Home Article ആയിഷയുടെ ആറ് പെൺമക്കൾ

ആയിഷയുടെ ആറ് പെൺമക്കൾ

0

ആയിഷയുടെ ആറ് പെൺമക്കൾ
—————————————————-
ലേബർ റൂമിന് പുറത്ത് ഫൈസൽ തലങ്ങും വിലങ്ങും നടക്കുകയായിരുന്നു.
ഉമ്മയുടെ വിവരങ്ങൾ ഒന്നും അറിയാതെ ആയപ്പോൾ പെൺമക്കൾ കൂട്ടത്തോടെ കരായാൻ തുടങ്ങി.

മിണ്ടാതിരിക്കെടി…. മനുഷ്യൻ ഇവിടെ തീ തിന്നുകയാണ്. എല്ലാത്തിനേയും‌ തല്ലി കൊന്നുകളയും പറഞ്ഞേക്കാം…. ഫൈസൽ മക്കളെ തല്ലാൻ തുടങ്ങി.

അത് കണ്ട് നിന്ന ആയിഷയുടെ ബാപ്പ ഫൈസലിന്റെ അടുത്ത് ചെന്ന് പറഞ്ഞു.

എന്താ ഫൈസലെ നീ മക്കളോട് തീരെ സ്നേഹമില്ലാതെ പെരുമാറുന്നത്?

ഫൈസൽ വലിയ ശബ്ദത്തിൽ അലമുറയിട്ട്കൊണ്ട് പറഞ്ഞു മക്കളാണത്രെ മക്കൾ, അഞ്ച് പെൺകുട്ടികളെ പട്ടിയെ പോലെ അവൾ പെറ്റ് കൂട്ടി ഇട്ടിരിക്കുകയാണ്.
ഇതും കൂടി പെണ്ണാണെങ്കിൽ എല്ലാരും കേൾക്കാനായിട്ട് പറയുകയാണ് ഞാൻ എന്റെ പാട്ടിന് പോകും.

നേഴ്സ് പുറത്തേക്ക് വന്നു…. ആയിഷയുടെ ആരെങ്കിലും ഉണ്ടോ?
അത് കേൾക്കേണ്ട താമസം ഫൈസൽ ഓടിച്ചെന്ന് ചോദിച്ചു ആൺകുട്ടി ആയിരിക്കും അല്ലെ?.

നേഴ്സ് ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു അല്ല പെൺകുട്ടിയാണ്.

ആശുപത്രിയുടെ ബിത്തിയിൽ കൈകൊണ്ട് ആഞ്ഞടിച്ച് ഫൈസൽ ആരോടും മിണ്ടാതെ ഇറങ്ങിപ്പോയി.

ദിവസങ്ങൾ കഴിഞ്ഞിട്ടും മകളെ കാണാൻ ഫൈസൽ വന്നില്ല.
ആയിഷയുടെ ബാപ്പ ചിലരേയും കൂട്ടി ഫൈസലിന്റെ വീട്ടിൽ ചെന്ന് സമാധാന ചർച്ചകൾ നടത്തി.

അതുകൊണ്ടൊന്നും ഫൈസൽ തീരുമാനം മാറ്റിയില്ല.
എനിക്ക് ജീവിക്കണം. തീ തിന്ന് ജീവിക്കാനൊന്നും എന്നെ കിട്ടില്ല.
മൂത്തവൾക്ക് എട്ട് വയസ്സായി അതിന് താഴെ ഓരോന്നായി അഞ്ചെണ്ണം വേറയും. പത്ത് കൊല്ലം കഴിഞ്ഞാൽ ഇതിനെ ഒക്കെ കെട്ടിച്ച് വിടണമെങ്കിൽ എന്റെ ജീവിതം മുഴുവനും നരകിച്ച് ജീവിക്കേണ്ടി വരും.

അവൾക്ക് നഷ്ട പരിഹാരമായി എത്ര വേണമെന്ന് ചോദിക്ക്. അത് കൊടുക്കാം. എന്നെ ഒഴിവാക്കി തന്നേക്ക്.

ഫൈസലിന്റെ വാക്കുകൾ ആ പിതാവിന്റെ കണ്ണ് നിറച്ചു.
അയാൾ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങിപ്പോയി.

ആയിഷയുടെ അരികിൽ ചെന്ന് ഫൈസലിന്റെ തീരുമാനം അവളെ അറിയിച്ചു.

