Home Latest നിനക്ക് കുട്ടികൾ ഉള്ള ഒരുത്തനെ കെട്ടണമെങ്കിൽ ഞങ്ങൾ കണ്ടു പിടിച്ച് തരാം. പക്ഷേ ഈ ക്രിമിനലിനെ...

നിനക്ക് കുട്ടികൾ ഉള്ള ഒരുത്തനെ കെട്ടണമെങ്കിൽ ഞങ്ങൾ കണ്ടു പിടിച്ച് തരാം. പക്ഷേ ഈ ക്രിമിനലിനെ കെട്ടാൻ ഞാൻ സമ്മതിക്കില്ല…

0

ലോകത്തെ ആണുങ്ങളൊക്കൊ തീർന്ന് പോയിട്ടാണോ മൂന്ന് മക്കളുള്ള ഒരുത്തനെ കല്ല്യാണം കഴിക്കണമെന്ന് വാശി പിടിക്കുന്നത്. അതും സന്തം മക്കളെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച ഒരുത്തനെ നിനക്ക് ഭ്രാന്താണോ ആമി.

ഇല്ലച്ഛ എനിക്ക് അയാളെത്തന്നെ മതി.

ഞാനപ്പൊഴെ പറഞ്ഞതാ പ്രായം തികഞ്ഞ പെണ്ണിനെ ആശുപത്രിയിൽ കുട്ടിരിക്കാനൊന്നും വിടേണ്ടന്ന്.അശ്വതീ, നിന്റെ കുഞ്ഞിന് കൂട്ടിരിക്കാൻ വേണ്ടിയാണ് അവൾ ആശുപത്രിയിൽ പോയത്. നീ തന്നെ അവളെ ഒന്ന് പറഞ്ഞ് മനസ്സിലാക്ക്.

മോളേ ആമി നിനക്ക് അറിയാല്ലോ ചേച്ചിക്ക് നൈറ്റ് ഡ്യൂട്ടി ആയത് കൊണ്ടല്ലേ അപ്പൂസിന് കൂട്ടായി ആശുപത്രിയിൽ നിന്നെ നിർത്തിയത് കുഞ്ഞ് ആശുപത്രയിലാണെന്നു പറഞ്ഞാലൊന്നും നേഴ്സ്മാർക്ക് നൈറ്റ് ഡ്യൂട്ടി മാറ്റിക്കിട്ടില്ല. അതു കൊണ്ടല്ലേ നിന്നെ വിട്ടത്. നീ ഇങ്ങനെയൊക്കെ പറയുമ്പോൾ എല്ലാവരും കൂടെ എന്നെ കുരിശിലേറ്റുവാ. ആമി നീ പോയിട്ട് അച്ഛനോട് മാപ്പ് പറ ഇങ്ങനെയൊക്കെചിന്തിച്ചതിന്.

ഇല്ല ചേച്ചി എനിക്ക് അയാളെ തന്നെ മതി.

എടീ നാശം പിടിച്ചവളെ സ്വന്തം മക്കളെ കൊല്ലാൻ നോക്കിയവനോട് സിമ്പതി മൂത്തിട്ടാണോ അതോ നിനക്ക് ഒരിക്കലും അമ്മയാകാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞത് കേട്ടിട്ടാണാ കണ്ടവന്റെ കൊച്ചിന് തള്ളയാവാൻ പോകുന്നത്. നിനക്ക് കുട്ടികൾ ഉള്ള ഒരുത്തനെ കെട്ടണമെങ്കിൽ ഞങ്ങൾ കണ്ടു പിടിച്ച് തരാം. പക്ഷേ ഈ ക്രിമിനലിനെ കെട്ടാൻ ഞാൻ സമ്മതിക്കില്ല.

അമ്മ എന്തൊക്കെ പറഞ്ഞാലും ശരി ഈ ആമിയക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് അയാളുടെ കൂടെ മാത്രമേയുള്ളു.

അമ്മ അവളെ വാശി കയറ്റല്ലെ. ഞാനവളെ പറഞ്ഞ് തിരുത്തിക്കോളാം.

മോളെ നീ ചേച്ചിയോട് പറ നിങ്ങൾ ആശുപത്രിയിൽ വച്ച് ഒരുപാട് അടുത്തു പോയോ.

