Home Latest കഴിഞ്ഞ ലീവിന് പോയിട്ട് വന്ന അന്ന് തൊട്ട് നാളത്തെ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പാണ്.

കഴിഞ്ഞ ലീവിന് പോയിട്ട് വന്ന അന്ന് തൊട്ട് നാളത്തെ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പാണ്.

0

“അമ്മേ … അമ്മക്ക് ഉവ്വാവു എന്തേലും ഉണ്ടോ?”

വിഡിയോ കോൾ ചെയ്തോണ്ടിരുന്നപ്പോൾ ഏട്ടന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങിയിട്ട് അമ്മൂട്ടി ആദ്യം ചോദിച്ചത് അതാണ്.

“അതെന്താ അമ്മൂസേ അങ്ങനെ ചോദിച്ചത്. അമ്മയ്ക്ക് ഒന്നൂല്ലല്ലോ വാവേ”

“ഇവിടെ ഒരു നഴ്‌സ് ആന്റി ഉവ്വാവു വന്നു മരിച്ചെന്ന് അച്ഛമ്മ പറഞ്ഞല്ലോ. അമ്മേം നേഴ്‌സ് അല്ലെ.. അതാ അമ്മുമോൾ ചോദിച്ചെ”

“ഇല്ലെടാ മുത്തേ.. അമ്മയ്ക്ക് ഉവ്വാവു ഒന്നൂല്ലാട്ടോ.. ന്റെ ചക്കരക്കുട്ടി ഉറങ്ങി എണീക്കുമ്പോളേക്കും ന്റെ കുഞ്ഞാവേനെ കാണാൻ അമ്മ അവിടെത്തും ട്ടോ. പിന്നെ ന്റെ കുട്ടിയെ വിട്ട് ‘അമ്മ എങ്ങും പോവൂല്ലാ”

“സത്യം?”

“സത്യാടാ പൊന്നേ”

ഞാനതു പറഞ്ഞപ്പോൾ സന്തോഷം കൊണ്ടവൾ തുള്ളിച്ചാടി.

പിന്നെയും എന്തൊക്കെയോ അവളുടെ ചെറിയ ചെറിയ വിശേഷങ്ങളും പറഞ്ഞു കുറെ ഉമ്മയും തന്നിട്ടാണ് അമ്മൂട്ടി ഫോൺ വെച്ചത്.

മോളേയും ഏട്ടനെയും ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എങ്കിലും ഇന്ന് സന്തോഷത്തിന്റെ രാത്രിയാണ്. കാരണം അഞ്ചു വർഷത്തെ പ്രവാസ ജീവിതം നാളെ അവസാനിപ്പിക്കുകയാണ്. നാളെയാണ് നാട്ടിൽ പോകുന്നത്. കഴിഞ്ഞ ലീവിന് പോയിട്ട് വന്ന അന്ന് തൊട്ട് നാളത്തെ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പാണ്. ഇപ്പോൾ ജീവിതം ഏകദേശം കരയ്ക്കടുത്തു. ഇനി ഏട്ടന്റെയും അമ്മൂട്ടിയുടെയും കൂടെയുള്ള ജീവിതം മതിയെനിക്ക്‌. പാക്കിങ് എല്ലാം കഴിഞ്ഞു. ചെല്ലുമ്പോൾ തന്നെ ആദ്യം കൊടുക്കാനായിട്ടു മോള് പറഞ്ഞ ഡോറയുടെ പാവക്കുട്ടിയും ലൈറ്റുള്ള ഷൂസും ഏറ്റവും മുകളിൽ തന്നെ വെച്ചു.

