Home Latest ഞാൻ കാത്തിരിക്കാം എത്ര നാൾ വേണമെങ്കിലും, ഈ കരിങ്ല്ലുള്ള ഹൃദയത്തിൽ ഒരിടം ലഭിക്കുന്നത് വരെ…

ഞാൻ കാത്തിരിക്കാം എത്ര നാൾ വേണമെങ്കിലും, ഈ കരിങ്ല്ലുള്ള ഹൃദയത്തിൽ ഒരിടം ലഭിക്കുന്നത് വരെ…

1

ക്ഷീണം കൊണ്ട് കോളേജിലെ ക്ലാസ്സ്‌ മുറിയിൽ ഇരുന്നു ഉറങ്ങി എഴുന്നേറ്റപ്പോൾ ക്ലാസിൽ ആരുമില്ല. ചുറ്റിനും നോക്കി. ഇല്ല ആരുമില്ല. പതിയെ ക്ലാസിൽ നിന്നും പുറത്തിറങ്ങി.
ഉറക്കത്തിൽ കൂട്ടുകാർ ആരെങ്കിലുമൊക്കെ തന്നെ വിളിച്ചിട്ടുണ്ടാകണം.

ഒന്നും അറിഞ്ഞിട്ടില്ല. കാരണം അത്രക്ക് ക്ഷീണം ഉണ്ടായിരുന്നു. ഇന്നലെ രാത്രിയിൽ ലോറിയിൽ നിന്നുo മണൽ വെട്ടിയിറക്കാൻ പോയിട്ട് വന്നപ്പോഴേക്കും ഒരുപാട് താമസിച്ചിരുന്നു. പരീക്ഷ അടുത്തതുകൊണ്ടു മാത്രമാണ് ക്ലാസിൽ വന്നിരിക്കുന്നത്. അറ്റന്റൻസ് അമ്പേ കുറവാണ്.

പതിയെ എന്തൊക്കെയോ മനസ്സിൽ ഓർത്തു കോളേജ് ഗേറ്റ് കഴിഞ്ഞു റോഡിലേക്കിറങ്ങി. ഇനി അഞ്ചരക്കെ ബസുള്ളൂ.
കയ്യിലുള്ള പഴയ നോക്കിയയുടെ ഫോണിൽ സമയം നോക്കി. 4:43
ബാഗും തോളിലിട്ട് ഫോണിൽ അമ്മയെ വിളിക്കാൻ തുടങ്ങിയപ്പോഴാണ് മുന്നിൽ ഒരു ആക്ടിവ വന്നു നിന്നത്.

ഞാൻ ഒന്ന് നോക്കി. എന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്. അവൾ വണ്ടിയിൽ നിന്നുo ഇറങ്ങി. എന്റെ നേരെ വന്നു.
ഞാൻ പതിവിലും ഗൗരവത്തിൽ അവിടെ നിന്നു. അല്ലെങ്കിലും എന്റെ മുഖത്ത് എപ്പോഴും ഗൗരവം ആണ്. അവൾ മെല്ലെ എന്റെ അടുത്തേക്ക് വന്നു.

ക്ലാസ്സിൽ ഇരുന്നു ഉറങ്ങുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അരുൺ ക്ലാസ്സിൽ നിന്നും ഒന്നിറങ്ങാൻ കാത്തു നിൽക്കുകയായിരുന്നു ഞാൻ ഇതുവരെ. അവൾ തെല്ല് പരിഭവത്തോടെ പറഞ്ഞു നിർത്തി.

