Home Latest നിഖിലേ ഇതെന്തൊക്കെയാടി നടക്കുന്നെ. എനിക്കൊന്നും മനസ്സിലാവുന്നില്ല. അച്ഛനോടൊന്ന് പറഞ്ഞിട്ടു പോടി…

നിഖിലേ ഇതെന്തൊക്കെയാടി നടക്കുന്നെ. എനിക്കൊന്നും മനസ്സിലാവുന്നില്ല. അച്ഛനോടൊന്ന് പറഞ്ഞിട്ടു പോടി…

0

“എടി” എങ്ങോട്ടാടി രാവിലെ കുറ്റീം പറിച്ച്.

എന്റെ അമ്മേ.. ഒന്നു മിണ്ടാണ്ടിരിക്കോ. ഞാനിപ്പോ വരാം.

ദേ.. മനുഷ്യാ.. ഒന്ന് എണീക്കുന്നുണ്ടോ. നിങ്ങടെ മോളിതാ വണ്ടീം എടുത്തോണ്ട് ഇറങ്ങീട്ടുണ്ട്.

ഹോ.. നീ രാവിലെ തന്നെ തുടങ്ങിയോ ഗൗരി.. അവള് പോയിട്ടു വരട്ടെടി. കൊച്ചു കുട്ടിയൊന്നുമല്ലല്ലോ. നീ ഒന്നടങ്ങ്.

അതു തന്നെയാ പ്രശ്നം കെട്ടിക്കാൻ പ്രായമായി. എന്റെ മനുഷ്യാ അവളൊരു പെണ്ണാണ് അതോർമ്മ വേണം.

ഗൗരി നീ ഒന്നു കൂടി ഓർക്കണം അവളൊരു പെണ്ണു മാത്രമല്ല. അവൾ എന്റെ മോളാണ്.

അൽപ്പ നേരം കഴിഞ്ഞപ്പോൾ നിഖില തിരിച്ചു വന്നു.

ഉമ്മറത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു രാഘവൻ.

ഇന്നെന്താടി അതിരാവിലെ തന്നെ ബുള്ളറ്റിൽ ഒരു കറക്കം.

ഒന്നും പറയണ്ട അച്ഛാ ഇന്നലെ വരുന്ന വഴിക്ക് ഒരു ചെക്കനെ കണ്ടു. ഒരു രക്ഷയുമില്ല. മനസ്സീന്നങ്ങു പോണില്ലന്നെ. അവനെ തപ്പി ഇറങ്ങിയതാ.

ഇതു കേട്ടോണ്ടു വന്ന അമ്മ.

എന്റെ ദൈവമേ വല്ല പയ്യൻമാരും നിന്നെ നോക്കേണ്ടതിനു പകരം നീയാണോടി അങ്ങോട്ടു പോണേ.ഒരക്ഷരം പഠിക്കാതെ കളിച്ചു നടന്നോട്ടൊ പെണ്ണേ… നിന്റെ പ്രായത്തിലുള്ള പിള്ളാരൊക്കെ പഠിച്ചൊരു ജോലി മേടിച്ചു.

നീ ഒന്നു മിണ്ടാണ്ടിരിക്കോ ഗൗരി അവളു പറയട്ടെ. നീ എന്നിട്ട് കണ്ടോ അവനെ.

മ്ം… കണ്ടു പുള്ളിക്കാരൻ നമ്മുടെ പുതിയ ജില്ലാ കലക്ടർ ആന്നേ.

കലക്ടറോ..! എന്നാ മോളീ.. പരുപാടിയങ്ങു നിർത്തിക്കോട്ടോ.

ഞാൻ കെട്ടുവാണെ അയാളെയേ കെട്ടത്തൊള്ളു.

ഓ….. പിന്നെ… അതു നീ മാത്രം തീരുമാനിച്ചാ മതിയോ അവനും കൂടി തോന്നണ്ടെ.

അതൊക്കെ ഞാൻ തോന്നിപ്പിച്ചോളാം.

ഹോ.. അയിക്കോട്ടെ.

