Home Latest “അനുവിനെ കൊല്ലരുത്. പ്ലീസ് ചേട്ടായീ.. സങ്കടം വരുന്നു..പറ്റുമെങ്കിൽ ആ സ്റ്റോറിയുടെ ക്ലൈമാക്സ് ഒന്ന് മാറ്റി എഴുതണം…”

“അനുവിനെ കൊല്ലരുത്. പ്ലീസ് ചേട്ടായീ.. സങ്കടം വരുന്നു..പറ്റുമെങ്കിൽ ആ സ്റ്റോറിയുടെ ക്ലൈമാക്സ് ഒന്ന് മാറ്റി എഴുതണം…”

0

കാന്താരിത്തോട്ടം

“സോറി ഫോർ കമിങ് ഇൻ യുവർ ഇൻബോക്സ്‌.. പറ്റുമെങ്കിൽ ആ സ്റ്റോറിയുടെ ക്ലൈമാക്സ് ഒന്ന് മാറ്റി എഴുതണം. അനുവിനെ കൊല്ലരുത്. പ്ലീസ് ചേട്ടായീ.. സങ്കടം വരുന്നു..”

ഞാനെഴുതി മുഖപുസ്തകത്തിലെ ഒരു പേജിൽ പോസ്റ്റിയ കഥയുടെ അവസാനഭാഗത്തിന് ശേഷം എനിക്ക് വന്ന മെസ്സേജുകളിൽ ഒന്നായിരുന്നു ഇത്. പലരിൽ നിന്നും ഇതേ അഭിപ്രായം കമന്റുകളായും മെസ്സേജായും കിട്ടിയെങ്കിലും മാറ്റി ചിന്തിക്കാൻ എനിക്ക് തോന്നിയില്ല. അവിടം വരെ കൊണ്ടെത്തിച്ച പാട് എനിക്കല്ലേ അറിയൂ. ആദ്യം മനസ്സിൽ വന്നത് ക്ലൈമാക്സ് ആയിരുന്നു. അതിലേക്കെത്താൻ വേണ്ടിയായിരുന്നു ആദ്യത്തെ മൂന്ന് ഭാഗങ്ങൾ തട്ടിക്കൂട്ടി ഒപ്പിച്ചത്.

വായനക്കാരിൽ അധികവും സ്ത്രീകളായിരുന്നു. ആദ്യാനുഭവം ആയത് കൊണ്ടോ അതോ ഇത്രയും പേർ അഭിനന്ദിച്ചത് കൊണ്ടോ എന്നറിയില്ല, അഹങ്കാരത്തിന്റെ അങ്ങേ അറ്റത്ത് നിൽക്കുമ്പോളാണ് ഇൻബോക്സിൽ ഈ മെസ്സേജ്. മാറ്റിയെഴുതാൻ പറ്റില്ലെന്നും, കഥ അവിടെ അവസാനിക്കുന്നെന്നും ഇനിയൊരു തുടർച്ച ഉണ്ടാകില്ലെന്നും ഉള്ള എന്റെ മെസേജിന് മ്ലാനമായ മുഖത്തിന്റെ സ്മൈലി കൊണ്ട് മറുപടി തന്നപ്പോൾ എനിക്കും പാവം തോന്നി. ഞാൻ വളരെ സൗമ്യനായി മറുപടി നൽകി.

“വേണമെന്ന് വിചാരിച്ചിട്ടല്ല. അത് അങ്ങനെ അവസാനിപ്പിക്കാനേ തരമുള്ളൂ..”

“സാരമില്ല ചേട്ടായി.. എന്തായാലും നന്നായി എഴുതീട്ടോ.. ഇനിയും എഴുതണം..”

അതെനിക്കങ്ങ് സുഖിച്ചു. ഞാനങ്ങ് പൊങ്ങിയെങ്കിലും ഷോയ്ക്ക് അല്പം വിനയം ചാലിച്ച് മറുപടി നൽകി.

“പിന്നെന്താ.. ഇനിയും ശ്രമിക്കാം..”

“ചേട്ടായി എന്ത് ചെയ്യുന്നു..?”

“ആം ആൻ ആർക്കിടെക്റ്റ്..”

കുറച്ച് ജാഡയിരിക്കട്ടെയെന്ന് ഞാനും കരുതി.