ഞാൻ ഒന്നും മിണ്ടാതെ അമ്മയെ വിളിച്ചു വരാൻ താമസിക്കും എന്ന് പറഞ്ഞു ഫോൺ കട്ടാക്കി. അവളുടെ സംസാരത്തിനു ഞാൻ മുഖം കൊടുക്കാത്തതിൽ അവളുടെ മുഖത്ത് ലേശം പരിഭവം പോലുമില്ലായിരുന്നു. ഇതുവരെ ക്ലാസ്സിൽ അങ്ങനെ ആരോടും മിണ്ടാത്ത വല്ലപ്പോഴും മാത്രം കയറി വരുന്ന ആജാനുബാഹുവായ ഗൗരവക്കാരനിൽ നിന്നും അവൾ കൂടുതലൊന്നും പ്രതീക്ഷിച്ചു കാണില്ല.
ഞാൻ മുന്നോട്ടു നടക്കാൻ തുടങ്ങിയപ്പോൾ അവൾ മുന്നിൽ കയറി നിന്നു. എന്നിട്ട് ചോദിച്ചു കൂടെപ്പഠിക്കുന്ന എന്റെ പേരെങ്കിലും അറിയാമോ എന്ന്?

ഞാൻ അപർണ എന്ന് പറഞ്ഞു.

അവൾ ആഹാ ക്ലാസ്സിൽ വന്നില്ലെങ്കിലും പെൺകുട്ടികളുടെ പേരൊക്കെ അറിയാം അല്ലെ എന്ന് ഒരു ചിരിയോടെ ചോദിച്ചു.

പെട്ടെന്നവൾ വണ്ടിയുടെ പുറകു വശം തുറന്നു അതിൽ നിന്നും രണ്ടു കവറുകൾ എടുത്തു എന്റെ നേരെ നീട്ടി.
എന്നിട്ടവൾ പറഞ്ഞു ഇത് ഒരു മുണ്ടും രണ്ടു ഷർട്ടും ഉണ്ടെന്നു.

ഞാൻ അരുൺ ക്ലാസ്സിൽ വരുമ്പോഴൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നു. രണ്ടു ഉടുപ്പുകൾ മാത്രം മാറി മാറി ഇട്ടുവരുന്ന…
അവൾ ആ കവറുകൾ എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു നിർത്തി.

ഞാൻ ഗൗരവം ഒട്ടും വിടാതെ പറഞ്ഞു. ഇന്നേവരെ എന്റെ അമ്മയ്ക്കും പെങ്ങൾക്കും വാങ്ങിക്കൊടുക്കാതെ ഒരു ഉടുപ്പ് പോലും ഞാൻ വാങ്ങിയിട്ടില്ല. ഒരു മുട്ടായി പോലും ഞാൻ വാങ്ങിക്കഴിച്ചിട്ടില്ല എന്ന്.
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഇടാനും കഴിക്കാനും മനസ് തോന്നിയിട്ടില്ല. അതാണ്‌ എന്നുപറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.

ഒരുപക്ഷെ ഞാൻ ഒന്ന് തിരിഞ്ഞു നോക്കുമെന്നവൾ കരുതിക്കാണും. അതൊരു സൗഹൃദമല്ല പ്രണയമെന്ന വികാരത്തിന്റെ ആദ്യത്തെ പടവുകളാണ് എന്ന് മനസിലാക്കാൻ അധികം ചിന്തിക്കേണ്ടി വന്നിരുന്നില്ല.

അപർണ ക്ലാസിലെ അധികം സുന്ദരി അല്ലെങ്കിലും ഓളും ഒരു സുന്ദരി തന്നെ. വല്ലപ്പോഴും ക്ലാസ്സിൽ വന്നു ഉറങ്ങുന്ന എനിക്കെപ്പോഴും, ക്ലാസിൽ കലപിലാ ചിലക്കുന്ന അവളുടെ ശബ്ദം ഒരു അരോചകമായിരുന്നു.
അതുകൊണ്ട് തന്നെ അവളെ നോക്കുമ്പോഴൊക്കെയും കട്ടക്കലിപ്പിൽ തന്നെയാണ് നോക്കിയിരുന്നതും. പക്ഷെ അവളുടെ ഒരുനോട്ടവും എന്റെ മുഖത്തേക്കായിരുന്നില്ല മറിച്ചെന്റെ മനസിലേക്കായിരുന്നു എന്നിപ്പോഴാണ് മനസിലായത്. പരസ്പരം ഒന്ന് സംസാരിച്ചിട്ട് കൂടിയില്ല.