പിറ്റേന്നു രാവിലെ സാരിയൊക്കെ ഉടുത്ത്. ചന്ദനമൊക്കെ തൊട്ട്. സുന്ദരിയായി ഒരുങ്ങി ഇറങ്ങിയ നിഖിലയെ കണ്ട് അമ്മയൊന്ന് ഞെട്ടി.

ടീ ഷർട്ടും ജീൻസും കുത്തിക്കേറ്റി നടന്ന ഇവൾക്കിതെന്തുപറ്റി.

എന്താടി നിനക്കൊരു മാറ്റം.

വിഷ്ണുവേട്ടൻ പാവാമ്മേ.

ഒന്നും മനസ്സിലാകാതെ നിന്ന ഗൗരിയെ കണ്ട രാഘവന് ചിരി വന്നു.

എടി പൊട്ടി അവൾ അവളുടെ ചെക്കനെ വളയ്ക്കാൻ പോണ പോക്കാ. മോളെ ബുള്ളറ്റ് എടുക്കുന്നില്ലേടി..

ഇല്ല നടക്കുന്നതാവും ഏട്ടനിഷ്ട്ടാവാ

ഓ.. ഹോ…..

അച്ഛനും മോളും കൂടി എന്തൊക്കെയാണോ കാട്ടി കൂട്ടണെ. എനിക്ക് വയ്യ ഇതൊന്നും കാണാൻ.

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ.

മോളെ..നിഖിലേ എന്ത് പറയുന്നു നിൻ്റെ വിഷ്ണുവേട്ടൻ.

എന്റെ പൊന്നച്ചാ ഞാൻ തോറ്റു. ഒന്നു നോക്കുന്നു പോലുമില്ല ആ പഹയൻ. അച്ഛൻ ഒന്ന് പോയി ചോദിക്കുവോ എനിക്കു വേണ്ടി. എന്തായാലും എനിക്ക് കെട്ടാനുള്ള പ്രായമായില്ലെ.

നീ ആളു കൊള്ളാലോടി.ഞാൻ നിന്റെ അച്ഛനാണ് അല്ലാതെ നിന്റെ കൂട്ടുകാരനല്ല.അതിടയ്ക്ക് നീ മറക്കുന്നുണ്ടോ…. എന്നൊരു സംശയം.

എന്റെ പൊന്നച്ചനല്ലെ പ്ലീസ്‌….

മ്ം… മോളു തോറ്റ സ്ഥിതിക്ക് അച്ഛനൊന്നു നോക്കട്ടെ.

പിറ്റേന്നു രാവിലെ

ഗൗരീ……..

എന്താ…

ഇന്നു നമ്മുടെ മോളെ പെണ്ണുകാണാൻ ഒരു കൂട്ടര് വരുന്നുണ്ട്.

നിങ്ങളപ്പോ ഇവളുടെ വാക്കും കേട്ട് ആ കലക്ടറുടെ വീട്ടിൽ പോയോ മനുഷ്യാ..

പിന്നെ എനിക്ക് വട്ടല്ലേ… ഞാനൊരു ബ്രോക്കറെ പറഞ്ഞു വിട്ടു അങ്ങോട്ട്.

ഇത് കേട്ട് നിഖില ഓടി രാഘവന്റെ അടുത്തെത്തി കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്തു.

താങ്ക്സ് അച്ഛാ…

പോയി നന്നായി ഒന്നൊരുങ്ങ് നീ

സമയം ഏകദേശം ഒരു ഒൻപത് ഒൻപതരയായപ്പോൾ വിഷ്ണുവും അവന്റെ അച്ഛനും അമ്മയും കുറച്ച് കുടുംബക്കാരും കൂടി അവിടേക്കെത്തി.

അപ്പോഴും നിഖിലയുടെ ഒരുക്കം തീർന്നില്ലായിരുന്നു.

പെട്ടന്ന് ഗൗരി നിഖിലയുടെ മുറിയിലേക്ക് ചെന്നു.

എടി ഒന്നു നന്നായി ഒരുങ്ങിക്കോട്ടോ നിനക്കൊരു ജോലി ഇല്ലാത്തോണ്ട് അവരിൽ ചിലർക്കൊരു താൽപര്യക്കുറവുണ്ട്.
വന്നവരിൽ ചിലര് പറയണ കേട്ടതാ.