മകളെ മുലയൂട്ടി കൊണ്ടിരുന്ന അവൾ ഒന്നും മിണ്ടാതെ ഒരുപാട് നേരം കണ്ണീരൊഴുക്കി.
അവൾ ഇരു കണ്ണുകളും തുടച്ച് കൊണ്ട് എഴുനേറ്റ് ബാപ്പക്കരികിൽ ചെന്ന് ചോദിച്ചു.

ബാപ്പ എനിക്കൊരു തയ്യൽ മെഷിൻ വാങ്ങിത്തരാമൊ?
പെൺമക്കളെ ഭാരമായി കരുതുന്ന അയാളുടെ ഒരു രൂപാ പോലും എനിക്ക് വേണ്ട.

മകളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അയാൾ എതിർത്തൊന്നും പറഞ്ഞില്ല.
മകൾക്കായി ഒരു തയ്യൽ മെഷിൻ വാങ്ങി കൊടുത്തു.

തോറ്റ് കൊടുക്കില്ല ജീവിച്ച് കാണിച്ച് കൊടുക്കണം അതായിരുന്നു അവളുടെ മനസ്സിൽ.

വീട്ടിലെ ജോലിയും മക്കളെ നോക്കിയും അവൾ തളർന്നു പോയെങ്കിലും
ഉറക്കമൊഴിച്ച് രാത്രി ഉടനീളം പല കടകളിലേക്കുള്ള ലേഡീസ് വസ്ത്രങ്ങൾ തയ്ച്ചു കൊടുത്തു.

കുഞ്ഞു മകളെ തട്ടം കൊണ്ട് മാറിൽ കെട്ടി മുലയൂട്ടി കൊണ്ടായിരുന്നു അവൾ ജോലികൾ ചെയ്തിരുന്നത്.

കുട്ടികളുടെ യൂണിഫോമും പുസ്തകങ്ങളും എല്ലാം വാങ്ങി, ജീവിതം മുന്നോട്ട് കൊണ്ട് പോകാൾ അവൾ വളരേ പ്രയാസപ്പെട്ടു.
മൂന്ന് നേരം‌ കഞ്ഞി മാത്രം ആയിട്ടും അവളുടെ കുഞ്ഞ് പെൺമക്കൾ ഉമ്മയോട് പരിഭവം പറഞ്ഞില്ല.
കഷ്ടപാടുകൾ നേരിൽ കണ്ട് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു അവരും.

മക്കൾക്ക് ഭക്ഷണം കൊടുത്ത് തികയാതെ വന്നപ്പോൾ പലപ്പോഴും ആയിഷ പട്ടിണികിടന്നു.
മുലപ്പാല് വറ്റി തുടങ്ങിയിട്ടും അവൾ ആരുടെ മുന്നിലും കൈ നീട്ടിയില്ല.

തന്റെ ദാരിദ്ര്യവും ഇല്ലായ്മകളും ബാപ്പയോട് പോലും അവൾ മറച്ചു വച്ചു.

ഫൈസൽ പണവും സമ്പാദ്യവുമുള്ള ഭർത്താവ് മരണപ്പെട്ടുപോയ രണ്ട് ആൺമക്കളുടെ മാതാവുമായ സ്ത്രീയെ പുനർവിവാഹം ചെയ്തു.

ആയിഷയുടെ പെൺമക്കൾ വളർന്ന് തുടങ്ങി. അടുക്കളയിലും അലക്കാനും ജോലികളിൽ സഹായിക്കാനുമൊക്കെ പഠിത്തത്തിന് ഇടയിലും അവളുടെ പെൺമക്കൾ സഹാച്ച് തുടങ്ങി.

വർഷങ്ങൾ കടന്നു നീങ്ങി…
ഒരോ മക്കളുടേയും കഴിവുകൾ അവൾ വേർതിരിച്ചു മനസ്സിലാക്കി എടുത്തു.
മൂത്തമകൾ ഫാത്വിമ മധുര പലഹാരങ്ങൾ ഉണ്ടാക്കാൻ കേമിയാണ്.
പലഹാരങ്ങൾ ഉണ്ടാക്കി വി‌ൽപന നടത്തി സ്വയം സമ്പാദിക്കാൻ അവളെ പഠിച്ചു.

രണ്ടാമത്തെ മകൾ ഫാസിലയ്ക്ക്‌ ഉമ്മയെപ്പോലെ തയ്യലിനോടാണ് കമ്പം. ആയിഷയിൽ നിന്നും മെല്ലെ മെല്ലെ പഠിച്ചെടുത്ത് അവൾ മറ്റൊരു തയ്യൽ മെഷിനിൽ സ്വന്തമായി തയ്ക്കാൻ തുടങ്ങി.

