Home Latest എന്റെ രണ്ടാം കെട്ട് ആണെങ്കിലും നിന്റെ ആദ്യരത്രയല്ലേ ഇന്ന്, അതിനൊരു മാറ്റ് കുറയണ്ട എന്നുകരുതിയാണ് ഞാൻ..

എന്റെ രണ്ടാം കെട്ട് ആണെങ്കിലും നിന്റെ ആദ്യരത്രയല്ലേ ഇന്ന്, അതിനൊരു മാറ്റ് കുറയണ്ട എന്നുകരുതിയാണ് ഞാൻ..

0

എനിക്കൊരു ഭാര്യയായി മാത്രമല്ല മീനൂ… അച്ചുവാവക്ക് ഒരു അമ്മ വേണം അമ്മയുടെ സ്നേഹവും ലാളനയും കിട്ടിയിട്ടുവേണം എന്റെ മകൻ വളരാൻ..
അതിന് ഏറ്റവും അനുയോജ്യയായത് എന്റെ ഭാര്യയുടെ അനിയത്തിയാണെന്ന് തോന്നി.
അതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊരു തീരുമാനം എടുത്തത്…

എനിക്കറിയാം ഇത് നിന്റെ ജീവിതമാണ്. അത് എങ്ങനെയാവണം എന്ന് തീരുമാനിക്കേണ്ടതും നീയാണ് അതുകൊണ്ട് തന്നെ ആലോചിച്ചു മാത്രം ഒരു തീരുമാനം പറഞ്ഞാൽ മതി..
വിനുവേട്ടൻ പറഞ്ഞു നിർത്തി.

എന്തുപറയണം എന്നറിയാതെ മനസ്സ് ആടിയുലഞ്ഞു.
ചേച്ചി മരിച്ചിട്ട് ആറുമാസം മാത്രമേ ആയുള്ളൂ. അച്ചുവാവക്ക് ഒരു വയസ്സും.. രണ്ടാളുടെ മുഖവും ഒരു മിന്നലാട്ടം പോലെ മനസ്സിലൂടെ ഓടിപ്പോയി.
ശരിയാണ് വിനുവേട്ടൻ പറഞ്ഞത്. അച്ചുമോന് അമ്മയാവാൻ എന്നെക്കാൾ നല്ലത് മറ്റാരാണ്.
അല്ലെങ്കിലും ചേച്ചിയുടെ മരണത്തിനു ശേഷം അവനു ഞാൻ മനസുകൊണ്ട് അമ്മയായതാണ്..
അവൻ വളരണം അ
ഒരമ്മയുടെ സ്നേഹം അറിഞ്ഞു വളരണം. മനസ്സിൽ ചില ഉറച്ച തീരുമാനങ്ങളെടുത്തു ഞാൻ വിനുവേട്ടനെ നോക്കി..

എന്താ മീനു..
നിനക്ക് ഇഷ്ടമില്ലാച്ചാ വേണ്ട..

ഹേയ് എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ല. വിനുവേട്ടൻ അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞു തീരുമാനിച്ചോളൂ..

വിനുവേട്ടന്റെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി വിടർന്നു.
എനിക്കറിയാം നിനക്ക് സമ്മതിക്കാതിരിക്കാനാവില്ലെന്ന് കാരണം നീ എന്റെ ചാരുവിന്റെ ചോരയല്ലേ അവളുടെ മനസ്സുതന്നെയാണ് നിനക്കും..
വിനുവേട്ടന്റെ വാക്കുകൾ ഇടറി കണ്ണ് നിറഞ്ഞു.

പിന്നീടെല്ലാം പെട്ടന്നായിരുന്നു..
പേരിനൊരു ചടങ്ങുമാത്രം നടത്തി വിനുവേട്ടൻ എന്റെ കഴുത്തിൽ താലിയണിഞ്ഞു. എല്ലാത്തിനും ഒരു പുഞ്ചിരിയോടെ സാക്ഷിയായി അമ്മയുടെ തോളിൽ അച്ചുവാവയും.

