓർമിക്കാനും തമാശ പറഞ്ഞ് പൊട്ടി ചിരിക്കാനും കൂടെ ഒരാൾ……

ഇതൊക്കെ പറഞ്ഞ ആർക്കേലും മനസ്സിലാവുമോ….

മേനോൻ അങ്കിളിനു വല്യ എതിർപ്പില്ല, എങ്കിലും മക്കളോടൊക്കെ ഒന്ന് ചോദിക്കണം എന്നിട്ട് തീരുമാനം പറയാം ..
അമ്മയാണെ അമ്പിനും വില്ലിനും അടുക്കുന്നില്ല….
അവസാനം എങ്ങനെയൊക്കെയോ സമ്മതിപ്പിച്ചു….
അമ്മടെ സമ്മതം കിട്ടിയപ്പോൾ അമ്മയെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു,

വല്യ സന്തോഷമൊന്നുമില്ല ആൾക്ക്, എന്റെ ഭീഷണിടെ പുറത്ത് സമ്മതിച്ചതാ എന്റെ മീനുഅമ്മ, എന്നാലും സാരമില്ല…
എന്റെ അമ്മയ്ക്കു മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരാളായല്ലോ… മേനോൻ അങ്കിൾ ഒരു പാവമാണ്, എന്നോട് പോലും എന്തു സ്നേഹമാണ്, ഇനിയും മുതൽ എനിക്കെന്റെ അച്ഛനാണ് അദ്ദേഹം….

രാത്രിഏറെ ആയി കിടക്കണം, നാളെ നേരത്തെ എഴുന്നേൽക്കണ്ടത് ആണ്‌ , നാളെ എന്റെ അമ്മടെ കൈ പിടിച്ച് മേനോൻ അങ്കിളിനു കൊടുക്കണം…. പൊന്നുപോലെ നോക്കാൻ പറയണം, ഞാൻ ഇല്ലാത്ത സങ്കടം എന്താണേലും എന്റെ അമ്മയ്ക്കു കാണും, എന്നാലും അതിനിടക്ക് ഇച്ചിരി സന്തോഷം കിട്ടിക്കോട്ടെ പാവത്തിന്……

രചന : Jisha liju

LEAVE A REPLY

Please enter your comment!
Please enter your name here