Home Latest എന്റെ കൃഷ്ണാ ഒരുപാട് ചെക്കൻമാർക്കൊന്നും ചായകൊടുത്ത് കഷ്ടപ്പെടുത്താണ്ട് ഇന്ന് വരുന്നയാൾ തന്നെ എന്നെയങ്ങ് കെട്ടിക്കൊണ്ട് പൊക്കോണേ.

എന്റെ കൃഷ്ണാ ഒരുപാട് ചെക്കൻമാർക്കൊന്നും ചായകൊടുത്ത് കഷ്ടപ്പെടുത്താണ്ട് ഇന്ന് വരുന്നയാൾ തന്നെ എന്നെയങ്ങ് കെട്ടിക്കൊണ്ട് പൊക്കോണേ.

0

എന്റെ കൃഷ്ണാ ഒരുപാട് ചെക്കൻമാർക്കൊന്നും ചായകൊടുത്ത് കഷ്ടപ്പെടുത്താണ്ട് ഇന്ന് വരുന്നയാൾ തന്നെ എന്നെയങ്ങ് കെട്ടിക്കൊണ്ട് പൊക്കോണേ. നിനക്കറിയാല്ലോ കൃഷ്ണാ കെട്ടി കെട്ടിലമ്മയായ് പൊറുക്കാനുള്ള പൂതി കൊണ്ടല്ല ഇവിടുന്നൊന്ന് രക്ഷപെടാനാണ്.

എന്താ കല്യാണീ ഇന്നും പെണ്ണ് കാണലുണ്ടോ, അതാണോ കൃഷ്ണനോടൊരു കിന്നാരം

ഉവ്വ് തിരുമേനി ഇന്നും പെണ്ണ് കാണൽ മഹാമഹം ഉണ്ട്.

തിരുമേനിയോട് മറുപടി പറഞ്ഞ് ഇറങ്ങുന്നതിനിടയിൽ ആരോ ചോദിക്കുന്നത് കേട്ടു

ഏതാ ആ കുട്ടി എന്താ ശ്രീത്വം

മേനോനറിയില്ലേ കടം കയറി കെട്ടിത്തൂങ്ങിച്ചത്ത അച്ചുതന്റെയും സുമംഗലയുടെയും മകൾ കല്യാണി. അച്ഛനും അമ്മയും എല്ലാവരെയും തോൽപ്പിച്ച് പരലോകം പൂകിയപ്പോൾ ഈ കൊച്ച് ആ നരകത്തിലെത്തി.അമ്മാവൻമാരുടെ വീട്ടിൽ വേലക്കാരിയുടെ സ്ഥാനം പോലുമില്ല ആ പാവത്തിന് .ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാനാണ് അവരുടെ തീരുമാനം

അല്ലെങ്കിലും താഴ്ന്ന ജാതിയിൽപ്പെട്ട അച്ചുതന്റെ കൂടെപ്പോയ സുമംഗലയുടെ മോളെ അവിടുത്തെ റാണി ആക്കണോ

എടോ മേനോനേ അമ്മയെ തല്ലിയാലും രണ്ട് പക്ഷം പറയുന്ന താനൊക്കെ എന്തിനാ അമ്പലത്തിൽ വരുന്നത്
……………………………………………..
എടീ ഒന്ന് ഒരുങ്ങി നില്ല് നിനക്ക് തരാൻ സ്ത്രീധനം ഒന്നും നിന്റെ ചത്ത് പോയ തന്ത ഇവിടെയാരെയും ഏൽപ്പിച്ചിട്ടില്ല. നിന്റെ തിരുമോന്ത കണ്ട് കെട്ടിക്കോണ്ട് പോയാ മതി. അവരിങ്ങെത്തി

