Home Latest ഇനിയെങ്കിലും ന്റെ മോന് അവളോട് ഒന്ന് ക്ഷമിച്ചൂടെ കാലം ഇത്രയൊക്കെ ആയില്ലെ???

ഇനിയെങ്കിലും ന്റെ മോന് അവളോട് ഒന്ന് ക്ഷമിച്ചൂടെ കാലം ഇത്രയൊക്കെ ആയില്ലെ???

0

മനസ്സിൽ നിന്നും ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി പടി ഇറക്കി വിട്ടവളുടെ വീട്ടിലേക്ക് അനിയന്റെ കല്യാണം ക്ഷണിക്കാൻ പോയതിന്റെ കാരണമായി അച്ഛന് പറയാനുണ്ടായിരുന്നത് ..

മൂത്ത മരുമകളെ കുറിച്ച് നാലാൾ ചോദിച്ചാൽ അച്ഛന് ഉണ്ടാകുന്ന അഭിമാന കുറവിനെ കുറിച്ചായിരുന്നു..

നാളിത് വരെ ഭർത്താവായ എനിക്ക് ഇല്ലാത്ത എന്ത് കുറച്ചിലാണ് അച്ഛനുള്ളതെന്ന് ചോദിച്ചപ്പോ മൗനമായിരുന്നു അച്ഛന്റെ മറുപടി…

ഉച്ചക്ക് ഉണ്ണാൻ ഇരുന്നപ്പോൾ എന്നെ അനേഷിച്ചവൾ അച്ഛനോട് ഒരുപാട്‌ കരഞ്ഞെന്ന് പറഞ്ഞാണ് രണ്ട് കൈയിൽ ചോറ് അമ്മ എന്റെ കിണ്ണത്തിലേക്ക് ഇട്ടത് ..

വീട്ടിലെ അവസാന കല്യാണത്തിന് എല്ലാവരും കൂടണമെന്നത് എഴുപത്തി എട്ട് കഴിഞ്ഞ അച്ഛന്റെ ആഗ്രഹമാണെന്ന്…

രണ്ട് കൈയിൽ കൂട്ടാനും കൂടി എന്റെ ചോറിലേക്ക് ഒഴിച്ചിട്ട് മുടിയിൽ വിരലുകൾ ഓടിച്ചു കൊണ്ടമ്മാ ചോദിച്ചു

ഇനിയെങ്കിലും ന്റെ മോന് അവളോട് ഒന്ന് ക്ഷമിച്ചൂടെ കാലം ഇത്രയൊക്കെ ആയില്ലെന്ന്. ….??

അതും കൂടി കേട്ടപ്പോൾ

ആദ്യത്തെ ഉരുള തന്നെ എന്റെ തൊണ്ടയിൽ തടഞ്ഞു..

മുന്നിലെ കിണ്ണം തട്ടി തെറിപ്പിച് തെക്കേ തൊടിയിലെ രണ്ട് അടിയിൽ തീർത്ത കുഴിയിലേക്ക് ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു.

അവിടെ പൊലിഞ്ഞു കിടക്കുന്നതും ഇത് പോലെ ഒരച്ഛന്റെ ആയിരം സ്വപ്നങ്ങളെണെന്ന് ..

പട്ടിണി കിടന്ന കാലത്തേ ബുദ്ധിമുട്ടിന്റെ കണക്കുകൾ എണ്ണി പറഞ്ഞു കൊണ്ടാണ് ചിതറി കിടന്ന ചോറും വറ്റ് അടിച്ചു കൂട്ടി അമ്മ കോഴിക്ക് ഇട്ട് കൊടുത്തത്

ഞാൻ മുറിയിൽ കയറി മുണ്ട് മാറി

അയയിൽ കിടന്ന മുഷിഞ്ഞ നാലഞ്ചു ഷർട്ടുകൾ കുടുംബം നോക്കുന്നവന്റെ അധികാരത്തോടെ മുറിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു …

ഏറെ കാലത്തിന് ശേഷം ഇന്നവളെ കുറിച്ച് കേട്ടപ്പോ തൊട്ട് മനസ്സിൽ എന്തോ ഒരു വിങ്ങല്…

ചുമരിൽ തൂക്കി ഇട്ടിരുന്ന ഞങ്ങളുടെ കല്യാണ ഫോട്ടോയിലേക്ക് ഞാൻ കുറച് നേരം നോക്കി നിന്നു ….

