Home Latest ലളിതേ നീ എന്റെ കുട്ടീനെ ഒറ്റയ്ക്ക് ഒരു മുറിയിൽ പൂട്ടിയിട്ടിട്ടല്ലേ എന്റെ കുഞ്ഞിന് ഈ ഗതി...

ലളിതേ നീ എന്റെ കുട്ടീനെ ഒറ്റയ്ക്ക് ഒരു മുറിയിൽ പൂട്ടിയിട്ടിട്ടല്ലേ എന്റെ കുഞ്ഞിന് ഈ ഗതി വന്നത്.നിനക്ക് അവളെ നോക്കാൻ പറ്റില്ലായിരുന്നെങ്കിൽ എന്നോട് പറഞ്ഞാൽ ഞാൻ കൊണ്ടു പോവില്ലായിരുന്നോ?

0

തീണ്ടാരിപ്പുര…..
………………………………………..
ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഏകദേശം ഒരുമാസമായ സമയം അച്ചുവേട്ടൻ ട്രയിനിംഗിനായ് കോഴിക്കോടിന് പോയിരിക്കുന്നു. ഒരാഴ്ചത്തെ ട്രയിനിംഗ് കഴിഞ്ഞേ ആശാൻ വരൂ. എന്നെ കൂടെ കൊണ്ടുപോകാമോന്ന് ഞാൻ ചോദിച്ചതാ അപ്പോൾ ”രാവിലെ മുതൽ വൈകുന്നേരം വരെ നീ ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കിരിക്കേണ്ടി വരും പരിചയമില്ലാത്ത സ്ഥലമല്ലേ ”എന്നൊക്കെ പറഞ്ഞ് എന്നെ കൊണ്ടുപോകാതെ പോയി. അമ്മയുടെ കൂടെ പാചകം പഠിച്ചേക്കാമെന്ന് വച്ച് അടുക്കളയിൽ ചെന്നു.” അയ്യോ മോളൊന്നും ചെയ്യേണ്ട എല്ലാം നാണി നോക്കിക്കോളും” എന്നും പറഞ്ഞ് അമ്മ എന്നെ ഓടിച്ചു വിട്ടു. എങ്കിൽ പിന്നെ അച്ഛനോടു വല്ലോം മിണ്ടീം പറഞ്ഞും ഇരിക്കാമെന്നു വച്ച് ഉമ്മറത്ത് ചെന്നപ്പോൾ അച്ഛൻ ഭയങ്കര പത്രവായന.” ”എന്താ അച്ഛാ പ്രധാന വാർത്തകൾ” എന്നു ചോദിച്ചതും അച്ഛൻ ചാരുകസേരയിൽ നിന്നും തിരിഞ്ഞ് എന്നെ ഒന്നു നോക്കിയിട്ട് ”മോളിന്നു പത്രം വായിച്ചില്ലേ” എന്നും പറഞ്ഞ് ആ പത്രം എന്റെ കയ്യിലേക്കു തന്നു. ശ്ശൊ ചോദിക്കണ്ടായിരുന്നു എന്നു തോന്നിപ്പോയി. പത്രവുമായി മുറിയിലേക്ക് കയറിയിട്ട് ആകെ ഒരു അസ്വസ്ഥത .ഒന്നിനും ഒരു മൂഡില്ല. അച്ചുവേട്ടനെ വിളിക്കാനാണെങ്കിൽ നമ്പറും അറിയില്ല. അന്ന് ഇന്നത്തെ പോലെ മൊബൈൽ വന്നിട്ടില്ലല്ലോ (1998).

