Home Latest എങ്ങനെ തോന്നി നിങ്ങൾക്ക് പാവം എന്റെ അച്ഛനോട് ഇത്രയും പൊന്നും പണവും ചോദിച്ചു വാങ്ങാൻ…

എങ്ങനെ തോന്നി നിങ്ങൾക്ക് പാവം എന്റെ അച്ഛനോട് ഇത്രയും പൊന്നും പണവും ചോദിച്ചു വാങ്ങാൻ…

0

നിങ്ങളുടെ കൈക്കരുത്തിന് ചിലപ്പോൾ എന്റെ ശരീരത്തെ കീഴ്പ്പെടുത്താൻ സാധിക്കുമായിരിക്കും പക്ഷെ ഒരു ഭാര്യയായി എന്റെ മനസ്സിനെ സ്വന്തമാക്കാൻ നിങ്ങൾക്ക്ഒരിക്കലും കഴിയില്ല ഒരിക്കലും..
അത്രയും വെറുപ്പാണ് എനിക്ക് നിങ്ങളോട്.

എങ്ങനെ തോന്നി നിങ്ങൾക്ക് പാവം എന്റെ അച്ഛനോട് ഇത്രയും പൊന്നും പണവും ചോദിച്ചു വാങ്ങാൻ, ഈ കൊട്ടാരം പോലുള്ള വീടും അലമാര നിറച്ചു പണവും മതിയാവാഞ്ഞിട്ടാണോ..
ഉള്ളതൊക്കെ വിറ്റും പണയപ്പെടുത്തിയും നിങ്ങൾ ആവശ്യപ്പെട്ട അത്രയും സ്വർണം എന്റെ കയ്യിലേക്ക് വെച്ചുതന്ന് ഒന്നേ പറഞ്ഞൊള്ളു അച്ഛൻ.
എന്റെ അവസാന ആഗ്രഹമാണ് ഇത് മോള് എതിരൊന്നും പറയരുതെന്ന്, ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ കഴുത്തുനീട്ടിതന്നത്.

പക്ഷെ ഇവിടെ വേലക്കാരിയായി കഴിയേണ്ടി വന്നാലും ഞാൻ ഒരിക്കലും മനസ്സുകൊണ്ട് ഞാൻ നിങ്ങളുടെ ഭാര്യയാവില്ല..
നിങ്ങൾക്ക് പണവും സ്വർണവും അല്ലെ വേണ്ടത്. അത് ആ അലമാരയിൽ ഭദ്രമായി എടുത്തുവെച്ചിട്ടുണ്ട്.
ഇത്രയും പറഞ്ഞു ഞാൻ കട്ടിലിന്റെ ഒരു മൂലയിൽ തിരിഞ്ഞു കിടന്നു.

അയാളുടെ കൈ ഏതുനിമിഷവും എന്നിലേക്ക് നീളുമെന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി ഒരു വിരിപ്പെടുത്തു തറയിലേക്ക് കിടക്കാനൊരുങ്ങിയ അയാളെക്കണ്ടപ്പോൾ ഞാൻ ഉള്ളിതുറന്നൊന്ന് ചിരിച്ചു. എന്റെ അച്ഛന്റെ കണ്ണീരിന്റെ ശിക്ഷയാണെന്ന് ഞാൻ മനസ്സിലോർത്തു.

നാളുകൾ കഴിഞ്ഞു പോയി. പക്ഷെ മണിയറയിലെ ഞങ്ങളുടെ അകലത്തിന് മാത്രം ഒരു കുറവും വന്നില്ല. അതിനുള്ള അവസരങ്ങളും ഞാൻ നൽകിയില്ല.
ദിനംപ്രതി എനിക്കയാളോടുള്ള വെറുപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു,
അങ്ങനെയിരിക്കെയാണ് മഴക്കാറൊഴിഞ്ഞ ഒരു പകലിൽ എനിക്ക് പ്രതീക്ഷിക്കാത്തൊരു ഫോൺകോൾ വരുന്നത്. നിങ്ങളുടെ ഭർത്താവിനൊരു അപകടം പറ്റിയിരിക്കുന്നു എത്രയും വേഗം സിറ്റി ഹോസ്പ്പിറ്റലിലേക്ക് എത്തുക. ഇത്രയും മാത്രം പറഞ്ഞു ആ ഫോൺകോൾ കട്ടായി.