അവളും ഒരുമിച്ച് ഒരു ജീവിതം തുടങ്ങിയതും ഒരു കുഞ്ഞിന് വേണ്ടി സ്വപ്നം കണ്ടതും ഈ മുറിയിൽ വെച്ചാണ്…

വര്ഷം കഴിയും തോറും ആ സ്വപ്നം വഴിപ്പാടും പ്രാർത്ഥനയുമായി മാറി..

അവസാനം ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് രണ്ട് നേരം തിരി കത്തിച്ചു തൊഴുത ഈശ്വരന്മാർ ഒരു കുഞ്ഞ് എന്നാ സ്വപ്നം സാധിപ്പിച്ചു തന്നത്

അച്ഛനായി എന്നറിഞ്ഞ നിമിഷം ലോകം കീഴടക്കിയവന്റെ സന്തോഷമായിരുന്നു എനിക്ക് ..

പക്ഷേ ഭഗവാന്റെ കണക്ക് പുസ്തകത്തിൽ ആ സന്തോഷത്തിന് ആയുസ് ചിട്ടപ്പെടുത്തിയത് വെറും മുപ്പത് ദിവസം മാത്രമാണ്…

നൂൽ കെട്ട് കഴിഞ്ഞ് രണ്ടാം നാൾ ആ ഒരുമ്പെട്ടവളുടെ കൈയിൽ നിന്ന് അബദ്ധതിൽ വീണ് മോൾ മരിച്ചെന്ന് .. വിളിച്ചറിയിച്ച അവളുടെ അച്ഛന്റെ വാക്കുകൾ ഇതേ മുറിയിൽ നിന്ന് സ്വബോധം നഷ്ട്ടപ്പെട്ട ഒരു ഭ്രാന്തനെ പോലെയാണ് ഞാൻ കേട്ട് നിന്നത്…

ചേതനയറ്റു കിടന്ന എന്റെ പൊന്നു മോളുടെ മുഖം കണ്ടപ്പോൾ ആ നിമിഷം മനസ്സ് കൊണ്ട് അറുത്തിട്ടതാണ് ആ താലി എന്നാ ബന്ധം..

അന്ന് എടുത്ത തീരുമാനം ശരിയാണോ തെറ്റാണോ എന്ന് നാളിത് വരെ ഞാൻ ചികഞ്ഞു നോക്കിയിട്ടില്ല…

പെറ്റ വയറിന്റെ നോവിനെ ഓർത്തെങ്കിലും അവളോട് ഒന്ന് ക്ഷമിക്കാൻ പറഞ്ഞ് എന്റെ മുന്നിൽ വന്നവരെ കണ്ണീരിൽ കുതിർന്ന നൂറ് ചോദ്യങ്ങളോടെ ഞാൻ ആട്ടി പായിച്ചു ..

അവൾക്ക് അന്ന് ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്നും എന്റെ മകൾ ഈ വീട്ടിൽ ഉണ്ടാകുമായിരുന്നു..

അവള് ഇന്ന് ഈ വീടിന്റെ മുറ്റത്തു പിച്ച വെച്ച് നടന്നേനെ

ഒരുപാട് കാണാൻ കൊതിച്ചു ഉണ്ടായതല്ല …

എന്നിട്ടും.. !!!

ചിന്തകൾക്കൊപ്പം നിറഞ്ഞ കണ്ണുകൾ ഞാൻ വ്യഗ്രതെയോടെ തുടച്ചു ..

ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി…

നേരെ തട്ടാന്റെ വീട് ലക്ഷ്യമാക്കി നടന്നു…

വിരലിൽ കിടന്ന അവളുടെ പേരെഴുതിയ കല്യാണ മോതിരം , ഉരുക്കിയുടച്ചു പണിയാൻ തട്ടാനെ ഏല്പിക്കുമ്പോൾ ആലയിലെ പൊന്നുരുക്കുന്ന കനലിനേക്കാൾ നീറ്റമുണ്ടായിരുന്നു മനസിന്

അനിയന്റെ കല്യാണത്തിന് ഏട്ടന്റെ വക എന്ന് പറഞ്ഞു സമ്മാനിക്കാൻ ഇനി അത് മാത്രമേ എന്റെ കൈയിൽ ബാക്കി ഉണ്ടായിരുന്നുള്ളു….

ഓർമ വെച്ച കാലം തൊട്ട് അമ്മ പ്രവാസിക്കാത്ത കൂടപ്പിറപ്പായി വീട്ടിൽ ഉണ്ടായിരുന്ന കഷ്ടപ്പാടിനെയും ദുരിതങ്ങളെയും പടി അടച്ചു പിണ്ഡം വെച്ച് പതിനഞ്ചാമത്തെ വയസിൽ പണിക്ക് ഇറങ്ങുമ്പോൾ ഒന്നേ ഞാൻ അവനോട് അവശ്യപ്പെട്ടുള്ളൂ

നീ നന്നായി പഠിക്കണമെന്ന്..

ചേട്ടന് കഴിയാത്തത് നീ നേടണമെന്ന് ….

അവൻ അത് ഭംഗിയായി ചെയിതു…

ജോലി കിട്ടി… അവന് പെണ്ണ് നോക്കാൻ തുടങ്ങിയപ്പോൾ കൂടെ ജോലി ചെയ്യുന്ന കുട്ടിയെ ഇഷ്ടമാണെന്ന് അവൻ ആദ്യം വന്ന് പറഞ്ഞത് എന്നോടാണ്…

പിറ്റേന്ന് തന്നെ അച്ഛനെയും കൂട്ടി അവിടെ പോയി കാര്യങ്ങളെല്ലാം ഉറപ്പിച്ചതും ഞാനായിരുന്നു…

അച്ഛനായി ഒരു കുഞ്ഞിനെ ലാളിക്കൻ ഭാഗ്യം കിട്ടാത്തവന് വലിയച്ഛനായിട്ടെങ്കിലും ആ യോഗം അവനിലൂടെ സാധിക്കണമെന്ന ആഗ്രഹമായിരുന്നു മനസ്സിന്

തട്ടാന്റെ വീട്ടീന്ന് മടങ്ങുന്ന വഴിക്ക് കവലയിലെ പാത്രങ്ങൾ ഏൽപ്പിച്ച കടയിലും പന്തല്ക്കാരെയും കണ്ട് ഞാൻ കല്യാണ വിവരം ഒന്നും കൂടെ ഓർമിപ്പിച്ചു…

വീടിന് വെള്ള പൂശിയും പിന്നിലെ ചായിപ്പിൽ ദേഹണ പുര ഒരുക്കിയും കല്യാണത്തിന് മുൻപ് ഉണ്ടായിരുന്ന ഒരാഴ്ച കണ്ണടച്ച് തുറന്ന പോലെ പോയി..

ബന്ധുക്കൾ ഒരാത്തരായി വീട്ടിൽ എത്തി തുടങ്ങി …

വന്നവരൊക്കെ അവളെ അനേഷിച്ചപ്പോൾ അച്ഛനും അമ്മയും അവൾ നാളെ വരുമെന്ന് പറഞ്ഞു നിർത്തുന്ന കേട്ടു..

