Home Latest എത്ര കരഞ്ഞിട്ടും കെഞ്ചിയിട്ടും അവൻറെ അൾട്രാടെക് സിമെന്റിനേക്കാൾ ഉറപ്പുള്ള മനസുണ്ടല്ലോ,അത് അലിഞ്ഞില്ല….

എത്ര കരഞ്ഞിട്ടും കെഞ്ചിയിട്ടും അവൻറെ അൾട്രാടെക് സിമെന്റിനേക്കാൾ ഉറപ്പുള്ള മനസുണ്ടല്ലോ,അത് അലിഞ്ഞില്ല….

0

കൂട്ടിലടച്ച കിളിയെ പോലെ ക്ലാസിൽ ഇരുന്ന് ജനലിലൂടെ നാലുപുറത്തേക്കും നോക്കുന്നതിനിടയിലാണ് ഞാനവനെ ആദ്യമായി കാണുന്നത്…

കണ്ണുകൾ പരസ്പരം കൂട്ടിമുട്ടിയപ്പോൾ പറയാൻ കഴിയാത്തൊരു ഫീലിംഗ്.മിസിന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് ജനൽ അടച്ചെങ്കിലും ച്യൂയിങ്ഗം മുടിയിലൊട്ടിയ പോലെ ആ മുഖം എന്റെ മനസിലങൊട്ടിപ്പിടിച്ചു

കാണുമ്പോഴെല്ലാം ഒരു കള്ളച്ചിരി സമ്മാനിച്ചുകൊണ്ട് അവനെന്റെ ഹൃദയത്തിന്റെ വടക്കും കിഴക്കും തൊട്ട് എല്ലാ അറ്റത്തും പിടുത്തം മുറുക്കി..

കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറൽ തകിലുപുകിലായി നടന്നുപോകുന്നതിന് ഇടക്കൊരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു പോകുമ്പോഴാണ് അത് സംഭവിച്ചത്..

പോകുന്ന ബസിലെ തിരക്കുകൾ എല്ലാം നോക്കി വിലയിരുത്തി ബസ് കാത്തുനിൽക്കുന്നതിനിടക്ക് കൈയിൽ
ഒരു ചൂട്.ഞെട്ടി നടുങ്ങി ആകെ വെപ്രാളപ്പെട്ട് തിരിഞ്ഞു നോക്കിയപ്പോഴുണ്ട് നമ്മുടെ നായകൻ കയ്യിലൊരു ഗിഫ്റ്റ് പിടിച്ചു നില്കുന്നു…

ഇതിപ്പോ കയ്യിൽ ചൂടെവിടുന്നാണ് എന്നുള്ള ചിന്ത തലയിൽ നിന്നും കാല് വരെ ഓടിയും നടന്നും കേറിയിറങ്ങുന്നുണ്ട് എന്നല്ലാതെ മൊത്തത്തിലൊന്നും മനസിലാവുന്നില്ല..

കുറച്ച് സമയത്തെ മരവിപ്പിന് ശേഷം തിരിച്ചറിഞ്ഞു,പുള്ളി മ്മടെ കയ്യിൽ കേറി പിടിച്ചതാണെന്ന്.ഒന്നും അങ്ങോട്ട് ചോദിക്കാൻ പറ്റിയില്ല,ഇങ്ങോട്ടൊന്നും മൊഴിഞ്ഞതും ഇല്ല..

എന്തായാലും വർണ്ണക്കടലാസിൽ പൊതിഞ്ഞ ഒരു കുഞ്ഞുപൊതി അവനെന്റെ കയ്യിൽ തന്നു.അന്യരുടെ കയ്യിൽ നിന്ന് ഒന്നും വാങ്ങരുത് എന്നുള്ള അമ്മയുടെ കുഞ്ഞുനാൾ തൊട്ടുള്ള മുന്നറിയിപ്പിനെ കാറ്റിൽ പറത്തിവിട്ട് ഒറ്റപ്പിടുത്തമായിരുന്നു ആ പൊതി..

