Home Latest സഹതാപം ഉണ്ടെടാ എനിക്ക് നിന്നോട്..ഞാന്‍ ഉള്‍പ്പടെ ആരൊക്കെയോ ഉപയോഗിച്ച് എറിഞ്ഞ ചണ്ടിയെ നിനക്ക് കെട്ടേണ്ടി വരുന്നതില്‍..

സഹതാപം ഉണ്ടെടാ എനിക്ക് നിന്നോട്..ഞാന്‍ ഉള്‍പ്പടെ ആരൊക്കെയോ ഉപയോഗിച്ച് എറിഞ്ഞ ചണ്ടിയെ നിനക്ക് കെട്ടേണ്ടി വരുന്നതില്‍..

0

ഇന്ന് എന്റെ കല്യാണമായിരുന്നു. എന്റെ കല്യാണത്തിന് എടുത്തു പറയേണ്ട ചില പ്രത്യേകതകള്‍ ഉണ്ട്. അത് നിങ്ങളുമായി പങ്കു വയ്ക്കുന്നു.

കുറെ നാളുകളായി എനിക്ക് വേണ്ടി നടത്തിയ എല്ലാ ആലോചനകളും അവസാനം അലസിപ്പിരിയുകയായിരുന്നു. ഏതാണ്ട് പത്തോളം ആലോചനകള്‍ അങ്ങനെ നടക്കാതെ പോയപ്പോള്‍ അച്ഛനും അമ്മയും ഞാനും ഏട്ടനും വല്ലാത്ത ആശങ്കയില്‍ ആയ സമയത്താണ് ഗോപേട്ടന്റെ ആലോചന എത്തുന്നത്.

അച്ഛനും അമ്മയ്ക്കും എനിക്കും ഏട്ടനും ഒരേപോലെ ബോധിച്ച, ഏത് പെണ്‍കുട്ടി കണ്ടാലും ഇഷ്ടപ്പെട്ടു പോകുന്നത്ര സുന്ദരനായ ഗോപേട്ടനുമായി എന്റെ വിവാഹം വാക്കാല്‍ ഉറപ്പിച്ചപ്പോള്‍ ഇതെങ്കിലും നടക്കണേ ദൈവമേ എന്ന പ്രാര്‍ത്ഥന ആയിരുന്നു ഞങ്ങള്‍ നാലുപേര്‍ക്കും. ഗോപേട്ടനെ മാത്രമല്ല, ഏട്ടന്റെ അച്ഛനെയും അമ്മയെയും അനുജത്തിയെയും എല്ലാം ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല ആള്‍ക്കാര്‍; നല്ല പെരുമാറ്റവും കുടുംബ മഹിമയും ഉള്ളവര്‍. ഗോപേട്ടന്റെ അച്ഛന്‍ ബാംഗ്ലൂര്‍ പോലീസില്‍ ആണ് ജോലി ചെയ്യുന്നത്. അമ്മ വീട്ടമ്മയാണ്. അമ്മ എന്നെ കണ്ടയുടന്‍ തന്നെ മോളെ എന്ന് സ്നേഹത്തോടെ വിളിച്ച് ഓടി അരികിലെത്തിയിട്ട് ഇങ്ങനെ പറഞ്ഞു,

“ഇനി എന്റെ മോന് വേറെ ഒരു പെണ്ണ് കാണാന്‍ പോകുന്ന പ്രശ്നമേ ഇല്ല. ഞങ്ങള്‍ക്ക് ഈ തങ്കക്കുടത്തിനെത്തന്നെ മതി..അല്ലെ ചേട്ടാ..” പിന്നെ എന്നെ നോക്കി ഇങ്ങനെ തുടര്‍ന്നു “പക്ഷെ മോള്‍ക്ക് എന്റെ മോനെ ഇഷ്ടപ്പെട്ടെങ്കില്‍..”

