Home Latest “പതിവില്ലാത്തത് പലതും അല്ലേ ജീവിതത്തിൽ സംഭവിക്കുന്നത്. എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല . ഇനി നമ്മൾ...

“പതിവില്ലാത്തത് പലതും അല്ലേ ജീവിതത്തിൽ സംഭവിക്കുന്നത്. എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല . ഇനി നമ്മൾ തമ്മിലൊരു ജീവിതം ഇല്ല.അത്രമാത്രം “

0

വലിയ കട്ടിലിൽ പതുപതുത്ത മെത്തയിൽ എയർകണ്ടീഷന്റെ തണുപ്പിൽ കിടന്നിട്ടും മഹേഷിന് ഉറക്കം കനിയുന്നില്ല . സമയം അർദ്ധ രാത്രി കഴിഞ്ഞിരിക്കുന്നു . “ശരിയായ ഉറക്കം ലഭിക്കാതെ എങ്ങനെ ഉത്സാഹവാനായി ജോലി ചെയ്യാൻ കഴിയും” . പിറുപിറുത്തു കൊണ്ട് കട്ടിലിന്റെ മറു വശത്തേക്ക് തിരിഞ്ഞു കിടന്നു . വശം ചരിഞ്ഞു കിടക്കുന്ന ഭാര്യ ചാരുലത വീണ്ടും അയാളുടെ സിരകളെ ചൂടുപിടിപ്പിച്ചു . അരണ്ട വെളിച്ചത്തിൽ അയാളുടെ കണ്ണുകൾക്ക്ചാരുതയേകി അവളുടെ പട്ടു പോലെ മിനുമിനുത്ത മുടിയിഴകൾ പാറി പറക്കുന്നു അലസമായി കിടക്കുന്ന കനം കുറഞ്ഞ നെറ്റ് ഡ്രസ്സിൽ അവൾ വീണ്ടും സുന്ദരിയായി തോന്നി .
പത്ത് വർഷ വിവാഹ ജീവിതം എന്നും അവളൊരു മധുചക്ഷുകം ആയിരുന്നല്ലോ .
കൈ പതുക്കെ നീട്ടി അവളെ ഒന്നു ചുറ്റി പിടിക്കാൻ ആഗ്രഹിച്ച് മുന്നോട്ട് ആഞ്ഞെങ്കിലും ഷോക്കേൽക്കും പോലെ കൈകൾ തിരികെ വലിച്ചു .
ചാരു ആകെ മാറി പോയിരിക്കുന്നു . കഴിഞ്ഞ കുറച്ച് മാസങ്ങളായി അവൾ വല്ലാതെ അകന്നു പോയിരിക്കുന്നു .എന്താണ് ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് . സ്നേഹത്തോടെ ഒരു വാക്ക് മിണ്ടിയിട്ട് . തമ്മിൽ അലിഞ്ഞു ചേർന്നിട്ട് തന്നെ മാസങ്ങൾ കഴിഞ്ഞു . ജോലി തിരക്കിൽ അവളെ ഇടക്ക് അധികം കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് വാസ്തവം ആണെങ്കിലും തന്റെ മനസ്സിൽ നിന്നും ഒരു നിമിഷം പോലും അവൾ മാറിയിട്ടില്ല .
ഒരു നേടുവീർപ്പോടെ കൈകൾ മടക്കി തല കീഴിൽ വച്ചു കൊണ്ട് ആലോചനയിൽ മുഴുകി. കഴിഞ്ഞ ചില മണിക്കൂർ മുൻപ് നടന്ന സംഭവങ്ങൾ വീണ്ടും മനസ്സിൽ തികട്ടി വന്നു .
പതിവ് പോലെ അത്താഴം കഴിഞ്ഞു ബാൽക്കണിയിൽ ഉള്ള നടപ്പും കഴിഞ്ഞ് കിടപ്പുമുറിയിൽ എത്തിയപ്പോഴേക്കും ചാരു കിടന്നിരുന്നു . ലൈറ്റ് ഇട്ടപ്പോൾ അസ്വസ്ഥമായി മുഖം ചുളിച്ചെങ്കിലും വീണ്ടും ഗാഢമായ ഉറക്കത്തിൽ എന്ന പോലെ ആയി .
