അവൾടൊരു പൂങ്കണ്ണീര്.!നീയിനി എത്ര കണ്ണീരൊലിപ്പിച്ചാലും നിന്നെനിക്ക് വിശ്വാസല്ല്യ! നിന്നെ എന്ന്ന്റെ ജീവിതത്തില്ക്ക് കെട്ടി എടുത്തോ അന്ന് തീര്‍ന്നതാ എന്റെ മനസ്സമാധാനം..!’
അവന് അവളോടു പൊട്ടിത്തെറിച്ചു..
അവന്റെ ശബ്ദംകേട്ട് അടുത്ത ബെഡ്ഡുകളിലെ രോഗികള്‍ പോലും എത്തിനോക്കി..
തന്റെ മോളേയും നെഞ്ചോടു ചേര്‍ത്തവള്‍ തേങ്ങി തേങ്ങി കരഞ്ഞു.
കടുത്തപനിയുമായി അവരുടെ മകളെ അവിടെ അഡ്മിറ്റാക്കിയിട്ട് രണ്ടു ദിവസമായി..
ആ രണ്ട് ദിവസം കൊണ്ട് തന്നെ അവളുടെ ഭര്‍ത്താവിന്റെ സ്വഭാവം ഹോസ്പിറ്റലിലെ ഒട്ടുമിക്ക ആളുകളും മനസ്സിലാക്കിയിരുന്നു.. അതുകൊണ്ടു തന്നെ ആരും അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടില്ല.
അവളുടെ കണ്ണീരിനെ വകവെയ്ക്കാതെ അവന് പുറത്തേക്കു പോയി.. അപ്പുറത്തെ ബെഡ്ഡുകളില്‍ നിന്ന് തന്നെ സഹതാപപൂര്‍വ്വം നോക്കുന്നവരുട മുന്നില്‍ അവളൊരു ജീവച്ഛവം പോലെ ഇരുന്നു..
തന്റെ മടിയില്‍ തളര്‍ന്നു കിടന്നുറങ്ങുന്ന മോളെ നോക്കിയപ്പോള്‍ അവളുടെ സങ്കടം ഇരട്ടിച്ചു.
ഒരുപാടു സ്വപ്നങ്ങളുമായി ജീവിച്ച അവള് തന്റെ ദുരവസ്ഥയോര്‍ത്ത് സ്വയം ശപിച്ചു.
തൊട്ടതിനും പിടിച്ചതിനും സംശയ ദൃഷ്ടിയോടെ നോക്കുന്ന ഭര്‍ത്താവ്.
വലതുകാല്‍ വെച്ച് ചെന്നുകയറിയ അന്നുമുതല്‍ അമ്മായി അമ്മയുടേയും, നാത്തൂന്മാരുടേയും ഇടയില്‍ കിടന്ന് അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍.
എല്ലാ ദുഃഖങ്ങളും പങ്കുവെക്കാനുള്ളത് തന്റെ പെറ്റുമ്മ മാത്രം. അവരെ പോലും ഒന്നു കാണാനോ സംസാരിക്കാനോ കഴിയുന്നില്ല..
വല്ലപ്പോഴും ഉമ്മയൊന്നു ഫോണ്‍ ചെയ്താല്‍ പോലും ചുറ്റും കണ്ണും കാതും കൂര്‍പ്പിച്ച് അമ്മായിയുമ്മയും നാത്തൂന്മാരും ഉണ്ടാവും.. പിന്നെ അന്നുരാത്രി ഭര്‍ത്താവിന്റെ അടിയും ചവിട്ടും ഉറപ്പാണ്.. ഉമ്മയോട് ഇവിടുത്തെ കുറ്റങ്ങളും മറ്റും പറയുന്നു എന്നും പറഞ്ഞാണ് ഭേത്യം ചെയ്യല്‍..
പലതവണ ആത്മഹത്യയെ കുറിച്ചുവരെ ചിന്തിച്ചതാണ്.. പക്ഷെ, തന്റെ പൊന്നുമോളുടെ ഗതിയെന്താവുമെന്നാലോചിക്കുമ്പോള്…
ഇതെല്ലാം അനുഭവിക്കാന്‍ എന്തു തെറ്റാണ് താന്‍ ചെയ്തത്..
ശാപം പിടിച്ച ജന്മമാണ് തന്റേത്…
അതെ താന്‍ ചെയ്ത പാപത്തിന്റെ ഫലമാണിന്ന് അനുഭവിക്കുന്നത്..
ഒരുപക്ഷെ അവനെന്ന മനംനൊന്ത് ശപിച്ചിട്ടുണ്ടാവണം.. താനതിനു അര്‍ഹയാണ്.. അത്രയ്ക്കു വലിയ ദ്രോഹമാണ് അവനോട് ചെയ്തത്.
അവളുടെ മനസ്സ് എവിടെയൊക്കെയോ അലയുകയായിരുന്നു…
* * *
ഇവള് ഷിംന..
കോളേജിലെ ബെസ്റ്റ് സ്റ്റുഡന്‍സില്‍ ഒരാളായിരുന്നു അവള്.. ക്ലാസ്സിലെ എല്ലാവരുടേയും പ്രിയപ്പെട്ട കൂട്ടുകാരിയും..
