Home Latest നാട്ടുകാരുടെയുമെല്ലാം പരിഹാസപാത്രമായിട്ടാണ് ഞാൻ ഇന്ന് ഈ ചടങ്ങിന് നിന്നു കൊടുക്കുന്നത്…

നാട്ടുകാരുടെയുമെല്ലാം പരിഹാസപാത്രമായിട്ടാണ് ഞാൻ ഇന്ന് ഈ ചടങ്ങിന് നിന്നു കൊടുക്കുന്നത്…

0

“ഒരുക്കം കഴിഞ്ഞില്ലേ ഇതുവരേ..രണ്ടാം കെട്ടാണ് ..എന്നിട്ടും നാണം ഇല്ലാലോ..നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ ..അച്ഛന്റെ തീരുമാനം ആണെന്നും പറഞ്ഞു നിനക്കു രക്ഷപെടാം …

ആൾക്കാരുടെ കുത്തിയുള്ള ചോദ്യങ്ങൾക്ക് ഞങ്ങളാണ് മറുപടി പറയേണ്ടത് ..”എന്തുപറഞ്ഞാലും ഇരുന്നു കരഞ്ഞോളും ..നാശം .”എന്നോടുള്ള അരിശം പറഞ്ഞിട്ടൊന്നും തീരാതെ ചവിട്ടി തുള്ളി ഏട്ടത്തി പോയി..

നീണ്ട 16 വർഷങ്ങൾക്ക് ശേഷം വീണ്ടും..,ഒരു പുതിയ ജീവിതത്തിലേക്ക് കടക്കാൻ പോവാണ് കുടുംബക്കാരുടെയും ,നാട്ടുകാരുടെയുമെല്ലാം പരിഹാസപാത്രമായിട്ടാണ് ഞാൻ ഇന്ന് ഈ ചടങ്ങിന് നിന്നു കൊടുക്കുന്നത് …

വർഷങ്ങള്ക്കു മുൻപ്, ഞാൻ ഒരുപാട് ആഗ്രഹിച്ച ജീവിതമാണ് ഇന്ന് എനിക്ക് കിട്ടാൻ പോവുന്നത് ,എന്നാൽ അങ്ങനെയൊരു സന്തോഷം ഇപ്പോഴെന്റെയുള്ളിൽ ഇല്ല ..

എന്റെ മോൾക്ക് വിദ്യാഭ്യാസവും ,നല്ല ഭക്ഷണവും സ്വസ്ഥമായിട്ടുള്ള ഒരു ജീവിതവും അത് മാത്രമേ ഇപ്പൊ ഞാൻ ആഗ്രഹിക്കുന്നുള്ളു..അതിനു വേണ്ടി മാത്രമാണ് ചുറ്റുമുള്ളവരുടെ കുത്തുവാക്കുകൾ കേട്ടില്ലെന്നു വെച്ചു ഈ കല്യാണത്തിന് ഒരുങ്ങിയത് ..

വർഷങ്ങൾക്കു മുൻപ് ആദ്യമായി ഒരാളുടെ താലിക്ക് നിന്നു കൊടുത്തത് മനസ്സ് കൊണ്ട് ഒരിക്കലും ഇഷ്ടപ്പെടാതെയാണ് ..പ്രതാപിയായ അച്ഛന്റെ തീരുമാനങ്ങളെ അനുസരിച്ചിട്ടാണ് വീട്ടിൽ എല്ലാവരും അന്ന് വരെയും കഴിഞ്ഞിരുന്നത്…

എന്നിട്ടും അമ്മയുടെയും ഏട്ടന്റെയും കാലുപിടിച്ചു പറഞ്ഞു നോക്കി എനിക്ക് ഇപ്പൊ കല്യാണം വേണ്ടെന്ന് ..അവർക്ക് ആർക്കും തന്നെ അച്ഛനോട് അത് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല…

അച്ഛന് വാശിയായിരുന്നു ,ഈ കല്യാണം തന്നെ നടത്തണം എന്ന്..അതിനു കാരണം ഉണ്ട് ..

