Home Latest പെട്ടന്ന് ഒരു കാൽ പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ സുന്ദരനായ ഒരു ചെറുപ്പക്കാരൻ കണ്ണിലേക്ക് നോക്കിയപ്പോ...

പെട്ടന്ന് ഒരു കാൽ പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ സുന്ദരനായ ഒരു ചെറുപ്പക്കാരൻ കണ്ണിലേക്ക് നോക്കിയപ്പോ ജ്വലിക്കുന്ന അഗ്നിയിലേക്ക് നോക്കിയ പോലെ…

0

അന്ന് അപ്പുവേട്ടൻ എന്നെ പെണ്ണ് കാണാൻ വന്ന ദിവസം തിമിർത്തു പെയ്യുന്ന മഴയായിരുന്നു. കല്യാണമിപ്പോൾ വേണ്ടാന്നും പറഞ്ഞിരുന്ന എന്നോട് നീയൊന്നു ചുമ്മാ അവർക്ക് ചായ കൊടുത്തിട്ടെങ്കിലും പൊയ്ക്കോന്ന് പറഞ്ഞത് അമ്മയായിരുന്നു.. കൂടാതെ ബാലൻ മാമൻ കൊണ്ട് വന്ന ആലോചനയും അതാ വന്നോളാൻ പറഞ്ഞതെന്ന് ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു.. മാമൻ എന്റെ നല്ലതിനെ എന്തും ചെയ്യുന്നെനിക്കറിയാം എന്നാലും ഇപ്പൊ ഒരു കല്യാണമൊന്നും വേണ്ടന്നായിരുന്നു എന്റെ മനസ്സിൽ.മിന്നുവും പൊന്നുവും ജനൽ പഴുതിലൂടെ നോക്കിക്കൊണ്ട് പറഞ്ഞു ചേച്ചി അടിപൊളി പയ്യനാ കെട്ടിക്കോന്നു, എനിക്ക് ദേഷ്യം വന്നു പിള്ളേർക്ക് കളി, പൊക്കോ അവിടന്നെല്ലാം അവരെ ഞാൻ ഓടിച്ചു.അമ്മ ചായ കൊണ്ടുക്കാൻ വിളിച്ചു മനസില്ലാ മനസോടെ ഞാൻ ചായയുമായി ചെന്നു മുഖത്ത് പോലും നോക്കാതെ അതവിടെ വെച്ചിട്ട് പോന്നു. മുറിക്കകത്തു വന്നിരുന്നു പെട്ടന്ന് ഒരു കാൽ പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ സുന്ദരനായ ഒരു ചെറുപ്പക്കാരൻ കണ്ണിലേക്ക് നോക്കിയപ്പോ ജ്വലിക്കുന്ന അഗ്നിയിലേക്ക് നോക്കിയ പോലെ പെട്ടന്നാണാ ചോദ്യം
“എന്താ പേര്?” അടഞ്ഞ ശബ്ദത്താൽ ഞാൻ പറഞ്ഞു ജെനി.
“എന്ത് ചെയ്യുന്നു ?”
“ഡിഗ്രി ഫൈനൽ ഇയർ.”
വീണ്ടും അപ്പുവേട്ടൻ തുടർന്നു എന്റെ പേര് അഭിലാഷ് അപ്പുന്ന് വിളിക്കും ബാങ്കിൽ വർക്ക്‌ ചെയ്യുന്നു. എന്റെ വീട്ടിൽ അച്ഛനും ഞാനും മാത്രമേ ഉള്ളൂ. അമ്മ എനിക്ക് 10 വയസുള്ളപ്പോൾ മരിച്ചു. അച്ഛനു റെയിൽവേയിൽ ആയിരുന്നു ജോലി , അച്ഛൻ ആണെനിക്കെല്ലാം ഇത്രയും കാലം എനിക്ക് അച്ഛനും അച്ഛനു ഞാനും മാത്രമായിരുന്നു. അച്ഛൻ ആദ്യമായിട്ട് എന്നോട് ആവശ്യപ്പെട്ട ആഗ്രഹമാണ് എന്റെ വിവാഹം കാണണമെന്ന്, ഇതിനു മുൻപ് അഞ്ചു വീട്ടിൽ പെണ്ണ് കാണാൻ പോയി. വീട്ടിൽ അച്ഛനും ഞാനും മാത്രമാണെന്നറിഞ്ഞപ്പോൾ എല്ലാരും പല കാരണം പറഞ്ഞു വേണ്ടാന്ന് പറഞ്ഞു. ഇനി കൂടുതലൊന്നും പറയുന്നില്ല. എനിക്ക് തന്നെ ഇഷ്ടമായി. അതും പറഞ്ഞു പുറത്തേക്കു പോയി. അവറിറങ്ങിയെന്നു ഉറപ്പു വരുത്തി റൂമിൽ നിന്നും പുറത്തിറങ്ങി, എനിക്കിപ്പോ കല്യാണമൊന്നും വേണ്ടാന്ന് പറഞ്ഞു ഞാൻ മുറിയിൽ കയറി കതകടച്ചു. രാത്രി ഭക്ഷണം കഴിക്കുന്നേരം നല്ല പയ്യനാന്നു അച്ഛനും