Home Latest “അവളിപ്പോഴും വീട്ടിലുണ്ടോ ..? എന്റെ മക്കളെ അമ്മയെ ഏൽപ്പിച്ച് അവളുടെ വീട്ടിലേക്ക് പോകാൻ ഞാൻ പറഞ്ഞതാ...

“അവളിപ്പോഴും വീട്ടിലുണ്ടോ ..? എന്റെ മക്കളെ അമ്മയെ ഏൽപ്പിച്ച് അവളുടെ വീട്ടിലേക്ക് പോകാൻ ഞാൻ പറഞ്ഞതാ ..

0

എന്തേ ദേവേട്ടാ എമർജൻസി ലീവ് എടുത്ത് പെട്ടന്ന് നാട്ടിലെത്താൻ പറഞ്ഞത്..? അമ്മക്കെന്തെങ്കിലും അസുഖം ..?”

അജിത്ത്, ദുബായിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയിട്ട് ദേവന്റെ കാറിലേക്ക് അവന്റെ ചെറിയ ലഗ്ഗേജ് എടുത്ത് വച്ചു. ദേവൻ,അജിത്തിന്റെ വല്ല്യച്ഛന്റെ മകനാണ്.

“അമ്മക്ക് കുഴപ്പമൊന്നുമില്ല ..

നീ പോയിട്ട് മൂന്ന് കൊല്ലങ്ങൾ കഴിഞ്ഞു .. നാട്ടിൽ ഇടക്ക് വന്നു പൊയ്ക്കൂടായിരുന്നോ..?
അമ്മയേം അവളേം മക്കളേം കണ്ടാൽ നിനക്കും അവർക്കും സന്തോഷം ആവില്ലേ…”

“ദേവേട്ടനെന്താ തനിച്ച് വന്നത്..?

‘കുട്ടികളേം കൊണ്ടുവരായിരുന്നു .. ”

” നീയെന്താ താമസിച്ചത്..?”

“ഫ്ലൈറ്റ് കുറച്ചു ഡിലെ ആയിരുന്നു ദേവേട്ടാ..”

അജിത്തും ദേവനും സംസാരത്തിനിടയിൽ കാറിലേക്ക് കയറി. സാധാരണ മുണ്ടും ഷർട്ടുമാണ് ദേവന്റെ വേഷം.അജിത്ത്, വില കൂടിയ ഷർട്ടും ജീൻസും ധരിച്ച് കൂടുതൽ ചെറുപ്പമായിരിക്കുന്നു. അവൻ ഉപയോഗിച്ച പെർഫ്യൂമിന്റെ മണം കാറിനകം നിറഞ്ഞുനിന്നു.

“അജിത്തേ..
നീയെന്താ ശ്രുതിയെ ഫോണിൽ പോലും വിളിക്കാത്തത് ..?”

“അവളിപ്പോഴും വീട്ടിലുണ്ടോ ..? എന്റെ മക്കളെ അമ്മയെ ഏൽപ്പിച്ച് അവളുടെ വീട്ടിലേക്ക് പോകാൻ ഞാൻ പറഞ്ഞതാ ..

എന്റെ കാശെടുത്ത് ആർഭാടം കാണിച്ച് ജീവിക്കാ അവൾ..”

അജിത്ത് , ശ്രുതിയെ കുറിച്ച് പറയുമ്പോൾ അവന്റെ മുഖം ചുവക്കുന്നത് ദേവൻ ശ്രദ്ധിച്ചു.

ഒൻപത് വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് അജിത്തും ശ്രുതിയും ; അവർക്ക് എട്ടും നാലും വയസ്സായ ആദിയും, ഹർഷനും രണ്ട് ആൺകുട്ടികൾ.. അമ്മയും ശ്രുതിയും മക്കളും ഒരുമിച്ചാണ് വീട്ടിൽ താമസം.

“അവൾ അമ്മക്ക് ഭക്ഷണം കൊടുക്കാറില്ല ..
എന്നും പുറത്ത് നിന്നാ അവളും മക്കളും കഴിക്കാ..
വീടാകെ പൊടിപിടിച്ച് വൃത്തികേടായി ..
ഒരു പണിയും എടുക്കില്ല വീട്ടിൽ ജീവിതത്തോട് തന്നെ ചിലപ്പോൾ മടുപ്പ് തോന്നി തുടങ്ങും

എന്റെ മക്കളേം അവൾ കേടാക്കി ..
അമ്മക്കോ മക്കൾക്കോ അസുഖം വന്നാൽ ഡോക്ടറെ പോലും കാണിക്കില്ല. എല്ലാം ഒരു തരം തന്നിഷ്ടം

എനിക്ക് മടുത്തു ദേവേട്ടാ..”