“ഓക്കേ.. ഒരു ഫ്രണ്ട്‌ലി ടോക്കിന് വേണ്ടി ചോദിച്ചെന്നേയുള്ളു.. ഡിസ്റ്റർബ് ചെയ്തതിൽ സോറി..”

“ഇറ്റ്സ് ഓക്കേ.. നോ പ്രോബ്ലം..”

ചാറ്റിങ് അവിടെ തീരുമെന്ന് ഞാൻ കരുതിയെങ്കിലും പിന്നെയും പലപ്പോഴായി മെസ്സേജ് വന്ന് കൊണ്ടിരുന്നു. വീട്, നാട്, ജോലി, ഭക്ഷണം അങ്ങനെ തുടങ്ങി പുതിയൊരു സൗഹൃദം അവിടെ പൊട്ടിമുളച്ചു. എന്നും നേരം പുലരുന്നത് അവളുടെ ഗുഡ്മോർണിംഗ് കണ്ടു കൊണ്ടായിരുന്നു. രാത്രി ഉറങ്ങാൻ പറഞ്ഞ് അവൾ പോയിട്ടും പുതിയ കഥകൾ വായിക്കാൻ ഞാൻ പിന്നെയും മുഖപുസ്തകത്തിൽ കണ്ണ് നട്ടിരുന്നു. പിറ്റേന്ന് ലാസ്റ്റ് സീൻ ടൈം കണ്ട് എന്നെ വിരട്ടാനും തുടങ്ങി.

വായന ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അവൾ ഒരു പാവമായിരുന്നു. എന്നോട് കൂട്ട് കൂടിയ ശേഷം നല്ല വഴക്കാളി ആയി. ഞാൻ അവളെ കാന്താരി എന്ന് വിളിച്ച് കളിയാക്കാൻ തുടങ്ങി. ആദ്യമൊക്കെ പരിഭവം കാട്ടിയെങ്കിലും പിന്നീട് ആ വിളി കേൾക്കാതിരിക്കാൻ അവൾക്കും പറ്റാതായി.

ആയിടക്ക് തന്നെ രണ്ടാമത്തെ കഥയും ഞാൻ പോസ്റ്റി. അതിനും തരക്കേടില്ലാത്ത പ്രതികരണം കിട്ടിത്തുടങ്ങി.

“നിങ്ങൾക്ക് ദുരന്തം മാത്രേ എഴുതാനറിയൂ..?”
“ഇയാളുടെ കഥകളൊക്കെ സാഡ് എൻഡിങ് ആണല്ലോ..”
തുടങ്ങിയ കമന്റുകൾ വീണ്ടും വന്ന് തുടങ്ങിയെങ്കിലും “ഇത് ചേട്ടായിയുടെ കഥ ആണോ..?” എന്ന് ആദ്യം എന്നോട് ചോദിച്ചത് കാന്താരി ആയിരുന്നു. അതെ എന്ന മറുപടിയിൽ തൃപ്തയാകാത്ത അവൾ അവസാനം എന്നെക്കൊണ്ട് കഥ മുഴുവൻ പറയിപ്പിച്ചിട്ടേ ഫോൺ വെക്കാൻ സമ്മതിച്ചുള്ളൂ.

പിണക്കങ്ങളും പരിഭവങ്ങളും കളിയാക്കലുകളും അടികൂടലുമൊക്കെയായി ഞങ്ങളുടെ സൗഹൃദം നാൾക്കുനാൾ അഗാധമായി. അവൾക്കൊരു എൻജിനീയറുടെ ആലോചന വന്ന കാര്യം എന്നോട് സൂചിപ്പിച്ചു. ഓൾ ദി ബെസ്റ്റ് പറഞ്ഞ എന്നോട് ഒന്നും മിണ്ടാതെ അവൾ കാൾ കട്ട് ചെയ്‌തു. ഒന്നും മനസ്സിലാകാതെ കാര്യമറിയാൻ വീണ്ടും വിളിച്ചെങ്കിലും അവൾ റിജെക്ട് ചെയ്ത് കൊണ്ടിരുന്നു. അന്ന് വൈകിട്ട് വിളിച്ചപ്പോൾ അവളെ പെണ്ണ് കാണാൻ വന്നതും വന്ന കൂട്ടർക്ക് ഇഷ്ടായെന്നും നടക്കാൻ സാധ്യത ഉണ്ടെന്നും പറഞ്ഞു. എന്റെ സന്തോഷം ഞാൻ പ്രകടിപ്പിച്ചപ്പോൾ ദേഷ്യമായിരുന്നു അവൾ കാണിച്ചത്. എന്തൊക്കെയോ പുലമ്പിക്കൊണ്ട് അവൾ ഫോൺ വെച്ചു. ഒന്നും മനസ്സിലാവാതെ പൊട്ടനെപ്പോലെ ഞാനും.