വീട്ടിലെത്തിയ ശേഷം തുറക്കാൻ വേണ്ടി ബാഗിൽ നിന്ന് എടുത്ത് വെച്ചത് തൊട്ട് നെഞ്ചിനകത്ത് പല്ലാവൂർ ദേവനാരായണൻ കേറി കോട്ടോടുകൊട്ട്..

കുറേ പൊട്ടുകൾ,കണ്മഷി പിന്നെ ചെറിയൊരു കാർഡും.അതിൽ ഇങ്ങനെ എഴുതിയിരുന്നു..

“പൊട്ടു വെച്ചാൽ നല്ല ഭംഗിയുണ്ടാവും.കണ്ണെഴുതിയാലും”

കണ്ണാടിക്ക്‌ കൈയുണ്ടായിരുന്നെങ്കിൽ അന്നെന്നെ കഴുത്ത് ഞെരിച്ചു കൊന്നേനെ.അത്രമാത്രം പൊട്ടുകൾ എന്റെ നെറ്റിയിൽ കേറിയിറങ്ങിയതിന് പാവം കണ്ണാടി സാക്ഷിയാണ്..

ദിവസങ്ങൾ കൊഴിഞങ്ങനെ പോകുംതോറും പ്രേമം പടർന്നു പന്തലിച്ചു ഒരുമാതിരി കാടുപിടിച്ച അവസ്ഥയായി.ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എന്തിനേറെ പറയുന്നു,ബാത്‌റൂമിൽ കേറിയാൽ വരെ ചെക്കനെ പറ്റി ചിന്തിച്ച് ചിന്തിച്ച് എവറസ്റ്റ്കേറി..

കണ്ണാടി നോക്കി സംസാരിക്കൽ,ഏത് തരത്തിൽ ഇളിച്ചാലാണ് കൂടുതൽ ഭംഗി എന്നറിയാൻ വേണ്ടി മുഖം പല കോലത്തിലും പിടിച്ചു ചിരിക്കൽ തുടങ്ങിയ കലാപരിപാടികളൊക്കെ തകൃതിയായി നടന്നു..

ആദ്യാനുരാഗത്തിന്റെ വർണിക്കാൻ കഴിയാത്ത അനുഭൂതിയിൽ നീന്തിത്തുടിച്ച് നാളുകളിലെപ്പോഴോ അച്ഛൻ വരുമ്പോൾ കൊണ്ടുവന്ന മൊബൈൽ പ്രണയത്തിന് പുതിയ രൂപം നൽകി..

മെസേജ് ഓഫറുകൾ പെരുമഴയായി പെയ്തപ്പോൾ അതിൽ നനഞ്ഞുകുളിച്ച് ഞങ്ങൾ മഴ മഴാ കുട കുട പാടി..

പ്രകൃതി എത്രത്തോളം സുന്ദരമാണെന്ന് തിരിച്ചറിയാൻ പ്രണയിക്കുന്നവരേക്കാൾ കഴിവ് മറ്റാർക്കുമുണ്ടാവില്ലന്ന് ഞാൻ പറയും..

എന്റെ വീട്ടുമുറ്റത്തേക്ക് ചാഞ്ഞുനിൽക്കുന്ന മുറ്റമടിച്ച് അമ്മേടെ നടു കിടു ആകാൻ കാരണമായ റാബിയത്തടെ വീട്ടിലെ പുളിയെ പോലും ഞാൻ പത്തിരുപതു മിനിറ്റോളം നോക്കി നിന്നിട്ടുണ്ട്..

പ്രേമം കണ്ണിൽ കേറിയിരുന്ന് ഇലകൾകളെയും പൂവുകളെയും മൊത്തം കളറാക്കി.മണ്ണിലുറക്കാതെ നടന്നിരുന്ന കാൽപാദങ്ങൾ പലപ്പോഴും മണ്ണിനെ സ്ലോ മോഷനിൽ ചുംബിച്ചു.നിലാവിനെയും ചന്ദ്രനെയും കണ്ണെടുക്കാതെ നോക്കി കഴുത്തുളുക്കി..