നിമിഷ, രേഷ്മ, ഷഹന, റിന്‍ഷ ഇതായിരുന്നു അവളുടെ ഗ്യാങ്ങ്..
റിന്‍ഷ അവളുടെ റിനു.. അവളുടെ കസിനായിരുന്നു അവന്…
ഒരുകാലത്ത് അവളുടെ എല്ലാമായിരുന്നവന്‍… ഫൈസല്‍..
റിനു മുഖേനെയാണ് അവനെ പറ്റി അവള് അറിയുന്നത്..
അവര്‍ ഫ്രണ്ട്സിനെല്ലാം വലിയ ബഹുമാനമായിരുന്നു അവനോട്..
മിക്കദിവസവും റിനുവിനെ കോളേജില്‍ ട്രോപ്പ് ചെയ്തിരുന്നത് അവനായിരുന്നു.. പക്ഷെ, ഒരിക്കല്‍ പോലും അവള്‍ക്ക് അവനെയൊന്ന് പരിചയപ്പെടാനോ, എന്തിന് അവനെ ഒന്നു കാണാനോ സാധിച്ചല്ല.
ഒരുദിവസം എന്തോ ആവിശ്യത്തിന് റിനു അവളെ വിളിച്ചത് ഫൈസലിന്റെ ഫോണില്‍ നിന്നായിരുന്നു…
സത്യത്തില്‍ അവളത് ആഗ്രഹിച്ചതായിരുന്നു..
അവിചാരിതമായിട്ടാണെങ്കിലും ആ കോള്‍ അവളില്‍ കുറച്ചൊന്നുമല്ല സന്തോഷം ഉളവാക്കിയത്..
ഇടയ്ക്കെപ്പഴോ ബഹുമാനം ആരാധനയിലേക്കും, ഇഷ്ടത്തിലേക്കും വഴിമാറിയിരുന്നു..
ഫ്രണ്ട്സ് കളിയാക്കുമെന്നു കരുതി അവരെയൊന്നും അറിയിക്കാത്ത ഒരിഷ്ടം അതു മനസ്സില്‍ തന്നെ അടക്കിവെച്ചിരിക്കുകയായിരുന്നു…
പിന്നീടു പലപ്പോഴും അവളാ നമ്പറിലേക്ക് റിനുവിനെ കിട്ടാനെന്ന പേരില്‍ വിളിച്ചു കൊണ്ടേയിരുന്നു.. റിനു അവിടെ ഉണ്ടാവില്ലെന്നു ഉറപ്പുണ്ടായിട്ടും അവള് വിളിച്ചു.
പക്ഷെ ഒരിക്കല്‍ പോലും അവന്റെ ഭാഗത്തു നിന്നും മോശമായ ഒരു സംസാരമുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ വാക്കില്‍ സംസാരമൊരുക്കി ഫോണ്‍ കട്ടു ചെയ്യുമായിരുന്നു അവന്. ഇടയ്ക്കോരൊ SMS അയക്കും അതിനുമവന് റിപ്ലേ കൊടുക്കില്ല..
ആദ്യമൊക്കെ അവള് കരുതി ജാഢയാണെന്ന് അവളത് റിനുവിനോട് സൂചിപ്പിക്കുകയും ചെയ്തു. റിനുവത് അവനോട് ചോദിച്ചു അതിനു ശേഷം വിളിച്ചാല്‍ സംസാരിക്കാനും വല്ലപ്പോഴും മെസ്സേജിന് മറുപടി കൊടുക്കാനും തുടങ്ങി..
പിന്നെ പിന്നെ അവര്‍ നല്ല സുഹൃത്തുക്കളായി..
പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതമായിരുന്നു ഫൈസലിന്.. അതുകൊണ്ട് തന്നെ തന്റെ ഇഷ്ടം അവനോടു പറയാന്‍ പേടിയായിരുന്നു അവള്‍ക്ക്..
ഒരുദിവസം രണ്ടും കല്‍പ്പിച്ച് തന്റെ ഇഷ്ടം അവളവനോടു തുറന്നു പറഞ്ഞു..
അവനൊന്നും പറഞ്ഞില്ല.. ഇഷ്ടമാണെന്നോ ഇല്ലെന്നോ ഒന്നും..
ദിവസങ്ങള്‍ കടന്നുപോയി.. അവര്‍ തമ്മില്‍ ഒരുപാട് അടുത്തു..