ആ വാക്കുകള്‍ എന്നില്‍ ഉളവാക്കിയ സന്തോഷം എത്ര വലുതായിരുന്നെന്നോ? ആദ്യം കണ്ട നിമിഷം തന്നെ ഗോപേട്ടനെ ഞാന്‍ മനസ്സില്‍ എന്റെ ഭര്‍ത്താവായി സ്വീകരിച്ചു കഴിഞ്ഞിരുന്നു. എനിക്ക് ഗോപേട്ടനെയും ഗോപേട്ടന് എന്നെയും ഇഷ്ടമായി എന്നറിഞ്ഞതോടെ ചര്‍ച്ചകള്‍ വിവാഹത്തിന്റെ മറ്റു കാര്യങ്ങള്‍ തീരുമാനിക്കുന്നതിലേക്ക് നീങ്ങി. അവര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ ഗോപേട്ടന്റെ അച്ഛന്‍ പറഞ്ഞത് ഞങ്ങള്‍ എന്ത് നല്‍കുന്നോ അതുമതി എന്നായിരുന്നു. അതുകൂടി കേട്ടതോടെ അച്ഛനും അമ്മയും ഏട്ടനും വളരെ സന്തോഷിച്ചു.
ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ വിവാഹം നടത്താന്‍ രണ്ടു കൂട്ടരും തീരുമാനമായി.

ഗോപേട്ടന്‍ ബാംഗളൂരില്‍ ഒരു ഐടി കമ്പനിയില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുകയാണ്. നാട്ടില്‍ അവര്‍ക്ക് സ്വന്തമായി വീടില്ല; വാടകയ്ക്ക് ആണ് താമസം. വിവാഹം നാട്ടിലുള്ള ഏതെങ്കിലും പെണ്‍കുട്ടിയുമായി മതി എന്ന് ഗോപേട്ടന്റെ അച്ഛന് നിര്‍ബന്ധം ആയിരുന്നു. അതിന്റെ പേരിലാണ് അവര്‍ നാട്ടിലെത്തി ഒരു വീട് വാടകയ്ക്ക് എടുത്ത് കല്യാണാലോചന നടത്തിയത്. അവര്‍ വര്‍ഷങ്ങളായി ബാംഗളൂരില്‍ ആണ്. അവര്‍ക്കെല്ലാം അവിടെ സ്വന്തമായി വീടുകളും ഫ്ലാറ്റുകളും ഒക്കെയുണ്ട്.
കൂടുതല്‍ സുഹൃത്തുക്കളും ബന്ധുക്കളും ബാംഗളൂരില്‍ ആയതിനാല്‍ ഇവിടെ അവര്‍ക്ക് അധികം പേര്‍ വിവാഹത്തില്‍ സംബന്ധിക്കാന്‍ കാണില്ലെന്നും അതിനാല്‍ വിവാഹശേഷം അവിടെ ഏതോ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വലിയ ഒരു റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട് എന്ന് ഗോപേട്ടന്റെ അച്ഛന്‍ പറഞ്ഞു. വിവാഹശേഷം എന്നെ അവര്‍ ബാംഗളൂരിലേക്ക് കൊണ്ടുപോകും എന്ന് കേട്ടപ്പോള്‍ അച്ഛനും അമ്മയ്ക്കും അത് വിഷമമായി.

“മോളെ നാട്ടില്‍ത്തന്നെ എവിടെയെങ്കിലും വിവാഹം ചെയ്ത് അയയ്ക്കാന്‍ ആയിരുന്നു ഞങ്ങള്‍ക്കിഷ്ടം. ഇടയ്ക്കിടെ അവളെ ചെന്നൊന്നു കാണാന്‍ എങ്കിലും പറ്റുമല്ലോ..അവള്‍ ഇവിടെ നിന്ന് പോകുന്നത് ഞങ്ങള്‍ക്ക് ഓര്‍ക്കാന്‍ കൂടി വയ്യാത്ത കാര്യമാണ്..മോളില്ലാത്ത ഈ വീട്..” അമ്മ എന്നെ ചേര്‍ത്ത് നിര്‍ത്തി വിതുമ്പിയപ്പോള്‍ ഗോപേട്ടന്‍ ചിരിച്ചു; പിന്നെ ഇങ്ങനെ പറഞ്ഞു:

“അമ്മ വിഷമിക്കണ്ട. ആഴ്ചയില്‍ ഒരിക്കല്‍ ഞാനും ഇവളും ഇവിടെ എത്തിയിരിക്കും. എനിക്ക് അഞ്ചു ദിവസമേ ജോലിയുള്ളൂ. വീക്കെന്‍ഡില്‍ ഞങ്ങള്‍ രണ്ടാളും എന്റെ കാറില്‍ ഇങ്ങെത്തിക്കോളാം..” അത് കേട്ടപ്പോള്‍ അമ്മയ്ക്കും അച്ഛനും ഏട്ടനും സന്തോഷമായി.