പലപ്പോഴും അമ്മയോട് പഠനത്തിന്റെയും ശ്രദ്ധ കുറവിന്റെയും കാര്യത്തിൽ തർക്കിക്കേണ്ടി വന്നപോഴൊക്കെ അമ്മ അടിക്കുകയും ഞാൻ തിരിച്ച് കടിക്കുകയും ചെയ്തു..

ഒന്നര വർഷം വേഗത്തിൽ കടന്ന് പോയി.അവൻറെ സ്വഭാവം മോശമാണെന്ന് പറഞ്ഞവരെയെല്ലാം ഞാൻ പുറംകാലുകൊണ്ട് ഫുട്ബോൾ തട്ടും പോലെ തട്ടി വിട്ടു..

എത്ര ചതിയുടെ കഥ കേട്ടാലും സ്വന്തം കാമുകൻ ചതിക്കില്ല എന്ന തോന്നലുണ്ടല്ലോ,ഏതൊരു പെൺകുട്ടിയെയും പോലെ എനിക്കും ഉണ്ടായിരുന്നു.അതിനിനി ആരും എന്നെ കുറ്റം പറയാൻ വരണ്ട.അതൊരു പ്രകൃതി നിയമമാണ്..

മാത്രമല്ല,പ്രണയത്തിൽ അകപ്പെട്ടവർക്കും ഭ്രാന്തുള്ളവർക്കും ചുറ്റും നടക്കുന്നതൊന്നും അറിയാൻ പറ്റില്ല.പറഞ്ഞു മനസിലാക്കാൻ വരുന്നവരെയൊക്കെ ഐ എസ് തീവ്രവാദികളെ പോലെ മാത്രേ കാണൂ..

എൻറെ വിശ്വാസങ്ങളും ചിന്തകളും തെറ്റാണെന്ന് ചിലപെണ്ണുങ്ങൾ ലെഗ്ഗിൻസ് ഇട്ടപോലെ വ്യക്തമായി തെളിയിച്ച് കൊണ്ട് ദിവസങ്ങൾ കഴിയും തോറും അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി..

ചെറിയ കാര്യങ്ങൾക്ക് പോലും കുറ്റം കണ്ടുപിടിക്കാനും ദേഷ്യപ്പെടാനും തുടങ്ങിയപ്പോൾ ഞാനും എന്റെ സ്വപ്നങ്ങളും മണലിൽ കെട്ടിപ്പൊക്കിയ കൊട്ടാരം കണക്കെ പൊട്ടിച്ചാടി..

ഒരിക്കൽ പിറന്നപടി ഒരു കൊച്ചു സെൽഫി വേണംന്ന് പറഞ്ഞപ്പോ എന്റെ കൊച്ചുഗ്രാമത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഞാൻ അവനെ ഒന്ന് ഊഞ്ഞാലാട്ടി..

അത്രേ ചെയ്തുള്ളൂ.മൂപര് പിന്നെ എന്നെ കണ്ടപ്പോഴൊക്കെ മാറിനടക്കാൻ തുടങ്ങി.പിറകെ നടന്ന് നടന്ന് എന്റെ ചെരുപ്പ് മൂന്നെണ്ണം തേഞ്ഞുമാഞ്ഞു പോയി..

എത്ര കരഞ്ഞിട്ടും കെഞ്ചിയിട്ടും അവൻറെ അൾട്രാടെക് സിമെന്റിനേക്കാൾ ഉറപ്പുള്ള മനസുണ്ടല്ലോ,അത് അലിഞ്ഞില്ല.ആൺകുട്ടികളുടെ ഹൃദയം കല്ലുപോലെയാണെന്ന് ആദ്യം പറഞ്ഞ മഹതിയെ കണ്ടാൽ ഏതെങ്കിലും പഴയമുത്തുമാല എടുത്തുകൊടുക്കാം എന്ന് വരെ തോന്നിപോയി..

ഏതുനേരവും പ്രവർത്തിച്ചിരുന്ന എന്റെ വായ മിക്ക സമയവും പ്രവർത്തനരഹിതമായി.വിരഹം താങ്ങാനാവാതെ ടെറസ് വഴി വീട്ടിലെ മാവിൽ വരെ കേറി ഞാൻ മാനസമൈന പാടികൊണ്ടിരുന്നു..

