“സുധി വരുന്നുണ്ട്.അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.”
അമ്മയുടെ വാക്കുകൾ ശരം കണക്കെ ചെവിയിൽ തറച്ചപ്പോൾ വീഴാതിരിക്കാനായി ഞാൻ ചുമരിൽ താങ്ങി നിന്നു.പോയിട്ട് രണ്ട് മാസമായിട്ടുള്ളൂ.ഇത്ര വേഗം വരാൻ കാരണം എന്തായിരിക്കും..?
ഉച്ചവെയിലിന്റെ പ്രഭയിൽ തിളങ്ങുന്ന മണൽത്തരികളിലേക്ക് കണ്ണ് നട്ടിരിക്കുമ്പോൾ ചിന്തകൾ പന്തയക്കുതിര പോലെ പാഞ്ഞുകൊണ്ടിരുന്നു…
കഴിഞ്ഞ ഏഴ് വർഷത്തിനിടക്ക് ഞാൻ അനുഭവിച്ച വേദനകളുടെ,സങ്കടങ്ങളുടെ ആഴത്തിലൂടെ മുങ്ങാംകുഴിയിട്ടപ്പോൾ ചെന്നെത്തിയത് ആദ്യവർഷ ഡിഗ്രി പഠന കാലത്തിലേക്കായിരുന്നു…
പത്തൊൻപത് വയസിന് മുന്നേ എൻറെ വിവാഹം നടന്നിരിക്കണം എന്ന് പണിക്കര് പറഞ്ഞതനുസരിച്ചാണ് അമ്മയുടെ കുടുംബകാരനായ ഗൾഫിൽ ബിസിനസ് ചെയ്യുന്ന സുധിയേട്ടനുമായി വിവാഹം ആലോചിച്ചത്…
പഠിപ്പിനേക്കാളേറെ ഞാൻ സ്നേഹിച്ചിരുന്നത് പാട്ടിനെയും നൃത്തത്തെയും ആയിരുന്നു.വിവാഹശേഷവും എല്ലാം തുടരാം എന്നവർ സമ്മതിച്ചപ്പോൾ അച്ഛൻ അതുറപ്പിച്ചു…
അച്ഛന്റെ വാക്കുകളെ എന്നും മതിപ്പായിരുന്നു എനിക്ക്.സന്തോഷത്തോടെ തന്നെ ഞാൻ സമ്മതിച്ചു…
ഏതൊരു പെൺകുട്ടിയെയും പോലെ ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാൻ ആ വീട്ടിലേക്ക് കയറിച്ചെന്നത്..
ആദ്യരാത്രിയിൽ പാലുമായി മണിയറയിലേക്ക് കയറിചെന്നപ്പോൾ സുധിയേട്ടൻ അക്ഷമയോടെ നടക്കുകയായിരുന്നു.ഇനിയുള്ള ജീവിതത്തിൽ സുഖത്തിലും ദുഖത്തിലും പങ്കുചേരേണ്ടയാളുടെ മുഖം ഇതുവരെ ശെരിക്കൊന്ന് കണ്ടത്പോലുമില്ല…
നാണത്തോടെ തലയുയർത്തി നോക്കിയപ്പോൾ സുധിയേട്ടൻ എന്നെ അടിമുടി നോക്കുന്നതാണ് കണ്ടത്.ആ കണ്ണിൽ തെളിഞ്ഞു കത്തിയത് സ്നേഹമായിരുന്നില്ല,മറിച്ച് കാമമായിരുന്നു എന്ന്മനസിലാക്കാൻ നിമിഷങ്ങളെ വേണ്ടിവന്നുള്ളൂ…
വിടർന്ന മുല്ലപ്പൂക്കൾ ചതഞ്ഞരഞ്ഞ മെത്തയിൽ വലിച്ചെറിഞ്ഞ സാരി വാരിച്ചുറ്റി തളർന്നിരിക്കുമ്പോൾ ക്ഷതങ്ങളേറ്റ മുറിവിൽ നിന്നുള്ള നീറ്റലിനേക്കാൾ എന്നെ വേദനിപ്പിച്ചത്,കൊട്ടാരം കണക്കെ കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾ തകർന്നെന്ന തിരിച്ചറിവായിരുന്നു…
