Home Latest “മൂന്ന് നേരമുണ്ണാണും താമസിക്കാനൊരു വീടുമായാൽ എല്ലാമായെന്നാണോ വിചാരമെന്ന്.. ”

“മൂന്ന് നേരമുണ്ണാണും താമസിക്കാനൊരു വീടുമായാൽ എല്ലാമായെന്നാണോ വിചാരമെന്ന്.. ”

0

കൂട്ടുകാരൊത്ത് കറങ്ങി തിരിഞ്ഞ് വീട്ടിലേക്ക് ചെന്നു കയറിയപ്പോഴാണ്
സഹധര്‍മ്മിണി ആനയിടയുന്ന പോലെ ഇടഞ്ഞത്..
ഒരു നർമ്മവുമില്ലാതെ കണ്ണു തുറിച്ചെന്നെ നോക്കിയത്..

ഞാൻ കെട്ടിയ താലി അവളിൽ ഉണ്ട്. പാപ്പാനാണ് താപ്പാനാണ് എന്നതൊന്നും ദേഷ്യം മൂക്കത്ത് വന്നാൽ അവൾ നോക്കില്ല..

മീശ പിരിച്ച ആണാണ് നെഞ്ച് കരിങ്കല്ലാണ് എന്നൊന്നും കാത്തിരുന്നു കാണാതായാൽ അവൾ നോക്കില്ല..

എല്ലാം ക്ഷമിക്കാനും സഹിക്കാനും പഠിച്ച ഒരു പാവം പെണ്ണാണവളെന്നാലും ചില ചോദ്യങ്ങളങ്ങവൾ ഹൃദയത്തിലേക്ക് തൊടുത്തു വിടും..

അങ്ങനെയാണ് ഇന്നുമൾ ചോദിച്ചത് ..
“മൂന്ന് നേരമുണ്ണാണും താമസിക്കാനൊരു വീടുമായാൽ എല്ലാമായെന്നാണോ വിചാരമെന്ന്.. ”

ഈ ചോദ്യത്തിന് മുമ്പിൽ നിന്നു ബ ബ അടിക്കുമ്പോഴും ഞാൻ ചോദിച്ചു നിനക്ക് എന്താണൊരു കുറവ് ഇവിടെ എന്ന്..

ഉടുത്തൊരുങ്ങാൻ വല്ല കുറവുമുണ്ടോ നിന്നോട് അങ്കം വെട്ടാൻ ഈ വീട്ടിൽ ആരേലുമുണ്ടോ?
അങ്ങനെ വഴക്കും അങ്കവും ഉണ്ടാകാതെ ഇരിക്കാനല്ലേ അമ്മ ഈ വീടിന്റെ ഭരണം നിന്നെ ഏൽപ്പിച്ചത് ഇന്നിപ്പോ എന്താ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ..

അവൾ ഉത്തരം പറഞ്ഞത്
ഒന്നുകിൽ കൂട്ടുകാരോടൊപ്പം തന്നെ അങ്ങട്ട് കൂടിയാൽ മതിയെന്നാണ്..

ഞാനും വിട്ടു കൊടുത്തില്ല
നിന്നെ കെട്ടണത് മുമ്പേ ഉള്ള കൂട്ടാണെടീ അവർ എന്ന്.
ഞാനൊന്ന് പറഞ്ഞു ഞാൻ വാ അടിച്ചില്ല അതിനു മുമ്പേ കലി തുള്ളിയവൾ പറഞ്ഞു..
ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട..

ധർമ്മിണി കലി തുള്ളിയാൽ പിന്നെ മൗനമാണ് ഭൂഷണമെന്ന് തിരിച്ചറിഞ്ഞ് ഞാൻ പിരിച്ച മീശയെല്ലാം താഴ്ത്തി മൗനം ഭുജിച്ചു..

ലോകത്തുള്ള ഭാര്യമാർക്കൊന്നും ഭർത്താവിന്റെ കൂട്ടുകാരെ കണ്ണെടുത്താൽ കണ്ടു കൂടാ .എന്താ കാര്യമെന്നെന്നാലും നേരിലൊന്നു കണ്ടു മുട്ടിയാലോ അഭിനയിച്ചങ്ങ് തകർക്കും..