ഭാര്യയെ വല്ലാതെ സ്നേഹിക്കുന്ന വിശ്വസ്തതയുള്ള ഭർത്താവ് ആയിരുന്നല്ലോ താനെന്നും. കട്ടിലിൽ വന്നു അവളോട് ചേർന്നു കിടന്നപ്പോൾ ആദ്യരാത്രി പോലൊരു അഭിനിവേശം മനസ്സിൽ തുടിച്ചു .ആവേശത്തോടെ തന്നിലേക്ക് അമർത്തിയ കൈകൾ പൊട്ടിച്ച് ദൂരേക്ക് എറിയുന്ന പോലെ കൈകളെ വീശി എറിഞ്ഞു അവൾ .
”മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ ? ” അവളുടെ ഒച്ച ഉയർന്നു .
“ചാരൂ..സമയം പത്ത് ആകുന്നതേ ഉള്ളൂ . നിനക്കിപ്പോൾ പകലും രാത്രിയും എല്ലാം ഉറക്കം തന്നെയാണെല്ലോ. ” വീണ്ടും അവളുടെ തോളിലേക്ക് അയാളുടെ കൈകൾ നീണ്ടു .
വല്ലാതെ ക്ഷുഭിതയായി ചാടി എഴുന്നേറ്റ ചാരുലത റൂമിൽ നിന്നും പുറത്തേക്ക് പോകാൻ തുടങ്ങി .
“എനിക്ക് ഉറങ്ങണം. ശല്യമില്ലാതെ .അടുത്ത മുറിയിൽ കിടന്നോളം ഞാൻ ”
കിടന്ന കിടപ്പിൽ തന്നെ കൈ എത്തി അവളെ വലിച്ച് കട്ടിലിലേക്ക് ഇട്ടു. മഹേഷിനും അല്പം ശുണ്ഠി കയറി തുടങ്ങി. ഇത്രയും വർഷം ഇല്ലാത്തൊരു പതിവ് ഇന്നെന്താ നിനക്ക്‌ ”
“പതിവില്ലാത്തത് പലതും അല്ലേ ജീവിതത്തിൽ സംഭവിക്കുന്നത്. എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല . ഇനി നമ്മൾ തമ്മിലൊരു ജീവിതം ഇല്ല.അത്രമാത്രം ”
എങ്ങുമെങ്ങും തൊടാതെയുള്ള ചാരുവിന്റെ മറുപടി മഹേഷിന് സഹിക്കുന്നതിനും അപ്പുറമായിരുന്നു .മുഖമടച്ച് ഒന്നു പൊട്ടിച്ചാലോ എന്ന് കൈകൾ തരിച്ചു വന്ന രോഷം അടക്കി കൊണ്ട് പക്വത വന്ന ഒരു പുരുഷനായി മാറി. പത്ത് വർഷം മുൻപ് അനാഥ ശാലയുടെ പടികൾ ഇറക്കി തന്റെ ജീവിതത്തിലേക്ക് ചാരുവിനെ ക്ഷണിക്കുമ്പോൾ അവളുടെ നിഷ്കളങ്കവും നിർമ്മലവുമായ സ്വഭാവം മാത്രമേ നോക്കിയുള്ളൂ . താൻ അന്ന് അസിസ്റ്റന്റ് കളക്ടറായി ചാർജ്ജ് എടുത്ത് കുറച്ചു നാളുകൾ ആയിട്ടേയുള്ളൂ .ആ സമയത്താണ് ഒന്നാം റാങ്കോടെപ്ലസ് ടൂ പാസ്സായ ചാരുവിന്റെ അനുമോദന ചടങ്ങിനായി അഗതി മന്ദിരത്തിൽ എത്തുന്നത് . കണ്ട മാത്രയിൽ തന്നെ ചാരുവിനോട് ഒരു ആകർഷണം തോന്നി. അവളെ തുടർന്ന് പഠിക്കുവാനും മെഡിക്കൽ കോളേജിന്റെ അഡ്മിഷനും ചിലവുകളും വഹിക്കുവാനും താൻ കാണിച്ച മനസ്സ് തറവാടികളായ അച്ഛനും അമ്മയും എതിര് നിന്നില്ലെ ങ്കിലും . അവളെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കണം എന്നുള്ള തീരുമാനത്തെ വീട്ടുകാർ നഖശിഖാന്തം എതിർത്തു .