സമയമാണെങ്കിൽ രാവിലെ 11 മണി. വെറുതെ കട്ടിലിൽ കയറി കിടന്നു. മയങ്ങിപ്പോയി. ഞെട്ടി എഴുന്നേറ്റ് നോക്കിയപ്പോൾ സമയം 12:30 . ഈശ്വരാ കല്യാണത്തിനു മുൻപ് അച്ഛമ്മയുടെ വക ഒരു കോച്ചിംഗ് ക്ലാസുണ്ടായിരുന്നു അപ്പോൾ പറഞ്ഞിരുന്നതാ ”അച്ചൂന്റെ വീട്ടിൽ ചെന്നാൽ ഉച്ചവരെ കിടന്നുറങ്ങരുത്, അവിടുത്തെ അമ്മ എഴുന്നേൽക്കുന്ന സമയത്ത് തന്നെ എഴുന്നേൽക്കണം, രാവിലെ കുളിച്ചിട്ടേ അടുക്കളയിൽ കയറാവൂ, എല്ലാവർക്കും ചായകൊടുത്തിട്ടേ അമ്മുകുടിക്കാവൂ, ഉറക്കെ സംസാരിക്കരുത്, ഉറക്കെ ചിരിക്കരുത്, കുട്ടിയുടുപ്പിടരുത്, എപ്പോഴും സിന്ദൂരം തൊടണം, അച്ഛൻ വരുമ്പോൾ എഴുന്നേൽക്കണം, ആണുങ്ങൾ TV കാണാനിരിക്കുമ്പോൾ കൂടെ ഇരിക്കരുത്, എവിടെ പോയാലും അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞേ ഇറങ്ങാവൂ, അച്ചൂന്റെ കൂടെ പോയാലും 6 മണിക്കു മുൻപ് തിരിച്ചെത്തണം രണ്ടു പേരും, നിന്റെ മൂശാട്ട സ്വഭാവം അവിടെ കാണിക്കരുത്, അച്ചൂനോട് തറുതല പറയരുത്‌” ഇതൊക്കെ കേട്ടപ്പോ സത്യം പറഞ്ഞാൽ കല്യാണം കഴിക്കണ്ടാന്നോർത്തതാ എന്നാലും അച്ചുവേട്ടനോടു തോന്നിയ ഒരു പ്രത്യേക ‘ ഇത് ‘ കാരണം സാരമില്ല എല്ലാം അനുസരിച്ചേക്കാമെന്നു വച്ചു. പക്ഷെ അച്ചുവേട്ടന്റെ വീട്ടിൽ അത്ര വല്യ പ്രശ്നങ്ങളൊന്നും എനിക്കു തോന്നിയില്ല.

അമ്മരാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് കുളിക്കും എന്ന് അച്ചുവേട്ടനോട് ചോദിച്ചു മനസ്സിലാക്കിയ ഞാനും രാവിലെ അഞ്ചു മണിക്കെഴുന്നേറ്റു കുളിച്ച് അടുക്കളയിൽ ചെന്നു എന്നെക്കണ്ടതും അമ്മ ചോദിച്ചു” മോളെന്തിനാ ഇപ്പഴേ എഴുന്നേറ്റത് മോള് വീട്ടിൽ എഴുന്നേൽക്കുന്ന സമയത്ത് എഴുന്നേറ്റാൽ മതിയാരുന്നല്ലോ” എന്ന്. എനിക്ക് സന്തോഷമായി . ഞാൻ വീട്ടിൽ വച്ച് 8 മണിക്കാ എഴുന്നേൽക്കുന്നത് എന്ന നഗ്ന സത്യം എന്തായാലും ഞാൻ അമ്മയോട് പറയാൻ നിന്നില്ല. ഹോസ്റ്റലിൽ വച്ച് 6 നായിരുന്നല്ലോ എഴുന്നേറ്റിരുന്നത്. എന്തായാലും അമ്മ തന്ന ചായ അച്ഛന് കൊണ്ട് കൊടുക്കാൻ തീരുമാനിച്ചു ഞാൻ. ചെന്നപ്പോൾ അതാ അച്ഛൻ കട്ടിലിൽ ചമ്രം പടഞ്ഞിരുന്ന് ബ്രീത്തിംഗ് എക്സർസൈസ് ചെയ്യുന്നു. ”അച്ഛാ ചായ” എന്നു പറഞ്ഞപ്പോൾ ആ മേശപ്പുറത്ത് വച്ചേക്കാൻ അച്ഛൻ ആംഗ്യ ഭാഷയിൽ കാണിച്ചു. ചായമേശപ്പുറത്ത് വച്ചിട്ട് ഞാൻ തിരിച്ചു പോന്നു. ”ശ്ശൊ നല്ല മരുമകളാകാൻ ശ്രമിച്ചിട്ട് ആരും മൈൻഡ് ചെയ്യുന്നില്ലല്ലോ ഭഗവാനെ” എന്നും മനസ്സിൽ വിചാരിച്ച് ഞാൻ തിരിച്ച് മുറിയിൽ ചെന്നപ്പോൾ അച്ചുവേട്ടൻ സുഖിച്ചു കിടന്നുറങ്ങുന്നു.നേരെ ചെന്ന് അച്ചുവേട്ടന്റെ കാലിനടിയിൽ ഇക്കിളിയിട്ടു. പണി പാളി ”അയ്യോ” എന്ന് അച്ചുവേട്ടൻ ഒറ്റക്കാറിച്ച. ”എന്താ മോനേ” എന്നും ചോദിച്ച് അച്ഛനും അമ്മയും ഓടി വന്നു. ഞാൻ ചമ്മി നിന്നപ്പോൾ എന്തോ സ്വപ്നം കണ്ടതാന്ന് അച്ചുവേട്ടൻ പറഞ്ഞു. ”മനുഷ്യനെ പേടിപ്പിക്കുവാണോടാ രാവിലെ” എന്നും പറഞ്ഞ് അച്ഛൻ തിരിഞ്ഞു നടന്നു. ”നാമം ജപിച്ചിട്ടു കിടക്കണം എന്ന് പറഞ്ഞാൽ കേൾക്കില്ല”എന്ന് പറഞ്ഞ് അമ്മയും അടുക്കളയിലേക്കു പോയി.