ഒരുദിവസം അവന് ചോദിച്ചു “എന്നെ ഒരിക്കല്‍ പോലും നീ കണ്ടിട്ടില്ല.. എന്റെ രൂപമോ സ്വഭാവമോ ഒന്നും നിനക്കറിയില്ല.. പിന്നെ എങ്ങിനെ നിനക്കെന്നെ ഇഷ്ടമാണെന്ന് പറയാനാവും”
“കണ്ടിട്ടില്ലെങ്കിലും ഫൈസിക്കയെ എനിക്ക് നന്നായറിയാം.. ആ സ്വഭാവവും ..അല്ലെങ്കിലും ബാഹ്യമായ സൗന്ദര്യത്തിലല്ലല്ലോ കാര്യം., മനസ്സിന്റെ സൗന്ദര്യം അതാണ് വേണ്ടത്.. അതെന്റെ ഫൈസിക്കാക്ക് നല്ലോണം ഉണ്ട്.. അതുമതിയെനിക്ക്”
“ഹഹഹ.. ടീ പൊട്ടി പെണ്ണേ… ഇതൊക്കെ ഈ പ്രായത്തിന്റെ തോന്നലാണ്.. തിരിച്ചറിവിന്റെ പ്രായമാവുമ്പോള്‍ ഇതെല്ലാം വെറുമൊരു തമാശയായി മാറും”
“ന്നെ ഇഷ്ടല്ല്യെങ്കി അതുപറഞ്ഞാ മതി.. പിന്നെ ഞാനൊരു ശല്യാവില്ല!”
“ഓകെ, ഓകെ ആദ്യം നമുക്കൊന്നു കാണാം.. അതുകഴിഞ്ഞൊരു തീരുമാനമെടുക്കാം.. എന്താ?”
പിന്നെയും ദിവസങ്ങള്‍ കൊഴിഞ്ഞുവീണു..
ഒരുദിവസം അവളവനോടു ചോദിച്ചു..
“ഫൈസിക്ക എന്നെ കാണുമ്പോള്‍ ഇഷ്ടല്ലാന്ന് പറയോ?”
“ദെന്താപ്പൊ അങ്ങിനെ ചോദിക്കാന്‍ കാരണം.. ഏഹ്..?”
കുറച്ചു നേരത്തെ മൌനത്തിന് ശേഷം അവള് പറഞ്ഞു..
“എനിക്കൊരു കാര്യം പറയാനുണ്ട്.. നമ്മള് തമ്മില്‍ കാണുന്നതിനു മുന്‍പ് ഫൈസിക്ക എന്നെക്കുറിച്ച് എല്ലാം അറിയണം”
“അതെന്താടോ ഇത്രമാത്രം അറിയാന്‍”
“ഉണ്ട്, ഒരുപാടുണ്ട്…
ഞാനെന്റെ ഉമ്മാന്റെ ഒറ്റമോളാ… പക്ഷെ, ന്റെ ഉപ്പാന്റെ നാലാമത്തെ മോളാ..”
“എന്താ നീ പറയണത്.. എനിക്കൊന്നും മനസ്സിലാവണില്ല..”
“അതെ ഫൈസിക്കാ..സത്യം!
ഉപ്പാന്റെ രണ്ടാമത്തെ ഭാര്യയാണ് എന്റുമ്മ. ഉപ്പാക്ക് ആദ്യത്തെ വിവാഹത്തില്‍ മൂന്ന് മക്കളുണ്ട്.. രണ്ട് പെണ്ണും ഒരാണും.
ഞാനും ഉമ്മയും വാടക വീട്ടിലാണ് താമസിക്കുന്നത്.. ഉപ്പ ഞങ്ങടെ അടുത്തേക്ക് വരണത് ആ ഉമ്മാക്കും, ഇക്കാക്കും, താത്തമാര്‍ക്കും ഒട്ടും ഇഷ്ടല്ല! ഇടയ്ക്ക് അവര്‍ വരും വീട്ടിലേക്ക് ഉമ്മാനെ ചീത്തപറയാനും അധികാരം കാണിക്കാനും..
ഉപ്പാക്ക് ഞങ്ങളെ വല്ല്യ ഇഷ്ടാ.. പക്ഷെ, അവരെ പേടിച്ചിട്ട് ഒന്നും പുറത്ത് കാണിക്കില്ല!.. പലപ്പോഴും ഉമ്മയും ഉപ്പയും ഇതുംപറഞ്ഞ് കരയാറുണ്ട്..
ഉമ്മ എപ്പോഴും പറയും ‘എന്നെ പഠിപ്പിച്ച് സ്വന്തം കാലില്‍ നിര്‍ത്തണം.. ന്നാലേ നമ്മുടെ കഷ്ടപ്പാടൊക്കെ മാറൂന്ന്..’
ഇതൊക്കെയാണീ ഷിംനാടെ ജീവിതം.. ഇതൊന്നും തുറന്നു പറയാതിരിക്കാനാവില്ലെനിക്ക്.. ഇനി ഫൈസിക്കാക്ക് തീരുമാനിക്കാം ഈ പൊട്ടിപെണ്ണിനെ കാണാന്‍ വരണോന്ന്”
പറഞ്ഞു നിര്‍ത്തുമ്പോള്‍ അവളുടെ സ്വരം ഇടറിയിരുന്നു..
“ഞാനെന്താ പറയാ..”
“ഇപ്പൊ തോന്നണുണ്ടാവും ഈ ശാപം പിടിച്ച പെണ്ണിനെ സ്നേഹിക്കേണ്ടായിരുന്നൂന്ന്..”