എതിർപ്പിനെ അവഗണിച്ചു കൊണ്ട്‌ ചാരുവിനെ ജീവിത സഖിയാക്കി കൂടെ കൂട്ടിയപ്പോൾ എടുത്ത തീരുമാനമാണ് അവളുടെ കണ്ണുകൾ ഒരിക്കലും നനയാൻ ഇടവരരുത് .എന്നാൽ ചില മാസങ്ങളായുള്ള അവളുടെ അകൽച്ച . ജോലി തിരക്കിന്റേത് എന്ന് ആശ്വസിച്ചു . എന്നാൽ ജോലിക്കും പോകാതെ വീട്ടിൽ തന്നെ ചടഞ്ഞു കൂടിയ അവസ്ഥ തന്റെ ജോലിത്തിരക്കിന്റെ ഇടയിൽ ശ്രദ്ധിക്കാൻ സാധിക്കാഞ്ഞത് തന്റെ മാത്രം തെറ്റാണ് ഇതൊക്കെ ഓർത്താണ് അവൾ ക്ഷുഭിതയായപ്പോഴും താൻ സംയമനം പാലിച്ചത് .
ഒരു കൊച്ചുകുഞ്ഞ് ഉറങ്ങുന്നപോലെ കിടക്കുന്ന ചാരുവിനെ വീണ്ടും മഹേഷ് നോക്കി
രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ മഹേഷും ഉറക്കത്തിലേക്ക് വഴുതിവീണു . അതിരാവിലെയുള്ള മീറ്റിങ്ങിനായി മഹേഷ് തയ്യാറായി പോകുമ്പോഴും ചാരു നല്ല ഉറക്കത്തിൽ തന്നെ . നല്ലൊരു സൈക്കാട്രിസ്റ്റിനെ പറ്റിയാൽ ഇന്നു തന്നെ രണ്ടു പേരും ചേർന്ന് പോയി കാണണം എന്ന് ഉറപ്പിച്ചു കൊണ്ട് വാഹനത്തിലേക്ക് കയറി .
നേരം നന്നായി പുലർന്നു . കട്ടിലിൽ മുട്ടിന്മേൽ തലയും വച്ച് വല്ലാത്ത ക്ഷീണവും തളർച്ചയും കൊണ്ട്‌ അടഞ്ഞു പോകുന്ന കണ്ണുകൾ വലിച്ചു തുറന്നു കുറച്ചു സമയം കൂടി ആ ഇരിപ്പ് തുടർന്നു .
ചുവരിൽ തൂങ്ങുന്ന വിവാഹ നാളിലെ ഫോട്ടോയിൽ ആ കണ്ണുകളൊന്ന് ഉടക്കി .
“പാവം … മഹിയേട്ടൻ ”
തുറന്ന് പറയാൻ വളരെ വിഷമമുള്ള ഒരു കാര്യം മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി .മഹിയേട്ടന് ഐലൻഡിൽ വച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ഒരു ക്യാമ്പ് ഉണ്ടായിരുന്ന സമയം . അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടി ആയിരുന്ന തനിക്ക് പെട്ടെന്ന് ഒരു തലചുറ്റൽ .കൂടെയുള്ള ഡോക്ടർമാർ പരിശോധന നടത്തി രക്തത്തിന്റെ അളവ് വളരെ കുറവ് .ഒരു പക്ഷേ പക്ഷാഘാതമോ,ഹൃദയാഘാതമോ പോലും വന്നുപോകുന്ന അവസ്ഥ . മൂന്ന് ബാഗ് രക്തം ശരീരത്തിൽ സ്വീകരിക്കുകയും .തുടർന്ന് മരുന്നും വിശ്രമവുമായി വീട്ടിൽ കുറച്ചു ദിവസം .
അനാഥയായ തന്നെ വിവാഹം ചെയ്തതിനാൽ ഇന്നും മഹിയേട്ടന്റെ വീട്ടുകാർ യാതൊരു സഹകരണവും ഇല്ലായിരുന്നല്ലോ . സാധാരണ ഒരു കുട്ടി ആയികഴിയുമ്പോൾ വീട്ടുകാരുടെ അതൃപ്തി മാറും എന്നുള്ള പറഞ്ഞു കേട്ട അറിവ് വെറുതെയായി .
