Home Latest താലികെട്ടുന്ന ചെക്കനു മുൻപിൽ മനസ്സും ശരീരവും സമർപ്പിക്കുന്നവളാണ് യഥാർത്ഥ പെണ്ണ്

താലികെട്ടുന്ന ചെക്കനു മുൻപിൽ മനസ്സും ശരീരവും സമർപ്പിക്കുന്നവളാണ് യഥാർത്ഥ പെണ്ണ്

0

#ദൃഢനിശ്ചയം

“വിവാഹത്തിനു മുൻപ് എനിക്കു നിന്നെ മുഴുവനായിട്ടൊന്നു ആസ്വദിക്കണം”

എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ലൊരു നിമിഷം
ആറു വർഷത്തെ പ്രണയ ജീവിതത്തിനിടയിൽ ആദ്യമായാണ് അഖിലേട്ടനിൽ നിന്നും ആ ചോദ്യം കേൾക്കുന്നത്, ഞാനൊരിക്കലും കേൾക്കാനാഗ്രഹിക്കാത്തയാ ചോദ്യം

ഇന്നുവരെ അപമര്യാദയായിട്ട് ഒരു അസഭ്യവാക്ക് പോലും എന്നോട് പറഞ്ഞിട്ടില്ല ഏട്ടൻ, വിവാഹ നിശ്ചയത്തിന് ഒരാഴ്ച മുൻപേ ഇങ്ങനെ പറഞ്ഞപ്പോൾ ആദ്യം കളിപ്പിക്കാനാണെന്നാണ് ഞാനും കരുതിയത്

സംഗതി കാര്യമായിട്ടാണ് അത് പറഞ്ഞതെന്ന് ഏട്ടൻ പറഞ്ഞപ്പോൾ നെഞ്ചിനകത്ത് കൊള്ളിയാൻ മിന്നി കൈയ്യിലിരുന്നയാ സെൽഫോൺ വിറച്ചപ്പോൾ നിന്ന നിൽപ്പിൽ ഞാനാകെ വിയർക്കുകയായിരുന്നു

ഒപ്പം നാളെ ചോക്ലേറ്റ്സ് കോഫീ ഷോപ്പിൽ കാണാൻ വരാനായ് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്യുകയാണ് ഞാൻ ചെയ്തത്

ഏട്ടന്റെയാ ചോദ്യം എന്റെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു, വിവാഹത്തിനു ഇനി അധികം ദിവസങ്ങളുണ്ടാകില്ല ഏറിപ്പോയാൽ മൂന്ന് മാസം

അതു കഴിഞ്ഞാൽ മുഴുവനായും ഞാൻ ഏട്ടന്റേതല്ലേ? കഴിഞ്ഞ ആറു വർഷത്തിനിടക്ക് ഒരിക്കൽപ്പോലും തോന്നിയിട്ടില്ലാത്ത എന്ത് പ്രത്യേകതയാണ് ഇപ്പോൾ എന്നിൽ തോന്നിയിട്ടുള്ളത്?

വിവാഹമെന്ന പവിത്രമായ പുണ്യകർമ്മത്തിന് ഇരുമനസ്സും ശരീരവും പരിശുദ്ധമായിരിക്കേണ്ടതല്ലേ ? അപ്പോൾ ഇങ്ങനെയുള്ള ചിന്തകൾ പോലും ശാശ്വതമല്ലെന്നെനിക്കു തോന്നിയെങ്കിലും ഇന്നുവരെ ഏട്ടന്റെ ഒരു ആഗ്രഹത്തിനും എതിരു നിന്നിട്ടില്ലാത്ത എന്നിൽ ശരിയേത് തെറ്റേത് എന്ന ചിന്തയിൽ വീണ്ടും സംശയങ്ങൾ ഉയർന്നു വന്നിരുന്നു

ആ രാത്രിയിൽ എനിക്കുറങ്ങാനേ സാധിച്ചില്ല മനസ്സ് മുഴുവൻ ആ ചോദ്യം മാത്രമായിരുന്നു. എന്തൊക്കെയായാലും അഖിലേട്ടനെ എനിക്ക് വിശ്വാസമാണ് എന്റെ ജീവനേക്കാളേറെ, അല്ല ഈ ലോകത്ത് മറ്റെന്തിനേക്കാളും അധികം എന്നു തന്നെ പറയാം

അതുകൊണ്ടു തന്നെയാണ് പിറ്റേ ദിവസം കോഫീ ഷോപ്പിൽ ഏട്ടനെ കാണാനായി ഞാനൊറ്റക്ക് തന്നെ പോയത്. രണ്ട് ചായയും ഓർഡർ ചെയ്തിട്ട് ഏട്ടൻ വീണ്ടും ആ ചോദ്യം ആവർത്തിച്ചു

” ഇന്നലെ ഞാൻ പറഞ്ഞ കാര്യത്തെപ്പറ്റി ചിന്തിച്ചോ ലക്ഷ്മി”

ചങ്കിനകത്തു നിന്നും തൊണ്ടക്കുഴിലേക്ക് എന്തൊക്കെയോ ഉരുണ്ടു കയറും പോലെയെനിക്ക് തോന്നി മറുപടിയ്ക്കായ് വായ് തുറക്കുമ്പോളും എന്റെ ശബ്ദമിടറുന്നുണ്ടായിരുന്നു

പലതും പറഞ്ഞു ഒപ്പിച്ച് ഏട്ടനെ ഞാനതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരേ വാശിയിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു ഏട്ടൻ

