Home Latest “എന്ന പിന്നെ നമുക്ക് ലിവിങ് ടുഗെതർ നടത്താം” ഇതൊക്കെ നിന്റെ വീട്ടിൽ സമ്മതിക്കോ? “പിന്നേ...

“എന്ന പിന്നെ നമുക്ക് ലിവിങ് ടുഗെതർ നടത്താം” ഇതൊക്കെ നിന്റെ വീട്ടിൽ സമ്മതിക്കോ? “പിന്നേ വീട്ടുകാരുടെ സമ്മതം വാങ്ങിയല്ലേ എല്ലാരും ലിവിങ് ടുഗെതർ നടത്തുന്നേ.. ഒന്ന് പോടാ പൊട്ടാ”

0

അനൂ…. എണീക്ക് കതകിൽ മുട്ടി അമ്മ നീട്ടി വിളിച്ചു. ഉറക്കം മതിയാകാത്ത എന്റെ കണ്ണുകൾ ചെറുതായി ഒന്ന് തുറന്നു മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. 7 മണി 2 മിസ്സ്ഡ് കാൾ. ഇന്നലെ എപ്പഴാ ഉറങ്ങിയതെന്നു അറിയില്ല വെളുപ്പിന് രണ്ടു മണി വരെ ബോധമുണ്ടായിരുന്നു. ഹാ.. കുറച്ച് കൂടി കിടക്കാം നല്ല തണുപ്പ് പുതപ്പ് വലിച്ച് തലവഴി മൂടി ഞാൻ ഒന്നും കൂടി ചുരുണ്ടു കിടന്നു. കുറച്ച് കഴിഞ്ഞു അമ്മ വീണ്ടുമെത്തി. “എടി എണീക്ക് നേരം നട്ടുച്ചയായി..ക
െട്ടിക്കാറായപെണ്ണാ” അമ്മ പിറുപിടുത്തു. അതുകേട്ടു പുതപ്പീന്നു തല മാത്രം വെളിയിലിട്ട് ഞാൻ ചോദിച്ചു
“7 മണി ഒക്കെ ഇപ്പോ നട്ടുച്ചയാക്കിയോ?? ”
“ആഹാ!! നീ ഉണർന്ന്, എന്നിട്ടാണോടി അനങ്ങാതെ കിടക്കുന്നെ. നിനക്ക് എന്ന് ഓഫീസിൽ പോണ്ടേ?”
“വേണ്ട ഞാൻ എന്ന് ലീവാ” കതക് തുറന്നു ഞാൻ പുറത്തിറങ്ങി. “ലീവ് ആണേലും അല്ലേലും പെൺപിള്ളേർ രാവിലെ എണീക്കണം” അമ്മ വിടാൻ ഭാവമില്ല. “ചായ ഇട്ടു വച്ചിട്ടുണ്ട് പല്ലുതേച്ചിട്ട് പോയി എടുത്തു കുടി”
“പല്ലൊക്കെ ഞാൻ ഇന്നലെ രാത്രി തേച്ച്, അമ്മക്ക് നിര്ബന്ധമാണേൽ ഞാൻ ചായ വച്ച് പല്ല് തേക്കാം” എന്നും പറഞ്ഞു ഞാൻ അടുക്കളയിലേക്കു നടന്നു. ചായ ഗ്ലാസിൽ ഒഴിച്ച് മൂടി വച്ചിട്ടുണ്ട് ഞാൻ അത് എടുത്തു ഒരു കവിൾ കുടിച്ചു
“അയ്യേ… ചായ മാറിപ്പോയി ഇത് അച്ഛന്റെ ചായയാ” ഞാൻ അമ്മയോട് ഒച്ചയെടുത്തു. “ചായ മാറിട്ടൊന്നുമില
്ല ഞാൻ പഞ്ചസാര കുറച്ചിട്ടതാ” അമ്മ പറഞ്ഞു.
“അതിനെനിക്ക് ഷുഗർ ഒന്നുമില്ലല്ലോ” എന്നും പറഞ്ഞു കുപ്പി തുറന്ന് രണ്ടുകരണ്ടി പഞ്ചസാര ഇട്ടു നല്ലപോലെ കലക്കി ഒരു കവിൾ കുടിച്ചു നോക്കി. ‘ആഹാ, എന്തുനല്ല മധുരം’ മധുരം കൂട്ടിയിട്ട് ചായ കുടിച്ചാലേ എനിക്ക് ഉറക്കക്ഷീണം പോകൂ.
ശരിക്ക് ഒന്ന് ഉറങ്ങിട്ട് ഒരാഴ്ചയായി.. അത് എങ്ങനെ ഉറങ്ങാൻ ആണ് അവന്റെ അടുത്തുന്നു ഒരു ഉമ്മയും ഗുഡ്നൈറ്റും വാങ്ങാതെ കഴിഞ്ഞ നാലു വർഷമായി ഞാൻ ഉറഞ്ഞിട്ടില്ലല്
ലോ.. ഓരോരോ ദുശീലങ്ങളേ…
വർഷങ്ങൾക്കു മുമ്പ് ഞാൻ ഇങ്ങനെയായിരുന്നു. ഉറക്കമില്ലാത്ത രാത്രികൾ, ദുസ്വപ്നങ്ങൾ കൊണ്ട് നിറഞ്ഞ ഉറക്കങ്ങൾ, ചെമന്നഞരമ്പുകൾ ഓടിയ കണ്ണുകൾ, വീർപ്പിച്ച് കെട്ടിയ മുഖം.. അതൊക്കെ മാറ്റിയത് അവനാണ് എന്നിട്ട് ആ അവൻ തന്നെ എന്നോട് ഇത് ചെയ്യണോ..? ആരോടാ ഇതൊക്കെ ഒന്ന് ചോദിക്യാ…
ആഷിദയെ വിളിച്ചുനോക്കാം..ഞാൻ മൊബൈൽ എടുത്തു കുത്തി.റിങ് ഒരുവട്ടം ഫുൾ അടിച്ചു കട്ട് ആയി. ഛെ.. പിശാച് ഒരു ആവിശ്യത്തിന് വിളിച്ചാൽ കാൾ എടുക്കില്ല ഇവൾ എല്ലാം ഒരു ഫ്രണ്ട്….
എന്ന പിന്നെ ടി വി കാണാം ചാനൽ മാറ്റി ഏഷ്യാനെറ്റ് മൂവീസ് എത്തി.
മിന്നാരത്തിലെ “ആ നിലവിളി ശബ്ദമിടൂ…” എന്ന സീൻ കണ്ട് ചിരിക്കുന്നിടയിൽ അവൾ ഇങ്ങോട്ട് വിളിച്ചു.
“എന്തിനാടീ വിളിച്ചേ” എടുത്തയുടനെ അവൾ ചോദിച്ചു.
” പോടീ, എവിടെ പോയി കിടക്കുവായിരുന്നു നീ ” ഞാൻ ദേഷിച്ച് ചോദിച്ചു അവളും ഒട്ടും കുറച്ചില്ല “ഞാനേ നിന്നെ പോലെ ഒറ്റത്തടി അല്ല എനിക്ക് ഒരു കെട്ടിയോനും രണ്ടു മക്കളും ഉണ്ട് അതിനെയൊക്കെ കുളിപ്പിച്ചു കഴിപ്പിച്ച് സ്കൂളിലും ഓഫീസിലും വിടണം.അമ്മ ഉണ്ടാക്കുന്ന ഫുഡും കഴിച്ച് ഓഫീസിൽ പോയി ഒപ്പും ഇട്ടിരിക്കുന്ന നിനക്ക് ഈ കഷ്ടപ്പാടൊന്നും അറിയില്ല”അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
“ഓ വല്യ കഷ്ടപ്പാട്,,, ഇത്ര കഷ്ടപ്പാടാണേൽ നീ അങ്ങേരെ അങ്ങ് ഡ്രൈ വാഷ് ചെയ്യ്” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അയ്യടി, രാവിലെ മോൾ എന്റെ കെട്ടൊഴിപ്പിക്കാൻ വന്നതാണോ? ”

