Home Latest ഓ പിന്നെ. ഞാൻ കെട്ടിയ പെണ്ണിനെ നോക്കാൻ എനിക്കറിയാം. അതിന് വേറെ ആരുടേയും സഹായം വേണ്ട.

ഓ പിന്നെ. ഞാൻ കെട്ടിയ പെണ്ണിനെ നോക്കാൻ എനിക്കറിയാം. അതിന് വേറെ ആരുടേയും സഹായം വേണ്ട.

0

ഓനെന്ത് തോന്ന്യാസാ കാണിച്ചത്, ഈ രാത്രീല് ഒൻപത് മാസം വയറും വീർപ്പിച്ചിരിക്കുന്ന അന്നേ ഇവിടെ ഒറ്റക്കാക്കി ഓൻ പന്തുകളി കാണാൻ പോയെന്നോ. ഓനിത് എന്തിന്റെ കേടാണ്.. എന്റെ കുഞ്ഞോളെ അനക്കൊന്ന് പറഞ്ഞു നിർത്തിക്കൂടെ ഓനെ ഇവിടെ..

അയലോത്തെ കദീശുമ്മയുടെ പരിഭവം കേട്ടപ്പോൾ ഞാൻ അവരെ നോക്കി ഒരു മൊഞ്ചുള്ള ചിരി ചിരിച്ചു..

ഞാനിവിടെ തനിച്ചായതുകൊണ്ട് എനിക്ക് കൂട്ടിരിക്കാൻ വന്നതാണ് കദീശുമ്മ. മക്കളെല്ലാം വീടൊഴിഞ്ഞു പുതിയ തീരത്തേക്കണഞ്ഞപ്പോൾ കദീശുമ്മയുടെ ഒറ്റപ്പെട്ട ജീവിതത്തിന് ചെറിയ ചലനമുണ്ടാക്കുന്നത് ഇങ്ങനെയുള്ള ഈ കൂട്ടിരിക്കലാണ്, അതുകൊണ്ടുതന്നെ കദീശുമ്മ ഒരുമടുപ്പും തോന്നാതെ എത്ര നേരം വേണമെങ്കിലും ഇവിടെ വന്നിരിക്കും.

ഇങ്ങള് ബേജാറാവാതെ കദീശുമ്മ.
ഇക്ക ഇവിടെ അടുത്തേക്ക് തന്നെയല്ലേ പോയത്. എനിക്കെന്തെലും ബുദ്ധിമുട്ട് തോന്നിയാൽ ഒരു ഫോൺ കോളിനപ്പുറം ഇക്ക ഓടിക്കിതച്ചിവിടെ എത്തില്ലേ. പിന്നെ എന്താ,

ഹ പഷ്ട്, ഓന്ക്ക് ചേർന്ന പെണ്ണെന്നെ യ്യ്. എന്നും പറഞ്ഞു വെറ്റിലക്കറ നിറഞ്ഞ പല്ലുകാട്ടി കദീശുമ്മ കുലുങ്ങി ചിരിച്ചു,

നേരം പാതിരാത്രിയും പിന്നിട്ടിരിക്കുന്നു. കണ്ണിൽ ഉറക്കം തളംകെട്ടിത്തുടങ്ങി.
അകലെനിന്നും ഉമ്മറത്തേക്ക് പതിക്കുന്ന ഇക്കാടെ ബൈക്കിന്റെ ലൈറ്റ് കണ്ടപ്പോൾ ഒരു നെടുവീർപ്പോടെ ഞാനും കദീശുമ്മയും ഒരുമിച്ചെണീറ്റു..

ഇക്ക ഉമ്മറപ്പടി കയറിയതും കദീശുമ്മ പരാതിയുടെ കെട്ടഴിച്ചിടാൻ തുടങ്ങി.