പിന്നീടങ്ങോട്ട് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുറുകെ പിടിച്ചിരുന്ന അവർക്കിടയിൽ ജീവിച്ച് പോരുന്നത് എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു…
മുടി നീളം കൂടിയാൽ ഭർത്താവിന് ആപത്താണെന്ന് പറഞ്,ഇടതൂർന്ന് അരക്ക് താഴെ കിടന്നിരുന്ന എൻറെ മുടി അവർ മുറിച്ചു.മന്ത്രവാദവും പലതരത്തിലുള്ള പൂജയും പലദിവസങ്ങളിലും ആ വീട്ടിൽ അരങ്ങേറി.ദുഷ്ടകർമ്മങ്ങൾ ആർക്ക് വേണമെങ്കിലും ചെയ്യാൻ യാതൊരു മടിയുമില്ലാത്ത ആളുകളാണെന്ന് തിരിച്ചറിവ് എന്നെ ഒരുപാട് ഭയപ്പെടുത്തി…
വാർധക്യ സംബന്ധമായ അസുഖങ്ങൾ കൊണ്ട് കിടപ്പിലായ സുധിയേട്ടന്റെ അച്ഛനെ നോക്കുന്നത്,പ്രസവിച്ച് കിടക്കുന്ന പെങ്ങളെ നോക്കുന്നത്, തോട്ടത്തിലും പറമ്പിലുമുള്ള പണിക്കാർക്ക് ചോറുവെച്ച് കൊണ്ട് കൊടുക്കുന്നത്…ഓരോ ദിവസവും രാത്രി പന്ത്രണ്ട് മണി വരെയെങ്കിലും ഒഴിവില്ലാതെ പണികളുണ്ടായിരുന്നു.ഇതിനിടക്ക് പഠനവും നൃത്തവും ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു…
ഒരു ഭർത്താവിൽ നിന്ന് കിട്ടേണ്ട സ്നേഹമോ സാന്ത്വനമോ ഇല്ലാതെ,അമ്മയുടെയും മക്കളുടെയും കുത്തുവാക്കുകളും പരിഹാസങ്ങളും കേട്ട് ഞാൻ നാളുകൾ തള്ളിനീക്കി…
മറ്റുള്ളവരുടെ മുന്നിൽ ചിരിച്ച് മാത്രം പെരുമാറുന്ന സുധിയേട്ടൻ എൻറെ വീട്ടുകാരുടെ ഇഷ്ടം പിടിച്ച് പറ്റുന്നതിൽ എത്ര പെട്ടന്നായിരുന്നു വിജയിച്ചത്!ഭാര്യയെ പൊന്നുപോലെ സ്നേഹിക്കുന്ന ഭർത്താവായി അവർക്ക് മുന്നിൽ ആടിത്തകർക്കുമ്പോൾ,പ്രതികരിക്കാനാവാത്ത ഭാര്യയായി ഞാൻ നീറികൊണ്ടിരിക്കുകയായിരുന്നു…
ഒരിക്കൽ പോലും അദ്ദേഹം മദ്യപിക്കുന്നതോ,ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതോ ഞാൻ കണ്ടിട്ടില്ല.അനാവശ്യമായി മറ്റു സ്ത്രീകളോട് സംസാരിക്കുന്നത് പോലും കണ്ടിട്ടില്ല…
പക്ഷെ,മാനസികമായും ശാരീരികമായും വേദനിപ്പിച്ച്,അതിൽ തൃപ്തി കണ്ടെത്തുന്ന വിചിത്ര സ്വഭാവമുള്ള ആളാണ് എൻറെ ഭർത്താവെന്നത് എനിക്ക് മാത്രമറിയാവുന്ന സത്യമായിരുന്നു…
പരിധിവിടുമ്പോഴെല്ലാം വീട്ടിൽ പറയണമെന്ന് തോന്നുമെങ്കിലും,അവിടെ എത്തിയാൽ അവരുടെ സന്തോഷിക്കുന്ന മുഖം കണ്ടാൽ ഒന്നും പറയാതെ തിരിച്ചു വരും…