അങ്ങനെ വിവാഹദിനം അടുത്തു. നഗരത്തിലെ ഒരു വലിയ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. അതിനു വേണ്ട എല്ലാ ഒരുക്കങ്ങളും അച്ഛന്‍ നടത്തി. അവര്‍ സ്ത്രീധനമായി ഇഷ്ടമുള്ളത് കൊടുത്താല്‍ മതി എന്ന് പറഞ്ഞെങ്കിലും അച്ഛന്‍ എനിക്ക് അമ്പത് പവന്റെ ആഭരണങ്ങള്‍ കരുതി വച്ചിട്ടുണ്ടായിരുന്നു. കൂടാതെ എന്റെ പേരില്‍ പത്തു ലക്ഷം രൂപ ബാങ്കിലും ഇട്ടു. ഗോപേട്ടന് പോക്കറ്റ് മണിയായി രണ്ടു ലക്ഷം രൂപ അച്ഛനും ഏട്ടനും അമ്മയും കൂടി പോയി വിവാഹത്തലേന്ന് അവര്‍ ആവശ്യപ്പെടാതെ തന്നെ നല്‍കി. ആഹ്ലാദതിമിര്‍പ്പില്‍ ആയിരുന്ന ഞാന്‍ വിവാഹ മുഹൂര്‍ത്തം അടുക്കാന്‍ നിമിഷങ്ങള്‍ എണ്ണി കാത്തിരിക്കുകയായിരുന്നു.
ഇന്ന്, അതായത് വിവാഹദിനം രാവിലെ ഞാന്‍ അണിഞ്ഞൊരുങ്ങി ബന്ധുക്കള്‍ക്ക് ഒപ്പം വിവാഹ സ്ഥലത്തെത്തി. നാടടച്ച് അച്ഛന്‍ കല്യാണത്തിന് ക്ഷണം നല്‍കിയിരുന്നതിനാല്‍ ഓഡിറ്റോറിയം നിറയെ ആളുകള്‍ ഉണ്ടായിരുന്നു.

മുഹൂര്‍ത്തം അടുക്കാറായപ്പോള്‍ ഗോപേട്ടനും കുടുംബവും അവരുടെ ബന്ധുക്കളും എത്തിച്ചേര്‍ന്നു.

വരനെ ആനയിച്ച് മണ്ഡപത്തില്‍ ഇരുത്തിയ ശേഷം എന്നെ മണ്ഡപത്തിലേക്ക് കാര്‍മ്മികന്‍ വിളിച്ചു. മുഹൂര്‍ത്തത്തിന് ഏതാനും മിനിട്ടുകള്‍ മുന്‍പ് ഞാന്‍ ഗോപേട്ടന്റെ അടുത്തായി ഇരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് നടക്കാന്‍ പോകുന്നത് എന്നോര്‍ത്തപ്പോള്‍ മനസിലുണ്ടായ വീര്‍പ്പുമുട്ടല്‍ പറഞ്ഞറിയിക്കാന്‍ പറ്റുന്നതായിരുന്നില്ല. നാണിച്ച്, ഞാന്‍ ഇടംകണ്ണിട്ട് ഗോപേട്ടനെ ഒന്ന് നോക്കി. ആള് വല്യ ഗൌരവത്തില്‍ എന്നെ നോക്കാതെ ഇരിക്കുകയാണ്. കാര്‍മ്മികന്‍ എന്തൊക്കെയോ ചെയ്യുന്നുണ്ട്. എന്റെ മനസ് പക്ഷെ അമിതമായി മിടിക്കുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാല്‍ ഇന്നേ വരെ ഒപ്പം താമസിച്ചിട്ടില്ലാത്ത ഒരാളിന്റെ സ്വന്തമായി ഞാന്‍ മാറാന്‍ പോകുകയാണ്; ബാംഗളൂരിലേക്ക് എന്റെ ജീവിതം പറിച്ചു നടപ്പെടുകയാണ്. ഈശ്വരാ..എന്റെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കണേ എന്ന് ഒരു നിമിഷം ഞാന്‍ കണ്ണടച്ചു പ്രാര്‍ഥിച്ചു.