പ്ലസ്ടു എക്സാം മൊത്തം വെള്ളത്തിലടിച്ച പെയ്ന്റ് പോലെയായി..

ഇടയ്ക്ക് ചങ്കിന്റെ നിശ്ചയത്തിന് പോയപ്പോൾ അവിടെ വായനോക്കി വെള്ളമിറക്കി നിൽക്കുന്ന അവനെ കണ്ടതും എന്റെ കൺട്രോൾ പോയി..

ചാനൽ ചർച്ചയെ തോല്പിക്കും വിധം അങ്ങോട്ടും ഇങ്ങോട്ടും തുരുതുരാ വെടിവെച്ചതിനൊടുവിൽ ഞാൻ കാറ്റുപോയ ബലൂൺ പോലെയായി..

കിട്ടിയ ഓട്ടോ വിളിച്ച് വീട്ടിലേക്ക് വന്ന് കാശ് കൊടുക്കാൻ നിൽക്കാതെ റൂമിൽ കയറി വാതിലടച്ചു.കയ്യിൽ കിട്ടിയതൊക്കെ എടുത്ത് പൊട്ടിക്കാൻ തോന്നിയെങ്കിലും ആരോഗ്യത്തിന് ഹാനികരമായത് കൊണ്ട് ചെറിയ പൊട്ടാത്ത സാധനങ്ങൾ മാത്രം എടുത്ത് എറിഞ്ഞുകളിക്കുന്നതിനടക്കാണ് അമ്മ മുന്നിൽ പ്രത്യക്ഷപ്പെട്ടത്..

വരം ചോദിക്കാൻ പറ്റിയിരുന്നെങ്കിൽ അവന്റെ തലയ്ക്കു തേങ്ങ പത്തെണ്ണം ഒരുമിച്ച് വീഴണേ എന്ന് പറയാമായിരുന്നു എന്ന് ചിന്തിച്ചിരിക്കെ ഓട്ടോക്കാരന് ക്യാഷ്‌കൊടുക്കാതെ കേറിവന്നതിനു ആക്ഷരമാലയെ അമ്മാനമാടി കളിക്കുകയായിരുന്നു അമ്മ..

എറിയാൻ ഇനി സേഫ് ആയതൊന്നും ബാക്കിയില്ലെന്ന് ഉറപ്പിച്ച ശേഷം ബാത്‌റൂമിൽ കേറിയതാ,കാലിനടിയിലൂടെ ഒരു തണുപ്പ് പോയപോലെ ഒറ്റപ്പോക്കായിരുന്നു.പിന്നെ ഓർമ്മവന്നപ്പോൾ കര കര ശബ്ദത്തോടെയുള്ള ഫാൻ ആണ് കണ്ടത്..

ഹോസ്പിറ്റലിൽ ദിവസങ്ങളോളം ചിലവഴിച്ചു.കാലിന്റെ എല്ലിന് ഒന്നല്ല രണ്ട് പൊട്ടലായിരുന്നു.നെട്ടും ബോൾട്ടും ഇട്ട് മുറുക്കിയ എല്ലും വെച്ച് ഫ്രൂട്സ് ഇല്ലാതെ വരുന്ന ബന്ധുക്കളെ മൊത്തം പ്രാകിക്കൊണ്ട് കുറേ ദിവസം തള്ളിനീക്കി..

കണ്ണിൽ ചോര പോയിട്ട് വെള്ളം പോലും ഇല്ലാത്ത ആ മോൻ ഒരു പാക്കറ്റ് റസ്‌ക് പോലും മേടിച്ച് കാണാൻ വന്നില്ല..

ആ കിടത്തം കുറച്ച് മാസങ്ങൾ കിടന്നു.ഇച്ചീച്ചി ഒഴിക്കാൻ പോകണേൽ പോലും അമ്മ വേണം.കുളി പണ്ട് രണ്ടുദിവസം കൂടുമ്പോൾ ആയിരുന്നെങ്കിലും അമ്മ കാര്യങ്ങൾ ഏറ്റെടുത്തതോടെ അതൊക്കെ മാറിമറിഞ്ഞു രണ്ടുനേരമായി..