“ഏയ്.. നിന്നോടെനിക്കിപ്പോ ഇഷ്ടം കൂടിയിട്ടേയുള്ളൂ”
“സഹതാപം കൊണ്ടാവുംലേ ?”
“ഒരിക്കലുമല്ല! തുറന്നു പറയാന്‍ കാണിച്ച ഇയാള്ടെ മനസ്സിനെ… ആ മനസ്സിനെ എനിക്കൊരുപാട് ഒരുപാട് ഇഷ്ടാണ്.. ഇയാളെ എനിക്കു വേണം! മറ്റാര്‍ക്കു വേണ്ടിയും മറ്റൊന്നിനു വേണ്ടിയും നിന്നെ ഞാന്‍ ഉപേക്ഷിക്കില്ല!”
“ഫൈസിക്കാ…”
“ഉം.. ന്തേ..”
“മ്ഹും..”
പരസ്പരം കാണുന്നതിനു മുന്‍പേ ഹൃദയങ്ങള്‍ പറിച്ചു മാറ്റാനാവാത്ത വിധം അവര്‍ അടുത്തു..
അങ്ങിനെ ആ ദിവസം വന്നണഞ്ഞു..
അവളുടെ ഫ്രണ്ടിന്റെ വിവാഹം
അന്ന് അവിടെ വെച്ച് കണ്ടുമുട്ടാന്‍ അവര്‍ തീരുമാനിച്ചു..
നല്ല മഴയുള്ള ദിവസമായിരുന്നു അന്ന്..
അവരുടെ സംഗമത്തില്‍ പ്രകൃതിപോലും ആഹ്ലാദം പ്രകടമാക്കിയ ദിവസം..
കോരിച്ചൊരിയുന്ന മഴയില്‍ ബൈക്കില്‍ വന്നിറങ്ങിയ അവന്റെ അടുത്തേക്ക് കുട ചൂടി അവളും റിനുവും നടന്നു ചെന്നു.. അടുത്തെത്തും തോറും അവളുടെ കൈകാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.. പേടികൊണ്ടവള്‍ റിനുവിന്റെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു..
അവന്റെ അടുത്തേക്കെത്തിയപ്പോള്‍ ഒരു ചെറുപുഞ്ചിരിയാലെ കയ്യിലെ പിടിവിടുവിച്ച് റിനു തിരികെ ഫ്രണ്ട്സിനരികിലേക്ക് നടന്നു..
മഴയില്‍ നനഞ്ഞുനില്ക്കുന്ന അവനു കൂടെ അവള് കുടയില്‍ ഇടം കൊടുത്തു..
പരസ്പരം ഒന്നും ഉരിയാടാനാവാതെ അവര്‍ മുഖത്തോടു മുഖം നോക്കി നിന്നു.. അവളുടെ മുഖമപ്പോള്‍ പേടിയൊ നാണമോ എന്തോ അറിയില്ല വല്ലാതെ ചുവന്നു തുടുത്തിരുന്നു..
മൗനം ഭേതിച്ചത് ഫൈസല്‍ ആയിരുന്നു..
“ഷിംനാ…”
“ഊം..”
“സുഖാണോ?”
“ഉം”
“ഇയാളെന്താ ഒന്നും മിണ്ടാത്തെ.. ഫോണിലൂടെ വല്യ വാചകമടിയാണല്ലോ”
“നിക്ക്..നിക്കൊന്നും പറയാന്‍ കിട്ടണില്ലാ”
അവളുടെ സ്വരം വല്ലാതെ വിറകൊണ്ടു..
“എനിക്കും എന്തൊക്കെയോ പറയാനുണ്ടായിരുന്നു, ഇയാളെ കണ്ടപ്പോ എല്ലാം മറന്നു..
“ഞാ..ഞാന്‍ പൊക്കോട്ടെ ഫൈസിക്കാ..”
“ഏയ് നിക്ക്.. ഞാന്‍ ശെരിക്കൊന്നു കാണട്ടെ ഈ പൊട്ടിപ്പെണ്ണിനെ..”
“ആരേലും കണ്ടാല്‍.. ഫൈസിക്കാ നിക്ക് പേട്യാവ്ണു..”
“ശെരി പൊക്കോ..”
“ന്നാ ഞാന്‍ പൊക്കോട്ടെ അവരൊക്കെ ന്നെ കാത്ത് നില്ക്കാണ്”
“ഉം ശെരി..”
“ഞാന്‍ വിളിക്കാട്ടോ”
തിരിച്ചു നടക്കുമ്പോള്‍ അവന് പറഞ്ഞു..
“ഞാന്‍ മനസ്സിൽ കണ്ടതിനേക്കാള്‍ സുന്ദരിയാട്ടോ”
അവള് പുഞ്ചിരിയോടെ നടന്നു നീങ്ങി..
അന്നു രാത്രി അവന്റെ ഫോണിനായി അവള് കാത്തിരുന്നു.. പതിവിലും വൈകിയാണവന്‍ വിളിച്ചത്
“എവിടാര്‍ന്നു ഇത്രനേരം?”
“ഇവ്ടുണ്ടല്ലോ..”