ചമ്മി വളിച്ചു നിന്ന എന്നെ പിടിച്ചു വലിച്ച് അച്ചുവേട്ടൻ പറഞ്ഞു ” അമ്മൂട്ടി രാവിലെ തന്നെ കുളിച്ചു സുന്ദരി ആയല്ലോ. പിന്നേ പതിവില്ലാത്ത കാര്യങ്ങൾ ചെയ്ത് അസുഖം വരുത്താൻ നിൽക്കണ്ട”. ആകെ ചമ്മലായല്ലോ ഭഗവാനെ . എന്നാലും ചമ്മൽ മാറ്റാൻ അച്ചുവേട്ടൻ എഴുന്നേറ്റേ 6:30 ആയി എഴുന്നേൽക്ക് എഴുന്നേൽക്ക് എന്നും പറഞ്ഞ് അച്ചുവേട്ടനെ കുത്തിപ്പൊക്കി. ഇതൊക്കെ ഓർത്തിരുന്നപ്പോളതാ അമ്മ വിളിക്കുന്നു ചോറുണ്ണാൻ ” ദാ വരുന്നമ്മേ” എന്നും പറഞ്ഞ് മുഖം കഴുകി തുടച്ച് അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ ഡൈനിംഗ് ടേബിളിൽ എല്ലാം എടുത്ത് വച്ചിരിക്കുന്നു. ആദ്യമായിട്ടാ അച്ചുവേട്ടനില്ലാതെ ഞാൻ അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്നു കഴിക്കുന്നത്.ആകെ ഒരു വിഷമം ഇരിക്കണോ വേണ്ടയോ എന്ന് ചിന്തിച്ച് കസേരയുടെ അടുത്ത് നിന്ന എന്നെ നോക്കി അച്ഛൻ പറഞ്ഞു ”മോളിവിടെ ഇരിക്കൂ” അച്ഛന്റെ അടുത്ത കസേരയിൽ തന്നെ ഞാനും ഇരുന്ന് ഒരു വിധത്തിൽ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു. പാത്രം എടുത്ത് അടുക്കളയിലേക്ക് വയ്ക്കാൻ അമ്മയെ സഹായിച്ചു. പെട്ടെന്ന് വയറ്റിലൊരു വേദന.