ബസിൽ കയറി വീണ്ടും ഒന്നുറങ്ങി. മനസ്സെപ്പോഴോ ഞാൻ എന്ന പത്താം ക്ലാസ്കാരനിലേക്കു മടങ്ങിപ്പോയി. ഓർക്കുവാൻ ഇഷ്ടമില്ലാത്ത ഓർമ്മകളിലേക്ക് മനസു ബസിനൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു…

പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു കടം കയറി ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു തൂങ്ങിയാടുന്ന അച്ഛന്റെ ശരീരം കണ്ടപ്പോൾ മുതൽ തുടങ്ങിയതാണ് മനസിന്റെ മരവിപ്പ്. കീറിമുറിച്ച അച്ഛന്റെ അതെ ശരീരം തന്നെ ഏറ്റുവാങ്ങുമ്പോഴും ചിതക്ക് തീ കൊളുത്തുമ്പോഴും ആ മനസ്സിന്റെ മരവിപ്പ് മാറ്റി കല്ലാക്കാൻ,
അച്ഛൻ കടം വാങ്ങിയ പൈസ തിരികെ ചോദിക്കാൻ എത്തിയ വട്ടിപ്പലിശക്കാരൻ അമ്മയുടെ കയ്യിൽ കയറിപ്പിടുക്കുന്ന സമയം വരെ കാത്തിരിക്കേണ്ടി വന്നു.

അയാളെ പിടിച്ചു തള്ളി കയ്യിൽ കിട്ടിയ കല്ലെടുത്തു തലയിൽ അടിച്ചു ഇനി ഇവിടെ വന്നാൽ കൊന്നുകളയും പട്ടി എന്ന് ഉച്ചത്തിൽ വിളിച്ചു പറയുമ്പോഴും ഞാൻ എന്ന 15 കാരന്റെ മാറ്റം അമ്മക്കെന്നപോലെ എന്റെ പെങ്ങൾക്കും നൽകിയ ആശ്വാസം ചെറുതൊന്നും ആയിരുന്നില്ല. കിട്ടിയ കാശിനു ഇരുനില വീടും അതിനോട് ചേർന്ന പറമ്പും വിറ്റു. കടക്കാർക്കൊക്കെ കൊടുത്തതിന്റെ ബാക്കിക്കു മറ്റൊരു നാട്ടിൽ ചെറിയ വീട് വാങ്ങിയപ്പോൾ സ്ഥലത്തിനൊപ്പം മാറിയത് എന്റെ മനസുകൂടി ആയിരുന്നു.

അച്ഛനെന്ന തണൽ മരം ഇല്ലാതായപ്പോൾ മുതൽ ഞാൻ കൊണ്ട വെയിലിനും മഴക്കും ചൂടിനും എന്റെ മനസിനെ തളർത്തുവാൻ കഴിഞ്ഞിരുന്നില്ല.
മനസിലെപ്പോഴും അമ്മയുടെയും പെങ്ങളുടെയും മുഖം തെളിഞ്ഞു വരും. അച്ഛൻ മരിച്ചതിൽ പിന്നെ ജോലിക്ക് പോകാൻ ഇറങ്ങിയ അമ്മയെ ഒരു പണിക്കും വിട്ടിട്ടില്ല. കാരണം സർവ സുഖത്തോടും ജീവിച്ച അമ്മയെ മറ്റു ജോലികൾ ചെയ്തു കാണുന്നത് എനിക്കൊരു കുറവായി തോന്നിയിരുന്നു.

അന്നുമുതൽ ഇന്നുവരെ ചെയ്യാത്ത ജോലികൾ ഒന്നുമില്ല. പത്രം ഇടാനും, പശുവിനെ കറക്കാനും, പാല് കൊടുക്കാനും, ടാറിങ്ങിനും, വാർക്കപ്പണിക്കും, മേശരിപ്പണിക്കും എന്തിനു പറയണം അമ്മ അറിയാതെ തേങ്ങ വരെ ഇടാൻ പോയിട്ടുണ്ട്.

