എനിക്ക് ഷാഹിന താത്തയെ പോലെ ഒരു പെണ്ണിനെ മതി.
ഞായറാഴ്ചയിലെ ഉച്ചയൂണ് വട്ടത്തിൽ എന്റെ സ്വന്തം അനിയന് ആയ ആഷിയുടെ ഇന്നത്തെ പെണ്ണുകാണലും പൊട്ടിയതിന്റെ കാരണം തിരക്കിയ ഉമ്മയോട് അവൻ പറഞ്ഞതുകേട്ടപ്പോൾ ഒരു ഞെട്ടലോടെ ഞാനും അവനെ തന്നെ നോക്കിപ്പോയി..
കാരണം അവൻ പറഞ്ഞ ആ ഷാഹിന എന്റെ ഒരേയൊരു കെട്യോളാണല്ലോ.. ഒരുനിമിഷം അടുത്തിരിക്കുന്ന അവളെയും ഞാൻ നോക്കി.
അവൻ പറഞ്ഞത് കേട്ട് അമാന്തിച്ചിരിക്കുന്ന അവളുടെ കണ്ണിൽ എന്റെ കണ്ണുടക്കിയപ്പോൾ അവളുടെ മുഖഭാവം ആകെ മാറി. കണ്ടുപടിക്ക് എന്നെനോട് കണ്ണുകൊണ്ട് ഗോഷ്ടികാണിക്കുന്നത് പോലെ.
ഓളെ പോലെ എന്ന പറഞ്ഞാൽ.. ഓളെ മൊഞ്ചാണോ.. ഉമ്മച്ചി അവനെ വിടാൻ ഭാവമില്ല..
ഹേ അതിന് അവൾക്കെവിടെ മൊഞ്ച്. കിട്ടിയ അവസരത്തിൽ ഞാനൊരു കൗണ്ടർ നടത്തി. അതിന്റെ മറുപടിയെന്നോണം ആരും കാണാതെ അവളുടെ നഖങ്ങൾ എന്റെ തുടയിൽ അമരുകയും ചെയ്തു.
അതൊന്നുമല്ല. ഇത്തയെ പോലെ എന്നുപറഞ്ഞാൽ ഇത്തയുടെ സ്വഭാവം.
ഹേ ഇവളുടെ സ്വഭാവമോ.. എന്റെ റബ്ബേ കാലം പോയ പോക്ക് നോക്കണേ. നായിക്കാട്ടതിനു പോലും ഇപ്പൊ ആവശ്യക്കാരാണല്ലോ.
എന്റെ ആഷിയെ, യ്യ് നല്ലോണം ആലോചിച്ചിട്ടല്ലേ ഇതൊക്കെ പറയുന്നത്, അവസാനം കുയ്യിൽ നിന്നെണീറ്റ് കുണ്ടിൽ ചാടിയ അവസ്ഥ ആവരുത് പറഞ്ഞേക്കാം..
എന്റെ രണ്ടാമത്തെ കൗണ്ടറും ഏറ്റില്ല. ഒരാളുടെ മുഖത്തും ഒരു നുള്ള് ചിരിപോലും വിടർന്നില്ല. എന്ത് ചെയ്യാനാ ഞാനിങ്ങനെ ഒരു തോൽവി ആയിപ്പോയല്ലോ.
നീയൊന്ന് മിണ്ടാതിരിയെട എന്ന ഉമ്മയുടെ ശകാരത്തിൽ ഞാൻ തലതാഴ്ത്തി എന്റെ പാനം തുടർന്നു,
ഇടങ്കണ്ണിട്ട് ഒന്ന് നോക്കിയപ്പോൾ ചുണ്ട് കൂട്ടിപിടിച്ചു എന്നെനോക്കി ചിരിച്ചിരിക്കുകയാണ് അവൾ. അയ്യേ ചമ്മിപ്പോയെ എന്ന അർത്ഥത്തിൽ.
ഇനിയൊരു കോമഡിക്ക് സാധ്യതയില്ലെന്നറിഞ്ഞപ്പോൾ ഞാനും അവന്റെ വാക്കുകൾക്ക് കാതോർത്തു.
ഹ യ്യ് പറ.. ഓൾടെ പോരിശ കെട്യോനായ ഞാനും ഒന്ന് കേൾക്കട്ടെ.
അവൻ തുടർന്നു.
പാതിരാത്രിയി എത്ര വൈകിയാലും ഇക്കാനെ കാത്തിരിക്കുന്ന ഷാഹിനത്തയെ പോലെ എന്റെ കെട്യോളും എന്നെ കാത്തിരിക്കണം. ഞാൻ വന്നതിനു ശേഷം ഇവരെ പോലെ ഒരുമിച്ചിരുന്ന് വേണം ഭക്ഷണം കഴിക്കാൻ.
പിന്നെ ഭാരമുള്ള എന്തെങ്കിലും ജോലി ഉമ്മ ചെയ്യുമ്പോൾ ഓടിവന്ന് അതേറ്റെടുത്തു ചെയ്ത് ഇത്തയെ പോലെ അവളും ഉമ്മയെ ശകാരിക്കണം..
