Home Latest അല്ലേലും എനിക്കിഷ്ടം ഇഷ്ടപ്പെട്ട പെൺകുട്ടിനേ സ്നേഹിച്ചു കെട്ടണതാ , അങ്ങനാണ് ഈ പെണ്ണിനെ കേറി പ്രേമിച്ചത്...

അല്ലേലും എനിക്കിഷ്ടം ഇഷ്ടപ്പെട്ട പെൺകുട്ടിനേ സ്നേഹിച്ചു കെട്ടണതാ , അങ്ങനാണ് ഈ പെണ്ണിനെ കേറി പ്രേമിച്ചത് , ഇതിപ്പോ അബദ്ധമായല്ലോ ഭഗവാനെ ?? ഇവളൊന്ന് മൈൻഡ് ചെയ്യണത് പോലും ഇല്ല , ..

0

എത്ര കാലമായി ഞാൻ ഇവളുടെ പുറകെ നടക്കുന്നു , ഇനിയെങ്കിലും ഇവൾക്കൊരു മറുപടി പറഞ്ഞൂടെ ???

എനിക്കെന്ത് കുറവുണ്ടായിട്ടാ ? നിറത്തിന് നിറം , കാണാനും അത്യാവശ്യം ലുക്ക് ഒക്കെ ഇല്ലേ ? ഇവളെക്കാളും എത്രയോ നല്ല പെൺപിള്ളേർ ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്തതാ! ,..

 

അല്ലേലും എനിക്കിഷ്ടം ഇഷ്ടപ്പെട്ട പെൺകുട്ടിനേ സ്നേഹിച്ചു കെട്ടണതാ , അങ്ങനാണ് ഈ പെണ്ണിനെ കേറി പ്രേമിച്ചത് , ഇതിപ്പോ അബദ്ധമായല്ലോ ഭഗവാനെ ?? ഇവളൊന്ന് മൈൻഡ് ചെയ്യണത് പോലും ഇല്ല , ..

 

കോളേജ് ടൂർ വന്നതാണ് ചങ്ക്സ് എല്ലാവരും അവരുടെ കമ്പനികളുമായി ചുറ്റി നടക്കുന്നു , സിംഗിൾസ് ആണേൽ പകുതി പഠിപ്പികളും , എന്ത് ബോറാ !!

 

ഐശ്വര്യ ഹരീന്ദ്രൻ ,. മൈ ലവർ ,…  അത്യാവശ്യം പൈസ ടീം ഒക്കെ ആണ്‌ ,

അതിന്റെയെല്ലാം  ജാഡയും , അഹങ്കാരവും അവൾക്ക് ആവശ്യത്തിൽ അധികം ഉണ്ട്   ,…

 

ഐശ്വര്യ റായി ആണെന്നാ ഭാവം , എന്താ അല്ലേലും ഇത്ര പ്രേത്യേകത , ഇത്തിരി തൊലിവെളുപ്പും , പിന്നെ ആരെയും ആകർഷിക്കുന്ന കണ്ണുകളും , മുട്ടിനു താഴെ മുടിയും ,..

 

എന്നാലും ????,… എനിക്കാകെ ഭ്രാന്തായി ,.. വരണ്ടായിരുന്നു ഇതിനൊന്നും , കോളേജ് ടൂർ , അവൾ ഇതിനിടയിലെങ്കിലും സെറ്റ് ആകുമെന്ന് വിചാരിച്ചതാണ് , അതുകൊണ്ടാണ് ഇല്ലാത്ത പൈസയും ഉണ്ടാക്കി ടൂറിന് വന്നത്‌ , ഇതിപ്പോ !!!!,…

 

എന്തൊരു പോസ്റ്റ് ആണ് ഈശ്വരാ !!! അർജുൻ ഒരു തൂണിൽ ആഞ്ഞിടിച്ചു ,.. കൈ പോയത് മിച്ചം ,…

 

******——**—-*********

 

ഓ അമൃത!!! അമൃത സുകുമാരൻ , ക്ലാസ്സിലെ അധികമൊന്നും ആരോടും മിണ്ടാത്ത പക്കാ സൈലന്റ് ആയ ഒരു കുട്ടി , പുള്ളിക്കാരി ഒറ്റയ്ക്ക് നിന്ന് താജ് മഹലിന്റെ ഭംഗി ആസ്വദിക്കുകയാണ് ,..