എടാ ഇബിലീസേ നേരം എത്രായീന്ന യ്യ് വിചാരിച്ചത്, ഈ വയറും വീർപ്പിച്ചിരിക്കുന്ന പെണ്ണിനെ ഇവിടെ ഒറ്റക്കിട്ട് പന്ത് കാളി കാണാൻ പോവാൻ അനക്കെന്താ പിരാന്തുണ്ടോ.. എങ്ങാനും ഇവൾക്ക് വല്ല വയ്യായികയും വന്നാൽ എന്താ യ്യ് കണ്ടത്, എന്നെ കണ്ടിട്ടാണ് എന്റെ ഈ അഴിഞ്ഞാട്ടം എങ്കിൽ അത് മാണ്ട, എപ്പോഴും ഞാൻ ഉണ്ടായിക്കൊള്ളണം എന്നില്ല. മറക്കണ്ട.

ഓ പിന്നെ. ഞാൻ കെട്ടിയ പെണ്ണിനെ നോക്കാൻ എനിക്കറിയാം. അതിന് വേറെ ആരുടേയും സഹായം വേണ്ട.
പിന്നെന്തിനാടാ ഹമുക്കേ എന്നെ യ്യ് ഇവൾക്ക് കൂട്ടിന് വിളിക്കാൻ നിക്കുന്നത്.
ഇങ്ങളെ ആരും പിടിച്ചു കൊണ്ടുവരുന്നൊന്നുമില്ലല്ലോ. ഇങ്ങക്ക് സൗകര്യം ഉണ്ടേൽ വന്നമതിയെന്നേ.
ഹ എന്നാൽ ഇനിയങ്ങോട്ട് എനിക്ക് അല്പം സൗകര്യക്കുറവുണ്ട്. ഞാൻ പോവാ.. ഇനിയെന്നെ വിളിക്കാൻ യ്യ്
അങ്ങോട്ട് വാ ബാക്കി ഞാൻ അപ്പം പറഞ്ഞു തരണ്ട്.

ഇത്രയും പറഞ്ഞു കദീശുമ്മ പുറത്തേക്കും ഇക്ക അകത്തേക്കും നടന്നു.

ഹേയ് കദീശുമ്മ അവിടെ നിന്നെ ദേഷ്യപ്പെട്ട് പോവാണോ. ഞാൻ കദീശുമ്മയുടെ പിറകെ കൂടി.
ഇങ്ങള് ഇക്കാടെ വർത്താനമൊന്നും കാര്യാക്കണ്ട. ഇന്ന് പന്തുകളിയിൽ ഉക്കാടെ ടീം ജയിച്ചീല്ല. അതിന്റെ ചൊടിച്ചിലാ മൂപ്പർക്ക്. അല്ലാതെ മനസ്സിൽ തട്ടിപ്പറയുന്നതൊന്നുമല്ല.

അതുപിന്നെ യ്യ്‌ പറഞ്ഞിട്ട് വേണോ. എനിക്കറിഞ്ഞൂടെ ഓനെ. പുറത്തീ കാണുന്ന വമ്പത്തരമേയുള്ളു. പാവ.
ഉള്ള് നിറയെ സ്നേഹാണ്. അത് എനിക്കോൻ വേണ്ടുവോളം തരുന്നൂണ്ട്‌. പെറ്റുപോറ്റിയ മക്കൾ പോലും തരാത്ത സ്നേഹം, കദീശുമ്മയുടെ കണ്ണ് ഈറനണിഞ്ഞു,
നീ ചെല്ല് പോയി അവന്റെ അടുത്തുചെന്നിരിക്ക്.

ഇക്കാടെ നെഞ്ചിൽ തലചായ്ച്ചു കിടക്കുമ്പോഴാണ് ഇക്കാനെ ദേഷ്യപ്പെടുത്താനെന്നോണം ഞാൻ അത് ചോദിച്ചത്,
അല്ലിക്കാ സിസ്സർലാൻഡ് വലിയ ടീം ആണോ..? ചോദ്യംകേട്ടതും അതുവരെ എന്റെ മുടിയിൽ തലോടിയിരുന്ന ഇക്കാടെ കൈ പെട്ടെന്ന് പിൻവലിഞ്ഞു.
ഹ നിന്റെ അർജന്റീനയെ തളച്ച ടീമിനെക്കാൾ നല്ല ടീമാ,,
ഇക്കാടെ ബ്രസീലിനേക്കാൾ നല്ല ടീമൊന്നുമല്ലല്ലോ.. എന്നിട്ടും സമനില ആയില്ലേ .. ചെ.. മോശമായിപ്പോയി.