ഒരുപക്ഷെ താലിയുടെ മഹത്വം കൊണ്ടായിരിക്കാം കേട്ടമത്രയിൽ ഞാനൊന്ന് ഞെട്ടിയത്,
പക്ഷെ പതിയെ ആ വാർത്തയെന്നിൽ സന്തോഷം നിറച്ചു. അവസാനിച്ചാൽ മതിയായിരുന്നു ഇതോടെ എല്ലാം.. ഒരു വിധവയായിട്ടാണെങ്കിലും മനസ്സിലെ ഈ ഭാരം ഇറക്കിവെച്ചു സമാധാനത്തോടെ വീണ്ടും അച്ഛന്റെ തണലിലേക്ക് ഒരു തിരിച്ചുപോക്കിന് ദൈവം തന്ന അവസരമായിരിക്കും ചിലപ്പോൾ ഇത്.

പിന്നെ എല്ലാം പെട്ടന്നായിരുന്നു കള്ളക്കണ്ണീരൊഴുക്കി വിവരം അയാളുടെ അമ്മയെ അറിയിച്ചതും ഒരു കൂട്ടക്കരച്ചിലോടെ എല്ലാവരും ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.
ഉള്ളിലെ സന്തോഷം പുറത്തുകാണിക്കാതെ ഞാൻ ആശുപത്രി വരാന്തയിൽ ഞാൻ തലകുനിച്ചിരിക്കുമ്പോഴാണ് എന്റെ അച്ഛൻ അങ്ങോട്ട് വരുന്നത് കാണുന്നത്. വയ്യാത്ത കാലുമായി വരുന്ന അച്ഛനെ കണ്ടപ്പോൾ ഉള്ള് പൊള്ളി. ഞാൻ വേഗം ഓടിച്ചെന്നു അച്ഛനെ താങ്ങിപിടിച്ചു അടുത്തുള്ള കസേരയിൽ ഇരുത്തി, എന്തിനാ അച്ഛാ വയ്യാത്തകാലുമായി ഇങ്ങോട്ട് വന്നത് എന്ന് ശകാരിച്ചു.
മോൻ എന്തോ പറ്റിയെന്നറിഞ്ഞാൽ പിന്നെ എനിക്കവിടെ ഇരിപ്പുറക്കോ അതാ കേട്ടയുടനെ ഇങ്ങോട്ടു പോന്നത്. എന്താ പറ്റിയത് എന്റെ കുട്ടിക്ക്. എനിക്കൊന്ന് കാണാൻ പറ്റോ അവനെ ..
ഇപ്പോൾ ആരെയും കാണിക്കില്ല അച്ഛാ, ഐ സി യൂ വിലാണ്. ഞാൻ പതിയെ അച്ഛനെ അവിടെ ചാരിയിരുത്തി.

അച്ഛന്റെ മടിയിൽ തലവെച്ചു അറിയാതെ ഒന്നുറങ്ങിപ്പോയി. ആരോ തട്ടിവിളിച്ചപ്പോഴാണ് കണ്ണുതുറന്നത്, അയാളുടെ അമ്മയാണ്,
മോൾ അച്ഛനെയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ. ഇവിടിരുന്ന് മനസ്സ് മടുക്കണ്ട. ഇവിടെ ഇപ്പോൾ ഞങ്ങളെല്ലാരും ഉണ്ടല്ലോ..
എന്റെ മനസ്സറിഞ്ഞോണം അവരിത് പറഞ്ഞപ്പോൾ ഞാൻ വേഗം അച്ഛനെയും കൂട്ടി അവിടുന്നിറങ്ങി. ആദ്യം അച്ഛൻ വരാൻ കൂട്ടാക്കിയില്ലെങ്കിലും എന്റെ നിർബന്ധത്തിന് അച്ഛൻ സമ്മതിക്കുകയായിരുന്നു,

