Home Latest ഒറ്റയ്ക്ക് ഞാൻ ചെല്ലാൻ പറഞ്ഞത് ഉറപ്പായും വാല് മുറിക്കാൻ തന്നെയാവും…

ഒറ്റയ്ക്ക് ഞാൻ ചെല്ലാൻ പറഞ്ഞത് ഉറപ്പായും വാല് മുറിക്കാൻ തന്നെയാവും…

0

മൂനാം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് നരച്ച നിക്കറിന്റെ മൂടൊന്നു കീറി…

ശാരദചേച്ചീടെ വീട്ടിൽ മാത്രേ അന്ന് തുന്നലുള്ളൂ.. കീറിയ നിക്കർ ഇട്ടോണ്ട് തന്നെ അമ്മച്ചി എന്നെ അങ്ങോട്ടേക്ക് കൊണ്ടോയി.. രണ്ടു വരാൽ അമ്മച്ചീടെ കയ്യിലുണ്ട് കൂലി കൊടുക്കാൻ പണമില്ലാത്തോണ്ട് എന്റെ പ്രീയപ്പെട്ട വരാലിനെയാണ് അമ്മച്ചി ശാരദചേച്ചിക് കൊടുക്കാൻ തീരുമാനിച്ചത്…

അവിടെ ചെന്ന് നിക്കറൂരി കൊടുത്തു അപ്പോഴാണ് ലിസി അവിടെ വന്നത്… അവളുടെ പാവാട തയ്യ്ക്കാൻ എന്റെ തുണിയില്ലാത്ത നിപ്പുകണ്ടാവണം അവളുടെ സഞ്ചിയിലെ പാവാട തുണി എനിക്ക് നേരെ നീട്ടി… എന്നേക്കാൾ മൂന്ന് വയസ്സ് മൂപ്പുണ്ട് ലിസിക്ക്…

” ഇതുടുത്തോണ്ടു നിക്ക്, കൊച്ചേ… ആളുകൾ വരുന്നയല്ലേ… ”

അവളുടെ ചുണ്ടിൽ അന്നൊരു ചിരിയുണ്ടാരുന്നു…. കാണാൻ ഒരുവിധം ഭംഗി ഉണ്ടാരുന്നു അവൾക്ക്…

അന്ന് തൊട്ട് എവിടെ വെച്ച് കണ്ടാലും ലിസി എന്നെ നോക്കി ഒന്ന് ചിരിക്കും.. തിരികെ ഞാനും പാസാക്കാറുണ്ട് ഒരു ചിരി…

കാലം സെക്കന്റ് സൂചി കണക്കെ ഓടിപ്പോയി…. ഞാൻ എഞ്ചിനീറിങ്ങിനും പോയി എറണാകുളത്തു ഒരു കമ്പനിയിൽ ജോലിക്കും കയറി… പിന്നീട് ഈ കാലമത്രയും ലിസിയെ ഞാൻ ഓർത്തിട്ടില്ല …. കാരണം ഓർക്കാനുള്ള എന്താ ഉള്ളെ…

എനിക്ക് കല്യാണപ്രായമായെന്ന് അമ്മച്ചീടെ നിർബന്ധം കൂടി വന്നപ്പോഴാണ് എന്നാലൊന്ന് കെട്ടിയേക്കാം എന്ന് ഞാനും തീരുമാനിച്ചത്…..
” ഇപ്പോഴത്തെ പെണ്പിള്ളേരുടെ ഒരു കാര്യം അവൾക്ക് നിന്നെ ലുലു മാളിൽ വെച്ച് കണ്ടാൽ മതിയെന്ന്… കോഫിഷോപ്പിൽ ഒറ്റയ്ക്ക് ചെല്ലാൻ ”

മുഖത്തൊരു ചിരീം പടർത്തി അമ്മച്ചി അത് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരു കമ്പിത്തിരി കത്തിത്തുടങ്ങി… കാരണമുണ്ട്… പൊതുവെ ഞാൻ അല്പം ഗ്ലാമറാണ്… പിന്നെ അത്യാവശ്യം മോഡേൺ ഡ്രസിങും…. ഇപ്പഴത്തെ പെൺപിള്ളേർക്കും അതാണ്‌ വേണ്ടതെന്നു ജോലിക്ക് കയറിയപ്പോൾ എനിക്ക് മനസ്സിലായി.. കാരണം പ്രൊപോസൽ മൂന്നാണ് വന്നത്…

ഒറ്റയ്ക്ക് ഞാൻ ചെല്ലാൻ പറഞ്ഞത് ഉറപ്പായും വാല് മുറിക്കാൻ തന്നെയാവും… പൊതുവെ അങ്ങനെ നാണം ഇല്ലാത്തൊരാളാണ് ഞാൻ എഞ്ചിനീറിങ്ങിനു പോയപ്പോൾ ഏറ്റടുത്ത സെമിനാറുകൾ കളഞ്ഞു തന്നതാണ് ഈ നാണവും പേടിയുമെല്ലാം….