മൂന്നാമത്തെ മകൾ ഫർസാനയ്ക്ക് പക്ഷികളേയും മൃഗങ്ങളേയും വളർത്താനാണ് ഇഷ്ടം.

നാലാമത്തെ മകൾ ഫായിസയ്ക്ക് ചെടികളോടും പൂക്കളും പച്ചക്കറി കൃഷിയോടുമാണ് താ‌ൽപര്യം.

കാടുപിടിച്ചിരുന്ന വീടിന്റെ പറമ്പ് അവളും പെൺമക്കളും ചേർന്ന് സ്വർഗ്ഗ തുല്ല്യമാക്കി മാറ്റി എടുത്തു.

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം…
—————————————————-

ഫൈസലിന് രണ്ടാം ഭാര്യയിൽ മക്കളൊന്നും ഉണ്ടായിരുന്നില്ല.
ഭാര്യയുടേയും രണ്ട് ആൺമക്കളുടേയും ശകാരവും പെരുമാറ്റവും പലപ്പോഴും അയാളെ വേദനിപ്പിച്ചിരുന്നു.
ഭാര്യയ്ക്കും മക്കൾക്കും ഇടയിൽ താൻ ഒരു അധികപറ്റാണെന്ന് ഫൈസൽ മനസ്സിലാക്കിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു.
സ്വന്തം അഭിമാനം പണയം വച്ച് ഇനിയും എത്ര കാലം ഇങ്ങനെ ജീവിക്കും.

മനം‌ മടുത്ത് സഹിക്കാൻ കഴിയാതെ വന്ന ഒരു ദിവസം ആരോടും പറയാതെ അയാൾ വീടുവിട്ടിറങ്ങി.
എവിടെ ചെല്ലണമെന്നൊ എന്ത് ചെയ്യണമെന്നോ അറിയില്ലായിരുന്നു.

ആയിഷ കഷ്ടത്തിലായിരിക്കും…. എന്തെങ്കിലും ജോലി ചെയ്ത് അവളുടെയും മക്കളുടേയും കൂടെ ഇനിയുള്ള കാലാം ജീവിക്കാം.
ഒരുപാട് കണക്ക് കൂട്ടലുകളുമായി ഫൈസൽ ആയിഷയുടെ വീടിനരികിൽ എത്തി.

വീട് ഉണ്ടായിരുന്ന സ്ഥലത്ത് വലിയ മതിൽ പണിതിരിക്കുന്നു. പ്രധാന കവാടത്തിലൂടെ വാഹനങ്ങൾ അകത്തേക്കും പുറത്തേക്കും പോകുന്നു.

കവാടത്തിനകത്ത് ചെന്ന അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
കാട് പിടിച്ചിരുന്ന സ്ഥലത്ത് പൂക്കളും ചെടികളും പല തരം കൃഷികളും പക്ഷികളും സ്ഥാപനങ്ങളും നിറയെ ജോലിക്കാരും.
അവർ എന്തൊക്കെയോ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു.
ജോലിക്കാരെ നിയന്ത്രിച്ച് കൊണ്ട് ആറ് സുന്ദരികളായ മാലാഖ പോലുള്ള പെൺകുട്ടികൾ.

ഫൈസലിനെ കണ്ടതും അവരിൽ രണ്ട് പെൺകുട്ടികൾ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു.
ഫൈസൽ അവരെ കൗതുകത്തോടെ നോക്കി.ബാപ്പാ ഞാൻ ഫാത്വിമയാണ്.
അത് കേട്ടയുടൻ‌ അയാൾ ഒന്ന്‌ നിശബ്ദനായി.

Also  Read : വെറുതെ സെക്സിൽ ഏർപ്പെട്ടാൽ സംതൃപ്തി ലഭിക്കുമോ..? സെക്സിലെ ശരിയും തെറ്റുകളും

വന്നിരിക്കുന്നത് ആരാണെന്നു പോലും‌‌ അറിയാതെ പകച്ച് നിന്നിരുന്ന മറ്റുള്ള അനിയത്തിമാർക്ക്‌ ഇതാണ് ബാപ്പ എന്ന് ഫാത്വിമ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.
അയാളുടെ കണ്ണുകൾ‌ നിറഞ്ഞോഴുകി.
പെൺമക്കൾ എല്ലാവരും ഒരുപോലെ വളർന്ന് വലുതായിരിക്കുന്നു. ഇളയവളേതാണ് മൂത്തവളേതാണ് എന്നൊന്നും തിരിച്ചറിയാൻ സാധിക്കാതെ വന്നു.
സ്വന്തം മക്കൾക്ക് തന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന് മനസ്സിലാക്കിയപ്പോൾ അയാൾ‌ തലതാഴ്തി.