അവൻ കലക്ടർ അല്ലേ അതിന്റെയായിരിക്കും.നീ അവനെയെ കെട്ടൂ.. എന്ന് പറഞ്ഞത് കൊണ്ടാ അല്ലേൽ ഇത്രയും വലിയ ജോലി ഉള്ളവരെയൊന്നും നമുക്ക് വേണ്ടായിരുന്നു.

അങ്ങനെയാണോ… മ്ം… അമ്മ അടുക്കളയിലോട്ട് ചെല്ല് ഞാനിപ്പോ വരാം.

ഗൗരി പോയതും നിഖില അലമാരയിൽ നിന്നും ആരെയും കാണാതെ ഒളിപ്പിച്ചു വെച്ച പുതിയ പോലീസ്‌ യൂണിഫോം എടുത്തിട്ടു.

ഈ സമയം മുറ്റത്ത് ഒരു വെള്ള കാർ വന്നു നിന്നു. അതിൽ നിന്നും ഒരു പോലീസുകാരൻ പുറത്തേക്കിറങ്ങി.

മാഡം റെഡിയായോ എന്ന് ആരോടെന്നില്ലാതെ ചോദിച്ചു.

മാഡമോ ആരുടെ മാഡം രാഘവനായിരുന്നു അത് ചോദിച്ചത്.

അല്ല ഇത് നിഖില മാഡത്തിന്റെ വീട് തന്നെയല്ലേ.മാഡം ഇന്ന് ജോയിൻ ചെയ്യുന്ന ദിവസം ആണ്.

അപ്പോഴേക്കും നിഖില ചായയും കൊണ്ട് അവിടേക്ക് എത്തിയിരുന്നു.

ഞാൻ എന്റെ വണ്ടിയിൽ വന്നോളാം നിങ്ങൾ പൊയ്ക്കോളു..

Ok മാഡം

ചായ….

അന്തം വിട്ട് നിന്ന എല്ലാവരും നിഖിലയെ നോക്കി IPS യൂണിഫോം അണിഞ്ഞ് നല്ല ചെത്ത് ലുക്കിൽ ചായയും പിടിച്ച് നിൽക്കുവാണ് നിഖില.

എല്ലാവരും നിഖില കൊണ്ടുവന്ന ചായ എടുത്തു.

എല്ലാവരും എന്നോട് ക്ഷമിക്കണം ഞാനിന്ന് ഇവിടെ ചാർജ് എടുക്കുന്ന ദിവസമാണ്.ഇപ്പോൾ തന്നെ വൈകി ഞാനിറങ്ങുവാട്ടോ.ഒന്നും തോന്നരുത്.

വിഷ്ണുവേട്ടാ അപ്പോ പിന്നെ കാണാം.

താൻ പോയിട്ട് വാടോ.. all the best

അമ്മേ.. അച്ഛാ.. പോയിട്ടു വരാം.

നിഖില മുറ്റത്തിരുന്ന ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് റെയ്ബാന്റെ കൂളിംഗ് ഗ്ലാസ് എടുത്ത് വെച്ചു.

നിഖിലേ ഇതെന്തൊക്കെയാടി
നടക്കുന്നെ. എനിക്കൊന്നും മനസ്സിലാവുന്നില്ല.
അച്ഛനോടൊന്ന് പറഞ്ഞിട്ടു പോടി.

നിഖിലാന്നോ “call me sir”

ഇതു കേട്ട് അവിടെ ഉണ്ടായിരുന്നവർക്കൊക്കെ ചിരി പൊട്ടി.

ഗൗരിയും അറിയാതെ ചിരിച്ചു പോയി.

പോടി അവിടുന്ന്. നീ ഇങ്ങോട്ട് വാ..ട്ടോ.. നിനക്കിട്ട് വെച്ചിട്ടുണ്ട്.

അച്ഛാ… ദാ…. അവിടെ ചോദിച്ചാ.. മതി എല്ലാം പറഞ്ഞു തരും.

വിഷ്ണുവിനെ നോക്കിയായിരുന്നു നിഖില പറഞ്ഞത്.

രചന : ക്രിസ്റ്റി കൂളിവയൽ

LEAVE A REPLY

Please enter your comment!
Please enter your name here