Home Latest എടീ .. നീയറിഞ്ഞോ… ‘ നമ്മുടെ മനോജിന്റെ പെണ്ണ് മച്ചിയാണത്രേ..’

എടീ .. നീയറിഞ്ഞോ… ‘ നമ്മുടെ മനോജിന്റെ പെണ്ണ് മച്ചിയാണത്രേ..’

0

മനോജ് ഹോസ്പിറ്റൽ വരാന്തയിൽ ഉലാത്തിക്കൊണ്ടേയിരുന്നു…
സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വാക്കുകൾക്ക് പ്രാധാന്യം നൽകിയില്ല..
അവരിൽ നിന്നും ലഭിച്ചത് ആശ്വാസ വാക്കുകളാണെങ്കിൽ പോലും ചെവി കൊള്ളാൻ അദ്ദേഹം തയ്യാറായിരുന്നില്ല…

മനസ്സ് അത്രത്തോളം അസ്വസ്ഥമാണ്…
വിഷമങ്ങളും വേവലാതികളും കുന്നു കൂടപ്പെട്ട മനസിന്റെ കലവറയിൽ സമാധാനമെന്നെ വാക്കിനു പോലും വിലയില്ല..
മുഖത്ത് നിന്നും വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു മനസ്സിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന വിഷമങ്ങളുടെ നീണ്ട നിര..

പലരിൽ നിന്നും സഹതാപത്തിന്റെ നോട്ടം ഏറ്റു വാങ്ങുമ്പോഴും പ്രശ്നങ്ങളിൽ നിന്നും മനോജ് മോചിതനായില്ല…
മോചിപ്പിക്കാനായി ഓരോരുത്തരും ശ്രമിക്കുന്നുണ്ട്..
നന്മ നിറഞ്ഞ വാക്കുകളിലൂടെ..
ഫലം കാണുന്നില്ല എന്നത് മാത്രമായിരുന്നു എല്ലാത്തിന്റെയും വിധി..

‘ നിത്യയുടെ ആരെങ്കിലും ഉണ്ടോ..?’

‘ ഞാനാ സിസ്റ്റർ.. ‘

പെട്ടെന്നായിരുന്നു ദൈവത്തിന്റെ മാലാഖമാരെന്നു വിശേഷിപ്പിക്കപ്പെട്ട നെയ്‌സുമാരിൽ ഒരാൾ അടച്ചിട്ട ലേബർ റൂമിൽ നിന്നും പുറത്തേക്ക് വന്നത്..
കുറഞ്ഞ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് ആ വാതിൽ തുറക്കപ്പെട്ടത്‌..
വാതിൽ തുറക്കുമ്പോഴും നേരിയ ശബ്ദം ചെവിയിലേക്ക് ഓടിയെത്തുന്നുണ്ടായിരുന്നു..
സന്തോഷ വാർത്ത തന്നിൽ വന്നു ചേർന്നുവെന്നു ആ നിമിഷം മനോജ് ഉറപ്പിച്ചു..

പ്രതീക്ഷകൾക്ക് മങ്ങലേൽക്കാതെ വാതിലിനരികിലേക്ക് മനോജ് ഓടിയടുത്തു..
ചോദ്യം മുഴുവിപ്പിക്കും മുന്നേ ഉത്തരങ്ങൾ നൽകാനും മറന്നിരുന്നില്ല..
അതിനെ വേവലാതിയുടെ അടയാളമായി കാണുകയായിരുന്നു കൂടി നിന്നവരിൽ ഭൂരിഭാഗം പേരും…

‘ ഈ മരുന്നുകൾ എത്രയും വേഗം ഇവിടെ എത്തിക്കണം.. ‘

എഴുതിക്കുത്തിയ ഡോക്ടറുടെ വെള്ളപ്പേപ്പർ അദ്ദേഹത്തിന് നേർക്ക് നീട്ടുമ്പോൾ അതേ ഉത്സാഹത്തോടെ സ്വീകരിച്ചു…
പതിവുകൾ തെറ്റിക്കാതെ ആ കടലാസ് കഷ്ണം വാങ്ങാനായി ഒരുപാട് കൈകൾ മുന്നോട്ട് കുതിച്ചെത്തിയെങ്കിലും അതിനെയെല്ലാം വകഞ്ഞു മാറ്റി മനോജ് നേടിയെടുക്കുകയായിരുന്നു..