ഒരു ബഹളം കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്. മണ്ഡപത്തിന് നേരെ ഓടി വരുന്ന ഒരു ചെറുപ്പക്കാരന്‍. ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ അയാളുടെ മുഖം എനിക്ക് നന്നായി കാണാന്‍ സാധിച്ചില്ല. അയാളെ തടയാന്‍ പലരും ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും അവരെ ഒക്കെ തട്ടിമാറ്റി അവന്‍ ഓടിക്കിതച്ച് മണ്ഡപത്തിന് മുന്‍പിലെത്തി. അവനെ അടുത്തു കണ്ടപ്പോള്‍, ആ മുഖം തിരിച്ചറിഞ്ഞ ഞാന്‍ ഞെട്ടി. അവന്‍ ഉന്മാദം പിടിച്ചവനെപ്പോലെ കിതച്ചുകൊണ്ട് എന്റെ നേരെ ഒരു പരിഹാസച്ചിരിയോടെ നോക്കി; പിന്നെ ഗോപേട്ടനെയും.

“എടാ വിഡ്ഢി..ഇവള്‍ ആരാണ് എന്ന് നിനക്കറിയാമോ? ഹും….എന്റെ കാമുകിയായിരുന്നു ഇവള്‍….എന്റെ ഒപ്പം നടന്ന് ഇഷ്ടം പോലെ സുഖം അനുഭവിച്ച് കൊതി തീര്‍ന്നിട്ട് എന്നെ ഉപേക്ഷിച്ചു പോയവള്‍.. അതോടെ ഞാനും അവളെ കളഞ്ഞു..എന്നെക്കാള്‍ മുന്തിയവനെ കണ്ടപ്പോള്‍ അവള്‍ അവന്റെ പിന്നാലെ പോയി..ഇപ്പോള്‍ അതും കളഞ്ഞിട്ട് നിന്നെ കെട്ടുന്നു…സഹതാപം ഉണ്ടെടാ എനിക്ക് നിന്നോട്..ഞാന്‍ ഉള്‍പ്പടെ ആരൊക്കെയോ ഉപയോഗിച്ച് എറിഞ്ഞ ചണ്ടിയെ നിനക്ക് കെട്ടേണ്ടി വരുന്നതില്‍..പക്ഷെ നീ കെട്ടിക്കോ…ബെസ്റ്റ് ഉരുപ്പടിയാണ് ഈ വേശ്യ…എങ്കിലും നാളെ ചതി പറ്റി എന്ന് നിനക്ക് തോന്നരുതല്ലോ….അതുകൊണ്ട് ഈ വിവരം അറിഞ്ഞപ്പോള്‍ ഓടി വന്നു പറഞ്ഞെന്നു മാത്രം..ഉം ഉം..കല്യാണം നടക്കട്ടെ……”

ഇടിവെട്ടുന്ന ശബ്ദത്തില്‍ അവന്‍ അങ്ങനെ ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടു ഞാന്‍ മാത്രമല്ല, സകലരും
സ്തംഭിച്ചു പോയി. എന്റെ അമ്മ നിന്ന നില്‍പ്പില്‍ ബോധരഹിതയായി നിലത്തേക്ക് വീണു. ഓഡിറ്റോറിയം മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്നത്ര നിശബ്ദമായി. തലയില്‍ ഇരുട്ട് കയറുന്നത് പോലെ എനിക്ക് തോന്നി. ഒരു നിമിഷം മുന്‍പ് വരെ ചിരിച്ചും കളിച്ചും സ്നേഹഭാവത്തിലും നിന്നിരുന്ന മുഖങ്ങളില്‍ പരിഹാസവും പുച്ഛവും നിറയുന്നത് അന്ധാളിപ്പോടെ ഞാന്‍ കണ്ടു. തൊഴുകൈകളോടെ നിഷേധാഭാവത്തില്‍ തലയാട്ടിക്കൊണ്ട് ഞാന്‍ ഗോപേട്ടനെ നോക്കി. ആ മുഖത്തും വെറുപ്പ് പടര്‍ന്നു പിടിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ദൈന്യതയോടെ എന്റെ അച്ഛനെ നോക്കി. അച്ഛന്റെ മുഖത്ത് നിരാശയും കോപവും നിസ്സഹായതയും അലയടിക്കുന്നത് കണ്ട ഞാന്‍ വലിയൊരു ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ തീര്‍ത്തും തനിച്ചായവളെപ്പോലെ, ഒന്ന് പൊട്ടിക്കരയാന്‍ പോലും സാധിക്കാതെ, എന്ത് ചെയ്യണം എന്നറിയാതെ പതറി.

“ഇവളുടെയൊക്കെ തനിനിറം അറിയവുന്നവര്‍ക്കല്ലേ അറിയൂ..”