എന്റെ പ്രണയം അച്ഛന്റെ കാതിൽ ആരോ എത്തിച്ചു കൊടുത്തിരുന്നു ..തറവാടിന്റെ അന്തസ്സിന് യോജിക്കാത്ത ബന്ധം ആണെന്നായിരുന്നു എന്റെ ഇഷ്ടത്തെ പറ്റിയുള്ള അച്ഛന്റെ കണ്ടുപിടുത്തം..

അതിലും ഉപരിയായി അച്ഛനെ ധിക്കരിച്ചു എന്ന തോന്നലാണ് പെട്ടെന്നുള്ള എന്റെ കല്യാണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത് ..അച്ഛന്റെ വാക്കിന് എതിർവാക്കില്ല..മകളുടെ മനസ്സിന്റെ വേദനയേക്കാൾ അച്ഛന് വലുത് തറവാടിന്റെ അന്തസ്സും അച്ഛന്റെ എവിടെയും തോൽക്കാത്ത ഏകാധിപത്യ മനസ്സിന്റെ വിജയവുമായിരുന്നു ..

കോളേജിൽ വെച്ചു തുടങ്ങിയ ആരാധനയായിരുന്നു ദേവനോടെനിക്ക് …പ്രസംഗവും ..കഥയും കവിതയുമൊക്കെയുള്ള അവനെ എല്ലാവർക്കും ഇഷ്ടമായിരുന്നു..മൂക പ്രണയം മാത്രമായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്..

ഞാൻ അവനെ ശ്രദ്ധിച്ചു തുടങ്ങുന്നതിനു മുൻപേ അവനെന്നെ ഇഷ്ടമായിരുന്നു …രണ്ടുപേരും തുറന്നു പറഞ്ഞിട്ടില്ല…ഒരിക്കൽ ഒരു കവിത എഴുതി എനിക്ക് തന്നു …വായിച്ചിട്ട് അഭിപ്രായം പറയാൻ പറഞ്ഞു ..ആ കവിതയിൽ നിറഞ്ഞു നിന്നിരുന്നത് ഞാൻ ആയിരുന്നു …

വായിച്ചപ്പോഴേ എനിക്ക് മനസ്സിലായി.. ദേവന്റെ മുഖത്തു നോക്കാതെ കവിത ഇഷ്ടമായെന്നും പറഞ്ഞു തിരിച്ചു കൊടുത്തു..പിന്നീട് ഇടക്കൊക്കെ കാണുമ്പോൾ ഒന്ന് ചിരിക്കും ….പിന്നെ..പിന്നെ ..എന്തെങ്കിലും ഒക്കെ സംസാരിക്കാൻ തുടങ്ങി ..രണ്ടു പേർക്കും അറിയാമായിരുന്നു ഇഷ്ടമാണെന്ന് ..തുറന്നു പറഞ്ഞില്ല ..വീട്ടിൽ എനിക്ക് കല്യാണം ആലോചിക്കണുണ്ട്‌

എന്നറിഞ്ഞപ്പോഴാണ് .,ദേവൻ എന്നെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് എന്നോട് പറഞ്ഞത് …അതിനു മുൻപേ അച്ഛൻ അറിഞ്ഞിരുന്നു ദേവനും ഞാനും അടുപ്പത്തിലാണെന്ന് ..

അച്ഛന് ആ വാർത്ത കേട്ട അരിശത്തിൽ ,വീട്ടിൽ കല്യാണം ആലോചിച്ചു വരുന്നതിനുമുന്പ് തന്നെ വഴിയിൽ വെച്ചു കണ്ടപ്പോൾ ദേവേട്ടനെ അപമാനിച്ചു…അച്ഛന്റെ മോളെ സ്വപ്നം കാണാൻ പോലും യോഗ്യത ഇല്ലെന്നും പറഞ്ഞു അധിക്ഷേപിച്ചു …പിന്നീട് ദേവേട്ടനെ ഞാൻ കണ്ടിട്ടേയില്ല…