പിറ്റേന്നും പതിവ് പോലെ ഗുഡ്മോർണിംഗ് കണ്ട് കൊണ്ട് ഞാൻ റിപ്ലൈ അയച്ചു.

“ഹായ് കാന്താരീ.. ഗുഡ്മോർണിംഗ്.. പിണക്കം മാറിയോ..?”

“എനിക്ക് ആരോടും പിണക്കമില്ല..”

“പിന്നെന്തിനാ ഇന്നലെ ദേഷ്യപ്പെട്ട് പോയെ..?”

“ഒന്നൂല്ലാ..”

“ശരി.. ഫുഡ് കഴിച്ചോ..?”

“ഉം..”

അവധി ദിവസം ആയതിനാൽ സംസാരം നീണ്ടുപോയി. എന്താ ചേട്ടായി കല്യാണം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചതെന്നും എന്ത് ചെയ്യാൻ പോകുന്നെന്നും ഒക്കെ ചോദിച്ചു കൊണ്ടിരുന്നു. ചേട്ടായീടെ അമ്മക്ക് പ്രായമായാൽ ഒരു കൂട്ട് വേണ്ടേ, അമ്മയെ ആര് നോക്കും എന്നൊക്കെ പറഞ്ഞ് അമ്മയെ കെയർ ചെയ്ത് സംസാരിക്കാൻ തുടങ്ങിയ അവൾ അവസാനം “ചേട്ടായിക്ക് എന്നെ കെട്ടിക്കൂടേ..?” എന്ന ചോദ്യം വരെയെത്തി.

കാന്താരിയുടെ സ്ഥിരം തമാശ ആണെന്ന് കരുതി ആ ചോദ്യത്തെ അവഗണിച്ച് അവളെ കളിയാക്കിയപ്പോളാണ് എനിക്ക് മനസ്സിലായത് വെറും തമാശക്കല്ല അവളത് ചോദിച്ചതെന്ന്. പിന്നീടുള്ള കുറച്ച് ദിവസങ്ങളിൽ അവളിൽനിന്ന് ഒരു റിപ്ലൈയും കോളുകളും ഉണ്ടായില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും വന്നു.

“ചോദിച്ചത് ഇഷ്ടായില്ലേൽ സോറി.. ഇനി ഞാൻ അതും പറഞ്ഞ് ബുദ്ധിമുട്ടിക്കില്ല..”

ഇതൊക്കെ ഒരു ഇൻഫാക്ചുവേഷൻ ആണെന്നും കുറച്ച് കഴിഞ്ഞാൽ അത് നിനക്ക് തിരിച്ചറിയുമെന്നും ഒക്കെ അവളെ പറഞ്ഞ് മനസിലാക്കാൻ ഞാൻ നന്നേ പാടുപെട്ടു. ഒന്നും തലയിൽ കേറിയില്ലെങ്കിലും ഉവ്വെന്നു അവൾ സമ്മതിച്ചു. അല്ലേലും ഈ പെണ്ണുങ്ങൾക്ക് ആരോടേലും ഇഷ്ടം തോന്നിയാൽ പിന്നങ്ങനാ.. എങ്ങനത്തുകാരനാണ്, സ്വഭാവം എന്താണ് എന്നൊന്നും അറിയണ്ട. ഇഷ്ടപ്പെടാൻ എന്തെങ്കിലും ഒരു ചെറിയ കാരണം മതി. ഇപ്പോളും ഇങ്ങനെയുള്ള പെൺകുട്ട്യോൾ ഉണ്ടല്ലോന്ന് ഓർക്കുമ്പോ അത്ഭുതം. ഒരു വിധത്തിൽ കല്യാണത്തിന് പറഞ്ഞ് സമ്മതിപ്പിച്ചു. കല്യാണം അടുക്കുന്തോറും അവളുമായുള്ള കോണ്ടാക്റ്റും കുറഞ്ഞ് കൊണ്ടിരുന്നു.