അമ്മയും മാറി മാറി പറയുന്നുണ്ടായിരുന്നു. എന്നാ അമ്മ കെട്ടിക്കോന്ന് പറഞ്ഞ് ദേഷ്യത്തിൽ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോന്നു. അപ്പോഴായിരുന്നു ഞാൻ എല്ലാ സങ്കടങ്ങളും വിളിച്ചു പറയുന്ന ഒരേയൊരു കൂട്ടുകാരി അഞ്ചുവിന്റെ കാൾ. അവളുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ ഇടയ്ക്ക് മാത്രമേ ഇപ്പൊ വിളിക്കാറുള്ളൂ. നടന്നതൊക്കെ പറഞ്ഞപ്പോ അവളെന്നെ വഴക്ക് പറഞ്ഞു.
വിവാഹം വേണ്ടാന്ന് പറഞ്ഞു നടന്ന ഞാൻ കെട്ടി,
ഞാൻ അവളോട്‌ പറഞ്ഞു എടീ അവരുടെ വീട്ടിൽ അച്ഛനും അയാളും മാത്രമേ ഉള്ളൂ.
ചിരിച്ചു കൊണ്ടായിരുന്നു അവളുടെ മറുപടി.
പൊന്നു മോളെ വീട്ടിൽ അമ്മായി അമ്മയും നാത്തൂനും ഇല്ലാത്തതാണ് ഒരു കണക്കിന് നല്ലത്.. പയ്യൻ നല്ലതാണെന്നല്ലേ എല്ലാവരുടെയും അഭിപ്രായം നീയങ്ങു സമ്മതിച്ചേ. നിന്റെ അനിയത്തി കൂടെ വളർന്നു വരികയല്ലേ. ചേട്ടൻ വിളിക്കുന്നൂന്നും പറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു പോയി. കിടന്നിട്ടു ഉറക്കം വന്നില്ല. കുറെ നേരം കണ്ണ് തുറന്നു കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോൾ അമ്മ വീണ്ടും വിവാഹത്തിന്റെ കാര്യം പറഞ്ഞു.. കൊറേ കേട്ടപ്പോൾ ശരി എനിക്ക് സമ്മതമാണെന്ന് പറഞ്ഞിട്ട് അകത്തേക്ക് കയറി പോയി. പിന്നാലെ അമ്മ വന്നു നീ കാര്യമായിട്ട് പറഞ്ഞതാണോന്ന് ചോദിച്ചു അതെന്നു മറുപടി പറഞ്ഞു തീരും മുൻപേ ബാലൻ മാമനെ വിളിയായി സംസാരമായി എടി പിടീന്ന് കല്യാണ ഒരുക്കമായി, ഒരു മാസത്തിനുള്ളിൽ കല്യാണം. കണ്ണ് ചിമ്മി തുറക്കുമ്പോഴേക്കും കല്യാണം കഴിഞ്ഞു. കല്യാണം കഴിഞ്ഞു അപ്പുവേട്ടന്റെ വീട്ടിലെത്തി. എല്ലാ ബഹളങ്ങൾക്കുമൊടുവിൽ മുറിക്കുള്ളിൽ കയറി. ഉള്ളിൽ ആകെ ഭയമായിരുന്നു അപ്പോഴാ ആ വിളി കേട്ടത് ജെനീ.. “നിന്റെ അപ്പുവേട്ടൻ വന്നു.” എനിക്ക് ചിരി വന്നു.അന്ന് കണ്ടതിനു ശേഷം ഞങ്ങൾ ഫോണിൽ സംസാരിച്ചത് ഒരു വട്ടം മാത്രമാണ് അതാണെങ്കിൽ കല്യാണ സാരിയുടെ കളർ ഏതു വേണമെന്ന് ചോദിക്കാൻ.എന്നിട്ടിപ്പോ കൊറേ നാളത്തെ പരിചയം പോലെ അപ്പുവേട്ടൻ വന്നെന്നു. ഞാൻ ചിരി അടക്കിപിടിച്ചിരുന്നു. അപ്പുവേട്ടൻ എന്റടുത്തിരുന്നിട്ട് എന്റെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു, “ഇന്ന് മുതൽ എനിക്ക് എന്റെ അച്ഛൻ മാത്രമല്ല അമ്മയും ഭാര്യയുമായി നീയും കൂടെ ഉണ്ട്‌ അല്ലെ ??”
ശരിക്കും ഞാൻ ഞെട്ടി!! “അമ്മയോ ഞാനോ ? ” “അതെ നിനക്കറിയാമോ അച്ഛനായിരുന്നെനിക്കെല്ലാം അത് കൊണ്ട് തന്നെ മുൻപ് എനിക്ക് പ്രണയമോ ഒരുപാട് സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല.അതൊക്കെ പോട്ടെ, എനിക്ക് ഒരാഗ്രഹം ഉണ്ട്‌ സാധിച്ചു തരുമോ?”
ഉം ഞാൻ മൂളി.


