Home Health നാണക്കേടുകൊണ്ടും കാശ്‌ ചിലവാകുമെന്ന് ഭയന്നും രോഗം ഗുരുതരമായി ജീവൻ നഷ്ടപ്പെട്ടേക്കാം എന്ന അവസ്ഥ!

നാണക്കേടുകൊണ്ടും കാശ്‌ ചിലവാകുമെന്ന് ഭയന്നും രോഗം ഗുരുതരമായി ജീവൻ നഷ്ടപ്പെട്ടേക്കാം എന്ന അവസ്ഥ!

0

പ്രത്യേക അറിയിപ്പ് : തികച്ചും ആരോഗ്യബോധവത്കരണം ലക്ഷ്യമാക്കി കൊണ്ടുള്ള ഒരു പോസ്റ്റാണിത് . സദാചാരവാദികൾ ദയവായി ഈ പരിസരത്ത് നിന്നും ഒഴിഞ്ഞു നിൽക്കുക.
അനാവശ്യ കമന്റുകളും ഒഴിവാക്കുക.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും എഴുതാൻ എന്നെ നിർബന്ധിച്ചത് മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന രണ്ട് നിറഞ്ഞ കണ്ണുകളാണ്. എന്റെ സർജറിയ്ക്ക് ശേഷം ആശുപത്രിയിൽ കാണാനും ആശ്വസിപ്പിക്കാനും വന്ന സുഹൃത്ത് കലങ്ങിയ കണ്ണുകളോടെ നിന്നപ്പോൾ ഇങ്ങനെ ഒരു കുറിപ്പിന്റെ ആവശ്യകതയെ പറ്റി ഞാൻ ചിന്തിച്ചിരുന്നു. എങ്കിലും ശരീരത്തിന്റെയും മനസിന്റെയും അസ്വസ്ഥതകൾ കാരണം ഒതുങ്ങി കൂടിയിരിക്കുകയായിരുന്നു.

നമ്മൾ ഭാരതീയർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ആർത്തവം അശുദ്ധവും ആ പദം അശ്ളീലവുമാണ്. അതുകൊണ്ട് തന്നെ ആർത്തവാനുബന്ധമായ രോഗങ്ങൾ എന്തെന്ന്പോലും പലരും അജ്ഞരാണ്. സ്ത്രീസഹജമായ ശാരീരികബുദ്ധിമുട്ടുകൾ ഭൂരിപക്ഷം സ്ത്രീകളും നിസ്സാരവത്കരിക്കുകയാണ് പതിവ് . എത്ര ബുദ്ധിമുട്ടുണ്ടായാലും ഭർത്താവിൽ നിന്നും മക്കളിൽ നിന്നും സ്വന്തം അമ്മയിൽ നിന്ന് പോലും ഒളിച്ചുവയ്ക്കാൻ സ്ത്രീകൾ കഴിയുന്നതും ശ്രമിക്കും.

ഞാനീ പോസ്റ്റ് എഴുതുന്നത് പലരുടെയും നെറ്റിചുളിപ്പിച്ചെക്കാം. പക്ഷെ ഒരു നേഴ്സ് എന്നനിലയിലും ഞാൻ കടന്നു പോയ അവസ്ഥ എനിക്കുണ്ടാക്കിയ ബുദ്ധിമുട്ടുകളും ഇതെഴുതാൻ എന്നെ നിർബന്ധിതയാക്കുന്നു. ഒരാൾക്കെങ്കിലും ഈ കുറിപ്പ് ഉപകരിക്കും എന്നും പ്രതീക്ഷിക്കുന്നു.

ക്രമംതെറ്റിയുള്ള, അതി കഠിനമായ വേദനയോടുകൂടിയ, ഹെവി ബ്ലീഡിങ് എന്നും എനിക്കൊരു തലവേദനയായിരുന്നു. മിക്ക സ്ത്രീകളെയും പോലെ അത് കാര്യമാക്കേണ്ടതില്ല എന്ന ചിന്തയിൽ ആയിരുന്നു ഞാനും.ആവശ്യത്തിന് മെഡിക്കൽ അറിവ് ഉണ്ടായിട്ട് പോലും പ്രശ്നങ്ങളെ നിസ്സാരമായി കണ്ടു. വർഷങ്ങൾ കഴിയും തോറും അതിന്റെ തീവ്രത കൂടിവന്ന് ദൈനം ദിന ജീവിതത്തെ ബാധിക്കും വിധം ആയപ്പോഴാണ് സ്പെഷ്യലിസ്റ്റിന്റെ ചികിത്സ തേടിയത്. അപ്പോഴേക്കും ശരീരത്തിലെ രക്തത്തിന്റെ അളവ് കുറഞ്ഞ്, കുറച്ച് ദൂരം നടക്കുന്നതിന് പോലും ശ്വാസം മുട്ടൽ അനുഭവപെട്ടു തുടങ്ങിയിരുന്നു.