അവൻ ദേഷ്യം കൊണ്ട് വിറച്ചു.

“ഇതൊക്കെ നിന്നോട് ആരു പറഞ്ഞു.. ? ”

“അമ്മ ..”

“ഇപ്പോൾ പറയാറുണ്ടോ..?”

“ഇല്ല.. ഞാൻ ഫോൺ വിളിക്കുമ്പോൾ അമ്മക്ക് വല്ലാത്ത ധൃതി .. ”

അവർ കാറിലിരുന്ന് പലതും സംസാരിച്ചു.’ശ്രുതിയോട് അവന് ദേഷ്യം കൂടുതലാണെന്ന്’ ദേവന് മനസ്സിലായി.

“അജീ, അവൾക്ക് ചെറിയ ഒരു അസുഖമുണ്ട്.. ”

“അവൾ പലതും പറയും ..
അത് അവളുടെ അടുത്ത നുണ..”

“അല്ല അജീ .. നിന്റെ കാശ് എടുത്ത് അവളെ ചികിത്സിക്കുന്നത് അമ്മയാ..
പിന്നെ, നിന്നോട് ഒന്നും പറയരുതെന്ന് അവൾ അമ്മയെ ശട്ടം കെട്ടി .. അവളെപ്പറ്റി കുറ്റം പറഞ്ഞ് നിന്നെ വെറുപ്പിക്കാൻ അവളാ അമ്മയോട് പറഞ്ഞത് ..

പറഞ്ഞാൽ നീ വിശ്വസിക്കില്ലെന്നു അറിയാം അവൾക്ക് കീമോ ചെയ്യുകയായിരുന്നു കുറച്ച് മാസങ്ങളായി നിന്റെ പണം ഉപയോഗിച്ച് .. നീ വേദനിക്കുമെന്ന് കരുതി, അവളെക്കുറിച്ച് കള്ളങ്ങൾ പറയിച്ചു ..

അവൾ പറഞ്ഞതാണ് ,നിന്നെ കാണണമെന്ന് ..എന്തെങ്കിലും പറയാനുണ്ടാകും .. അതാ നിന്നെ വിളിച്ചു വരുത്തിയത് .. ”

“ദേവേട്ടാ .. ”

അജിത്ത് അവിശ്വസനീയതോടെ ദേവനെ വിളിച്ചു.

“തൊണ്ടവേദന കൂടിയപ്പോഴാ അവളും അമ്മയും ഡോക്ടറെ കാണാൻ പോയത്.. തൊണ്ടയിൽ ഒരു ചെറിയ മുഴയും ഉണ്ടായിരുന്നു ..

അവളത് തൈറോയിഡ് ആകുമെന്ന് കരുതി..

ഡോക്ടർ നിർദ്ദേശിച്ചത് അനുസരിച്ച് ലാബിൽ ടെസ്റ്റ് ചെയ്തപ്പോൾ, അത് ഒരു ചെറിയ ട്യൂമർ ആയിരുന്നു ..”

“എനിക്കവളെ കാണണം.. എത്ര വലിയ തെറ്റാണ് ഞാനവളോട് ചെയ്തത്..”

“നീ വിഷമിക്കേണ്ട.. അവൾക്ക് സുഖപ്പെട്ടു ..

അവൾ പാവമാണ് അജീ..
നീ അവളെ അസുഖം ബാധിച്ച് കാണരുതെന്ന് അവൾക്ക് നിർബന്ധമായിരുന്നു..”

അതീവ ശാന്തമായി ദേവൻ പറഞ്ഞത് കേട്ട് അജിത് ദീർഘമായി നിശ്വസിച്ചു.പലവിധ ചിന്തകളാൽ അവന്റെ മുഖത്ത് വ്യഥകൾ ഉരുണ്ടു കൂടി.

‘അതെ, താനെന്നാൽ അവൾക്ക് ജീവനായിരുന്നു.. ‘ഏട്ടാ’ന്ന് വിളിക്കുമ്പോൾ തേനും പാലും ഒഴുകുന്നുവെന്ന് പറഞ്ഞ് എത്രയോ തവണ അവളെ കളിയാക്കിയിട്ടുണ്ട്.