മാസങ്ങൾക്കകം അച്ഛന്റെ താല്പര്യം മാത്രം മുഖവിലക്കെടുത്തു അച്ഛനു തൃപ്തിയായ ഒരു ചെക്കനെ കൊണ്ട് എന്റെ കഴുത്തിൽ താലി കെട്ടിച്ചു..അച്ഛന്റെ മരുമകന്റെ മഹിമകൾ വർണ്ണിക്കാൻ അച്ഛന് നൂറു നാവായിരുന്നു …പക്ഷേ

അച്ഛൻ അറിഞ്ഞില്ല ..അയാൾ വീട്ടുകാർക്ക് വേണ്ടിയാണ്‌ എന്നെ കല്യാണം കഴിച്ചതെന്ന്..അയാൾക്ക് വേറെ ഒരു പെണ്ണുമായി ബന്ധമുണ്ടായിരുന്നു..അയാളുടെ പ്രവാസ ജീവിതത്തിലെ കൂട്ട്…ദിവസങ്ങൾക്കകം അയാൾ തിരിച്ചുപോയി …എപ്പോഴോ അയാൾക്ക്‌ എന്നോട് തോന്നിയ നേരംപോക്കിനു എനിക്ക് കിട്ടിയ നിധിയാണ് എന്റെ മോൾ ….ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞിട്ട് പോലും അയാൾക്ക് എന്നോട് യാതൊരു സഹതാപവും തോന്നിയില്ല ..

പ്രസവത്തിനായി വീട്ടിലേക്ക് വന്ന എന്നെ ഒന്നു കാണുവാനോ തിരിച്ചു വീട്ടിലേക്ക് കൊണ്ട് പോവാനോ ആരും വന്നില്ല …അച്ഛന്റെ ബിസ്സിനെസ്സ് ഒക്കെ ക്ഷയിച്ചു കൊണ്ടിരുന്നു…

പഴയ പ്രതാപത്തിന്റെ ബാക്കിപത്രമായി തറവാട് മാത്രം ബാക്കിയായി …എന്റെ മോളെ പ്രസവിച്ചപ്പോൾ പോലും ഭർത്താവിന്റെ വീട്ടുകാർ ആരും തിരിഞ്ഞു നോക്കിയില്ല ..

ഭർത്താവിന് എന്നെയും മോളെയും വേണ്ട .,വീട്ടിലെ അവസ്ഥയും മോശമായി കൊണ്ടിരിക്കുന്നു ..ഞങ്ങളെ കാണാനോ സഹായിക്കാനോ വന്നു കഴിഞ്ഞാൽ ഞാനും മോളും ഒരു ബാധ്യതയായി മാറുമെന്ന് പേടിച്ചിട്ടാണ് അവരാരും എന്റെ മോളെ പോലും കാണാൻ വരാതിരുന്നത്

എന്റെ ദുർവിധി കണ്ടു ഒന്ന് പ്രതികരിക്കാൻ പോലുമാവാതെ അച്ഛൻ തളർന്നു …അച്ഛൻ എന്റെ ഭർത്താവിനെ വിളിച്ചു സംസാരിക്കാൻ ശ്രമിച്ചെങ്കിലും വ്യക്തമായ മറുപടി കൊടുക്കാതെ അയാൾ ഒഴിഞ്ഞു മാറി ..

പിന്നീട് പലരും പറഞ്ഞു കേട്ടു ..എന്റെ ഭർത്താവ് കൂടെയുണ്ടായിരുന്ന ആ കൂട്ടുകാരിയെ വിവാഹം ചെയ്‌തു എന്നൊക്കെ …എനിക്ക് വിഷമം ഒന്നും തോന്നിയില്ല ..ആകെയുള്ള ആശ്വാസമായിരുന്ന അമ്മയും മരിച്ചു …അമ്മയുടെ മരണത്തോടെ അച്ഛന് ഓരോരോ അസുഖങ്ങളായി ..