ഗൈനകോളജിസ്റ്റിനെ കാണുമ്പോഴേക്കും uterus തികച്ചും അനാരോഗ്യകരമായ അവസ്ഥയിൽ എത്തപ്പെട്ടിരുന്നു. uterus റിമൂവ് ചെയ്യണം എന്ന ഡോക്ടറിന്റെ ഉപദേശം എനിക്കുൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ തത്കാല ആൾട്ടർനേറ്റീവ് ചികിത്സ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തു.അതുമായി ഒട്ടും അഡ്ജസ്റ് ചെയ്യാൻ പറ്റാഞ്ഞിട്ടും uterus നീക്കം ചെയ്യാതിരിക്കാൻ വേണ്ടി വേദനയടക്കമുള്ള സകല ബുദ്ധിമുട്ടുകളും ഞാൻ സഹിച്ചു.

ചില മാസങ്ങൾ അങ്ങനെ തള്ളി നീക്കി എങ്കിലും അവസാനം വേറെ പോംവഴി ഇല്ലാതെ എമർജൻസി ആയി ഓപ്പറേഷൻ ചെയ്തു uterus നീക്കം ചെയ്യേണ്ടതായി വന്നു.രണ്ട് LSCS നും ശേഷം സ്വയം “സൂപ്പർ വുമൺ” പദവി നല്കി , പ്രായമായവരുടെ വാക്കുകൾക്ക് പുല്ല് വില കല്പിച്ച് റെസ്റ്റ് എടുക്കാഞതിന്റെ ഫലമായി വയറിനുള്ളിൽ adhesions ഉണ്ടാകുകയും frozen pelvis എന്ന അവസ്ഥ ഉണ്ടാകുകയും ചെയ്തു. അത് ഇപ്പോഴത്തെ സർജറിയെ complicated ആക്കുകയും ചെയ്തു.

ഒരു മാസത്തിനു ശേഷം എനിക്കിങ്ങനെ എഴുതാൻ കഴിയുന്നു എങ്കിലും ഞാൻ കടന്നു പോയ മാനസീക സംഘർഷവും ശാരീരിക അസ്വസ്ഥതകളും വാക്കുകളാൽ എഴുതി ഫലിപ്പിക്കാൻ കഴിയുകയില്ല. എങ്കിലും അശ്രദ്ധയും അവഗണനയും മൂലം എനിക്കുണ്ടായ അനുഭവം മറ്റുള്ളവർക്ക് പാഠമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഹോസ്പിറ്റലിൽ എന്നെ കാണാൻ വന്ന സുഹൃത്തിനോട് ഞാൻ ” സാരമില്ല , എനിക്ക് സങ്കടമില്ല . ഒന്നുമില്ലമെങ്കിലും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും മുൻപ് കണ്ടുപിടിച്ചല്ലോ ” എന്ന് പറയുമ്പോൾ അവളുടെ മുത്തശ്ശിയെ പറ്റി അവൾ സൂചിപ്പിക്കുകയുണ്ടായി. കണ്ണ് നിറഞ്ഞൊഴുകി , തൊണ്ടയിടറി ആ കുട്ടിക്ക് മുഴുവൻ പറയുവാൻ കഴിയുന്നുണ്ടായിരുന്നില്ല ഗർഭാശയസംബന്ധമായ രോഗം ആ മുത്തശ്ശി വീട്ടിലുള്ളവരിൽ നിന്നും മറച്ചു വച്ചു. വീട്ടുകാർ കണ്ടുപിടിച്ച് ചികിത്സക്കായി കൊണ്ട് പോകുമ്പോഴേക്കും ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത വിധം ഗുരുതരമായി കഴിഞ്ഞിരുന്നു. ആ മുത്തശ്ശിയെ പോലെ നമ്മുടെ ഇടയിലും വീടുകളിലും പല സ്ത്രീകളും ഉണ്ടായിരിക്കും. അജ്ഞത കൊണ്ടും , നാണക്കേട് കൊണ്ടും , കാശ് ചിലവ് ഭയന്നിട്ടും ചികിത്സ തേടാതെ ബുദ്ധിമുട്ടുകൾ മറച്ച് വയ്ക്കുന്നവർ.ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ മാത്രമേ മറ്റുള്ളവർ അറിയുകയുള്ളു. അത് മൂലം ചിലപ്പോൾ ജീവൻ നഷ്ടപ്പെട്ടെന്നും വന്നേക്കാം.