വല്യമ്മായിയെ കാണാൻ വന്നതാണെന്ന ഭാവത്തിൽ അമ്മായി ഉമ്മറത്തേക്ക് ഓടി

മോന് എവിടെയാണ് ജോലി
മദ്ധ്യപ്രദേശ്
അവിടെ നല്ല മദ്യം കിട്ടുമോ
കുഞ്ഞമാമന് അത് മാത്രം അറിഞ്ഞാൽ മതി
പിന്നെയൊരു ചോദ്യത്തിന് മുൻപേ പെൺകുട്ടിയെ വിളിക്കാൻ ബ്രോക്കർ പറഞ്ഞു
അമ്മ തറവാടിന് വരുത്തി വച്ച ചീത്തപ്പേര് ഞാനും വരുത്തുമെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്ന അമ്മായിമാർ കാരണം ആൺകുട്ടികളുടെ മുഖത്ത് നോക്കാൻ പേടിയായിരുന്നു.അത് കൊണ്ട് ചെറുക്കന്റ മുന്നിലെത്തിയിപ്പോൾ വല്ലാത്ത വിറയൽ

ഹിന്ദി അറിയാമോ എന്ന ഒറ്റ ചോദ്യം മാത്രമേ ചോദിച്ചുള്ളൂ
ഭാഷ കാരണം കല്യാണം മുടങ്ങണ്ട എന്നോർത്ത് കുറച്ചറിയാമെന്ന് ഞാൻ വിക്കി വിക്കി പറഞ്ഞു
സത്യത്തിൽ തുമാരാ നാംക്യാ ഹെയുടെ മറുപടിയും പാനിയും മാത്രമേ എനിക്കറിയൂ
സ്ത്രീധനം ഒന്നും വേണ്ടെന്ന ഒറ്റ ഡയലോഗിൽ മതിമറന്ന് അമ്മാവൻമാർ പെട്ടെന്ന് കല്യാണം നടത്തി. വലിയ ആർഭാടങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും എന്റെ കള്ളകൃഷ്ണന്റെ നടയിൽ വച്ചാണ് കെട്ട് നടന്നത്.

പുതിയ ചുറ്റുപാടുകൾ പുതിയ ആളുകൾ ആരെയും അറിയില്ല. പാല് തന്നത് അമ്മയാണോ വല്ല്യമ്മയോ ഒന്നുമറിയില്ല. ആരും അധികം സംസാരിക്കുന്നില്ല
ഇന്നെന്റെ ആദ്യരാത്രിയാണ്. ചേട്ടന്റെ പേര് പോലും ഇന്ന് ആരോ വിളിക്കുന്നത് കേട്ടാണ് മനസ്സിലാക്കിയത്.പെട്ടെന്നുള്ള വിവാഹമായത് കൊണ്ട് ഒന്ന് പരിചയപ്പെടാൻ പോലും കഴിഞ്ഞില്ല. ഇന്ന് ഒരു പാട് സംസാരിക്കെണം എന്റെ കള്ളകൃഷ്ണനോട് പറയും പോലെ.

താൻ കാത്തിരുന്ന് വിഷമിച്ചോ

മറുപടി പറയും മുമ്പ് വാതലടച്ചതും ലൈറ്റ് ഓഫാക്കിയതും ഒന്നിച്ചായിരുന്നു.
പിന്നീടങ്ങോട്ട് …

എനിക്കിപ്പോഴും മനസ്സില്ലാകാത്ത ഒരു കാര്യമുണ്ട് സ്വമേധയാ വഴങ്ങുന്ന ഒരു പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുന്നതാണോ ആണത്തം. അതും ഒരു പരിചയപ്പെടലിന് മുൻപേ …എല്ലാവരുടേയും ആദ്യരാത്രി ഇങ്ങനെയായിരിക്കുമോ

എന്റെ ചിന്തയെ ഭേദിച്ച് കൊണ്ട് സുശീലേട്ടന്റെ ശബ്ദം എന്റെ കാതിലെത്തി.
ഇന്ന് വൈകുന്നേരത്തെ ട്രെയിനിൽ നമ്മൾ മദ്ധ്യപ്രദേശിലേക്ക് പോകുകയാണ്. ഞാൻ വന്നപ്പോൾ തന്നെ നമുക്കുള്ള റിട്ടേൺ ടിക്കറ്റും ബുക്ക്ചെയ്തിട്ടാ വന്നത്
ഇന്നലെ രാത്രിയിലെ ആക്രാന്തവും പരവശവുമില്ലാതെ ശാന്തമായൊരു ശബ്ദം എന്നെ കോരിത്തരിപ്പിച്ചു.