ജീവേട്ടനും ഞാനും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. അന്യമതക്കാരനായ ഒരാളെ, അതും ഓട്ടോഡ്രൈവറായ ഒരാളെ മകൾ പ്രണയിച്ചത് സമ്പന്നരായ എന്റെ വീട്ടുകാർക്ക് ഒട്ടും അംഗീകരിക്കാനാവില്ലായിരുന്നു. എത്ര പറഞ്ഞു നോക്കിയിട്ടും കെഞ്ചി ചോദിച്ചിട്ടും സമ്മതിച്ചില്ല. ഒടുവിൽ മറ്റൊരാളുമായുള്ള എന്റെ വിവാഹം ഉറപ്പിക്കും എന്ന ഘട്ടമായപ്പോൾ ഏട്ടനോടൊപ്പം ഞാൻ ഇറങ്ങി ചെല്ലുകയായിരുന്നു. എട്ടനു ‘അമ്മ മാത്രമേയുള്ളൂ. അച്ഛൻ ചെറുപ്പത്തിൽ മരണപ്പെട്ടതാണ്. ആ ‘അമ്മ രണ്ടു കൈയും നീട്ടി ഞങ്ങളെ സ്വീകരിച്ചു. അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു എനിക്ക് ജോലി. എട്ടനായിരുന്നു ഓട്ടോയിൽ എന്നെ ഡ്യുട്ടിക്കു കൊണ്ടാക്കുന്നതും കൊണ്ടുവരുന്നതും. സന്തോഷത്തിന്റെ നാളുകളായിരുന്നു. പക്ഷെ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ആക്സിഡന്റിൽ ഏട്ടന് സാരമായ പരിക്ക് പറ്റി. ചികിത്സയ്ക്കും മറ്റുമായി ഒരുപാട് കാശ് വേണ്ടി വന്നു. ഉണ്ടായിരുന്ന വീട് വിറ്റു ഓപ്പറേഷനും ചികിത്സകളും നടത്തി. അപകട നില തരണം ചെയ്തുവെങ്കിലും തുടർചികിത്സകൾ വേണമെന്ന് ഡോക്ടർ പറഞ്ഞു. എന്റെ തുച്ഛമായ വരുമാനം കൊണ്ടു വീട്ടു ചിലവുകളും ഏട്ടന്റെ ബാക്കി ചികിത്സകളും ഉള്ള കടങ്ങളും വീട്ടാൻ സാധ്യമാകുമായിരുന്നില്ല. നഴ്‌സുമാർക്ക് വിദേശത്തു നല്ല ശമ്പളമാണല്ലോ. അങ്ങനെയാണ് ഞാനൊരു പ്രവാസിയായത്. കടം വാങ്ങിച്ചാണ് ഏജൻസിയിൽ വേണ്ട കാശ് കൊടുത്തതും. വയ്യാതെ കിടക്കുന്ന ഏട്ടനെയിട്ടിട്ടു പോകുന്ന്നുവെന്നു പറഞ്ഞു ഏട്ടന്റെ ചില ബന്ധുക്കളൊക്കെ എന്നെ കുറ്റപ്പെടുത്തി. എന്നാൽ ഈ പറയുന്നവരാരെങ്കിലും കുറ്റപ്പെടുത്തുകയല്ലാതെ ഒരു നേരത്തെ അരിക്കുള്ള വകയോ ഏട്ടന്റെ ചികിത്സയ്ക്കുള്ള കാശോ തരുമോ. ഇപ്പോളാണേൽ തനിയെ കാര്യങ്ങളൊക്കെ ചെയ്യാൻ സാധിക്കുന്ന ഏട്ടന് കൂട്ടായി അമ്മയുമുണ്ട്. ഒരുപാട് സങ്കടത്തോട് കൂടി തന്നെയാണ് ഞാൻ വിമാനം കയറിയത്.