അപ്പോളാണോർത്തത് ഹൊ എല്ലാ മാസത്തെയും പെണ്ണുങ്ങളുടെ വയ്യാഴിക എത്തി. അമ്മയോട് പറയാം . ”അമ്മേ എനിക്ക് പീരിയഡ്സ് ആയി” അമ്മയുടെ മുഖത്തൊരു വിഷമം പോലെ. ”നാണി , നാണി ആ തീണ്ടാരിപ്പുര ഒന്നു തൂത്തു വൃത്തിയാക്കിക്കേ, മോള് അത്യാവശ്യം വേണ്ട തുണിയൊക്കെ എടുത്ത് പുറകിലേക്ക് ചെല്ല്, ഇനി മാസക്കുളി തീരുന്നതുവരെ വീട്ടിലേക്ക് കയറണ്ട കേട്ടോ. മോൾക്ക് കഴിക്കാനുള്ളതൊക്കെ അവിടെ കൊണ്ടുത്തരാം.വർഷങ്ങളായി ഇവിടെ പെണ്ണുങ്ങൾ ഈ സമയത്ത് താമസിക്കുന്ന മുറിയാ അത്. നാണി കൂട്ടുകിടക്കും മോൾക്ക്”. ഇതൊന്നും എന്നോട് അച്ചമ്മ പറഞ്ഞു തന്നിട്ടില്ല എങ്കിലും മാസമുറ സമയത്ത് അച്ചൂന്റെ കൂടെ കിടക്കാതെ താഴെ പായ വിരിച്ച് കിടക്കണം എന്നാണല്ലോ പറഞ്ഞത്. എന്തായാലും നല്ല മരുമകൾ എന്ന പേരുകിട്ടാൻ വരുന്ന ചാൻസ് ഒന്നും നഷ്ടപ്പെടുത്താത്ത ഞാൻ അമ്മ പറഞ്ഞതുപോലെ എല്ലാം പെറുക്കി കെട്ടി അമ്മയുടെ പുറകേ നടന്നു. ഈ മുറി ഞാൻ കണ്ടില്ലല്ലോ ഇതുവരെ . വീടിന്റെ ഒരു വശം ചേർന്ന് ഒരു വാതിലും 2 ജനലും മാത്രമുള്ള മുറി.അതിനോട് ചേർന്ന് ഒരു ബാത്ത് റൂമും ഉണ്ട്. അധികം കാറ്റും വെളിച്ചവും കടക്കാത്ത , താഴേയ്ക്ക് ഇറങ്ങിച്ചെല്ലേണ്ട മുറി. ടൈൽസ് ഒക്കെ ഇട്ട് ഭംഗിയാക്കിയിട്ടുണ്ട്. ഒരു സിംഗിൾ കട്ടിൽ.ഒരു അലമാരി. ഒരു ചെറിയ മേശ . കട്ടിലിൽ ഒരു പായയും തലയിണയും മാത്രം. ” മോളുടെ തുണിയൊക്കെ ഈ അലമാരയിൽ വച്ചോളൂ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നാണിയോട് പറഞ്ഞാൽ മതി” എന്നും പറഞ്ഞ് അമ്മ വീടിനകത്തേക്ക് കയറിപ്പോയി.

ജനലുകൾ തുറന്നപ്പോൾ വാഴത്തോട്ടമല്ലാതെ മറ്റൊന്നും കാണാനില്ല. മുറിക്കകത്ത് ഫാനി ട്ടില്ലെങ്കിലും നല്ല തണുപ്പ്. ഒരു ജഗ്ഗിൽ വെള്ളവും ഒരു ഗ്ലാസും കൊണ്ട് നാണി അമ്മൂമ്മ മുറിയിലേക്കു വന്നു. ഞാൻ അപ്പോഴാണ് ശരിക്കും അവരെ ശ്രദ്ധിക്കുന്നത്. ഒരു 65 വയസ്സു പ്രായം വരും. മുഴുവൻ മുടിയും നരച്ചിരിക്കുന്നു. സാമാന്യം വണ്ണമുള്ള അവർ വളരെ കഷ്ടപ്പെട്ടാണ് നടക്കുന്നത്. എല്ലാവരും അവരെ നാണിതള്ള എന്നാ പറയാറ് അമ്മ നാണി എന്നു വിളിക്കും. അച്ചുവേട്ടൻ ഒന്നും വിളിച്ചു കേട്ടിട്ടില്ല. എന്തായാലും ഞാൻ അമ്മൂമ്മ എന്നാ വിളിക്കാറ്.