“ഞാന്‍ കരുതി ന്നെ ഇഷ്ടായിട്ടുണ്ടാവില്ലാന്ന്”
“ആഹാ..കൊള്ളാലോ”
“എങ്കി പറയ് ന്നെ ഇഷ്ടായോ?”
“ഒരുപാട്
ഞാന്‍ മനസ്സില്‍ കണ്ട അതേ രൂപം തന്നെ ഫൈസിക്കാക്ക്”
“ചുമ്മാ.. പുളു”
“അല്ലാട്ടോ.. സത്യായിട്ടും..റിനു പറഞ്ഞ് ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു”
“പിന്നെ പറയ്.. എന്തൊക്കെയാ ഇന്നത്തെ വിശേഷങ്ങള്‍..”
“ന്ത് വിശേഷം മോനേ! കല്ല്യാണം അടിച്ചുപൊളിച്ചു..”
“ഇനിയെന്നാ നമ്മുടെ?”
“ന്ത്?”
“കല്ല്യാണം!”
“ഓഹ്! അതെപ്പോ വേണേല്‍ ആവാലോ”
“എന്നാ പിന്നെ അധികം വൈകണ്ട, നാളെ തന്നെ ആയാലോ”
“അയ്യട!”
ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു..
പിണങ്ങിയും, ഇണങ്ങിയും, സ്വപ്നങ്ങള്‍ നെയ്തും ഒരുപാട് ദിവസങ്ങള്‍…
.
.
.
.
.
ഷിംനയ്ക്ക് വീട്ടില്‍ പല വിവാഹ ആലോചനകളും വരുന്നുണ്ടായിരുന്നു..
പഠനത്തിന്റെ കാര്യം പറഞ്ഞ് അതെല്ലാം ഒഴിവാക്കികൊണ്ടിരുന്നു..
ആയിടെ ഉപ്പയുടെ സ്നേഹിതന് മുഖേന ഒരു ആലോചന വന്നു.. അന്വേഷണത്തില്‍ അവളുടെ ഉപ്പാക്കും ഉമ്മാക്കും ആ ആലോചന താല്പര്യമായി..
ഒറ്റമകന്, വിദേശത്ത് നല്ല ജോലി, സാമാന്യം ഭേതപ്പെട്ട സാമ്പത്തീക ചുറ്റുപാട്.. എല്ലാം കൊണ്ടും നല്ല കാര്യം.
അവള് ആദ്യമൊക്കെ എതിര്‍ത്തെങ്കിലും ഉപ്പാടെ നിര്‍ബന്ധത്തിന് വഴങ്ങി പെണ്ണുകാണാന്‍ വന്നവരുടെ മുന്നില്‍ മനസ്സില്ലാ മനസ്സോടെ നിന്നു കൊടുക്കേണ്ടി വന്നു.
കുട്ടിയെ കണ്ടു അവര്‍ക്ക് ഇഷ്ടമായെന്നും നിങ്ങളുടെ തീരുമാനം അറിയിച്ചാല്‍ കാര്യങ്ങള്‍ ഉറപ്പിക്കാം എന്നു പറഞ്ഞ് അവര്‍ പോയി..
എനിക്കിപ്പോള്‍ കല്ല്യാണം വേണ്ടെന്നും പഠിക്കണമെന്നും പറഞ്ഞ് അവള് ഒഴിയാന്‍ ശ്രമിച്ചു.
അവര്‍ക്ക് പഠിപ്പിക്കുന്നതിനു തടസ്സമില്ലെന്നും, വിവാഹത്തിനു ശേഷവും നിനക്കിഷ്ടമുള്ളതുവരെ പഠിക്കാമെന്നും, ഇത് നമുക്ക് കിട്ടാവുന്നതില്‍ വച്ചേറ്റവും നല്ല ബന്ധമാണെന്നും പറഞ്ഞ് ഉമ്മയും ഉപ്പയും അവളുടെ വായടപ്പിച്ചു.
ഒരു കാര്യം പറഞ്ഞും ഒഴിഞ്ഞു മാറാന്‍ അവള്‍ക്കായില്ല. കൂട്ടത്തില്‍ ഫ്രണ്ട്സിന്റെ ഉപദേശവും കൂടെയായപ്പോള്‍ അവളുടെ ചിന്തകള്‍ കാടുകയറി..
പറയാന്‍ കാര്യമായ ജോലിയോ സാമ്പത്തികമോ ഇല്ലാത്ത ഫൈസലിനേക്കാള്‍ എന്തുകൊണ്ടും ഈ ബന്ധമാണ് തന്റെ ജീവിതത്തിന് നല്ലതെന്ന് അവളുടെ മനസ്സു മന്ത്രിച്ചു..
സ്വാര്ത്ഥമതിയാവുകയായിരുന്നവള്…
സ്നേഹത്തേക്കാള്‍ മറ്റുമൂല്യങ്ങള്ക്ക് പ്രാധാന്യം കൊടുക്കുകയായിരുന്നു..
എങ്ങിനെ ഫൈസലിനെ ഒഴിവാക്കണമെന്നുള്ള ചിന്ത അവളുടെ മനസ്സിനെ വീര്‍പ്പുമുട്ടിച്ചു കൊണ്ടേയിരുന്നു..