തല കഴുകാനൊക്കെ പ്രയാസപ്പെടുന്ന അമ്മയെ കാണുമ്പോൾ പത്ത് പന്ത്രണ്ട് കൈകളുമായി മുന്നിൽ നിൽക്കുന്ന ഏതോ ദേവിയെ പോലെ തോന്നും..

പറഞ്ഞാൽ മനസിലാവാത്ത ഒരു പ്രത്യേകയിനം സ്നേഹവും ബഹുമാനവും കൊണ്ട് കെട്ടിപ്പിടിക്കാൻ തോന്നിയിട്ടുണ്ട് പലപ്പോഴും.എന്തോ ഒരു പണ്ടാരം ഉള്ളിൽ ഇരുന്നു അതോന്നും വേണ്ടാ പറഞ്ഞു..

ചില നേരത്ത് മുഖത്തേക്ക് പോലും നോക്കാതെ അമ്മേടെ ചില കിടുക്കാച്ചി ഡയലോഗ് ഉണ്ട്..

“നിന്നോടാരാ ആ മരങ്ങോടനെ പോയി പ്രേമിക്കാൻ പറഞ്ഞത്?അവനെയൊക്കെ കണ്ടാലേ അറിയാം,നട്ടെല്ലിന്റെ സ്ഥാനത്ത് റബ്ബറാണെന്ന്.അതുകൂടി തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ ഈ പണിക്ക് നിക്കരുത്.പ്രേമിക്കുന്നെങ്കിൽ അത് ആണ്കുട്ടിയാവണം,അല്ലാതെ…..”

അമ്മേടെ ഡയലോഗ് കേട്ട് കഞ്ഞി വായിലുള്ളത് പോലും നോക്കാതെ വാ പൊളിച്ചുപോയി..

മാസങ്ങൾ കഴിഞ്ഞു ഡിഗ്രിക്ക്‌ പോകുമ്പൊ അമ്മ ഒരു മുന്നറിയിപ്പ് തന്നു..

“കെട്ടുന്നയാളെ തിരഞ്ഞെടുക്കാനുള്ള നിന്റെ അവസരം കഴിഞ്ഞു.അതോണ്ട് ഇനിയെങ്ങാനും പ്രേമിക്കാൻ പോയാൽ മറ്റേകാലും തല്ലിയൊടിച്ച് ഒരു മുക്കിലിടും ഞാൻ,പറഞ്ഞേക്കാം..”

തീർന്ന്,ഇനിയിപ്പോ കോളേജിൽ പോകുന്നത് എന്തിനാണ്!!പഠിക്കേണ്ടി വരുവോ ഈശ്വരാ…എന്നും ചിന്തിച്ച് ബസ്റ്റോപ്പിൽ നിക്കുമ്പോഴാണ് കഥാനായകന്റെ പുതിയ ബുള്ളറ്റൊക്കെയായിട്ട് ഒരു വരവ്..

ഇത്തവണ അവന്റെ ഓഞ്ഞമോന്ത കണ്ടപ്പോ ഒരു വടിയെടുത്തു എന്നെത്തന്നെ നാല് പൊട്ടിച്ചാലോ എന്നുവരെ തോന്നിപോയി..

ആൾകൂട്ടം കൂടിയ ടൈം,അമ്മയാരാ പെങ്ങളാരാ എന്നൊന്നും മനസിലാക്കാനുള്ള ബുദ്ധി ഉറച്ചിട്ടില്ലാത്ത അവന്റെ ഒരു ചങ്ങായി എന്റെ അടുത്തേക്ക് വന്നു..

“കാലൊക്കെ മുറിഞ്ഞു എന്ന് കേട്ടല്ലോ,അവൻ തേച്ചപ്പോ മുകളിൽ നിന്ന് ചാടിയതാണോ?”