“ഹും കണ്ടാല്‍ എന്തൊരു ശീലാവതി…”

“ഇവനെപ്പോലെ വേറെ എത്ര പേരുടെ കൂടെ ഇവള് കിടന്നുകൊടുത്തു കാണും എന്ന് ആര്‍ക്കറിയാം..”

ചുറ്റില്‍ നിന്നും പരിഹാസത്തിന്റെ കൂരമ്പുകള്‍ എന്റെ നേരെ പാഞ്ഞുവരുന്നത് ഞാനറിഞ്ഞു. എന്തൊക്കെയോ പറയണം എന്നെനിക്കുണ്ട്; പക്ഷെ ഞാന്‍ തീര്‍ത്തും ദുര്‍ബ്ബല ആയിപ്പോയിരിക്കുന്നു. എനിക്ക്..എനിക്കിനി സഹായത്തിന് ദൈവമല്ലാതെ വേറെ ആരുമില്ല. മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ കണ്ണുകള്‍ പൂട്ടി തൊഴുകൈകളോടെ ഞാന്‍ എന്റെ സൃഷ്ടാവിനെ ഉള്ളില്‍ സ്മരിച്ചു.

“ഞാന്‍ പോകുന്നു..മുഹൂര്‍ത്തം തെറ്റണ്ട..” ആ ചെകുത്താന്റെ ശബ്ദം എന്റെ കാതില്‍ വീണ്ടും മുഴങ്ങി. എന്റെ കണ്ണുകള്‍ നിറഞ്ഞ് കണ്ണീര്‍ പുഴ പോലെ താഴേക്ക് ഒഴുകി. എന്റെ ദൈവമേ..എന്നെ അങ്ങ് എന്തിനാണ് ഇങ്ങനെ ശിക്ഷിക്കുന്നത്? ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? ഉള്ളുരുകി ഞാന്‍ അങ്ങനെ പ്രാര്‍ഥിച്ചപ്പോള്‍ ഒരു ഗര്‍ജ്ജനം എന്റെ കാതില്‍ വന്നലച്ചു.

“നില്‍ക്കെടാ അവിടെ”

എന്നെ അധിക്ഷേപിച്ചിട്ട് പോകാന്‍ തുടങ്ങിയ അവനെ നോക്കി ഗോപേട്ടന്റെ അച്ഛനാണ് അത് പറഞ്ഞത്. അവന്‍ ഞെട്ടിത്തരിച്ചു നിന്നപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു.

“നീ പോകരുത്..താലികെട്ടു നീ കാണണം…കണ്ടിട്ടേ നീ പോകൂ..”

ഗോപേട്ടന്റെ അച്ഛന്റെ വാക്കുകള്‍ കേട്ട് ഓഡിറ്റോറിയം പൂര്‍ണ്ണ നിശബ്ദമായി. എല്ലാ കണ്ണുകളും അവിശ്വസനീയതയോടെ അദ്ദേഹത്തെ നോക്കുന്നത് ഞാന്‍ കണ്ടു. എന്റെ അമ്മ ബോധത്തിലേക്ക്‌ മടങ്ങി വന്നുകഴിഞ്ഞിരുന്നു.

“ഉം..മുഹൂര്‍ത്തം തീരുന്നതിനു മുന്‍പ് താലികെട്ട് നടക്കട്ടെ..മേളം..” അച്ഛന്റെ ശബ്ദം വീണ്ടും ഉയര്‍ന്നു.

“അച്ഛാ..” ഗോപേട്ടന്‍ അവജ്ഞയോടെ എന്നെ നോക്കിയിട്ട് അദ്ദേഹത്തെ വിളിച്ചു. പിഴച്ചവളായ എന്നെ തലയില്‍ കെട്ടി വയ്ക്കുകയാണോ എന്നൊരു ധ്വനി ആ വിളിയില്‍ ഉണ്ടായിരുന്നു.

“നീ ഇവളുടെ കഴുത്തില്‍ താലി കെട്ടും..ഇപ്പോള്‍ത്തന്നെ..മേളം…..”