ശ്വാസം വിടാൻ പോലും നേരമില്ലാത്ത ദിവസങ്ങൾ കൊഴിഞ്ഞു പോകേ ഗര്ഭിണിയായപ്പോഴും യാതൊരു പരിഗണനയും കിട്ടിയില്ല.പ്രസവത്തിന് ശേഷം പല തടസങ്ങളും പറഞ് സ്വന്തം വീട്ടിലേക്ക് പോലും വിട്ടില്ല.ആ വീടിന്റെ അകത്തളത്തിൽ എൻറെ കണ്ണുനീർ കാണാൻ ആരുമുണ്ടായിരുന്നില്ല…
രണ്ടാമത്തെ പ്രസവത്തിനു ശേഷം നാട്ടിൽ വന്ന സുധിയേട്ടൻക്ക് അത് വരെ കാണാത്തൊരു സ്വഭാവം കൂടി കണ്ട് തുടങ്ങി.ആ സ്വഭാവം ഭീകരമാക്കിയത് ഓരോ രാത്രികളെയും ആണ്…
ഇരുട്ടിന്റെ മറവിൽ മൊബൈലിലെ അറപ്പുളവാക്കുന്ന ചില രംഗങ്ങളിലെ നായികയാകാൻ എന്നെ നിർബന്ധിക്കുകയും സമ്മതിക്കാതെ വരുമ്പോൾ പുറത്ത് പറയാനാകാത്ത പീഡനമുറകൾ പുറത്തെടുക്കുകയും ചെയ്തു കൊണ്ടിരുന്നു…
സിസേറിയൻ കഴിഞ് മൂന്നുമാസം പോലും ആയിട്ടില്ല എന്ന് നോക്കാതെ ക്രൂരമായി തന്നെ സ്വന്തം ഭാര്യയുടെ ശരീരം വേദനിപ്പിക്കുന്നതിൽ സുധിയേട്ടൻ ഒരുതരം ആനന്ദം കണ്ടെത്തി…
വല്ലപ്പോഴും കാണുമ്പോൾ ശരീരത്തിൽ പലയിടത്തും കാണുന്ന മുറിപ്പാടുകളെ പറ്റി അനിയത്തി ചോദിച്ചിരുന്നുവെങ്കിലും കള്ളം പറഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്…
ഓരോ വരവിലും എൻറെ വീട്ടുകാരെ പറ്റി അപവാദം പറയുന്നത് സുധിയേട്ടൻ പതിവാക്കിമാറ്റിയിരുന്നു.അനിയത്തിയുടെ മേനിയഴകിനെ പറ്റി വർണ്ണിച്ചും അമ്മയുടെ സൗന്ദര്യത്തെ മോശമായ രീതിയിൽ പുകഴ്ത്തിയും എന്നെ മാനസികമായി തളർത്തി…
തിരിച്ച് ഗൾഫിലേക്ക് പോയപ്പോൾ മറ്റൊരു ദുരന്തമായി വല്യേട്ടന്റെ മകൻ പലപ്പോഴും എന്നോട് അപമര്യാദയായി പെരുമാറി.സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഏഴ് വർഷത്തിലാദ്യമായി സുധിയേട്ടന്റെ സമ്മതത്തിന് കാത്ത് നിൽക്കാതെ ഞാൻ മക്കളെയും കൊണ്ട് എൻറെ വീട്ടിലേക്ക് വന്നു…
ഇപ്പോൾ രണ്ട് മാസത്തോളമായി ഞാൻ വന്നിട്ട്.ഇതിനിടക്ക് കുട്ടികൾക്ക് പോലും സുധിയേട്ടൻ വിളിച്ചിട്ടില്ല.ആ വീട്ടിൽ നിന്നൊരാളും അന്വേഷിച്ച് വരികയോ വിശേഷങ്ങൾക്ക് ക്ഷണിക്കുകയോ ചെയ്തിട്ടില്ല.ഇപ്പോൾ വരുന്നെന്ന് കേട്ടപ്പോൾ ദേഹമാകെ നീറുന്ന അവസ്ഥയാണ്…
“ചേച്ചിയെന്താ സ്വപ്നം കാണുവാണോ?”