ആ സമയത്ത് ഫൈസല്‍ അവളെ കോണ്ടാക്റ്റ് ചെയ്യുമ്പോഴെല്ലാം പലകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി നടന്നു..
ഒരു ദിവസം രണ്ടുംകല്‍പ്പിച്ച് അവള് പറഞ്ഞു..
“ഈ ബന്ധം നമുക്കിവിടെ അവസാനിപ്പിക്കാം ഫൈസിക്കാ.. നമ്മുടെ ബന്ധം ഒരിക്കലും നടക്കില്ല! വേറൊന്നും എന്നോടു ചോദിക്കരുത്, എന്നെ ശപിക്കരുത്… നമുക്ക് പിരിയാം..”
ഫൈസല്‍ എന്തേങ്കിലും പറയാന്‍ തുടങ്ങും മുന്‍പ് അവള് ഫോണ്‍ കട്ട് ചെയ്തു..
പല പ്രാവിശ്യം അവനവളെ വിളിച്ചു കൊണ്ടിരുന്നു.. ഫോണ്‍ എടുക്കാതായപ്പോള്‍ മെസ്സേജ് ചെയ്തു.. അതിനൊന്നും അവള് റിപ്ലേ കൊടുത്തില്ല..
തീര്‍ത്തും അവനെ അവഗണിക്കുകയായിരുന്നു അവള്..
പിറ്റേന്ന് റിനുവിനെ കണ്ടപ്പോള്‍ അവള് പറഞ്ഞു..
“എനിക്കിനി വിളിക്കരുതെന്ന് നിന്റെ ഇക്കാനോട് പറയണം.. എന്റെ കല്ല്യാണം ഉറപ്പിച്ചു… ദയവു ചെയ്ത് എന്റെ ജീവിതം തകര്‍ക്കരുതെന്ന് പറയണം.. പ്ലീസ്..”
“നീ എന്റിക്കാനെ ഇഷ്ടപ്പെട്ടത് ഒരു നേരംപോക്കിനാണെന്നറിയാതെ ആ പാവം നിന്നെ ഒരുപാട് സ്നേഹിച്ചു.. നിന്റെ എല്ലാ പോരായ്മകളും അറിഞ്ഞിട്ടും.. എനിക്കും നിന്നെ ജീവനായിരുന്നു. അതുകൊണ്ടാ ഇതിനെല്ലാം കൂട്ടു നിന്നത്.. അവനായിട്ട് നിന്റെ ജീവിതം തകര്‍ക്കില്ല.. ഞാനായിട്ട് തുടങ്ങിവെച്ചത് ഞാനായിട്ട് തന്നെ അവസാനിപ്പിച്ചോളാം..”
അന്നു വൈകീട്ട് ഫൈസല്‍ ഒരു മെസ്സേജ് അയച്ചു അവള്‍ക്ക്..
“നിന്റെ ജീവിതം ഞാനായിട്ട് ഒരിക്കലും തകരില്ല!”
“ഫൈസിക്ക എന്നെ വെറുക്കരുത്..
എന്നെ ഒരു നല്ല ഫ്രണ്ടായിട്ട് കാണണം”
“സ്നേഹിച്ച പെണ്ണിനെ വെറുമൊരു ഫ്രണ്ടായിട്ട് കാണാന്‍ എനിക്ക് സൗകര്യമില്ലെടീ പുല്ലേ!!
ഇത്രയും കാലം എനിക്കു നിന്നോടുണ്ടായിരുന്ന സ്നേഹം ദേ ഇവിടെ തീരുന്നു.. ഇപ്പൊ എന്റെ മനസ്സില്‍ ഒരു കൊടിച്ചി പട്ടിടെ സ്ഥാനം പോലുല്ല്യ നിനക്ക്.. അത്രയ്ക്ക് വെറുപ്പാണെനിക്ക് നിന്നെ!”
അവനില്‍ നിന്നും അത്തരമൊരു പ്രതികരണം അവള് പ്രതീക്ഷിച്ചില്ല..
അവളുടെ മനസ്സില്‍ അതൊരു നീറ്റല്‍ ഉളവാക്കിയെങ്കിലും കാലക്രമേണ അതുമറക്കുവാന് അവള്‍ക്കു സാധിച്ചു.
അങ്ങിനെ റഹീമുമായി അവളുടെ വിവാഹം നടന്നു..
ഏതൊരു പെണ്ണിനേയും പോലെ ഒരുപാട് സ്വപ്നങ്ങളുമായി പുതിയ ജീവിതത്തിലേക്ക്..
സന്തോഷം നിറഞ്ഞ നാളുകള്‍..!
പക്ഷെ, ആ സന്തോഷങ്ങള്‍ക്ക് അധികം ആയുസ്സില്ലായിരുന്നു…
രണ്ട് പെങ്ങന്മാരുടെ ഒരേയൊരു ആങ്ങളയായിരുന്നു റഹീം. അതുകൊണ്ടു തന്നെ അവരോടുള്ള സ്നേഹത്തില്‍ അവള് മൂലം കുറവ് വരുന്നുവെന്ന് പറഞ്ഞായിരുന്നു തുടക്കം.