 

ഇതുവരെ മിണ്ടീട്ടൊന്നും ഇല്ല , ഒന്ന് മിണ്ടി നോക്കാം ചിലപ്പോൾ ലൈഫിലെ ബെസ്റ്റി ഇവളാണെങ്കിലോ ?, പിന്നെ പെൺപിള്ളേർക്കാവുമ്പോൾ പെണ്പിള്ളേരുടെ സൈക്കോളജി പെട്ടന്ന് മനസിലാവും ,.. .

 

‘ഇവളോടൊന്നു മുട്ടിയാൽ ചിലപ്പോൾ അവളെ സെറ്റ് ആക്കിതന്നേക്കും ,.. കമ്മോൺ മോനേ അർജുൻ ,…’

 

ഇത്തിരി ചടപ്പോടെ തന്നെയാണ് അവളെ സമീപിച്ചത് ,.. “ഹായ് അമൃത !”

 

ഇത്തിരി അത്ഭുതത്തോടെ അവൾ എന്നെ ഒന്ന് നോക്കി ,.  “ഹായ് ” അവൾ ഒന്ന് പുഞ്ചിരിച്ചു , പിന്നെ വീണ്ടും പഴയത് പോലെ താജ്മഹലിൽ നിന്ന് കണ്ണെടുക്കാതെ  നിന്നു ,..

 

ഇനി എന്ത് പറയും ?,..  “ഈ താജ്മഹൽ എത്ര മനോഹരമാലെ ? ദി ഗ്രേറ്റ്‌ ഇന്ത്യൻ ലവ് ”

അവൾ പുഞ്ചിരിച്ചു ,.. തിരിച്ചൊന്നും പറഞ്ഞില്ല ,.

. ശ്ശെ , ഇവളെന്താ ഇങ്ങനെ ? ഞാൻ ചടച്ചു പണ്ടാരമടങ്ങൂല്ലോ !!!

 

“അമൃത പ്രണയിച്ചിട്ടുണ്ടോ ?” അവൾ അവനെ ഒന്ന് നോക്കി ,..

“ഇല്ല ” , പെട്ടന്നുള്ള മറുപടിയിൽ നിരാശ തോന്നിയെങ്കിലും പ്രതീക്ഷ കൈ വിടാതെ അവൻ ചോദിച്ചു ,.. “അതെന്താ ?”

 

അവൾ ഒരു കോൺക്രീറ്റ് ബെഞ്ചിൽ ഇരുന്നു ,.. ഒപ്പം ഞാനും ,.. ” ഈ പ്രണയത്തിന്റെ നിറമെന്താ അർജുൻ ?”

 

അവളുടെ ആ ചോദ്യം എന്നിൽ കൗതുകമുണർത്തി , തോൽക്കാൻ പാടില്ലല്ലോ , ഒരൽപ്പം പോലും സങ്കോചം കൂടാതെ ഞാൻ പറഞ്ഞു ,.. “ചുവപ്പ് !!!”

 

അവൾ ഒന്ന് പുഞ്ചിരിച്ചു , പിന്നെ ശാന്തയായി എന്നെ നോക്കിപറഞ്ഞു , “വെളുപ്പെന്ന് ഞാൻ പറഞ്ഞാൽ അർജുൻ നിഷേധിക്കുമോ ? ”

 

ഞാൻ ഉറച്ചുതന്നെ പറഞ്ഞു ” പ്രണയത്തിന്റെ നിറം ചുവപ്പാണ് ,..” അവൾ ഒരു മറുചോദ്യം ചോദിച്ചു ,..