“അല്ലടീ ഞാൻ എങ്ങനെ അവനെ കെട്ടുമെന്ന് ചോദിക്കാൻ വന്നതാ” “എവനെ? ” അവൾ അറിയാത്തെ പോലെ ചോദിച്ചു “ഓ നിനക്ക് ഒന്നും അറിയാൻ പാടില്ല!! ജിത്തുനെ കെട്ടുന്ന കാര്യമാ ചോദിച്ചേ.. ഒരാഴ്ചയായി അവനെ വിളിച്ചിട്ട്.. അല്ല ഞാൻ അവന്റെ കാൾ എടുത്തിട്ട്”

“അത് എന്താ നീ എടുക്കാത്തേ?? ” അവൾ ഇടക്ക്കേറി ചോദിച്ചു.
“അത് പിന്നെ കെട്ടാൻ പറ്റില്ലാന്ന് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു. നീ എനിക്ക് ഒരു ഐഡിയ പറഞ്ഞതാ അവനെ കൊണ്ട് എങ്ങനേലും കല്യാണത്തിന് സമ്മതിപ്പിക്കണം”.
അവൾ കുറച്ച്നേരം ഒന്ന് ആലോചിച്ചു എന്നിട്ട് പറഞ്ഞു “നീ സൂയിസൈഡ് ചെയ്യ് അതാകുമ്പോൾ തട്ടിപ്പോയില്ലേൽ അവൻ നിന്നെ കെട്ടും തട്ടിപോയാൽ നിന്റെ വീട്ടുകാർ രക്ഷപെടും കിച്ചൂന് നിന്റെ ജോലിയും കിട്ടും ഹ ഹ ഹ…” അവൾ വല്യ കോമഡി പറഞ്ഞ പോലെ ചിരിച്ചു.
ഈ പൊട്ടിയോടു ചോദിച്ചിട്ടു കാര്യമില്ലെന്നു മനസിലായപ്പോൾ ഞാൻ പതിയെ ടാറ്റ..ബാബായ്..
പറഞ്ഞു വച്ചു.
ഈശ്വരാ വിവരമുള്ള ഒന്നിനെയും നീ എനിക്ക് ഫ്രണ്ട് ആയി തന്നില്ലല്ലോ നെടുവീർപ്പെട്ടുകൊണ്ടു ഒരുത്തരെയായി ഓർത്തുനോക്കി പെട്ടന്ന് എന്റെ തലയിൽ ബൾബ് കത്തി. ഹ ഉണ്ണിയെ വിളിക്കാം അവൻ ആകുമ്പോൾ ഇതിൽ ഒക്കെ നല്ല എക്സ്പീരിയൻസ് അല്ലേ മൊബൈൽ എടുത്തു കോൺടാക്ട് നോക്കി, ഛെ പണ്ടാരമടങ്ങാൻ വഴക്കിട്ടപ്പോൾ ആ ജന്തുന്റെ നമ്പർ ഞാൻ ഡിലീറ്റ് ചെയ്തല്ലോ, ഇനി എപ്പോ എന്ത് ചെയ്യും.. ങ്ങാ hangout ൽ മെസ്സേജ് ചെയ്യാം. അങ്ങനെ അവനൊരു കൂയ്…. കൊടുത്തു. കുറച്ച് കഴിഞ്ഞു “ആഹാ, വന്നല്ലോ വനമാല 2 മാസം ആയല്ലോ നിന്റെ കൂവൽ കേട്ടിട്ട്.. ഇപ്പോ എന്ത് പറഞ്ഞു അവനോടു വഴക്കിട്ടെട്ടാ എന്നെ തിരക്കി വന്നേ?”
“അതൊക്കെ പറയാം നീ നമ്പർ താ”
“പ്ഫാ…. എന്റെ നമ്പർ എനിക്ക് കാണാതെ അറിയില്ലെന്ന് നിന്നോട് എത്രവട്ടം പറഞ്ഞിട്ടുണ്ട്.നിന്റെ നമ്പർ താ ഞാൻ വിളിക്കാം” ഞാൻ നമ്പർ കൊടുത്തു.അങ്ങനെ ഉണ്ണി വിളിച്ചു. “പറ! എന്ത് പറഞ്ഞിട്ടാ നീ എന്റെ അളിയനെ വിഷമിപ്പിച്ചേ??”