ഇല്ല ചേച്ചി ഞാൻ അയാളെ ഒന്നോ രണ്ടോ തവണയേ കണ്ടിട്ടുള്ളൂ. എനിക്ക് അയാളെ തന്നെ വേണമെന്ന് പറഞ്ഞാലും അയാൾ എന്നെ കെട്ടുമോ എന്ന് പോലും ഉറപ്പില്ല.

പിന്നെ എന്താണ് നിന്റെ പ്രശ്നം കുട്ടികൾ ഉണ്ടാകത്തതോ. ഇന്ന് വൈദ്യശാസ്ത്രം ഒരുപാട് പുരോഗമിച്ചിട്ടുണ്ട് അതുകൊണ്ട് അതോർത്ത് നീ വിഷമിക്കണ്ട.

അതൊന്നുമല്ല ചേച്ചി എന്റെ വിഷമം. ആ കുഞ്ഞുങ്ങളുടെ മുഖങ്ങൾ കണ്ണിൽ നിന്ന് മായുന്നില്ല.

ഇതൊക്കെ ആശുപത്രിയിൽ സാധാരണം ആണ്. എന്ന് കരുതി എല്ലാവർക്കും നമുക്ക് ജീവിതം കൊടുക്കാൻ പറ്റുമോ.

നിങ്ങളൊക്കെ കരുതുന്ന പോലെ അയാൾ ഒരു ക്രിമിനൽ അല്ല. ഒരു പാവം മനുഷ്യൻ. അപ്പൂസിനെ ആശുപത്രിയിൽ കിടത്തിയ ആദ്യ ദിവസം രാത്രി വാർഡിലെ സിസ്റ്റർക്ക് ഒരു ഫോൺ വന്നു. സിസ്റ്റർ പുറത്തേക്ക് ഓടി എന്തെന്നറിയാൻ ഞാൻ പുറകെ ചെന്ന് നോക്കിയപ്പോൾ സിസ്റ്റർ കാഷ്യാലിറ്റിയിലേക്ക് കയറി.
കാഷ്വാലിറ്റിയുടെ വാതിലിലൂടെ ഞാൻ അകത്തേക്ക് നോക്കിയപ്പോൾ മൂന്ന് പെൺകുട്ടികൾ ബോധമില്ലാതെ കിടക്കുന്നു, ഇടക്ക് ബോധം വന്ന മൂത്ത കുട്ടി ചർദ്ദിക്കുന്നു. എട്ടും അഞ്ചും വയസ്സുള്ള കുട്ടികൾ. കൂടെ ഒരു മുഷിഞ്ഞ് കീറിയ വസ്ത്രമിട്ട പ്രായം ചെന്നൊരു സ്ത്രീ. പുറത്ത് നിന്ന ആരോ പറയുന്നത് കേട്ടു അതിലെ ഇളയ രണ്ട് പേർ ഇരട്ട കുട്ടികളാണ്. അവരുടെ അഞ്ചാം വയസ്സിലെ പിറന്നാളായിരുന്നു ഇന്ന് ,കുട്ടികൾക്ക് വാങ്ങിക്കൊടുത്ത ഐസ് ക്രീമിൽ അച്ഛൻ വിഷം കലക്കി കൊടുത്തു.

ഐസ് ക്രീമിൽ ഒഴിച്ചിരിക്കുന്നത് മണ്ണെണ്ണയോ വാർണി ഷോ പോലുള്ള വസ്തുവാണ്.അങ്ങനെയുള്ള വസ്തുക്കൾ ഉള്ളിൽ പോയാൽ വയർ കഴുകാൻ പാടില്ല വേഗം ഇവരെ ഐസിയു വിലേക്ക് ഷിഫ്റ്റ് ചെയ്യൂ.സീനിയർ ഡോക്ടർ വന്ന് പറഞ്ഞു