അമ്മച്ചിയോടു ഓക്കേ പറഞ്ഞു.പക്ഷേ ഒരുകൂട്ടം പദ്ധതികൾ എന്റെ മനസ്സിൽ പുകഞ്ഞു…അന്ന് തൊട്ടു ഞാൻ താടി ട്രിം ചെയ്തില്ല മുടി അല്പം നീളത്തിലാണുള്ളത് അതിൽ കൈകടത്തീല്ല കാരണം ആൺപിള്ളേർക്ക് താടിയോടും മുടിയോടും തോന്നീട്ടുള്ള പ്രണയമൊന്നും ഒരുത്തിയോടും ഇന്നുവരെ തോന്നീട്ടില്ല എന്നുള്ളത്കൊണ്ട്തന്നെ.. ..

അങ്ങനെ ആ ദിവസം വന്നെത്തി എന്റെ ഫോട്ടോ പോലും അവർക്ക് കൊടുത്തില്ല അവളുടെ കയ്യിൽ ആകെയുള്ളത് എന്റെ നമ്പർ…. രാവിലെ തന്നെ എന്റെ ഒരു ഷർട്ടും വെള്ളമുണ്ടും ബാഗിൽ എടുത്തു വെച്ചു…. പിന്നെ വലിയ ഒരു പാന്റ്സ് നെഞ്ചത്ത് വരെ കയറ്റിയിട്ടു അതിലും വല്യ ഷർട്ടും വലിച്ചു കയറ്റി..
മുടി തൊപ്പി വെച്ചു മറച്ചു… മീശ മടക്കി താഴേക്ക് പതിപ്പിച്ചു വല്യപ്പാപ്പന്റെ സോഡാ ഗ്ലാസ്‌ എടുത്ത് പോക്കെറ്റിൽ തിരുകി…. ബ്ലാക്ക് ഷൂ എടുത്തിട്ടോണ്ട്
ബുള്ളറ്റും പൊക്കിയെടുത്തോണ്ട് ലുലു മാളിലേക്ക് വെച്ചു പിടിച്ചു….
അവർ പറഞ്ഞ കോഫി ഷോപ്പിന്റെ മുന്നിൽ ചെന്നു…. അവിടെ അകത്തിരുപ്പുണ്ട് ആറു പേര് ഒരു ടേബിളിന്റെ ചുറ്റും വട്ടം വളഞ്ഞു തകർത്തു ചിരിക്കുകയാണ് എല്ലാം… ആ സോഡാ ഗ്ലാസ്‌ എടുത്തു മുഖത്തു വെച്ചു….ഒന്നൂടെ അവിടുത്തെ കണ്ണാടി ഞാൻ നോക്കി…. നല്ല വൃത്തികെട്ട കോലം….
മെല്ലെ അവർക്കരികിലേക്ക് ഞാൻ നടന്നുകയറി… എന്നെക്കണ്ടതും ഒന്നുരണ്ടു പേർക്ക് ചിരി സഹിക്കാൻ കഴിഞ്ഞില്ല… ഉടനെ പെണ്ണിന്റെ ചോദ്യം…

“അലക്സി ആണോ ??”

” അതെ….. ”

അല്പം വിറവൽ വരുത്തി ഞാൻ പറഞ്ഞു….

മെല്ലെ ഒരു കസേര പിന്നിലേക്ക് വലിച്ചു ഞാൻ ഇരുന്നു…

” അലക്സീ…. നമുക്ക് എന്തെങ്കിലും കഴിച്ചോണ്ട് സംസാരിക്കാം ”

” ആഹ്… നിങ്ങൾ പറഞ്ഞോളൂ… എനിക്കൊരു ഗ്ലാസ്‌ വെള്ളം മതി ”

അതു കേട്ടതും ആറും കൂടി ബർഗർ സാൻവിച് പിസ്സ അങ്ങനെ കൊറേ സാധനം ഓർഡർ ചെയ്തു….. എന്നെ ട്രാപ്പിലാക്കാനുള്ള വഴിയാണ്…

” ഒരു പീസ് പിസ്സ കഴിച്ചൂടെ….. ”
പെണ്ണിന്റെ വക ഒരു ഔദാര്യം

” ഏയ്‌.. വേണ്ട… റൊട്ടി ഞാൻ കഴിക്കാറില്ല ”

പിസ്സയെ റോട്ടിയെന്നു പറയുമ്പോൾ എനിക്ക് തന്നെ ചിരിയടിക്കാൻ സാധിച്ചിരുന്നില്ല….