 

” അർജുന് അർജുന്റെ ലൈഫ് പാർട്ണറിനെ കുറിച്ചുള്ള സങ്കല്പങ്ങൾ എന്തൊക്കെയാണ് ?”

 

പൊളിച്ചു , ബോറടി മാറിക്കിട്ടി ,..

 

” എന്നെ നന്നായി മനസിലാക്കുന്ന കുട്ടിയാവണം , പിന്നെ നല്ല നിറം വേണം , അല്ല ഞാൻ വെളുത്തിട്ടാണല്ലോ , പിന്നെ മുട്ടിന് താഴെ മുടി വേണം , കാണാൻ നല്ല സൗന്ദര്യം ഉണ്ടാവണം ,..” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി ,…

 

അവളുടെ മുഖം അൽപ്പം മങ്ങിയിരുന്നു , കാരണം വേറൊന്നുമല്ല , അവൾ അൽപ്പം ഇരുണ്ടിട്ടാണ് , മുടിയും കുറവാണ് ,..  പറഞ്ഞത് അബദ്ധമായോ എന്ന് ഞാൻ സ്വയം ചിന്തിച്ചു ,….

എങ്ങനെ അബദ്ധമാവാൻ !!!എന്റെ സങ്കല്പങ്ങളാണ്ഞാൻ പറഞ്ഞത് ,…  ലൈഫ് പാർട്ണറെ കുറിച്ചു എല്ലാ പുരുഷനും സങ്കല്പങ്ങളുണ്ട് , സ്ത്രീകൾക്കുമില്ലേ സങ്കൽപ്പങ്ങൾ ?? ഒരു വെളുത്തു സൗന്ദര്യമുള്ള കുട്ടിയെ പ്രണയിക്കണമെന്നാഗ്രഹിച്ചെങ്കിൽ , വിവാഹം കഴിക്കണമെന്നാഗ്രഹിച്ചതിൽ എന്താ തെറ്റ് ?,..

 

” ഞാൻ പറഞ്ഞില്ലേ അർജുൻ , പ്രണയത്തിന്റെ നിറം വെളുപ്പാണ് ,..”

 

“അതിനോട് ഞാൻ യോജിക്കില്ല അമൃത ,..”

 

“എന്ത് കൊണ്ടാണ് അർജുൻ ?? ആണിന് പെണ്ണിന്റെ കാര്യത്തിൽ നിറം എന്നും ഒരു മാനദണ്ഡം ആണ്, സൗന്ദര്യം എന്നത് അവർക്കെന്നും വെളുപ്പാണ്  ”

 

ഒരു  തർക്കത്തിനുള്ള അവസരം ഉടലെടുത്തിരിക്കുന്നു , അവളുടെ മുന്നിൽ തോറ്റു കൊടുക്കാൻ വയ്യ

“അങ്ങനെ നിറം നോക്കി മാത്രം പ്രണയിക്കുന്നവരല്ല ഞങ്ങൾ ആണുങ്ങൾ !”

 

അവൾ എന്നെയൊന്ന് നോക്കി , ശരിയാ അബദ്ധമായിരിക്കുന്നു , ഒരു സെൽഫ് ഗോൾ അടിച്ചിരിക്കുന്നു ,..

 

“അപ്പോൾ അർജുന്റെ സങ്കല്പങ്ങളോ ?

അർജുൻ ഒരു വെളുത്ത പെൺകുട്ടിയെ വേണമെന്നല്ലേ പറഞ്ഞത്?,..”

 

മൂർഖൻ പാമ്പിനെയാണല്ലോ ഈശ്വരാ ചവിട്ടിയത് ,.. ഞാൻ മിണ്ടിയില്ല ,..