തിരികെ അച്ഛന്റെ തണലുള്ള ഈ വീട്ടിലെത്തിയപ്പോൾ മനസ്സ് ആഹ്ലാദഭരിതമായി. ഇനിയൊരിക്കലും ഇവിടുന്ന് മടങ്ങിപ്പോകാതിരിക്കാൻ മനസ്സ്‌കൊണ്ട് പ്രാർത്ഥിച്ചു.
നേരം ഒരുപാട് ആയിട്ടും അച്ഛൻ ഉമ്മറപ്പടിയിൽനിന്നും എഴുന്നേറ്റിട്ടില്ല, വന്നപ്പോൾ തൊട്ടുള്ള ഇരുത്തമാണ്,
വാ അച്ഛാ വന്ന് കിടക്ക് നേരം എത്രയായെന്ന.
വേണ്ട, അവന്റെ ഒരു വിവരവും കിട്ടാതെ എനിക്ക് ഉറക്ക് മുറുകില്ല..
എന്തിനാ അച്ഛാ അയാൾക്ക് വേണ്ടി വെറുതെ ഉറക്കൊഴിക്കുന്നത്. ഒരുപാട് കഷ്ടപ്പെടുത്തിയതല്ലേ അച്ഛനെ അയാൾ.. ഒരുപാട് കണ്ണീർ കുടിപ്പിച്ചില്ലേ.. എന്നിട്ടും എന്തിന് വേണ്ടിയാ..
അച്ഛന്റെ കണ്ണീരിന് ദൈവം കൊടുത്ത ശിക്ഷയാണ് അയാൾക്ക്. അനുഭവിക്കട്ടെ.. എന്റെ വാക്കുകളിൽ അയാളോടുള്ള വെറുപ്പ് നിറഞ്ഞുനിന്നു.

എന്തൊക്കെയാ മോളെ നീ പറയുന്നേ, അവൻ എന്നെ കഷ്ട്ടപെടുത്തിയെന്നോ.. കണ്ണീർ കുടിപ്പിച്ചെന്നോ..
വേണ്ട എന്റെ മുന്നിൽ അച്ഛൻ പൊട്ടൻ കളിക്കണ്ട. എനിക്ക് തന്ന സ്വർണത്തിന് വേണ്ടി അച്ഛൻ ആരുടെയൊക്കെ മുന്നിൽ കൈനീട്ടിയിട്ടുണ്ടാവും എന്നെനിക്കറിയാം. ഒരു പക്ഷെ ഈ വീട് പോലും ഇപ്പോൾ കൈവിട്ടുപോയിട്ടുണ്ടാവുമെന്നുമറിയാം. അതിനെല്ലാം കാരണക്കാരൻ അയാളല്ലേ.

അല്ല നിനക്ക് തെറ്റി, അവനൊരിക്കലും എന്നെ കണ്ണീര് കുടിപ്പിച്ചിട്ടില്ല. ഞാൻ ആരുടെ മുന്നിലും കൈനീട്ടേണ്ടി വന്നിട്ടുമില്ല. എല്ലാം അവനുണ്ടായത് കൊണ്ടാണ്.
നിനക്ക് തന്ന സ്വർണവും നിന്റെ കല്യാണ ചിലവും എല്ലാം അവന്റെ വകയായിരുന്നു. ഒന്നുമില്ലാതെ കയറിച്ചെന്നു അവിടെ നീ ഒരിക്കലും തലകുനിക്കരുത് എന്നവന് നിർബന്ധമായിരുന്നു. അതിനുവേണ്ടിയാണ് ആരുമറിയാതെ കല്യാണത്തിന് മുന്നേ ഇവിടെവന്ന് അവൻ സ്വർണവും പണവും എന്നെ ഏൽപ്പിച്ചത്, ഇതൊന്നും ഒരിക്കലും നീ അറിയരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു, അതുകൊണ്ടാ നിന്നിൽ നിന്നിത് അച്ഛൻ മറച്ചുവെച്ചത്, പക്ഷെ നീ കാര്യമറിയാതെ…