സമ്പത്തു കുമിഞ്ഞു കൂടിയ അവളുടെ വീട്ടിൽ താനുമായുള്ള വിവാഹത്തിന് സമ്മതമായിരുന്നില്ല; തനിക്ക് പണമില്ല എന്നത് തന്നെ കാരണം. അവളെ വിളിച്ചിറക്കി കൊണ്ടുവരുമ്പോൾ ഇന്നത്തെ ഇരുനില മാളികക്ക് പകരം അവിടെ ചെറിയ ഒരു ഓടിട്ട വീടായിരുന്നു.

അവൾ തന്റെ ഭാര്യയായി വന്നത് മുതൽ അമ്മയും താനും ആ വീട് സ്വർഗ്ഗമാക്കി. ഒന്നിനും കുറവ് വരുത്താതെ അമ്മയേയും അവളേയും സംരക്ഷിക്കാൻ ദുബായിലേക്ക് ചേക്കേറി. പിന്നീടങ്ങോട്ട് ഉയർന്ന കമ്പനിയിൽ ജോലി, നല്ല ശമ്പളം..
ഇടക്ക് നാട്ടിൽ വരും; ഓമനത്തമുള്ള രണ്ട് കുഞ്ഞുങ്ങളുണ്ടായി..

അമ്മയായതോടെ അവൾ കൂടുതൽ ഉത്സാഹവതിയായിരുന്നു .. സന്തോഷം കൊണ്ട് പലപ്പോഴും മതിമറന്നിരുന്നു.. അവളാണ് തന്റെ സൗഭാഗ്യമെന്ന് വിശ്വസിച്ചിരുന്നു..
എന്നാൽ അമ്മയുടെ വാക്കുകൾ അവളുമായി അകൽച്ച സൃഷ്ടിച്ചു.അവളുമായി സംസാരിച്ചിട്ട് ഏഴ് മാസങ്ങളായി ഒന്നും തന്നെ അറിയിക്കേണ്ട എന്ന അവളുടെ ആ വലിയ മനസ്സിന് മുന്നിൽ താൻ വീണ്ടും തോറ്റിരിക്കുന്നു..

അവളെ കെട്ടിപ്പിടിച്ച് ക്ഷമ ചോദിക്കണം ..

ദുബായിലേക്ക് ഒരു തിരിച്ചു പോക്കില്ല.. ആവശ്യത്തിലധികം സമ്പാദിച്ചു.. ഇനിയുള്ള കാലം അമ്മേം അവളേം മക്കളേം സ്നേഹിച്ച് ജീവിക്കണം .. അവളുടെ ഏറ്റവും വലിയ ആഗ്രഹവും താൻ എന്നും അവളോടൊപ്പം വേണമെന്ന് തന്നെയാണ്.ഒൻപത് വർഷത്തിനിടയിൽ ഒരിക്കൽ പോലും അവളുടെ വീട്ടുകാർ അവളെ അന്വേഷിച്ച് വന്നില്ല.. എല്ലാം തനിക്കും തന്റെ മക്കൾക്കും വേണ്ടി ത്യജിച്ചവൾ അവരുടെ അഭിമാനത്തിന് ഭംഗം വരുത്തിയ മകളെ അവരന്നേ ഉപേക്ഷിച്ചു.. ‘

‘അവളെ കാണാൻ കൊതിയാവുന്നു.. ഒന്ന് വേഗം വീട്ടിലെത്തിയെങ്കിൽ..’

അജിത്ത് ആത്മാർത്ഥമായി ആഗ്രഹിച്ചു.

ചാലക്കുടിയിലെ ഹരിതവർണ്ണങ്ങൾ കണ്ടുതുടങ്ങിയപ്പോൾ കാറിലെ എസി ഓഫ് ചെയ്ത് നാട്ടിലെ ശുദ്ധവായു ശ്വസിക്കാനായി അവൻ കാറിന്റെ ഗ്ലാസ് താഴ്ത്തി. മേലൂർ,
ചാലക്കുടി പുഴയുടെ സൗന്ദര്യത്താൽ അനുഗ്രഹീതമായ പ്രകൃതി ഗ്രാമം.