കണ്ണീരുപ്പുചേർന്ന അമ്മയുടെ അനുഗ്രഹം വാങ്ങി അച്ചുവവയുമായി പടിയിറങ്ങുമ്പോൾ ചുറ്റിലും കൂടിയ പലരും എന്റെ തീരുമാനത്തെയും വലിയ മനസ്സിനേയും വാനോളം പുകഴ്തി പറയുന്നുണ്ടായിരുന്നു..

ഇവിടെ ചെറുതായി അലങ്കരിച്ച മണിയറയിൽ ഇരുന്ന് അച്ചുവാവക്ക് നിപ്പിൾക്കുപ്പിയിൽ പാൽകൊടുക്കുമ്പോഴും മനസ്സിലെ ചിന്തമുഴുവൻ അമ്മയെകുറിച്ചായിരുന്നു..
പാവം ഇനിമുതൽ അമ്മ വീട്ടിൽ തനിച്ചാണ്,
അച്ഛൻ മരിച്ചതിൽ പിന്നെ ഞാനും ചേച്ചിയും ആയിരുന്നു അമ്മയുടെ കൂട്ട്…
ഇന്നിപ്പോൾ ആരുമില്ലാതെയായി.
ഓർത്തപ്പോൾ കണ്ണ് ഈറനണിഞ്ഞു.

എത്ര പ്പെട്ടാണെന്നാണ് ജീവിതം തലകീഴെ മറിഞ്ഞത്.
ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരാളുടെ ഭാര്യയായത്..
അല്ലെങ്കിലും ജീവിതം ഇങ്ങനെയൊക്കെയാണ്. ഇമചിമ്മിത്തുറക്കുന്ന നേരം മതി എല്ലാം തലകീഴെയാവാൻ.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അത് വിനുവേട്ടനാവും എന്നുറപ്പായിരുന്നു.
പേരിനൊരു ചടങ്ങായിരുന്നെങ്കിലും ഇന്നെന്റെ ആദ്യരാത്രയാണല്ലോ.
ഒരു മണവാളൻ ആയി തന്നെയായിരുന്നു വിനുവേട്ടൻ വന്നിരുന്നത് വെള്ള മുണ്ടും ഷർട്ടും ചന്ദനക്കുറിയും എല്ലാമുണ്ട്, ചുണ്ടിലൊരു പുഞ്ചിരിയും.

എന്താ മീനു ഇങ്ങനെ നോക്കുന്നത്. എന്റെ വേഷം കണ്ടിട്ടാണോ..
എന്റെ രണ്ടാം കെട്ട് ആണെങ്കിലും നിന്റെ ആദ്യരത്രയല്ലേ ഇന്ന്, അതിനൊരു മാറ്റ് കുറയണ്ട എന്നുകരുതിയാണ് ഞാൻ.. ഇത്രയും പറഞ്ഞു വിനുവേട്ടൻ എന്നെ അടിമുടിയൊന്ന് നോക്കി..
ചെല്ല് പോയി കുളിക്ക്‌ രാവിലെ മുതൽ ഈ വേഷത്തിലല്ലേ.. ഒന്ന് ഫ്രഷ് ആവട്ടെ
എന്നിട്ട് അടുക്കളയിൽ പോയി പാലുമെടുത്തു ഒരു മണവാട്ടിയായി വേണം തിരികെ വരാൻ.. കേട്ടല്ലോ.

ഞാനൊന്ന് ചിരിച്ചു വശ്യമായൊരു
പുഞ്ചിരി..
പെട്ടെന്ന് തന്നെ കുളിച്ചു വൃത്തിയായി പാലുമായി ഞാൻ മണിയറയിലേക്ക് ചെന്നപ്പോൾ വിനുവേട്ടൻ അക്ഷമനായി എന്നെ കാത്തിരിക്കുകയായിരുന്നു..
പതിയെ വിനുവേട്ടന് ഞാൻ കയ്യിലെ പാൽ നീട്ടി.
പാതികുടിച്ചു വിനുവേട്ടൻ ഗ്ലാസ് എനിക്കുനേരെ നീട്ടിയപ്പോൾ ഞാൻ അത് വാങ്ങി പതിയെ ജനലിന്റെ അടുത്തേക്ക് നടന്നു..

