Home Latest പല പണിയും ചെയ്തു എന്നിട്ടും എന്റെ ചെക്കൻ എന്നെ തിരിഞ്ഞു നോക്കിയത് പോലുമില്ല…

പല പണിയും ചെയ്തു എന്നിട്ടും എന്റെ ചെക്കൻ എന്നെ തിരിഞ്ഞു നോക്കിയത് പോലുമില്ല…

0

മൂക്കൂത്തിയും മിഞ്ചിയും ആണുക്കങ്ങളുടെ ബലഹീനതയാണെങ്കിൽ ഞങ്ങൾ പെണ്ണുങ്ങൾക്കുമുണ്ട് അതുപോലെ ആരുമറിയാത്ത ചില കാര്യങ്ങൾ. അത് 6 പാക്കും ജിം ബോഡിയുമൊന്നുമല്ല. ഇടംകൈയ്യുളള ചെക്കൻമാരാണ്. വിശ്വസിക്കാൻ പറ്റുന്നില്ലയല്ലേ?

ഞാനൊരു കഥ പറയാം. എന്റെ കഥ. ഞാൻ കല്ലു. ശരിക്കുളള പേര് കല്ല്യാണി. പേര് കുറച്ചു പഴഞ്ചനാണെങ്കിലും ഞാൻ ന്യൂജെനാണ്. കോളേജിലെത്തിയപ്പോൾ മാറുന്ന ട്രെന്‍ഡിനൊപ്പം ഞാനും മാറി. അപ്പോഴാണ് ഇടംകൈയ്യരോട് കലശലായ മോഹം തോന്നിയത്. ക്രിക്കറ്റ് ദൈവം സച്ചിൻ തെഡുക്കറിൽ തുടങ്ങിയ പ്രണയമാണ്. പുളളിക്കാരൻ എഴുത്തിൽ മാത്രമേ ഇടംകൈയ്യ് ഉപയോഗിച്ചിരുന്നുളളൂ എങ്കിലും. പിന്നെ ഗവേഷണം നടത്തിയപ്പോഴാണ് നമ്മുടെ ബിൽഗേയ്റ്റും ഒബാമയും ഐൻസ്റ്റീനും എന്തിനേറെ പറയുന്നു നമ്മുടെ രാഷ്ട്രപിതാവ് വരെ ഇടംകൈയ്യനാണെന്ന് അറിഞ്ഞത്.

ഇടംകൈയ്യർ വലത് കൈയ്യിൽ വാച്ച് കെട്ടുമെന്ന പഴയ ധാരണ തിരുത്തികൊണ്ട് പുതിയ ട്രെന്‍ഡുകൾ വന്നു. ആകെ ഉണ്ടായിരുന്ന പ്രതീക്ഷയായ നിവിൻ പോളിയും കെട്ടിയതാണെന്ന് അറിഞ്ഞത്തോടെ ആഗ്രങ്ങളെല്ലാം തകരപ്പെട്ടിയിലാക്കി. ചായകുടിക്കാൻ വരുന്ന ഏതെങ്കിലും കോന്തനെ കെട്ടാമെന്ന് കരുതി.

അങ്ങനെയെല്ലാം അസ്തമിച്ചിരിക്കുമ്പോഴാണ് ഞാൻ അയാളെ കണ്ടുമുട്ടിയത്. കോളേജ് ഗ്രൗണ്ടിൽ ഇടം കൈകൊണ്ട് ബൗൾ ചെയ്യുന്നത് കണ്ടപ്പോഴേ ഞാൻ വീണു. പിന്നെ അയാളെ വീഴ്ത്താനുളള ശ്രമമായിരുന്നു. ആദ്യപടിയായി അയാളുടെ കൂട്ടുകാരനുമായി ഞാൻ കൂട്ടായി. അവനൊരു പാവമായിരുന്നു. പല തവണ എന്നോട് ചോദിച്ചു.

“കല്ലൂ.. നീ എങ്ങനെയാ അവനെ ഇഷ്ടപ്പെട്ടത്? ”

” അത് അത്… കാർത്തിക്ക്… അവന്റെ ക്രിക്കറ്റ് കളി കണ്ടിട്ടാ.”

“ഹ ഹ.. തമാശ പറയാതെ. അവന് ശരിക്ക് കളിക്കാൻ പോലുമറിയില്ല. വേറെ എന്തോ കാരണമുണ്ട്. ഞാൻ ചോദിക്കുന്നില്ല. നിനക്ക് പറയാൻ തോന്നുമ്പോൾ പറഞ്ഞാൽ മതി. പിന്നെ അവനെ അങ്ങനെയാർക്കും ഇഷ്ടപെടില്ല. വല്ലാത്ത ചൂടനാ.”

“ചൂടൻമാർ ഒരു വീക്ക്നസാണ് മോനെ..! നീ എന്തിനാ ചിരിച്ചേ?”