ആദ്യത്തെ അവധിക്ക് ചെന്നപോളേക്കും ഏട്ടന് അസുഖമൊക്കെ ഭേദമായി. എങ്കിലും കഠിനമായ നടുവേദന ആയത്കൊണ്ടു ദീർഘമായ ജോലികളെടുക്കാൻ ഏട്ടന് സാധിക്കുമായിരുന്നില്ല. അകന്നിരുന്ന ആ 365 ദിവസങ്ങളിലെ സ്നേഹം മുഴുവനും 35 ദിവസങ്ങളിൽ ഞങ്ങൾ പരസ്പരം മത്സരിച്ചു പങ്കുവെച്ചു. . സ്നേഹത്തിൽ പൊതിഞ്ഞ ആ ദിവസങ്ങൾ വേഗത്തിൽ ഓടിപ്പോയി. വീണ്ടും ഞാൻ സൗദിയിലെത്തി. ഇവിടെ വന്നുകഴിഞ്ഞാണ് ഞാനാ സന്തോഷ വാർത്ത അറിഞ്ഞത്. ഞാനൊരു അമ്മയാകാൻ പോകുന്നു. ആ വാർത്തയറിഞ്ഞപ്പോൾ എനിക്കും ജീവേട്ടനും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. എന്നാൽ ആ സമയത്തു ജീവേട്ടൻ അടുത്തില്ലാത്തതിൽ എനിക്ക് നല്ല സങ്കടമുണ്ടായിരുന്നു. ഛർദിയും മറ്റുമായി ആദ്യത്തെ മൂന്നു മാസം ഞാൻ വല്ലാതെ ബുദ്ധിമുട്ടി. അപ്പോളൊക്കെ ജീവേട്ടന്റെ ഒരു തലോടലിനായി ഞാൻ കൊതിച്ചിട്ടുണ്ട്. ഇഷ്ടമല്ലാത്ത ഭക്ഷണത്തിന്റെ മണമടിച്ചു ഓക്കാനം വരുമ്പോൾ ‘അമ്മ ഉണ്ടാക്കിത്തരുന്ന മാമ്പഴ പുളിശ്ശേരിയുടെ സ്വാദോർത്തു നേടുവീർപ്പിട്ടിട്ടുണ്ട്. ഓരോ ചെക്കപ്പിന് പോകുമ്പോളും ഏട്ടൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്നു മോഹിച്ചിട്ടുണ്ട്. എങ്ങനെയൊക്കെയോ എട്ടു മാസങ്ങൾ കഴിഞ്ഞു പോയി. കണ്മുന്നിലില്ലെങ്കിലും ഒരു ഫോൺ കോളിനപ്പുറത്തു ഏട്ടൻ സദാ ഉണ്ടായിരുന്നു. സ്കാനിംഗ് നടത്തിയപ്പോളൊക്കെ കുട്ടി ആണാണോ പെണ്ണാണോ എന്നറിയണോ എന്നു ഡോക്ടർ ചോദിച്ചപ്പോൾ വേണ്ടെന്നു ഞാൻ പറഞ്ഞു.

ഏതു കുട്ടിയാണെങ്കിലും ആരോഗ്യത്തോടെ ജനിച്ചാൽ മതി. പക്ഷെ എട്ടനിഷ്ടം പെണ്കുഞ്ഞിനെയായിരുന്നു. ഡേറ്റ് അടുക്കാറായി. എട്ടു മാസങ്ങൾ കഴിഞ്ഞാൽ പിന്നെ ഗർഭിണികൾക്ക് വിമാന യാത്ര ചെയ്യണമെങ്കിൽ ഡോക്ടറുടെ സാക്ഷ്യപത്രം വേണം. വരുന്നതിനു തലേദിവസം അതും വാങ്ങി ജീവേട്ടനെയും പിറക്കാനിരിക്കുന്ന ഞങ്ങളുടെ കുഞ്ഞിനെയും ഓർത്തു വിമാനം കയറി.

വിമാനത്തിൽ വെച്ചു തന്നെ എനിക്ക് ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. വയറൊക്കെ വലിഞ്ഞു മുറുകുന്നത് പോലെ. ചെറിയ വേദന ഇടയ്ക്കു വന്നും പോയുമിരുന്നു. ഒന്നും സംഭവിക്കരുതെയെന്നു പ്രാർത്ഥിച്ച് ആ മണിക്കൂറുകൾ തള്ളി നീക്കി. ദൈവസഹായത്താൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ നാട്ടിലെത്തി. എയർപോർട്ടിൽ ജീവേട്ടനും അമ്മയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരെ കണ്ടപ്പോളാണ് എന്റെ ശ്വാസം ഒന്നു നേരെ ആയത്. വീട്ടിൽ വന്നു കയറിയപ്പോളേക്കും വസ്ത്രങ്ങളൊക്കെ നനഞത് പോലെ. വയറിന്റെ മുറുക്കവും കൂടി വന്നു. തൊട്ടു നോക്കിയപ്പോൾ വയറൊക്കെ കല്ലുപോലെ. അമ്മയോട് പറഞ്ഞപ്പോൾ വേഗം ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞു. ജീവൻ പോകുന്ന വേദനയ്ക്കൊടുവിൽ ലേബർ റൂമിൽ വെച്ചു എന്റെ കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ ആ വേദനയിലും ഞാൻ പുഞ്ചിരിച്ചു. ഏട്ടന്റെ ഇഷ്ടം പോലെ ഒരു പെണ്കുഞ്ഞായിരുന്നു. പ്രാർത്ഥന എന്നു മോൾക്ക് പേരിട്ടു. അമ്മൂട്ടിയെന്നു ഞങ്ങൾ വിളിച്ചു.

