Home Latest അതാ എല്ലാവരും വിറകു പുരയുടെ അടുത്തേക്ക് ഓടുന്നു. ഞാനും പുറകെ വച്ച് പിടിച്ചു. ഓടിച്ചെന്നു

അതാ എല്ലാവരും വിറകു പുരയുടെ അടുത്തേക്ക് ഓടുന്നു. ഞാനും പുറകെ വച്ച് പിടിച്ചു. ഓടിച്ചെന്നു

0

ഇഠോ പഠോ ന്നുള്ള, ന്തോ പൊളിഞ്ഞു വീഴുന്ന ശബ്ദം കേട്ടിട്ടാണ് നല്ലൊരു ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി എണീറ്റത്.

” ന്റെ മോള് വീണേ, അയ്യോ,അമ്മെ, എന്റെ ഭഗവാനെ ” ന്നൊക്കെ ഉള്ള നിലവിളിയും.
സംഭവം എന്താണെന്നറിയാൻ അഴിഞ്ഞു പോയ കൈലി വാരിചുറ്റി ഞാൻ പുറത്തിറങ്ങി. അതാ എല്ലാവരും വിറകു പുരയുടെ അടുത്തേക്ക് ഓടുന്നു. ഞാനും പുറകെ വച്ച് പിടിച്ചു. ഓടിച്ചെന്നു നോക്കിയപ്പോൾ വിറകിന്റെ ഇടയിൽ കിടക്കുകയാണ് ഭാര്യ. ഓടൊക്കെ പൊളിഞ്ഞു വീണിട്ടുണ്ട്.

ഒരു തരത്തിൽ അതിന്റെ ഇടയിൽ നിന്ന് അവളെ വലിച്ചെടുത്തു റൂമിൽ കൊണ്ടേ കിടത്തി. പുരുഷൻമാരെ എല്ലാം പുറത്തിറക്കി അമ്മ വാതിൽ അടക്കാൻ നോക്കി. ഞാൻ ഇറങ്ങിയില്ല, ന്റെ ഭാര്യ ആണല്ലോ. എന്നെ നോക്കി രണ്ട് ആട്ട് ആട്ടിയപ്പോൾ ഞാനും പുറത്തു പോയി.

പ്രാണ സുധയെ കമഴ്ത്തി കിടത്തി അമ്മ അവളുടെ പുറത്തു കുഴമ്പു പുരട്ടി. തടവലും തിരുമ്മലും ഒക്കെ കഴിഞ്ഞു പുറത്തിറങ്ങിയ സ്ത്രീ ജനങ്ങളിൽ ആരോ മൊഴിഞ്ഞു
” പുതു പെണ്ണ് പുരപ്പുറം തൂക്കുമെന്നു “. സാഹചര്യവശാൽ സംഭവം ശരിയായത് കൊണ്ട് ഒന്നും മിണ്ടാനും പറ്റൂല.ഈ പറഞ്ഞതിൽ അവൾ പുതു പെണ്ണായ കഥ ഞാൻ പറഞ്ഞു തരാം. പുരപ്പുരം കയറിയ കഥ ചോദിച്ചിട്ടു പിന്നെ പറഞ്ഞു തരാം.

നാല് മാസം മുമ്പേ ഒരു വീട്ടിൽ പെയിന്റിങ്ങിന്റെ പണിക്കു പോയതാണ്. അവരുടെ ഹൗസ് വാമിങ് ആയിരുന്നു, മലയാളത്തിൽ നിങ്ങൾക് ഇഷ്ടമുള്ളതുപോലെ പറയാം. പണി തീരാത്തതുകൊണ്ട് പണിക്കാരെല്ലാം നെട്ടോട്ടം ഓടുകയാ. അവസാന അങ്കം നടന്നുകൊണ്ടിരിക്കെ സെന്റർ ഹാളിൽ നിലയുടെ മുകളിൽ നിന്ന് പെയിന്റ് അടിച്ചു കൊണ്ടിരിക്കവേ നിലപൊട്ടി ഞാനും കൂടെ ഉണ്ടായിരുന്നവനും ഒരു ബക്കറ്റ് പെയിന്റും നിലം പൊത്തി. ചായയുമായി വന്ന ഇപ്പോഴെന്റെ സഹധർമിണിയും അന്ന് ആ വീട്ടിലെ ഇളയ സന്തതിയും ആയ സുധാമണി ആര്യ ശശി നേരത്തെ പറഞ്ഞ പെയിന്റിൽ ചവിട്ടി തെന്നി വീഴുകയും ചായ പാത്രം എന്റെ തലയിൽ കമത്തുകയും ചെയ്തു. ഈ വീഴ്ച ഒരു പുതിയ സംഭവം അല്ല.