“അവൻ ബൗളർ അല്ലേ? സാധാരണ ബാറ്റ്മാൻമാരെയാണല്ലോ എല്ലാരും നോക്കുക.”

“ട്രെന്‍ഡൊക്കെ മാറി മോനെ. നീയൊന്ന് സഹായിക്ക് എന്റെ പ്രേമം സക്സസാകാൻ.”

“ഉം.”

“എന്താ ഒരു ബലമില്ലാത്ത മൂളൽ.”

“ഒന്നുമില്ല. ഞാൻ സഹായിക്കാം.”

പല പണിയും ചെയ്തു. എന്നിട്ടും എന്റെ ചെക്കൻ എന്നെ തിരിഞ്ഞു നോക്കിയത് പോലുമില്ല. അയാളെ ആകർഷിക്കാൻ ബുളളറ്റ് ഓടിച്ചു കാൽ ഒടിഞ്ഞു 4 മാസമാ കിടന്നത്. എന്തൊകെയോ ചെയ്തുകൂട്ടി.

ഇഷ്ടമാണെന്ന് പറഞ്ഞു മടുത്തു. അവസാനം എന്റെ കൈയ്യിലിരിപ്പ് കാരണം ആ ചൂടന്റെ കൈയ്യിൽ നിന്ന് വലത് കരണം പുകയുന്ന മാതിരി കിട്ടിയ അടിയോടെ എന്റെ പ്രേമത്തിന് ഫുൾ സ്റ്റോപ്പ് ഇട്ടു.

ആകെ എനിക്ക് കിട്ടിയ ഗുണം, എന്നെ പോലെ അരപ്പിരി ലൂസായ കാർത്തിക്കുമായുളള സൗഹൃദമായിരുന്നു. സൗഹൃദം പല തവണ പ്രണയമായി തോന്നിയെങ്കിലും ഞാനത് നിയന്ത്രിച്ചു നിർത്തി. കാരണം ഇടംകൈയ്യനെ ജീവിത പങ്കാളിയാക്കണമെന്നുളള അടങ്ങാത്ത ആഗ്രഹമായിരുന്നു.

നാളുകൾ കൊഴിഞ്ഞു. വരുന്ന ആലോചനകളെല്ലാം ഒരോ കാരണം പറഞ്ഞു മുടക്കി. വീട്ടുകാർ കാരണം കണ്ടുപിടിക്കാൻ എന്റെ സന്തതസഹചാരിയും ഈനാംപേച്ചിയുമായ കാർത്തിക്കിനെയാണ് ഏൽപ്പിച്ചത്.

“ടീ.. കല്ലു.. എന്താ നിന്റെ പ്രശ്നം? നീ ഇപ്പോഴും അവനെ സ്വപ്നം കണ്ടു നടക്കുവാണോ? ”

“പോടാ പൊട്ടാ. എനിക്കെന്താ വട്ടുണ്ടോ?”

“അയ്യോ ഇല്ല. പിന്നെ എന്താ നീ ഒന്നിനും സമ്മതിക്കാത്തത്. നിന്റെ മനസ്സിൽ ഇനി വേറെ ആരെങ്കിലും…?”

“ഉണ്ടെടാ. എനിക്ക് ഒരാളോട് അടങ്ങാത്ത പ്രണയമാണ്.”

“ആരാ….. ആരാടീ അത്? എന്നോട് പറഞ്ഞില്ലല്ലോ ഇതുവരെ. ”

“നീ തന്നെ. ”

“ഞാനോ..? സത്യം? എനിക്ക് വിശ്വസിക്കാനാവുന്നില്ല.”

“അതെന്താ? ഞാൻ നിന്നെ പ്രേമിക്കാൻ പാടില്ലേ?”

“അതല്ലെടീ. നീ ഇതുവരെ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ.”

“പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോ പറയുന്നു. എന്താ നീ എന്നെ കെട്ടുമോ?”

“നിന്നെ കണ്ട അന്നുമുതൽ ഇഷ്ടമായിരുന്നു എനിക്ക്. നിനക്ക് അവനോടുളള ഇഷ്ടം കാരണം ഞാൻ പറയാതെ ഇരുന്നതാ. ഇനി ഇപ്പോൾ ധൈര്യമായി പറയാം. എനിക്ക് നിന്നെ ഇഷ്ടമാണ് ഒരുപാട്. നിന്റെ മണ്ടത്തരവും പൊട്ടത്തരങ്ങളും.”

“ടാ.. നീ കാര്യമായി പറഞ്ഞതാണോ? ഞാൻ തമാശയ്ക്ക് പറഞ്ഞതാ. നീ ആരെങ്കിലും മനസിൽ ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇളക്കാനായി വായിൽ വന്നത് പറഞ്ഞതാ. നിന്നെ പരിചയപ്പെട്ട അന്നുമുതൽ ഇന്നുവരെ നീ അറിയാത്തതായി എന്റെ ജീവിതത്തിൽ എന്തെങ്കിലുമുണ്ടോടാ. നീ എന്റെ ചങ്കല്ലേ.”