എന്റെ ബന്ധുക്കളോട് പോലും യാത്ര ചോദിക്കാൻ അനുവദിക്കാതെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു.അമ്മാവൻമാരൊക്കെ തലയിൽ നിന്നൊഴിഞ്ഞ് പോയ ആശ്വാസത്തിൽ ഒരു ഫോൺ വിളി കൊണ്ട് പോലും അന്വേഷിച്ചില്ല. പുഴക്കര അമ്പലത്തിലെ കള്ള ക്യഷ്ണനോട് യാത്ര ചോദിക്കാതെ പോയത് നെഞ്ചിൽ ഒരു നീറ്റലായ് നിന്നു.. …
…………………………………………………………… ട്രെയിനിലെ മനം മടുപ്പിക്കുന്ന ഗന്ധത്തിനുംചൂടിനും വിരാമം കുറിച്ചു കൊണ്ട് മദ്ധ്യപ്രദേശിലേക്ക് ട്രെയിൻ ഓടിക്കിതച്ചെത്തി. യാത്രയിലുടനീളം സുശീലേട്ടൻ ഒന്നും സംസാരിച്ചില്ലെങ്കിലും ആ കണ്ണുകൾ എന്റെ ചോര ഊറ്റിക്കുടിക്കുന്നുണ്ടായിരുന്നു.
പാൻ മസാലയുടെ ഗന്ധമുള്ള ചേരിയിലൂടെ നടന്ന് ഒരു വീടിന് മുൻപിൽ എത്തി വാതിലിൽ മുട്ടി. കൈ നിറയെ കുപ്പിവളകളും വലിയ മുക്കുത്തിയും അണിഞ്ഞ ഒരു സ്ത്രീ ഞങ്ങൾക്ക് വാതിൽ തുറന്ന് തന്നു. ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞ് അവർ എന്നെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു.

രാത്രിയാവുംതോറും ആദ്യരാത്രിയിൽ സംഭവിച്ചത് പോലുള്ള ബലപ്രയോഗങ്ങൾ ഓർത്ത് എന്റെപേടി കൂടിക്കൂടി വന്നു.പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. കാമം തീർക്കാനുള്ള ഒരു ഉപകരണമായി മാത്രം സത്രീയെക്കാണുന്ന ഒരാളുടെ കൂടെയാണ് ഞാൻ ജീവിക്കുന്നതെന്ന് ഞാൻ ദിവസങ്ങൾക്കകം തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് തിരിച്ചറിവുകളുടെ ഘോഷയാത്രയായിരുന്നു. ഞാൻ പലപ്പോഴും മുറി ഹിന്ദിയിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ആ സ്ത്രീ ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു. ഒരേ വീട്ടിലെ അപരിചിതരായി ഞങ്ങൾ രണ്ട് സ്ത്രീകളും ജീവിതം തള്ളിനീക്കി. പുറം ലോകവുമായി യാതൊരു ബന്ധവുമില്ല.

രാത്രിയിലെ പീഡനമുറകൾ ഓർക്കുമ്പോൾ എവിടേക്കെങ്കിലും ഓടി രക്ഷപെടാൻ തോന്നും. പക്ഷെ പരിചയമില്ലാത്ത നാട്, ആളുകൾ ഭാഷ. കയ്യിൽ വിഷം വാങ്ങി കഴിക്കാൻ പോലും കാശില്ല. വീട്ടിലാണെങ്കിൽ ദുരൂഹതയുടെ പര്യായമെന്നോണം ഒരു ഹിന്ദിക്കാരിയും കുഞ്ഞും. എന്ത് ചെയ്യുന്ന മെന്നറിയാതെ ഇരിക്കുന്ന സമയത്താണ് തൊട്ടടുത്ത വീട്ടിൽ നിന്ന് ഒരു പുഷ്പം മാത്രമെന്ന ഗാനം എന്നെത്തേടിയെത്തിയത്.മരുഭൂമിയിൽ പെയ്യുന്ന മഴ പോലെ ആയിരുന്നു എനിക്ക് മലയാളം കേട്ടപ്പോൾ. ഹിന്ദിക്കാരി കാണാതെ ഞാൻ ആ വീട്ടിലേക്ക് പോയി.

മോളേതാ
മലയാളം കേട്ടപ്പോൾ ഞാൻ മറുപടി പറയാതെ പൊട്ടിക്കരഞ്ഞു

ചേച്ചീ ഞാനടുത്ത വീട്ടിലെ സുശീലിന്റെ ഭാര്യയാണ്
ഭാര്യയോ, അപ്പോൾ അവിടെയുള്ള പായലും കുഞ്ഞുമോ
പായലോ അതാരാ
അവിടെയുള്ള ഹിന്ദിക്കാരി അവന്റെ ഭാര്യയാ
എനിക്ക് നേരത്തേ സംശയം തോന്നിയത് കൊണ്ട് കാര്യമായി ഞെട്ടിയില്ല
നിങ്ങൾ ശരിക്ക് അന്വേഷിക്കാതെയാണോ ഈ കല്യാണം നടത്തിയത്
ധർമ്മ കല്യാണം നടത്തുമ്പോൾ എന്ത് അന്വേഷണം
മോൾക്ക് ഇവിടുന്ന് രക്ഷപെടണോ
എങ്ങോട്ട് പോവാൻ, എനിക്ക് ആരുമില്ല ചേച്ചീ, ഞാൻ പോട്ടെ പറ്റുമെങ്കിൽ നാളെ കാണാം

എന്റെ ക്യഷ്ണാ എരുതീയിൽ നിന്ന് വറുചട്ടിയിലേക്ക് ആണല്ലേ നീ എന്നെ എടുത്തിട്ടത്.