ദേഹമാസകലം പൊള്ളി എന്റെ കമ്പനി പെയിന്റ് ഏറെക്കുറെ പോയി. അവളുടെ തള്ള അതായതു എന്റെ അമ്മായി അമ്മ എന്നെ തെറി വിളിക്കുകയും ചെയ്തപ്പോൾ എന്നിലെ പ്രതികാര പുരുഷൻ സട കുടഞ്ഞെഴുന്നേറ്റു.നിലപൊട്ടി നടുവും തല്ലി വീണുകിടക്കുമ്പോ തെറി പറയാൻ പാടുണ്ടോ. സ്നേഹത്തോടെ പെരുമാറണ്ടേ. നിലത്തു വീണ പെയിന്റ് തുടച്ചു വൃത്തി ആക്കുമ്പോൾ സുധാമണി ആര്യ എന്റെ അടുത്ത് വന്നു പറഞ്ഞു.

” സോറി ട്ടോ, ചായ ഞാൻ വേറെ തരാമെന്നു “.
നിലയിൽ നിന്ന് വീണ സഹതാപം ആണോ അതോ ചായ വീണ സഹതാപം ആണോ അവൾ ഏറെക്കുറെ വീണ ലക്ഷണം ആണ്. പക്ഷെ അർദ്ധ രാത്രി വരെ പണി എടുത്തിട്ടും അവളുടെ തന്ത അതായതു എന്റെ അമ്മായി അച്ഛൻ കൂലി തന്നപ്പോൾ ഒരു ബക്കറ്റ് പെയിന്റിന്റെ പൈസ കുറച്ചു. വേണ്ടെടോ കാർന്നോരെ, ഞാൻ അത് സ്ത്രീ ധനത്തിൽ കഴിച്ചോളാമെന്നു അന്ന് ഞാൻ മനസ്സിൽ പറഞ്ഞതാ.

ദിവസങ്ങൾ കൊണ്ട് ഞാൻ അവളെ വളച്ചു. അവള് കെട്ട് പ്രായം തികഞ്ഞു നിൽക്കുന്നത് കൊണ്ടും വിവാഹ ആലോചനകൾ നടക്കുന്നതുകൊണ്ടും ഒരു ദിവസം രണ്ടുപേരും ഒരേപോലെ കാര്യം വീട്ടിൽ അവതരിപ്പിച്ചു. കിണറ്റിൽ ഇട്ട് മൂടിയാലും നിന്നെ ഞാൻ അവനു കൊടുക്കൂല എന്ന് അവളുടെ അമ്മ തീർത്തു പറഞ്ഞു.

വളരെ രഹസ്യമായി ഞങ്ങൾ കാര്യങ്ങൾ പ്ലാൻ ചെയ്തു. എങ്ങനെ അവളെ പൊക്കാം എന്ന് നീളത്തിലും വീതിയിലും നടന്നു ഞാൻ ചിന്തിച്ചു. അപ്പോഴാണ് അവൾ വീട്ടിൽ ഫ്രിഡ്ജ് വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞത്. കുറച്ചു ദിവസങ്ങൾക്കു ശേഷം അവളുടെ വീട്ടിൽ ഫ്രിഡ്ജ് വാങ്ങി. ഫ്രിഡ്ജ് ആയി അവളുടെ വീട്ടിൽ എത്തിയ ഓട്ടോ റിക്ഷയിൽ രണ്ടു കാർബോഡ് ബോക്സ് ഉണ്ടായിരുന്നു. ഒരു കാർബോഡ് ബോക്സിലെ ഫ്രിഡ്ജ് അവിടെ ഇറക്കി മറ്റേ കാർബോഡ് ബോക്സിൽ അവളെ കയറ്റി വണ്ടി ഉടമ ശ്രീമാൻ ഉത്തമൻ എന്റെ വീട്ടിലേക്കു കുതിച്ചു.

പാതി വഴിയിൽ വണ്ടി കാത്തുനിന്ന ഞാനും കയറി. പെട്ടി ഓട്ടോറിക്ഷയിൽ കാർബോഡ് പെട്ടിയുമായി വീട്ടിൽ വന്നിറങ്ങിയ വീട്ടുകാരും പരിസരവാസികളും ഒന്ന് ഞെട്ടി.ഒരു ബൈക്ക് വാങ്ങിയിട്ട് അതിൽ പെട്രോൾ അടിക്കാൻ പൈസ ചോദിക്കുന്ന ഇവൻ എങ്ങനെ ഫ്രിഡ്ജ് വാങ്ങി. കാർബോഡ് ബോക്സ് അതുപോലെ പൊക്കി വീടിന്റെ സെന്റർ ഹാളിൽ വച്ച് ഞാൻ പൊട്ടിച്ചു. എല്ലാവരും സസൂഷ്മം സൂക്ഷിച്ചു നോക്കവേ എൽ ജി യുടെ ഫ്രിഡ്ജിന്റെ ബോക്സിൽ നിന്നും ഒരു പെൺകുട്ടി പുറത്തു വന്നു. കണ്ടു നിന്നവർ ഒക്കെയും ഒന്ന് ഞെട്ടി.

