Home Latest താഴെ വളർന്ന് വരുന്ന അനിയത്തി.. ഹൈസ്കൂൾ ക്ലാസിൽ പഠിക്കുന്ന അനിയൻ..കൊച്ച് വീട്… സ്ത്രീധനത്തിന്റെ കാര്യം പ്രതീക്ഷിക്കേണ്ട..

താഴെ വളർന്ന് വരുന്ന അനിയത്തി.. ഹൈസ്കൂൾ ക്ലാസിൽ പഠിക്കുന്ന അനിയൻ..കൊച്ച് വീട്… സ്ത്രീധനത്തിന്റെ കാര്യം പ്രതീക്ഷിക്കേണ്ട..

0

കല്ല്യാണ ആലോചനകളുടെ ബഹളം അവസാനിച്ചപ്പോൾ മുന്നിൽ രണ്ട് വഴികൾ അവശേഷിച്ചു..

ഒന്നാമത്തെ വഴി ഒറ്റ നോട്ടത്തിൽ തന്നെ സുന്ദരമായിരുന്നു വലിയ ഒരു ബിസിനസ്കാരന്റെ ഏക മകൾ… സുന്ദരി… വിദ്യാസമ്പന്ന.. മികച്ച കുടുംബം.. കൂടാതെ കിട്ടാൻ പോവുന്ന സ്ത്രീധനത്തിന്റെ വലിയ കണക്കുകൾ..

രണ്ടാമത്തെ വഴി മറ്റൊന്നായിരുന്നു..സുഖമില്ലാത്ത അച്ഛന്റെ മൂത്ത മകൾ.. താഴെ വളർന്ന് വരുന്ന അനിയത്തി.. ഹൈസ്കൂൾ ക്ലാസിൽ പഠിക്കുന്ന അനിയൻ..കൊച്ച് വീട്… സ്ത്രീധനത്തിന്റെ കാര്യം പ്രതീക്ഷിക്കേണ്ട.. എങ്കിലും വിടർന്ന കണ്ണുകളിൽ സ്വപ്നങ്ങൾ നിറച്ച.. ആത്മ വിശ്വാസത്തോടെ സംസാരിക്കുന്ന.. പഠനത്തിൽ മിടുക്കിയായ ആ പെൺകുട്ടിയെ വല്ലാതെ ഇഷ്ടമായി…

പലരും ഉപദേശിച്ചു ഒന്നാമത്തെ ആലോചന തിരഞ്ഞെടുക്കാൻ.. കാരണങ്ങൾ പലതുണ്ടായിരുന്നു.. ഇപ്പോൾ നല്ല ഒരു ജോലി ഉണ്ടെങ്കിലും വളർച്ച ഉണ്ടാവണമെങ്കിൽ നല്ലൊരു ബന്ധം വേണം പോലും..കൂട്ട്കാർ പലരും അനുഭവങ്ങൾ പങ്ക് വെച്ചു… കഷ്ടപ്പാടുകളിൽ തിരിഞ്ഞു നോക്കാത്ത ചില ബന്ധുക്കൾ പോലും അടുത്തിരുത്തി സ്നേഹത്തോടെ സംസാരിച്ചു…

അവസാനം അച്ഛനെയും അമ്മയെയും മാത്രം മാറ്റി നിർത്തി ചോദിച്ചു..അമ്മ ഒന്ന് മാത്രം പറഞ്ഞു.. നിന്റെ അച്ഛൻ ഇങ്ങനെ വിചാരിച്ചിരുന്നേൽ നീ ഉണ്ടാവൂലായിരുന്നു മോനേ.. എന്ന് .. അച്ഛന്റെ മുഖത്തപ്പോൾ വിരിഞ്ഞ പുഞ്ചിരിയിൽ എല്ലാം ഉണ്ടായിരുന്നു…

രണ്ടാമത്തെ വഴിയിലൂടെ പോവാമെന്ന് തന്നെ തീരുമാനിച്ചു.. ജോലി ചെയ്ത കാശ് കൊണ്ട് തന്നെ വാങ്ങിയ ആഭരണം താലി ആയി കൊടുത്ത് വിവാഹം കഴിഞ്ഞപ്പോൾ അവളുടെ അച്ഛൻ സന്തോഷത്താൽ കണ്ണീർ പൊഴിച്ചു.. ആർഭാടങ്ങളൊന്നുമില്ലാത്ത സൽക്കാരം കണ്ട് പലരും പുഛത്തോടെ ചിരിക്കുന്നുണ്ടായിരുന്നു..

