Home Latest ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുന്നതിന് മുന്നേ ഞാൻ ഒരിക്കലൂടെ അമ്മയെ നോക്കി, അമ്മക്ക് ഭാവവ്യത്യാസങ്ങൾ ഒന്നുമില്ല.

ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുന്നതിന് മുന്നേ ഞാൻ ഒരിക്കലൂടെ അമ്മയെ നോക്കി, അമ്മക്ക് ഭാവവ്യത്യാസങ്ങൾ ഒന്നുമില്ല.

0

ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുന്നതിന് മുന്നേ ഞാൻ ഒരിക്കലൂടെ അമ്മയെ നോക്കി,
അമ്മക്ക് ഭാവവ്യത്യാസങ്ങൾ ഒന്നുമില്ല. ലക്ഷ്മിയോടുള്ള അടങ്ങാത്ത വെറുപ്പ് കൊണ്ട് അമ്മയുടെ മുഖം നന്നേ ചുവന്നിരിക്കുന്നു.

തൊട്ടപ്പുറത്തു തേങ്ങി കരയുന്ന ലക്ഷ്മിയെയും അവൾക്ക് ചാരെ ഒരു സാഗരം ഉള്ളിലൊതുക്കി തലകുനിച്ചുനിൽക്കുന്ന അവളുടെ അച്ഛനെയും കൂടെ കണ്ടപ്പോൾ എന്റെ കൈവിറച്ചു. കയ്യിലെ പെന താഴെ വെച്ച് ഞാൻ അമ്മക്ക് നേരെ തിരിഞ്ഞു.

എനിക്ക് ലക്ഷ്മിയെ വേണം അമ്മെ, അവളെ ഇരുട്ടിലേക്ക് തള്ളിയിടാൻ എനിക്ക് കഴിയില്ല.
എന്നെ വിശ്വസിച്ചു എനിക്കുമുന്നിൽ കഴുത്തു നീട്ടിത്തന്നവളാ അവൾ. അവളെ വഞ്ചിച്ചാൽ ദൈവം എന്നോട് പൊറുക്കില്ല.

ഒരു ഞെട്ടലായിരുന്നു അമ്മയിൽ. അതിന്റെ പതിമടങ്ങിൽ ലക്ഷ്മിയിലും അവളുടെ അച്ഛനിലും അതെ ഞെട്ടൽ ഞാൻ കണ്ടു.

ഈ നശിച്ചവളുടെ കൂടെ ഇനിയും ജീവിക്കണം എന്നാണോ എന്റെ മോൻ പറയുന്നത്. എങ്കിൽ അത് ഞാൻ താമസിക്കുന്നിടത്തു പറ്റില്ല. എങ്ങോട്ടച്ചാൽ ഇറങ്ങിക്കോണം രണ്ടും.

അറിയാം അമ്മ. ഒരിക്കലും അമ്മക്ക് ഇവളെ അംഗീകരിക്കാൻ കഴിയില്ലെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ടല്ലേ ഇവളുടെ ഓരോ ചെറിയ തെറ്റുകൾ പോലും അമ്മ ഊതിപ്പെരുപ്പിച് എന്നോട് വന്നു പറഞ്ഞിരുന്നത്. ഞങ്ങളെ തമ്മിൽ അകറ്റാനുള്ള കാരണം കണ്ടെത്തിയത്. ഓരോ തവണ ഞങ്ങളെ പിരിക്കാനുള്ള തന്ത്രം അമ്മ മെനെഞ്ഞെടുക്കുമ്പോഴും മനസ്സിൽ ഞാൻ കൊണ്ടുനടന്ന അമ്മയെന്ന വിഗ്രഹം ഉടഞ്ഞുവീഴുകയായിരുന്നു. ഏതൊരു ഘട്ടത്തിലും ഞങ്ങളോടൊപ്പം അമ്മയുണ്ടാവും എന്ന എന്റെ വിശ്വാസം അലിഞ്ഞില്ലാതെയാവുകയായിരുന്നു.

പറഞ്ഞുറപ്പിച്ച സ്ത്രീധനത്തുക കിട്ടാതായപ്പോൾ ഇവളെ ചേർത്തുപിടിച്ചു നിന്നെക്കാൾ വലിയ ധനമൊന്നും എനിക്കിനി വേണ്ട എന്നമ്മപറയും എന്നുകരുതിയ ഞാൻ അവിടെയും തോറ്റു. ആ ഒരു കാരണം കൊണ്ട് അമ്മ എത്രത്തോളം ഇവളെ ദ്രോഹിച്ചിട്ടുണ്ട്. കുത്തുവാക്കുകൾ കൊണ്ട് കൊല്ലാതെ കൊന്നിട്ടുണ്ട്..

രാത്രിയിൽ എന്റെ നെഞ്ചിൽ കിടന്ന് ഇവൾ അമ്മയെ പറ്റിയുള്ള പരാതിയുടെ കെട്ടഴിക്കുമ്പോൾ ‘അമ്മ നിന്നെ സ്നേഹിക്കുന്ന ഒരു നാൾ വരും എന്ന് ഞാനിവൾക്ക് ഉറപ്പുനൽകിയിരുന്നു. സഹികെട്ട് നമുക്ക് മറ്റൊരു വീട്ടിലേക്ക് മാറിയാലോ എന്നിവൾ ചോദിച്ചപ്പോൾ.
കരഞ്ഞുകൊണ്ട് എനിക്കെന്റെ അമ്മയെ പിരിയാൻ കഴിയില്ലെന്നായിരുന്നു ഞാൻ മറുപടി പറഞ്ഞത്,

പക്ഷെ ഞാൻ ഇഷ്ടപ്പെടുന്നതിന്റെ ഒരു തരിപോലും അമ്മ എന്നെ തിരിച്ചു ഇഷ്ടപ്പെടുന്നില്ല എന്നെനിക്കിപ്പോൾ ബോധ്യമായി അമ്മക്ക് അമ്മയുടെ ഇഷ്ടങ്ങൾ മാത്രമാണ് വലുത് അതിനുവേണ്ടി ‘അമ്മ എന്തും ചെയ്യും അവിടെ എന്റെ സന്തോഷങ്ങൾക്കോ ഇഷ്ടങ്ങൾക്കോ ഒന്നും യാതൊരു വിലയും അമ്മ കൽപ്പിക്കില്ല.
ഈ അവസാന നിമിഷമെങ്കിലും അമ്മയുടെ മനസ്സ് മാറും എന്നായിരുന്നു ഞാൻ കരുതിയിരുന്നത് പക്ഷെ അതുണ്ടായില്ല.

സാരല്ല. അമ്മയുടെ സ്നേഹം കിട്ടാൻ ഭാഗ്യമില്ലാത്തൊരു മകനാവും ചിലപ്പോൾ ഞാൻ..
ചെറുപ്പം തൊട്ടേ അമ്മയെ അനുസരിച്ചേ ശീലമുള്ളൂ. പക്ഷെ ഇതുമാത്രം…
അമ്മയെന്നോട് പൊറുക്കണം..

ഇത്രയും പറഞ്ഞു ലക്ഷ്മിയെ ചേർത്തുപിടിച്ചു ഞാൻ പുറത്തേക്ക് നടന്നു. മരണത്തിനല്ലാതെ എന്നെ ഇനി അവളിൽനിന്നും പിരിക്കാനാവില്ലെന്ന് അവളുടെ അച്ഛൻ ഉറപ്പു നൽകിക്കൊണ്ട്.

രചന: Zahra Zam

LEAVE A REPLY

Please enter your comment!
Please enter your name here