രണ്ടു പേരും കൂടി അമ്മയുടെ കാലിൽ വീണു ” അമ്മ ഞങ്ങളെ അനുഗ്രഹിക്കണം “. രണ്ടാളെയും പിടിച്ചു എഴുന്നേൽപ്പിച്ചിട്ട് എന്റെ കരണത്തു ഒരെണ്ണം പൊട്ടിച്ചിട്ട് അവളെയും വിളിച്ചു അടുക്കളയിലേക്കു പോയി. വൈകിട്ട് പടയും പടക്കോപ്പുമായി അവളുടെ വീട്ടിൽ നിന്നും ആള് വന്നു. അടിയായി പിടിയായി, ഉന്തായി തള്ളായി, അവസാനം അവൾ വീണ്ടും അമ്മയുടെ കാലിൽ വീണു.

അവളുടെ ദയനീയ ഭാവം കണ്ടിട്ടാണോ, കാണാൻ തെറ്റില്ലാത്ത കുട്ടി ആയതു കൊണ്ടാണോ, എന്റെ മുൻകാല ചരിത്രങ്ങൾ നാട്ടിൽ പാട്ടായത് കൊണ്ട് നാട്ടിൽ നിന്നും പെണ്ണുകിട്ടാൻ സാധ്യത ഇല്ലാത്തതുകൊണ്ടാണോ അമ്മ അവളെ വിട്ടു കൊടുത്തില്ല.അന്ന് മുതൽ എന്റെ സഹധർമ്മിണി കിടന്നു പാട് പെടുകയാണ്. ആകുന്ന പോലെ അമ്മയെ സഹായിച്ചും വീട് വൃത്തി ആക്കിയും അവളെങ്ങനെ പെടാപ്പാടു പെടുകയാണ്, ഒരൊറ്റ ലക്ഷ്യം, അമ്മയെ പ്രീതിപ്പെടുത്താൻ.

നേരം സന്ധ്യയായി, നടു അനക്കാൻ പറ്റാത്തത് കൊണ്ട് അവൾ റെസ്റ്റിൽ ആയിരുന്നു. ഭക്ഷണം കഴിഞ്ഞു ഉറങ്ങാൻ കിടന്ന വേളയിൽ അവളുടെ നടു തടവിക്കൊണ്ട് ഞാൻ അവളോട് ചോദിച്ചു.

“വേദന ഉണ്ടോ ”

” ചെറുതായിട്ട് ”

” മോളെ, സഹധർമ്മിണി, നീ എന്തിനാ പുരപ്പുറത്തു കയറിയെ ”

“മുറ്റം അടിചോണ്ടിരിക്കുമ്പോൾ വെറകുപുരയിൽ മാറാല കണ്ടു ”

” എന്നിട്ടോ ”

” അത് തുടക്കാൻ ചൂലുമായി ഏണിയിൽ കയറ്റിയപ്പോൾ ഓടിന്റെ മേലെ കരിയില കിടക്കുന്നത് കണ്ടു ”

” എന്നിട്ട് ”

” അത് അടിച്ചുവാരാൻ ഒരു സ്റ്റെപ് കൂടി കയറിയപ്പോൾ അവിടെ ഒരു പക്ഷികൂട് കണ്ടു ”

” എന്നിട്ട് ”

” അതെടുക്കാൻ ഒരു സ്റ്റെപ് കൂടി കയറാൻ നോക്കിയപ്പോൾ ഏണി തീർന്നാരുന്നു. ഓടിന്റെയും ഏണിയുടെയും ഇടയിലൂടെ ഞാൻ താഴേക്ക് വന്നു. വരുന്ന വഴിക്കു ഏണി പിടിച്ചു. ഏണിയും ഞാനും ഓടിന്റെ മേലെ വീണു. ഓടും ഏണിയും ഞാനും വിറകിന്റെ മേലെ വീണു, അത്രേ ഉണ്ടായുള്ളു ”

” നന്നായി, സഹധർമ്മിണി, അതൊരു പഴഞ്ചോല്ലാണ്, പുത്തൻ അച്ചി പുരപ്പുറം തൂക്കുമെന്നു. എന്റെ കിടാത്തി, നീ വീടിനു ചുറ്റും തൂത്താൽ മതി. അല്ലെങ്കിൽ നിന്നെ തൂത്തുവാരി എടുക്കേണ്ടി വരും ”

ആ, പറയാൻ വിട്ടുപോയി. അവൾക്കൊരു ഇരട്ടപ്പേരുണ്ട്.” പഴുതാര “.സ്കൂളിൽ പഠിക്കുമ്പോ കൂട്ടുകാർ ഇട്ട പേരാണ്. എല്ലിന്റെ മേലെ തോല് ഒട്ടിച്ചു വച്ച മനുഷ്യരൂപം.അതുകൊണ്ടാവും ഏണിയുടെ ഇടയിലൂടെ താഴെ വന്നത്. നാളെ രണ്ടാം നിലയിൽ കയറിൽ തൂങ്ങി പെയിന്റ് അടിക്കുന്നത് ആലോചിച്ചു ഞാൻ ഉറങ്ങിയപ്പോൾ ഇനി വീടിന്റെ ഏത് മൂലയാ ശരിയാക്കണ്ടേ എന്ന് ചിന്തിച്ചു അവള് കിടക്കുന്നുണ്ട്.

രചന: Vipin P G

LEAVE A REPLY

Please enter your comment!
Please enter your name here