ക്ഷണിക്കാൻ ചെന്നപ്പോൾ കാണാത്തവർ അവളെ കുറിച്ചുള്ള കൊസ്രം കൊള്ളി ചോദ്യങ്ങളുമായി എന്റെ അടുക്കലും എത്തി…

സാംബറിലെ പരിപ്പ് വെന്തോന്ന് നോക്കിയും കസേര പിടിചിട്ടിട്ടും കൂട്ടാൻ കഷ്ണങ്ങൾ അരിഞ്ഞും ദേഹണ പുരയിലും പന്തലിലുമായി ഞാൻ ഒതുങ്ങി കൂടി ..

എന്നിട്ടും ചിലരുടെ അർഥം വെച്ചുള്ള നോട്ടവും ഭാവം കണ്ടൽ ലോകത്ത് ആദ്യമായി ഭാര്യയെ ഉപക്ഷിച്ചു ജീവിക്കുന്ന ഭർത്താവ് ഞാനാണെന് തോന്നും ..

താലി കെട്ടും ചടങ്ങുകളും മംഗളമായി തന്നെ കഴിഞ്ഞു..

ഇടക്ക് വെച്ച് മണ്ഡപ്പത്തിന്റെ ഒരു കോണിൽ അവളെ മിന്നായം പോലെ ഞാൻ കണ്ടു. ..

എന്റെ ഞരമ്പുകൾ വലിഞ്ഞു മുറുക്കി…

ഉടുത്ത മുണ്ട് കോടഞ്ഞുടുത്തു ഞാൻ അവളുടെ അടുത്തേക്ക് ചെന്നു …

എന്നെ കണ്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകിയത് എന്റെ അരിശം കൂട്ടുകയെ ചെയ്തുള്ളൂ.. ….

അവൾ എന്തോ പറയാൻ തുടങ്ങിയത് തടഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു

നിന്നോട് ആരാ വരാൻ പറഞ്ഞതെന്ന്….

മോനെ എന്ന് വിളിച്ച് എന്റെ തോളിൽ പിടിച്ച അവളുടെ അച്ഛന്റെ കൈകൾ ഞാൻ തട്ടി മാറ്റി…

ബഹളം കേട്ട് എന്നെ ഉപദേശിക്കാൻ വന്ന ബന്ധു കാരണവന്മാർ എന്റെ ദേഷ്യം കണ്ട് എന്റെ അടുത്തക് വരാൻ മടിച്ചു …

അച്ഛനും അമ്മയും എല്ലാം കണ്ട് നിശബ്ദരായി ഒരു മൂലയ്ക്ക് നിന്നിരുന്നു

പരിസരം മറന്ന് അവളെ പിന്നെയും ഞാൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു..

മണ്ഡപത്തിൽ പിൻ വാതിലിന്റെ ഓര്ത് കൂടി അവളെ പടി കടത്തി വിട്ടപ്പോഴാണ് ഞാൻ ഒന്ന് അടങ്ങിയത്…

എന്റെ ബഹളം കേട്ട് സദസ് മുഴുവൻ നിശ്ശബ്ദമായി…

ഞാൻ പിന്നെ അവിടെ നിന്നില്ല…..

മണ്ഡപത്തിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു

കല്യാണം കഴിഞ്ഞു ചെക്കനും പെണ്ണും വീട്ടിൽ വന്ന് കയറുമ്പോൾ

പാത്രങ്ങൾ കഴുകി ഒതുക്കി പന്തലഴിക്കുന്ന തിരക്കിലായിരുന്നു ഞാൻ

കല്യാണം ഇട ദിവസമായ കാരണം ബന്ധുക്കൾ ഏറെയും അന്ന് തന്നെ തിരിച്ചു പോയി…

പാലുമായി മണിയറയിലേക്ക് പോകുന്നതിന് മുൻപ് മരുമകളെ വിളിച്ച് മൂന്ന് വട്ടം ദൃഷ്ടി ഉഴിഞ്ഞ് മുളകും ഉപ്പും അടുപ്പിലിട്ട് മരുകളോടുള്ള ആദ്യത്തെ സ്നേഹം അന്ന് തന്നെ അമ്മ പ്രകടിപ്പിച്ചു