ബാപ്പ.. വാ ഉമ്മയെ കാണണ്ടെ?
മകളുടെ ആ ചോദ്യം ഫൈസലിന്റെ ഹൃദയത്തെ ഒന്ന് പിടിച്ചു കുലുക്കി.
ആയിഷയുടെ മുന്നിൽ നിൽക്കാൻ പോലും യോഗ്യത തനിക്ക് എന്ന കുറ്റബോധം അയാളെ വല്ലാതെ അസ്വസ്ഥനാക്കി…..
ഫാത്വിമ ഫൈസലിനെ അടുത്തുള്ള വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.

മകളുടെ ശബ്ദം കേട്ട് ആയിഷ പുറത്തേക്ക് വന്നു.
ഫൈസലിനെ കണ്ടതും അവൾ ഒന്നും മിണ്ടാതെ തരിച്ചു നിന്നു.

കണ്ണുനീർ ഒഴുക്കിക്കൊണ്ട് അയാൾ പറഞ്ഞു തെറ്റ് പറ്റിപ്പോയി ആയിഷ പറ്റിപ്പോയി.
ഞാൻ ഇന്ന് തെരുവിലാണ്. നിന്റെ മുന്നിൽ തല ഉയർത്തി നിൽക്കാൻ പോലും എനിക്ക് അവകാശമില്ല.
ജീവിതത്തിൽ ഒരിക്കൽ പോലും നിന്നെയൊ മക്കളെയൊ സ്നേഹിച്ചിട്ടില്ല. നിനക്കായി ഞാനൊന്നും തന്നിട്ടുമില്ല.

തിരികേ മടങ്ങിപോകാൻ ഒരുങ്ങിയ ഫൈസലിനോട് ആയിഷ പറഞ്ഞു.
ഒരു നിമിഷം.
നിങ്ങൾ എന്നെ ഉപേക്ഷിച്ച് പോയ സമയം നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയേക്കാൾ ദയനീയമായിരുന്നു എന്റെ ജീവിതം.

ഞാനും എന്റെ പെൺമക്കളും അനുഭവിച്ച യാതനകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ നിങ്ങൾക്ക് ഈ ജന്മം പോരതെ വരും.

എന്നെ ഉപേക്ഷിച്ചപ്പോൾ എനിക്ക് ഒന്നും തന്നില്ല എന്ന് പറഞ്ഞില്ലെ? അത് തെറ്റ്.
ആറ് വിളക്കുകൾ എന്റെ അരികിൽ ഉപേക്ഷിച്ചാണ് നിങ്ങൾ ഇരുട്ടിലേക്ക് പോയത്.

ആ വിളക്കുകളാണ് എന്റെ ജീവിതത്തെ പ്രകാശമാക്കിയത്.
പെൺമക്കൾ ഭാരവും ബാധ്യതയുമല്ല കുടുംബത്തിന്റെ വിളക്കുകളാണ്.

ആയിഷയുടെ വാക്കുകൾ കേട്ട് ഫൈസൽ പൊട്ടിക്കരഞ്ഞു പോയി.
ഒന്നും മിണ്ടാതെ അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി.

ആയിഷ ഫൈസലിനെ തിരികേ വിളിച്ചില്ല. കാരണം മകളുടെ നിക്കാഹിന് കൈകൊടുക്കാൻ പോലും ഇല്ലാത്ത ബാപ്പ. പെട്ടെന്നൊരുനാൾ തനിക്ക് ഭർത്താവായി വന്നാൽ അത് അംഗീകരിക്കാൻ തന്റെ പെൺമക്കളുടെ ഭർത്താക്കന്മാർക്ക് കഴിയില്ലെന്നെന്ന് അവൾക്കറിയാം…..

“എല്ലാ പിതാക്കളും ഫൈസലിനെ പോലെ അല്ല. കുടുംബത്തിനായി രാപകലില്ലാതെ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും.
എങ്കിലും ഫൈസലിനെപ്പോലെ ചിന്തിക്കുന്ന ചിലർ നമ്മുക്കിടയിൽ ഉണ്ട്.

പെൺമക്കൾ ഭാരമല്ല…..
ബാധ്യതയാണെന്ന് പറഞ്ഞ് അവളുടെ വെളിച്ചത്തെ അണച്ച് കളയരുത്.
അവൾ നമ്മുടെ ജീവതം മുഴുവനും വെളിച്ചത്തിലേക്ക് നയിക്കും.”

രചന- തൻസീർ ഹാശിം

LEAVE A REPLY

Please enter your comment!
Please enter your name here