പിന്നെ ഞാൻ വാർഡിൽപ്പോയി ഉറങ്ങാൻ നോക്കിയിട്ട് ആ കുട്ടികളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആ കുട്ടികളെ വാർഡിലേക്ക് മാറ്റി. മൂത്തയാളുടെ പേര് ഇവാന എട്ട് വയസ്സുണ്ട് എപ്പോഴും മുഖത്ത് ദു:ഖഭാവമുള്ള കുട്ടി, പിന്നെ അഞ്ച് വയസ്സുള്ള ഇരട്ട കുട്ടികൾ ഇഷാനിയും ഇഷാൻവിയും രണ്ട് പേരും നല്ല കാന്താരികൾ. ഇഷാനി എല്ലാവരേക്കാൾ കൂടുതൽ ഐസ് ക്രീം കഴിച്ചത് കൊണ്ട് അവൾ ഇടക്ക് ചർദ്ദിക്കുന്നുണ്ടായിരുന്നു. ഈ കുഞ്ഞുങ്ങളെ നോക്കാൻ വേണ്ടി പ്രായവും വൃത്തിയും മറന്ന് പോയ ആ സ്ത്രീ അപ്പോഴും കൂടെയുണ്ടായിരുന്നു.ഇവരെ കണ്ടതോടെ എന്താണ് സംഭവിച്ചതെന്നറിയാൻ ചക്കരയിൽ ഈച്ച പൊതിയുന്നത് പോലെ കുട്ടികളുടെ വാർഡിലെ അമ്മമാർ ചുറ്റും കൂടി.ആളുകൾ അങ്ങനെയാണ് സ്വന്തം കണ്ണിൽ കുന്തം തറഞ്ഞിരുന്നാലും മറ്റുള്ളവന്റെ കാലിൽ മുള്ള് കയറിയ കഥ കേൾക്കാൻ താൽപര്യം കാണിക്കും. മൊഴിയെടുക്കാൻ വന്ന പോലീസിനെ കണ്ടതോടെ ചക്കരയിൽ പൊതിഞ്ഞ ഈച്ചകൾ പറന്ന് പോയി

എന്റെ പൊന്നാമീ നീ നിന്റെ കഥ എഴുതുന്ന പോലെ പറയല്ലേ. എന്റെയും നമ്മുടെ കുടുംബത്തിന്റെയും നെഞ്ചിൽ തീയാണ്

ചേച്ചീ ഈ കഥ ഞാൻ അനുഭവിച്ച അതേ വികാര തീവ്രതയോടെ കേട്ടെങ്കിൽ മാത്രമേ എന്റെ തീരുമാനം ശരിയാണെന്ന് നിങ്ങൾക്ക് മനസ്സിലാവൂ.
നല്ല മനസ്സുണ്ടേൽ മാത്രം കേട്ടാൽ മതി

നീ ടെൻഷനടിപ്പിക്കാതെ പറ മോളെ

ആ പ്രായം ചെന്ന സ്ത്രീ അവരുടെ അച്ചമ്മയായിരുന്നു. ചേച്ചി ഡ്യൂട്ടിക്ക് കയറാനുള്ള വെപ്രാളത്തിൽ അപ്പൂസിനെ കാണാൻ വരുമ്പോൾ അവരും നമ്മുടെ തൊട്ടപ്പുറത്തെ ബെഡിൽ ഉണ്ടായിരുന്നു.
ഭക്ഷണം വാങ്ങാൻ പോകാൻ പോലും വയ്യാത്ത ആ സ്ത്രീക്ക് ഞാൻ ഒരു തുണയായി. മൂത്ത കുട്ടി ആരോടും പെട്ടെന്ന് അടുക്കുന്ന കൂട്ടത്തിലുള്ളതല്ല , ഇളയ കുട്ടികൾ പെട്ടെന്ന് അടുത്തു. ഞാൻ അവരുടെ അമ്മയെ പറ്റി അന്വേഷിച്ചപ്പോൾ അച്ചമ്മ പറഞ്ഞു

അവൾ മരിച്ചിട്ട് അഞ്ച് മാസമായുള്ളൂ, അമ്മ മരിച്ചിട്ട് അധികം ആകാത്തത് കൊണ്ട് കേക്ക് മുറിക്കണ്ട എന്ന് പറഞ്ഞാണ് അവൻ ഐസ് ക്രീം വാങ്ങിച്ച് കൊണ്ട് വന്നത്. അവളില്ലാത്ത ലോകത്ത് ജീവിക്കാൻ പറ്റില്ല എന്നോർത്താണ് അവൻ ഇങ്ങനെ ചെയ്തത്. അവനും കഴിച്ചു, മുകളിലെ ഐ സിയു വിലുണ്ട് മോളേ