ഓണത്തിനും വിഷുവിനും അമ്മയ്ക്കും എനിക്കും ഡ്രസ്സ്‌ വാങ്ങിയില്ലെങ്കിലും അവൾക്കുള്ള പുതിയ ഡ്രെസ്സുമായ്‌ ചെന്ന് കയറുമ്പോൾ അവൾ ആദ്യം ചോദിക്കുക അമ്മക്കില്ലേ എന്നായിരുന്നു?

മൗനം മറുപടിയാക്കി അതവളുടെ കയ്യിൽ കൊടുക്കുമ്പോൾ നിറഞ്ഞു തുളുമ്പുന്ന അവളുടെ കണ്ണുകൾ തുടക്കാൻ മനസു കല്ലാക്കിയ എനിക്ക് കഴിയാതെ പോയിട്ടുണ്ട്.

ഇടക്കെപ്പോഴോ ഇറങ്ങാനുള്ള സ്ഥലത്തിന്റെ പേര് കണ്ടക്ടർ ഉച്ചത്തിൽ വിളിച്ചു പറയുന്നത് കേട്ടപ്പോഴാണ് വീണ്ടും ഓർമ്മകളിൽ നിന്നും ഉണർന്നത്.
വീട്ടിൽ ചെന്ന് കുളിച്ചിട്ടു വേണം ഇന്നും മണൽ ഇറക്കാനായിട്ടു പോകാൻ. കയ്യിൽ പൈസ കിട്ടുമെന്നതിനാൽ ഈ പണിക്കു പോകാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.

പതിവ് പോലെ അന്ന് രാത്രിയിലും മണലിറക്കാൻ പോയി. അപ്പോഴാണ് രാഘവേട്ടൻ ചോദിച്ചത് ഡാ അരുണേ നാളെ ഒരു വാർപ്പുണ്ട് വരുന്നോ എന്ന്. ഉറക്കവും ക്ഷീണവും ഒന്നും ചിന്തിച്ചില്ല വരാം എന്ന് പറഞ്ഞു.

പിറ്റേന്നുച്ചക്ക് വാർപ്പ് കഴിഞ്ഞു വീട്ടിൽ വന്നു. ദേഹത്തപ്പടി സിമെന്റും പൊടിയും ഒക്കെ ആയതിനാൽ കുളിച്ചിട്ടു അകത്തേക്ക് കയറി. അമ്മേ ചോറ് വിളമ്പ് വിശക്കുന്നു എന്ന് പറഞ്ഞു അടുക്കളയിലേക്കു കയറിയപ്പോഴാണ് അമ്മയുടെ കൂടെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവൾ ചോറും കറികളും വിളമ്പുന്നു.

എന്നെ കണ്ടിട്ടേ ഇല്ല എന്ന ഭാവത്തിൽ അവിടൊക്കെ കിടന്നു ഓടിക്കളിക്കുന്നു. അപ്പോഴാണ് മ്മടെ പെങ്ങളൂട്ടി പുതിയ ചുരിദാർ ഇട്ടുകൊണ്ട് വന്നതും നേരെ എന്റെ മുന്നിൽ വന്നു ചാടിയതും.
ഇതെവിടുന്നാടി എന്നുള്ള എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് അപർണ ആയിരുന്നു.

ഞാൻ വാങ്ങിയതാണ് അമ്മയ്ക്കും വാങ്ങീട്ടൊ എന്നവൾ പറഞ്ഞിട്ട് എന്റെ അരികിലേക്ക് വന്നിട്ട് ഇനി ഇയാൾ അത് വാങ്ങിക്കുമോ എന്ന് ചോദിച്ചിട്ട് ഒരു ചിരിയും പാസാക്കി അവൾ അടുക്കളയിലേക്കു പോയി.

ഞാൻ മുറിയിലേക്ക് കയറി. കണ്ണാടിയിലേക്കു നോക്കി. ഒന്ന് പുഞ്ചിരിച്ചു. താടി മുഖത്തിന്‌ ഒട്ടും ചേരുന്നില്ലേ? വീണ്ടും ചിരിച്ചു.