മരുമകൾക്ക് കിട്ടിയ സ്വർണ്ണത്തിന്റെ കണക്ക് എടുത്ത് പറഞ്ഞു കൊണ്ട് അമ്മ അച്ഛനോട് പറയുന്നുണ്ടായിരുന്നു അവളാണ് ഇനി ഈ വീടിന്റെ ഐശ്വരമെന്ന്

പിറ്റേന്ന് രാവിലെ മരുമകളയും പ്രതീക്ഷിച് അടുക്കളയിൽ എത്തിയ അമ്മ കണ്ടത് ഇന്നലെ കഴിച്ച അത്താഴത്തിന്റെ എച്ചിൽ പാത്രങ്ങളായിരുന്നു .. .

കിണറിന്റെ കരയിൽ ഇരുന്ന് പാത്രങ്ങൾ അത്രയും തേച്ചു കഴുകുമ്പോൾ പിന്നിൽ നിൽക്കുന്ന അച്ഛനോട് ഇന്നലെ പറഞ്ഞ ഭാഗ്യത്തെ പഴിച് അമ്മ ചോദിക്കുന്ന കേട്ടു

എന്റെ മൂത്ത മരുമകൾ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതികേട് വരുമോന്ന്…

ബന്ധുക്കൾ കാണാതെ അവളെ ചെന്ന് ഉണർത്താൻ അച്ഛനാണ് പറഞ്ഞത്…

അവരുടെ മുറിൽ ചെന്ന് മുട്ടി വിളിച്ച് കൊലായിലേക്ക് തിരിഞ്ഞു നടന്ന അമ്മ അവളുടെ ആന്റി എന്നാ വിളി കേട്ട് കോരി തരിച്ചു നിന്നു…

പിന്നാലെ എണീറ്റ് വന്ന അനിയൻ അമ്മയോട് സ്വകാര്യത്തിൽ വന്നു പറയുന്നുണ്ടായിരുന്നു അവൾ അവളുടെ അച്ഛനെ ഡാഡിയെന്നും അമ്മയെ മമ്മിന്നും വിളിച്ചാണ് ശീലിചതെന്ന്

പിന്നെ അമ്മയിൽ നിന്ന് കേട്ടത് ഒരു നേടുവീർപ്പായിരുന്നു…

അധികം വൈകാതെ തന്നെ അടുക്കള ഭരണവും വീട് ഭരണവും പുതിയ മരുമകൾ ഏറ്റെടുത്തു …

വീട്ടിലെ ഭക്ഷണവും ചിട്ട വട്ടങ്ങളും മാറി ….

രാവിലെ ഇടലിക്കും ദോശക്കും പകരം ബ്രഡും ജാമുമായി…

തിന്നാനും അവർക്ക് കൊണ്ട് പോകാനും അതാണത്രെ സുഖം ..

മാസാവസാനം റേഷൻ കടയിൽ നിന്ന് കിട്ടുന്ന അരിയും മണ്ണെണ്ണയും വാങ്ങുന്നത് വീടിന്റെ അന്തസിന് കുറവാണെന്ന് അവൾ തന്നെ വിധി എഴുതി…

തോളത് ഒരു തോർത് മുണ്ടിട്ട് കവല വരെ പോയിരുന്ന അച്ഛനോട് ഒരിക്കൽ അവളുടെ ചേട്ടൻ ഗൾഫിന് കൊണ്ട് വന്ന ബനിയൻ കൊടുത്തിട്ട് പറയുന്ന കേട്ടു

അങ്കിൾ ഇതിട്ട് ഇനി പുറത്തേക്ക് ഇറങ്ങിയ മതിയന്നെന് ….