സുശീലേട്ടൻ വന്നപ്പോൾ ഈ കാര്യങ്ങളെല്ലാം ചോദിച്ചു
പിന്നെ നീ എന്താ കരുതിയത്. എനിക്കീ ധർമ്മ കല്യാണം കൊണ്ട് എന്താദായം
അന്നു മുതൽ ഹിന്ദിക്കാരിയും ഞങ്ങളുടെ മുറിയിലായി. ഓർക്കാൻ പോലും വെറുപ്പുളവാക്കുന്ന നിമിഷങ്ങൾ
പിന്നീടങ്ങോട്ട് കുറച്ച് ദിവസത്തേക്ക് വാതിൽ പുറത്ത് നിന്ന് പൂട്ടിയാണ് അയാൾ ജോലിക്ക് പോയത്.
വാതിൽ പൂട്ടാതെ പോയ ഒരു ദിവസം ഞാൻ അടുത്ത വീട്ടിലെ ചേച്ചിയുടെ അടുത്തേക്ക് ഓടിപ്പോയി.
ചേച്ചീ എനിക്ക് ഇവിടെ നിന്ന് രക്ഷപെടണം. എനിക്ക് മടുത്തു.വെറുപ്പും അറപ്പും തോന്നുന്ന അയാളുടെ മുറിയിൽ നിന്ന് എനിക്ക് മോചനം വേണം
കേരളത്തിലേക്ക് ഇന്ന് ഉച്ചക്ക് 2 മണിക്ക് ഒരു ട്രെയിൻ ഉണ്ട്.എന്റെ കയ്യിൽ ആകെ ഈ നൂറ് രൂപയേഒള്ളൂ. മോള് വേഗം ഒരു ഓട്ടോ വിളിച്ച് വേഗം റെയിൽവേ സ്റ്റേഷനിലേക്ക് പൊക്കോ.
ഇപ്പോൾ തന്നെ ഒരു മണി കഴിഞ്ഞു. ബാഗ് എടുക്കാനായി വീട്ടിൽ കയറിയാൽ തിരിച്ചിറങ്ങാൻ പറ്റിയില്ലെങ്കിലോ. അല്ലേൽ തന്നെ നഷ്ടപ്പെടാനുള്ളതൊക്കെ നഷ്ടപ്പെട്ടു. ഇനി എന്തെടുത്തിട്ടെന്തിന്. ടിക്കറ്റ് എടുക്കാൻ പോലും കയ്യിൽ പൈസയില്ല. ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടണം. ആദ്യം വന്ന ഓട്ടോയിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ട്രെയിൻ വിടാൻ ഇനി അര മണിക്കൂർ മാത്രമേ ബാക്കിയുള്ളൂ. ടിക്കറ്റ് എടുക്കാത്തത് കൊണ്ട് ഇവിടെത്തന്നെ ഇറക്കി വിടുമോ.കേരളം എത്തിയിട്ട് പിടിക്കപ്പെട്ടാൽ മതിയായിരുന്നു. ട്രെയിനിൽ അധികം തിരക്കൊന്നും ഇല്ല. എന്തായാലും പിടിക്കപ്പെടും. ഞാൻ ഭയന്ന് വിറച്ചു എന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവണം എനിക്ക് എതിർവശമായി ഇരുന്നൊരാൾ എന്നെത്തന്നെ സൂക്ഷിച്ച് നോക്കി. അയാളുടെ മടിയിൽ കിടന്ന് മൂന്ന് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുഞ്ഞ് ഉറങ്ങുന്നുണ്ടായിരുന്നു. ട്രെയിൻ നിരങ്ങി നീങ്ങിയപ്പോൾത്തന്നെ ടി ടി ആർ വന്നു. ടിക്കറ്റ് എടുക്കാൻ പോലും കയ്യിൽ പൈസയില്ല എന്ന് പറയാൻ ഭാഷയറിയില്ല. എന്നോട് ട്രെയിനിൽ നിന്ന് ഇറങ്ങാനാണ് പറയുന്നതെന്ന് അയാളുടെ ഭാവത്തിൽ നിന്ന് മനസ്സിലായി. സ്വർണ്ണമാണോ എന്ന് പോലും അറിയില്ലെങ്കിലും കഴുത്തിൽ കെട്ടിയ മഞ്ഞച്ചരടിൽ കോർത്ത താലി ഊരി അദ്ദേഹത്തിന് കൊടുത്തു.എന്റെ അവസ്ഥ കണ്ട് അയാൾ കുഞ്ഞിനെ മടിയിൽ നിന്ന് ഇറക്കിക്കെടത്തി എന്റെ ടിക്കറ്റും പിഴയും അടച്ചു താലി തിരിച്ച് തന്നു. എന്റെ കണ്ണുകളിൽ നന്ദി ഉണ്ടായിരുന്നെങ്കിലും വാക്കുകളാൽ പ്രകടിപ്പിക്കാൻ തോന്നിയില്ല. ഇപ്പോൾ എനിക്ക് എല്ലാരെയും പേടിയാണ്, എന്റെ ജീവിതം എന്നെ അങ്ങനെയാക്കി. രാത്രിയായപ്പോൾ എനിക്കും അവർക്കുമുള്ള ആഹാരം അദ്ദേഹം വാങ്ങിച്ചു. ആ കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാൻ അയാൾ നന്നേപാട് പെട്ടു. ഞാൻ ആ കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു.