അച്ഛന്‍ രൂക്ഷമായ ഭാഷയില്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഗോപേട്ടന്‍ അനുസരണയോടെ തലയാട്ടി; മേളം ഉയര്‍ന്നു; കുരവകള്‍ ഉയര്‍ന്നു. കണ്ണീരോടെ ഇരുന്ന എന്റെ കഴുത്തില്‍ ഗോപേട്ടന്റെ താലി വീണു. എനിക്ക് ഒന്നും കാണാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു യന്ത്രത്തെപ്പോലെ അവര് പറഞ്ഞതൊക്കെ ഞാന്‍ ചെയ്തു. ചടങ്ങുകള്‍ തീര്‍ന്നപ്പോള്‍ ഗോപേട്ടന്റെ അച്ഛന്‍ എന്നെയും ഗോപേട്ടനെയും ഒപ്പം ചേര്‍ത്ത് നിര്‍ത്തി ആളുകളെ നോക്കി. ആളുകള്‍ പൂര്‍ണ്ണ നിശബ്ദരായിരുന്നു.

“ഇവള്‍..ഇവള്‍ എന്റെ മരുമകളല്ല, മോളാണ്..എന്റെ സ്വന്തം മകള്‍..”

എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു പരാജിതനെപ്പോലെ എന്നെ അധിക്ഷേപിക്കാന്‍ എത്തിയവന്‍ താഴെ, തൊട്ടുമുന്‍പില്‍ നില്‍പ്പുണ്ട്. ഗോപേട്ടന്റെ അച്ഛന്‍ അവനെ നോക്കി ഇങ്ങനെ ചോദിച്ചു:

“രമേശ്‌..അതല്ലേടാ നിന്റെ പേര്?”

ആ ചോദ്യം കേട്ടു ഞാന്‍ മാത്രമല്ല, അവനും ഗോപേട്ടനും എന്റെ അച്ഛനും അമ്മയും പോലും ഞെട്ടി. കാരണം എനിക്ക് മാത്രമേ അവന്റെ പേര് അറിയുമായിരുന്നുള്ളൂ. ബാംഗളൂരില്‍ നിന്നും വിവാഹാവശ്യത്തിനു മാത്രം എത്തിയ ഗോപേട്ടന്റെ അച്ഛന്‍ അവനെ എങ്ങനെ മനസിലാക്കി എന്ന് ഞാന്‍ അത്ഭുതപ്പെടവേ അദ്ദേഹം ആളുകളെ നോക്കി.

“ഇവന്‍ ഈ കൊച്ചിനെ നിങ്ങളുടെ മുന്‍പില്‍ വച്ച് അധിക്ഷേപിച്ചു. നിങ്ങളെല്ലാം അത് കേട്ടു. ഇവന്റെ ലക്‌ഷ്യം ഈ വിവാഹം നടക്കരുത് എന്നതായിരുന്നു. ഞാന്‍ പറയാന്‍ പോകുന്നത് ഇവനും നിങ്ങളും കേള്‍ക്കാന്‍ വേണ്ടിയാണ് ഇവനെ പോകുന്നതില്‍ നിന്നും ഞാന്‍ തടഞ്ഞത്. എന്റെ മോന് ബാംഗളൂരില്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ കിട്ടാഞ്ഞിട്ടല്ല ഞാന്‍ നാട്ടിലെത്തി ആലോചന നടത്തിയത്. പക്ഷെ അവിടെ സ്വഭാവശുദ്ധി ഉള്ള, ഇവന് ചേരുന്ന ഒരു പെണ്ണിനെപ്പോലും കിട്ടാതെ വന്നത് കൊണ്ടാണ് ഞാന്‍ നാട്ടിലെത്തിയത്. ഈ കൊച്ചിന്റെ ആലോചന ഞങ്ങള്‍ ഉറപ്പിക്കുന്നതിനും മുന്‍പേ, ഇവളെ പെണ്ണുകാണാന്‍ പോകുന്നതിനും മുന്‍പേ ഇവളെപ്പറ്റി ഞാന്‍ ശരിയായി അന്വേഷിച്ചിരുന്നു. നിങ്ങളില്‍ പലര്‍ക്കും അറിയില്ലായിരിക്കും, ഞാന്‍ ജോലി ചെയ്യുന്നത് ബാംഗ്ലൂര്‍ പോലീസില്‍ ആണ്. ഇവളെപ്പറ്റി ഞാന്‍ തിരക്കിയതില്‍, യാതൊരു സ്വഭാവ ദൂഷ്യവും ഇവളില്‍ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. കുറെ ആണ്‍കുട്ടികള്‍ ഇവളെ ഇഷ്ടപ്പെട്ടു പിന്നാലെ കൂടിയിരുന്നു എങ്കിലും അവരില്‍ ഒരാളോട് പോലും ഇവള്‍ അടുത്തില്ല. അവരില്‍, ഇവളെ ഏറ്റവും അധികം ശല്യം ചെയ്തവന്‍ ആണ് ഈ നില്‍ക്കുന്നവന്‍. ഇവന്റെ ശല്യം സഹിക്കാനാകാതെ ഈ കൊച്ച് ഇവിടുത്തെ സ്റ്റേഷനില്‍ വീട്ടുകാര്‍ പോലും അറിയാതെ ഇവനെതിരെ പരാതി നല്‍കുകയും സബ്ബ് ഇന്‍സ്പെക്ടര്‍ ഇവനെ വിളിപ്പിച്ച് താക്കീത് നല്‍കി വിടുകയും ചെയ്തിട്ടുള്ളതാണ്‌. പോലീസ് ഇടപെട്ടതോടെ ഇവന്‍ ഇവളുടെ പിന്നാലെ നടക്കുന്നത് നിര്‍ത്തി.”