ആവശ്യപ്പെട്ട മരുന്നുകൾ വാങ്ങാനായി താഴത്തെ നിലയിലേക്ക് നടന്നു നീങ്ങി..
ചവിട്ടു പടികൾ ഇറങ്ങുമ്പോൾ മനസ്സിലെ വേവലാതികൾക്ക് അന്ത്യം നൽകാൻ തീരുമാനിക്കുകയായിരുന്നു..
കൂടെ ഓർമകൾക്ക് ജീവൻ പകരാനും..
ഓർമകളെ അദ്ദേഹമൊരു ഔഷധമായി കണ്ടു..
കുറഞ്ഞ നേരത്തെ സമാധാനത്തിനുള്ള ഔഷധം..

സന്തോഷത്തേക്കാളേറെ സങ്കടം മുന്നിട്ട് നിൽക്കുന്ന ജീവിതത്തിന്റെ മറിക്കാൻ മടിക്കുന്ന അദ്ധ്യായത്തെ മനസ്സിലേക്കാവാഹിച്ചു..
ഓർമകൾക്ക് ജീവൻ നൽകുമ്പോൾ സമാധാനം എങ്ങു നിന്നോ ഓടിയടുക്കുന്നുണ്ടായിരുന്നു…
മനസ്സിൽ ഇടം പിടിച്ച കഴിഞ്ഞ കാലത്തിന്റെ നല്ലൊരു ഭാഗം നേർക്കാഴ്ച പോലെ കണ്ണുകളിൽ പ്രത്യക്ഷമായി..

***

‘ എടീ ..
നീയറിഞ്ഞോ.. ‘

‘ എന്ത്.. ?’

‘ നമ്മുടെ മനോജിന്റെ പെണ്ണ് മച്ചിയാണത്രേ..’

‘ ഹഹ..
അതിനിയിവിടെ ആരാ അറിയാൻ ബാക്കി കിടക്കുന്നെ..
നാട്ടിലെ ചർച്ചാ വിഷയം തന്നെ അതല്ലേ..’

പതിവ് പോലെ അതിരാവിലെ നാട്ടുകാരുടെ കുറ്റങ്ങളും കുറവുകളും ചർച്ച ചെയ്യാൻ ഇറങ്ങിയതായിരിന്നു രമണിയേടത്തി..
അയൽപക്കത്തെ കേൾവിക്കാരിയായി നിന്ന ചേച്ചിയിൽ നിന്നും ലഭിച്ച മറുപടികൾ അത്ര തൃപ്തിയുള്ളതായിരുന്നില്ല..
നാട്ടിലെ പ്രധാന വിഷയങ്ങൾ അറിയുന്നതിൽ താൻ വളരെ പിറകിലായിരിക്കുന്നുവെന്നതായിരുന്നു രമണിയേടത്തിയുടെ മനസ്സ് നിറയെ..
കൂടെ മറുപടി നൽകിയ സ്ത്രീയോടുള്ള പുച്ഛവും അസൂയയും..

സത്യം തന്നെയായിരുന്നു..
നാട്ടിലെ ചർച്ചാ വിഷയവും അത് തന്നെയായിരുന്നു..

” മനോജിന്റെ ഭാര്യക്ക് കുട്ടികൾ ഉണ്ടാവില്ലത്രേ…”

ഓരോ കൂട്ടങ്ങൾ ഉടലെടുക്കുമ്പോഴും ചർച്ചകളിലെ പ്രധാന വിഷയം അത് തന്നെയായായിരുന്നു..
അങ്ങാടിയിലെ വൃദ്ധ സമൂഹം മുതൽ അയൽക്കൂട്ടങ്ങളിലും കൊച്ചു കുട്ടികളുടെ നാവിൽ വരെ ആ വിഷയം നിറഞ്ഞു നിന്നു..
അന്യന്റെ കുറവുകളിലേക്കുള്ള എത്തി നോട്ടം ഓരോരുത്തർക്കും പ്രിയമേറിയതായിരുന്നു..