ഓഹ് പിന്നേ അവനു മാത്രേ ഉള്ളൂ ഈ വിഷമം ഒക്കെ…
“നീ ദേഷ്യപ്പെടാതെ കാര്യം പറ പെണ്ണേ… ”
“എനിക്ക് അവനെ കെട്ടണം” ഞാൻ പറഞ്ഞു. “ഇതാണോ ഇത്ര വല്യകാര്യം അവനോടുവന്നു വീട്ടിൽ പെണ്ണ് ചോദിക്കാൻ പറ സിമ്പിൾ”അവൻ ലാഘവത്തോടെ പറഞ്ഞു. “അത് അല്ലേ പ്രോബ്ലം, അവനു മാര്യേജ്നോട് ഇന്റെർസ്റ് ഇല്ല. ഫാമിലി ലൈഫ് ഒന്നും അവനു ശരിയാകില്ലന്ന പറയുന്നേ”
“എന്ന പിന്നേ ഫാമിലി ലൈഫ് ഇഷ്ടമുള്ള ഒരാളെ കണ്ടുപിടിച്ചു തരാൻ നിന്റെ അച്ഛനോട് പറ”അവൻ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു. “ശരി ഞാൻ വെക്കുവാ”, കരയാൻ പോകുന്നപോലെയാണ് ഞാൻ അത് പറഞ്ഞത്. “ശ് ശ്ശേ.. നീ ഇത്ര സില്ലി ആണോ? ഞാൻ അവനോടു സംസാരിക്കണോ?” ഉണ്ണി ചോദിച്ചു. “ഉം വേണ്ട, ഇവിടെ കല്യാണയാലോചനയുടെ ബഹളമാ അവനോടു പറയുമ്പോൾ നല്ലതാണേൽ നീ കെട്ടിക്കോ എന്ന പറയ്യാ ”
അവനു ഇഷ്ടമില്ലെങ്കിൽ പിന്നെ അത് അല്ലേ നല്ലത് ഉണ്ണി പറഞ്ഞു.
“അതിനു അവനു എന്നെ ഇഷ്ടമാണല്ലോ ഞാൻ അല്ലാതെ വേറെ ഒരു പെണ്ണും അവന്റെ ലൈഫിൽ ഉണ്ടാകില്ലെന്ന് എനിക്ക് വാക്കും തന്നിട്ടുണ്ട് അവൻ ആ വാക്ക് തെറ്റിക്കില്ല, എനിക്ക് ഉറപ്പ് ഉണ്ട്, പക്ഷേ മാര്യേജ് മാത്രം പറ്റില്ല.
“എന്ന പിന്നെ നിങ്ങൾ വല്ല ലിവിങ് ടുഗെതറും നോക്ക്” അവൻ എടുത്തവയെ പറഞ്ഞു.
“എന്തോന്ന്….? നീ എന്നെ കൊലക്ക് കൊടുക്കാൻ നടക്കേയാണോ ചെക്കാ”
“എന്തെ ലിവിങ് ടുഗെതർ അത്ര മോശം കാര്യമാണോ? ഈ ഞാൻ തന്നെ 2 യിയർസ് ലിവിങ് ടുഗെതർ ആയിരുന്നില്ലേ എന്നിട്ട് എനിക്ക് എന്തേലും സംഭവിച്ചോ?” അവൻ പറയുന്നത് ശരിയാണല്ലോ, അവനു ഒന്നും പറ്റില്ലല്ലോ ഞാൻ ആലോചിച്ചു. “പിന്നെ നിങ്ങൾക്ക് രണ്ടുപേർക്കും പ്രായപൂർത്തിയായി രണ്ടാൾക്കും ജോബും ഉണ്ട് പിന്നെ എന്താ കുഴപ്പം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു തീരുമാനം നിങ്ങൾടെയാണ് ആലോചിച്ചു ചെയ്യ്” എന്നും പറഞ്ഞു അവൻ കാൾ കട്ട് ചെയ്തു പോയി.