അച്ഛന് വയ്യാതായതോടെ ആങ്ങളയും ഭാര്യയുമായിരുന്നു വീട് ഭരിച്ചിരുന്നത് …ഒരു വേലക്കാരിയെപോലെ അവിടുത്തെ എല്ലാ ജോലികളും ചെയ്‌തിട്ടും അവരെന്നെയും മോളെയും ദ്രോഹിക്കുന്നതിൽ ഒരു കുറവും വരുത്തിയില്ല ..

ഏട്ടത്തിയുടെ പ്രവർത്തികൾ ചേട്ടൻ കണ്ടില്ലെന്ന് നടിച്ചു ..ആരോടും ഒരു പരാതിയും ഇല്ലാതെ ഞാനും എന്റെ മോളും അവിടെ കഴിഞ്ഞു പോന്നു …അച്ഛൻ എന്റെ അവസ്ഥയിൽ മനംനൊന്ത് ഓരോ അസുഖങ്ങളുമായി കിടപ്പിൽ തന്നെയായിരുന്നു …

എന്റെ മോൾ വല്യ പെണ്ണായപ്പോൾ പോലും ഒരു പുത്തനുടുപ്പ് വാങ്ങി കൊടുക്കാൻ ചേട്ടന് തോന്നിയില്ല …അവളെ പഠിപ്പിക്കുന്നത് തന്നെ വല്യ ഔദാര്യമായാണ് അവർ കണ്ടിരുന്നത് ….ഒരു യൂണിഫോം മാത്രമേ എന്റെ മോൾക്ക് ഉണ്ടായിരുന്നുള്ളൂ..എന്നും കഴുകി ഉണക്കി…പിഞ്ചി തുടങ്ങിയിട്ടും എന്റെ മോൾ ഒരു സങ്കടവും പുറത്തു കാണിച്ചിരുന്നില്ല ..

ഒരു ദിവസം മോൾക്ക് വയ്യാതെ ഹോസ്പിറ്റലിലേക്ക് പോവുന്ന വഴിയാണ് കോളേജിൽ സീനിയർ ആയിരുന്ന ജിത്തു നെ കണ്ടത് ..അവനെന്നെ കണ്ടിട്ട് ആദ്യം മനസ്സിലായില്ല ..”കാർത്തിക..നീയാകെ മാറിപ്പോയല്ലോ..എന്താ നിനക്കു പറ്റിയത് ..” അവന്റെ ചോദ്യങ്ങൾ കേട്ട് എന്റെ കണ്ണ് നിറഞ്ഞെങ്കിലും മറുപടിയായി ഞാൻ ഒന്ന് ചിരിച്ചു…

കുറച്ചു നേരം അവനോട് സംസാരിച്ചു..അവൻ പറഞ്ഞാണ് അറിഞ്ഞത് ..ദേവേട്ടൻ വല്യ നിലയിൽ ആണെന്നും കല്യാണം കഴിഞ്ഞു കുട്ടികൾ ഒന്നും ആയില്ലെന്നും …ഈ അടുത്തു ഭാര്യ മരിച്ചു പോയെന്നൊക്കെ…കേട്ടപ്പോൾ വിഷമം തോന്നി …

ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി ..എന്റെയും മോളുടെയും അവസ്ഥ കണ്ട് സഹതാപം തോന്നിയ ജിത്തു ദേവേട്ടനെ വിളിച്ചു കാര്യം പറഞ്ഞു …ദേവേട്ടൻ എനിക്കും മോൾക്കും എന്തു സഹായം ചെയ്യാനും ഒരുക്കമായിരുന്നു …

ജിത്തൂന്റെ കൈയിൽ ക്യാഷ് കൊടുത്തു വിട്ടെങ്കിലും അച്ഛൻ വാങ്ങിയില്ല ..പിന്നെയും പല സഹായങ്ങളുമായി ജിത്തു വന്നു എങ്കിലും ഞാനും അച്ഛനും ഒന്നും സ്വീകരിക്കാൻ തയ്യാറല്ലായിരുന്നു…എന്നിട്ടും ഏട്ടത്തി പറയുന്ന കുത്തുവാക്കുകൾക്ക് ഒരു കുറവും ഉണ്ടായില്ല …അച്ഛനോട് പോയി ഞാൻ സങ്കടം പറഞ്ഞു കരയും