അനിയത്തി അഞ്ജുവാണ്,മനസിലുള്ളത് ചികഞ്ഞെടുക്കാൻ മിടുക്കി ആയത്കൊണ്ട്,പലതും അവൾ എന്നിൽനിന്ന് മനസിലാക്കിയിട്ടുണ്ട്…
“ചേട്ടൻ വരുന്നുണ്ടെന്ന് അമ്മ പറയണത് കേട്ടു. ചേച്ചി പേടിക്കണ്ടാട്ടൊ.അച്ഛൻ അടുത്ത് വരും.ഞാൻ പറയാം അച്ഛനോട്.”
അവളുടെ സാന്ത്വന വാക്കുകൾക്കൊന്നും എൻറെ നെഞ്ചിലെ തീയണക്കാൻ കഴിഞ്ഞില്ല.അതിങ്ങനെ ആളിപടരുകയാണ്…
അനുസരിച്ച് നിൽക്കുമ്പോൾ പോലും ക്രൂരമായി പെരുമാറുന്ന ആളാണ്.സമ്മതമില്ലാതെ വന്നതിനു എന്ത് ശിക്ഷയാവും കരുതിവെച്ചിരിക്കുന്നത്?ഓർക്കുമ്പോഴേ കാലുകൾക്ക് തളർച്ച തോന്നി..
എനിക്ക് രണ്ട് പെൺകുട്ടികളാണെന്ന് തരം കിട്ടിയാലൊക്കെ ബന്ധുക്കൾ അമ്മയെ ഓർമിപ്പിക്കുന്നത് കൊണ്ടാവാം,അമ്മ ഉപദേശിക്കുകയാണ്…
“എല്ലാം ശെരിയാവും”
ഒരർത്ഥവുമില്ലാത്ത ആ വാക്ക് കേൾക്കുന്നതെ എനിക്ക് വെറുപ്പാണ്.പ്രസവിച്ച് പാലൂട്ടി വളർത്തിയ അമ്മക്ക് സ്വന്തം മകളുടെ നെഞ്ച് പിടയുന്നത് മനസിലാക്കാൻ കഴിയുന്നില്ലേ..!
നെഞ്ചോട് ചേർത്ത് പിടിച്ച് ഞാനുണ്ട് കൂടെ എന്ന് പറഞ്ഞാൽ ഒഴുകിപോവില്ലേ എൻറെ സങ്കടം..!
നൂല് പൊട്ടിയ പട്ടം കണക്കെ അലക്ഷ്യമായി പായുന്ന ചിന്തകളെ പിടിച്ച് നിർത്താൻ ആ മടിയിലൊന്ന് കിടത്തി തഴുകിയാൽ മതിയല്ലോ..!
ഏതൊരമ്മയും മക്കൾ ഭർത്താവിനോടൊത്ത് സന്തോഷത്തോടെ കഴിയാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.പക്ഷെ താങ്ങാൻ കഴിയാത്ത വേദനകളാണ് എനിക്ക് ആ വീട്ടിൽ നിന്നും അനുഭവിക്കേണ്ടി വരുന്നത് എന്ന് പറഞ്ഞിട്ടും എന്താണ് അമ്മ കണ്ടില്ലെന്ന് നടിക്കുന്നത്…
അമ്മമാർ പലപ്പോഴും സ്വാർത്ഥരാണ്.നാഴികക്ക് നാൽപതുവട്ടം വാക്കുമാറുന്ന ചീഞ്ഞുനാറിയ സദാചാരികളുടെ വാക്കിനെ ഭയന്നാണ് പല അമ്മമാരും മക്കളേ നരകത്തിലേക്ക് തള്ളിവിടുന്നത്.