കൂട്ടത്തിലെ ഒരുത്തി അപ്പോഴേ ചിരി തുടങ്ങി……
അതിലൊരുത്തീടെ കമന്റും…

” ചേട്ടാ…. ചായയും പരിപ്പുവടയും ഇവിടെ കിട്ടും ഒന്ന് വാങ്ങിക്കൂടെ.. ”

അങ്ങനെ മൊത്തത്തിൽ പെണ്ണുൾപ്പടെ എല്ലാവരും കളിയാക്കി മെതിക്കുകയാ… പക്ഷേ ഒരുത്തി അതിലൊരു പെണ്ണ് മാത്രം…. മിണ്ടാതെ എന്നെ നോക്കിയിരിക്കുന്നു.. കാണാൻ കൊള്ളാം നല്ല ഡ്രസിങ്…

” എന്താ കുട്ടിക്ക് ഒന്നും കഴിക്കാൻ വേണ്ടേ ?”
അവളുടെ മുഖത്ത് നോക്കിയാണ് ഞാൻ ചോദിച്ചത്…..

” ഏയ്‌… വേണ്ടാ….. ഞാൻ ഇങ്ങനത്തെ ഭക്ഷണം അധികം കഴിക്കാറില്ല… പിന്നെ ചേട്ടാ… എല്ലാരും കൂടി ചേട്ടനെ പറ്റിക്കാൻ നോക്കുകയാണ്…. ഇവൾക്ക് ചേട്ടനെ ഇഷ്ടായിട്ടില്ല.. അല്പം മോഡേൺ ആളെയാണ് ഇവൾക്കിഷ്ടം.. പിന്നെ ഒരാളെ വിളിച്ചിരുത്തി രൂപം നോക്കി കളിയാക്കാൻ എനിക്കിഷ്ടമല്ല.. അതോണ്ടാ ഇപ്പോൾ പറഞ്ഞത് ഒന്നും ഓർക്കരുത്.. ”

ഞാൻ പയ്യെ അവിടുന്ന് എണീറ്റു ഓരോരുത്തരുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…. എന്നെ കാണാൻ വന്നവൾ ഇഞ്ചികടിച്ചപോലെ എന്നെ നോക്കുന്നുണ്ട്…..

” ഞാൻ ഒന്ന് വാഷ് റൂമിൽ പോയിട്ട് വരാം… ”

അവരുടെ മുന്നീന്ന് പയ്യെ നടന്ന് വാഷ്‌റൂമിൽ കയറി… അവിടെ നിന്ന് ആ പാന്റ്സും ഷർട്ടും വലിച്ചൂരി… മുണ്ടും ഷർട്ടും എടുത്തിട്ടു.. അത്യാവശ്യം ശരീരം ഉള്ളത് കൊണ്ട് ഫിറ്റ്‌ ഷർട്ടാണ് ഇട്ടത്… പിന്നെ തൊപ്പി മാറ്റി മുടി ഒന്ന് മുകളിലേക്ക് പൊക്കി വെച്ചു….. താടിയും ഈരിവെച്ചുകൊണ്ട് മീശ പിരിച്ചു മുകളിലേക്കാക്കി.കയ്യിലെ കറുത്ത റെയ്ബാൻ കണ്ണിലേക്കു ചാർത്തി … ബാഗ് കയ്യിൽ പിടിച്ചോണ്ട് മെല്ലെ അവിടുന്നിറങ്ങി അവർക്ക് നേരെ നടന്നു…..
എന്നെക്കണ്ടതും കൂടെ വന്ന ഒന്നുരണ്ടണ്ണത്തിന്റെ കണ്ണ് തള്ളി വെളീൽ വന്നു… എന്നെ കാണാൻ വന്നവൾ വായിൽ ഇരുന്ന പകുതി പിസ്സ ഒറ്റയടിക്ക് വിഴുങ്ങി…..