“സോറി ടീ.. ഞാൻ മനസിലുളളത് പറഞ്ഞന്നേയുളളൂ. പക്ഷേ നീ ഞാൻ പറഞ്ഞതിനെ പറ്റിയൊന്ന് ചിന്തിക്കൂ.”

“എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ എനിക്ക്. …”

“നീ പറ… എന്താ നിന്റെ പ്രശ്നം?”

“പറയില്ല. പറഞ്ഞാൽ നീ കളിയാക്കി കൊല്ലും.”

“ഇല്ല. നീ എന്റെ ചങ്ക് അല്ലേ. പറയെടീ.”

“ടാ.. എനിക്ക് ഇടംകൈയ്യനായ ഒരു ചെക്കനെ പ്രേമിച്ചു കെട്ടണം.”

“എന്ത്?”

“നിനക്ക് എന്താ മലയാളം അറിയില്ലേ?”

“നീ ദേഷ്യപെട്ടാതെ. നീ എന്താ പറഞ്ഞേ? ഒന്നുകൂടി പറ.”

“ഇടംകൈയ്യനെ കെട്ടണമെന്ന്……. ഇപ്പോ കേട്ടോ?”

“ഹ ഹ എന്റമ്മോ. .. എനിക്ക് വയ്യ. .. ഹ ഹ ……”

“ഇതാ ആരോടും ഞാൻ പറയാത്തെ. എനിക്ക് വട്ടാണെന്ന് പറയും.”

“വട്ടല്ലടീ മുഴുഭ്രാന്ത്.”

“നീ പോടാ. നിനക്ക് പറഞ്ഞാൽ ഒന്നും മനസിലാവില്ല.”

“അതെന്താ ഇടംകൈയ്യരോട് നിനക്ക് ഇത്ര വലിയ ഇഷ്ടം? സാധാരണ ആളുകൾക്ക് ഇടംകൈയ്യരോട് ഒരു അകൽച്ചയായണല്ലോ.”

“അതൊക്കെ നിന്റെ തോന്നലാ. ലോകത്തിൽ 10% ആളുകൾക്ക് മാത്രം കിട്ടുന്ന ഭാഗ്യമാണ്. ഭൂരിഭാഗം ജീനിയസും ഇടംകൈയ്യരാണ്. നമ്മൾ വലതുകൈ വച്ച് ചെയ്യുന്ന കാര്യങ്ങൾ അവർ മറുകൈ വച്ച് ചെയ്യുന്നത് കാണാൻ തന്നെ നല്ല രസമാണ്. .”

“കൈ കണ്ടിട്ട് ഇഷ്ടപ്പെടുന്നതൊക്കെ ആദ്യമായി കേൾക്കുവാ.”

“നിങ്ങൾ ആണുങ്ങൾക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന പേരിൽ മുഖവും കണ്ണും മൂക്കൂത്തിയുമൊക്കെ കണ്ട് പ്രേമിക്കാമെങ്കിൽ ഞങ്ങൾക്ക് കൈ കണ്ടിട്ടും പ്രേമിക്കാം.”

“ഓ നമിച്ചു. അപ്പോ… ഇടംകൈയ്യനായ ചെക്കനെ കിട്ടിയാൽ നീ കെട്ടുമല്ലേ?”

“ഉറപ്പായും. ”

“എന്നാൽ നീ നമ്മുടെ കല്ല്യാണത്തിന് തയ്യാറായി ഇരുന്നോളളൂ.:

“എന്ത്? നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ?”

“ടീ മണ്ടൂസ്സേ.. ഇത്രയും കൊല്ലം വാൽ പോലെ കൂടെ ഉണ്ടായിട്ടും നിനക്ക് ഞാൻ ഇടംകൈയ്യാണെന്ന് അറിയില്ലേ?”

“ങേ… നീ വീട്ടിൽ വന്നപ്പോൾ ഫുഡ് ഒക്കെ കഴിച്ചത് വലതുകൈയ്യ് വച്ചിട്ടാണല്ലോ!”

“അതു കുഞ്ഞിലെ മുതൽ അമ്മ അടി തന്നു ശീലപ്പിച്ചതാ. അതുമാത്രമേയുളളൂ വലതുകൈ വച്ച്. എന്താ നിന്നെ കെട്ടാൻ അതും ഇടംകൈ ആക്കണോ?”

“ആക്കേണ്ടി വരും. ഹ ഹ ”

പൊട്ടന് ലോട്ടറി അടിച്ചപ്പോലെ എനിക്കും കിട്ടി ഞാൻ ആഗ്രഹിച്ചപോലെ ഒരു ഇടംകൈയ്യനെ…

NB: Fiction

~ ശാരി പി പണിക്കർ ( ചാരു)

LEAVE A REPLY

Please enter your comment!
Please enter your name here