Home Latest വിവാഹം കഴിഞ്ഞപ്പോൾ പ്രവാസിയായ ഭർത്താവിനോട് ഒരു അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ….

വിവാഹം കഴിഞ്ഞപ്പോൾ പ്രവാസിയായ ഭർത്താവിനോട് ഒരു അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ….

0

വിവാഹം കഴിഞ്ഞപ്പോൾ പ്രവാസിയായ ഭർത്താവിനോട് ഒരു അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ…… തിരിച്ചു പോകും മുൻപ്, അമ്മയാകാനുള്ള എന്റെ ആഗ്രഹം നിറവേറ്റി തരണമേ എന്നു…..

അതിനുള്ള തയ്യാറെടുപ്പ് നടത്തിയ എനിക്ക് ദൈവം നൽകിയത് ഏഴ് ദിവസം നീണ്ടു നിൽക്കുന്ന കഠിനമായ വേദന….!! ആരോടെന്നില്ലാതെ ദേഷ്യം തോന്നിയ നിമിഷമായിരുന്നു അത്…. ഒരുപാട് ആഗ്രഹിച്ചതു കൊണ്ടാകും അറിയാതെ ഒന്ന് കരഞ്ഞു പോയി…

ചുമലിൽ കൈ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് റൂമിലേക്ക്‌ കേറി വന്ന ഭർത്താവിൽ നിന്നും, കരഞ്ഞു കലങ്ങിയ മുഖം മറച്ചു പിടിക്കാൻ ഞാനല്പ്പം പാടു പെട്ടു…. ഒന്നും പറയാതെയുള്ള അദ്ദേഹത്തിന്റെ മൗനമായിരുന്നു എന്നെ കൂടുതൽ ദുഃഖത്തിലാഴ്ത്തിയത്…. ഒരു കുഞ്ഞു വേണമെന്ന ആഗ്രഹം എന്നെ പോലെ അദ്ദേഹത്തിനും ഉണ്ടായിരുന്നു… എന്നിട്ടും നടക്കാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ മുഖത്തു, ഞാൻ അനുഭവിക്കുന്നതിന്റെ പാതി വിഷമം പോലും ഇല്ലായിരുന്നു.അതുകൊണ്ട് തന്നെ ആ മുഖത്തു നോക്കി എനിക്കൊന്നും സംസാരിക്കാൻ തോന്നിയില്ല…..

മുറി വിട്ടു താഴേക്കു വരുമ്പോൾ അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു,

“വയറു വേദന കൂടുതലായിട്ടുണ്ടോ ?”

‘വയറല്ല വേദന എനിക്കിപ്പോൾ വേദന മനസ്സിനാണ്, ‘ എന്നു പറയണമെന്നുണ്ടായിരുന്നു…. പക്ഷേ പറയാൻ കഴിഞ്ഞില്ല….

ഇല്ല എന്ന രണ്ടക്ഷരത്തിൽ മറുപടി ഒതുക്കി ഞാൻ മുറി വിട്ടിറങ്ങി….

ആഗ്രഹം നടക്കാതെ പോയതിന്റെ വിഷമം ഉള്ളിലുണ്ടായിരുന്നെങ്കിലും പുറത്തതു കാണിക്കാൻ നിന്നില്ല.
കുളിച്ചു ശുദ്ധിയായി അടുക്കളയിലേക്ക് കേറുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു, വയറു വേദന അല്ലെ മോൾക്ക്‌ ! റെസ്റ്റ് എടുത്തോ എന്നു…..

മൗനം ആയിരുന്നു എന്റെ മറുപടി…..

ഭർത്താവിന്റെ അമ്മ ആണേലും എനിക്ക് അവർ എന്റെ അമ്മയെ പോലെ തന്നെ ആണ്…. സ്വന്തം മോളെ പോലെയാണ് എന്നെ നോക്കുന്നതും. അതുകൊണ്ട് ആയിരിക്കും എന്റെ മുഖഭാവം കണ്ടപ്പോൾ കാര്യങ്ങൾ ഊഹിച്ചെടുക്കാൻ അമ്മയ്ക്ക് പെട്ടന്ന് കഴിഞ്ഞത്….