അവർ അമ്മയുടെ ഒരു അകന്ന ബന്ധുവാണെന്നും മക്കളെ കെട്ടിച്ചു വിട്ടു കഴിഞ്ഞ് ഒറ്റക്കായപ്പോൾ ഇവിടെ സഹായത്തിനായി വന്നതാണെന്നും അച്ചുവേട്ടൻ പറഞ്ഞിരുന്നു. വല്ലപ്പോഴും പോയി മക്കളുടെ കൂടെ ഒന്നു രണ്ടു ദിവസം താമസിച്ചിട്ട് ഇവിടേക്ക് വരും. “മോളു വരാറായപ്പോളാ ഈ ടൈൽസ് ഒക്കെ ഒട്ടിച്ചത്.നേരത്തെ ഇതിനകം ചാണകം മെഴുകിയാ ഇട്ടിരുന്നത് ” എന്നു പറഞ്ഞ് തിരിച്ചു പോകാൻ തുടങ്ങിയ നാണി അമ്മൂമ്മയോട് ഞാൻ പറഞ്ഞു “അമ്മൂമ്മേ അച്ചുവേട്ടൻ വിളിച്ചാൽ ഞാനെങ്ങനെ അറിയും ഫോൺ വീടിനകത്തല്ലേ ” ”മോളേ ഞാൻ ലളിതയോട് പറയാം അച്ചൂ നോട് പറയാൻ ഇനി നാലിന്റെ കുളി കഴിയാതെ മോൾക്ക് വീടിനകത്ത് കയറാൻ പാടില്ല ” ഈശ്വരാ നാലു ദിവസം ഇതിനകത്തു തന്നെ ഇരിക്കാനോ. സമയം എത്രയായെന്നറിയാൻ ഒരു ക്ലോക്ക് പോലുമില്ല. “എന്റെ വാച്ച് കൂടെ കൊണ്ടു വരണെ” എന്നു പറഞ്ഞു ഞാൻ നാണി അമ്മൂമ്മയോട്. പലക കട്ടിലിന്റെ മുകളിൽ വിരിച്ചിരുന്ന പായയുടെ മുകളിൽ ഒരു ബെഡ്ഷീറ്റുവിരിച്ച് ഞാൻ കിടന്നു.

കണ്ണടച്ച് കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി “മോളേ അമ്മൂ” എന്നുള്ള അമ്മയുടെ വിളി കേട്ടാണ് കണ്ണുതുറന്നത്. “മോളു ചോറുണ്ടേ” എന്നും പറഞ്ഞ് അമ്മ ഒരു സ്റ്റീൽ പാത്രത്തിൽ ചോറും കറികളും കൊണ്ടു തന്നു. എഴുന്നേറ്റ് കൈ കഴുകി വന്ന് ആ ചോറുകഴിച്ചു കൊണ്ടിരുന്നപ്പോൾ അമ്മ ഓരോ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. എനിക്കൊന്നിലും ശ്രദ്ധിക്കാൻ പറ്റിയില്ല.അച്ചുവേട്ടൻ വിളിച്ചുവെന്നും 8:30 ആയപ്പോൾ താമസിക്കുന്ന ഹോട്ടലിൽ എത്തി എന്നുമൊക്കെ പറഞ്ഞു.കഴിച്ചു കഴിഞ്ഞപ്പോൾ “പാത്രം തന്നേക്കൂ , നാണി ഇപ്പോൾ വരും മോളു കിടന്നോ ” “ശരി അമ്മെ ” എന്നും പറഞ്ഞ് കൈകഴുകി കിടക്കാൻ തുടങ്ങിയപ്പോൾ നാണി അമ്മൂമ്മ വന്നു. ” നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ ” എന്നും പാടിയാണ് നടക്കുന്നത് പായ നിലത്തു വിരിച്ച് അതിലിരുന്ന് എല്ലാ ദൈവങ്ങളോടും പ്രാർത്ഥിച്ചിട്ട് എന്നോടായി ചോദിച്ചു ” മോൾടെ വീട്ടിൽ ഈ ദിവസങ്ങളിൽ മാറികിടക്കുന്ന പതിവില്ലാല്ലേ?” “ഇല്ല ” എന്നു ഞാൻ പറഞ്ഞപ്പോളേക്കും “ഞാനപ്പളേ പറഞ്ഞതാ ലളിതയോട് ഇപ്പഴത്തെ കാലത്ത് ഇങ്ങനൊന്നും ഉണ്ടാവില്ലാന്ന്. അച്ചുക്കുട്ടനറിഞ്ഞാൽ അവനെന്തു പറയുമോ എന്തോ ” ശരിക്കും അച്ചുവേട്ടനെ പറ്റി ഓർത്തപ്പോൾ എനിക്ക് സങ്കടം വന്നു. ഞങ്ങളുടെ കല്യാണ നിശ്ചയം കഴിഞ്ഞിട്ട് ഇന്നുവരെ ഒരു ദിവസം പോലും ഇത്രയും നേരം ഞങ്ങൾ തമ്മിൽ സംസാരിക്കാതിരുന്നിട്ടില്ല. നാണി അമ്മൂമ്മ തീണ്ടാരി പെണ്ണുങ്ങൾ ഇക്കാലത്ത് ശുദ്ധോം വൃത്തീം നോക്കാതെ നടക്കുന്നത് കൊണ്ട് സർപ്പദോഷമുണ്ടാകുന്നതും കുഞ്ഞുങ്ങളുണ്ടാകാത്തതും അങ്ങനെ ഒരു പാട് ഉദാഹരണ സഹിതം മാസക്കുളി സമയത്തെ മാറിത്താമസത്തെ പറ്റി വാതോരാതെ സംസാരിച്ച് സംസാരിച്ച് എപ്പഴോ ഉറങ്ങിപ്പോയി.എന്നാൽ എനിക്കെന്തോ അവർ പറഞ്ഞ ഓരോ കാര്യങ്ങൾ മനസ്സിൽ മാറിയും മറിഞ്ഞും വന്നു കൊണ്ടിരുന്നു.