നമുക്ക് ഈ ചർച്ച ഇവിടെ നിർത്താം..
ഹേയ് അങ്ങനെ നിർത്തല്ലേ, ഇന്നലെ ഞമ്മളെ അർജന്റീന ഒന്ന് സമനില ആയപ്പോൾ എന്തായിരുന്നു ഇങ്ങളെ സന്തോഷം, തുള്ളിക്കളിയായിരുന്നില്ലേ ഇവിടെ..
ഇപ്പം തൃപ്തിയായില്ലേ… ഇതാ പറഞ്ഞത്. കൊടുത്താൽ കൊല്ലത്തും കിട്ടൂന്ന്. എന്നിട്ട് ആ ദേഷ്യം തീർത്തത് കദീശുമ്മയോട്,. ഇങ്ങക്ക് ഉളുപ്പുണ്ടോ മനുഷ്യ.
പൂർണ ഗർഭിണിയായ എന്നെ ഇവിടെ ഒറ്റക്കിട്ട് കളികാണാൻ പോയതുകൊണ്ടാണ് ഇങ്ങളെ ബ്രസീൽ ഇങ്ങനെ ആയത്. എന്റെ ശാപം അല്ലാണ്ടെന്താ.

അൽപനേരം ഇക്ക ഒന്നും മിണ്ടിയില്ല.

ഡീ, നിനക്കെന്നോട് ദേഷ്യണ്ടോ.. ഇക്കടെ സ്വരത്തിൽ നേരിയ ഇടർച്ചയുണ്ടായിരുന്നു,
എനിക്കോ, എന്തിന്..
അല്ല നിന്നെ ഏറ്റവും കൂടുതൽ കെയർ ചെയ്യേണ്ട സമയം അല്ലെ ഇത് എന്നിട്ടും…
ഈ സമയത്തുപോലും നിന്നെ ഒറ്റക്കിട്ട് ഞാൻ പോകുന്നതിൽ..
നിന്നെ ഞാൻ മറന്നുപോകുന്നുണ്ടോ എന്ന തോന്നലുണ്ടോ നിനക്ക്… ഉണ്ടോടി,
ഇക്ക എന്റെ നേരെ തിരിഞ്ഞു,

എന്റെ ഇക്ക ഞാൻ വെറുതെ ഇക്കാനെ മൂപ്പിക്കാൻ പറയുന്നതല്ലേ. അല്ലാതെ,
എനിക്കറിയാം ഇങ്ങക്ക് പന്തുകളിയോടുള്ള ഇഷ്ടം എത്രയുണ്ടെന്ന്.. പെണ്ണുകാണാൻ വന്ന അന്നുപോലും എന്നോട് ആദ്യം പറഞ്ഞത് ഇങ്ങക്ക് പന്തുകളീന്ന് വെച്ചാ ജീവനാണെന്നല്ലേ. ഒന്നിനുവേണ്ടിയും അതിനെ ഉപേക്ഷിക്കില്ല എന്നല്ലേ..
അന്നുതന്നെ ഉപ്പച്ചി വാക്കാലെ കല്യാണം ഉറപ്പിച്ചപ്പോൾ ആദ്യം ഞാൻ കരുതീത് ഈ കളിഭ്രാന്തന്റെ കൂടെ എന്റെ ജീവിതം കാറ്റുനിറച്ച പന്തുപോലെ ഉരുണ്ട് പോകും എന്നാ.
പക്ഷെ പിന്നെ പിന്നെ എനിക്ക് ബോധ്യമായി. ഈ നെഞ്ചിനുള്ളിൽ ഫുട്ബോൾ മാത്രമല്ല ഒത്തിരി സ്നേഹമുള്ള ഒരു കുഞ്ഞുമനസ്സും ഉണ്ടെന്ന്..