വർഷങ്ങൾക്കിപ്പുറം ഈ തിരക്കേറിയ റോഡിൽ സിഗ്നൽ കാത്ത് കിടക്കുമ്പോൾ കഴിഞ്ഞ് പോയ കാലത്തെ ഒന്ന് കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു. ഇടക്ക് പഴയ ഓർമ്മകൾ തിരികെ കൊണ്ട് വരുന്നത് ഒരു സുഖമാണ്. അവളുമായുള്ള സൗഹൃദവും കളിതമാശകളും മനസ്സിലേക്ക് ഒരു മൂടൽമഞ്ഞ് പോലെ ഒഴുകി വരും. കുറച്ച് നേരം അവയെ താലോലിക്കുമ്പോ എന്തെന്നില്ലാത്ത ആശ്വാസമാണ് മനസ്സിൽ. പെട്ടെന്നാണ് കാൾ വന്നത്. ഭാര്യക്ക് പെട്ടെന്ന് വേദന വന്നെന്നും സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തെന്നും പറഞ്ഞ് അമ്മയാണ്. എന്തോ ഒരു ഭയം അമ്മയുടെ സ്വരത്തിൽ. സിഗ്നൽ പച്ച കത്തിയതും ഓർമ്മകളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ് ഞാൻ ഗിയർ മാറ്റി. ആശുപത്രിയിലേക്ക് കാർ ഓടിച്ച് കയറ്റുമ്പോൾ ടെൻഷൻ കൂടിയിരുന്നു. പ്രെഗ്നന്റ് ആയിരുന്നപ്പോൾ തന്നെ കുറച്ച് കോംപ്ലിക്കേഷൻസ് അവൾക്ക് ഉണ്ടായിരുന്നു. ആദ്യമാസങ്ങളിൽ തന്നെ അത് കണ്ടെത്തിയത് കൊണ്ട് അവളുടെ സേഫ്റ്റി പരിഗണിച്ച് സ്കാനിങ് പോലും വേണ്ടെന്ന് വെച്ചു. ഡോക്ടർ പറഞ്ഞ ഡേറ്റ് ആകും മുൻപ് ഇങ്ങനെ ഒരു പെയിൻ അത്ര നല്ല സൂചന ആയി എനിക്ക് തോന്നിയില്ല. എന്നെയും കാത്തുനിൽക്കുന്ന ബന്ധുക്കളെയും പ്രതീക്ഷിച്ച് ലേബർ റൂമിന് മുന്നിലെത്തിയ ഞാൻ പരിചയമുള്ള ഒരു മുഖവും കണ്ടില്ല. ലേബർ റൂം തുറന്ന് വന്ന നഴ്സിനോട് അന്വേഷിച്ചു.

“ശ്രീക്കുട്ടിയുടെ ഹസ്ബൻഡ് ആണോ..?”

“അതെ..” എന്ന എന്റെ മറുപടി കേട്ട നേഴ്സ് അത്ഭുതത്തോടെ എന്നെ നോക്കി. ഡെലിവറി കഴിഞ്ഞെന്നും വാർഡിലേക്ക് ഷിഫ്റ്റ്‌ ചെയ്‌തെന്നും അറിഞ്ഞ എനിക്ക് ഒരു യുദ്ധം കഴിഞ്ഞ സമാധാനമാണ് മനസ്സിൽ തോന്നിയത്. അവരെ കാണാൻ തിടുക്കത്തിൽ ഓടി വാർഡിലെത്തിയ ഞാൻ കണ്ടത് ഒരാൾക്കൂട്ടത്തെ ആയിരുന്നു. എന്റെയും ഭാര്യയുടെയും അടുത്ത ബന്ധുക്കളെല്ലാം വന്നിട്ടുണ്ട്. കട്ടിലിനു ചുറ്റും നിറഞ്ഞ് നിൽക്കുന്നു. ഏറ്റവും പുറകിൽ നിന്ന അളിയൻ എന്നെ കണ്ട് അടുത്തേക്ക് വന്ന് ഷേക്ക്ഹാൻഡ് തന്നു.

“കുറച്ച് കഷ്ടപ്പെടേണ്ടി വരുമല്ലോ അളിയാ..”

ഒന്നും മനസ്സിലാകാതെ നിന്ന എന്നെ നോക്കി കണ്ണിറുക്കിയ ശേഷം കൈ വിടാതെ തന്നെ തിരിഞ്ഞ് ഉറക്കെ പറഞ്ഞു.