അവരുടെ നടുവിൽ വീണ്ടും ആ കസേരയിൽ ഞാൻ സ്ഥാനം പിടിച്ചു….
അവളുടെ കണ്ണിൽ ഒരു കുഞ്ഞി പ്രണയം വിരിഞ്ഞു വരുന്നത് ഞാൻ കണ്ടു…. എല്ലാവരും എന്നോട് എന്തെല്ലാമോ ചോദിച്ചോണ്ടിരുന്നു….. അവരോടൊപ്പം സംസാരിച്ചു താഴെ പാർക്കിംഗ് ഏരിയ വരെ എത്തി… എന്റെ ബുള്ളറ്റിൽ കയറി ഇരുപ്പുറപ്പിച്ചുകൊണ്ട് അവരെയെല്ലാം ഒന്നുകൂടി നോക്കി …

എന്നെ കാണാൻ വന്നവൾ കുണുങ്ങി അടുത്തേക്ക് വന്നു…….

” ചേട്ടാ … നമുക്കൊന്നിച്ചു ഈ ബുള്ളറ്റുലൊന്ന് കറങ്ങിയാലോ. !!”

അവളുടെ വലതു തോളിൽ കൈകൊണ്ടു ഞാൻ ഒന്ന് തട്ടിനീക്കി നിർത്തി . അവളുടെ പുറകിൽ നിന്ന പെൺകുട്ടിയെ ഞാൻ വിളിച്ചു എന്നോട് തുറന്നു കാര്യം പറഞ്ഞ മറ്റേ പെൺകുട്ടിയാണ് ലവൾ…

” എന്താണ് കുട്ടീടെ പേര് ??””

” ലിസി…. ലിസി മൈക്കിൾ ”

” ലിസി…. ചങ്ങനാശ്ശേരിയാണോ വീട്”

” അതെ ”

പുറത്തുവന്ന സന്തോഷം ഒട്ടും പുറമെ കാണിക്കാതെ ഞാൻ ചോദിച്ചു…

” വിരോധമില്ലെങ്കിൽ ലിസിയെ ഞാൻ ഡ്രോപ്പ് ചെയ്യാം… കുറച്ച് സംസാരിക്കാനുണ്ട്…. പ്ലീസ് ”

അല്പം നീരസത്തോടെയാണെങ്കിലും അവൾ വണ്ടിയിൽ കയറി എന്നെ കാണാൻ വന്നവൾക്ക് ഒരു ടാറ്റാ നൽകി വണ്ടി ഞാൻ മുന്നിലേക്കെടുത്തു….

” ലിസി… ഞാൻ അലക്സി ജോസഫ്.. മറിയാമ്മ ചേച്ചീടെ മോൻ ഓർക്കുന്നുണ്ടോ…. പണ്ട് നിക്കറു കീറിയപ്പോൾ പാവാടത്തുണി തന്ന് മാനം രക്ഷിച്ചത് ലിസിയാരുന്നു…. ”

” ആാാഹാ… ടാ ചെറുക്കാ.. നീയാരുന്നോ ഇത്…അളാകെ മാറിയല്ലോടാ. . ”

” ഉം…. ഞാനൊരു കാര്യം ചോദിക്കട്ടെ… ഈ പ്രായം നമുക്കിടയിൽ പ്രശ്നമല്ലെങ്കിൽ ലിസിയെ ഞാൻ കെട്ടിക്കോട്ടെ… ”

” ആ.. കെട്ടിക്കോ…. ”

” ഏഹ്… ഇത്രവേഗം…. ഒരു ട്രാജഡി കഥ ഞാൻ പ്രതീക്ഷിച്ചു…. ഭർത്താവ് ഉണ്ടെന്നോ… കിടപ്പിലായെന്നോ.. കള്ളുകുടിയൻ ആണെന്നോ.. അങ്ങനൊക്കെ ”

“ഹ ഹ.. ഇതെന്നാടാ ചെക്കാ പൈങ്കിളി കഥയോ …. നിന്നെ എനിക്കിഷ്ടമാരുന്നു.. പിന്നെ അതെങ്ങനെ ഞാൻ പറയും ഞാൻ പത്തിലും നീ ഏഴിലും…. പിന്നെ അതങ്ങോട്ട് മാഞ്ഞുപോയി…. ഇപ്പൊ എന്തായാലും ഞാൻ റെഡിയാണ്.. ”

അവളെ വീട്ടിലാക്കി നേരെ ഒരു കുപ്പി റം വാങ്ങിച്ചോണ്ട് ഞാൻ വീട്ടിലേക്ക് പോയി… അമ്മമ്മച്ചി സമ്മതിക്കണേൽ
ഈ റം വേണം…. എന്നതായാലും എന്റമ്മച്ചി സമ്മതിക്കും… കാരണം ഒരു പാവാടതുണികൊണ്ട് മകന്റെ മാനം രക്ഷിച്ച പെണ്ണല്ലായോ അവൾ….

രചന: ആവണി കൃഷ്ണ

 

LEAVE A REPLY

Please enter your comment!
Please enter your name here