നാത്തൂന്‍പോര് കേട്ടറിവേ ഉണ്ടായിരുന്നുള്ളു, അവളത് അനുഭവിക്കാനും തുടങ്ങി..
ആദ്യമൊക്കെ കുറേ സഹിച്ചു, പിന്നീട് സഹിക്കാവുന്നതിനും അപ്പുറമായപ്പോള്‍ റഹീമിനോടു തുറന്നു പറഞ്ഞു. അവനത് ഉമ്മയോടു ചോദിച്ചു. അന്നുതന്നെ അതിന്റെ പ്രത്യാഘാതം അവള് നേരിടേണ്ടി വന്നു..
“വന്നു കേറിയില്ല, അതിനു മുമ്പേ ന്റെ മക്കളെ തമ്മില്‍ തെറ്റിക്കാന്‍ തുടങ്ങിയോടീ..” ഉമ്മാടെ ആക്രോശം..
“ന്താ ഉമ്മാ പറയണത്.. ഞാനെന്ത് ചെയ്തെന്നാ?”
“അനക്കൊന്നും അറിയൂലേ… ന്റെ ചെക്കന് ഒരു പാവായോണ്ട് ഓരോന്ന് ഓതിക്കൊട്ത്ത് ഓന്റെ മനസ്സില്‍ വെഷം കുത്തിനെറക്കാന് നോക്കണ്ട! അയ്ന് ഞാന്‍ സമ്മയ്ക്കൂല.. മര്യദക്കാണേല് ഇവ്ടെ കഴിഞ്ഞാ മതി..”
ഒരുപാട് കരഞ്ഞു അവളന്ന്.. നിസ്സഹായയായ അവള് മറ്റെന്തു ചെയ്യാനാണ്..
അന്ന് ഉമ്മ വിളിച്ചപ്പോള്‍ സങ്കടം അറിയിക്കാതെ സംസാരിക്കാന്‍ അവള് നന്നെ പാടുപെട്ടു.
എത്രയൊക്കെ മറച്ചുവെച്ചാലും മക്കളുടെ സ്വരത്തിലെ നേരിയ പതര്‍ച്ച പോലും പെറ്റവയറിന് മനസ്സിലാക്കാനാവും.. അവര്‍ക്കേ അതു മനസ്സിലാക്കാനാവൂ..
“ന്റെ മോള്‍ക്ക് ന്താ പറ്റ്യേ?” ഉമ്മാടെ ശബ്ദം ഇടറിയിരുന്നു.
പിന്നെയവള്‍ക്ക് പിടിച്ചു നില്ക്കാനായില്ല.. സങ്കടം അണപൊട്ടിയൊഴുകി.
തന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാന്‍ ആ വീട്ടിൽ ആളുകളുണ്ടെന്ന് അന്ന് രാത്രി റഹീമിന്റെ സംസാരത്തില്‍ നിന്ന് അവള് തിരിച്ചറിഞ്ഞു..
“ഒരു കുടുംബമാവുമ്പോള്‍ പല പ്രശ്നങ്ങളുമുണ്ടാവും.. അതെല്ലാം വീട്ടിലേക്ക് വിളിച്ച് പറയണത് അത്ര നല്ലതല്ല!
നീയിനി ജീവിക്കേണ്ടത് ഇവിടെയാണ്. അപ്പോ ഇവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കണം.. മനസ്സിലായോ..”
ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. എല്ലാം സഹിക്കാന്‍ അവള് ഒരുവിധം ശീലിച്ചു തുടങ്ങിയിരുന്നു..
റഹീമിന്റെ സ്വഭാവത്തില്‍ പലമാറ്റങ്ങളും കണ്ടു തുടങ്ങി.. മദ്യപാനവും മറ്റും..
മിക്ക ദിവസങ്ങളിലും വീട്ടില്‍ വഴക്കിടല്‍ പതിവായി.. അതെല്ലാം അവളുടെ തലയില്‍ തന്നെ വന്നുപതിച്ചു.
അവള് കാരണമാണ് അവന് മദ്യപാനം തുടങ്ങിയതെന്നായിരുന്നു ആരോപണം..
മാസങ്ങള്‍ മാറിമറിഞ്ഞു…
അവളുടെ സങ്കടങ്ങളില്‍ അവള്‍ക്ക് കൂട്ടായി.. അവര്‍ക്കിടയിലേക്ക് പുതിയൊരു അതിഥി കൂടി വന്നു.. ഒരു പെണ്‍കുഞ്ഞ്..
സന്തോഷത്തിന്റെ നാളുകള്‍ തിരിച്ചു വന്നു.
റഹീം അവളോട് സ്നേഹമായ് പെരുമാറാന്‍ തുടങ്ങി..
ഒരു കുഞ്ഞുണ്ടായതോടെ ഉമ്മയുടെ സ്വഭാവത്തിലും കുറച്ച് അയവ് വന്നിരുന്നു..