 

“മനുഷ്യൻ എന്നും വെളുപ്പിനെ സ്നേഹിക്കുന്നു , ഈ താജ്മഹൽ , ഷാജഹാൻ പണികഴിപ്പിച്ച പ്രണയസൗധം , വെളുത്ത മാർബിളിന് പകരം കറുത്തതായിരുന്നു  ഉപയോഗിച്ചതെങ്കിൽ ഇതിന്  നമ്മൾ ഈ സൗന്ദര്യം കാണുമോ ??”

 

ദൈവമേ പെട്ട് !!

അവൾ തുടർന്നു , ..

 

”  അതുപോലെ തന്നെയാണ് അർജുൻ , എല്ലാവരും , കറുപ്പ് വെളുപ്പിന് മുന്നിൽ എന്നും ഇൻഫീരിയർ ആണ് ,..

എത്ര സിനിമകളിൽ കറുത്ത നായികമാർ ഉണ്ട് ?? എത്രയോ നന്നായി അഭിനയിക്കാൻ അറിയാവുന്നവർ കറുത്തതാണെന്ന പേരിൽ, സൗന്ദര്യമില്ലെന്നും പറഞ്ഞ്  , നായികാ വേഷത്തിൽ നിന്നും മാറ്റി നിർത്തപ്പെടുന്നു ??”

 

ഇവക്കെന്താ ഇപ്പോൾ സിനിമയിൽ അഭിനയിക്കണോ !!!

 

അവൾ സ്പീച് പോലെ തുടരുകയാണ് , നിശബ്ദത പാലിക്കുന്നത് തന്നെയാണ് നല്ലത് ,…

 

” ഒരു പെണ്ണുകാണാൻ ചെന്നാൽ പെണ്ണിന് നിറമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുന്ന എത്രയോ പുരുഷന്മാർ ഉണ്ട്?

, കറുത്ത ഭാര്യയെ വെറുപ്പോടെ നോക്കിക്കാണുന്ന എത്രയെത്ര പുരുഷന്മാർ ഉണ്ട് ? ”

 

ഇവള് പുരുഷന്മാരെ കരിവാരി തേക്കാൻ ഉള്ള ഉദ്ദേശമാണോ , വേണ്ട തർക്കിച്ചാൽ ശരിയാവില്ല , പറയട്ടെ !!!

 

“അർജുൻ പറയുമായിരിക്കും കറുത്ത പെൺകുട്ടിയെ കല്ല്യാണം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ ആണുങ്ങൾ ഉണ്ടെന്ന് , ശരിയാണ്‌ ,….

അത് ഭൂരിഭാഗത്തെ വെച്ച് നോക്കുമ്പോൾ വളരെ കുറവാണ് ,..

 

പെൺകുട്ടികൾ കല്യാണം കഴിക്കുന്നുണ്ട് കറുത്ത പുരുഷന്മാരെ , അപ്പോൾ നമ്മളവരെ നോക്കി പറയും , ഇവൾക്കിതിലും എത്രയോ നല്ല ചെക്കനെ കിട്ടുമായിരുന്നു !!!, തിരിച്ചും പറയാറുണ്ട് !!”

 

ശരിയാണ് , ആണല്ലോ! വല്ലാത്ത സമൂഹം , ഫീലിംഗ് പുച്ഛം !!!

 

” പിന്നെ നിങ്ങളെപോലുള്ളവരുടെ ഓരോരോ സങ്കല്പങ്ങളും ,.. ”

നമുക്കിട്ടാണ് താങ്ങ് , കൊച്ചെന്തായാലും പറയട്ടെ ,…

 

“ഏതെങ്കിലും ആൺകുട്ടി പറഞ്ഞു കേട്ടിട്ടുണ്ടോ , എനിക്ക്‌ കറുത്ത , സൗന്ദര്യമില്ലാത്ത , മുടിയില്ലാത്ത ഒരു പെണ്ണിനെ കെട്ടാനാണ് ആഗ്രഹമെന്ന് , ഇല്ലല്ലോ ,.