മുൻപൊരിക്കൽ ആർത്തവത്തിന്റെ ബുദ്ധിമുട്ടുകളെ പറ്റി പലരും പോസ്റ്റിട്ടപ്പോൾ , ആർത്തവബുദ്ധിമുട്ടുകൾ ഇത്ര സംസാരിക്കപ്പെടേണ്ട ഒന്നല്ല എന്നരീതിയിൽ ഒരു സ്ത്രീ പരിഹസിച്ച് പോസ്റ്റിട്ടിരുന്നു. ശ്വസിക്കുന്നത് പോലെയും , ഹൃദയമിടിക്കുന്ന പോലെയും , മലമൂത്ര വിസർജ്ജനം പോലെയും തന്നെ സ്ത്രീശരീരത്തിൽ നടക്കുന്ന ഒരു സാധാരണ സംഭവം തന്നെയാണ് ആർത്തവവും . അതിനെ മഹത്വീകരിക്കേണ്ട കാര്യമില്ല .ശരിയാണ് . പക്ഷെ അതെ സമയം നിങ്ങൾ ആലോചിക്കുക , ശ്വാസതടസം നേരിട്ടാൽ, ഹൃദയമിടിപ്പ് കൂടിയാൽ , എന്തിനു ഒരു വയറിളക്കം വന്നാൽ നിങ്ങൾ വൈദ്യസഹായം തേടാൻ മടിക്കില്ലെങ്കിൽ എന്തുകൊണ്ട് ആർത്തവ തകരാറുകൾ കണ്ടില്ല എന്ന് നടിക്കുന്നു. കൃത്യ സമയത്ത് വൈദ്യസഹായം തേടിയാൽ ഒഴിവാക്കാവുന്ന പല പ്രശ്നങ്ങളും ഉണ്ട്. തുടക്കത്തിൽ ചികിത്സിച്ച് മാറ്റാൻ കഴിയുമായിരുന്ന പല പ്രശ്നങ്ങളും അവഗണിച്ചത് മൂലം വന്ധ്യത അനുഭവിക്കുന്ന പല സ്ത്രീകളുമുണ്ടെന്നതും ദുഃഖകരമാണ്.

നടുവേദന, വയർവേദന, കാല് വേദന, മൂത്രസംബന്ധമായ ബുദ്ധിമുട്ടുകൾ ഇവയൊക്കെ അവഗണിക്കപ്പെടുന്ന ഗർഭാശയ രോഗ ലക്ഷണങ്ങളാണ് .
ക്യാൻസർ ഉണ്ടോ എന്നറിയുവാനുള്ള Pap smear ടെസ്റ്റ് 21 വയസു മുതൽ ചെയ്തു തുടങ്ങണം എന്നാണു വൈദ്യശാസ്ത്രം ഉപദേശിക്കുന്നത്. നമ്മുടെ നാട്ടിൽ 40 , 50 വയസ്സായവരിൽ എത്ര പേര് ഈ ടെസ്റ്റ് ചെയ്തിട്ടുണ്ടാകും? എത്രപേർക്ക് ഇതിനെ പറ്റി അറിവുണ്ടാകും? മറ്റ് രാജ്യങ്ങളിൽ സൗജന്യമായി ഈ ടെസ്റ്റ് ചെയ്തുകൊടുക്കുമ്പോൾ നമ്മുടെ നാട്ടിൽ ശരിയായ ബോധവത്കരണം പോലും നടക്കുന്നില്ല എന്നതാണ് സത്യം.

ഇന്നത്തെ ന്യൂക്ലിയർ ഫാമിലി ജീവിതം, ജോലി തിരക്കുകൾ, ന്യൂ ജനറേഷൻ ജീവിതരീതി ഒക്കെ പ്രസവാനന്തര ശുശ്രൂഷകളെ അവഗണിക്കുന്നു. അങ്ങനെ ഉള്ളവരോട് അനുഭവസ്ഥ എന്ന രീതിയിൽ ഞാൻ പറയട്ടെ, “അറിയാത്ത പുളളക്ക് ചൊറിയുമ്പോൾ പഠിക്കും”. പക്ഷെ ആ പഠിത്തം അത്ര സുഖകരമല്ല.

ഈ പോസ്റ്റ് വായിക്കുന്ന സുഹൃത്തുക്കൾ സ്ത്രീകൾ ദയവായി ഈ അറിവുകൾ അവഗണിക്കാതിരിക്കുക.പുരുഷ സുഹൃത്തുക്കൾ, നിങ്ങൾക്ക് മാതാവിനോടോ ഭാര്യയോടോ ഇത് സംസാരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അവർക്ക് ഇത് വായിക്കാൻ നൽകുക .സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ടി വരാതിരിക്കട്ടെ .

Note: ഇനി uterus റിമൂവ് ചെയ്യേണ്ടി വന്നു എന്നിരിക്കട്ടെ. അതോർത്ത് ആരും ദുഃഖിച്ചിരിക്കേണ്ട കാര്യവും ഇല്ലന്നേ… പോയത് പോയി…… be positive.. അത്രേ ഉള്ളു..

എൻ്റെ ബുദ്ധിമുട്ടിന്റെ സമയത്ത് എന്നെ ഓർത്ത് പ്രാർത്ഥിച്ച എല്ലാവര്ക്കും നന്ദി.
Post By :Sissy Stephen

LEAVE A REPLY

Please enter your comment!
Please enter your name here