അപ്പൊ ചിരിക്കാനൊക്കെ അറിയാം ല്ലേ? ചോദ്യം കേട്ട ഭാഗത്തേക്ക്‌ നോക്കേണ്ട കാര്യമില്ലല്ലോ. അതവൾ തന്നെ. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.

ന്താ നിന്റെ ഉദ്ദേശം? എന്താ നിനക്ക് വേണ്ടത് എന്നുള്ള ചോദ്യത്തിന് അവൾ പറഞ്ഞത് എനിക്ക് വേണം ഈ ഗൗരവമുള്ള താടിക്കാരനെ, ഈ ജീവിതകാലം മുഴുവനും എന്ന്. അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ എന്റെ മുഖത്തേക്ക് നോക്കി നിൽപ്പാണ്.

അമ്മ പറഞ്ഞു മുഖത്ത് ഗൗരവം ഇട്ടു സ്നേഹം മനസ്സിൽ ഒളിപ്പിച്ചു നടക്കുന്ന ഒരു പാവമാണ് അമ്മയുടെ മകൻ എന്ന്.
ആണോ? ഇയാൾ പാവമാണോ എന്നവൾ അവളുടെ വിരലാൽ എന്റെ നനഞ്ഞ ദൃഢമായ നെഞ്ചിൽ കുത്തി കുത്തി ചോദിച്ചു

ഞാൻ ഒന്നും മിണ്ടാതെ അവളെ പുറത്താക്കി കതകടച്ചു. ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങി. കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു
അവളെയും വിളിച്ചു വീടിനു കുറച്ചു അകലെയായിട്ടുള്ള വയൽ വരമ്പിലേക്കു നടന്നു.

നടക്കുന്ന കൂട്ടത്തിൽ പെങ്ങൾ പുറകിൽ നിന്നും ചോദിക്കുന്നുണ്ടായിരുന്നു ഗൗരവം ഒക്കെ വീട്ടിലുള്ളവരോടെ ഉള്ളൂ ല്ലേ എന്ന്?

തിരിഞ്ഞു നിന്നൊരു നോട്ടം നൽകിയതുകൊണ്ടാകണം ചിരിച്ച ചുണ്ടും മുഖവും മങ്ങിയവൾ അകത്തേക്ക് ഓടിയത്.

മഴ പെയ്തു അവിടമാകെ വെള്ളം കയറിയിട്ടുണ്ട്. നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു തുടങ്ങി..

അപർണ അച്ചന്റെ മരണശേഷം പ്രാരാബ്ധങ്ങളെയും കഷ്ടപ്പാടുകളെയും കൂട്ട് പിടിച്ചു മുന്നോട്ടു പോകുന്നവനാണ് ഞാൻ. ഇരുനില വീട്ടിൽ നിന്നും ഇരു മുറികളുള്ള വീട്ടിലേക്കുള്ള ചുവടു മാറ്റം ശാന്തമായ കടൽ പെട്ടന്നൊരു ദിവസം പ്രഷുബ്‌ധം ആയതുപോലെ ആയിരുന്നു ഞങ്ങൾക്ക്…
എല്ലാം ഉള്ളതിൽ നിന്നും ഒന്നും ഇല്ലാത്തതിലേക്കുള്ള പരിണാമം….

എനിക്ക് ചില ലക്ഷ്യങ്ങളുണ്ട്. സ്വന്തം കാലിൽ നിൽക്കണം. ജോലി വാങ്ങണം. അച്ഛനുറങ്ങുന്ന ആ മണ്ണ് വീണ്ടും സ്വന്തമാക്കണം. ന്റെ പെങ്ങളെ പഠിപ്പിച്ചു നല്ല നിലയിൽ കെട്ടിച്ചയക്കണം. അതിനിടയിൽ എനിക്ക് പ്രേമിക്കാനും അതിന്റെ പുറകെ നടന്നു സമയം കളയാനും ആകില്ല. ഞാൻ പറഞ്ഞു വരുന്നത് മനസിലാകുന്നുണ്ട് എന്ന് കരുതുന്നു.