“ഇനി എല്ലാവരും ഒന്ന് ഇറങ്ങിക്കേ.. പ്രതി എത്തിയിട്ടുണ്ട്..”

അക്ഷമനായി നിൽക്കുന്ന എന്നെകണ്ട് എല്ലാവരും ഒരു ആക്കിയ ചിരി നൽകി. ചിലർ അർത്ഥം വെച്ച മൂളലും. എല്ലാവരും ഇറങ്ങിയെന്ന് ഉറപ്പിച്ച ശേഷം ശ്രീക്കുട്ടിയുടെ അടുത്തേക്ക് ചെന്ന ഞാൻ അക്ഷരാർത്ഥത്തിൽ ആദ്യമൊന്ന് ഞെട്ടി. അവളുടെ രണ്ട് വശങ്ങളിലുമായി നാല് കുട്ടികൾ. ചിരിക്കണോ കരയണോ എന്ന് തോന്നിയ നിമിഷങ്ങൾ. കുനിഞ്ഞ് അവളുടെ നെറുകയിൽ ചുംബിക്കുമ്പോൾ ചുണ്ടുകളിൽ പുഞ്ചിരി തെളിയുന്നത് ഞാൻ കണ്ടു.

“വേദനിച്ചോ മോൾക്ക്..?”

“ഇല്ല..”

“പിന്നെ..?”

“ദേഷ്യാ..”

“ആരോട്..?”

“എന്നോട് തന്നെ..”

“എന്തിന്..?”

“ചേട്ടായിയോട് ഇറങ്ങി വരാൻ തോന്നിയ എന്റെ പൊട്ടത്തരത്തെ ഓർത്ത്..”

“എന്നാൽ നീ വീട്ടിലേക്ക് പൊയ്ക്കോ..” എരിവ് കൂട്ടാനായി ഞാനും പറഞ്ഞു.

“അത് തന്നെയാ എന്റേം തീരുമാനം.. പക്ഷേ നാല് കാന്താരികളേം കൂടി നോക്കാനൊന്നും എനിക്ക് പറ്റില്ല.. ചേട്ടായി കൂടെ പാല് കൊടുക്കേണ്ടി വരും..”

“നാല് കാന്താരികളോ..?”

“ഉം..”

ശരിയാണ്. എന്റെ ശ്രീക്കുട്ടിയെപ്പോലെ നാല് കാന്തരികൾ. ഉറക്കത്തിലായതിനാലാവും കുറുമ്പൊന്നും കാട്ടാത്തത്. അപ്പോളാണ് അളിയന്റെ കമന്റിന്റെ പൊരുൾ എനിക്ക് മനസ്സിലായത്. അടുത്ത് കിടന്ന കസേര വലിച്ചിട്ട് അവൾക്കരികിലിരുന്ന് തലമുടിയിൽ വിരലോടിക്കുമ്പോ ഞാൻ ചോദിച്ചു.

“നിനക്ക് എന്നോട് ദേഷ്യമുണ്ടോ..?”

“എന്തിന്..?”

“എന്തിനെങ്കിലും..”

“ഇല്ല.. മാത്രല്ല.. എനിക്ക് ഇഷ്ടം മാത്രേ ഒള്ളൂ..”

“ആണോ.. എന്നാൽ ഒരു കൊല്ലം കഴിഞ്ഞ് നമുക്ക് കാന്താരിത്തോട്ടം ഒന്നൂടി ഒന്ന് വിപുലീകരിക്കണം..”

അതിന് മറുപടിയായി അവൾ എന്നെ വലിച്ചു മുഖത്തേക്കിട്ട് കവിളിൽ കടിച്ചു. അപ്രതീക്ഷിതമായ അവളുടെ പ്രവൃത്തിയിൽ വേദന കൊണ്ട് ഞാൻ വിളിച്ചെങ്കിലും പെട്ടെന്ന് അതിനേക്കാളേറെ ഉച്ചത്തിൽ ഒരു കുഞ്ഞുകാന്താരി കരഞ്ഞു. ഒപ്പം മറ്റു മൂന്ന് പേരും. നിസ്സഹായയായി എന്നെ നോക്കി ദേഷ്യത്തോടെ പല്ലിറുമ്മിയ ശ്രീക്കുട്ടിയുടെ മുഖത്തേക്ക് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ ഞാനും നോക്കി. ഇനി അമ്മയായി മക്കളായി.

********************************************

LEAVE A REPLY

Please enter your comment!
Please enter your name here