ഉണ്ണി പറഞ്ഞ ഐഡിയ കൊള്ളാം പക്ഷേ അതിനും അവൻ സമ്മതിക്കേക്കണ്ടേ.എന്തായാലും അവനെ ഒന്നും വിളിച്ചു നോക്കാം.
കാൾ റിങ് ചെയ്യാൻ തുടങ്ങി. കാൾ എടുത്ത് ഹലോ പറയുന്നതിന് പകരം ദേഷ്യത്തോടെ ‘എന്താടി’ എന്നാ ആദ്യം ചോദിച്ചത്. പല്ലി ചിലക്കും പോലെ ശബ്ദമുണ്ടാക്കി ഞാൻ ഒന്നുമില്ലെന്ന്‌ പറഞ്ഞു. “എങ്കിൽ പിന്നെ എന്തിനാ വിളിച്ചേ”അടുത്ത ചോദ്യം.
ഞാൻ മടിച്ച് മടിച്ച് ചോദിച്ചു “നിനക്ക് എന്നെ ഇഷ്ടമല്ലേ? ”
“ഓ….ഇതൊരായിരം വട്ടം നീ ചോദിച്ചതാ ഞാൻ അതിനു മറുപടിയും തന്നിട്ടുണ്ട് വേറെ എന്തേലും ഉണ്ടെങ്കിൽ ചോദിക്ക്” അവൻ പുച്ഛം കലർത്തി പറഞ്ഞു.
“എനിക്ക്….നിന്നെ….കെട്ടണം… വിക്കിവിക്കി അത് പറഞ്ഞതും ഞാൻ കരയാൻ തുടങ്ങി. എന്റെ കരച്ചിൽ അവന്റെ ദേഷ്യം ഇരട്ടിപ്പിച്ചു.അവൻ എന്തൊക്കെയോ പറഞ്ഞു എന്നെ കുറ്റപ്പെടുത്തി. അവൻ പറഞ്ഞു ക്ഷീണിച്ചപ്പോൾ അത് വരെ കരഞ്ഞുകൊണ്ടിരുന്ന ഞാൻ ആവേശത്തോടെ പറഞ്ഞു “എന്ന പിന്നെ നമുക്ക് ലിവിങ് ടുഗെതർ നടത്താം” ഓർക്കാപുറത്തുള്ള എന്റെ ചോദ്യം കേട്ട് ഒരു നിമിഷം അവൻ മിണ്ടാതിരുന്നു. എന്നിട്ട് അവൻ ചോദിച്ചു ഇതൊക്കെ നിന്റെ വീട്ടിൽ സമ്മതിക്കോ? “പിന്നേ വീട്ടുകാരുടെ സമ്മതം വാങ്ങിയല്ലേ എല്ലാരും ലിവിങ് ടുഗെതർ നടത്തുന്നേ.. ഒന്ന് പോടാ പൊട്ടാ” ഞാൻ അവനെ കളിയാക്കി. പക്ഷേ ഈ അടവിലും അവൻ വീണില്ല.