തീരുമാനങ്ങളെല്ലാം ശരി തന്നെയായിരുന്നു.. എന്നെയും വീട്ടുകാരെയും അവൾ സ്നേഹം കൊണ്ട് മൂടി.. വീട്ടിലൊരു വെളിച്ചം വന്ന് നിറഞ്ഞ പോലെ.. എനിക്കൊരു മോഹമുണ്ടായിരുന്നു.. അവളിനിയും പഠിക്കണമെന്ന്.. അതിനുള്ള കാര്യങ്ങൾ ശരിയാക്കി… ആദ്യ ദിവസം കോളേജിൽ കൊണ്ട് വിട്ടപ്പോൾ അവളെന്നെ നോക്കിയ ഒരു നോട്ടമുണ്ടല്ലോ.. കടലോളം സ്നേഹം ആ കണ്ണിൽ ഞാൻ കണ്ടു…

ഭാര്യ വീട്ടിൽ ആദ്യമായി താമസിക്കാൻ പോയപ്പോൾ രസമായിരുന്നു… കുഞ്ഞ് വീട്ടിൽ എനിക്കുള്ള സൗകര്യങ്ങൾ ഒരുക്കാൻ അവർ പാട് പെടുന്നത് കണ്ടപ്പോൾ അവരിൽ ഒരാളായി മാറി ആ അപരിചിതത്തം അലിയിച്ച് കളഞ്ഞു.. ആകപ്പാടെയുള്ള ഒരു റൂം ഞങ്ങൾക്കൊരുക്കിയപ്പോൾ ഞാൻ സമ്മതിച്ചില്ല… അവളേയും അനിയത്തിയേയും അമ്മയുടെ റൂമിൽ കിടത്തിയപ്പോൾ ഞാനും അവളുടെ അച്ഛനും അനിയനും ഹാളിൽ പായ വിരിച്ച് കിടന്നു.. അന്നു പുലരുവോളം തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് കടന്ന് പോയി…

മനസിലാക്കുകയായിരുന്നു എനിക്ക് രണ്ടാമത് ഒരു കുടുംബം കൂടി ഉണ്ടായിരിക്കുന്നു… അവരും അവളും കൂടി പകർന്നു തരുന്ന സന്തോഷമായിരുന്നു എനിക്ക് കിട്ടിയ യഥാർത സ്ത്രീധനം…

പിന്നീട് ആ വീട്ടിലെ കാര്യങ്ങൾ ഞാനേറ്റെടുത്തു.. അനിയന്റെ പഠിത്തവും അച്ഛന്റെ ചികിത്സയും അനിയത്തിയുടെ വിവാഹവും അങ്ങനെ എല്ലാം…

മഴ പെയ്യുന്ന ഒരു രാത്രിയിൽ ഞങ്ങളുടെ കുഞ്ഞിനേയും നടുവിൽ കിടത്തി ഞാനും അവളും കണ്ണോട് കണ്ണ് നോക്കി കിടന്നു.. ഒരു സ്വർണ നാഗത്തെ പോലെ കഴുത്തിൽ ചുറ്റിയ താലി പിടിച്ച് അവൾ പറഞ്ഞു …ഏട്ടാ . ഇതെനിക്ക് വെറുമൊരു ആഭരണമല്ല..! ഞാൻ ചിരിച്ച് കൊണ്ട് ആ തുടുത്ത കവിളിൽ ഒന്ന് തലോടിക്കൊണ്ട് പറഞ്ഞു.

അതെ പെണ്ണെ ഞാൻ നിനക്ക് നൽകിയ താലി വെറുമൊരു ആഭരണമല്ല.. അത് നിന്നോടുള്ള ഉത്തരവാദിത്തമായിരുന്നു……..

Note; താലിക് വില കല്പിക്കാത്തവർക് ഇതു ഒരു ഓർമ പെടുത്തൽ മാത്രം

 

രചന : asif  muhammad

LEAVE A REPLY

Please enter your comment!
Please enter your name here