യാദവ് മോനെ അവരാരും ഇതുവരെ കണ്ടിട്ടില്ല . അനാഥ പെണ്ണിനെ സ്വീകരിച്ചു എന്ന ഒറ്റ കാര്യത്താൽ മഹിയേട്ടനെ പടിയടച്ചു പിണ്ഡം വച്ചത്പോലെയായി അദ്ദേഹത്തിന്റെ വീട്ടുകാർ .
മരുന്നും, വിശ്രമവും വേഗം തന്റെ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരുന്നു. മുകൾനിലയിൽ പുറത്തേക്കുള്ള ബാൽക്കണിയിലെ വൈകുന്നേരത്തെ ചായ കുടി സമയത്താണ് പോർച്ചിലേക്ക് ഒരു ബെൻസ് കാർ വന്നു നിന്നത്‌ . അദ്ദേഹത്തെ കാണാൻ ആരെങ്കിലും ആകും. ജോലിക്കാർ അവരെ മടക്കി അയയ്ക്കും എന്ന ധാരണയിൽ കസേരയിലേക്ക് തല ചാരി വച്ച് കണ്ണുമടച്ച് കിടന്നു. ആരോ ഗോവണി കയറി വരുന്ന ശബ്ദം തല ചരിച്ച് അങ്ങോട്ട് നോക്കിയ താൻ അത്ഭുതപ്പെട്ടുപോയി മഹേഷേട്ടന്റെ അച്ഛൻ
പ്രമാണിത്തവും പ്രൗഢിയും നിറഞ്ഞ മഹേഷിന്റെ അച്ഛനെ വേഗം തന്നെ തിരിച്ചറിയാൻ കഴിയുമായിരുന്നു . മഹേഷേട്ടൻ കുറച്ച് പ്രായം ആയ ആളുടെ വേഷം കെട്ടിയാൽ എങ്ങനെ ഇരിക്കും അതുപോലെ തന്നെ . ഇരുന്ന ഇരുപ്പിൽ നിന്നും പതിയെ എഴുന്നേറ്റ് പോയി ചാരു . പക്ഷേ ചാരുവിനെ കണ്ട മഹേഷിന്റെ അച്ഛന് വല്ലാത്തൊരു പകപ്പായിരുന്നു . എന്താണ് കാരണം എന്ന് ചാരുവിന് മനസ്സിലായില്ല . മഹേഷേട്ടന്റെ അമ്മ ഗർഭാശയത്തിൽ രോഗബാധയെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റാണ് .മകനെ കാണണം എന്നുള്ള അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മകനെ കൂട്ടികൊണ്ട് പോകാൻ എത്തിയതാണ് അദ്ദേഹം .
പൂർണ്ണമായ ആരോഗ്യം തനിക്ക് വീണ്ടെടുത്തില്ലെങ്കിലും മഹേഷിന്റെ അച്ഛനൊപ്പം ഹോസ്പിറ്റലിലേക്ക് ചാരുവും തിരിച്ചു .
അമ്മയ്‌ക്ക് അല്പം സീരിയസ്സ്‌ തന്നെയാണ് . വർഷങ്ങളായുള്ള ചികിത്സ. മഹേഷിന്റെ ജനനത്തിന് ശേഷം ഉണ്ടായ രോഗാവസ്ഥ അവരെ പിന്നെ ഭർത്താവിന്റെ ശാരീരിക ആവശ്യങ്ങൾ നടത്താൻ പ്രാപ്തയായിരുന്നില്ല . വർഷങ്ങൾ നീണ്ട ചികിത്സക്കവസാനം ചാരുവിനെ അവസാനമായി കണ്ട് അമ്മ ഈ ലോകത്തോട് വിടപറഞ്ഞു . ക്യാമ്പ് അവസാനിപ്പിച്ചു മഹിയേട്ടന് മടങ്ങി വരാൻ സാധിക്കുമായിരുന്നില്ല. മഹിയുടെ മകൻ യാദവ് അച്ഛൻ ചെയ്യേണ്ട ചടങ്ങുകൾ എല്ലാം ചെയ്തു .