താഴെയുള്ളവളെ കെട്ടിക്കാനുണ്ടെന്ന ചിന്തയില്ലാതെയാണ് ഞാൻ സുഖമായി വന്ന് നിൽക്കുന്നതെന്ന്മുത്തശ്ശി പറഞ്ഞത് കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല…
താഴെയുള്ളവളെയും അച്ഛനെയും അമ്മയെയും ഓർത്തല്ലേ കഴിഞ്ഞ ഏഴ് വർഷം ഞാൻ എല്ലാം സഹിച്ചത്.ആരോടും പരാതി പറഞ്ഞിരുന്നില്ലല്ലോ?കെട്ടിച്ച് വിട്ട പെണ്മക്കൾ വീട്ടുകാർക്ക് ഇത്ര വലിയ ഭാരമാണോ..?
പുറത്ത് സുധിയേട്ടൻ വന്നിട്ടുണ്ട്.എൻറെ കൈകാലുകൾ തളരുന്ന പോലെ,ആകെ ഒരു വിറയൽ.അമ്മ എന്നെ പറഞ്ഞയക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ്.എല്ലാം എടുത്ത് ബാഗിലാക്കി കാറിൽ കൊണ്ട് വെച്ചിട്ടാണ് എൻറെ അടുത്തേക്ക് വന്നത്..
“അനു,ഇനി ഒരു പ്രശ്നവും ഉണ്ടാവില്ല.അച്ഛൻ എല്ലാം പറഞ് ശെരിയാക്കിയിട്ടുണ്ട്.”
ഞാൻ പറഞ്ഞതെല്ലാം അച്ഛനോട് അമ്മ പറഞ്ഞിട്ടുണ്ടാവില്ല എന്നുറപ്പാണ്.പറഞ്ഞിരുന്നെങ്കിൽ അച്ഛൻ ഒരിക്കലും ആ വീട്ടിലേക്കെന്നെ വിടില്ലായിരുന്നു.അനിയത്തി ക്ലാസ് കഴിഞ് വന്നിട്ടും ഇല്ല…
“എന്ത് പ്രശ്നമുണ്ടെങ്കിലും അമ്മക്ക് വിളിച്ചാൽ മതി.ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാവാത്ത വീടുകളുണ്ടോ?എല്ലാം ശെരിയാവും…”
പുഞ്ചിരിച്ച് കൊണ്ട് മരുമകൻ അമ്മയോട് യാത്ര പറഞ്ഞിറങ്ങി.ആ പുഞ്ചിരിക്ക് പിന്നിലെ മുഖം മൂടി വലിച്ചു കീറാൻ എനിക്ക് ഇത്ര വർഷമായിട്ടും കഴിയുന്നില്ലല്ലോ..!
തൂക്കിലേറ്റാൻ കൊണ്ടുപോകുന്ന നിരപരാധിയായ പ്രതിയെ പോലെ ഞാൻ ഇരുന്നു.കാർ നീങ്ങുന്നത് നോക്കി അയൽവീടുകളിലെ മതിലിനപ്പുറത്തെല്ലാം തലകൾ ഉയർന്നിരുന്നു..
ചെന്ന് കയറിയപ്പോൾ തൊട്ട് അമ്മായി അമ്മയും നാത്തൂന്മാരും കുട്ടികളും കൂട്ടം ചേർന്ന് പരിഹസിക്കാൻ മത്സരിക്കുകയായിരുന്നു…
ഇടക്ക് അച്ഛൻ വിളിച്ചപ്പോൾ ഒരാഴ്ചക്കുള്ളിൽ നാട്ടിലെത്തുമെന്നും വന്ന ഉടനെ എന്നെ കാണാൻ വരുമെന്നും പറഞ്ഞു.ഫോൺ കട്ട് ചെയ്ത പാടെ വാതിലടക്കുക പോലും ചെയ്യാതെ സുധിയേട്ടൻ എൻറെ നേർക്ക് വന്നു…
വിറയലോടെ നിന്നിരുന്ന എൻറെ മുടിയിൽ പിടിച്ച് ചുമരിൽ ഇടിച്ച് കൊണ്ട് അലറി..