കല്യാണയാലോചനകൾ കൊണ്ട് പൊറുതിമുട്ടിയ ഞാൻ, പതിനെട്ടു അടവും എടുത്തു ഓരോന്ന് മുടക്കികൊണ്ടിരു
ന്നു.പക്ഷേ ഈ വന്നേക്കുന്നത് എന്നെ കൊണ്ടായില്ല മുടക്കാൻ. അത് ഏതാണ്ട് ഉറപ്പിച്ച പോലെയാ അമ്മയുടെ സംസാരം. എനിക്ക് ആകെ ആധി കയറി അവനെ വിളിച്ചു പറഞ്ഞു. അപ്പോഴും പഴയ മറുപടി തന്നെ.”നീ കെട്ടിക്കോ അതാ നിനക്ക് നല്ലത്” ഇത്ര നാളെ അവനോടു ഉണ്ടായിരുന്ന സ്നേഹം ഒരു നിമിഷം കൊണ്ടില്ലതാകുമെന്നു തോന്നി എനിക്ക്. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ടാന്ന് വച്ച് ഞാൻ കാൾ കട്ട് ആക്കി.
ജാതകം ചേരുമെങ്കിൽ മാത്രം പെണ്ണുകാണാൻ വരാൻ ചെക്കൻകൂട്ടരോട് പറഞ്ഞാമതിയെന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടപ്പോൾ “ദൈവമേ ജാതകം ചേരല്ലേ” എന്ന് ഞാൻ പ്രാർത്ഥിച്ചുപോയി. പിറ്റേന്ന് തന്നെ അച്ഛൻ പൊരുത്തം നോക്കാൻ പോയി. തിരിച്ചു വന്ന അച്ഛൻ വല്യ സന്തോഷത്തിലായിരുന്നു “ഇത്ര പൊരുത്തമുള്ള ജാതകം വേറെ ഇല്ലെന്നാ കണിയാൻ പറയണേ അത്കൊണ്ട് കല്യാണ തീയതി കൂടി കുറിച്ച് വാങ്ങി”എന്നും പറഞ്ഞു അച്ഛൻ ആ പേപ്പർ എന്റെ നേർക്ക് നീട്ടി ഞാൻ അത് വാങ്ങി വായിച്ചു.
അനു – പൂരുരുട്ടാതി
ശ്രീജിത്ത് – പൂരാടം
വിവാഹതീയതി – 3/9/18
അത് വായിച്ചു തീർന്നതും എന്റെ മൊബൈൽ റിങ് ചെയ്തു. ഞാൻ കാൾ അറ്റൻഡ് ചെയ്തു ചെവിയിൽ വച്ചു. മറുവശത്തുനിന്നു പതിയെ അവൻ ചോദിച്ചു,
“സെപ്റ്റംബർ മൂന്ന് മുതൽ നമുക്ക് ലിവിങ് ടുഗെതർ തുടങ്ങിയല്ലോ?”

രചന: ജ്വാലന ഗൗതം

LEAVE A REPLY

Please enter your comment!
Please enter your name here