പുറത്തെ ചീവിടിന്റെ കരച്ചിലും മറ്റെന്തൊക്കെയോ ശബ്ദങ്ങളും പേടിപ്പെടുത്തുന്നതു പോലെ. മുറിയിലാകെ നാണി അമ്മൂമ്മയുടെ ദേഹത്തെ കുഴമ്പിന്റെ മണവും അവരുടെ കൂർക്കം വലി ശബ്ദവും. കുഴമ്പിന്റെ മണം അച്ഛമ്മയുടെ ഓർമ്മ മനസ്സിൽ വന്ന എനിക്ക് കരച്ചിൽ വന്നു. അച്ചുവേട്ടനെയും എന്റെ അച്ഛമ്മയെയും എനിക്ക് കാണണമെന്നു തോന്നി. തലയിണയിൽ മുഖമമർത്തി ഞാൻ കരഞ്ഞു. വഴക്കുപിടിച്ച് വീട്ടിൽ കള്ളക്കരച്ചിൽ കരഞ്ഞിട്ടല്ലാതെ മനസ്സു നൊന്തു ഞാൻ അന്നുവരെ കരഞ്ഞിട്ടുണ്ടായിരുന്നില്ല. ആരും കരയിച്ചിട്ടില്ല എന്നു വേണം പറയാൻ. ഒരു വിധത്തിൽ നേരം വെളുപ്പിച്ചു. വെളുപ്പിനെ അഞ്ചു മണിക്ക് നാണി അമ്മൂമ്മ എഴുന്നേൽക്കും. “രാമ രാമ രാമ രാമ പാഹിമാം ” നാമം ജപിച്ചു കൊണ്ട് അവർ കതകു തുറന്ന് വീടിനകത്തേക്കു പോയി. അമ്മ വന്നു “അമ്മൂന്ന് സുഖമില്ലായ്മ വല്ലതും ഉണ്ടോ ” എന്നു ചോദിച്ചു ” ഇല്ലമ്മേ ” എന്നു പറഞ്ഞ് മൂടി പുതച്ചു ഞാൻ കിടന്ന് ഉറങ്ങിപ്പോയി. “നാണി, നാണി ” എന്നുള്ള വിളി കേട്ടാണ് ഞാൻ കണ്ണു തുറന്നത്. അപ്പോൾ അമ്മ എന്റെ നെറ്റിയിൽ തൊട്ടു നോക്കുന്നുണ്ട്. ” നല്ല പനിയുണ്ടല്ലോ മോളേ ” എന്നും പറഞ്ഞ് എന്റെ നെറ്റിയിൽ നനഞ്ഞ തുണി വയ്ക്കുന്നുണ്ട് അമ്മ. ശരിയാ എനിക്ക് ദേഹത്തൊക്കെ നല്ല വേദന. എഴുന്നേൽക്കാനും പറ്റുന്നില്ല. ” ലളിതേ നിന്നോട് ഞാൻ അപ്പഴേ പറഞ്ഞതാ ഈ കുഞ്ഞിന് ഇതൊന്നും പരിചയമുണ്ടാവില്ല എന്ന് .ഇതിന്റെ വീട്ടുകാർ അറിഞ്ഞാലെന്തു പറയുമോ എന്തോ? . അതിനെ അതിന്റെ വീട്ടിൽ വിട്ടാൽ പോരാരുന്നോ?.അച്ചു വന്നിട്ട് കൂട്ടികൊണ്ട് വന്നേനെ”. ” അമ്മേ അച്ഛമ്മയോട് ഇവിടെ വരെ വരാനൊന്നു പറയാമോ ” “എന്താ മോളെ വല്ല വിഷമവും തോന്നുന്നുണ്ടോ ” എനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. ഇതു കണ്ട അമ്മയ്ക്കും സങ്കടമായി. അമ്മയും കരഞ്ഞു. “കുഞ്ഞിനെ വല്ല ആശുപത്രീലും കൊണ്ടു പോ ലളിതേ, വാസുവിനോട് പറ വണ്ടി പിടിച്ചോണ്ടുവരാൻ ” അമ്മ ഓടിപ്പോയി അച്ഛനോടു പറഞ്ഞു. അങ്ങനെ അച്ഛൻ പോയി കാറും പിടിച്ച് വന്ന് എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി 104° പനി. ഞാൻ പിച്ചും പേയും പറയാൻ തുടങ്ങി. ഇൻജക്ഷൻ തന്ന് ട്രിപ്പും ഇട്ട് അവരെന്നെ ഒബ്സർവേഷനിൽ കിടത്തി.