“എന്താടി നിൻറെ തന്തക്ക് വന്നപാടെ നിന്നെ കാണാഞ്ഞിട്ട് തിരക്ക്?നിൻറെ തള്ളയെ പറ്റാതായോ?”
ആയിരം മുനയുള്ള അസ്ത്രങ്ങളായി ആ ചോദ്യങ്ങൾ എൻറെ നെഞ്ചിലേക്ക് തുളച്ചു കയറി..
“വെറുതെയല്ല നിൻറെ തള്ള നിന്നെ അവിടുന്ന് ഓടിക്കുന്നത്..നീയാണല്ലേ ഇപ്പൊ…”
ബാക്കി പറയും മുൻപേ നിയന്ത്രണം നഷ്ടപ്പെട്ട ഞാൻ സർവ്വ ശക്തിയുമെടുത്ത് അയാളെ ആഞ്ഞു തള്ളി.പിന്നിലേക്ക് ചെന്ന് വീണപ്പോൾ ഞാൻ റൂമിൽ നിന്നും പുറത്തേക്കോടി.കേട്ടാൽ അറക്കുന്ന തെറികളോടെ എൻറെ പിന്നാലെ വന്ന അയാൾ പെട്ടെന്ന് പിടിച്ച് കെട്ടിയ പോലെ നിന്നു…
മുന്നിൽ കത്തുന്ന കണ്ണുകളോടെ അഞ്ജു.എന്ത് ചെയ്യണമെന്നറിയാതെ തരിച്ച് നിൽക്കുന്ന അയാളുടെ മുഖത്ത് അവളുടെ കൈ ആഞ്ഞു പതിച്ചു…
അമ്പരന്നു നോക്കിയ എൻറെ നേരെ തിരിഞ്ഞു കൊണ്ടവൾ പറഞ്ഞു..
“ഇത് ചേച്ചി ചെയ്യേണ്ടതായിരുന്നു.പ്രതികരിക്കില്ല എന്ന് നൂറ് ശതമാനം ഉറപ്പുണ്ടായിട്ടാണ് ഇങ്ങനെ പെരുമാറുന്നത്..”
ഉറങ്ങുകയായിരുന്ന ചെറിയ മോളെ എടുത്ത് അവൾ അയൽവാസിയായ ഡ്രൈവറുടെ കയ്യിൽ കൊടുത്തു…
“എൻറെ കുട്ടികളെ മര്യാദക്ക് ഇങ്ങോട്ട് തന്നേക്ക്…”
“അത് നമുക്ക് കോടതിയിൽ വെച്ച് തീരുമാനിക്കാം.ഞങ്ങൾക്ക് ഒരാങ്ങളയുണ്ടായിരുന്നേൽ നീയിന്ന് ഇങ്ങനെ കിടന്ന് തുള്ളുമായിരുന്നില്ല.അച്ഛൻ നാട്ടിൽ വന്നാൽ അറിയാം നിനക്ക്,ആണിന്റെ കൈക്കരുത്ത്..”
എൻറെ കൈപിടിച്ച് കാറിലേക്ക് കയറാൻ നേരം അഞ്ജു പറഞ്ഞു..