ചേട്ടന് വേണ്ടി വാങ്ങിയതന്നെന്നു പറഞ്ഞ് ഒരു ദിവസം എന്റെ ഹെർകുലീസിന്റെ സ്ഥാനത് കണ്ട സ്കൂട്ടർ അവളെ സന്തോഷത്തോടെയാണ് ഞാൻ തിരിച്ചേല്പിച്ചത്..

അനിയൻ പറഞ്ഞ് എന്റെ ജീവിതത്തെ കുറിച്ച് അറിഞ്ഞത് കൊണ്ടായിരിക്കും അവൾ അതെ കുറിച് ഒരിക്കൽ പോലും എന്നോട് ചോദിക്കാഞ്ഞത്

വീട് ഏറെ കുറെ മാറി…

അച്ഛന്റെ പഴയ റേഡിയോക്ക് പകരം മ്യൂസിക് സിസ്റ്റംവും .. അടുപ്പിലൂതി മടുത്ത അമ്മ ഗ്യാസ്സ് സ്റ്റവും കത്തിക്കാൻ പഠിച്ചു

പുതിയ മരുമകൾ വീടിന്റെ പുരപ്പുറം തൂത്തു വെടുപ്പാക്കികൊണ്ട് രണ്ട് മാസം കടന്ന് പോയി….

ഇന്നലെ സന്ധ്യക്ക് അയൽപ്പകത്തെ ജാനുവേടത്തി വേലിക്കരികിൽ നിന്ന് അമ്മയോട് ചോദിക്കുന്ന കേട്ടു മരുമകൾക്ക് വിശേഷം ഒന്നും ആയില്ലെന്ന്…

ഇത് വരെ ആയിട്ടും ലക്ഷണങ്ങൾ ഒന്നും കാണാനില്ലനായിരുന്നു അമ്മയുടെ ഉത്തരം…

ഇന്ന് രാവിലേ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് അവൾ വീടിന്റെ പിന്നിലെ പുളി മരത്തിന്റെ ചോട്ടിൽ ഓക്കാനിക്കുന്ന കണ്ടത്.. ..

അവളുടെ പുറം ഉഴിഞ്ഞു കൊണ്ടമ്മാ മുപ്പത് മൂക്കോടി ദൈവങ്ങളെയും തൊഴുതു..

ഉമ്മറത് ഇരുന്നിരുന്ന അച്ഛന്റെ മുഖത്തും തെളിഞ്ഞു ഒരു മുത്തച്ഛനാവാനുള്ള പുഞ്ചിരി…

എല്ലാം കണ്ട് നിർവികരനായി അമ്മക്ക് അടുത്ത് നിന്ന അനിയനെ അവൾ തറപ്പിച്ചു നോക്കി..

പിന്നെ അവൾ അവന്റെ കൈയും പിടിച്ചു അവരുടെ റൂമിലേക് ഒറ്റ നടത്തമാണ്…

കുറച്ച് നേരം കഴിഞ്ഞ് മുറിക്കുളിൽ നിന്ന് പുറത്തേക്ക് പുറപ്പെടാനുള്ള വേഷവും മാറിയാണ് അവർ വന്നത്.

കഥ അറിയാതെ ആട്ടം കണ്ടിരുന്നാ ഞങ്ങൾക്ക് മുന്നിൽ ഇപ്പോ അവർക്ക് ഒരു കുട്ടി വേണ്ടന്നുള്ള തീരുമാനമാവൾ മുഖത്ത് അടിച്ച പോലെ പറഞ്ഞു..

അവര് രണ്ട് പേരും പ്രെമോഷന് വേണ്ടി കാത്തിരിക്കാണെന്ന്..

എതിരഭിപ്രായമില്ലാതെ അവൾക് പിന്നാലെ പോകുന്ന അവനെ ഞാൻ പുച്ഛത്തോടെ നോക്കി …

പിന്നെ ഒരു ചോദ്യമോ പറച്ചിലോ ആരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല..