“നിന്റെ മുഖം എന്താ വാടിയിരിക്കുന്നത്? ”

“ഏയ് ഒന്നുമില്ലമ്മേ…. ”

“എനിക്ക് മനസിലായി നിന്റെ വിഷമം…..സാരമില്ല കുട്ടി…., ഞാനൊക്കെ വിവാഹം കഴിഞ്ഞു രണ്ടു വർഷത്തിനു ശേഷമാണ് ഗർഭിണി ആയതു….ഇതിപ്പോ നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം അല്ലെ ആയുള്ളൂ….
ദൈവം തരുമ്പോൾ മാത്രമേ നമുക്ക് സ്വീകരിക്കാൻ കഴിയൂ….വിഷമിച്ചിട്ടു കാര്യമില്ലല്ലോ.? നിങ്ങൾ രണ്ടു പേർക്കും അത്രയെ പ്രായം ആയുള്ളൂ… ഒരു മാസം ആയപ്പോളേക്കും നീ ഇങ്ങനെ വിഷമിക്കുകയാണേൽ വർഷങ്ങൾ ആയിട്ടും ഗർഭിണി ആകാത്തവരുടെ കാര്യമൊന്നു ചിന്തിച്ചു നോക്കൂ… ”

തലകുനിച്ചു നിന്ന എനിക്കരികിലേക്കു വന്ന അമ്മ വാക്കുകളാൽ ആശ്വസമേകി.

എന്റെ മനസ്സു വായിച്ചെടുത്ത പോലുള്ള അമ്മയുടെ വാക്കുകൾ എനിക്കപ്പോൾ സമാധാനം തന്നെയായിരുന്നു.

ഉള്ളിലൊതുക്കി പിടിച്ച വിഷമത്തെ അയവിറക്കി ഞാൻ മൗനമായ് പുഞ്ചിരിച്ചു….. അമ്മ പറഞ്ഞ കാര്യങ്ങളെ വീണ്ടും ഓർത്തെടുത്തപ്പോൾ, പറഞ്ഞ കാര്യങ്ങൾ അത്രയും തന്നെ ശരിയാണെന്നു തോന്നി…. ആ തോന്നൽ പിന്നെ, എന്റെ വിഷമത്തെ പാടെ മാറ്റിയെടുത്തു.
**************************************

ഒരു മാസത്തെ ലീവ് കഴിഞ്ഞു അദ്ദേഹത്തിന് തിരിച്ചു പോകാനുള്ള ദിവസം വന്നു…
ഒരാഴ്ച മുൻപേ കരഞ്ഞിരിക്കുന്ന എന്നെ നോക്കി തമാശ പറയുകയും പൊട്ടി ചിരിപ്പിക്കുകയും ചെയ്യാൻ അദ്ദേഹം നന്നേ പാടു പെട്ടു…
കാരണം ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വേദന മനസ്സിനെയും തളർത്തിയിരുന്നു….

രാത്രി പതിനൊന്നരയ്ക്കുള്ള ഫ്‌ളൈറ്റിന്, വീട്ടിൽ നിന്ന് ഞങ്ങൾ ഏഴ് മണിക്ക് ഇറങ്ങണമായിരുന്നു…. എയർപോർട്ടിൽ കൊണ്ടു വിടാൻ ആരും വരണ്ട എന്നു അദ്ദേഹം പ്രേത്യേകം പറഞ്ഞെങ്കിലും, അത്രേം സമയം ഒരുമിച്ചു ഇരിക്കാലോ എന്ന ചിന്തയായിരുന്നു എനിക്ക്….

വാച്ച് മറന്നു എന്ന കാരണം പറഞ്ഞു റൂമിലേക്ക് പോകുകയും വാച്ച് എവിടെയാണ് നീ വെച്ചതെന്ന ചോദ്യം ഉന്നയിച്ചു അദ്ദേഹം എന്നെ റൂമിലേക്ക്‌ വിളിക്കുകയും ചെയ്തു….

റൂമിലേക്ക്‌ കേറിയ എന്നെ കെട്ടിപിടിച്ചു നെഞ്ചോടു ചേർത്തപ്പോൾ, അതുവരെ ചിരിച്ചു കളിച്ച ഭർത്താവ് തന്നെയാണോ എന്നെ കെട്ടിപിടിച്ചു കരയുന്നത് എന്ന അതിശയം ആയിരുന്നു എന്റെ മുഖത്തപ്പോൾ…

അദ്ദേഹത്തിന്റെ നെഞ്ചിടിപ്പ് എന്റെ കാതുകളെ പുൽകിയപ്പോൾ നിയന്ത്രണം വിട്ടു ഞാനും കരഞ്ഞു…

ഇനിയെപ്പോൾ എന്ന ചോദ്യത്തിന്, “വേഗം വരും…. നീ ഇല്ലെങ്കിൽ ഞാൻ ശൂന്യമാണ് “എന്നായിരുന്നു മറുപടി.