…”എന്തിനാ അച്ഛാ എനിക്ക് ഇങ്ങനെയൊരു ജന്മം തന്നത് …ഭൂമിയോളം ക്ഷമിക്കണില്ലേ ഞാൻ ….ഇനിയും എന്നെ വെഷമിപ്പിക്കല്ലേ എന്നൊന്ന് പറഞ്ഞൂടെ അച്ഛന് ….ഒരു തെറ്റും ചെയ്യാതെ ചീത്തപ്പേര് കൂടി കേൾക്കാൻ എനിക്ക് കഴിയണില്ല ..”

എന്റെ സങ്കടങ്ങൾ കേട്ടാലും അച്ഛന് കണ്ണിൽ നിന്ന് കണ്ണുനീർ വരും എന്നല്ലാതെ മറ്റൊന്നും പറയുവാനാകുമായിരുന്നില്ല … ഒരു ദിവസം രാവിലേ അച്ഛൻ ജിത്തൂനെ വിളിപ്പിചിട്ട് ദേവേട്ടനെ ,അച്ഛന് ഒന്ന് കാണണം എന്ന് പറഞ്ഞു ….

ദേവേട്ടൻ വന്നു ..അച്ഛന്റെ വയ്യാത്ത അവസ്ഥ കണ്ടപ്പോൾ ദേവേട്ടന് വിഷമം ആയി …കുറെ ആശ്വസിപ്പിച്ചു ….അച്ഛൻ ദേവേട്ടനോട് പറഞ്ഞു ..”മോൻ ചെയ്‌ത സഹായങ്ങൾ ഒന്നും സ്വീകരിക്കാത്തതിൽ വിഷമം തോന്നരുത്..എന്റെ വാശിയിലും തീരുമാനങ്ങളിലും ഒരുപാട് കഷ്ടതകൾ എന്റെ മോൾ അനുഭവിച്ചു …

അവൾടെ ആരും അല്ലാത്ത ഒരാളിൽ നിന്നും സഹായം സ്വീകരിച്ചാൽ എല്ലാരും എന്റെ മോളെ കുറ്റപെടുത്തും ….ഇനിയും അവൾ കഷ്ടപ്പെടുന്നത് കാണാൻ എനിക്ക് വയ്യാ …ദേവന് ഇപ്പോഴും എന്റെ മോളോട് പഴയ ഇഷ്ടം മനസ്സിലുണ്ടെങ്കിൽ അവളെ ഭാര്യയായി സ്വീകരിക്കണം …ഗതികെട്ട ഒരച്ഛന്റെ അപേക്ഷയാണ് ..”

ദേവേട്ടന് നേരെ കൂപ്പിയ കൈകൾ പിടിച്ചു അദ്ദേഹം അച്ഛന് ഉറപ്പ് നൽകി ..ഏറ്റവും അടുത്ത മുഹൂർത്തത്തിൽ കല്യാണം നടത്താമെന്ന് ..അതിന് ശേഷം എന്റെ ആദ്യ വിവാഹമോചനത്തിനായി വേണ്ട കാര്യങ്ങളൊക്കെ ചെയ്‌തു..

എനിക്ക് എന്റെ മോളോട് ഈ കാര്യം പറയുന്നതോർത്തായിരുന്നു വിഷമം ..അവളെന്നെ തെറ്റിദ്ധരിച്ചാൽ പിന്നെ ഞാൻ ഇത്രയും കാലം അവളെയും നെഞ്ചിൽ ചേർത്ത് വെച്ച് അനുഭവിച്ചതൊക്കെ വെറുതെയാവും ..മോളെയും കെട്ടിപിടിച്ചു കിടക്കുന്പോൾ അവൾ എന്നോട് ചോദിച്ചു “അമ്മയുടെ കല്യാണം ഉണ്ടോ അമ്മേ ..?