അവസാനം എന്നിലുള്ള വിശ്വാസത്തിനെ ഭയന്നാണോ നീയതിനു മുതിരാത്തത് എന്ന് ഏട്ടൻ ചോദിച്ചപ്പോൾ എന്റെ നെഞ്ചൊന്നു പിടഞ്ഞിരുന്നു

ഇരു മനസ്സായി നിൽക്കുമ്പോഴും ഏട്ടനെ പിണക്കാൻ മനസ്സു അനുവദിക്കുന്നില്ലായിരുന്നു , പരമാവധി ഓരോ ന്യായീകരണവുമായി ഒഴിഞ്ഞു നിന്നു

” നിന്റെ തീരുമാനമെന്താണ് എനിക്കിപ്പോത്തന്നെ അറിയണം നിന്റെയാ തീരുമാനത്തിനനുസരിച്ചായിരിക്കും ഇനിയങ്ങോട്ടുള്ള തീരുമാനങ്ങൾ ”

ഞാൻ വീണ്ടുമാകെ ധർമ്മസങ്കടത്തിലാണ്ടു പോവുകയാണു ചെയ്ത്

മറുപടി യെസ് ആണോ നോ ആണോ എന്നുള്ള ഏട്ടന്റെയാ നോട്ടം എന്നെ അരിച്ചെടുക്കും വിധത്തിലുള്ളതായിരുന്നു

മനസ്സില്ലാ മനസ്സോടെ ഞാനാ മറുപടി ഏട്ടന്റെ മുഖത്തു കൂടി നോക്കാതെയാണ് ഞാനത് പറഞ്ഞത്

“എന്നോട് ക്ഷമിക്കണം അഖിലേട്ടാ എന്നെക്കൊണ്ടത് സാധിക്കില്ലെ ” എന്ന് പറയുമ്പോഴും കഴിഞ്ഞ ആറു വർഷം ഏട്ടനിൽ ഞാൻ അർപ്പിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കും വിള്ളൽ വീഴില്ലെന്ന ഉറപ്പും എന്നിൽ ഉണ്ടായിരുന്നു

മൂടിക്കെട്ടിയ മനസ്സുമായി ഞാൻ തിരിച്ചു നടക്കുമ്പോഴും കുറ്റബോധം തെല്ലു പോലുമുണ്ടായിരുന്നില്ല എന്നിൽ കാരണം എന്റെയമ്മയെന്നെ പഠിപ്പിച്ചത് താലികെട്ടുന്ന ചെക്കനു മുൻപിൽ മനസ്സും ശരീരവും സമർപ്പിക്കുന്നവളാണ് യഥാർത്ഥ പെണ്ണ് എന്നാണ് അങ്ങനെ നോക്കുമ്പോൾ ഞാൻ ചെയ്തതാണ് ശരിയെന്ന് എനിക്കു തോന്നി

കോഫീ ഷോപ്പിൽ നിന്നു ഇറങ്ങിപ്പോകുന്ന എന്നെ നോക്കി ഒന്നു പുഞ്ചിരിക്കുക മാത്രമേ ഏട്ടൻ ചെയ്തുള്ളോ

പടിയെത്തിയപ്പോൾ പിറകിൽ നിന്നും കൂട്ടക്കൈയ്യടിയൊച്ചയുയർന്നു തിരിഞ്ഞു നോക്കിയപ്പോൾ ഏട്ടന്റെ ചേച്ചിമാരും കസിൻസും ആയിരുന്നു അത്

കുട്ടച്ചിരിക്കിടയിൽ എന്റെ മുഖത്തും അൽപ്പം പുഞ്ചിരി വിരിഞ്ഞിരുന്നു

” ഞാൻ പറഞ്ഞില്ലെ എന്റെ ലക്ഷ്മിക്കുട്ടി നല്ല കുട്ടിയാണെന്ന്, നിങ്ങൾക്കിപ്പോ വിശ്വാസമായില്ലേ “?

ഏട്ടന്റെയാ ചോദ്യത്തിന് ചേച്ചിമാരു കൊടുത്ത മറുപടിയെന്നിൽ രോമാഞ്ചമുളവാക്കിയിരുന്നു

“ഇതാടാ പെണ്ണ്, നീ ഭാഗ്യവാനാണ് അഖിലുട്ടാ” എന്നായിരുന്നു അത്

എന്നെ എല്ലാവരും കൂടിച്ചേർന്ന് പറ്റിച്ചതിൽ ഏട്ടനോട് പിണക്കം അഭിനയിച്ച് തിരിഞ്ഞു നടക്കുമ്പോഴും മനസ്സിൽ ആ ഒരു നിമിഷം മാറി മിന്നി തെളിഞ്ഞു വരുന്നുണ്ടായിരുന്നു, ഒരു നിമിഷം ഏതൊരൊ പെണ്ണിനേ പോലെയും ഞാനും ചിന്തിച്ചു, ആ വാശിക്ക് തോറ്റു കൊടുക്കാനുള്ള ചാഞ്ചാട്ടം എന്റെ മനസ്സിനും ഉണ്ടായതാണ് ഒരു വേള എന്റെ മറുപടി അനുകൂലമായിരുന്നെങ്കിൽ ഇനിയുള്ള ജീവിതത്തിൽ എനിക്കൊരിക്കലും സമാധാനം ലഭിക്കില്ലായിരുന്നു

രചന : ആയുഷ

LEAVE A REPLY

Please enter your comment!
Please enter your name here