ഇതേ സമയം മനോജിന്റെ വീട്ടിൽ കണ്ണുനീർ കൊണ്ടൊരു പുഴ ഉത്ഭവിക്കാൻ തുടങ്ങുകയായിരുന്നു..
വിഷയം പെണ്ണ് വീട്ടിലും എത്തിയിരിക്കുന്നു..
ചർച്ചകൾ മറ്റു പലതിലേക്കും നീങ്ങി തുടങ്ങി..
വിവാഹമോചനം വരെ എത്തി നിന്നു..
കാരണവന്മാർ ഒത്തു കൂടിയ ചടങ്ങിൽ വാക്ക് തർക്കങ്ങൾ ഉയർന്നു കേട്ടു..
വീട്ടുകാരുടെ തീരുമാനമായിരുന്നു..

‘ എന്താ സംഭവം …
മനസ്സിലായില്ല..’

‘ അത് മോനെ..
അവളെയിനി ഇവിടെ നിർത്തിയാൽ ശെരിയാവത്തില്ലലോ..
വീട്ടിലേക്ക് പറഞ്ഞയക്കാനുള്ള കാര്യങ്ങളൊന്നു തീരുമാനിക്കുകയാ..’

കാര്യങ്ങളൊന്നുമറിയാതെ വീട്ടിലേക്ക് കാലെടുത്ത് വെച്ച മനോജ് അവിടെ ഒത്തു കൂടിയ ആൾക്കൂട്ടത്തെ കണ്ടു ഭയന്നു കാണും..
അതിനാലാവും ചോദ്യങ്ങൾ ഉന്നയിച്ചതും..
എന്നാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മനസ്സ് തകർക്കാൻ ശേഷിയുള്ള ഉത്തരം തന്നെയായിരുന്നു അവ..
കുടുംബത്തിലെ പ്രധാന കാരണവർ നൽകിയ ഉത്തരങ്ങൾ മനോജിന്റെ മുഖത്ത് പുച്ഛത്തിന്റെ ചിരി ജന്മമെടുക്കാൻ കാരണമായി..

‘ ഹോ…
ശെരി എന്ന. .
ഞാനറിഞ്ഞിട്ടില്ലായിരുന്നു..; അതാ ചോദിച്ചേ..’

‘ അത് മോനെ..’

അദ്ദേഹം നൽകിയ മറുപടിയിൽ ഹാസ്യം കലർന്നപ്പോൾ മനസ്സിലാക്കിയിരുന്നു..; അതവർക്ക് നൽകുന്ന പുച്ഛത്തോടെയുള്ള പ്രതികാരമാണെന്നു..
അതിനാൽ തന്നെയാവും ആ വൃദ്ധൻ തല തായ്ത്തി മറുപടി നൽകാൻ ബുദ്ധിമുട്ടിയത്..

‘ ഞാനൊന്ന് ചോദിക്കട്ടെ…
അവൾ ആരുടെ ഭാര്യയാണ്..

എന്റെ അനുവാദം പോലുമില്ലാതെ ഇങ്ങനെയൊരു ചർച്ച നടത്തുകയും എന്റെ ഇഷ്ടമോ അഭിപ്രായമോ ചോദിക്കാതെ അവളെ വീട്ടിലേക്ക് പറഞ്ഞയക്കുന്നതിനെക്കുറിച്ചും തീരുമാനിക്കാൻ നിങ്ങൾക്കാരാണ് അധികാരം നൽകിയത്..

ഇനിയൊന്നു കൂടെ കേട്ടൊള്ളു…
എന്തൊക്കൊ സംഭവിച്ചാലും ജീവിത കാലം മുഴുവൻ സന്താന ഭാഗ്യമില്ലാതെ കഴിയേണ്ടി വന്നാലും ഞാനവളെ ഉപേക്ഷിക്കില്ല.. ‘

കൂടി നിന്ന കാരണവന്മാരോട് പിരിഞ്ഞു പോകാൻ പറയുകയായിരുന്നു..
ആ വാക്കുകളുടെ അർത്ഥം മനസ്സിലാക്കിയവർ ഓരോരുത്തരായി വീട് വിട്ടിറങ്ങി ..
എന്തിനോ വേണ്ടി ആത്മാർത്ഥ പ്രകടിപ്പിക്കുന്ന ചുരുക്കം ചില അടുത്ത ബന്ധുക്കൾ മാത്രം അപ്പോഴും അവിടം വിട്ട് പോകാൻ തയ്യാറാവാതെ നിന്നു.