എന്റിക്ക പൂർണമാവണമെങ്കിൽ പന്തുകളി കൂടിയേ തീരു എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് അതിനെ കുറിച്ച് ഒരു ചുക്കുമറിയാത്ത ഞാനും അതിലേക്ക് എത്തിപ്പെട്ടത്. ഇങ്ങടെ ഇഷ്ട ടീമിന്റെ ശത്രുക്കളെ തന്നെ ഞാൻ തിരഞ്ഞെടുത്തത്. കളികഴിഞ്ഞാൽ ഓരോ തവണ ഇങ്ങളെ ഞാൻ കളിയാക്കുമ്പോഴും നിങ്ങളെന്നെ കളിയാക്കുമ്പോഴും അതൊക്കെ ഞാൻ എത്ര ആസ്വദിക്കുന്നുണ്ടെന്നോ..

എനിക്കറിയാം നിങ്ങൾക്ക് പന്തുകളിയെക്കാൾ ഇഷ്ടാണ് എന്നെ എന്ന് ഞാൻ വാശിപിടിച്ചാൽ ഇങ്ങള് അത് ഒഴിവാക്കും എന്നും എനിക്കറിയാം. പക്ഷെ ഇങ്ങടെ ജീവിതത്തിൽ നിന്നും ഇങ്ങടെ ഇഷ്ടം എടുത്തുമാറ്റിയിട്ട് ഈ ശരീരം മാത്രമായി എനിക്ക് എന്തിനാ.
ഞാൻ ഇഷ്ടപ്പെടുന്നതൊക്കെ നിങ്ങളും ഇഷ്ടപ്പെടുന്നില്ലേ..
അപ്പോൾ നിങ്ങളെ ഇഷ്ടങ്ങളെ എനിക്കും ഇഷ്ടപ്പെടാൻ കഴിയില്ലേ..
എനിക്കതിന് കഴിയണ്ടേ.. എങ്കിലല്ലേ ഇക്കാ ഞാൻ നിങ്ങൾക്കൊരു നല്ല ഭാര്യയാവൂ.. ഞാൻ മരിച്ചാലും ഇങ്ങടെ പ്രാർത്ഥന എന്നെ തേടിയെത്തൂ..

ഞാൻ ഒന്നൂടെ ഇക്കയിലേക്ക് ചേർന്ന് കിടന്നു, ഇക്കയെന്നെ പുണർന്നു..

അതേയ് ഇത്തവണ ഇങ്ങളെ ബ്രസീൽ കപ്പടിച്ചാലും എനിക്ക് വലിയ വിഷമമൊന്നും ഉണ്ടാവില്ലട്ടോ,,
പക്ഷെ ഇങ്ങള് പണ്ടെനിക്ക് തന്ന വാക്ക് മാറ്റരുത്..

വാക്കോ, എന്ത് വാക്ക്.
ഓർമയില്ലേ..
ബ്രസീലിന്റെ വേൾഡ് കപ്പ് പോലെ അഞ്ചുകുട്ടികൾ മതി നമുക്കെന്ന് വാക്ക് തന്നത്..
ഇത്തവണ അവർ കപ്പടിച്ചുകഴിഞ്ഞാൽ അത് ആറാവില്ലേ… എനിക്ക് വയ്യ അത്രയൊന്നും..
ഇത്രയും പറഞ്ഞു ഇക്കയുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തുമ്പോൾ പുറത്തു മഴ പെയ്ത് തുടങ്ങിയിരുന്നു,

nb
ഈ പന്തുകളിയെ ജീവനാക്കിയവർക്കും സ്നേഹിക്കാൻ അറിയാ ട്ടാ..

രചന ; ഉനൈസ്

LEAVE A REPLY

Please enter your comment!
Please enter your name here