അമ്മായി എന്തൊക്കെയോ പറയുന്നു ..”പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് എന്തു പറയണം എന്നറിയാതെ ഞാൻ വിഷമിച്ചു…”അമ്മേ ..അങ്ങനെ ആരെങ്കിലും അമ്മയെ കല്യാണം കഴിക്കാൻ വരാണെങ്കിൽ അമ്മ തടസ്സം ഒന്നും പറയരുത് ..നമുക്കു ഇവിടുന്ന് രക്ഷപെടാം അമ്മേ…എവിടെയാണെങ്കിലും ഇവിടുത്തെ അവസ്ഥയായിരിക്കില്ലല്ലോ ..”

അവളുടെ സംസാരം കേട്ട് ഞാൻ കരഞ്ഞു …”അമ്മായി പറയാണ് ..അമ്മ കല്യാണം കഴിഞ്ഞു പോവുമ്പോൾ എന്നെ കൂടെ കൊണ്ടുപോവില്ല എന്ന് ..എന്നാലും സാരല്യ ..എന്റെ അമ്മ കരയുന്നത് ഇനി എനിക്ക് കാണേണ്ടിവരില്ലല്ലോ..

”അതും പറഞ്ഞെന്റെ മോൾ പൊട്ടിക്കരഞ്ഞു ..”അമ്മേടെ കുട്ടിയില്ലാതെ അമ്മ എവിടേയും പോവില്ല..അമ്മായി പറയുന്നതൊന്നും മോൾ കേൾക്കാൻ നിക്കേണ്ട..അമ്മടെ കൂടെ തന്നെ മോളും ഉണ്ടാവും ..”ഞാൻ പറഞ്ഞത് കേട്ട ആശ്വാസത്തിൽ അവളെന്നേയും ചേർത്ത് പിടിച്ചുറങ്ങി..

ചെറിയൊരു ചടങ്ങിന് ശേഷം അച്ഛന്റെ അനുഗ്രഹത്തോടെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി..കഷ്ടപ്പാടുകൾ മാത്രം കണ്ട് വളർന്ന എന്റെ മോൾക്കും എനിക്കും സ്വർഗ്ഗ തുല്യമായിരുന്നു ദേവേട്ടന്റെ കൂടെയുള്ള ജീവിതം..അവൾക്ക് അച്ഛൻ തന്നെയായിരുന്നു ദേവേട്ടൻ.. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ എന്റെ അച്ഛനെയും ഞങ്ങൾടെ കൂടെ കൊണ്ട് വന്നു…

അസുഖങ്ങൾ എല്ലാം അച്ഛനെ ആകെ അവശനാക്കിയിരുന്നെങ്കിലും,എന്റെ സന്തോഷമുള്ള ജീവിതം കണ്ട് സമാധാനത്തോടെയാണ്‌ അച്ഛൻ ഞങ്ങളെ വിട്ടുപോയത് …ഇപ്പൊ രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു ….ഞാൻ ആഗ്രഹിച്ചതിലും എത്രയോ അധികം സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമാണ് ഇന്ന് എനിക്ക് ഉള്ളത് ..എന്റെ മോൾക്കിപ്പോൾ അച്ഛൻ മതി എന്തിനും

ദേവേട്ടന്റെ മോളാണെന്നേ അവൾ എല്ലാവരോടും പറയൂ..അത് ദേവേട്ടന്റെ നിർബന്ധമായിരുന്നു …ദേവേട്ടന്റെ ആഗ്രഹം പോലെ അവൾ നന്നായി പഠിക്കുന്നുണ്ട്…പഠിച്ചു ഡോക്ടർ ആവാനുള്ള തയ്യാറെടുപ്പിലാണ്..ദൈവത്തിന്റെ വരദാനം പോലെ വീണുകിട്ടിയ ഈ ജീവിതം എന്നും എന്നെന്നും ഇതുപോലെതന്നെ ആയിരിക്കണേ എന്ന പ്രാർത്ഥന മാത്രമേ ഇന്ന് എനിക്ക് ഉളളൂ…

രചന : സുൽത്താന

LEAVE A REPLY

Please enter your comment!
Please enter your name here