അവള് വീണ്ടും നല്ല സ്വപ്നങ്ങള്‍ കണ്ടു തുടങ്ങി..
പക്ഷെ, ആ സന്തോഷത്തിനും അധികം ആയുസ്സുണ്ടായിരുന്നില്ല.
റഹീമിന്റെ ഒരു അകന്ന ബന്ധു വിവാഹം ചെയ്തത് ഷിംനയുടെ പഴയ ക്ലാസ്മേറ്റിനെ ആയിരുന്നു. അവള് മുഖേന ഷിംനയും ഫൈസലും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധത്തെകുറിച്ച് റഹീമിന്റെ പെങ്ങള് അറിയുവാന്‍ ഇടയായി.. അവളത് പൊടിപ്പും തൊങ്ങലും കൂട്ടി റഹീമിന്റെ ചെവിയില്‍ എത്തിച്ചു.
അന്ന് രാത്രി വളരെയധികം മദ്യപിച്ചെത്തിയ റഹീം ഷിംനയെ വളരെ ക്രൂരമായി മര്‍ദ്ദിച്ചു.. ഫൈസലുമായി ചേര്‍ത്ത് നിറം ചാലിച്ച കഥകള്‍ പറഞ്ഞായിരുന്നു മര്‍ദ്ദനം.. തൊട്ടിലില്‍ കിടന്നു കരയുന്ന അവന്റെ ചോരയില്‍ പിറന്ന കുഞ്ഞിനെ പോലും അവന് തള്ളിപറഞ്ഞു..
താനൊരു തെറ്റും ചെയ്തില്ലെന്നും പറഞ്ഞ് അവള് അവന്റെ കാലു പിടിച്ചു കരഞ്ഞു. അവന് അവളെ മുടിക്കുത്തിന് കുത്തിപ്പിടിച്ച് ചുമരിലേക്ക് വലിച്ചെറിഞ്ഞു.. ചുമരില്‍ തലയിടിച്ച് ബോധരഹിതയായ അവള് കണ്ണുതുറക്കുമ്പോള്‍ ഹോസ്പിറ്റലിലായിരുന്നു.. കരഞ്ഞു തളര്‍ന്ന കണ്ണുകളോടെ തന്റെ അരികില്‍ ഇരിക്കുന്ന പെറ്റുമ്മയെ കണ്ടപ്പോള്‍ അവള്‍ക്കു സങ്കടം നിയന്ത്രിക്കാനായില്ല.. “ഞാനൊരു തെറ്റും ചെയ്തില്ല ഉമ്മാ” അവള് പൊട്ടിക്കരഞ്ഞു..
ആ പാവം ഉമ്മാക്ക് മകളെ എങ്ങിനെ ആശ്വസിപ്പിക്കുമെന്നറിയില്ലായിരുന്നു..
ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത അവളെ റഹീം നിര്‍ബന്ധമായി അവന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
പിന്നീടുള്ള ദിവസങ്ങള്‍ അവള്‍ക്കു പീഢനങ്ങളുടേതായിരുന്നു..
കുറ്റപ്പെടുത്തലുകളുടേയും അവഹേളനങ്ങളുടേയും പീഢനങ്ങളുടേയും ഇടയില്‍ അവള് തികച്ചും ഒറ്റപ്പെട്ടു…
കുഞ്ഞിനെ പോലും ഒന്നു ലാളിക്കാനോ കരയുമ്പോള്‍ ഒന്നെടുക്കാനോ ആരും മുതിര്‍ന്നില്ല.
വീട്ടിലെ ജോലിയും ആരോഗ്യസ്ഥിതി മോശമായതു കൊണ്ടും കുഞ്ഞിനെ നോക്കാന്‍ അവള് നന്നെ പാടുപെട്ടു..
കുഞ്ഞിനു കാര്യമായ പരിചരണം ഇല്ലാത്തതു മൂലം അസുഖങ്ങള്‍ പിടിപെട്ടു.. ശക്തിയായ പനി ബാധിച്ച് തളര്‍ന്നുപോയ കുഞ്ഞിനെ റഹീമിന്റെ കാലുപിടിച്ചാണ് ഹോസ്പിറ്റലില്‍ കൊണ്ടുവന്നതു തന്നെ.
ഇവിടെ എത്തിയിട്ടും അവളെ അവന് മാനസികമായി പീഢിപ്പിച്ചു കൊണ്ടിരുന്നു.. അവളെ പരസ്യമായി അപമാനിച്ചു..
.
.
.
ഇതിനുമാത്രം എന്ത് പാപമാണ് താന്‍ ചെയ്തത്.. അവള് ചിന്തിച്ചു..
ഇല്ല തനിക്കാരോടും, ഒന്നിനോടും പരാതിയും പരിഭവവുമില്ല! ഇതു തന്റെ വിധിയാണ്…
തനിക്കര്‍ഹമായ വിധി!
അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ത്തുള്ളി ആ കുഞ്ഞിന്റെ മുഖത്ത് വീണുടഞ്ഞു!..
രചന : Sudhi sidhique
കൊടുത്താൽ കൊല്ലത്തും കിട്ടും