സാരമില്ലമ്മേ എല്ലാവരും രക്ഷപെട്ടല്ലോ ഒരു നിമിഷത്തെ ദുർബുദ്ധിക്ക് തോന്നിയതായിരിക്കും
ഞാൻ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു

അവരുടെ ഭാവം പെട്ടെന്നാണ് മാറിയത്

അവനിങ്ങനെ ചാകാനും ഈ കുഞ്ഞുങ്ങളെ കൊല്ലാനും നോക്കാൻ അവള് രോഗം വന്നൊന്നും ചത്തതല്ല. കെട്ടിത്തൂങ്ങിച്ചത്തതാ അഹങ്കാരം കൊണ്ട്

എന്താ അമ്മേ ഇത് കുട്ടികൾ നോക്കുന്നു
മൂത്ത കുട്ടിയുടെ കണ്ണ് നിറയുന്നത് കണ്ട് ഞാൻ പറഞ്ഞു

അവരും കേൾക്കട്ടെ ഒരു പെണ്ണ് എങ്ങനെ ആ വാതിരിക്കാം എന്നറിയട്ടെ. അവനും അവളും ഇരുപത്തിനാലാം വയസ്സിൽ പ്രേമിച്ച് കെട്ടയതാണ് .അവള് ക്രിസ്ത്യാനി ആയത് കൊണ്ട് ഒരു കൊല്ലം മുമ്പാണ് അവളുടെ വീട്ടിൽ കേറ്റിയത്. എന്നിട്ടാണ് അവൾ ഇങ്ങനെ ചെയ്തത്.ഈ കൊച്ചുങ്ങൾക്ക് അസുഖം വല്ലതും വന്നാൽ അവനോട് വിളിച്ച് പറയാൻ വേണ്ടി അവൻ അവൾക്കൊരു ഫോൺ വാങ്ങിക്കൊടുത്തു.

ബാക്കി കഥ പറയണ്ടമ്മേ എനിക്ക് ഊഹിക്കാവുന്നതേ ഒള്ളൂ, എല്ലാ അവിഹിതത്തിനും പല ഭാവത്തിൽ ഒരേ മുഖമാണ്

പല തവണ അവൾ പിടിക്കപ്പെട്ടിട്ടും അവൻ ക്ഷമിച്ചു.ഈ കുഞ്ഞുങ്ങളേയും കൊണ്ട് ആദ്യമായി ശബരിമലക്ക് പോകുന്ന ചടങ്ങ് നടക്കുന്ന അന്ന് അവൻ പറഞ്ഞു നീ എന്നോടും കുഞ്ഞുങ്ങളോടും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശാസ്താവിനുള്ള ഈ കെട്ടിൽ അരിവാരിയിടരുത്, അവൾ പുറകോട്ട് മാറി, അവർ മലകയറി വീട്ടിൽ എത്തിയപ്പോൾ അവൾ തൂങ്ങി നിൽക്കുന്നു .കുറ്റബോധം കൊണ്ടാണോ പ്രേമിച്ചവൻ നാട് വിട്ടിട്ടാണോ എന്നറിയില്ല അവൾ പോയി, ഇനി അവന് ഈ പിള്ളേരെ വളർത്താനെങ്കിലും ജീവിച്ചൂടെ, ഞാൻ ഇനി എത്രനാൾ ….അവർ പൊട്ടിക്കരഞ്ഞു അവരിലെ കണ്ണീരുറവ പോലും വറ്റിയിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ആ കുട്ടികളോട് കൂടുതൽ അടുത്തു, ഇവാനയുടെ മാഞ്ഞ് പോയ ചിരി പോലും വീണ്ടെടുത്തു. നമ്മുടെ അപ്പൂസിന് ചേച്ചിമാരായി അവർ.
ഞാൻ ഇഷാനിയുടെ മുടി കെട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അവരുടെ അച്ഛൻ വാർഡിലേക്ക് വരുന്നത്, അങ്ങേരെ ഐ സി യു വിൽ നിന്ന് മാറ്റിയപ്പോൾ മുതൽ കുട്ടികളെ കാണണം എന്ന് നിർബന്ധം പറഞ്ഞത് കൊണ്ട് മെഡിക്കൽ വാർ സിൽ നിന്ന് വന്നതാണയാൾ.