അവർ വീട്ടിലെത്തുമ്പോൾ നീല പന്തൽ വിരിച്ചിരുന്നു. ആളുകൾ വന്നും പോയും കൊണ്ടിരിക്കുന്നു.
‘തന്റെ ശരീരം തളരുന്നത് പോലെ’ അജിത്തിനു തോന്നി. ഒരു താങ്ങിനെന്നോണം അവൻ ദേവനെ മുറുകെപ്പിടിച്ചു.

വീടിനകത്തെ ഹാളിൽ ചന്ദനത്തിരിയുടെ രൂക്ഷഗന്ധം.ചില്ലുകൂട്ടിനകത്ത് തന്റെ പ്രിയപ്പെട്ടവൾ; അവന് വിശ്വസിക്കാനായില്ല.’ തന്നോട് പറയാതെ അവൾ എങ്ങോട്ടും പോവില്ല’

“അച്ഛാ ..”

ആദി ഉറക്കെ വിളിച്ച് കൊണ്ട് അവന്റെ അടുത്തേക്ക് ഓടി വന്നു. ഹർഷൻ, അജിത്തിന്റെ അമ്മയുടെ മടിയിൽ തളർന്ന് ഉറങ്ങുകയാണ്.

അടുത്തിരുന്ന് കരയുന്നത് മകളെ ഒരിക്കലും കാണില്ല എന്ന് ശപഥം ചെയ്ത അവളുടെ അച്ഛനും അമ്മയുമാണ്.

“ശ്രുതീ … മോളേ.. ”

‘അവളെ കാണുന്നില്ലല്ലോ.. തന്റെ ശബ്ദം കേട്ടാൽ ഓടി വരുന്നവളാണ്..’

അവന് ഏറ്റവും ഇഷ്ടപ്പെട്ട കസവു കരയുള്ള സെറ്റുമുണ്ട് ധരിച്ച് അവൾ ആ കൂട്ടിൽ മലർന്ന് കിടപ്പുണ്ടായിരുന്നു. അവന്റെ സഹധർമ്മിണിയുടെ സുന്ദരമായ മുഖത്തെ തേജസ്സ് അല്പം കുറഞ്ഞിട്ടുണ്ട് .. കീമോ കഴിഞ്ഞതിനാൽ മുടി മുഴുവൻ കൊഴിഞ്ഞിരിക്കുന്നു കണ്ണുകൾ കുഴിഞ്ഞു പോയിരിക്കുന്നു..

അവളെ നോക്കി നിൽക്കുന്തോറും അവന്റെ മനസ്സിൽ പ്രണയവും വാത്സല്യവും പൂത്തുലഞ്ഞു.

‘എത്ര വലിയ അസുഖം പിടിപെട്ടാലും അവൾ തന്റെ നല്ല പാതിയാണ്.. ദൈവം തന്നെ ഏൽപ്പിച്ച ഏറ്റവും വലിയ നിധി ..

അവൾ ഉറങ്ങിപ്പോയോ ..’

അവൻ വീണ്ടും വിളിച്ചു.

“മോളേ ..”

‘തന്നെ പറ്റിക്കാൻ അവൾ ഉറക്കം നടിച്ച് കിടക്കാറുണ്ട്.. ‘

അവൻ ആ ചില്ലുകൂട് തുറന്ന് അവളെ അഗാധമായി പുണർന്നു.

അവളുടെ ശരീരം തണുത്ത് മരവിച്ചിരുന്നു.
അവൻ എത്ര ഉറക്കെ വിളിച്ചാലും ഉണരാത്ത അഗാധമായ ഉറക്കത്തിലേക്ക് അവൾ എപ്പോഴോ വഴുതിപ്പോയിരുന്നു.. സ്നേഹിച്ചു കൊതിതീരാത്ത സഹധർമ്മിണിയുടെ നെറുകയിൽ അവസാന ചുംബനം അർപ്പിക്കുമ്പോഴും അജിത്തിന്റെ കണ്ണുകൾ നിറയാതെ അടക്കി പിടിച്ചിരുന്നു. കാരണം, അവന്റെ കണ്ണിൽ നിന്നും കണ്ണീർകണങ്ങൾ പൊഴിയുന്നത് സഹധർമ്മിണിക്ക് ഇഷ്ട്ടമില്ലായിരുന്നു..

രചന: ഫെമിന മുഹമ്മദ്

LEAVE A REPLY

Please enter your comment!
Please enter your name here