“ഞാൻ കുറച്ചു നേരം നിന്റെ മടിയിൽ കിടന്നോട്ടെ ??”
എന്നിട്ട് കൊച്ചു കുഞ്ഞിനെ പോലെ എന്റെ മടിയിൽ തല വെച്ച് കിടന്നു. എന്റെ കൈ പിടിച്ചു അപ്പുവേട്ടന്റെ മുടിയിൽ വെപ്പിച്ചു. എന്നോട് ഞാനറിയാതെ തന്നെ മുടിയിഴയിൽ തലോടിപ്പോയി. കുറച്ചു കഴിഞ്ഞു നോക്കിയപ്പോ ആള് നല്ല ഉറക്കം. പതിയെ മടിയിൽ നിന്നും ബെഡിലേക്ക് തല മാറ്റി വെച്ച് ഞാനും കിടന്നു. പാവം എന്തെന്നില്ലാത്ത ഒരിഷ്ടം എനിക്ക് അപ്പുവേട്ടനോട് തോന്നി തുടങ്ങിയിരിക്കുന്ന പോലെ. കുറെ നേരം ആ മുടിയിഴയിൽ തലോടി ഞാനും എപ്പഴോ ഉറങ്ങി….

രാവിലെ എഴുന്നേറ്റു കുളിച്ചു അടുക്കളയിൽ കയറി. ചായ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ അച്ഛൻ അടുത്ത് വന്നു പറഞ്ഞു
“മോളാണ് ഇനി ഈ വീട് നോക്കണ്ടത്.”
പറഞ്ഞു തീരും മുൻപേ അച്ഛനു ഞാൻ നല്ലൊരു ചായ ഇട്ടു കൊടുത്തു. അടിപൊളി ചായ എന്നും പറഞ്ഞു അച്ഛൻ ഉമ്മറത്തേക്ക് പോയി….

അപ്പുവേട്ടനെ കാണാതായപ്പോ മുറിയിലേക്ക് ചെന്നു. “അപ്പുവേട്ടാ എവിടയാ ?”
“ഞാനിവിടെ ഉണ്ടല്ലോ ഇങ്ങോട്ട് വാ”
ഞാൻ ജനാലിനരികിലേക്ക് ചെന്നതും അപ്പുവേട്ടൻ എന്നെ കെട്ടിപിടിച്ചു ജനലിനോടു ചേർത്ത് നിർത്തി കവിളിലും നെറ്റിയിലും ഉമ്മ വച്ചു അപ്പൊ എവിടെന്നില്ലാതെ പെട്ടന്നൊരു മഴ പെയ്തു. അയ്യോ അലക്കിയ ഡ്രസ്സ്‌ എടുക്കട്ടെന്നും പറഞ്ഞു അപ്പുവേട്ടനെ തള്ളിമാറ്റി ഞാൻ പുറത്തേക്കു നടന്നു. പിന്നീടുള്ള ദിവസങ്ങൾ ഞാനെന്നെ തന്നെ മറന്നു അപ്പുവേട്ടന്റെ മാത്രമായിരുന്ന നാളുകൾ ആയിരുന്നു. ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നു പോയികൊണ്ടിരുന്നു.വളരെ സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു പക്ഷെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ മാത്രം ദൈവം തന്നില്ല. പക്ഷെ ഒരിക്കൽ പോലും അപ്പുവേട്ടൻ അതിന്റെ പേരിൽ എന്റെ മുന്നിൽ സങ്കടപ്പെട്ടിട്ടില്ല. ഓരോ തവണ ഞാൻ കുഞ്ഞിന്റെ കാര്യം പറയുമ്പോഴും. എടി പൊട്ടി നിന്റെ കുഞ്ഞു ഞാനല്ലേന്ന് പറഞ്ഞു എന്റെ മടിയിൽ കിടക്കും…