ജനൽ കമ്പിയിൽ പിടിച്ചു തിരിഞ്ഞു നിന്നു ചോദിച്ചു.

വിനുവേട്ടന് എന്നെ ശരിക്കും ഇഷ്ടമാണോ..
അതെന്താ മീനു നീ അങ്ങനെ ചോദിച്ചത്.
ഹേയ് ഒന്നല്ല ചുമ്മാ അറിയാൻ..
അതേടോ ഇപ്പം തൊട്ട് എനിക്ക് നിന്നെ ഇഷ്ടാണ്…മറ്റാരേക്കാളും
അപ്പൊ ഞാനീ കല്യാണത്തിന് സമ്മതിച്ചില്ലായിരുന്നെങ്കിലോ…
അത്…
ആരുമറിയാതെ എന്നെയും കൊല്ലുമായിരുന്നോ.. എന്റെ ചേച്ചിയെ കൊന്നതുപോലെ..
അയാളൊന്ന് ഞെട്ടി ഇതുവരെയും അണിഞ്ഞിരുന്ന മുഖം മൂടി അഴിഞ്ഞുവീണതിന്റെ ഞെട്ടൽ..

മീനു..
മിണ്ടരുത്..
താൻ എന്താടോ കരുതിയെ ഞാനൊന്നും അറിഞ്ഞിട്ടില്ലെന്നോ.. അതോ തന്റെ കപട സ്നേഹത്തിനുമുന്നിൽ വീണുപോയെന്നോ..
എന്റെ ശരീരം കൊതിച്ചു എന്റെ പാവം ചേച്ചിയെ കൊന്ന തന്നോടുള്ള പകപോക്കലാണെടോ ഈ കല്യാണം.
ഞാൻ മെനഞ്ഞെടുത്ത ആസൂത്രിത തിരക്കഥ.

അവസാനം എല്ലാം ഞാൻ കരുതിയ പോലെ തന്നെയായി.
നിന്റെ കുഴിതേടി നീ എന്റെ അടുത്തേക്ക് തന്നെ വന്നു. ഇനി ഈ ലോകത്തു നിമിഷങ്ങൾ മാത്രമാണ് നിന്റെ ആയുസ്സ്. അത്രയും വിഷമാണ് ഈ പാലിനൊപ്പം നീ അകത്താക്കിയത്.. നീ അറിയണം എന്റെ ചേച്ചി അനുഭവിച്ച വേദന എത്രയായിരുന്നെന്ന്.. പ്രണവായുവിന് വേണ്ടി പിടയുന്നത് ഈ കണ്ണുകൊണ്ട് കാണണം എനിക്ക്..

ഡീ നായെ നിന്നെ ഞാൻ… എന്നലറി അയാൾ എനിക്ക് നേരെ കയ്യോങ്ങി.. പക്ഷെ
പെടുന്നനെ അത് നിശ്ചലമായി. അയാളുടെ കണ്ണുകൾ പുറത്തേക്കുന്തി ശ്വാസനിശ്വാസം ഉയർന്നുപൊങ്ങി പതിയെ ഒരു പാഴ്മരം കണക്കെ ബെഡിലേക്ക് വീണു.
വായിലൂടെ പതയും ചോരയും പുറത്തേക്കൊഴുകി പ്രാണവായുവിന് വേണ്ടി പിടയുന്ന അയാളെ നോക്കി വിജയചിരി ചിരിച്ചു അച്ചുമോനെയും എടുത്ത് ഞാൻ പുറത്തേക്കിറങ്ങി നടന്നു.

ഇനി ഇവനെ എന്റെ അമ്മയെ ഏൽപ്പിക്കണം..
ഈ കൊലപാതകത്തിന്റെ ശിക്ഷ കഴിഞ്ഞു തിരിച്ചുവന്ന് അവന് അമ്മയാകണം…

ശുഭം.

ഉനൈസ്

LEAVE A REPLY

Please enter your comment!
Please enter your name here