എനിക്കറിയാം കൂട്ടുകാരുമൊത്ത് സമയം ചിലവിടുമ്പോൾ വീട്ടിലവൾ മിണ്ടാനും പറയാനും ആളില്ലാതെ ഞങ്ങളെയൊക്കെ പ്രാകി ഇരിക്കുകയാണെന്ന്..

ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള കാര്യങ്ങൾ ചിലപ്പോൾ അവൾ ഓർക്കില്ല എങ്കിലും എന്റെ കാര്യമവൾ ഓർക്കും അതു കുറ്റമാണേലും നല്ലതാണേലും..

എങ്കിലും ഞങ്ങളുടെ തർക്കങ്ങളും ബഹളവും കലപിലകളൊന്നും കിടപ്പുമുറിക്കപ്പുറം പോവാറില്ല..

കാരണം ഉമ്മറത്ത് അച്ഛൻ ഇരിപ്പുണ്ട് ഉപദേശിക്കലെല്ലാം ഈ അടുത്ത കാലത്താണ് അച്ഛനൊന്നു നിർത്തിയത്..

വീടിന്റെ വിളക്കായ് അമ്മ ഇരിപ്പുണ്ട് വഴക്കും ബഹളവും അതൊന്നും അമ്മക്ക് സഹിക്കാനാവില്ല..

വീട്ടിൽ പെങ്ങളൊരുത്തി വളർന്നു വരുന്നുണ്ട് ഇതൊന്നും അവൾ കണ്ടു പഠിക്കരുത്..

തുള്ളലാട്ടമെല്ലാം ഒരു രാത്രി കൊണ്ട് പറഞ്ഞു തീർക്കുമ്പോൾ കണ്ണീരും പുഞ്ചിരിയും അവളിൽ വരാറുണ്ട് എങ്കിലും പുതിയ പുലരിയിലേക്ക് എത്തി നോക്കുമ്പോൾ തലേന്നത്തെ കോലാഹലമെല്ലാം മാഞ്ഞിരുന്നു..

പിണക്കങ്ങളും പരിഭവങ്ങളും ഇണക്കങ്ങളുമായി സഹന വണ്ടി മുന്നോട്ടു പോവുമ്പോഴാണ് അവൾ അടുക്കള ഭാഗത്ത് നിന്ന് ഛർദ്ദിക്കുന്നത് ഞാൻ കണ്ടത്..

ദൈവമെന്റെ എന്റെ പ്രാര്‍ത്ഥന കേട്ടു എന്നും പറഞ്ഞ് അമ്മ അവളുടെ അടുത്തേക്ക് ഓടുന്നത് ഞാൻ കണ്ടത്..

പിറ്റേ ദിവസം മുറ്റത്തെ പുളി മാവിൽ നോക്കിയവൾ കണ്ണിറുക്കിയപ്പോഴാണ്..
അവളുടെ ആഗ്രഹങ്ങൾക്ക് തോട്ടി കെട്ടി മാങ്ങ പറിക്കാൻ ഞാൻ മാവിൽ വലിഞ്ഞു കയറിയത്..
എള്ളോളമുള്ള അവളുടെ ആഗ്രഹങ്ങൾക്കെല്ലാം ഞാൻ കൈ കോർകോർത്തത്..

നാളുകൾ തള്ളി പോവുമ്പോൾ അവളിലൊരു മാറ്റം ഞാൻ കാണാൻ തുടങ്ങിയിരുന്നു..

മാസമടുത്ത് വരുമ്പോൾ
അമ്മ അവളെ അടുക്കളയിൽ നിന്ന് ഓടിക്കുന്നത് ഞാൻ കണ്ടിരുന്നു..

ഏട്ടത്തിയമ്മ അടങ്ങി ഒരു ഭാഗത്ത് ഇരുന്നാൽ മതി എന്ന് പെങ്ങൾ പറയുന്നത് ഞാൻ കേട്ടിരുന്നു..

പ്രസവ ദിവസമവൾ ഒന്നേ എന്നോട് ആവശ്യപ്പെട്ടുള്ളു പറഞ്ഞുള്ളൂ..
അത് അവളുടെ കൂടെ തന്നെ നേരമിരിക്കണമെന്നാണ്..

അവളിലതു വരെ കാണാത്ത ഒരു ഭയവും പ്രാർത്ഥനയും കണ്ടപ്പോൾ എന്നിലെ പിടച്ചിൽ പുറത്തു കാണിക്കാതെ ഞാനവളുടെ ചാരെ ഇരുന്നു ഏറെ സംസാരിച്ചു..