നിങ്ങൾ ഈ പണമുള്ള വീട്ടിലെ പെൺകുട്ടികൾക്ക് എന്നെപ്പോലുള്ള ആൺകുട്ടികളോട് സിംപതിയുടെ പുറത്തു തോന്നുന്ന വെറുമൊരു തമാശ മാത്രമാണ് ഈ പ്രണയം. അത് പറഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…

കഴിഞ്ഞോ എന്നുള്ളൊരു ചോദ്യത്തോടെ അവളും പറഞ്ഞു തുടങ്ങി..
എനിക്ക് അങ്ങനെ തോന്നിയ ഒരു വികാരമല്ല അരുണിനോടുള്ളത്. ഒരിക്കൽ ഞാൻ പോയ ഒരു കല്യാണത്തിന് വിളമ്പുന്ന ആൾക്കാർക്കിടയിൽ അരുണിനെ ഞാൻ കണ്ടു, പിന്നെ ഒരിക്കൽ എന്റെ വീടിന്റെ അപ്പുറത്തുള്ള ഒരു വീടിന്റെ പണിക്കു മിക്കവാറും അരുണിനെ ഞാൻ അവിടെ വെച്ച് കണ്ടിട്ടുണ്ട്. പിന്നെ അരുണിനെ അറിയുവാനുള്ള ശ്രമത്തിലായിരുന്നു. കൂട്ടുകാരനോട് കുറച്ചൊക്കെ ചോദിച്ചു. അച്ഛൻ മരിച്ചതും വീട് വിറ്റതുമൊക്കെ ഞാൻ അറിഞ്ഞു. ഒരു കുടുംബം പുലർത്താൻ എന്ത് ജോലിയും ചെയ്യുന്ന അരുണിനോട് എനിക്ക് ആരാധനയായിരുന്നു. പിന്നീടെപ്പോഴോ ഞാൻപോലും അറിയാതെ ന്റെ മനസ്സിൽ ഒരു പ്രണയമായി….

അരുൺ ക്ലാസ്സിൽ വരാത്ത ദിവസങ്ങളിൽ വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. വന്നാലോ ഈ മുഖത്തോട്ട് നോക്കാൻ പേടിയും. ക്ലാസ്സിൽ കിടന്നുറങ്ങുന്നത് മതിവരുവോളം ഞാൻ നോക്കിയിരുന്നിട്ടുണ്ട്. ഉള്ളിലുള്ള സ്നേഹം ഒന്ന് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്ത എന്റെ വിഷമം ഒന്ന് ആലോചിച്ചു നോക്ക് അരുൺ.

ഇഷ്ട്ടമാണ് ഒരുപാട് ഒരുപാട് ഈ താടിക്കാരനെ.
മനസ്സിൽ സ്നേഹം ഒളിപ്പിച്ചു മുഖത്തു ഗൗരവം വരുത്തുന്ന ഈ കാരിരുമ്പിന്റെ മനസുള്ളവനെ… പണമുള്ള പെണ്ണിന്റെ നേരം പോക്കല്ല അരുൺ ഇത്. എന്റെ മനസിൽ ഇന്നേവരെ ഒരാളോടും തോന്നാത്ത പ്രണയം എന്ന വികാരം ഞാൻ പോലും അറിയാതെ അരുണിനോട് എപ്പോഴോ തോന്നിത്തുടങ്ങിയിരുന്നു… തിരുത്താൻ ശ്രമിച്ചിട്ടില്ല, കാരണം ആഗ്രഹിക്കുന്നത് തെറ്റല്ല എന്ന് തോന്നി.

ഞാൻ കാത്തിരിക്കാം എത്ര നാൾ വേണമെങ്കിലും, ഈ കരിങ്ല്ലുള്ള ഹൃദയത്തിൽ ഒരിടം ലഭിക്കുന്നത് വരെ…
ഇത് പറഞ്ഞവൾ നിറഞ്ഞു കവിഞ്ഞ വയലിലേക്ക് നിറകണ്ണുകളോടെ നോക്കി നിന്നു.