കുട്ടികളെ കണ്ടപാടെ കണ്ണ് നിറഞ്ഞ അയാളോട് കുട്ടികൾ എന്റെയും അപ്പൂസിന്റെയും വിവരങ്ങൾ പറയുന്നു, വാതോരാതെ സംസാരിക്കുന്നു, കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നു.

എനിക്കപ്പോൾ മനസ്സിലായി അച്ഛനിലാണവരുടെ ജീവൻ ആജീവനാണ് ആ മനുഷ്യൻ എടുക്കാൻ നോക്കിയത്. അല്ലേലും അമ്മമാർ എത്ര സ്നേഹം കൊടുത്താലും പെൺകുട്ടികൾക്ക് അച്ഛനോടായിരിക്കും പ്രേത്യേക സ്നേഹം, അപ്പോൾ സ്നേഹിക്കാൻ മറന്ന് പോയ അമ്മയുടെ മക്കൾക്കോ…

എന്നിട്ട് ഡിസ്ചാർജ് ആയി അവർ വീട്ടിൽ പോയില്ലേ

ഇല്ല ചേച്ചീ സ്വന്തം അച്ഛൻ കൊല്ലാൻ ശ്രമിച്ചത് കൊണ്ട് അയാളുടെ കൂടെ വിട്ടാൽ അവരുടെ ജീവന് ആപത്താണെന്ന് പറഞ്ഞ് പോലീസ്ആ കുഞ്ഞുങ്ങളെ ബാല മന്ദിരത്തിലേക്ക് മാറ്റി….

അങ്ങോട്ട് കൊണ്ടു പോകുന്ന അന്ന് രാവിലെ മുതൽ മൂത്തയാൾ കട്ടിലിൽ കമിഴ്ന്ന് കിടന്ന് കരയുകയായിരുന്നു. അവരുടെ കൂടെ പോകില്ല എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച ഇളയ കുട്ടികളെ എന്റെ നെഞ്ചിൽ നിന്ന് പറിച്ചെടുത്താണ് കൊണ്ട് പോയത്.
ഇപ്പോഴും അവരുടെ നിലവിളി കാതിൽ മുഴങ്ങുന്നു

ഒരു നിമിഷത്തെ ദുർബുദ്ദിയിൽ തോന്നിപ്പോയ കയ്യബദ്ധത്തിൽ മക്കളെ നഷ്ടപ്പെട്ട ആ മനുഷ്യൻ അവിടെ തളർന്നിരുന്നു.തെറ്റ് ചെയ്തവൾ ആയിട്ട് പോലും അയാൾക്ക് അവളുടെ നഷ്ടം താങ്ങാൻ പറ്റിയില്ല അതിനിടയിൽ ഈ നഷ്ടവും
ചേച്ചീ ആ കുഞ്ഞുങ്ങളുടെ കണ്ണീരിന്റെ ചൂട് ഇപ്പോഴും എന്റെ നെഞ്ചിലുണ്ട് എനിക്കവരെ വേണം. അവർ എന്ത് തെറ്റ് ചെയ്തിട്ടാ ഇതൊക്കെ അനുഭവിക്കുന്നത്

ചേച്ചി മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും വാതലിന്റെ മറവിൽ ഒളിച്ചിരുന്ന് കഥ കേട്ട അച്ഛനും അമ്മയും രംഗത്തെത്തി

ആമീ ചെറുപ്പം മുതൽ നിന്റെ ഒരാഗ്രഹത്തിനും ഞങ്ങൾ എതിര് നിന്നിട്ടില്ല. നീ എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് ഒരിക്കലും നിനക്ക് തോന്നാതിരിക്കട്ടെ

അച്ഛാ ആകെ കുറച്ച് നാളല്ലേ മനുഷ്യനായി നമ്മൾ ഈ ഭൂമിയിൽ ജീവിക്കുന്നത്, ഒരു പാട് സംവത്സരങ്ങൾ കൃമിയായും പുഴുവായും മാനായും മയിലായുമൊക്കെ ജീവിച്ചതിന് ശേഷം കിട്ടിയ മനുഷ്യ ജന്മം ,ആ ജീവിതം ആരുടെയെങ്കിലും ജീവിതത്തിൽ നമുക്ക് വെളിച്ചം പരത്താൻ കഴിഞ്ഞാൽ അത് പുണ്യമല്ലേ