ആ അവധി എത്ര വേഗമാണ് തീർന്നതെന്നോ . എണ്ണിക്കിട്ടപ്പെട്ട പ്രസവാവധിക്കു ശേഷം നെഞ്ചു പൊട്ടുന്ന വേദനയിൽ കുഞ്ഞിനെ ഏട്ടനെയും അമ്മയെയും ഏല്പിച്ചു പോരുമ്പോൾ എന്റെ കണ്ണുകൾ മഴ പോലെ പെയ്യുകയായിരുന്നു. ഞങ്ങളുടെ ആ സാഹചര്യത്തിൽ ജോലി ഉപേക്ഷിക്കുക ഒട്ടും പ്രായോഗികമല്ലായിരുന്നു. ഇവിടെ വന്നു പല രാത്രികളിലും അമ്മൂട്ടിയുടെ കരച്ചിൽ കേട്ട് ഉറക്കത്തിൽ ഞാൻ ഞെട്ടിയെണീറ്റു. പതിരാത്രിയൊക്കെ ഫോൺ വിളിച്ചു എത്രയോ തവണ ഏട്ടന്റെ ഉറക്കം കളഞ്ഞിട്ടുണ്ട്. മാതൃത്വം മുലപ്പാലായി ചുരന്നുകൊണ്ടിരുന്നു. പാല് കെട്ടിക്കിടന്ന് എന്റെ നെഞ്ചു കഴച്ചു പൊട്ടിയപ്പോൾ ക്യാബേജിന്റെ ഇലകളൊക്കെ വെച്ചു നോക്കി. മോളെയോർത്തു കരയാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അവൾ ആദ്യമായി കമന്നതും മുട്ടിലിഴഞ്ഞതും, മോണ കാട്ടി ചിരിച്ചതും, ആദ്യമായി മുകൾ നിരയിൽ രണ്ടു പല്ലു മുളച്ചതുമൊക്കെ വിഡിയോ കോളിലൂടെ മാത്രം കണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

ഇന്നിപ്പോൾ മോൾക്ക് മൂന്നു വയസായിരിക്കുന്നു. കടങ്ങളൊക്കെ വീട്ടി. ഏട്ടന്റെ അസുഖമൊക്കെ ദൈവസഹായത്താൽ ഭേദമായി വരുന്നു . ഇപ്പോൾ ഏട്ടൻ ഒരു കൊച്ചു പലചരക്കു കട നടത്തുന്നു. ഇനി പ്രവാസം മതിയാക്കി നാട്ടിൽ പോരാൻ ഏട്ടൻ തന്നെയാണ് പറഞ്ഞത്. ഉള്ളതുകൊണ്ട് ഇനി സ്വസ്ഥമായി സന്തോഷമായി ജീവിക്കണം. കൊതിതീരുവോളം ഏട്ടന്റെയും അമ്മൂട്ടിയുടെയും സ്നേഹം അനുഭവിക്കണം. അവരെയും സ്നേഹിക്കണം.. ഏട്ടന്റെ നെഞ്ചിൽ തലവെച്ചുറങ്ങണം. ഇങ്ങനെ കൊച്ചു കൊച്ചു സ്വപ്നങ്ങളുമായി നാളത്തെ ദിവസത്തിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു . കിടന്നാലും ഇന്ന് സന്തോഷം കൊണ്ട് ഉറക്കം വരുമെന്ന് തോന്നുന്നില്ല. എങ്കിലും രാവിലെ അഞ്ചു മണിക്ക് അലാറം വെച്ചു കട്ടിലിലേക്ക് കിടന്നു. മനസിൽ ഏട്ടനും അമ്മൂട്ടിയും മാത്രം…

രചന: Rose Mary

LEAVE A REPLY

Please enter your comment!
Please enter your name here