നെറുകയിൽ ഒരു ഉമ്മ വെച്ചു മുറിയിൽ നിന്നും ഇറങ്ങുമ്പോൾ,
‘ഒരു കാര്യം ചോദിക്കാനുണ്ടെനിക്ക് ‘ എന്നു പറഞ്ഞ എന്നോട് അദ്ദേഹം ഒന്നേ പറഞ്ഞുള്ളൂ

“നീ വിഷമിച്ചിരിക്കുമ്പോൾ ഞാനും ആ വിഷമത്തിൽ പങ്കു ചേർന്നാൽ പിന്നെ നിന്നെയാരാണ് സമാധാനിപ്പിക്കുക. ?
കൈപിടിച്ച് കൊണ്ടുവരുമ്പോൾ ഒരു ആഗ്രഹമേ ഉള്ളൂ… നിന്റെ കണ്ണുനീർ കാണാൻ ഇടവരരുതെന്നു. എനിക്ക് അത് പാലിക്കണം…. നീ കരഞ്ഞാൽ എന്റെ വാക്കിന് വിലയില്ലാതെ പോകും…കല്യാണം കഴിഞ്ഞിട്ട് ഒരു മാസമല്ലേ ആയുള്ളൂ.? ഇനിയും എത്രയോ നാളുകളുണ്ട് നമുക്ക് മുൻപിൽ…അപ്പോൾ നോക്കാം ഒരു കുഞ്ഞു വാവയെ…. ഇപ്പോൾ എനിക്ക് നീയും നിനക്ക് ഞാനും മതി…..”

മുറി വിട്ടിറങ്ങുമ്പോൾ നെഞ്ചിനുള്ളിലെ ഭാരം ഇറങ്ങി പോയത് പോലെ അനുഭവപ്പെട്ടു…
പക്ഷേ അപ്പോളും എന്റെ മനസ്സ് ശാന്തമായിരുന്നില്ല…

എയർപോർട്ടിൽ അദ്ദേഹത്തെ കൈ വീശി കാണിച്ചു യാത്രയയക്കുമ്പോൾ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ, വേഗം വരണമേ എന്നു….

ദൈവം ആ പ്രാർത്ഥന കേട്ടില്ലെന്നു തോന്നുന്നു… ഒരു മാസം എന്നത് ഒരു വർഷമായി…. എത്ര പെട്ടെന്നാണ് ഋതുക്കൾ മാറി മറിഞ്ഞത്…
ഇനിയെനിക്ക് വിഷമിക്കാം എന്നർത്ഥം….ഇത്രന്നാളും ആശ്വാസം ആയിരുന്നു, എല്ലാരും പറഞ്ഞത് പോലെ ഒരു മാസമല്ലേ ആയുള്ളൂ എന്നു കരുതി. എന്നാൽ ഇപ്പോൾ ഞാൻ ഭയന്നതു പോലെ തന്നെ സംഭവിച്ചു…. എന്റെ ആഗ്രഹത്തെ നിറവേറ്റാൻ ഞാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഒരുപക്ഷേ അതിനിയും വർഷങ്ങളുടെ നീണ്ട പട്ടികയിലേക്ക് മാറുമോ എന്ന് സംശയിക്കുന്നതിൽ തെറ്റില്ല…

ഓരോ പ്രവാസിയുടെ ഭാര്യയും ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നം എന്തെന്ന് ചോദിച്ചാൽ മിക്കവർക്കും പറയാനുള്ളത് ഒന്ന് തന്നെയാകും… ഒരു കുഞ്ഞിന് ജന്മം കൊടുക്കാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി ജീവിക്കേണ്ടി വരുന്നത് ഒരു തരം വീർപ്പു മുട്ടലാണ്. എന്നെ പോലെ എത്രയോ പേർ ഇന്നും ആ വീർപ്പു മുട്ടലിൽ കുടുങ്ങി കഴിയുന്നുണ്ട് എന്നത് വാസ്തവം…..

ഇനിയങ്ങോട്ടു കാത്തിരിപ്പാണ്. പ്രതീക്ഷകളുടെ കാത്തിരിപ്പ്….,
വീണ്ടുമൊരു കൂടിച്ചേരലിനു സാക്ഷ്യം വഹിക്കാനുള്ള തീവ്രമായ കാത്തിരിപ്പ്…

ഹരിത വി ഹരിദാസ്

LEAVE A REPLY

Please enter your comment!
Please enter your name here