മനോജ് റൂമിലേക്ക് പ്രവേശിക്കുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടക്കാൻ പരിഭ്രമിക്കുന്ന നിത്യയെയാണ് കാണാൻ സാധിച്ചത്…

‘ ഏട്ടനെന്തിനാ അവരോട് അതെല്ലാം പറയാൻ പോയേ..
ഞാൻ എന്റെ വീട്ടിലോട്ട് പൊയ്ക്കൊള്ളാം..’

വാക്കുകൾ ദീർഘിപ്പിക്കാൻ പ്രയാസപ്പെടുന്ന നിത്യയെ അയാൾ മാറോട് ചേർത്തു..
കണ്ണുനീരിനെ തൂവാല കൊണ്ട് ഒപ്പിയെടുത്തു..
ചെവിയിൽ മെല്ലെ മന്ത്രിച്ചു….

‘ ജീവിതം ഇങ്ങനെ എന്റെ കൂടെ മുന്നോട്ട് കൊണ്ട് നീ തയ്യാറാണെങ്കിൽ നിനക്ക് കൂടാം..
അല്ല..
എന്റെ സന്തോഷം ഇല്ലാതാക്കി നിനക്ക് ഇറങ്ങി പോവണമെങ്കിൽ അതും ചെയ്യാം..
നമ്മുടെ ജീവിതത്തിൽ ദൈവം എന്നേലും ഒരു സന്താനത്തെ സമ്മാനിക്കുകയാണേൽ അതേറ്റു വാങ്ങുകയും ചെയ്യാം…
ആ ജീവിതം നയിക്കാൻ നീ തയ്യാറാണോ…’

സമ്മതം സന്തോഷം ചാലിച്ച കണ്ണുനീരിലൂടെ നൽകി…
ശബ്‌ദം മെല്ലെ പുറത്തേക്ക് മുഴങ്ങി…

***

മരുന്നുകൾ കൈമാറിയ ശേഷം വീണ്ടും ഉലാത്തുക തന്നെയാണ് മനോജ്…
ഇന്നവൾ ഗർഭിണിയാണ്..
മച്ചിയെന്നു വിധിയെഴുതിയ ഡോക്ടർക്കും തെറ്റി..
അതേറ്റു പാടിയ ജനത്തിനും ലജ്ജിച്ചു തല തായ്ത്തേണ്ടി വന്നു..

‘ നിത്യ.. ‘

സിസ്റ്റർ വീണ്ടും നീട്ടി വിളിച്ചു..
വിളിക്കുള്ള ഉത്തരം മനോജിന്റെ സാന്നിധ്യമായിരുന്നു..
നാവിൽ നിന്നും അക്ഷരത്തിന്റെ ശബ്ദം അവസാനിക്കും മുന്നേ തന്നെ മനോജ് സിസ്റ്റർക്കരികിലെത്തി..

‘ ഇരട്ട കുട്ടികളാ..’

ഒരു ചെറു പുഞ്ചിരിയോടെ സിസ്റ്റർ സന്തോഷ വാർത്ത അറിയിക്കുമ്പോൾ നിറ കണ്ണുകളോടെ പ്രിയ കുഞ്ഞുങ്ങളെ ഏറ്റു വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു..

കൈകളാൽ തന്റെ കുഞ്ഞുങ്ങളെ സ്വീകരിക്കുമ്പോൾ തലയുയർത്തി മനോജ് വീണ്ടും ചോദ്യമുയർത്തി..

‘ എന്റെ നിത്യക്ക് കുഴപ്പമൊന്നുമില്ലലോ…’

രചന ; Shamsudheen CM

LEAVE A REPLY

Please enter your comment!
Please enter your name here