കണ്ണിലേക്ക് ഇരുട്ട് കയറുന്ന പോലെ ഭൂമി പിളർന്ന് ഞാൻ ആഘാത ഗർത്തത്തിലേക്ക് താഴ്ന്നുപോകുന്നപോലെ. വീഴാതിരിക്കാൻ ഞാൻ അച്ഛന്റെ ചാരുകസേരയിൽ മുറുക്കിപ്പിടിച്ചു. ദൈവമേ എന്തൊക്കെയാണ് ഞാൻ കേൾക്കുന്നത്, കണ്ണ് നിറഞ്ഞൊഴുകി. ഇത്രയും നാൾ അടുത്തുണ്ടായിട്ടും ഒരുപാട് വേദനിപ്പിച്ചിട്ടും.. പറയായിരുന്നില്ലേ ഏട്ടന് എന്നോടിത്, ഞാൻ തന്ന ദാനമാണ് നിന്റെ ജീവിതം എന്ന് ഒരിക്കൽ എങ്കിലും ഓര്മപ്പെടുത്തായിരുന്നില്ലേ എന്നെ,. കരഞ്ഞു തളർന്ന ഞാൻ ചാരുകസേരയിലേക്ക് വീണു,

പെട്ടെന്നാണ് കയ്യിലെ ഫോണ് ബെല്ലടിക്കുന്നത്, സ്‌ക്രീനിൽ തെളിഞ്ഞ ഏട്ടന്റെ പേര് കണ്ടപ്പോൾ കൈവിറച്ചു, ആശുപത്രിയിൽ നിന്നാണ്. ഈ സമയം എന്തിനാവും എന്നോർത്തപ്പോൾ എന്റെ ഹൃദയം ഉറക്കെയിടിച്ചു എന്തുചെയ്യണം എന്നറിയാതെ നിശ്ചലമായി നിൽക്കുന്ന എന്റെ കയ്യിൽ നിന്നും അച്ഛനാണ് ഫോൺ വാങ്ങി ചെവിയോടടുപ്പിച്ചത്, അതുവരെ മാറ്റി നിർത്തിയ സകല ദൈവങ്ങളെയും കൂട്ടുപിടിച്ചു ഉള്ളുരുകി പ്രാർത്ഥിച്ചു, എന്റെ ഏട്ടനെ രക്ഷിക്കണേ.. പക്ഷെ
അപ്പുറത്തുനിന്നും കേട്ട വാർത്തയിൽ അച്ഛന്റെ കയ്യിൽ നിന്നും ഫോൺ അറിയാതെ താഴെ വീണു, മുഖം വിളറി ചുണ്ട് വിതുമ്പി. ഇടറിയ സ്വരത്തിൽ പോയി എന്നുപറയുമ്പോൾ ഒരു മരവിപ്പായിരുന്നു എന്നിൽ അച്ഛാ എന്നാർത്തുവിളിച്ചു ഞാൻ അച്ഛന്റെ നെഞ്ചിലേക്ക് വീഴുമ്പോൾ കർക്കിടത്തിന്റെ ആരംഭമെന്നോണം പുറത്തുമഴ പെയ്തുതുടങ്ങിയിരുന്നു.

രചന : അയിഷ

LEAVE A REPLY

Please enter your comment!
Please enter your name here