മോൾടെ അമ്മ എവിടെ, ഞാൻ ചോദിച്ചു

ഞാൻ മദ്ധ്യപ്രദേശിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അവിടുത്തുകാരിയായിരുന്നു ഭാര്യ. ഒരാഴ്ച മുൻപ് ബാത്റൂമിൽ തെന്നി വീണ് മരിച്ചു. കുഞ്ഞിനെ നോക്കാൻ ആരും ഇല്ലാത്തത് കാരണം ഞാൻ അവിടുത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോരുകയാണ്.
തന്റെ ഫാമിലിയൊക്കെ?
ഞാൻ എന്റെ കഥ സെൻസർ ബോർഡ് കത്തി വെക്കാത്ത രീതിയിൽ പറഞ്ഞു
ഇനി അപ്പോൾ അമ്മാവൻമാരുടെ അടുത്തേക്കാണോ പോകുന്നത്
അല്ലാതെ വേറെ നിവർത്തിയില്ല.
യാത്രക്കിടയിൽ ഞാനും ആ മോളും ഒരുപാട് അടുത്തു
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ അടുത്ത് കൊണ്ടിരുന്നു
എനിക്ക് എന്റെ മോളെ നോക്കാൻ ഒരാളെ ആവശ്യമുണ്ട്. ഞങ്ങളുടെ കൂടെപ്പോരുന്നോ
ആ മോളെ പിരിയുന്ന വിഷമത്തിൽ ഇരിക്കുന്ന എനിക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ ഞാൻ അവരുടെ കൂടെപ്പോയി. ബന്ധുക്കൾ ആരും എന്നെയും തേടിവന്നില്ല, ഞാനും ആരെയും അന്വേഷിച്ചില്ല. ഹിന്ദിക്കാരിയെ കെട്ടി മദ്ധ്യപ്രദേശിൽ കഴിഞ്ഞ ഒരാൾ മലയാളി പെണ്ണുമായി വീട്ടിൽ കയറി വന്നപ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും ആദ്യമൊരു മുറുമുറുപ്പ് ഉണ്ടായിരുന്നെങ്കിലും കാലക്രമേണ ഞാൻ അമ്മുക്കുട്ടിയെ നോക്കുന്ന സത്രീ മാത്രമാണെന്ന് എല്ലാവർക്കും ബോധ്യമായി.അങ്ങനെ വർഷങ്ങൾ കടന്നു പോയി. ഒരു ദിവസം അമ്മുവിന്റെ അച്ഛൻ വന്ന് എന്നോട് ചോദിച്ചു
മോള് വളർന്നു വരുവാ.നാട്ട്കാരെ ബോധിപ്പിക്കാൻ എങ്കിലും നമുക്ക് കല്യാണം കഴിച്ചൂടെ
വേണ്ട സാർ, ഞാൻ ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ്. എനിക്കിപ്പോൾ പച്ച വെള്ളം കണ്ടാൽ പോലും പേടിയാണ് .സാർ പലപ്പോഴും എതിർത്തിട്ടുണ്ടെങ്കിലും ഈ സാർ വിളിയിൽ ഒരു അകലമുണ്ട് അത് അങ്ങനെ തന്നെയിരുന്നോട്ടെ. എനിക്ക് ഒരു അപേക്ഷ മാത്രമേ ഒള്ളൂ എന്നും അമ്മുവിന്റെ അമ്മയായി ഇവിടെ കഴിയാൻ അനുവദിച്ചാൽ മതി…

മോൾടെ സ്കൂളിൽ പിറ്റിഎ മീറ്റിങ്ങിന് പോകുമ്പോൾ അവളുടെ കൂട്ടുകാരി അമ്മുവിനെയും അവളുടെ അമ്മയെയും കാണണമെന്ന് മാത്രമുണ്ടായിരുന്നുള്ളൂ.
ആമി എഴുതുമെന്ന് മോള് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ കഥ ഒന്നെഴുതാമോ എന്ന് പറഞ്ഞ് അവർ പറഞ്ഞ് തന്ന കഥ ,അല്ല ജീവിതം. നമുക്ക് ചുറ്റും ഒരുപാട് പേരുണ്ട് ഇങ്ങനെ പ്രസവിക്കാതെ അമ്മയായവർ……

രചന: അനാമിക ആമി

LEAVE A REPLY

Please enter your comment!
Please enter your name here