എന്റെ പ്രാബ്ദങ്ങൾ, എന്റെ വിഷമങ്ങൾ, അതിനിടയിലേക്കു വേണ്ടടോ,
എന്റെ അമ്മയെയും പെങ്ങളെയും പോലെ ചില ദിവസങ്ങളിൽ പട്ടിണി കിടക്കേണ്ടി വരും. അവർക്കത് ശീലമായി,

എല്ലാമുള്ള അവസ്ഥയിൽ നിന്നും ഉള്ളതുതന്നെ പിടിച്ചു നിർത്താൻ പാടുപെടുന്നൊരു വീട്ടിലേക്കു വേണ്ട…
ഒരച്ഛനും അമ്മയും ഒരു മകളെയും അങ്ങനുള്ള വീട്ടിലേക്കു കെട്ടിച്ചു വിടില്ല.
ഞാനായിട്ട് ആഗ്രഹങ്ങൾ നൽകി അത് നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ….
ഇത് പറയുമ്പോഴും ഞാൻ അറിയാതെ തന്നെ കണ്ണുനീർ തുള്ളികൾ താടിക്കിടയിലൂടെ ഒഴുകി താഴേക്കു പതിക്കുന്നുണ്ടായിരുന്നു.

എല്ലാ വിഷമങ്ങളും പങ്കു വെക്കാൻ, മുഴുപ്പട്ടിണിയിൽ സാരി അഴിച്ചു ഞാൻ മുറുകെ ഉടുത്തോളാം. ഈ നെഞ്ചിന്റെ ചൂടുപറ്റി ഞാൻ ഉറങ്ങിക്കോളാം, പരിഭവങ്ങൾ പറയാതെ, പരാതികളില്ലാതെ എന്നെ കൂട്ടിക്കൂടെ?
അത്രയും ഞാൻ സ്നേഹിച്ചു പോയി. ഇത് പറഞ്ഞവൾ പൊട്ടിക്കരയുമ്പോൾ ഞാൻ പോലും അറിയാതെ അവളെ വലിച്ചു നെഞ്ചിലേക്ക് അടുപ്പിച്ചു കെട്ടിപ്പിടിച്ചു നെറ്റിയിൽ ചുംബിക്കുമ്പോൾ അവൾ ഒന്നൂടെ ഉച്ചത്തിൽ പൊട്ടിക്കരയുന്നുണ്ടായിരുന്നു…
എന്നെ മനസിലാക്കി എന്നെ അടുത്തറിഞ്ഞു എന്നിലേക്ക്‌ വന്നവളുടെ മുഖത്തു നോക്കി ഇഷ്ടമല്ലെന്നു പറയുവാൻ എന്റെ കരിങ്കല്ലിനാൽ പണിത ഹൃദയം അനുവദിച്ചില്ല

സ്നേഹിക്കാൻ അറിയാഞ്ഞിട്ടല്ല പെണ്ണെ ഞാൻ എന്റെ സ്നേഹം മുഴുവനും എന്റെ അമ്മയ്ക്കും പെങ്ങൾക്കും നൽകിപ്പോയി. ഇനി മുതൽ അതിനു നീയും അവകാശിയാണ് എന്നവളുടെ നിറഞ്ഞ കണ്ണുകളിലേക്കു നോക്കി പറയുമ്പോൾ അവളുടെ മുഖത്ത് വന്നൊരു പുഞ്ചിരി….

എന്നാൽ വന്നേ വന്നു ഞാൻ വാങ്ങിയ ആ മുണ്ടും ഷർട്ടും ഒന്നിട്ടെ എന്ന് പറഞ്ഞവൾ എന്റെ കയ്യിൽ പിടിച്ചു വലിക്കുമ്പോൾ മഴത്തുള്ളികൾ ചെറുതായി ചാറുന്നുണ്ടായിരുന്നു….

ശുഭം

രചന ; മുഹൈമിൻ

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here