തിരികെ ഇറങ്ങുന്നതിന് മുൻപായി മഹിയേട്ടന്റെ അച്ഛന്റെ അടുക്കൽ എത്തി
“അച്ഛാ..ഞങ്ങൾ നാട്ടിലേക്ക് മടങ്ങി പോകുവാൻ ചിന്തിക്കുകയാണ് അച്ഛനും ഞങ്ങൾക്കൊപ്പം
പോന്നൂടെ ഇവിടെ ഇനി ഒറ്റയ്ക്ക് ” അടുത്തു കിടന്ന കസേര ചൂണ്ടി അച്ഛൻ മറുപടിയായി
“മോളിവിടെ ഇരിക്ക് ” സെക്കന്റുകളോളം ചാരുവിന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ അവളെ നോക്കി ഇരുന്ന അച്ഛനെ നോക്കി
“എന്താ അച്ഛാ ഇങ്ങനെ സൂക്ഷിച്ച് നോക്കുന്നത്.ഞങ്ങൾക്കൊപ്പം വരാൻ പറഞ്ഞത് തെറ്റായിപോയോ ”
“ഇല്ല മോളെ. എനിക്ക് വളരെ പരിചയമുള്ള മുഖം പോലെ .മോളെ കണ്ടപ്പോൾ മുതൽ എനിക്ക് അങ്ങനെ തോന്നി തുടങ്ങിയതാ ”
“അച്ഛൻ പത്രത്തിലോ വല്ലതും കണ്ടതാകും ”
ആലോചനയിൽ പൂണ്ട അദ്ദേഹം നിഷേധാത്മകമായി തലയാട്ടി .
“മോളെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല . അഗതി മന്ദിരത്തിൽ വളർന്ന കുട്ടിയെന്നെ അറിഞ്ഞിട്ടുള്ളൂ. കൂടുതൽ ചോദിക്കുന്നത് കൊണ്ട് വിഷമം തോന്നരുത്. എങ്ങനെ മോൾ അവിടെ എത്തപ്പെട്ടു ”
ഒരു നിമിഷം ചാരു വല്ലാത്തൊരു നിർവ്വികാരികതയിൽ ആയി പോയി . മഹിയേട്ടൻ പോലും ഇന്നു വരെ ഇതിനെ കുറിച്ചൊന്നും ചോദിച്ചിട്ടില്ല. കഴിഞ്ഞ വർഷങ്ങളായി താൻ ഉറ്റവരും ഉടയവരും ഇല്ലാതെ വളർന്ന ജീവിതം ആണെന്നു കൂടി മറന്ന് പോയിരുന്നു .
വിവാഹ ശേഷം ഒരാൾക്ക് മുന്നിൽ വീണ്ടും തന്റെ മുള്ളുനിറഞ്ഞ അനുഭവം വിവരിക്കാൻ ചാരു തയ്യാറെടുത്തു .
” ഒരു സാധാരണ കർഷക കുടുംബത്തിൽ ആയിരുന്നു എന്റെ അമ്മ വളർന്നത് . അടുത്തുള്ള ടൂറിസ്റ്റ് ഹെറിറ്റേജിലേക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നത് അമ്മയുടെ വീട്ടിലായിരുന്നു . ജൈവ പച്ചക്കറിയിൽ ഉള്ള വിഭവം.വിഷവും മായവും ഇല്ലാത്ത ഭക്ഷണം അവിടെ താമസിക്കുന്ന വിനോദ സഞ്ചാരികൾക്ക് വളരെ പ്രിയമായിരുന്നു . ഭക്ഷണം കൊണ്ടുപോയ പാത്രം എടുക്കാൻ വല്യച്ഛനൊപ്പം എന്നും അമ്മയും ആ ടൂറിസ്റ്റ് ഹോമിൽ പോയിരുന്നു . അവിടെ വച്ചാണ് അമ്മ അച്ഛനെ ആദ്യമായി കാണുന്നത്. കൃഷി വകുപ്പിലെ ഏതോ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ കാർഷികസർവ്വേയുടെ ഭാഗമായി വളരെയധികം കാലം അവിടെയുണ്ടായിരുന്നത് അച്ഛനും അമ്മയും തമ്മിൽ അടുക്കുന്നതിനും ആ ബന്ധം അമ്മയുടെ വയറ്റിൽ ഞാൻ എന്ന ജീവൻ പിറക്കാനും കാരണമായി . നാട്ടിൽ പോയി തിരികെ വരാം എന്നുള്ള വാക്ക് അച്ഛൻ പാലിച്ചില്ല. ഞാൻ അമ്മയുടെ വയറ്റിൽ ഉരുവായത് പോലും അദ്ദേഹം അറിഞ്ഞിരുന്നില്ല . പിഴച്ചു പോയവൾ കാരണം അഭിമാനിയായ വല്യച്ഛനും, വല്യമ്മയും ,അമ്മയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു പക്ഷേ മരണത്തിൽ നിന്നും അമ്മ മാത്രം രക്ഷപെട്ടു .നാട്ടിൽ നിൽക്കാൻ നിവൃത്തി ഇല്ലാതെ അമ്മ നാടും വീടും വിട്ട് ഏതൊക്കെയോ വീടുകളിൽ അടുക്കള പണി ചെയ്ത് എന്നെ പ്രസവിച്ച് അഞ്ചു വയസ്സ് വരെ വളർത്തി . വിഷം കഴിച്ചത് മൂലം ഉണ്ടായ കരൾ രോഗം അഞ്ചാമത്തെ വയസ്സിൽ എന്നെ അനാഥയാക്കി . മരിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ എന്നോട് പറഞ്ഞത്‌ . എന്നാൽ അച്ഛനെ ഒരു കാലത്തും ഞാൻ തിരിച്ചറിയേണ്ട എന്നും കണ്ടുപിടിക്കാൻ ശ്രമിക്കരുത് എന്നുമാണ് എനിക്ക് നൽകിയ ഉപദേശം .
ഭക്ഷണത്തിന് പോലും നിവൃത്തി ഇല്ലാതെ തെരുവിൽ അലഞ്ഞു നടന്ന എന്നെ പൊലീസുകാരാണ് അഗതിമന്ദിരത്തിൽ എത്തിച്ചത് . ” വല്ലാത്ത നെഞ്ചു വിങ്ങലോടെ ചാരു പറഞ്ഞു നിർത്തി .
എല്ലാം കേട്ടിട്ടും മഹിയേട്ടന്റെ അച്ഛനിൽ നിന്നും പ്രതികരണമൊന്നും ഉണ്ടാകാഞ്ഞതിനാൽ തിരിഞ്ഞു മഹിയുടെ അച്ഛനെ നോക്കിയ ചാരു ഞെട്ടിപ്പോയി .നെഞ്ചിൽ കൈ അമർത്തി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുകയാണ് അദ്ദേഹം . വേദനയാൽ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു . ഡ്രൈവറെ വിളിച്ച് അദ്ദേഹത്തേയും കൊണ്ട് വണ്ടി ആശുപത്രി ലക്ഷ്യമാക്കി പായുമ്പോൾ അദ്ദേഹത്തിന്റെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു “നിർമ്മലയുടെ മകൾ …എന്റെ …മകൾ ..”
ആശുപത്രിയിൽ എത്തും മുൻപ് തന്നെ ഏറ്റവും വലിയ പാപിയായ അച്ഛന്റെ ആത്മാവ് ആ ദേഹത്ത് നിന്നും വേർപിരിഞ്ഞത് ചാരു എന്ന ഡോക്ടർക്ക് മനസ്സിലായി .
ഭാര്യയുടെ മരണദുഃഖം സഹിക്കാതെ ഭർത്താവും ഹൃദയാഘാദത്തിൽ മരിച്ചു എന്നുള്ള തലക്കെട്ടും വാർത്തയും ജനങ്ങൾ അറിഞ്ഞപ്പോൾ സ്വന്തം സഹോദരനൊപ്പം ഇനി എങ്ങനെ ഭാര്യയായി താൻ ജീവിക്കും എന്നുള്ള ചിന്തയിൽ ഒരു ഭ്രാന്തിയെ പോലെ ദിനചര്യകൾ തള്ളിനീക്കുന്ന ചാരുവിനിനി ഒരു സന്തുഷ്ടകുടുംബ ജീവിതം ഉണ്ടോ .

ഷീജ തേജസ്സ്

LEAVE A REPLY

Please enter your comment!
Please enter your name here