വളരെ പതുക്കെയായിരുന്നു അവന്റെ ചോദ്യം.അതിന്റെ ഉത്തരം ഞാൻ അതിസുന്ദരമായ പതിനായിരക്കണക്കിന് അർഥങ്ങൾ ഒളിപ്പിച്ച ചിരിയിൽ ഒതുക്കി..

“ആണുങ്ങൾ ഇങ്ങനൊക്കെ തന്നെ,അതറിഞ്ഞ് വെച്ചു പ്രേമിക്കാൻ പോയിട്ടല്ലേ,ഞങ്ങൾക്ക് ഇതൊക്കെ ടൈം പാസ് ആണ്..”

പറഞ്ഞു കഴിഞ്ഞ ശേഷം പരീക്ഷക്ക് മൊത്തത്തിൽ ശേരിയുത്തരം എഴുതിയ ഒരു സംത്യപ്തിയോടെ ആ മരംകൊത്തി മോറൻ മറ്റേ കോന്തനെ നോക്കി..

യാതൊരു ഭാവമാറ്റവും ഇല്ലാതെ ചിരിച്ചു കൊണ്ട് അഞ്ചാറ് അച്ഛനൊക്കെ ഉണ്ടാവാൻ ഭാഗ്യം ലഭിച്ച നമ്മടെ കഥാനായകന്റെ അടുത്തേക്ക് ഞാൻ നല്ല സ്റ്റൈലിൽ ചെന്നു..

ഒരു വർഷത്തിന് ശേഷം അവന്റെ കണ്ണിലേക്കു അതിസൂക്ഷ്മമായി നോക്കി സീരിയലിൽ സംസാരിക്കുന്ന സീതാദേവിയെ പോലെ ശാന്തമായി പറഞ്ഞു..

“എന്തിനാടാ ചക്കരെ നീ നിന്റെ തറവാട്ട് മഹിമയൊക്കെ കണ്ടവരെ പറഞ്ഞു പഠിപ്പിക്കുന്നത്?ഇത്തരം ഭാരിച്ച ഡയലോഗൊക്കെ താങ്ങാനുള്ള പവർ അവന്റെ കുടക്കാൽ പോലുള്ള ശരീരത്തിനുണ്ടോ!”

വെൽഡിങ് ചെയ്യുമ്പോൾ തീ പാറുന്ന പോലെ അവന്റെ കണ്ണിൽനിന്ന് തീ പാറി.വണ്ടി സർവീസ് ചെയ്യുന്ന പൈപ്പ് കൊണ്ട് വെള്ളം തെറുപ്പിച്ചെന്ന പോലെ ഞാനതിനെ കെടുത്തിയെന്ന് മാത്രല്ല, ഇനി കത്താത്തവിധം നനച്ചുകുളിപ്പിച്ചിട്ടു..

ബസ്റ്റോപ്പിലുള്ള സകലരും കേൾക്കാൻ മാത്രം ശബ്ദത്തിൽ തന്നെ ഞാൻ പറഞ്ഞു..

“ആൺകുട്ടികൾക്കെല്ലാം പെണ്ണെന്നു വെച്ചാൽ നേരംപോക്കാണെന്ന് നിന്നോടാരാടാ പറഞ്ഞത്?അത് ആണുങ്ങൾക്കല്ല,ആണും പെണ്ണും അല്ലാത്ത നിന്നെപ്പോലെ ചിലരുണ്ട്.അവർക്ക്‌ പുറത്തുള്ള പെണ്ണുങ്ങൾ മാത്രല്ല,വീട്ടിലുള്ളവർ പോലും നേരംപോക്കാണ്..”

പറഞ് കഴിഞ്ഞപ്പോൾ മനസിനകത്ത് എന്തോ ഒരു കുളിര്.അവിടെ നിൽക്കുന്നവർ മൊത്തത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുന്നതിനിടെ തലഉയർത്തി തന്നെ പിടിച്ച് ഞാൻ വീട്ടിലേക്ക് നടന്നു,അമ്മക്കൊരുമ്മ കൊടുത്തിട്ടേ ഇനി ബാക്കി കാര്യമുള്ളൂ..

രചന ; ജിയ

LEAVE A REPLY

Please enter your comment!
Please enter your name here