അച്ഛൻ ആരുടെയും മുന്നിൽ എന്റെ മോളെ കെട്ടുമോ എന്ന് ചോദിച്ച് കൈ നീട്ടണ്ട, ഞാൻ ആദ്യമൊന്ന് അദ്ദേഹത്തെ കണ്ട് സംസാരിക്കട്ടെ. നമ്പർ ഞാൻ ആശുപത്രിയിൽ വച്ച് വാങ്ങിയിട്ടുണ്ട്.
………………………………………………..
മക്കൾ ബാലഭവനിൽ ആയപ്പോൾ മദ്യത്തെക്കൂട്ട് പിടിച്ചാൽ മതിയല്ലോ, ആ കുഞ്ഞുങ്ങളുടെ മനസ്സ് നിങ്ങൾ കണ്ടിട്ടുണ്ടോ

ഞാൻ പിന്നെ എന്ത് ചെയ്യണം

എന്നെ കെട്ടണം

താൻ എന്താണീ പറയുന്നത്, എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ല

എടോ മനുഷ്യാ നിങ്ങളെ കെട്ടി കെട്ടിപ്പിടിച്ച് കെടക്കാനുള്ള കൊതി കൊണ്ടല്ല ആ കുഞ്ഞുങ്ങളെ നിങ്ങൾ കുടുംബമായി ജീവിച്ചാൽ മാത്രമേ തിരിച്ച് കിട്ടൂ അത് കൊണ്ടാ….

പിന്നെ സുധി ഒന്നും ആലോചിച്ചില്ല. വലിയ ആർഭാടമൊന്നുമില്ലാതെ രണ്ട് കുടുംബങ്ങളെയും സാക്ഷി നിർത്തി ഞങ്ങളുടെ വിവാഹം നടന്നു. മക്കളെ ഞങ്ങൾക്ക് തിരിച്ച് കിട്ടി. ആ കുട്ടികളുടെ സന്തോഷത്തിനെക്കാൾ വലുതല്ലായിരുന്നു ഈ ലോകത്തെ മറ്റെന്ത് സുഖവും…

രണ്ടാം കെട്ടാണെങ്കിലും ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ്, ആർഭാടത്തിനൊട്ടും കുറവില്ലാതെ പാൽഗ്ലാസ്സുമായി ഞാൻ മുറിയിൽ കയറി….

ആമീ…. ഒരു പെണ്ണ് കാരണം ഇരുട്ട് വീണ എന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണ് പ്രകാശമായി കടന്ന് വന്നു

സുധിയേട്ടാ ഇരുന്ന് സിനിമാ ഡയലോഗ് അടിക്കാതെ വാർണിഷ് ഒഴിക്കാത്ത ഈ പാലങ്ങ് കുടിച്ചേ

മൂന്ന് കാന്താരി മക്കളുള്ള ഈ വീട്ടിലേക്ക് നാലമതും ദൈവം എനിക്കൊരു കാന്താരിയെ തന്നു, എന്റെ ഭാര്യ ആമി, ഇതിനൊക്കെ ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത്

നാളെത്തന്നെ ഒരു ആശാരിയെ വിളിച്ച് ഈ കട്ടിലിന്റെ വീതി ഒന്ന് കൂട്ടി നന്ദികാണിച്ചാൽ മതി. മക്കൾക്ക് കൂടി ഇവിടെ കിടക്കാനാ, സ്നേഹം കൊടുത്ത് വളർത്തുന്ന മക്കൾ ഒരിക്കലും വഴിപിഴച്ച് പോവില്ല സുധിയേട്ടാ ……

കരിഞ്ഞ് പോയെന്ന് കരുതി മുറ്റത്ത് നിന്ന പനിനീർച്ചെടി വീണ്ടും തളിർത്ത് പൂവിട്ടു, അവിടുത്തെ കാറ്റിനപ്പോൾ പനിനീർപ്പൂക്കളുടെ ഗന്ധമായിരുന്നു…..

അനാമിക ആമി

LEAVE A REPLY

Please enter your comment!
Please enter your name here