എന്തോ വല്യ ഒച്ച കേട്ടാണ് ഞാൻ കണ്ണു തുറന്നത്. അച്ഛമ്മയുടെ ശബ്ദമാണല്ലോ “ലളിതേ നീ എന്റെ കുട്ടീനെ ഒറ്റയ്ക്ക് ഒരു മുറിയിൽ പൂട്ടിയിട്ടിട്ടല്ലേ എന്റെ കുഞ്ഞിന് ഈ ഗതി വന്നത്.നിനക്ക് അവളെ നോക്കാൻ പറ്റില്ലായിരുന്നെങ്കിൽ എന്നോട് പറഞ്ഞാൽ ഞാൻ കൊണ്ടു പോവില്ലായിരുന്നോ? എന്റെ കുട്ടീനെ നട തള്ളിയതൊന്നുമല്ല ഞങ്ങൾ “. “അച്ഛമ്മേ ഒന്നു മിണ്ടാതെ എനിക്കൊന്നുമില്ല” ഒരു വിധത്തിൽ അത്രയും പറഞ്ഞൊപ്പിച്ചപ്പോഴേക്കും അച്ഛമ്മ കരച്ചിയായി. “ഞാനിനി നിന്റെ അച്ഛനോടും അമ്മയോടും എന്തു പറയും.എന്റീശ്വരാ ഈ കല്യാണം വേണ്ടാന്ന് അവര് പറഞ്ഞതാ നിന്റെ സന്തോഷം കണ്ടപ്പോ ഞാനാ നിർബന്ധിച്ചത് ഈ കല്യാണത്തിന് ” അതുകൂടി കേട്ടപ്പോൾ അമ്മ ഭയങ്കര കരച്ചിലായി “അമ്മേ അച്ഛമ്മ പണ്ടേ ഇങ്ങനാ എന്റെ അമ്മയോടും ഇങ്ങനെ തന്നാ അമ്മ അതൊന്നും കാര്യമാക്കണ്ട എനിക്കൊന്നുമില്ല.” “അച്ഛമ്മേ ഒന്നു മിണ്ടാതിരുന്നേ എന്റെ തലവേദനിക്കുന്നു. അമ്മേ എന്റെ തല ഒന്നു തടവിക്കേ ” സാരിത്തലപ്പു കൊണ്ട് കണ്ണുനീർ തുടച്ച് അമ്മ എന്റെ തല തടവുവാൻ തുടങ്ങി. ഒരു കസേരയിൽ ഇരുന്ന് അച്ഛമ്മ പിറുപിറുപ്പ് തന്നെ. സന്ധ്യ ആകാറായപ്പോഴേക്കും അച്ഛമ്മയെ ഒരുവിധത്തിൽ ഞാൻ പറഞ്ഞു വീട്ടിൽ വിട്ടു. എന്റെ അച്ഛനും അമ്മയും വിളിച്ചാൽ ഞാൻ ഹോസ്പിറ്റലിൽ ആണെന്നു പറയരുതെന്നും പറഞ്ഞ് ഒരു ഉമ്മ കൊടുത്ത് എനിക്കൊന്നുമില്ലാന്ന് പറഞ്ഞ് സമാധാനിപ്പിച്ച് വിട്ടു. അച്ഛനും അമ്മയും എനിക്ക് ഹോസ്പിറ്റലിൽ കൂട്ടിരുന്നു. “അച്ചു വിളിച്ചാൽ നാണി ഫോണെടുക്കില്ലല്ലോ? അവനെന്തോർക്കുമോ എന്തോ?” അച്ഛൻ പറയുന്നുണ്ടായിരുന്നു. പിറ്റേ ദിവസം രാവിലെ തന്നെ എനിക്കിഷ്ടപ്പെട്ട ഇഡ്ഢലിയും തക്കാളി ചമ്മന്തിയും ഒക്കെയായി അച്ഛമ്മ വന്നു. ഇന്ന് അച്ഛമ്മ ഭയങ്കര ഡീസന്റാ ഇന്നലെ അമ്മയെ ചീത്ത പറഞ്ഞയാൾ ഇന്ന് അമ്മയെ കഴിപ്പിക്കുന്നു, കുടിപ്പിക്കുന്നു. മൂന്നാം ദിവസം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ വന്ന ഞാൻ വീടിനകത്തു കേറാൻ ശങ്കിച്ചു വാതിൽക്കൽ തന്നെ നിന്നു. അപ്പോൾ അമ്മ പറഞ്ഞു ” മോള് അകത്തേക്കു കയറി വാ ഇനി തീണ്ടാരിപ്പുര വേണ്ട ഇവിടെ “. എന്റെ മനസ്സിനു സന്തോഷമായി. ഞാൻ മുറിയിൽ കയറി കട്ടിലിൽ കിടന്നു ” അമ്മൂട്ടി ,എടാ എന്നുള്ള വിളി കേട്ടു നോക്കിയപ്പോൾ അച്ചുവേട്ടൻ മുൻപിൽ. കരഞ്ഞു പോയി ഞാൻ .

അച്ചുവേട്ടനെന്നെ താങ്ങിയെടുത്തിട്ട് “ഈ നാലു ദിവസം കൊണ്ട് നീ അങ്ങ് കോലം കെട്ടുപോയല്ലോ എന്റെ അമ്മൂട്ടി ഇന്നലെ ഞാൻ അച്ഛമ്മയെ വിളിച്ചപ്പോൾ അച്ഛമ്മയാ എല്ലാം പറഞ്ഞത്. അതുകൊണ്ട് വെളുപ്പിനത്തെ ട്രെയിന് തന്നെ ഞാനിങ്ങ് പോന്നു അച്ചുവേട്ടനിനി എന്റെ കുട്ടീനെ തനിച്ചാക്കി എങ്ങും പോവില്ലാട്ടോ. ഇനി എന്റെ കുട്ടീനെ തീണ്ടാരിപ്പുരയിൽ കിടത്തില്ലാട്ടോ ” അവസാനം പറഞ്ഞ കാര്യം ഉദ്ദേശിച്ചതെന്താന്ന് പിറ്റേ മാസം ഞാൻ പ്രെഗ്നന്റ് ആണെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്……….

രചന ; Loshya rajesh

LEAVE A REPLY

Please enter your comment!
Please enter your name here