 

സൗന്ദര്യത്തിന്റെ നിറം വെളുപ്പാണെങ്കിൽ അർജുൻ , ഇപ്പോൾ പ്രണയത്തിന്റെ നിറവും വെളുപ്പ് തന്നെയാണ്  ,…

പിന്നെന്ത് ധൈര്യത്തിൽ  നിങ്ങളെപ്പോലെ ഒരു വെളുത്ത പെണ്ണിനെ പ്രണയിക്കാനാഗ്രഹിക്കുന്ന ഒരാണിനെ,  എന്നെപ്പോലെ കറുത്ത ഒരു  പെൺകുട്ടി പ്രണയിക്കും ?”

 

ഞാൻ ഉത്തരം മുട്ടി നിന്നുപോയി ,..

അവൾ എന്നെനോക്കി ,..

“ഐശ്വര്യയോട് ഞാൻ സംസാരിക്കാം , അതിന് വേണ്ടിയല്ലേ അർജുൻ എന്റടുത്തു വന്നത്‌ ,… ” ഞാൻ മിണ്ടിയില്ല ,…

 

“ശരി കാണാം !!” അവൾ എഴുന്നേറ്റു പോയി ,…

 

അവൾക്ക് മുന്നിൽ ഞാൻ സ്വയം ചെറുതായി ,..അവളുടെ ചോദ്യങ്ങൾക്കൊന്നും  എന്റടുത്തു ഉത്തരമുണ്ടായില്ല , സൗന്ദര്യത്തിന്റെ നിറം വെളുപ്പാണെന്ന് വിശ്വസിച്ച നമ്മൾ പ്രണയത്തിന്റെ നിറവും വെളുപ്പായി മാറ്റിയിരിക്കുന്നു ,…

 

എത്രയൊക്കെ തർക്കിച്ചാലും , ഇതുപോലുള്ള പല ചോദ്യത്തിന് മുന്നിലും തലകുനിച്ചു നിൽക്കേണ്ട അവസ്ഥ ആരാണ് വരുത്തിവച്ചത് ?? അവളുടെ ശരീരം കറുത്തതാണെങ്കിലും , മനസ്സ് വെളുത്തതാണ് ,…

സ്‌ക

വെളുപ്പ് വിശുദ്ധിയുടെ നിറമാണ് , പക്ഷേ പുറമേയാവരുത് അത് വേണ്ടത് ,.. അവളുടെ മനസ്സിൽ ഇതുപോലൊരു അപകർഷത ബോധം വളർത്തിയ എന്നെപ്പോലുള്ളവരുടെ മനസാണ് കറുത്തത് ,.. അതാണ് വെളുപ്പിക്കേണ്ടതും ,..

 

കുറ്റബോധം എന്നെ വേട്ടയാടി , ഞാൻ ഇത്ര സ്വാർത്ഥനായിപ്പോയല്ലോ , എല്ലാം അവൾ മനസ്സിലാക്കിയിരിക്കുന്നു , ഞാനെന്തിനാ അവളോട്‌ സംസാരിക്കാൻ പോയതെന്ന് പോലും ,..  വേണ്ടിയിരുന്നില്ല ,…

 

******—-******

“അർജുൻ ,… നോക്ക് , അവള് എന്നെ ചവിട്ടുന്നുണ്ട്ട്ടോ , അച്ഛന്റെ അതേ സ്വഭാവം തന്നെയാ , ഒന്നടങ്ങിയിരിക്ക് കുട്ടി ,.. ”

 

ഞാൻ അമൃതയുടെ ഉടലിനോട് ചെവി ചേർത്തു ,… ” എനിക്കൊരു മോളെ വേണം , അമൃതയെപോലെ കറുത്ത ഒരു  സുന്ദരിക്കുട്ടിയെ ”

 

#അനുശ്രീ

 

Repost

LEAVE A REPLY

Please enter your comment!
Please enter your name here