ഉപ്പാടെ കീശയിൽ നിന്ന് പൈസ കട്ടെടുത്തു പിടിക്കപ്പെടുമ്പോൾ അടികിട്ടി തളർന്ന എന്റെ അടുത്തുവന്ന് ഡാ നീയെന്തിനാ പൈസ എടുത്തത്, കട്ടെടുക്കുന്നത് തെറ്റല്ലേ, ഇനി പൈസക്ക് ആവിശ്യം വരുമ്പോൾ എന്നോട് ചോദിച്ചാൽ മതി ട്ടോ എന്നുപറഞ്ഞു ഇത്ത എന്നെ ആശ്വസിപ്പിച്ചപോലെ അവളും എന്റെ അനിയന്മ്മാരേ കൂടെ നിക്കണം.
രാത്രി ഏറെ വൈകിവന്ന എന്നെ കാണാതെ ഉമ്മച്ചി കിടന്നപ്പോഴും എന്നെ കാത്തിരുന്ന് അറിയാതെ ഉമ്മറത്ത് ഉറങ്ങിപ്പോഴ ഇത്തയുടെ സ്നേഹം അവളിലും ഉണ്ടാവണം.
ബൈക്കിൽ മഴ നനഞു വന്ന എന്നെ ഉമ്മ നിർത്തി പൊരിക്കുമ്പോൾ. ഒരു മഴ കൊണ്ടാലൊന്നും പനിവരാൻ പോണില്ല ഉമ്മച്ചിയെ എന്നുപറഞ്ഞു ഉടുത്ത തട്ടം കൊണ്ടെന്റെ തലതുവർത്തിത്തരുന്ന ഇത്തയുടെ കരുതൽ അവളിലും വേണം.
അവസാനം പനിച്ചു കിടന്നാൽ ഒരു ഗ്ലാസ് ചുക്കുകാപ്പി കൊണ്ടുവന്ന് ഇതങ്ങു കുടിച്ചാൽ പനീ പമ്പ കടക്കുമെന്നുപറഞ്ഞു ഒരു ചിരിത്തന്നു പോകുന്ന ഇത്തയെപ്പോലെ ആവണം അവളും.
പാതിരാത്രിയിൽ ഉറക്കമൊഴിച്ചു ഫുട്ബോൾ മാച്ച് കണ്ടിരിക്കുന്ന എനിക്കും ഇക്കാക്കും ചൂട് കട്ടൻചായ പകരുന്ന ഇത്തയെ പോലെ അവളും ഞങ്ങൾക്ക് കൂട്ടിരിക്കണം.
ഉപ്പയുടെ മുന്നിൽ ഞാൻ വാക്കുകൾക്ക് വേണ്ടി പരതുമ്പോൾ ഇത്തയെ പോലെ ഒരു രക്ഷകയായി അവളും എത്തണം..
സ്വന്തം വീട്ടിൽ ഒരാഴ്ച നിൽക്കാൻ പോയി. രണ്ടാം ദിവസ്സം തന്നെ നിങ്ങളെയൊന്നും കാണാതെ എനിക്കവിടെ നിക്കാൻ കഴിയില്ല എന്നുപറയുന്ന ഇത്തയെപ്പോലെ ആവണം അവളും.
പിന്നെ….
മതി മതി.. നീയൊന്ന് നിർത്തിയെ.. കുറെ നേരമായല്ലോ ഒരുമാതിരി ലോജിക്കില്ലാത്ത കോമഡി..
മനപ്പൂർവം തന്നെയാണ് ഞാൻ അവനെ തടഞ്ഞത് കാരണം, അവളുടെ കണ്ണിൽ ഇപ്പോൾ തന്നെ ഒരു കുമ്പിൾ അനന്ദക്കണ്ണീർ നിറഞ്ഞിട്ടുണ്ട്. ഇനിയും അവൻ തുടർന്നാൽ അത് ധാരയായി ഒഴുകാൻ തുടങ്ങും..
അവളെ പോലെ ഉമ്മയും മൗനത്തിലാണ്..
എനിക്കുവേണ്ടിയുള്ള കണ്ടെത്തലിൽ ഉമ്മക്ക് പിഴച്ചിട്ടില്ലെന്ന ആത്മനിർവൃതിയിൽ ആവും ചിലപ്പോൾഉമ്മ..
അപ്പൊ എനിക്ക് ആരെങ്കിലും പെണ്ണ് തിരയുന്നുണ്ടേൽ ഈ കണ്ടീഷൻ ഒക്കെ ഓർത്തു വെച്ചോളി ട്ടോ..
ഇതും പറഞ്ഞു അവൻ എണീറ്റപ്പോൾ ആരും കാണാതെ അവളുടെ കയ്യിൽ ഞാൻ അമർത്തിപ്പിടിച്ചുരുന്നു.. ഇനിയൊരു ജന്മമുണ്ടെങ്കിൽ പോലും കൂട്ടിന് നീ തന്നെ വേണമെന്ന് പറയാതെ പറഞ്ഞുകൊണ്ട്..
ശുഭം
Ayisha ziya