അവൾ പുഞ്ചിരിച്ചു ലേബർ റൂമിലേക്ക് പോവുമ്പോൾ ഒരത്ഭുതം കണക്കെ ഞാനവളെ നോക്കി..

അതിനു ശേഷം അവളെ ഓർത്ത് പ്രസവ വാര്‍ഡിന്റെ മുന്നിൽ ഇരിക്കപ്പൊറുതിയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടന്ന എന്നെയവൾ കണ്ടു കാണില്ല..

വൈകുന്ന ഓരോ നിമിഷവും ഉള്ളം പിടഞ്ഞ എന്നെയവൾ കണ്ടു കാണില്ല..

ലേബർ റൂമിന്റെ വാതിൽ തുറന്ന് നേഴ്സു പറഞ്ഞ പേടിക്കാനൊന്നുമില്ലെന്ന വാക്കുകളിൽ ശ്വാസമൊന്നു നേരെ വീണ എന്നെയും കണ്ടു കാണില്ല..

ഇതൊന്നും അവൾ മല്ലിട്ടു വന്ന വേദനകൾക്ക് മുമ്പിൽ ഒന്നുമല്ല എന്ന് എനിക്കറിയാം..

അവളുടെ പുഞ്ചിരിയും കുഞ്ഞിന്റെ കരച്ചിലും മറ്റൊരു സന്തോഷമായി എത്തുമ്പോൾ അവളുടെ സ്ഥാനം ഒരു പടി ഉയരെ ആയിരുന്നു..

കുഞ്ഞു രാജാവ് വീട് അടക്കി വാഴാൻ തുടങ്ങുമ്പോൾ അവളിലൊരു സൂക്ഷ്മത ഞാൻ കണ്ടിട്ടുണ്ട്..

മാസങ്ങൾ കടന്നു പോയി ഞാൻ പലതും മറന്നു..
ചിലപ്പോഴെല്ലാം വൈകി എത്തുമ്പോൾ
തൊട്ടിലിലെ കുഞ്ഞുറങ്ങിയോ എന്നേ ഞാൻ ചോദിക്കാറുള്ളു..

അവൾ ഉറങ്ങാതെ എന്നെ കാത്തിരിക്കുകയാണെന്നത് ഞാൻ മറന്നിരുന്നു..

അവളുടെ ഒക്കത്തിരുന്ന് കൊച്ചു കരയുമ്പോൾ ഞാൻ അവളെ ചീത്ത വിളിക്കാറേയുള്ളു കുറ്റപ്പെടുത്താറേയുള്ളു..
അവൾ മാസങ്ങൾ നോവ് സഹിച്ചത് ഞാനോർക്കാറില്ല..

ഒരിക്കൽ എല്ലാറ്റിനും കൂടി ഒറ്റക്കിരുന്നവൾ കരഞ്ഞപ്പോഴാണ് മറന്നു പോയതെല്ലാം ഞാനോർത്തെടുത്തത്..

അന്നേരമവളെ ചേർത്തു പിടിച്ചത് ഒരു ക്ഷമാപണം പോലെ ആയിരുന്നു..

അന്നേരമെനിക്ക് തോന്നിയിരുന്നു അവളിനി തെറ്റുകൾ കണ്ടാൽ പഴയതു പോലെ പ്രതികരിക്കില്ല വേദനകളെ ഒരിക്കലും അവൾക്ക് ബഹളം വെച്ചു തീർക്കാനാവില്ല കണ്ണീരിലാഴ്ത്താനെ കഴിയൂ കാരണം അവളിപ്പോൾ ഒരമ്മയാണ്..

അവൾ ചിലവുകളെ പറ്റി സംസാരിക്കും ഭാവിയെ ഓർത്തു വേവലാതിപ്പെടും കാരണം അവളിപ്പോൾ നോക്കുന്നത് വളർന്നു വരുന്നതിൻ ഭാവിയാണ്..

അവൾ മാറുന്നത് ഒരമ്മയിലേക്കാണ്..
അവളിലാകെയൊരു സൂക്ഷ്മത കാണുമ്പോൾ
എനിക്കും തോന്നാതിരുന്നില്ല ഒരച്ഛനിലേക്ക് മാറാൻ സമയമായെന്ന്..

രചന ; എ കെ സി അലി

LEAVE A REPLY

Please enter your comment!
Please enter your name here