ഒരിക്കൽ അമ്മ ഫോൺ വിളിച്ചു ഒരേ പരാതി ഞാൻ അവരെയൊക്കെ മറന്നൂന്നും പറഞ്ഞു. വൈകുന്നേരം അപ്പുവേട്ടനോട് അമ്മ വിളിച്ച കാര്യം പറഞ്ഞപ്പോ എന്നാ നീ രണ്ടു ദിവസം അവിടെ പോയി നിന്നോന്ന് പറഞ്ഞു…….

പിറ്റേന്ന് ബാങ്കിലേക്ക് പോകുന്ന വഴി എന്നെ വീട്ടിൽ കൊണ്ടു വിട്ടു. വീട്ടിലെ വിശേഷം എല്ലാം പറഞ്ഞു കഴിയുമ്പോഴേക്കും സമയം വൈകി. ഉച്ചയ്ക്ക് അപ്പുവേട്ടൻ കാൾ വന്നപ്പോ ഫോൺ എടുക്കാൻ മുറിയിലേക്കോടിയതും തല കറങ്ങുന്നതു പോലെ എങ്ങനെയോ ബെഡിൽ പോയിരുന്നു. ആരൊക്കയോ ഓടി വന്നു പിന്നെ ഒന്നും ഓർമയില്ല…..

കണ്ണ് തുറന്നു നോക്കിയപ്പോൾ ഒരു നേഴ്സ്.
“എനിക്കെന്താ പറ്റിയെ ??”
“നിങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ല.
നിങ്ങളൊരു അമ്മയാവാൻ പോകുന്നു അതിന്റെ തലകറക്കം മാത്രമേ നിങ്ങൾക്കുണ്ടായിരുന്നുള്ളൂ “. മറ്റൊന്നും എനിക്ക് ചെവിയിൽ കേട്ടില്ല.. “എനിക്കെന്റെ ഹസ്ബന്റിനെ ഒന്നു കാണണം.”
“ഒക്കെ വിളിക്കാം വെയിറ്റ്…..”

അപ്പുവേട്ടൻ ഡോർ തുറന്നു അടുത്ത് വന്നപ്പോ ഞാൻ പതിയെ എഴുന്നേറ്റിരുന്നു അപ്പുവേട്ടന്റെ കൈ എന്റെ വയറിൽ വച്ചിട്ട് പറഞ്ഞു “നമ്മുടെ കുഞ്ഞു വാവ അപ്പുവേട്ടാ..”
“ജെനി ശരിക്കും ???”
അപ്പുവേട്ടന്റെ കണ്ണ് നിറഞ്ഞു എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചു…

അങ്ങനെയങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം ഞങ്ങടെ പൊന്നു മോൻ വന്നു……..

കുഞ്ഞിനെ മടിയിൽ കിടത്തി ഉറക്കുമ്പോ അപ്പുവേട്ടൻ ചെവിക്കരികെ വന്നു ഇതിവിടെ നടപ്പില്ലാന്നും പറഞ്ഞ് കുഞ്ഞിനെ എടുത്തു അപ്പുവേട്ടന്റെ നെഞ്ചിൽ കിടത്തിയിട്ട് അപ്പുവേട്ടൻ എന്റെ മടിയിൽ കിടന്നു. അപ്പുവേട്ടന്റെ മുടിയിഴ തഴുകികൊണ്ട് പതിയെ ഞാൻ പറഞ്ഞു “അപ്പുവേട്ടാ എനിക്കിപ്പോ രണ്ടു കുഞ്ഞുങ്ങൾ ഉണ്ടല്ലോ…”

രചന: ചാന്ദിനി ചന്ദ്രൻ ചിഞ്ചു

LEAVE A REPLY

Please enter your comment!
Please enter your name here