“ചേച്ചി പേടിക്കണ്ട,ഇവനെ പോലെ ഒരുപാട് സാഡിസ്റ്റുകൾ ഉണ്ട്.ഒന്ന് തറപ്പിച്ച് നോക്കിയാൽ മതി,ഇവന്മാരുടെ മുട്ട് വിറക്കും.മറ്റുള്ളവരോട് നേരെ നോക്കി സംസാരിക്കാൻ പോലും ധൈര്യമില്ലാത്തത് കൊണ്ട് ആ ദേഷ്യമൊക്കെ ഭാര്യയോട് തീർക്കും.മിണ്ടാതെ സഹിക്കുമെന്നുറപ്പായപ്പോൾ അടിക്കുന്നത് ഇവന്റെ അവകാശവും കൊള്ളുന്നത് ചേച്ചിയുടെ വിധിയും ആയി മാറി..”
അഞ്ജുവിന്റെ വാക്കുകൾ എനിക്ക് വല്ലാത്തൊരു ധൈര്യം പകർന്നു.അവളുടെ കൈ വിടുവിച്ച് ഞാൻ പരവശനായി നില്ക്കുന്ന അയാളുടെ അടുത്തേക്ക് ചെന്നു…
“എൻറെ ഒരുജന്മം ഇവിടെ അവസാനിച്ചു. ഇനി പുനർജമാണ്. അവിടെ നിങ്ങൾക്ക് സ്ഥാനമില്ല…”
താലി അഴിച്ചെടുത്തു ഞാൻ ആ മുഖത്തേക്കെറിഞ്ഞു..
“എന്നെന്നേയ്ക്കുമായി എല്ലാം അവസാനിപ്പിയ്ക്കുകയാണ്.ധൈര്യം തരാൻ ഒരാളെനിക്ക് ആവശ്യമായിരുന്നു.ഇനി ഞാൻ തളരില്ല.ഇനി എന്റെ ജീവിതത്തിൽ നിങ്ങളില്ല.എൻറെ മക്കളുടെ മേൽ നിങ്ങളുടെ നിഴൽ പോലും പതിക്കുന്നത് എനിക്കിഷ്ടമില്ല.ഇനി എൻറെ ജീവിതത്തിലേക്ക് കടന്ന് വരരുത്.അതിന് നിങ്ങൾ മുതിർന്നാൽ…കൊല്ലാനും ഞാൻ മടിക്കില്ല.ഈ വീട്ടിൽ ഏഴ് വർഷം ജീവിച്ച എനിക്ക് ജയിലൊരു സ്വർഗമായിരിക്കും..”
അമ്പരന്ന് നിൽക്കുന്ന വീട്ടുകാരെ രൂക്ഷമായൊന്ന് നോക്കി അഞ്ജു എൻറെ കൈപിടിച്ചു കാറിൽ കയറ്റി.വീട്ടിലെത്തിയതും എൻറെ അമ്മ വെളിച്ചപ്പാടിനെ പോലെ തുള്ളാൻ തുടങ്ങി..
“നീ അവളുടെ ജീവിതം നശിപ്പിക്കും.നിൻറെ ഭാവിയെ കുറിച്ചെങ്കിലും നീ ഓർത്തോ?”
അമ്മ അഞ്ജുവിന്റെ നേർക്ക് ചെന്നു..
“എല്ലാം അറിഞ്ഞിട്ടും അമ്മയ്ക്കെങനെ തോന്നി അവളെ പറഞ്ഞയയ്ക്കാൻ.എന്റെ ചേച്ചിയെ നരകത്തിലേയ്ക്കയച്ചിട്ട് എന്റെ ഭാവി ആരും നന്നാക്കണ്ട…”
റൂമിലേക്ക് കയറി ചിന്തയിൽ മുഴുകിയ ഞാൻ കിലുക്കം കേട്ട് തിരിഞ് നോക്കി.ചിലങ്കയുമായി മുന്നിൽ അഞ്ജു.അവളത് എൻറെ കാലിൽ കെട്ടി.പിറകിൽ വന്ന്തോളിലൂടെ കയ്യിട്ട് എന്നെ കെട്ടിപിടിച്ചു…
ഒരു നനുത്ത കുളിർ കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി.എൻറെ മനസ് അപ്പോൾ തിരയൊഴിഞ്ഞ കടലുപോലെ ശാന്തമായിരുന്നു…
ജിയ