അല്ലെങ്കിലും വീട്ടിലെ മഹാലക്ഷ്മിയെ പടി ഇറക്കി വിട്ടിട്ട് മൂദേവിയെ എടുത്ത് പ്രതിഷ്ഠിച്ചാൽ ഇങ്ങനെ ഒക്കെ ഉണ്ടാകും മെന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് നടന്നു

വായിച്ചിരുന്ന പത്രം മടക്കി വെച്ച് എന്തൊക്കെയോ പിറു പിറുത് കൊണ്ട് അച്ഛനും എങ്ങോട്ടോ ഇറങ്ങി…

ഒരിക്കൽ നഷ്ടപ്പെട്ട് പോയ എന്റെ മകളെ അവനിലൂടെ ഈ വീടിന് തിരിച്ചു കിട്ടും എന്ന് ഞാൻ പ്രതീക്ഷിച്ചു…

ഉമ്മറത്തെ അച്ഛന്റെ ചാരു കസേരയിൽ ഒരു കുറ്റ ബോധത്തോടെ ഞാൻ ഇരുന്നു…

വയറ്റിൽ തുടിച്ച പ്രാണനെ ഇല്ലാതാക്കാൻ അവനും അവളും ചിരിച്ചു കൊണ്ട് ഇറങ്ങി പോയ ഇതേ വാതിലാണ് ഇന്നും മകളെ ഓർത്ത് കരയുന്ന എന്റെ പെണ്ണിന്റെ മുന്നിൽ ഇത്ര കാലം ഞാൻ കൊട്ടി അടച്ചെതെന്ന് ഓർത്തപ്പോൾ നെഞ്ച് പിടഞ്ഞു.

പതിയെ എന്റെ കണ്ണുകൾ നിറഞ്ഞു….

കൈകൾ വിറ കൊണ്ടു

അകറ്റി നിർത്തിയത്തിനും കുത്തി നോവിച്ചതിനും മനസ്സ് കൊണ്ട് ആയിരം തവണ അവളുടെ കാലിൽ വീണ് ഞാൻ മാപ്പിരന്നു

തൊഴുത് വിളിച്ചു പ്രാർത്ഥിച്ച ഭാഗവന്മാർ ഇനിയും കടാക്ഷിക്കും

അവൾ ഇനിയും അമ്മയാകും …

ജീവിതത്തിന് എന്തോ അർത്ഥം വന്നപോലെ…

പ്രതീക്ഷയോടെ ഞാൻ എന്റെ കണ്ണുകൾ തുടച്ചു…

അമ്മയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് നടേലകത്തു ഒരു നിലവിളക്ക് കത്തിച്ചു വെക്കാൻ പറഞ്ഞു..

ഞാൻ വീടിന്റെ പടികൾ ഇറങ്ങി നടന്നു…

തെക്കേ തൊടിയിൽ നിന്ന് എന്നെ ആരോ അച്ഛൻ എന്ന് വിളിക്കുന്ന പോലെ …

വിറയാർന്ന ചുണ്ടുകളോടെ ഞാൻ മനസ്സിൽ പറഞ്ഞു മോളുടെ അമ്മയെ അച്ഛൻ ഇന്ന് കൂട്ടി കൊണ്ട് വരാൻ പൂവാണെന്ന് …

തൊടിയിൽ നിൽക്കുന്ന പുളിയൻ മാവിലെ കണ്ണിമാങ്ങാ പരുവത്തിൽ നിക്കുന്ന മാങ്ങ മാപ്പിളർക്ക് കരാർ ഉറപ്പിച്ച്..

അടുത്ത വട്ടമെങ്കിലും അത് എന്റെ പെണ്ണിന് വേണ്ടി പൂക്കും എന്നാ പ്രതീക്ഷയിൽ ഞാൻ അവളുടെ വീട്ടിലേക്ക് നടന്നു..

രചന: Sarath Krishna

LEAVE A REPLY

Please enter your comment!
Please enter your name here