അത്ഭുതഭാവത്തില്‍, നിശബ്ദം കേട്ടു നില്‍ക്കുന്ന ആളുകളെ നോക്കി അദ്ദേഹം തുടര്‍ന്നു:

“പിന്നീട് ഇവന്‍ ഇവളുടെ വിവാഹങ്ങള്‍ മുടക്കുന്നതില്‍ ഏര്‍പ്പെട്ടു. ഒരു കല്യാണവും നടക്കാതെ വരുമ്പോള്‍ അവസാനം ഇവളെ തനിക്ക് കിട്ടും എന്നായിരുന്നു ഇവന്റെ കണക്കുകൂട്ടല്‍. കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന, പല സ്ത്രീകള്‍ക്കും പിന്നാലെ നടക്കുന്ന ഇവന്‍, ചില ആളുകള്‍ വഴി എന്നെയും ഈ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിവത് ശ്രമിച്ചു. പക്ഷെ എനിക്ക് എന്റെ വ്യക്തിപരമായ അന്വേഷണം ആയിരുന്നു വലുത്. ഇവളും ഇവളുടെ വീട്ടുകാരും അങ്ങേയറ്റം നല്ല മനുഷ്യരാണ് എന്ന് വളരെ വ്യക്തമായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ വിവാഹം ഞാന്‍ ഉറപ്പിച്ചത്. എന്റെ മകന് ഇവളേക്കാള്‍ നല്ലൊരു കുട്ടിയെ വേറെ കിട്ടില്ല….”

ഞാന്‍ കരഞ്ഞുപോയി ആ വാക്കുകള്‍ക്ക് മുന്‍പില്‍. ഞാന്‍ മാത്രമല്ല, കേട്ടുനിന്ന പലരുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത് ഞാന്‍ കണ്ടു. ഗോപേട്ടന്‍ അഭിമാനത്തോടെ എന്റെ കൈയില്‍ ഇറുകെ പിടിച്ചപ്പോള്‍ എന്റെ ദേഹം പൂത്തുലഞ്ഞു.

“ഇനി…ആഹാരം കഴിക്കുന്നതിനു മുന്‍പ്, ഈ പേ പിടിച്ച നായയെ ഞാന്‍ നിങ്ങള്‍ക്ക് വിടുന്നു..മേലാല്‍ ഇവനിത്തരം വൃത്തികേട്‌ ആവര്‍ത്തിക്കാന്‍ പാടില്ല….”

അച്ഛന്‍ അത് പറഞ്ഞപ്പോള്‍ അവിടെ ഒരു ആരവം ഉണ്ടായി. അവന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അവനെ വളഞ്ഞു കഴിഞ്ഞിരുന്നു.

എന്റെ അച്ഛനും അമ്മയും ഗോപേട്ടന്റെ അച്ഛനും അമ്മയും എന്നെ മാറിമാറി ചേര്‍ത്തണച്ച് ചുംബനങ്ങള്‍ കൊണ്ട് പൊതിഞ്ഞപ്പോള്‍ എന്റെ മനസ് തെളിനീരു നിറഞ്ഞ തടാകം പോലെ സ്വച്ഛമായി മാറുന്നത് ഞാനറിഞ്ഞു…

WRITTEN BY ARUN ANANDH

LEAVE A REPLY

Please enter your comment!
Please enter your name here